UPDATES

ട്രെന്‍ഡിങ്ങ്

തീണ്ടാരിപ്പുരകളിലും വിറകുപുരയിലും ഇരുത്തിയവരെ അകത്തേക്ക് ഓടിച്ചു കയറ്റേണ്ടതില്ല; ഞങ്ങള്‍ പുറത്തു തന്നെ നില്‍ക്കാം

സമ്മിശ്ര പ്രതികരണമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന ഉണ്ടാക്കിയിട്ടുള്ളത്.

വി യു അമീറ

വി യു അമീറ

ശബരിമല വിവാദവും ശേഷം സാനിറ്ററി പാഡിന് ജിഎസ്ടി അധികം ചുമത്തിയ വാര്‍ത്തകളും ആര്‍ത്തവ അവധിയെ കുറിച്ചുള്ള ചര്‍ച്ചകളും നിയമസഭയിലും മാധ്യമങ്ങളിലും വരെ പൊടി പൊടിക്കുമ്പോള്‍ ആര്‍ത്തവം എന്ന വാക്കു മടിയില്ലാതെ ഉപയോഗിക്കുവാന്‍ ഉള്ള ഒരു മാനസിക തലത്തിലേക്ക് മലയാളി എത്തി എന്ന തീര്‍ത്തും സന്തോഷജനകമായ ഒരു മാറ്റത്തെയാണ് ആദ്യം സ്വാഗതം ചെയ്യേണ്ടത്. ‘പുറത്താണ്’ എന്നും ‘പാടില്ലാത്ത ദിവസ’മാണെന്നും എല്ലാം അടക്കം പറഞ്ഞിരുന്നവര്‍, അതിന്റെ വാലായ്മകളെ കുറിച്ച് ഒച്ച താഴ്ത്തി സംസാരിച്ചിരുന്നവര്‍, സ്വന്തം ശാരീരിക അവസ്ഥകളെ കുറിച്ച് ഉറക്കെ ചിന്തിക്കാന്‍ പോലും മടിച്ചിരുന്നവര്‍ ഇന്ന് ആര്‍ത്തവ അസ്വസ്ഥതകളെ കുറിച്ചും വേദനകളെ കുറിച്ചും തുറന്ന് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയെങ്കില്‍ നിസംശയം പറയാം; അവധിയേക്കാളും സ്വാഗതാര്‍ഹമാണ് മനോഭാവത്തിലുള്ള ഈ മാറ്റം.

ആദ്യം കേള്‍ക്കുമ്പോള്‍ സ്ത്രീ സൗഹാര്‍ദ്ദപരമായ, വളരെ വിപ്ലവാത്മകമായ ചുവടുവയ്പ്പ് എന്ന് തോന്നുന്നത് കൊണ്ടാകാം സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും വേണ്ടി വാ തോരാതെ വാദിക്കുന്നവര്‍ തന്നെ ആര്‍ത്തവാവധിക്ക് പച്ചക്കൊടി വീശുന്നത്. ആര്‍ത്തവാനുഭവങ്ങള്‍ ഓരോ സ്ത്രീക്കും വ്യത്യസ്തമാകാം. ആര്‍ത്തവത്തെ പേടി സ്വപ്നമായി കാണുന്നവര്‍ക്കു വളരെ ഉപകാരപ്രദമായ തീരുമാനമാണ് എന്ന് നിസ്സംശയം പറയാം. കാഷ്വല്‍ ലീവ് ഈ ദിവസങ്ങള്‍ക്കായി ഉപയോഗിച്ച് തീര്‍ക്കുന്നവര്‍ക്ക് വളരെ ആശ്വാസം നല്‍കും ഇത്തരം തീരുമാനങ്ങള്‍. സ്ത്രീപക്ഷമായ ആലോചന തന്നെയാണ് മുഖ്യമന്ത്രിയെ ഇത്തരം ഒരു പ്രസ്താവനയിലേക്ക് എത്തിച്ചത്. ആര്‍ത്തവം അശുദ്ധിയെന്നു വിശ്വസിക്കുന്ന ആളുകള്‍ ഇപ്പോഴും ഉള്ള ഒരു സമൂഹത്തില്‍ അതൊരു ജൈവപ്രക്രിയയായി മാത്രമേ വിശദീകരിക്കപ്പെടേണ്ടതുള്ളൂ എന്ന കാഴ്ചപ്പാട് വളരെ ആരോഗ്യപരമാണ്.

