TopTop
Begin typing your search above and press return to search.

ഇഷ്ട ടീമുകള്‍ പുറത്തായതില്‍ വേദനിച്ച കുട്ടിക്കൂട്ടങ്ങള്‍ക്ക് സന്തോഷം പകരാന്‍ ബൂട്ടണിഞ്ഞു മുത്തച്ഛന്‍മാര്‍

ഇഷ്ട ടീമുകള്‍ പുറത്തായതില്‍ വേദനിച്ച കുട്ടിക്കൂട്ടങ്ങള്‍ക്ക് സന്തോഷം പകരാന്‍ ബൂട്ടണിഞ്ഞു മുത്തച്ഛന്‍മാര്‍

ഫുട്‌ബോള്‍ ലോകകപ്പില്‍ ഇഷ്ട ടീമുകള്‍ നിരാശപ്പെടുത്തിയപ്പോള്‍ എറണാകുളം ജില്ലയിലെ കുട്ടിക്കൂട്ടങ്ങള്‍ ആവേശം തിരിച്ചു പിടിച്ചത് തങ്ങളെക്കാള്‍ തലമുറകള്‍ മൂപ്പുള്ള മുത്തച്ഛന്‍മാരെ കാല്‍പന്തുകളിയില്‍ തോല്‍പിച്ചായിരുന്നു. കോതമംഗലം മാര്‍ അത്താനാസ്യോസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അധികൃതരാണ് ഇഷ്ട ടീമുകള്‍ തോറ്റോടിയപ്പോള്‍ കുഞ്ഞുമനസുകളുടെ വേദന അകറ്റാന്‍ മുത്തച്ഛന്‍മാരെ കാല്‍പന്തു കളിയുടെ കളത്തിലേക്ക് ക്ഷണിച്ചത്. കുരുന്നുകളുടെ സന്തോഷത്തിനായി ബൂട്ട് കെട്ടാന്‍ ഈ പഴയതലമുറ തയ്യാറായപ്പോള്‍ ഈ നാട് നിറഞ്ഞ കൈകളോടെ അവരെ സ്വീകരിച്ചു. ലോകകപ്പില്‍ ഫ്രാന്‍സ് ക്രൊയേഷ്യ മത്സരം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മത്സരത്തില്‍ പ്രായത്തെ തോല്‍പ്പിച്ച് കളിക്കളത്തില്‍ പഴയതലമുറ വിജയിച്ചപ്പോള്‍, ഗോള്‍ നിലയില്‍ 7- 4 ന് മുന്നിലെത്തി കുട്ടിതലമുറ വിജയം കൊയ്തു.

ലോകകപ്പ് ആവേശ ആരവങ്ങള്‍ പലതും കണ്ടിട്ടുണ്ടെങ്കിലും കാഴ്ചക്കാര്‍ക്ക് കുട്ടിക്കൂട്ടങ്ങളുടെയും മുത്തച്ഛന്‍മാരുടെയും കളി വ്യത്യസ്തമായി വിരുന്നാണ് ഒരുക്കിയത്. നീലയും വെള്ളയും ചേര്‍ന്ന ജഴ്‌സിയുമായി കുട്ടികള്‍ കളത്തിലിറങ്ങിയപ്പോള്‍ ബ്രസീലിന്റെ ജഴ്‌സിയുടെ നിറമായ മഞ്ഞയായിരുന്നു മുത്തച്ഛന്‍മാരുടെ ജഴ്‌സിയുടെ നിറം. വെളളിയാഴ്ച ഇച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ ആരംഭിച്ച കളി കാണാന്‍ മാതാപിതാക്കളും അധ്യാപകരും നാട്ടുകാരുമടങ്ങുന്ന വലിയ കാഴ്ചക്കാരുണ്ടായിരുന്നു. മത്സരത്തില്‍ തങ്ങളെ തോല്‍പ്പിച്ച കുരുന്നുകളെ തോളിരുത്തി മൈതാനത്തെ വലം വെച്ച് മുത്തച്ഛന്‍മാര്‍ വീണ്ടും അസല്‍ ഫുട്‌ബോള്‍ ആരാധകരായി മാറി.

'ഇത്രയും കാലം ജീവിച്ചെങ്കിലും ലോകകപ്പുകള്‍ പല തവണ കടന്നു പോയെങ്കിലും ഇത്തരത്തിലുള്ള ഒരു ലോകകകപ്പ് ആവേശം ആദ്യമാണ്. അത് ചെറുമക്കളോടൊപ്പമാണെങ്കില്‍ അതില്‍ പരം സന്തോഷം വേറെന്തിരിക്കുന്നു.' ലോകകപ്പ് ആവേശം നിറയ്ക്കാന്‍ റിട്ട. അധ്യാപകനും കോതമംഗലം സ്വദേശിയുമായ 79 കാരനായ ജോസ് കല്ലിംഗല്‍ കളിക്കിറങ്ങിയത്, വാര്‍ധക്യത്തെ മറന്നാണ്. പേരക്കിടങ്ങളുമൊത്ത് കളിക്കാന്‍ തയാറയതിന് പിന്നിലെ കാരണം ജോസ് പറയുന്നത് ഇങ്ങനെയാണ്.

'50 വര്‍ഷങ്ങളായി ഫുട്‌ബോള്‍ കളിച്ചിട്ട്. പ്രായത്തിന്റെ വിഷമതകള്‍ ഉണ്ടായിരുന്നു. ഗ്രാന്‍ഡ്പാ.... കളിക്കാന്‍ വാ എന്ന കൊച്ചുമക്കളുടെ വിളി തള്ളിക്കളയാന്‍ തോന്നിയില്ല. അതുകൊണ്ടാണ് കളിക്കളത്തില്‍ ഇറങ്ങിയത്. മഴചെയ്ത തെറ്റിക്കിടക്കുന്ന മൈതാനത്ത് ഇറങ്ങി കളിക്കാന്‍ ഒട്ടും പേടിയും തോന്നിയില്ല. പല പ്രവശ്യം ഗ്രൗണ്ടില്‍ തെന്നി വീണു. കുട്ടികളാകട്ടെ അവര്‍ നന്നായി തന്നെ കളിച്ചു. 11 അംഗങ്ങള്‍ അടങ്ങുന്ന ടീമുകളായിരുന്നു. പ്രായമായ തങ്ങളോടൊപ്പം അവര്‍ വളരെ സന്തോഷത്തോടെയാണ് കളിച്ചത്. അവരുടെ അത്രയും വേഗത്തില്‍ ഓടാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നെങ്കില്‍ വിജയം ഞങ്ങള്‍ക്കൊപ്പമായേനേ. പിന്നെ ഞങ്ങളങ്ങു വിട്ടുകൊടുത്തു.' തോല്‍വി സമ്മതിക്കാതെ ജോസ് കല്ലിംഗല്‍ പറഞ്ഞു.

'എനിക്ക് മുത്തച്ഛന്‍മരുമൊത്ത് കളിച്ചത് നല്ല ഇഷ്ടമായി' വിജയത്തിന്റെ സന്തോഷം പങ്ക് വെച്ച് ആറാം ക്ലാസില്‍ പഠിക്കുന്ന മിലന്‍ എല്‍ദോ പീറ്റര്‍ പറഞ്ഞു. തങ്ങളുടെ കളിയെ വിലയിരുത്തുകയാണ് മിലന്‍- 'ഞാന്‍ മിഡ്ഫീല്‍ഡ് റൈറ്റാണ് കളിച്ചത്. അതുകൊണ്ട് തന്നെ നന്നായി ഓടികളിച്ചു. ഫസ്റ്റ് ഹാഫില്‍ ഞങ്ങള്‍ നാലു ഗോളടിച്ചപ്പോള്‍ അവര്‍ക്ക് ഒരു ഗോള്‍ പോലും കിട്ടിയില്ല. സബ്സറ്റിറ്റ്യൂട്ട് ഉണ്ടായിരുന്നത് കൊണ്ട് സെക്കന്റ് ഹാഫില്‍ ചെറിയ ക്ലാസിലെ കുട്ടികളെയാണ് ഇറക്കിയത്. അവര്‍ മൂന്നു ഗോള്‍ അടിച്ചു. പക്ഷെ അപ്പോഴേക്കും എല്ലാവരും തളര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ സെക്കന്റ് ഹാഫില്‍ എതിര്‍ ടീം നാലു ഗോളടിച്ചു. എങ്കിലും ഞങ്ങള്‍ തന്നെയാണ് ജയിച്ചത്. വിജയിച്ച ഞങ്ങളെ മുത്തച്ഛന്‍മാര്‍ തോളിലേറ്റി.'

ലോകകപ്പില്‍ അര്‍ജന്റീന ഫാനും മെസി ആരാധകനുമായ മിലന്‍, തന്റെ ടീം പുറത്തുപോയപ്പോള്‍ രണ്ട് ദിവസം കരഞ്ഞ് നടന്നതായും തുറന്നു പറഞ്ഞു. ലോകകപ്പിലെ ഒട്ടുമിക്ക കളികളും ഈ ആറാം ക്ലാസുകാരന്‍ ഉറക്കമിളച്ചിരുന്നു കണ്ടു. മുത്തച്ഛന്‍മാരുമായി ഇനിയും കളിച്ച് അവരെ തോല്‍പിക്കണമെന്ന് മിലന്‍ പറഞ്ഞു. മുത്തച്ഛന്‍മാരുമൊത്ത് കളിക്കാന്‍ നല്ല രസമാണ്. കളിക്കിടയിലും ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ടാ അവര് കളിക്കുന്നത്. അതാണ് ഞങ്ങള്‍ക്ക് നന്നായി കളിക്കാന്‍ പറ്റിയത്. നലാം ക്ലാസുകാരനായ അദ്വൈത് ലാല്‍ പറഞ്ഞു. മുത്തച്ഛന്‍മാര്‍ ഗ്രൗണ്ടില്‍ തെന്നി വീഴുന്നതാണ് കളിയില്‍ ഏറ്റവും കൂടുതല്‍ ചിരി വന്നത്.

കുട്ടികളെ മൊബൈല്‍ ഗെയിമല്ല കളിപ്പിക്കേണ്ടത് സമൂഹവുമായി ഇടപെഴകാനും ഒരേ സമയം ആരോഗ്യ ക്ഷമത കിട്ടുന്നതുമായ കളിയാണ് പരിശീലിപ്പിക്കേണ്ടതെന്ന് എംഎ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ട്രഷററും കുട്ടികള്‍ക്കൊപ്പം പ്രായം മറന്നു കളിച്ച മുന്‍ ആര്‍മി, ഇന്റലിജന്‍സ് ഓഫീസര്‍ കൂടിയായ കോതമംഗലം ഊഞ്ഞപ്പാറ സ്വദേശിയായ ഐസന്‍ഹൊവര്‍ പറഞ്ഞു. പഴയ കാലത്ത് കായിക മത്സരങ്ങള്‍ അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല. ഇന്ന് പഠനത്തോടൊപ്പം പ്രാധാന്യം കായിക ഇനങ്ങള്‍ക്കു നല്‍കണം. കുട്ടികള്‍ക്ക് സമൂഹത്തില്‍ ഇടപഴകാനുള്ള അവസരമാണ് ഇത്തരം മത്സരങ്ങള്‍. മൊബൈലും ലാപ്‌ടോപ്പും മാത്രം ഉപയോഗിച്ച് വളരുന്ന കുട്ടികളെ മാറ്റി ചിന്തിപ്പിക്കാന്‍ മാതാപിതാക്കള്‍ അവസരം ഉണ്ടാക്കി കൊടുക്കണമെന്നും ഇദ്ദേഹം പറയുന്നു. പത്തു വര്‍ഷം മുമ്പ് പന്ത് കളിയെ പുഛിച്ചു തള്ളിയ തലമുറ ഇന്ന് കൊച്ചു മക്കള്‍ മൊബൈല്‍ ഗെയിമും കപ്യൂട്ടറും മാറ്റിവെപ്പിച്ച് അവരെ സമൂഹത്തിലേക്ക് ഇറക്കിവിടണമെന്നാണ് പറയുന്നത്. ധാരാളം കഴിവുകളുള്ള കുട്ടികള്‍ ഉണ്ട്. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സമീപനമാണ് സമൂഹത്തില്‍ നിന്ന് ഉണ്ടാകേണ്ടതെന്നും ഐസന്‍ഹൊവര്‍ പറയുന്നു.

കുട്ടികള്‍ മുത്തച്ഛന്‍മാരെ കളിക്കാന്‍ വിളിച്ചത് വാട്‌സാപ് വഴി

കുട്ടികളുമൊത്ത് കളിക്കാന്‍ മുത്തച്ഛന്‍മാരെ ക്ഷണിച്ചത് കുട്ടികളുടെ പേരില്‍ അധ്യാപകരയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ വഴിയാണെന്ന് മൂന്നുവര്‍ഷമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയി തുടരുന്ന പ്രഭാവതി നമ്പ്യാര്‍ പറഞ്ഞു. എപ്പോഴും കുട്ടികള്‍ അവരുടെ മുത്തച്ഛനും മുത്തശിയുമായാണ് സമയം ചിലവിടാന്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് മത്സരത്തിന് മുത്തച്ഛന്‍മാര്‍ തന്നെ മതിയെന്ന് തീരുമാനിച്ചത്. കളിയിലെ വിജയ പരാജയങ്ങളെക്കാള്‍ കൂടുതല്‍ കുട്ടികളുടെ മനസ് സന്തോഷിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഉണ്ടായിരുന്നത്. ഫുട്‌ബോള്‍ പരിശീലിക്കുന്ന കുട്ടികള്‍ക്ക് കളിയോടും ലോകകപ്പ് മത്സരങ്ങളോടുമുള്ള താത്പര്യം മുന്‍നിര്‍ത്തയാണ് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചതെന്നും പ്രഭാവതി നമ്പ്യാര്‍ പറയുന്നു.
Next Story

Related Stories