UPDATES

ട്രെന്‍ഡിങ്ങ്

വൈദികര്‍ക്കെതിരെ പരാതി പറഞ്ഞാല്‍ ദുര്‍നടപ്പുകാരിയാക്കും; കന്യാസ്ത്രീകള്‍ കുമ്പസരിപ്പിച്ചാല്‍ മതി-അഡ്വ.ഇന്ദുലേഖ ജോസഫ്/അഭിമുഖം

സഭയിലെ സാമ്പത്തികക്രമക്കേടുകളെ കുറിച്ച് എന്റെ അച്ഛന്‍ എഴുതിയ പുസ്തകത്തിന്റെ പേരില്‍ എന്നെ കോളേജില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.

ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക ചൂഷണവിവാദത്തില്‍ നാല് വൈദികര്‍ക്കെതിരെ വീട്ടമ്മ നല്‍കിയ മൊഴി ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസരിപ്പിക്കണമെന്ന വാദവുമായി ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍പെഴ്‌സണും കേരളാ കത്തോലിക്കാ നവീകരണ പ്രസ്ഥാനത്തിന്റെ നിയമോപദേഷ്ടാവുമായ അഡ്വ.ഇന്ദുലേഖ ജോസഫുമായി അഴിമുഖം പ്രതിനിധി ആരതി നടത്തിയ അഭിമുഖ സംഭാഷണം.

സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസരിപ്പിക്കുക എന്നത് എത്രത്തോളം പ്രായോഗികമാണ്?

സ്ത്രീകളെ കുമ്പസാരിപ്പിക്കുക എന്നത് എന്റെ ഒരു നിര്‍ദേശം മാത്രമാണ്. കുമ്പസാരം എന്ന് പറയുന്നത് ഒരു ആചാരമാണ്. കുമ്പസാരം ചെയ്യാനായി ഏത് പുരോഹിതന്റെ അടുത്ത് പോകും എന്നതാണ് ഞാന്‍ ചോദിക്കുന്ന ചോദ്യം. ആരൊക്കെയാണ് നല്ലത് ആരൊക്കെയാണ് മോശം എന്ന് ഞങ്ങള്‍ക്ക് അറിയില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു നിര്‍ദേശം ഞാന്‍ മുന്നോട്ട് വെച്ചത്. സ്ത്രീകളെ കന്യാസ്ത്രീകളെ കുമ്പസരിപ്പിച്ചാല്‍ ലൈംഗികചൂഷണം ഒരു പരിധി വരെ തടയാന്‍ പറ്റും. ഇതല്ലാതെ വേറെ രണ്ട് ബദല്‍ മാര്‍ഗങ്ങള്‍ കൂടി എന്റെ അഭിപ്രായത്തില്‍ ഉണ്ട്. കുമ്പസരിക്കുന്ന വ്യക്തിയുടെ വ്യക്തിത്വം പുറത്തുപറയാതെ കുമ്പസരിപ്പിക്കാവുന്നതാണ്. അതല്ലാതെ പണ്ട് സഭയില്‍ നിലനിന്നിരുന്ന ‘പിഴമൂളല്‍’ സമ്പ്രദായത്തിലൂടെ കുമ്പസരിക്കാവുന്നതാണ്. അതായത് വിശ്വാസികള്‍ അവരുടെ പാപങ്ങള്‍ മനസിലോര്‍ക്കുകയും വൈദികന്‍ അത് മോചിച്ചു കൊടുക്കുന്നു. കന്യാസ്ത്രീകളും വൈദികരെ പോലെ തന്നെ വ്രതാനുഷ്ഠാനങ്ങള്‍ നടത്തിയവരാണ്. അതുകൊണ്ട് അവര്‍ കുമ്പസരിപ്പിക്കുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം.

ഒരു കന്യാസ്ത്രീയേക്കാള്‍ പ്രിവിലേജ് കേരളത്തില്‍ ഒരു വൈദികന് ലഭിക്കുന്നില്ലേ?

