TopTop
Begin typing your search above and press return to search.

കത്തി താഴെയിടാം, പക്ഷേ ശശി തരൂര്‍ പറയണം ഇവിടെ എത്ര സ്ത്രീകള്‍ക്ക് നീതി കിട്ടിയെന്ന്

കത്തി താഴെയിടാം, പക്ഷേ ശശി തരൂര്‍ പറയണം ഇവിടെ എത്ര സ്ത്രീകള്‍ക്ക് നീതി കിട്ടിയെന്ന്

പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെ പീഡിപ്പിക്കപ്പെടുന്ന നമ്മുടെ നാട്ടില്‍, കഴിഞ്ഞ ശനിയാഴ്ച മുതല്‍ മാധ്യമങ്ങള്‍ കൊണ്ടാടുന്ന വാര്‍ത്തയാണ് ഒരു സ്വാമിയുടെ ലിംഗച്ഛേദനം. തന്നെ വര്‍ഷങ്ങളായി പീഡിപ്പിക്കുന്ന, സ്വയമേ സന്യാസി എന്നു വിശേഷിപ്പിക്കുന്ന ഒരു കാമവെറിയന്റെ ലിംഗം ഒരു പെണ്‍കുട്ടി അറുത്തുമാറ്റിയപ്പോള്‍ എന്തുകാണ്ട് അതിന് ഇത്ര വാര്‍ത്താപ്രാധാന്യം കിട്ടി എന്ന് ആലോചിക്കേണ്ടതാണ്. ഒപ്പം ശശി തരൂരിനെ പോലുള്ള, വളരെ ഉത്തരവാദിത്തമുള്ള ഒരു സ്ഥാനം കയ്യേറുന്ന വ്യക്തി തന്നെ അവളുടെ ചെയ്തിയെ 'നീതി' കൊണ്ട് എതിര്‍ക്കുന്നതിനേയും.

ശശി തരൂര്‍ പറയുന്നത് പെണ്‍കുട്ടികള്‍ ഇങ്ങനെയുള്ള അവസരങ്ങളില്‍ ചെയ്യേണ്ടത് പോലീസിനെ സമീപിക്കുക എന്നതാണെന്നും മറിച്ച് നിയമം കൈയ്യിലെടുക്കുക അല്ലായിരുന്നു വേണ്ടിയിരുന്നത് എന്നുമാണ്. പെണ്‍കുട്ടിയോട് സഹതാപം പ്രകടിപ്പിച്ചുകൊണ്ട്, നീതിയും നിയമവും വാഴുന്ന ഒരു സമൂഹത്തെ ആണ് നമ്മുക്കു വേണ്ടതെന്നും, കയ്യില്‍ കത്തി കരുതി ഓരോ വ്യക്തിയും നീതിനിര്‍വഹണത്തിനു തുനിഞ്ഞിറങ്ങുന്നത് നീതികേടാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ അദ്ദേഹം മനഃപൂര്‍വ്വമോ അല്ലാതെയോ വിട്ടുപോയ ഒരു സംഗതി, ലൈംഗികപീഡനത്തിന് ഇരയാകുന്ന നമ്മുടെ രാജ്യത്തെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും നീതി എന്നത് ഒരിക്കലും ലഭിക്കാന്‍ സാധ്യതയില്ലാത്ത മനോഹരമായ സ്വപ്നം മാത്രമാണ് എന്നതാണ്.

നിയമത്തിന്റെ വഴിയെ പോയി നീതി 'ലഭിച്ച' ചില പെണ്‍കുട്ടികളെ എങ്കിലും അദ്ദേഹം മറക്കാന്‍ വഴിയില്ല.

സൂര്യനെല്ലി പെണ്‍കുട്ടി

നീണ്ട പതിനാലു വര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് ഈ പറയുന്ന നീതി അവള്‍ക്കു ലഭിച്ചത്. അതും സുപ്രീം കോടതിവരെ കയറിയിട്ട്. ഈ പതിനാലുവര്‍ഷങ്ങള്‍ അവള്‍ അനുഭവിച്ച വേദനയും അപമാനവും ചേര്‍ത്തുവച്ചാല്‍ അവള്‍ക്കു പൂര്‍ണ നീതി ലഭിച്ചു എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമോ?