സ്ത്രീകളുടെ വേദനകളും അസ്വസ്ഥതകളും തിരിച്ചറിയപ്പെടുന്നു എന്ന് പറയുമ്പോള്‍ തന്നെ അതിന്റെ മറുവശം കൂടി ചര്‍ച്ചയ്ക്കു വരേണ്ടതുണ്ട്. എല്ലാ രംഗത്തും പൂര്‍വാധികം ആത്മവിശ്വാസത്തോടെ സ്ത്രീ കടന്നു വരുമ്പോള്‍ ഇത്തരത്തിലൊരു സൗജന്യം കാംക്ഷിക്കുന്നത് ഞങ്ങള്‍ ദുര്‍ബലരെന്നു സ്വയം വിളംബരം ചെയ്യലാകില്ലേ എന്ന സംശയം പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. സമ്മിശ്ര പ്രതികരണമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന ഉണ്ടാക്കിയിട്ടുള്ളത്. സ്ത്രീകളുടെ ആര്‍ത്തവ വിഷമതകള്‍ അംഗീകരിക്കുമ്പോള്‍ തന്നെ ഇത്തരം നിര്‍ദേശങ്ങള്‍ സ്ത്രീകളോടുള്ള വിവേചനത്തിന് പുതിയ മാനം രചിക്കും എന്ന് തന്നെയാണ് കരുതേണ്ടത്. മുഖ്യമന്ത്രി പ്രകടിപ്പിച്ച സന്ദേഹം തീര്‍ത്തും ശരിയാണ്. തൊഴിലിടങ്ങളില്‍ സ്ത്രീ കൂടുതല്‍ മാറ്റി നിര്‍ത്തപ്പെടുന്നതിലേക്ക് ഇത് വഴി വെച്ചേക്കാം. സ്ത്രീ സ്വകാര്യതയിലേക്കുള്ള എത്തി നോട്ടത്തിലേക്കും അശ്ലീലമായ പരാമര്‍ശങ്ങളിലേക്കും ഇത് നയിച്ചേക്കാം. കൂടാതെ ആര്‍ത്തവ അവധി ഉപയോഗപ്പെടുത്തുന്ന സ്ത്രീകളുടെ ക്രിയാത്മകതയും ജോലിയോടുള്ള ആത്മാര്‍ഥതയും ചോദ്യം ചെയ്യപ്പെടുകയും അവര്‍ക്കു ജോലി കൊടുക്കാതിരിക്കാന്‍ സ്വകാര്യ തൊഴിലുടമകള്‍ ശ്രമിക്കുകയും ചെയ്യും. ഗവണ്‍മെന്റ് തലത്തില്‍ ഇത്തരം വിവേചനങ്ങള്‍ക്കെതിരെ ഒരു സംവിധാനം ഉണ്ടാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ എത്രത്തോളം ഇത്തരം നിയമങ്ങളോട് പ്രതിപത്തി പുലര്‍ത്തുമെന്ന് ആശങ്കപ്പെടേണ്ടതുണ്ട്. ജോലിക്കിടയില്‍ ഒന്ന് ഇരിക്കാനായി, മൂത്രം ഒഴിക്കാനായി എല്ലാം സമരം ചെയ്യേണ്ടി വന്ന സ്ത്രീകളുടെ നാടാണിത്. അങ്ങനെ വരുമ്പോള്‍ സ്ത്രീകളെ തൊഴിലിടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ഒരു ഒഴിവു കഴിവായി ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. ദിവസക്കൂലിക്ക് വീടുകളിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും ജോലിക്ക് പോകുന്ന സ്ത്രീകള്‍, കൃഷി പണിക്കായി പാടത്തും പറമ്പിലും പോകുന്ന സാധാരണക്കാരായ കൂലി തൊഴിലാളികള്‍, അവര്‍ക്ക് എത്രത്തോളം ഇത്തരം നിയമങ്ങള്‍ പ്രയോജനകരമാവും എന്ന് ചിന്തിക്കേണ്ടതുണ്ട്.