സത്യം പറഞ്ഞാല്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ കല്യാണം കഴിഞ്ഞ സ്ത്രീക്ക് ഭര്‍ത്താവ് പറയുന്നത് മാത്രം അനുസരിച്ചാല്‍ മതി. പക്ഷേ ഒരു കന്യാസ്ത്രീ വൈദികരും ബിഷപ്പുമാരും എല്ലാവരും പറയുന്നത് കേള്‍ക്കണം. അതാണ് അവസ്ഥ.

വൈദികരില്‍ നിന്ന് ദുരനുഭവങ്ങളുണ്ടായിട്ടുള്ള സ്ത്രീകളെ അറിയാമെന്ന് പറഞ്ഞിരുന്നല്ലോ ആ ആരോപണങ്ങളില്‍ എന്തെങ്കിലും നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

ഇത്തരം ചൂഷണങ്ങള്‍ നേരിടുന്ന ആളുകള്‍ക്ക് പരാതിപ്പെടാന്‍ ഭയമാണ്. ഓര്‍ത്തഡോക്‌സ് സഭയില്‍ ഇപ്പോള്‍ ആരോപിക്കപ്പെട്ട ചൂഷണത്തില്‍ ആ സ്ത്രീയുടെ സമ്മതമുണ്ടായിരുന്നുവെന്ന പ്രചരണം നിലവിലുണ്ട്. ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായി എന്ന് വിളിച്ച് പറയുന്ന സ്ത്രീകളാരും മുന്നോട്ട് വന്ന് പരാതിപ്പെടാന്‍ ധൈര്യം കാണിക്കുന്നില്ല. കാരണം സഭ തന്നെ അവരെ വ്യക്തിപരമായും കുടുംബത്തെയും വലിയ തരത്തില്‍ സമ്മര്‍ദത്തിലാക്കും. പിന്നെ ഒരു വൈദികന്റെയടുത്ത് നിന്ന് ലൈംഗികാക്രമണം ഉണ്ടായി എന്ന് കുടുംബത്തില്‍ അറിയിച്ചാല്‍ അത് പുറത്തുപറയരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന ഒരു സമൂഹമാണ് നമുക്കുള്ളത്.
അതും മറികടന്ന് ആരെങ്കിലും സംഭവം പുറത്തു പറഞ്ഞാല്‍ ദുര്‍നടപ്പുകാരിയാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കും ഇതൊക്കെ സാധാരണ കണ്ടുവരുന്ന പ്രവണതകളാണ്. പിന്നെ വൈദികനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് പാപമാണെന്ന് പഠിപ്പിക്കാറുണ്ട്. പല ധ്യാനങ്ങളിലും വൈദികര്‍ മനുഷ്യരാണ് അവര്‍ തെറ്റ് ചെയ്യും നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്ക് എന്നാണ് ഉപദേശിക്കുന്നത്. ആക്രമിക്കപ്പെട്ടു എന്ന് വിളിച്ചു പറയുന്നവര്‍ അവരുടെ ദുഖം പങ്ക് വെക്കുന്നതല്ലാതെ അടുത്ത നടപടിക്കൊന്നും തയാറായിട്ടില്ല.

കുറ്റാരോപിതരായ വൈദികരെ സഭ സംരക്ഷിക്കുന്നത് വോട്ട് രാഷ്ട്രീയം മുന്നില്‍ കണ്ടുകൊണ്ടല്ലേ?