കിളിരൂര്‍ കേസ്

നീതിക്കുവേണ്ടി പോരാടിയ കിളിരൂര്‍ പെണ്‍കുട്ടി ഇന്ന് എവിടെയാണ്? ഒരുകുഞ്ഞിന് ജന്മം നല്‍കി അവള്‍ മരണത്തിലേക്കു പോയി. അവള്‍ക്കു നീതി ലഭിച്ചോ? ആര്‍ക്കൊക്കെയോ കിട്ടിയ, കൂടി വന്നാല്‍ പത്തുവര്‍ഷത്തെ മാത്രമായ ജയില്‍വാസം അവള്‍ അനുഭവിച്ച പീഡനത്തിനും മരണത്തിനും അവളുടെ കുഞ്ഞ് അനുഭവിക്കുന്ന അനാഥത്വത്തിനും പകരമാകുമോ?

സൗമ്യയുടെ മരണം

ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഒരു കാമവെറിയന്റെ കൈയാല്‍ റെയില്‍വേട്രാക്കിലേക്കു വലിച്ചെറിയപ്പെട്ട് കൊല്ലപ്പെട്ട സൗമ്യയെ മറക്കാന്‍ ഇടയില്ല. അവളുടെ ഘാതകനായ ഗോവിന്ദച്ചാമി തടിച്ചു കൊഴുത്ത് പുഞ്ചിരിയോടെ നമുക്കു മുമ്പില്‍ കൂസലില്ലാതെ നില്‍പ്പുണ്ട്. നീതി ലഭിച്ച പെണ്‍കുട്ടികളുടെ കാവല്‍ദേവനായി ഗോവിന്ദച്ചാമിയുടെ ഇളിച്ച മുഖം ഓര്‍മയിലിരിക്കട്ടെ.

ഇനിയുമുണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ, ലൈംഗിക പീഡനത്തിന് ഇരയായി നീതിക്കു വേണ്ടി നിയമത്തിനു പിന്നാലെ അലഞ്ഞ് മുകളില്‍ പറഞ്ഞപോലത്തെ നീതി ലഭിച്ചവര്‍. ചിലര്‍ നീതിക്കുവേണ്ടിയുള്ള അലച്ചിലിനിടയില്‍ മരിച്ചുപോകുന്നു, ബാക്കിയുള്ളവര്‍ മരിച്ചു ജീവിക്കുന്നു. ഇവരുടെ എല്ലാം കയ്യില്‍ ഒരുകത്തി ഉണ്ടായിരുന്നെങ്കില്‍, നീതിനിഷേധത്തിന്റെ ചിഹ്നങ്ങളായി അവര്‍ കാണപ്പെടില്ലായിരുന്നു. പലപ്പോഴും അധികാരകേന്ദ്രങ്ങളില്‍ നിന്നുപോലും അനുഭവിക്കുന്ന അവഹേളനങ്ങള്‍, അപമാനങ്ങള്‍ ഒന്നും അവര്‍ അനുഭവിക്കേണ്ടിവരില്ലായിരുന്നു.

നീതിക്കുവേണ്ടി നിലയുറപ്പിക്കേണ്ടവര്‍ തന്നെ കുറ്റവാളികള്‍ക്കായി നിലയുറപ്പിക്കുമ്പോള്‍ ഏതുപെണ്‍കുട്ടിക്കാണ് നീതിയില്‍, നിയമത്തില്‍ വിശ്വാസം ഉണ്ടാകുക? ബലാത്സംഗം എന്നാല്‍ ശരീരം മാത്രമല്ല മനസും പിച്ചിച്ചീന്തപ്പെടുന്ന അവസ്ഥയാണ്. വര്‍ഷങ്ങളായി പിച്ചിച്ചീന്തപ്പെടുന്ന ഒരു പെണ്‍കുട്ടി അവളെ സംരക്ഷികേണ്ടവര്‍ തന്നെ മൗനികള്‍ ആകുന്നിടത്ത് തന്നെ പീഡിപ്പിച്ചവന്റെ ലിംഗം മുറിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് അവള്‍ ചെയ്ത ധീരകൃത്യം തന്നെയാണ്. അത്രയധികം പീഡനവും നിസഹായതയും ആ പെണ്‍കുട്ടി അനുഭവിച്ചിട്ടുണ്ടാകണം.

