Top

ശബരിമല; നിലപാട് ഇതായിരുന്നിട്ടും ജനങ്ങളോട് കാര്യങ്ങള്‍ പറയാന്‍ സര്‍ക്കാരും സിപിഎമ്മും മടിക്കുന്നതെന്തിന്?

ശബരിമല; നിലപാട് ഇതായിരുന്നിട്ടും ജനങ്ങളോട് കാര്യങ്ങള്‍ പറയാന്‍ സര്‍ക്കാരും സിപിഎമ്മും മടിക്കുന്നതെന്തിന്?
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധി സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭത്തിന് ഒരു സംഘം ഉപയോഗിക്കുമ്പോഴും, ഇതേ വിധിയില്‍ ആശങ്ക നേരിടുന്ന സാധാരണ വിശ്വാസികളെ ഉള്‍പ്പെടെ തങ്ങളുടെ നിലപാട് ബോധ്യപ്പെടുത്താന്‍ സിപിഎം ഇതുവരെ തയ്യാറായിട്ടില്ല. കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നിലപാട് പറഞ്ഞതാണ് ഇത്തരമൊരു വിധി വരാന്‍ കാരണമെന്ന കള്ളം പ്രചരിപ്പിച്ച് വര്‍ഗീയ സംഘര്‍ഷത്തിന് പലരും കോപ്പ് കൂട്ടുമ്പോഴും സിപിഎം നേതാക്കള്‍ വാസ്തവം പറയാനല്ല, കേള്‍ക്കുന്നവന് മനസിലാകാത്ത പുരോഗമന വാചോടാപങ്ങള്‍ക്കാണ് തയ്യാറാകുന്നത്. സാഹചര്യങ്ങളെ മനസിലാക്കാതെയുള്ള ഈ നിശബ്ദത മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല.

സ്ത്രീ പ്രവേശനത്തെ കണ്ണുംപൂട്ടി അനുകൂലിക്കുകയാണോ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ചെയ്തത്? ഹൈന്ദവ വിശ്വാസികളെ ആകെ അപമാനിക്കുന്ന നിലപാട് ഏതെങ്കിലും സാഹചര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നോ? ഈവക കാര്യങ്ങളില്‍ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്തു നിലപാടാണ് പറഞ്ഞിരിക്കുന്നത്!
'ആരാധന സ്വാതന്ത്ര്യത്തില്‍ നിന്നും ഒരാളെയും തടയാന്‍ പാടില്ല, എന്നാല്‍ വളരെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കാര്യങ്ങളിലുള്ള സമ്പ്രദായം എന്നതിനാലും അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും മൂല്യങ്ങളും ജനങ്ങള്‍ അംഗീകരിക്കുന്നതിനാലും ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ ഒരു വിധി നിലനില്‍ക്കുന്നതിനാലും ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു വേണ്ടി തുറക്കണമോയെന്ന കാര്യത്തില്‍ നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും നല്‍കാന്‍ ഹിന്ദുമത ധര്‍മത്തില്‍ ആധികാരിക ജ്ഞാനമുള്ളവരും ബഹുമാന്യരും സത്യസന്ധരുമായ സാമൂഹിക പരിഷ്‌കാര്‍ത്താക്കളും ഉള്‍പ്പെട്ട ഒരു കമ്മിഷനെ നിയമിക്കാന്‍ കോടതിയോട് അഭ്യര്‍ത്ഥിക്കുന്നതാണ് ഉചിതം എന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം'
എന്നതാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്നത്. ഇതേ വിഷയത്തില്‍ 2007 ല്‍ വി എസ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് പിണറായി സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്.ഈ സത്യവാങ്മൂലം ഏതെങ്കിലും തരത്തില്‍ ഹൈന്ദവ വിശ്വാസികളെ അപമാനിക്കുന്നതല്ല, സ്ത്രീകളെ നിര്‍ബന്ധമായും ശബരിമലയില്‍ കയറ്റണമെന്ന് ആവശ്യപ്പെടുന്നതുമല്ല. അതേസമയം, സ്ത്രീ പ്രവേശനത്തിനെതിരേയുള്ള നിയന്ത്രണങ്ങള്‍ക്ക് ഭരണഘടനാപരമായ പരിരക്ഷയുണ്ടെന്നു 2016 ല്‍ പറഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ തള്ളി, തുല്യത എന്ന അവകാശത്തില്‍, വിശ്വാസത്തിന്റെ പേരില്‍ സ്ത്രീയെ പുരുഷനില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. തികച്ചും യുക്തിഭദ്രമായിട്ടുള്ള സത്യവാങ്മൂലം തന്നെയാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാരിന് അതിന്റെതായ ഒരു തീരുമാനവും ഇല്ല, കോടതിയോടു പറഞ്ഞിരിക്കുന്നത്, ഇക്കാര്യത്തില്‍ നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും നല്‍കാന്‍ ഹിന്ദുമത ധര്‍മത്തില്‍ ആധികാരിക ജ്ഞാനമുള്ളവരും ബഹുമാന്യരും സത്യസന്ധരുമായ സാമൂഹിക പരിഷ്‌കാര്‍ത്താക്കളും ഉള്‍പ്പെട്ട ഒരു കമ്മിഷനെ നിയമിക്കാന്‍ കോടതി തയ്യാറാകണമെന്നാണ്. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് രംഗത്തു വന്ന ആര്‍എസ്എസ് ഇങ്ങനെയൊരു നിലപാട് പറഞ്ഞിട്ടില്ല എന്നു കൂടി ഓര്‍ക്കണം.

സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിയമങ്ങള്‍ കൊണ്ട് മാത്രം സാധ്യമല്ല, മാറാന്‍ സമൂഹം സ്വയം തയ്യാറാകണം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയും അതിന്റെ ചര്‍ച്ചകളും മുന്നോട്ട് വയ്ക്കുന്ന പ്രധാന പാഠം ഇതാണ്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും മാസമുറയുള്ള സ്ത്രീകള്‍ മുന്നില്‍ വരുന്നത് അഹിതമായൊരു പ്രതിഷ്ഠയാണ് ശബരിമലയില്‍ ഉള്ളതെന്നും വിശ്വസിച്ചു പോരുന്നവരാണ് ശബരിമല ക്ഷേത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. എന്നാല്‍ ഇവരുടെ വിശ്വാസം ഭരണഘടനപരമായി ശരിയാണോ? അല്ല, ഭരണഘടന അനുശാസിക്കുന്ന ലിംഗസമത്വത്തിന്റെ ലംഘനമാണ് ശബരിമലയില്‍ ഉണ്ടായിരുന്നത്. ജീവശാസ്ത്രപരമായി സംഭവിക്കുന്ന ശരീര വ്യത്യാസങ്ങളുടെ പേരില്‍ സ്ത്രീകളെ, അവരുടെ ആരാധാന സ്വാതന്ത്ര്യത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് ഭരണഘടന ലംഘനമാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയില്‍ എല്ലാവരും ശബരിമലയില്‍ സ്ത്രീകള്‍ കയറുമോ ഇല്ലയോ എന്ന കാര്യത്തിലേക്ക് ചര്‍ച്ച ചുരുക്കിയപ്പോള്‍ കോടതി പറഞ്ഞ സുപ്രധാനമായൊരു കാര്യം വിസ്മരിക്കപ്പെട്ടു. അത്, ജൈവപരമായ സവിശേഷതയായ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ആരാധാനലായങ്ങളിലേക്ക് പ്രവേശിപ്പിക്കാതിരുന്ന വിലക്ക് എടുത്തുകളഞ്ഞതാണ്. കേരള ഹിന്ദു പ്ലെയ്‌സസ് ഓഫ് പബ്ലിക് വര്‍ഷിപ്പ് ചട്ടത്തിന്റെ മൂന്ന്, ഉപവകുപ്പ് ബിയില്‍ പറഞ്ഞിരുന്നത് 'ആചാരം, അനുഷ്ഠാനം എന്നിവയുടെ അടിസ്ഥാനത്തില്‍ പൊതു ആരാധാന സ്ഥലത്ത് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല' എന്നായിരുന്നു. ഇങ്ങനെയൊരു ചട്ടം ഭരണഘടനയ്ക്കും ബന്ധപ്പെട്ട നിയമത്തിനും എതിരാണെന്ന് വിധിച്ച് ഈ വിലക്ക് കോടതി എടുത്തു കളഞ്ഞിരിക്കുകയാണ്. ഈ സ്വാതന്ത്ര്യമാണ് ശബരിമലയുടെ കാര്യത്തിലും സ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുന്നത്.