"</p

അവധിയെടുത്ത് വീട്ടില്‍ വിശ്രമിക്കുന്ന ഒരു ഉദ്യോഗസ്ഥ എന്നതും ശരാശരി കേരളീയ കുടുംബങ്ങളില്‍ എത്രത്തോളം പ്രാവര്‍ത്തികമാകും? വീട്ടമ്മയുടെ കഷ്ടപ്പാടുകള്‍ക്ക് വിലകാണാത്ത സമൂഹം എന്ന് നമ്മള്‍ പറയാറുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥയുടെയും വീട്ടമ്മയുടെയും റോള്‍ തിമിര്‍ത്താടുന്ന സാധാരണ സ്ത്രീകളെക്കാള്‍ മോശം അവസ്ഥ വേറെ ഒന്നും ഇല്ലെന്നതാണ് വാസ്തവം. പ്രത്യേകിച്ചും കൂട്ടു കുടുംബങ്ങളില്‍ ഉള്ളവര്‍ക്ക്. അവര്‍ക്ക് ഈ അവധി വിശ്രമിക്കാനുള്ളതായി മാറുമോ അതോ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അവരുടെ മേല്‍ വെച്ചുകെട്ടാനുള്ളതായി മാറുമോ? ആര്‍ത്തവ ദിവസങ്ങളില്‍ വീട്ടില്‍ വിശ്രമം അനുഭവിക്കുന്ന സ്ത്രീ എന്നതൊക്കെ വെറും സങ്കല്പങ്ങളാണ് ഒരു ശരാശരി മലയാളി കുടുംബത്തില്‍. വിശ്രമം ഏറെ ആവശ്യമുണ്ടെന്ന് പറയപ്പെടുന്ന ആര്‍ത്തവ ദിനങ്ങളില്‍ പോലും ഭര്‍ത്താവിന്റെ ലൈംഗിക താത്പര്യങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന അഭ്യസ്തവിദ്യരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉള്ള നാടാണിത്. സ്ത്രീയുടെ ശാരീരിക അവശകതകളെ കുറിച്ച് ബോധവത്കരണം അവശ്യം വേണ്ട ഒരു നാട്. നിയമങ്ങളോടൊപ്പം തന്നെ വേണം നമുക്ക് ചികിത്സ… വികലമായ മനോഗതിക്ക്…

1947 ല്‍ തന്നെ സ്ത്രീകള്‍ക്ക് ശമ്പളത്തോടെയുള്ള ആര്‍ത്തവാവധി നല്‍കിയ ജപ്പാനില്‍ നിന്നുള്ള സ്ത്രീകളുടെ പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി 2016 ല്‍ ഗാര്‍ഡിയന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമായി പറയുന്നുണ്ട് അത്തരം അവധി ലഭ്യമാക്കുവാന്‍ അവര്‍ക്കുള്ള വിമുഖതയെ കുറിച്ച്. അത്തരം ഭേദഗതികള്‍ കൊണ്ട് വരുന്നതിനു മുന്‍പ്, ആദ്യമേ ഇത്തരം പരിഷ്‌കരണം നടപ്പാക്കിയ ജപ്പാന്‍, കൊറിയ, ഇറ്റലി, തുടങ്ങിയ രാജ്യങ്ങളുടെയും നമ്മുടെ തന്നെ ബിഹാറിലെയും മാറ്റങ്ങള്‍ പഠന വിധേയമാക്കാവുന്നതാണ്.