അതിലൊരു വസ്തുതയാണ് സഭയുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ സഭ എപ്പോഴും നോക്കും. വൈദികരോട് മറ്റുള്ളവര്‍ക്കുള്ള ബഹുമാനത്തിന്റെ ഒരു വലിയ ഭാഗം അവര്‍ അനുഷ്ഠിക്കുന്ന ബ്രഹ്മചര്യത്തിലൂടെ നേടിയെടുക്കുന്നതാണ്. വൈദികരും നമ്മളെ പോലെ വികാരവിചാരങ്ങള്‍ ഉള്ളവരാണെന്ന് വിശ്വാസികള്‍ മനസിലാക്കി കഴിയുമ്പോള്‍ ഇവരോടുള്ള ബഹുമാനം പോകും. ആ ഒരു ബഹുമാനത്തിലൂടെയാണ് മുഴുവന്‍ വ്യവസ്ഥയും നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ അവര്‍ വിടില്ല. ക്യാന്‍സര്‍ ബാധിച്ച അവയവത്തെ മുറിച്ച് മാറ്റുകയാണ് വേണ്ടത്. അങ്ങനെയൊരു ശുദ്ധീകരണത്തിന് അവര്‍ തയാറല്ല. കുഞ്ഞാടുകളുടെ വിശാസം നഷ്ടപ്പെട്ടാല്‍ വോട്ട് കിട്ടില്ലല്ലോ.

രണ്ടാമതായി ഞാന്‍ മനസിലാക്കുന്നത് ഇത് മൊത്തത്തില്‍ കുത്തഴിഞ്ഞു. കുറ്റാരോപിതനെ സഹായിച്ചില്ലേല്‍ എന്റെ കള്ളത്തരങ്ങള്‍ പുറത്തുവരുമോ എന്ന ഭയം ഇവര്‍ക്കിടയില്‍ ഉണ്ടാകും. സത്യത്തില്‍ ഇവര്‍ നയിക്കുന്നത് പ്രകൃതി വിരുദ്ധമായ ഒരു ജീവിത രീതിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് അച്ചന്‍ പട്ടത്തിന് വരുന്നവരുണ്ട്. അവര്‍ക്ക് കുറച്ച് കഴിയുമ്പോള്‍ ആഗ്രഹങ്ങള്‍ ഉണ്ടാകും. അവര്‍ക്ക് പക്ഷേ പൗരോഹിത്യത്തില്‍ തുടരാനേ കഴിയൂ. ബൈബിളില്‍ വൈദികര്‍ കല്യാണം കഴിക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. തിരുസഭയുടെ നിയമത്തില്‍ ഉള്ളതാണ്.

Read More: മെത്രാന്‍മാര്‍ കത്തോലിക്കര്‍ക്കു മാത്രമല്ല, പൊതുസമൂഹത്തിനും ഭീഷണി; തല്ലി തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് സഭയിലെ അംബാനിമാര്‍: പ്രൊഫ. ജോസഫ് വര്‍ഗീസ് സംസാരിക്കുന്നു

സഭയുടെ തെറ്റായ സാമ്പത്തികനയങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?

കാനോനിക നിയമപ്രകാരം പറയുവാണേല്‍ ബിഷപ്പിന്റെ സ്വകാര്യ സ്വത്ത് പോലെയാണ് സഭയുടെ സ്വത്ത്. ബിഷപ്പിന് സ്വന്തം തീരുമാനത്തിനനുസരിച്ച് മൂന്നാമതൊരാള്‍ക്ക് ഇത് നല്‍കാം. ബിഷപ്പിനെ മാറ്റണമെങ്കില്‍ പോപ്പ് ആണ് തീരുമാനിക്കേണ്ടത്. അഭയാ കേസ് തുടങ്ങിയ പീഡനങ്ങള്‍ ഒതുക്കാന്‍ സഭ കോടികള്‍ ചെലവാക്കിയിട്ടുണ്ടാകും. ചര്‍ച്ച് ആക്ട് എന്നു പറയുന്നത് ദേവസ്വം ബോര്‍ഡ് പോലെയല്ല. ദേവസ്വം ബോര്‍ഡ് എന്ന് പറയുന്നത് ജനപ്രതിനിധികളായ ഹിന്ദുക്കളാണ് ഉള്ളത്. വിശ്വാസികള്‍ നേര്‍ച്ചകളായി കൊടുക്കുന്ന പണം ചര്‍ച്ച് ആക്ടില്‍ എങ്ങനെയും ഉപയോഗിക്കാം. അവിടെ വിശ്വാസികള്‍ക്ക് പോലും ചോദ്യം ചെയ്യാന്‍ പറ്റില്ല. ഇതിനെ ചോദ്യം ചെയ്യാന്‍ വിശ്വാസികള്‍ക്ക് പോലും അവകാശമില്ല. ചര്‍ച്ച് ആക്ട് നടന്നാല്‍ മാത്രമേ ഇങ്ങനെയുള്ള സാമ്പത്തിക ദുര്‍വിനിയോഗങ്ങള്‍ക്ക് പരിഹാരമാകുള്ളൂ.

