TopTop

നിസ്സഹായാവസ്ഥയിലാണ് ആ പെൺകുട്ടി ആയുധമെടുക്കുന്നത്; അതിനെ കുറ്റകൃത്യമായി കാണാൻ ബുദ്ധിമുട്ടുണ്ട്

നിസ്സഹായാവസ്ഥയിലാണ് ആ പെൺകുട്ടി ആയുധമെടുക്കുന്നത്; അതിനെ കുറ്റകൃത്യമായി കാണാൻ ബുദ്ധിമുട്ടുണ്ട്
തുടർച്ചയായ ബലാത്സംഗത്തിനിരയായ (അക്രമം തുടങ്ങുമ്പോൾ സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന) ഒരു പെൺകുട്ടി ബലാത്സംഗിയുടെ ലിംഗം മുറിച്ചതിനെപ്പറ്റി നിരവധി അഭിപ്രായപ്രകടനങ്ങളാണ് ഫേസ്ബുക്കില്‍ കണ്ടത്. ഏഴെട്ടു വർഷം 'രതിസുഖ'മനുഭവിച്ചിട്ട് പെട്ടെന്ന് അക്രമത്തിലേക്കു തിരിയാൻ 'ഇവൾ'ക്ക് എന്ത് അർഹതയാണുള്ളത് എന്ന ചോദ്യം മുതൽ, ഈ കുട്ടിയ്ക്ക് 'ജനാധിപത്യപര'മായ മാർഗ്ഗങ്ങളുപയോഗിക്കാമായിരുന്നില്ലേ എന്ന സംശയം വരെ ഇവ എത്തിനിൽക്കുന്നു. ലിംഗം മുറിക്കുന്നതിൽക്കൂടി പെൺകുട്ടി നീതി നേടി എന്ന കാഴ്ചപ്പാടും അതിനോടു ബന്ധപ്പെട്ട ആഹ്ളാദവുമാണ് രണ്ടിനുമിടയിലുള്ളത്.

ഇതിൽ ആദ്യത്തെ പ്രതികരണത്തോട് പ്രതികരിക്കാൻ തന്നെ വിഷമമാണ്; മറ്റുള്ളവരുടെ ശരീരം ആവശ്യമനുസരിച്ച് ഭോഗിക്കാനും വെട്ടിനിരത്താനുമുള്ള വസ്തുവാണ് എന്നതിൽ സംശയമില്ലാത്തവരോട് സംസാരിക്കുന്നതിന് ഒരു ഇടം തന്നെ നിലനിൽക്കുന്നില്ല. വ്യക്തിജീവിതത്തിലെ അക്രമാസക്തമായ ഏകാധിപത്യമാണിത്; ഇവിടെ Negotiation സാധ്യമല്ല. പ്രതിരോധിക്കുക അല്ലെങ്കിൽ കീഴടങ്ങുക എന്ന രണ്ടു മാർഗ്ഗങ്ങൾ മാത്രമാണ് ഈ സാഹചര്യത്തിൽ നിലവിലുള്ളത്.

പെൺകുട്ടി എന്തുകൊണ്ട് ജനാധിപത്യമാർഗ്ഗങ്ങൾ ഉപയോഗിച്ചില്ല എന്ന ചോദ്യം ശശി തരൂർ മാത്രമല്ല ഉന്നയിച്ചത്. ചോദ്യത്തിൽ ഒരു ശരിയുമുണ്ട്. അക്രമത്തിനെതിരെ അക്രമമുപയോഗിക്കുന്നത് ജനാധിപത്യസ്ഥാപനങ്ങൾ അംഗീകരിക്കുന്നില്ല; അക്രമത്തിനെതിരെ നിയമത്തിന്റെ മാർഗ്ഗമാണ് അവ നിർദ്ദേശിക്കുന്നത്. പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളിൽ (ആത്മരക്ഷയ്ക്കു വേണ്ടി ചെയ്യുന്ന കുറ്റകൃത്യം ഉദാഹരണം) നിയമം തന്നെ ഇളവുകൾ നൽകാറുമുണ്ട്. പക്ഷെ, ഈ പെൺകുട്ടിയുടെ അവസ്ഥയിൽ, സ്വീകാര്യമായ ഏതു ജനാധിപത്യ/നിയമമാർഗ്ഗമാണ് മുന്നിലുണ്ടായിരുന്നത് എന്ന് (നിയമപാണ്ഡിത്യം ഇല്ലാത്തതുകൊണ്ടാകാം) എനിക്കു മനസ്സിലാക്കാൻ കഴിയുന്നില്ല. പോലീസിൽ പരാതിപ്പെടുന്നതോടു കൂടി ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടുമായിരുന്നു എന്ന് ശശി തരൂർ പറയുമോ?