ഉദ്യോഗസ്ഥരായ സ്ത്രീകളുടെ ആര്‍ത്തവാവധി ചര്‍ച്ച ചെയ്യുമ്പോള്‍ ഓര്‍ക്കേണ്ട ഒരു കാര്യം ഇന്ന് നമ്മുടെ പെണ്‍കുട്ടികള്‍ അഞ്ചിലോ ആറിലോ എത്തുമ്പോള്‍ തന്നെ ഋതുമതികള്‍ ആകുന്നുണ്ട് എന്നതാണ്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് ഇത് പോലെ അവധി കൊടുക്കല്‍ എത്രത്തോളം പ്രാവര്‍ത്തികമാകും? എത്ര പേര് മടി കൂടാതെ ഇതിന്റെ പേരില്‍ അവധി ആവശ്യപ്പെടും? ആര്‍ത്തവ ദിവസങ്ങളില്‍ സ്‌കൂളുകളിലും കോളേജുകളിലും അവധി കൊടുത്തു ശീലിപ്പിച്ചാല്‍ അത് വിദ്യാര്‍ത്ഥിനികളെ ആത്മവിശ്വാസത്തോടെ ആ ദിവസങ്ങളെ നേരിടുന്നതില്‍ നിന്നും പുറകോട്ട് വലിക്കും.

കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ രണ്ട് വര്‍ഷം മുന്‍പ് സമര്‍പ്പിച്ച സമാഗതി റിപ്പോര്‍ട്ടില്‍ കേരളത്തിലെ ക്യാംപസുകളുടെ അവസ്ഥ വ്യക്തമായി പറയുന്നുണ്ട്. രണ്ടായിരത്തിലധികം വരുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ടോ മൂന്നോ ശുചിമുറികള്‍. വെള്ളവും വൈദ്യുതിയും വെറും വിരുന്നുകാര്‍. വൃത്തിഹീനമായ ചുറ്റുപാടുകള്‍. അഞ്ച് മിനിറ്റ് മാത്രം നീണ്ടു നില്‍ക്കുന്ന ഇന്റര്‍വെല്‍. ഉപയോഗിച്ച പാഡ് മാറുവാന്‍ ഒഴിഞ്ഞ ക്ലാസ് റൂം നോക്കി നടന്നു കൂട്ടുകാരികളെ ചുമരുകളാക്കി, തത്രപ്പെട്ട് പാഡ് മാറുന്ന കഥ പറഞ്ഞത് അന്‍പതാം വാര്‍ഷികം ആഘോഷിക്കുവാന്‍ പോകുന്ന ഒരു പ്രശസ്ത എയ്ഡഡ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ്. ഉപയോഗിച്ച പാഡ് കളയാന്‍ ഉള്ള സൗകര്യമില്ലാത്തതിനാല്‍ കടലാസില്‍ പൊതിഞ്ഞു വീട്ടിലേക്ക് കൊണ്ട് പോകുന്ന ദുരവസ്ഥയും ഈ കുട്ടികള്‍ക്ക് ഉണ്ട്. മിക്കവാറും സ്‌കൂളുകളിലെയും കോളേജുകളിലെയും ഓഫീസുകളിലെയും അവസ്ഥ ഇത് തന്നെ ആണ്. ആവശ്യത്തിന് പാഡ് ലഭിക്കുവാന്‍ സൗകര്യമില്ലാതെ വിഷമിക്കുന്ന വിദ്യാര്‍ത്ഥിനികളും കലാലയങ്ങളിലെ സ്ഥിരം കാഴ്ചയാണ്. പലരും ആ ദിവസങ്ങളില്‍ അവധി എടുക്കുന്നത് വേദന കൊണ്ട് മാത്രമല്ല. ആര്‍ത്തവ അസ്വസ്ഥതകളെ മറി കടന്നു സാധാരണ ദിവസം പോലെ മറ്റു പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ ഏറെക്കുറെ പ്രാപ്തരാണവര്‍. പക്ഷെ വെള്ളവും വെളിച്ചവും ഇല്ലാത്ത ശുചിത്വമില്ലാത്ത ശുചിമുറികളാണ് അവരെ വീട്ടിലിരിക്കാന്‍ പ്രേരിപ്പിക്കുന്നത്.