അതേസമയം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര തന്റെ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞൊരു കാര്യമുണ്ട്, ഇത്തരം വിശ്വാസങ്ങള്‍ക്ക് (ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്ക്) ഭരണഘടനാപരമായ സംരക്ഷണം ഉണ്ടെന്ന്. ആര്‍ട്ടിക്കിള്‍ 25 ന്റെ ലംഘനമാണ് കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന തരത്തില്‍ ചില ഹൈന്ദവ സംഘടനകള്‍ പ്രക്ഷോഭ കാരണമാക്കുന്നതും വിശ്വാസങ്ങളെ കോടതി സംരക്ഷിച്ചില്ലെന്നു പറഞ്ഞാണ്. ഈ ധാരണ സാധാരണ ജനങ്ങളിലേക്കും കടന്നു കയറും. അവിടെ തത്പരസംഘടനകള്‍ക്ക് വളരെ എളുപ്പത്തില്‍ ചൂഷണം ചെയ്യാം. അവര്‍ സിപിഎമ്മിനെതിരെ പ്രചരിപ്പിക്കുന്ന വിദ്വേഷങ്ങള്‍ വിശ്വസിക്കപ്പെടുകയും ചെയ്യും.

ശബരിമലയിലെ സ്ത്രീ വിലക്ക് അസമത്വമായാണ് കാണേണ്ടത്. ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് നേരിട്ട് ബാധിക്കുന്ന ഒന്നല്ലായിരുന്നു അത്. സതിയോ അയിത്തമോ അങ്ങനെയല്ലായിരുന്നു. ഇവിടെ സ്ത്രീക്ക് ആരാധനയ്ക്കുള്ള അവസരം നിഷേധിക്കപ്പെടുക മാത്രമാണ്. അവള്‍ കടന്നാല്‍ തടയും എന്നല്ലാതെ അവളുടെ ജീവിതത്തിലേക്ക് കടന്നു ചെന്നു തടയില്ലായിരുന്നു. പുരുഷനെപ്പോലെ തനിക്കും ഏതു സമയത്തും ആരാധന നടത്താന്‍ അവകാശം ഉണ്ടെന്നും അത് തടയപ്പെടുന്നത് ഭരണഘടന നല്‍കുന്ന തുല്യതയുടെ നിഷേധം ആണെന്നും ഉള്ള സ്ത്രീയുടെ ന്യായത്തെ ഇപ്പോള്‍ കോടതി സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു. അവസരങ്ങളിലുള്ള തുല്യത ഭരണഘടനയില്‍ ആദ്യം തന്നെ ഉറപ്പ് പറയുന്നുണ്ടെങ്കില്‍ പോലും തുല്യ അവസരം സമൂഹത്തില്‍ പലകാര്യങ്ങളിലും സംഭവിക്കുന്നില്ല. അത് സംഭവിക്കണമെങ്കില്‍ സമൂഹത്തിന്റെ ഇടപെടല്‍ വേണം. നിയമം മൂലം സാധ്യമാകില്ല, അതൊരു പ്രോസസ്സിലൂടെ സംഭവിക്കേണ്ടതാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്കും കയറാം എന്നു സുപ്രിം കോടതി പറയുന്നത് ഭരണഘടനയനുസരിച്ചാണ്. ആണും പെണ്ണുമായി തിരിച്ചല്ല, മനുഷ്യനായി കണ്ടു മാത്രമാണ് തുല്യതയെക്കുറിച്ച് കോടതി സംസാരിക്കൂ.