സവര്‍ണ ക്രിസ്ത്യനുകളെന്നും അവര്‍ണ ക്രിസ്ത്യനുകളുമെന്ന ഒരു ജാതി വേര്‍തിരിവ് ക്രിസ്ത്യാനികളുടെ ഇടയില്‍ ഇല്ലേ?

സമൂഹത്തിനെ ബാധിച്ച ജാതിവെറി ക്രിസ്ത്യാനികളിലും വന്ന് ചേര്‍ന്നിട്ടുണ്ട്. കന്യാസ്ത്രീകളിലും പുരോഹിതന്മാരിലും സ്ഥാനക്കയറ്റം ഉണ്ടാകുന്നത് പലപ്പോഴും അവരുടെ നിറവും ജാതിയുമൊക്കെ നോക്കിയാണ്. സഭയെന്നല്ലാതെ ക്രിസ്ത്യന്‍ സമൂഹത്തില്‍ തന്നെ ജാതിയുണ്ട്. അത് തന്നെയാണ് കെവിന്റെ പ്രശ്‌നത്തിലും ഉണ്ടായത്. പക്ഷേ കാലങ്ങള്‍ കൊണ്ട് ഇതൊക്കെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സഭ ബഹിഷ്‌കരിച്ച ആമേന്‍, സാമുവലിന്റെ സുവിശേഷം തുടങ്ങിയ പുസ്തകങ്ങളില്‍ സിസ്റ്റര്‍ ജെസ്മിയും സാമുവല്‍ കൂടലും ഇതൊക്കെ തന്നെയല്ലേ പറഞ്ഞത്?

മൂടിവെക്കുന്നതിനൊക്കെ ഒരു പരിധിയുണ്ടല്ലോ. അതുതന്നെയാണ് ഇവിടെയും സംഭവിച്ചിട്ടുള്ളത്. പിന്നെ ഇങ്ങനെയൊക്കെ നടക്കുന്നുണ്ട് എന്ന് വിളിച്ചു പറയാന്‍ തന്റേടം വേണം. അതെല്ലാവര്‍ക്കുമില്ല. പുറത്തു പറയുന്ന കാര്യങ്ങളില്‍ സഭ നടപടിയും എടുക്കാറില്ല. ആദ്യമൊക്കെ അവര്‍ കൂട്ടമായി ആക്രമിക്കും. സഭയിലെ സാമ്പത്തികക്രമക്കേടുകളെ കുറിച്ച് എന്റെ അച്ഛന്‍ എഴുതിയ പുസ്തകത്തിന്റെ പേരില്‍ എന്നെ കോളേജില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് ആവശ്യമുന്നയിച്ചതിന് അച്ഛനെ അടിച്ചിട്ടുണ്ട്. അങ്ങനെ ഒരുപാട് അവര്‍ മാനസികമായും ശാരീരികമായും അവര്‍ ആക്രമിക്കും. അതൊക്കെ തരണം ചെയ്ത് വരാന്‍ എല്ലാവര്‍ക്കും കഴിയില്ല.

Also Read: സ്ത്രീകളേ, കുമ്പസാരക്കൂട്ടിലുള്ളത് ളോഹയിട്ട പുരുഷനാണ്, ക്രിസ്തുവല്ല; ജാഗ്രത പാലിക്കുക

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