എല്ലാ സ്ത്രീകളും അവധി ആഗ്രഹിക്കുന്നില്ല. അവര്‍ക്കു വേണ്ടത് കുറെക്കൂടി സ്ത്രീ സൗഹാര്‍ദ്ദപരമായ ചുറ്റുപാടാണ്, വൃത്തിയുള്ള, ആധുനിക സൗകര്യങ്ങളുള്ള ശുചിമുറികളാണ്. അവധിക്കു പകരം സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതിലേക്ക് ഗവണ്മെന്റ് ശ്രദ്ധ തിരിക്കേണ്ടതുണ്ട്. അസ്വസ്ഥതകളോടെ അകത്തോട്ടു തിരിച്ചു കയറുന്ന സ്ത്രീകളെ അല്ല നമുക്ക് വേണ്ടത്. അശുദ്ധയെന്നും തീണ്ടാരിയെന്നും പറഞ്ഞു പുറത്തിരുത്തിയിരുന്ന കാലത്ത് അപമാനത്തോടെയും വേദനയോടെയും നീറിപ്പുകഞ്ഞ് ആരുടേയും കണ്ണില്‍ പെടാതെ ഇരുട്ടില്‍ ഇരുന്ന അനുഭവങ്ങളെ കുറിച്ചു പറയാനിട നല്‍കാതെ, ആത്മവിശ്വാസത്തോടെ ആ ദിവസങ്ങളിലും പകലിന്റെ ചൂടും ചൂരും ശരിക്കും അനുഭവിക്കുന്ന, തൊട്ടും തീണ്ടിയും തന്നെ സമൂഹത്തില്‍ അലിഞ്ഞു ചേരുന്ന, ആര്‍ത്തവ ദിനങ്ങളെ മറ്റേത് ദിവസവും പോലെ കണക്കാക്കാന്‍ കഴിയുന്ന സ്ത്രീകളെയാണ് നമുക്കാവശ്യം. ഒരിക്കല്‍ അവരെ തീണ്ടാരി പുരകളിലും വിറകുപുരയിലും ഇരുത്തിയവര്‍ അവരെ അകത്തേക്ക് ഓടിച്ചു കയറ്റേണ്ടതില്ല; അവര്‍ പുറത്തു തന്നെ നില്‍ക്കട്ടെ. ഞങ്ങള്‍ ‘പുറത്താണ്’ എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് തന്നെ.

"</p

ഇപ്പോഴും നമ്മുടെ അകത്തളങ്ങളില്‍ മാറ്റി നിര്‍ത്തപ്പെടുന്ന, വേറെ പാത്രവും പായയും നല്‍കപ്പെടുന്ന, വീട്ടിലെ മറ്റു അംഗങ്ങളെയും എന്തിനു അച്ചാര്‍ കുപ്പി പോലും തൊടാന്‍ അനുവാദമില്ലാത്ത പെണ്‍കുട്ടികള്‍ ഉണ്ട്. അവര്‍ പുറത്തിറങ്ങട്ടെ. അവര്‍ തീണ്ടട്ടെ. നമ്മുടെ നിരത്തുകളെ, നമ്മുടെ സരസ്വതി ക്ഷേത്രങ്ങളെ, ദൈവങ്ങളുടെ ചിത്രം വെച്ചു അലങ്കരിച്ച നമ്മുടെ വാഹനങ്ങളെ… കൂട്ടുകാരികളെ തൊട്ടുരുമ്മി കഥകള്‍ പറഞ്ഞു പൊട്ടി ചിരിച്ചു നടക്കട്ടെ അവര്‍… നമ്മളിലാരൊക്കെയോ അശുദ്ധിയുടെ ദിനങ്ങള്‍ എന്ന് മുദ്ര കുത്തിയ ദിനങ്ങളിലും തീര്‍ത്തും ശുദ്ധരാണ് ഞങ്ങള്‍ എന്ന പൂര്‍ണ ബോധ്യത്തോടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വി യു അമീറ

വി യു അമീറ

പൊന്നാനി എംഇഎസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