ശബരിമല വിധിയില്‍ കോടതി നിലപാട് പ്രായോഗികമായി നോക്കിയാല്‍ പൂര്‍ണമായും ശരിയാണ്. എന്നാല്‍, ഈ വിധി നടപ്പിലാക്കിയെടുക്കേണ്ട സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അത് വളരെ ആലോചനാപൂര്‍വം നടത്തേണ്ടതാണ്. ഒരു ആക്ഷന്‍ എന്ന നിലയില്‍ സുപ്രിം കോടതി വിധി നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന ആഘാതങ്ങള്‍ സര്‍ക്കാര്‍ മനസിലാക്കണം. ആര്‍ത്തവ കാലത്ത് പെണ്ണ് അശുദ്ധിയാണെന്നും ആര്‍ത്തവ രക്തം അശുദ്ധമാണെന്നുമൊക്കെ പറഞ്ഞാണ് ഈ സമയങ്ങളില്‍ സ്ത്രീകളെ സമൂഹം ഒഴിവാക്കി നിര്‍ത്തിയിരുന്നത്. ഇപ്പോള്‍ ശാസ്ത്രീയമായി തന്നെ ആര്‍ത്തവകാല തെറ്റിദ്ധാരണകള്‍ തിരുത്തപ്പെട്ടിരിക്കുന്നു. പക്ഷേ, ഇക്കാര്യം സമൂഹം അംഗീകരിച്ചു വരാന്‍ സമയം എടുക്കും. ഉത്തരവിലൂടെ സതി നിര്‍ത്തലാക്കി, ഭരണഘടനാപരമായി തന്നെ അയിത്തം നിര്‍ത്തലാക്കി, ഇതിന്റെയെല്ലാം തുടര്‍ച്ച തന്നെയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനവും. പക്ഷേ, വളരെക്കാലമായി നടന്നുപോന്നിരുന്ന ഒന്നിനെ പെട്ടെന്ന് മറികടക്കാന്‍ സാധ്യമല്ല, സമയം വേണം. കോടതി വിധി എത്രയും വേഗം നടപ്പാക്കേണ്ടതുണ്ടായിരിക്കാം. പക്ഷേ, ജനങ്ങളെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ മറന്നു പോകരുത്. സര്‍ക്കാര്‍ ആണെങ്കിലും സിപിഎം ആണെങ്കിലും അതാണ് മറന്നിരിക്കുന്നത്.തങ്ങള്‍ എന്താണ് കോടതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് സര്‍ക്കാരിന്റെയോ പാര്‍ട്ടിയുടെയോ പ്രതിനിധികളാരും തന്നെ ഒരിടത്തും പറഞ്ഞുകേട്ടിട്ടില്ല. എന്തായിരുന്നു തങ്ങളുടെ നിലപാട് എന്നും ഇനിയെന്താണ് ചെയ്യാന്‍ പോകുന്നതെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സിപിഎം ആരെയാണ് ഭയപ്പെടുന്നതെന്ന് മനസിലാകുന്നില്ല.

https://www.azhimukham.com/offbeat-trending-tkanair-sabarimala-ricefeeding-motherslap/

https://www.azhimukham.com/trending-writer-ns-madhavan-questioning-sabarimala-old-customs/

https://www.azhimukham.com/edit-sabarimala-verdict-is-a-wakeup-call-to-leadership-of-christian-muslim/

https://www.azhimukham.com/trending-will-give-sabaraimala-priestship-to-woman-asks-jdevika/

Next Story

Related Stories