സമൂഹം ബഹുമാനിക്കുന്നു എന്നു കരുതിയ ഒരു 'പ്രമുഖ' വ്യക്തിയുടെ ലൈംഗികാതിക്രമത്തിന് പ്രായപൂർത്തിയാകുന്നതിനു മുൻപുതന്നെ വിധേയയായി, അതേ അവസ്ഥയിൽ തുടരുന്ന ഒരാൾക്ക് ഒരു പോലീസ് സ്റ്റേഷനിൽ കടന്നുചെന്ന് സ്വന്തം അവസ്ഥ വിവരിക്കാൻ കഴിയുമെന്ന് തരൂരിനു തോന്നിയെങ്കിൽ തുടർന്ന് ഒന്നും പറയുന്നതിൽ അർത്ഥമില്ല. സ്വന്തം അമ്മയെപ്പോലും വിശ്വസിക്കാൻ കഴിയാതെപോയ ഒരാളെപ്പറ്റിയാണ് സംസാരിക്കുന്നത് എന്നെങ്കിലും അദ്ദേഹത്തിന് ഓർമ്മിക്കാമായിരുന്നു എന്നു ചിന്തിക്കുന്നതും അസ്ഥാനത്താണ്. പെൺകുട്ടിയുടെ അക്രമകൃത്യത്തെ കുറ്റപ്പെടുത്തുന്നവർ അവൾ നേരിട്ട അക്രമത്തെപ്പറ്റി മൗനികളാകുന്നതും ശ്രദ്ധിക്കുകയുണ്ടായി: ജനാധിപത്യം ഒരിക്കലും ഒരു one way street അല്ല; ഇത്തരം അക്രമങ്ങൾ ജീവിതരീതിയാക്കുന്ന ഒരാൾക്ക് ജനാധിപത്യമര്യാദകൾ പ്രതീക്ഷിക്കാനുള്ള അർഹതയുണ്ടെന്നും തോന്നുന്നില്ല.പ്രശ്നങ്ങൾ ഇതിലും സങ്കീർണ്ണമാണ്. ഒരു രക്ഷകനായാണ് പ്രസ്തുത 'തീർത്ഥപാദർ' പെൺകുട്ടിയുടെ കുടുംബത്തിൽ അവതരിച്ചതെന്നാണ് സൂചനകൾ. രക്ഷകന്റെ അധികാരരൂപങ്ങൾ എത്രമാത്രം ഈ കുടുംബത്തെയും പെൺകുട്ടിയെയും കീഴ്പെടുത്തിയിരുന്നു എന്ന് കണ്ടെത്താൻ എളുപ്പമല്ല. തീർത്ഥപാദരുടെ 'ഉദ്ദേശശുദ്ധി' മനസ്സിലാക്കാൻ പെൺകുട്ടി മാസങ്ങളോ വർഷങ്ങൾ തന്നെയോ എടുത്തിരിക്കാം. കാര്യങ്ങൾ മനസ്സിലാകുന്നതുകൊണ്ടുമാത്രം ഒന്നും സംഭവിക്കാനുമില്ല. കാവിയുടെ അധികാരം നിയമപരമായി പോലും ചോദ്യം ചെയ്യാനെളുപ്പമല്ലാത്ത ഒരു സമൂഹത്തിൽ പലതും നിശ്ശബ്ദമാക്കപ്പെടും. ഒരു സാധാരണ hit and run ബലാത്സംഗിയല്ല ഇവിടെ കുറ്റവാളി: തികഞ്ഞ ആത്മവിശ്വാസത്തിൽ, ശാന്തമായി, ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ നടപ്പാക്കുന്ന ഒരു വിദഗ്ദനാണ്. (കാവിയുടുക്കുന്നവരെല്ലാം കുറ്റവാളികളാണെന്ന് ഇവിടെ അർഥമാക്കുന്നില്ല.)

മറ്റൊരു മാർഗ്ഗവുമില്ലാത്ത നിസ്സഹായാവസ്ഥയിലാണ് പെൺകുട്ടി ആയുധമെടുക്കുന്നത്. ഇതിനെ ഒരു കുറ്റകൃത്യമായി കാണാൻ ബുദ്ധിമുട്ടുണ്ട്.

നീതി നേടലിനെക്കാൾ, തന്റെ അവസ്ഥയിൽ നിന്നുള്ള മോചനമായിരുന്നു ആയുധമെടുത്തതിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ബലാത്സംഗത്തിനുള്ള ഒരു ശാശ്വതപരിഹാരമായി ഇതിനെ കാണാനും അത്രയും തന്നെ ബുദ്ധിമുട്ടുണ്ട്.
എത്ര കുറ്റവാളികൾ വധശിക്ഷക്കു വിധേയരായാലും പുതിയ ഓരോ കുറ്റവാളിയും പ്രതീക്ഷിക്കുന്നത് താൻ പിടിക്കപ്പെടില്ല എന്നാണ്.

(മോഹന്‍ദാസ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories