Top

പെണ്‍കരുത്ത്: കേരളം മാറുകയാണ് ഇവരിലൂടെ -വനിതാ ദിന സ്പെഷ്യല്‍

പെണ്‍കരുത്ത്: കേരളം മാറുകയാണ് ഇവരിലൂടെ -വനിതാ ദിന സ്പെഷ്യല്‍
കഴിഞ്ഞ ലോക വനിതാ ദിനത്തിന് ശേഷം കേരളത്തില്‍ ശ്രദ്ധേയരായ നിരവധി വനിതകളുണ്ട്. വിവിധ പ്രവര്‍ത്തന മണ്ഡലങ്ങളിലൂള്ള അവര്‍ കേരള സമൂഹത്തെതന്നെ പുനര്‍നിര്‍മ്മിക്കാന്‍ പോന്ന ഇടപെടലുകള്‍ നടത്തി. പോയ വര്‍ഷം കേരളം ചില കാര്യങ്ങളിലെങ്കിലും മാറിച്ചിന്തിക്കാന്‍ തുടങ്ങിയത് ഇവരുടെ ചിറകിലേറിക്കൂടിയാണ്. അവരില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മുതല്‍ പഠിക്കാനായി വൈകുന്നേരങ്ങളില്‍ മീന്‍ വില്‍പ്പനയ്ക്ക് പോയിരുന്ന ഹനാനും നീതിക്ക് വേണ്ടി പോരാടിയ കന്യാസ്ത്രികളും ശബരിമലയില്‍ പ്രവേശിച്ച യുവതികള്‍ വരെയുണ്ട്. ഈ ലിസ്റ്റ് പൂര്‍ണമാണെന്ന് അഴിമുഖം അവകാശപ്പെടുന്നില്ല. ഇവിടെ പരാമര്‍ശിക്കപ്പെടാന്‍ യോഗ്യതയുള്ള പല സ്ത്രീകളും ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കാം. ഈ വനിതാ ദിനത്തില്‍ അവരില്‍ ചിലരെ വായനക്കാരുടെ ഓര്‍മ്മയിലേക്ക് കൊണ്ടുവരികയാണ് അഴിമുഖം.

ശബരിമല കയറിയ സ്ത്രീകള്‍ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് ഏറെ ആവേശത്തോടെയാണ് കേരളത്തിലെ ഒരു വിഭാഗം യുവതികള്‍ ഏറ്റെടുത്തത്. പലരും ആദ്യമേ തന്നെ ശബരിമലയില്‍ പോകുമെന്ന് പ്രഖ്യാപിക്കുകയും ചിലര്‍ അതിന് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞതോടെ പലരുടെയും ശബരിമല പ്രവേശനം നടക്കാതെ പോയി. എന്നാല്‍ ജനുവരി ഒന്നിന് നടന്ന വനിതാമതിലിന്റെ തൊട്ടടുത്ത ദിവസം തന്നെ പുലര്‍ച്ചെ രണ്ട് യുവതികള്‍ പ്രവേശിച്ചതോടെ ശബരിമലയില്‍ ചരിത്രസംഭവം നടന്നു. ബിന്ദു അമ്മിണി, കനക ദുര്‍ഗ എന്നിവരാണ് ജനുവരി രണ്ടിന് പുലര്‍ച്ചെ ശബരിമല ദര്‍ശനം നടത്തിയത്. സംഘപരിവാറിന്റെ ഭീഷണിയും വീട്ടുകാരുടെ എതിര്‍പ്പും അതിനു ശേഷം ഇവര്‍ക്ക് നേരിടേണ്ടി വന്നു. മകള്‍ ശബരിമല ദര്‍ശനം നടത്തരുതെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് ബിന്ദുവിന്റെ അമ്മ അമ്മിണി അറിയിച്ചു. അതേസമയം കനകദുര്‍ഗയ്ക്ക് അതിന് ശേഷം തന്റെ മക്കളെ കാണാന്‍ പോലും സാധിച്ചിട്ടില്ല. കോടതി വിധിയുടെ സഹായത്തോടെ സ്വന്തം വീട്ടില്‍ ഇവര്‍ തിരിച്ചെത്തിയെങ്കിലും ഭര്‍ത്താവും മറ്റ് കുടുംബാംഗങ്ങളും മക്കളെയും കൂട്ടി മാറിത്താമസിക്കുകയായിരുന്നു. ബിന്ദു കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും കനക ദുര്‍ഗ മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയുമാണ്. ഇരുവരുടെയും വീടുകള്‍ക്ക് മുന്നില്‍ സംഘപരിവാര്‍ അനുകൂലികള്‍ പ്രതിഷേധം നടത്തുകയും ചെയ്തു.

ഇവര്‍ ശബരിമലയില്‍ പ്രവേശിച്ചതിന്റെ പേരില്‍ ബിജെപി കേരളത്തിലെമ്പാടും അക്രമപരിപാടികള്‍ നടത്തുന്നതിനിടെയാണ് ദലിത് ആക്ടിവിസ്റ്റായ മഞ്ജു എസ് പിയും ശബരിമലയില്‍ പ്രവേശിച്ചത്. ജനുവരി എട്ടിന് രാവിലെയാണ് ഇവര്‍ ശബരിമലയിലെത്തിയത്. ബിന്ദുവിനും കനകദുര്‍ഗയ്ക്കും പതിനെട്ടാം പടി ചവിട്ടാതെ ക്ഷേത്രത്തിന്റെ വടക്കേ നടയിലൂടെ കയറി ദര്‍ശനം നടത്തേണ്ടി വന്നെങ്കില്‍ നെയ്യഭിഷേകം മുതല്‍ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തിയാണ് മഞ്ജു മടങ്ങിയത്. അതേസമയം തല നരപ്പിച്ച് വേഷം മാറിയാണ് ഇവര്‍ ശബരിമലയില്‍ പ്രവേശിച്ചതെന്ന വാദവുമായി ശബരിമല സമരക്കാര്‍ രംഗത്തെത്തി. നേരത്തെ ഒക്ടോബര്‍ 20ന് മഞ്ജു ശബരിമല ദര്‍ശനത്തിന് ശ്രമിച്ചെങ്കിലും പമ്പയില്‍ നിന്ന് തിരിച്ചുപോകേണ്ടി വന്നിരുന്നു.

ചരിത്രമെഴുതി കേരളം; വനിതാ മതിലിന് പിന്നാലെ ശബരിമലയില്‍ ദര്‍ശനം നടത്തി യുവതികള്‍

.“തിരിച്ചു വരും” എന്നു അവര്‍ പറഞ്ഞു; ബിന്ദുവും കനകദുര്‍ഗ്ഗയും വാക്ക് പാലിച്ചു

കെ കെ ശൈലജ

രാഷ്ട്രീയ രംഗത്ത് ഏറ്റവും ശ്രദ്ധേയയായ വനിത ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ്. കേരളത്തിന്റെ ആരോഗ്യ രംഗത്ത് സമഗ്രമായ സംഭാവനയാണ് അവരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കണ്ണട വാങ്ങിയതു പോലുള്ള വിവാദങ്ങള്‍ ഉയര്‍ത്താന്‍ എതിര്‍ പാര്‍ട്ടികള്‍ ശ്രമിച്ചപ്പോഴും തളരാതെ തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു അവര്‍. കേരളത്തില്‍ നിപ വൈറസ് ബാധയുണ്ടായപ്പോഴാണ് ശൈലജ ടീച്ചറിന്റെ മികവ് ഏറ്റവുമധികം കണ്ടത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമര്‍ത്ഥമായി നിയന്ത്രിച്ച അവര്‍ രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാനുള്ള പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടത്തി. മൃതദേഹങ്ങളില്‍ നിന്നും രോഗാണു ബാധയുണ്ടാകാനുള്ള സാധ്യതകളും ആരോഗ്യ വകുപ്പ് സമര്‍ത്ഥമായി തന്നെ അടച്ചു. മാത്രമല്ല, രോഗഭീതി ഒഴിഞ്ഞ ശേഷവും മറ്റേതെങ്കിലും തരത്തിലുള്ള പ്രത്യാഘാതം ആ രോഗാണുക്കള്‍ ഉണ്ടാക്കുന്നുണ്ടോയെന്ന് ആരോഗ്യ വകുപ്പ് ശ്രദ്ധിച്ചതിന്റെയും അത്തരം പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്നതിന്റെയും ക്രെഡിറ്റ് ശൈലജ ടീച്ചറുടെ നേതൃത്വത്തിനാണ്. കേരളത്തില്‍ മഹാപ്രളയം വന്നപ്പോള്‍ അതിന്റെ പ്രത്യാഘാതമായി ഗുരുതര രോഗങ്ങളും പടരുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ അത്തരമൊരു സാഹചര്യം ഒഴിവാക്കാനും ആരോഗ്യവകുപ്പിന് സാധിച്ചു. കേരളത്തിലെ ഗ്രാമങ്ങളിലെ ഹെല്‍ത്ത് സെന്ററുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഷൈലജ ടീച്ചര്‍ ശ്രദ്ധപതിപ്പിച്ചിരുന്നു. അത്യാധുനിക സൗകര്യങ്ങളാണ് ഇപ്പോള്‍ നമ്മുടെ ഗ്രാമീണ ഹെല്‍ത്ത് സെന്ററുകളിലുള്ളത്. അതും ശൈലജ ടീച്ചറിന്റെ നേട്ടം.നിപയില്‍ സ്വയം എരിഞ്ഞു തീര്‍ന്ന സിസ്റ്റര്‍ ലിനി

നിപ ബാധയെക്കുറിച്ച് പറയുമ്പോള്‍ സിസ്റ്റര്‍ ലിനിയെയാണ് കേരളം ഇന്ന് ആദ്യം ഓര്‍ക്കുക. നിപ ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ആയിരുന്ന ലിനിക്ക് രോഗബാധയുണ്ടാകുന്നതും കഴിഞ്ഞ മെയ് മാസത്തില്‍ മരിക്കുന്നതും. സ്വജീവന്‍ ത്യജിച്ച് രോഗികളെ പരിചരിച്ച് മാലാഖയെന്ന പേര് അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് ലിനി. പനിയുമായി എത്തിയ രോഗിയെ പരിചരിക്കുമ്പോള്‍ അത് തന്റെയും ജീവന്‍ അപഹരിക്കുമെന്ന് ലിനി ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. രോഗി മരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലിനിയും മരിച്ചു. മാരകമായ നിപ വൈറസാണെന്ന് തിരിച്ചറിയുന്നതിന് മുമ്പ് പേരാമ്പ്ര ആശുപത്രിയില്‍ സാബിത് എന്ന രോഗിയെ ചികിത്സിച്ചതിലൂടെയാണ് ലിനിയ്ക്കും രോഗം ബാധിച്ചത്. രണ്ട് കുഞ്ഞുമക്കളെയും ഭര്‍ത്താവ് സജീഷിനെയും ഒറ്റക്കാക്കിയാണ് ലിനി ഈ ലോകത്തോട് വിട പറഞ്ഞത്. മികച്ച നഴ്‌സുമാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സിസ്റ്റര്‍ ലിനി പുതുശേരി അവാര്‍ഡ് എന്ന പേരിലായിരിക്കും ഇനി മുതല്‍ നല്‍കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലിനി ഒരു ലോകനായിക

. ലിനി മാലാഖയല്ല; സ്വന്തം തൊഴില്‍ അഭിമാനകരമായി ചെയ്തു തീര്‍ത്ത പോരാളിയാണ്

കോമണ്‍വെല്‍ത്ത് ലേണിങ്ങിന്റെ ഗുഡ്‌വില്‍ അംബാസഡര്‍ ആയി മാറിയ കാര്‍ത്യായനിയമ്മ

കഴിഞ്ഞ വര്‍ഷം ലോകത്തെ തന്നെ അമ്പരപ്പിച്ച മലയാളി വനിതയാണ് കാര്‍ത്യായനി അമ്മ. 96-ാം വയസ്സില്‍ സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്യായനി അമ്മയെ 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിങിന്റെ ഗുഡ്‌വില്‍ അംബാസഡര്‍ ആയി പ്രഖ്യാപിക്കുകയായിരുന്നു. 98 ശതമാനം മാര്‍ക്കോടെയാണ് നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് മുന്നോടിയായുള്ള അക്ഷരലക്ഷം പരീക്ഷയില്‍ കാര്‍ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയതില്‍ ഏറ്റവും പ്രായമുള്ള ആള്‍ കാര്‍ത്യായനി അമ്മയായിരുന്നു. കോമണ്‍വെല്‍ത്ത് ലേണിങ് വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യം കാര്‍ത്യായനി അമ്മയെ വന്നു കണ്ട ശേഷമാണ് ഇവരെ ബ്രാന്‍ഡ് അംബസഡറായി പ്രഖ്യാപിച്ചത്. വിവിധ രാജ്യങ്ങളില്‍ പ്രായത്തെ തോല്‍പ്പിച്ചവരുടെ റാങ്ക് നേട്ടം കോമണ്‍വെല്‍ത്ത് ജേണലുകളില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇതില്‍ കാര്‍ത്ത്യായിനി അമ്മയുടെ പേരും ഉള്‍പ്പെടുത്തും. രണ്ട് വര്‍ഷം മുമ്പ് ഇളയമകള്‍ അമ്മിണിയമ്മ പത്താംക്ലാസ് തുല്യതാ പരീക്ഷ ജയിച്ചപ്പോഴാണ് കാര്‍ത്യായനി അമ്മയ്ക്ക് അക്ഷരം പഠിക്കാനുള്ള ആഗ്രഹമുണ്ടായത്. അക്ഷരലക്ഷം പരീക്ഷയില്‍ ജയിച്ചതിന് പിന്നാലെ കംപ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം ഉന്നയിച്ച കാര്‍ത്യായനിയമ്മയ്ക്ക് വിദ്യാഭ്യാസവകുപ്പ് ലാപ്‌ടോപ്പ് സമ്മാനിച്ചിരുന്നു. പരീക്ഷയെഴുതുന്ന കാര്‍ത്യായനിയമ്മയുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങളില്‍ അച്ചടിച്ചു വരികയും അത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

. 96ാം വയസില്‍ റാങ്ക് നേടിയ കാര്‍ത്യായനിയമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിംഗ് ഗുഡ് വില്‍ അംബാസഡര്‍

യൂണിഫോമിട്ട് മീന്‍ വില്‍പ്പന നടത്തിയ ഹനാന്‍കേരളത്തിലെ അധ്വാനിക്കുന്ന യുവതലമുറയുടെ പ്രതീകമായാണ് ഹനാന്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. തൊടുപുഴ അല്‍അസര്‍ കോളേജിലെ മൂന്നാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ ഹനാന്‍. മാതൃഭൂമി പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ നിന്നാണ് ഹനാന്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കൊച്ചിയിലെ പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ കോളേജ് യൂണിഫോം ധരിച്ച് മീന്‍വില്‍ക്കുന്ന ചിത്രം സഹിതമുള്ള വാര്‍ത്തയായിരുന്നു അത്. തങ്ങളെ വിട്ടെറിഞ്ഞു പോയ മദ്യപാനിയായ വാപ്പച്ചിക്ക് പകരം കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കുകയാണ് ഹനാന്‍ ചെയ്തത്. പ്ലസ്ടു വരെ മുത്തുമാലകള്‍ കോര്‍ത്തും ചെറിയ ക്ലാസിലെ കുട്ടികള്‍ക്ക് ട്യൂഷനെടുത്തും ജീവിച്ച ഹനാന്‍ തുടര്‍ പഠനത്തിനായാണ് കുടുംബവുമായി തൃശൂരില്‍ നിന്നും കൊച്ചിയിലെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്ക് എഴുന്നേല്‍ക്കുന്ന ഈ മിടുക്കി ഒരു മണിക്കൂര്‍ നേരത്തെ പഠനത്തിന് ശേഷം സൈക്കിള്‍ ചവിട്ടി ചെമ്പക്കര മീന്‍ മാര്‍ക്കറ്റിലെത്തും. അവിടെ നിന്നും മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക്. 7.30ന് കുളിച്ചൊരുങ്ങി 60 കിലോമീറ്റര്‍ അകലെയുള്ള കോളേജിലേക്ക്. 9.30 മുതല്‍ മൂന്നര വരെ കോളേജില്‍. വീണ്ടും ചെമ്പക്കരയിലും തമ്മനത്തും വന്ന് മീന്‍ കച്ചവടം. ആദ്യം എറണാകുളത്തെ ഒരു കോള്‍ സെന്ററിലും പിന്നീട് ഒരു കമ്പനിയിലെ ഡാറ്റ എന്‍ട്രി സ്റ്റാഫായും ജോലിയ്ക്ക് കയറിയിരുന്നു. കോള്‍ സെന്ററില്‍ വച്ച് തുടര്‍ച്ചയായ ഉറക്കമില്ലായ്മയും ശബ്ദകോലാഹലങ്ങളുടെ ഇടയിലുള്ള ജീവിതവും ഹനാന്റെ കേള്‍വി ശക്തിയെ ബാധിച്ചു. കോളേജ് കാന്റീനില്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കി കൊടുത്തും ജീവിക്കാനുള്ള വക തേടി. കേള്‍വിത്തകരാറിനെയും ജീവിത സാഹചര്യങ്ങളെയും കുറിച്ചറിഞ്ഞ അധ്യാപകരാണ് കോളേജ് മാനേജ്‌മെന്റിന് കീഴിലുള്ള ഹോസ്പിറ്റല്‍ വഴി സൗജന്യ ചികിത്സയ്ക്ക് വഴിയൊരുക്കിയത്. ആലുവ മണപ്പുറത്ത് ഉത്സവ സീസണില്‍ ബജി കച്ചവടം നടത്തുമ്പോള്‍ പരിചയപ്പെട്ട രണ്ട് പേരാണ് മീന്‍ കച്ചവടത്തിലെത്തിച്ചത്. പതിനായിരം രൂപ സ്വരുക്കൂട്ടിയാണ് അതിനിറങ്ങിയത്. എന്നാല്‍ പങ്കാളികളിലൊരാള്‍ മോശമായി പെരുമാറിയതോടെ അത് മതിയാക്കി ഒറ്റയ്ക്ക് ആരംഭിക്കുകയായിരുന്നു. ആദ്യ ദിവസങ്ങളില്‍ ഹനാനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തെങ്കിലും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ആരോപിച്ച് ഈ കുട്ടിക്ക് നേരെ കല്ലെറിഞ്ഞവരെയും പിന്നീടുള്ള ദിവസങ്ങളില്‍ കണ്ടിരുന്നു. ഹനാന്റെ വാര്‍ത്ത പ്രചരിച്ചപ്പോള്‍ സംവിധായകന്‍ അരുണ്‍ ഗോപി തന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ വേഷം വാഗ്ദാനം ചെയ്തതാണ് ചിലരെ പ്രകോപിപ്പിച്ചത്. വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും വാഹനാപകടത്തിന്റെ രൂപത്തിലും ഹനാന്‍ പരീക്ഷിക്കപ്പെട്ടു. ഏറെ നാളായി ചികിത്സയിലായിരുന്ന ഹനാന്‍ കഴിഞ്ഞ ദിവസം കലാഭവന്‍ മണിയെക്കുറിച്ചുള്ള അനുഭവം പങ്കുവച്ച വീഡിയോയിലൂടെയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

ടിപ്പിക്കൽ മല്ലു കുത്തിക്കഴപ്പ് തീര്‍ക്കേണ്ടത് അധ്വാനിച്ചു ജീവിക്കുന്ന ഒരു പെണ്‍കുട്ടിയോടല്ല

അര്‍ച്ചന പത്മിനി: സിനിമയില്‍ നിന്നുയരുന്ന സ്ത്രീ ശബ്ദം

പുരുഷ കേന്ദ്രിതമായ സിനിമയില്‍ സ്ത്രീകളുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്ന കാലഘട്ടമാണ് ഇത്. 2018ന്റെ തുടക്കത്തില്‍ നടി പാര്‍വതി തെരുവോത്ത് ആയിരുന്നു താരമെങ്കില്‍ പിന്നീട് മറ്റ് പല സ്ത്രീ ശബ്ദങ്ങളും ഉയര്‍ന്നു കേട്ടു. കൊച്ചിയില്‍ വച്ച് നടി ആക്രമിക്കപ്പെട്ടതോടെയായിരുന്നു ഇത്. മഞ്ജു വാര്യര്‍, രമ്യാ നമ്പീശന്‍, പാര്‍വതി, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ നടിക്കൊപ്പം നില്‍ക്കുകയും ഡബ്ല്യൂസിസി എന്ന സംഘടന പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവതികളുടെ കൂട്ടായ്മയായിരുന്നു ഇത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അവഗണനയ്ക്കും മൂന്ന് നടിമാരെ പുറത്താക്കിയതിലും പ്രതിഷേധിച്ച് താരസംഘടനയായ എഎംഎംഎക്കെതിരെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രൂക്ഷമായ ഭാഷയില്‍ തന്നെ പ്രതികരിച്ച അര്‍ച്ചന പത്മിനിയുടെ നിലപാട് ശ്രദ്ധ നേടി. മമ്മൂട്ടി ചിത്രമായ 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയുടെ സഹായി ഷെറിന്‍ സ്റ്റാന്‍ലിയില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവമാണ് അര്‍ച്ചന വിവരിച്ചത്. ഇതേക്കുറിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് നേരിട്ട് പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് അര്‍ച്ചന വിവരിച്ചു. തനിക്കിപ്പോള്‍ സിനിമയില്‍ അവസരമില്ല. എന്നാല്‍ ആരോപണ വിധേയന്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്. ഒരു പ്രമുഖ നടിക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ തന്നെ പോലെ ഒരു ചെറിയ ആര്‍ട്ടിസ്റ്റിന്റെ അനുഭവം എന്തായിരിക്കുമെന്നാണ് അര്‍ച്ചന ചോദിച്ചത്. പോലീസില്‍ പരാതി നല്‍കാത്തത് തനിക്ക് ജീവിതത്തില്‍ പലതും ചെയ്ത് തീര്‍ക്കാനുള്ളതുകൊണ്ടാണ്. കേസിന്റെ പിറകെ നടന്ന് സമയം കളയാനില്ലാത്തതുകൊണ്ടാണ്. ഈ 'ഊള'കള്‍ക്ക് പിറകെ നടക്കാന്‍ താല്‍പര്യമില്ലെന്നും അര്‍ച്ചന പറഞ്ഞു.

. ‘ഈ ഊളകളുടെ പിറകെ നടക്കാന്‍ സമയമില്ല’; മമ്മൂട്ടി ചിത്രത്തിനിടയിലുണ്ടായ ലൈംഗികാതിക്രമത്തില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല; അര്‍ച്ചന പദ്മിനി

.

ഡോ. ഗീതാ ഗോപിനാഥ്

മലയാളിയും പ്രശസ്ത സാമ്പത്തിക വിദഗ്ധയുമായ ഡോ. ഗീതാ ഗോപിനാഥ് ആണ് കഴിഞ്ഞവര്‍ഷം ശ്രദ്ധനേടിയ മറ്റൊരു വനിത. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി അവര്‍ നിയമിതയായതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഒരു പ്രധാനവാര്‍ത്ത. ഒക്ടോബര്‍ രണ്ടിനാണ് ഈ വാര്‍ത്ത പുറത്തുവന്നത്. ഹാവാര്‍ഡ് സര്‍വകലാശാലയില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്‍ഡ് ഇക്കണോമിക്‌സ് വിഭാഗം പ്രൊഫസറായ ഗീത ഇന്ത്യയില്‍ നിന്നും ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ്. റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണര്‍ രഘുറാം രാജനാണ് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റായ ആദ്യ ഇന്ത്യക്കാരന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവാണ് ഗീതാ ഗോപിനാഥ്. മികച്ച വിദ്യാഭ്യാസ യോഗ്യതകളും ബൗദ്ധിക മികവും നേതൃഗുണവും വിപുലമായ രാജ്യാന്തര പരിചയവുമാണ് ഗീതയെ ഈ പദവിയിലെത്തിച്ചതെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റിന്‍ ലഗാര്‍ദെ അഭിപ്രായപ്പെട്ടിരുന്നു. അടുത്തിടെ ഇവര്‍ക്ക് അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് അംഗത്വം ലഭിച്ചിരുന്നു. പൊതുവിൽ പ്രായവും അനുഭവസമ്പത്തുമേറിയ പ്രമുഖര്‍ക്ക് ലഭിക്കുന്ന ഈ നേട്ടം ഗീതാ ഗോപിനാഥ് കരസ്ഥമാക്കിയത് 46-ാം വയസ്സിലാണ്. കണ്ണൂര്‍ സ്വദേശിയും കാര്‍ഷിക സംരഭകനുമായ ടി വി ഗോപിനാഥിന്റെയും അധ്യാപികയായ വിജയലക്ഷ്മിയുടെയും മകളാണ് ഗീത. മൈസൂരുവില്‍ പഠിച്ചു വളര്‍ന്ന ഇവര്‍ ഡല്‍ഹി ലേഡി ശ്രീറാം കോളേജില്‍ നിന്നും ഇക്കണോമിക്‌സില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും എംഎയും പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റും നേടി. പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയിലെ ഗവേഷണത്തിന് വുഡ്രോ വില്‍സന്‍ ഫെലോഷിപ്പ് ലഭിച്ചു. യുവ ലോകനേതാക്കളില്‍ ഒരാളായി വേള്‍ഡ് ഇക്കണോമിക് ഫോറം ഇവരെ തെരഞ്ഞെടുത്തിട്ടുണ്ട്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പോവര്‍ട്ടി ആക്ഷന്‍ ലാബ് ഡയറക്ടറുമായ ഇക്ബാല്‍ ധലിവാള്‍ ആണ് ഗീതയുടെ ഭര്‍ത്താവ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി രോഹില്‍ മകനും.

. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ്

ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന ചാവക്കാട്ടുകാരി രേഖ

കുടുംബശ്രീകളും തൊഴിലുറപ്പ് പദ്ധതികളുമെല്ലാം ഗ്രാമീണ സാമൂഹിക മുന്നേറ്റത്തിന് നല്‍കിയ സംഭാവന ചെറുതല്ല. എന്നാല്‍ ചാവക്കാട്ടുകാരി രേഖ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാകുന്നത് സ്വയം തെരഞ്ഞെടുത്ത തൊഴില്‍ മേഖലയിലൂടെയാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള ലൈസന്‍സ് സ്വന്തമാക്കിയ ആദ്യ വനിതയാണ് രേഖ. പുരുഷന്റെ മാത്രം വിഹാരകേന്ദ്രമായിരുന്ന, നിഗൂഢവും, വന്യവുമായ പുറം കടലിലേക്ക് രേഖ മല്‍സ്യബന്ധനത്തിന് പോവുന്ന ചിത്രങ്ങള്‍ അതിമനോഹരമായ ഒരു സ്ത്രീ മുന്നേറ്റത്തിന്റെ കൂടി ചിത്രമാണ്. രേഖ ഈ തൊഴില്‍ ചെയ്തു തുടങ്ങിയത് പത്തുവര്‍ഷം മുമ്പാണ്. തൃശൂര്‍ സ്വദേശിയായ രേഖയ്ക്ക് കടലുമായി യാതൊരു ബന്ധവും വിവാഹം വരെ ഉണ്ടായിരുന്നില്ല. പിന്നീട് ജീവിതസാഹചര്യങ്ങളുടെ ഞെരുക്കത്തില്‍ സ്വയം പ്രതിരോധിക്കാനുള്ള മാര്‍ഗമെന്ന നിലക്കാണ് രേഖ മത്സ്യ ബന്ധനത്തിനായി ആഴക്കടലിലേക്ക് പോയിത്തുടങ്ങുന്നത്. രണ്ടു വര്‍ഷം മുമ്പാണ് ലൈസന്‍സിനു വേണ്ടി രേഖ അപേക്ഷ നല്‍കുന്നത്. അന്നേവരെ പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചിട്ടുള്ള ഈ ലൈസന്‍സിന് അപേക്ഷിക്കുന്ന ആദ്യ സ്ത്രീ ആയിരുന്നു രേഖ. പക്ഷെ, അനുബന്ധ മത്സ്യത്തൊഴിലാളി ലൈസന്‍സ് മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് പറഞ്ഞു അന്ന് അധികാരികള്‍ മടക്കിയയയ്ക്കുകയാണുണ്ടായത്. പിന്നീട് രേഖയുടെ അദ്ധ്വാനത്തിന്റെ വിലയറിഞ്ഞ ചിലര്‍ വഴി കേന്ദ്രമന്ത്രിയുടെ അനുമോദനം രേഖക്ക് ലഭിക്കുകയും, ശേഷം മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇടപെട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളി ലൈസന്‍സ് ലഭ്യമാക്കുകയും ആയിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് രേഖ ലൈസന്‍സ് സ്വന്തമാക്കുന്നത്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും രേഖയെ ഈ വേറിട്ട പ്രവര്‍ത്തനത്തിന് അനുമോദിക്കുകയുണ്ടായി. ശാരീരികക്ഷമത ധാരാളം വേണ്ടതും, ജോലിക്ക് നിശ്ചിത സമയപരിധിയില്ലാത്തതുമായ പല തൊഴിലിടങ്ങളിലും ഇന്നും സ്ത്രീ സാന്നിധ്യം വ്യാപകമായിട്ടില്ല. ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്‌മെന്റ്, യുദ്ധ മുഖങ്ങള്‍, യുദ്ധവിമാന പൈലറ്റ്, ആരാച്ചാര്‍, അറവു ശാലകള്‍, സെക്യൂരിറ്റി, ഫോറസ്‌ററ് ഡിപ്പാര്‍ട്‌മെന്റ്, ആംബുലന്‍സ്, ഹെവി ലൈസെന്‍സ് വേണ്ടുന്ന ഡ്രൈവര്‍ ജോലികള്‍ എന്നിങ്ങനെ സ്ത്രീ സാന്നിധ്യം വ്യപകമല്ലാത്ത ധാരാളം തൊഴിലിടങ്ങളുണ്ട്. വിവാഹം, കുടുംബം, കുഞ്ഞുങ്ങള്‍ എന്നിവയോടൊക്കെ ബന്ധപ്പെടുത്തി സ്ത്രീകളുടെ തൊഴില്‍ തിരഞ്ഞെടുപ്പ് പരിമിതപ്പെടുത്തിയിരിക്കുന്നു. ഇവിടെയാണ് രേഖ ചെയ്യുന്ന ജോലിയുടെ പ്രസക്തി. മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ കടലില്‍ വരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതിനെ കുറിച്ചും അവരുടെ ഭയത്തെക്കുറിച്ചുമൊക്കെ വ്യക്തമായ കാഴ്ചപ്പാടുകള്‍ രേഖയ്ക്കുണ്ട്.

ആഴക്കടലില്‍ വലയെറിയുന്ന പെണ്ണിന്റെ ജീവിതം

തൊഴില്‍ ചെയ്യുമ്പോള്‍ ആക്രമിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ശബരിമല വിഷയത്തിലാണ് തങ്ങളുടെ തൊഴില്‍ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഒക്ടോബര്‍ 16ന് ശബരിമലയിലെത്തിയ ആറ് വനിതാ റിപ്പോര്‍ട്ടര്‍മാരാണ് സംഘപരിവാര്‍ അക്രമകാരികളുടെ അതിക്രമങ്ങള്‍ക്ക് ഇരയായത്. എന്‍.ഡി.ടി.വി റിപ്പോര്‍ട്ടര്‍ സ്‌നേഹ കോശി, ഇന്ത്യ ടുഡേയുടെ മൗസ്മി സിങ്, ന്യൂസ് 18 ന്റെ രാധിക രാമസ്വാമി, റിപബ്ലിക് ടിവിയുടെ പൂജ പ്രസന്ന, ദ ന്യൂയോര്‍ക് ടൈംസിന്റെ സുഹാസിനി രാജ് എന്നിവരാണ് തങ്ങളുടെ ജോലി നിര്‍വ്വഹിക്കുന്നതിനിടെ ആക്രമിക്കപ്പെട്ടത്. ശബരിമലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായ ദി ന്യൂസ്‌മിനിറ്റ് കേരള റിപ്പോര്‍ട്ടര്‍ സരിത എസ് ബാലനെ അന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ സരിതയും സ്‌നേഹ കോശിയും മലയാളികളാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം ചിത്രീകരിച്ചുകൊണ്ടിരുന്ന കൈരളി ചാനലിന്റെ ക്യാമറാപേഴ്സണ്‍ ഷാജില അടക്കമുള്ള മാധ്യപ്രവര്‍ത്തകരെ സംഘപരിവാര്‍ അക്രമികള്‍ മര്‍ദ്ദിക്കുകയും ആക്രമിക്കുകയും ചെയ്തിരുന്നു. യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഷാജിലയെ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. കേടുപാട് സംഭവിച്ച ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനാകാതെ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ഷാജിലയുടെ ചിത്രമായിരുന്നു പിറ്റേന്ന് പത്രങ്ങളിലെ ശ്രദ്ധാകേന്ദ്രം.

നീതിക്ക് വേണ്ടിയുള്ള കന്യാസ്ത്രീകളുടെ പോരാട്ടംജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഉയര്‍ത്തിയ ലൈംഗിക ചൂഷണ പരാതിയും അതിനെ തുടര്‍ന്ന് നീതി തേടി കന്യാസ്ത്രിമാര്‍ നടത്തിയ സമരവും ഇപ്പോഴും ഏറെ മാധ്യമ ശ്രദ്ധയും ജനശ്രദ്ധയും പിടിച്ചുപറ്റുന്നുണ്ട്. സഭയുടെ ശക്തമായ പിന്തുണയുമായി, ചെയ്ത തെറ്റ് സമ്മതിക്കാനോ നിയമനടപടികള്‍ക്ക് വിധേയനാകാനോ കൂട്ടാക്കാതെ നിന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ പരാതിയും, മറ്റു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ നല്‍കിയ തെളിവുകളും കിട്ടിയിട്ടും നിയമനടപടി സ്വീകരിക്കാന്‍ പോലീസ് അലംഭാവം കാട്ടിയപ്പോഴാണ് കേരളത്തിലെ ക്രിസ്ത്യന്‍ സഭകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി 'മിഷണറീസ് ഓഫ് ജീസസി'ലെ അഞ്ചു കന്യാസ്ത്രീകള്‍ സഭാവസ്ത്രമണിഞ്ഞ് തെരുവില്‍ അനിശ്ചിതകാല സമരത്തിനിറങ്ങിയത്. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രികളായ സിസ്റ്റര്‍ അനുപമ, ജോസഫിന്‍, ആല്‍ഫി, നീന റോസ്, അന്‍സിറ്റ എന്നിവരാണ് സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍. ഇവര്‍ക്ക് പിന്തുണയുമായി സിസ്റ്റര്‍ ലൂസി കളപുരയ്ക്കലും രംഗത്തെത്തി. ഇതില്‍ എല്ലാ സിസ്റ്റര്‍മാര്‍ക്കുമെതിരെ സന്യാസിനി സമൂഹവും സഭയും സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. കന്യാസ്ത്രി വസ്ത്രം അഴിച്ചുവെച്ച് പൗരോഹിത്യത്തിലെ പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്യാനും സിസ്റ്റര്‍ ലൂസി തയ്യാറായി. കന്യാസ്ത്രീ വേഷത്തിന് പകരം ചുരിദാര്‍ ധരിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് സിസ്റ്റര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിക്കുന്നതും കാര്‍ വാങ്ങിയതുമെല്ലാം സിസ്റ്റര്‍ ലൂസിയെ ഒറ്റപ്പെടുത്താന്‍ കന്യാസ്ത്രീ സമൂഹത്തിനും സഭയ്ക്കും കാരണമാകുകയും ചെയ്തു.

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുക, കന്യാസ്ത്രീക്ക് നീതി നല്‍കുക എന്നിവയായിരുന്നു കന്യാസ്ത്രീ സമരത്തിന്റെ ആവശ്യം. കേരളത്തിന്റെ പൊതുമണ്ഡലത്തിലെ വിവിധ മേഖലകളില്‍പ്പെട്ടവര്‍ പിന്തുണയുമായി എത്തിയതോടെ കന്യാസ്ത്രീകളുടെ സമരം അന്താരാഷ്ട്ര തലത്തില്‍ വരെ ചര്‍ച്ചയായി. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ ആരംഭിച്ച സമരം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഇല്ലാതെയും, അതേസമയം സഭയ്ക്കുള്ളില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടും സര്‍ക്കാരിന്റെ പരിഗണന ലഭിക്കാതെയുമാണ് മുന്നേറിയത്. 'ഞങ്ങള്‍ക്ക് നീതി വേണം' എന്ന നിശ്ശബ്ദമായി ആക്രോശിച്ചുകൊണ്ടാണ് അവര്‍ തെരുവിലിറങ്ങിയത്. അത് ചരിത്രമായിരുന്നു. രാജ്യത്തിന്റെ തന്നെ ചരിത്രത്തിലാദ്യമായി കന്യാസ്ത്രീകള്‍ സഭാനേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ സമരത്തിനിറങ്ങിയപ്പോള്‍ 'നീതിയില്ലെങ്കില്‍ നീ തീയാവുക' എന്ന മുദ്രാവാക്യവുമായി പൊതുസമൂഹം അവരോടൊപ്പം നിന്നു. ഒടുവില്‍ തീയൊടുങ്ങാത്ത സമരം ബിഷപ്പിനെ, ബിഷപ്പിന്റെ ആണ്‍ഹുങ്കിനെ കീഴ്പ്പെടുത്തുന്നതില്‍ എത്തുകയും ചെയ്തു.

അഗസ്ത്യാര്‍കൂടം കയറിയ സ്ത്രീകള്‍ശബരിമലയ്ക്ക് പിന്നാലെ അഗസ്ത്യാര്‍കൂടം കയറാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയുള്ള ഹൈക്കോടതി ഉത്തരവും വിവാദമായി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്ത്രീ സംഘടനകള്‍ നടത്തുന്ന നിയമ പോരാട്ടമാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവിന് കാരണമായത്. സ്ത്രീകളുടെ ആവശ്യത്തെ തുടര്‍ന്ന് അഗസ്ത്യാര്‍കൂടത്തിന്റെ ബേസ് ക്യാമ്പായ അതിരുമല വരെ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കി കഴിഞ്ഞ വര്‍ഷം വനംവകുപ്പ് ഉത്തരവിറക്കി. അഗസ്ത്യാര്‍കൂട മലയുടെ ഏറ്റവും മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരെ ആദിവാസികളും ചില സംഘടനകളും ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഇത്. ആചാരലംഘനമാണെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ മലയുടെ ഏറ്റവും മുകളില്‍ പോകണമെന്ന ആവശ്യത്തില്‍ ഒരു കൂട്ടം യുവതികള്‍ ഉറച്ചു നിന്നതോടെ ഹൈക്കോടതി ഈ വര്‍ഷം മുതല്‍ സ്ത്രീകള്‍ക്കും അഗസ്ത്യാര്‍കൂടം കയറാന്‍ അനുമതിയുണ്ടെന്ന് പ്രഖ്യാപിച്ചു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ജനുവരി 14ന് അഗസ്ത്യാര്‍കൂട യാത്ര ആരംഭിച്ച ദിവസം തന്നെ ഡിഫന്‍സ് പിആര്‍ഒ ആയ ധന്യ സനല്‍ അഗസ്ത്യാര്‍കൂടം കയറുകയും ചെയ്തു. തുടര്‍ന്നും വലിയ തോതിലുള്ള പ്രതിഷേധങ്ങളുണ്ടായി. ആദിവാസി വിഭാഗമായ 'കാണി'കളായിരുന്നു പ്രതിഷേധത്തിന് മുന്നില്‍ നിന്നത്. അതേസമയം കോടതി ഉത്തരവിന്റെ ബലത്തില്‍ അഗസ്ത്യാര്‍കൂടം കയറിയ ആദ്യ വനിത മാത്രമാണ് ധന്യ. പ്രദേശവാസികളും ഇത് ശരിവയ്ക്കുന്നുണ്ട്. ധന്യ ഇവിടെ എത്തിയതിന് മുമ്പും നിരവധി സ്ത്രീകള്‍ അഗസ്ത്യാര്‍കൂട മലചവിട്ടിയിട്ടുണ്ട്.

. ‘അഗസ്ത്യകൂടം… അഗസ്ത്യകൂടം… അഗസ്ത്യകൂടം കോളിങ്, അതിരുമല.. അതിരുമല.. അതിരുമല.. അവര്‍ ടോപ്പിലെത്തി!’: ധന്യ സനല്‍ സംസാരിക്കുന്നു /ചിത്രങ്ങള്‍

ജനകീയ മുഖമായി കളക്ടര്‍ അനുപമ


'നിറപറ'യെ വിറപ്പിച്ചാണ് ടി വി അനുപമ എന്ന ഐഎഎസ് ഉദ്യോഗസ്ഥ കേരളത്തില്‍ ആദ്യമായി വാര്‍ത്തയായത്. പിന്നീട് ആലപ്പുഴ ജില്ലാ കളക്ടറായിരുന്നപ്പോള്‍ മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത കായല്‍ കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാടെടുത്തും അവര്‍ കയ്യടി നേടി. പ്രളയകാലത്താണ് അനുപമയിലെ മറ്റൊരു ഭരണകര്‍ത്താവിന്റെ മികവ് കണ്ടത്. തൃശൂര്‍ കളക്ടറായി ചുമതലയേല്‍ക്കുന്ന കാലത്താണ് കേരളത്തില്‍ പ്രളയമുണ്ടായത്. പ്രളയകാലത്ത് സ്തുത്യര്‍ഹമായ സേവനം കൊണ്ട് അവര്‍ വീണ്ടും ശ്രദ്ധേയയാകുകയും ചെയ്തു. പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമീപം രൂപം കൊണ്ട ഗതാഗതക്കുരുക്ക് നേരിട്ട് കണ്ടപ�

Next Story

Related Stories