നമ്മുടെ രാജ്യത്ത് മതം, അതിനോടനുബന്ധിച്ചുള്ള വിശ്വാസം ഇവയ്ക്ക് വലിയതോതില്‍ സ്വീകാര്യതയുണ്ട്. ഏതു മതത്തിന്റെ പുരോഹിതരെയും ദൈവതുല്യരായാണ് പലപ്പോഴും കാണുന്നത്. ഇവരില്‍ ചിലരെങ്കിലും തങ്ങളില്‍ ഭക്തര്‍ അര്‍പ്പിച്ച വിശ്വാസം ചൂഷണം ചെയ്യാന്‍ അതിവിദഗ്ദര്‍ ആണ്. മതം ഇവര്‍ക്ക് നല്‍കുന്ന അധികാരം ഉപയോഗിച്ച് ഇവര്‍ ചൂഷിതരെ വീണ്ടും നിശബ്ദരാക്കുന്നു. നീണ്ടവര്‍ഷങ്ങളിലെ പീഡനത്തിനൊടുവില്‍ ആ പെണ്‍കുട്ടി കത്തി എടുത്ത് പീഡകന്റെ ലിംഗം അറുത്തെങ്കില്‍ ബഹുമാനപ്പെട്ട ശശി തരൂര്‍ പറഞ്ഞതു പോലെ അവള്‍ അര്‍ഹിക്കുന്നത് സഹതാപം അല്ല, കുറ്റപ്പെടുത്താതെ കൂടെ നില്‍ക്കുന്ന മനുഷ്യത്വമുള്ള ഹൃദയങ്ങള്‍ ആണ്.

അബലകളായ സ്ത്രീകളെ, നീതിക്കുവേണ്ടി വിലപിക്കുന്ന ഭാരതസ്ത്രീകളെ കാണാനാണ് ചിലപ്പോഴെങ്കിലും നമ്മുടെ സമൂഹം ആഗ്രഹിക്കുന്നത്. എത്രകണ്ട് അപമാനിക്കപ്പെട്ടാലും പാഞ്ചാലിയെപോലെ കൃഷ്ണനായി കേഴണം, ഒരു കൃഷ്ണാവതാരത്തിലൂടെ അല്ലാതെ സ്ത്രീ അപമാനത്തില്‍ നിന്നു രക്ഷിക്കപെടില്ല. അപമാനത്തിന്റെ തീച്ചൂളയില്‍ വെന്തുനീറുമ്പോഴും അവള്‍ സഹിക്കണം, ക്ഷമിക്കണം, നീതി നടപ്പാക്കാന്‍ ഇവിടെ പുരുഷകേന്ദ്രീകൃത സമൂഹം ഉള്ളപ്പോള്‍ അവള്‍ കയ്യില്‍ വളകള്‍ അണിഞ്ഞാല്‍ മതി എന്നിങ്ങനെയുള്ള ഉപദേശങ്ങള്‍ അറിയാതെ എങ്കിലും ചിലരുടെ വാക്കുകളില്‍ പ്രതിഫലിക്കുമ്പോള്‍ ആശ്വാസം ഏകുന്നത് കാഴ്ചപ്പാടുകള്‍ മാറ്റാന്‍ തയാറാകുന്ന ഒരു സമൂഹമാണ്.

സ്വയരക്ഷക്ക് അവള്‍ അതു ചെയ്‌തെങ്കില്‍ അവള്‍ക്കു പിന്തുണ നല്‍കും എന്നു പ്രഖ്യാപിക്കുന്ന ഒരു തലമുറ ഇവിടെയുണ്ട്. നാട്ടിലെ നീതിന്യായ വ്യവസ്ഥത തകര്‍ന്നേക്കും എന്ന തരൂരിനെ പോലുള്ളവരുടെ ആധി മനസിലാക്കിക്കൊണ്ടു തന്നെ പറയട്ടെ; എന്ന് അധികാരകേന്ദ്രങ്ങളില്‍ ഉള്ളവര്‍ ലൈംഗിക ചൂഷകരില്‍ നിന്നും സ്ത്രീകള്‍ക്ക് നീതിയും സുരക്ഷ ഉറപ്പാക്കുന്നു, സ്വാഭാവിക നിയമം നടപ്പാക്കപ്പെടുന്നു, അന്ന് ധൈര്യമായി പെണ്‍കുട്ടികള്‍ കത്തി താഴെ ഇടും, ഇല്ലെങ്കില്‍ ലിംഗങ്ങള്‍ അരിഞ്ഞുവീണുകൊണ്ടേയിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories