TopTop
Begin typing your search above and press return to search.

ഹനാന്‍ സംസാരിക്കുന്നു: കള്ളിയല്ല, ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നൊരു പെണ്‍കുട്ടി മാത്രമാണ് ഞാന്‍

ഹനാന്‍ സംസാരിക്കുന്നു: കള്ളിയല്ല, ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നൊരു പെണ്‍കുട്ടി മാത്രമാണ് ഞാന്‍
എറണാകുളം തമ്മനം ജംഗ്ഷനില്‍ വൈകുന്നേരം കോളേജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം വാര്‍ത്തകളില്‍ നിറഞ്ഞതിനു പിന്നാലെ ആ പെണ്‍കുട്ടിയെ പിന്തുണച്ചും സഹായങ്ങള്‍ വാഗ്ദാനം ചെയ്തും നിരവധി പേര്‍ രംഗത്തു വന്നു. അതോടൊപ്പം തന്നെയാണ് ഹനാന്‍ പറയുന്നത് വ്യാജമാണെന്നും സിനിമ പ്രമോഷനു വേണ്ടി നടത്തിയ നാടകമായിരുന്നു കോളേജ് യൂണിഫോമിലെ മീന്‍ വില്‍പ്പനയുമെന്നൊക്കെ പറഞ്ഞ് മറ്റൊരു വിഭാഗം സോഷ്യല്‍ മീഡയിയില്‍ ഹനാനെതിരെ വ്യാപക പ്രചരണവും തുടങ്ങി. എന്നാല്‍ തനിക്കെതിരേ നടക്കുന്ന ഇത്തരം പ്രചരണങ്ങളും തന്നെയൊരു കള്ളിയാക്കി മാറ്റുന്ന ആരോപണങ്ങളും എന്തിനു വേണ്ടിയാണെന്നാണ് ഹനാന്‍ ചോദിക്കുന്നത്. ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ഒരു പാവം പെണ്‍കുട്ടി മാത്രമാണ് താനെന്നും തന്നെ ഇത്തരത്തില്‍ ക്രൂശിക്കരുതെന്നും അപേക്ഷിക്കുകയാണ് ഹനാന്‍. അഴിമുഖത്തോട് ഹനാന്‍ പങ്കുവച്ച കാര്യങ്ങള്‍...

ഇത്രയും നാള്‍ ഞാനീ ലോകത്ത് തന്നെയുണ്ടായിരുന്നു, എന്റെ ദുരിതങ്ങളും കഷ്ടപ്പാടുകളുമായി. രണ്ടു ദിവസം മാത്രമെ ആയിട്ടുള്ളൂ മാധ്യമങ്ങളില്‍ ഞാന്‍ വാര്‍ത്തയായിട്ടും, കുറെപ്പേരെങ്കിലും എന്നെ തിരിച്ചറിഞ്ഞിട്ടും. അതിനു മുമ്പുള്ള കാലങ്ങളിലൊന്നും ആരും എന്നെ അറിഞ്ഞിരുന്നില്ല, എന്റെ വേദനകളും. പക്ഷേ, ഇപ്പോള്‍ ഞാന്‍ കള്ളം പറയുകയാണെന്നു പരിഹസിച്ചും വിമര്‍ശിച്ചും ആളുകള്‍ വരികയാണ്. ഞാനെന്താണ് ഇവരോടൊക്കെ മറുപടി പറയേണ്ടതെന്ന് അറിയില്ല.


സിനിമ പ്രമോഷനു വേണ്ടി മീന്‍ കച്ചവടം നടത്തിയെന്നാണല്ലോ എന്നെ കുറിച്ചുള്ള ആക്ഷേപം. ജീവിക്കാനും പഠിക്കാനു വേണ്ടി പല ജോലികളും ചെയ്തു വരുന്നൊരാളാണ് ഞാന്‍. എനിക്ക് എന്റേതായ ലക്ഷ്യമുണ്ട്. എനിക്കൊരു ഡോക്ടര്‍ ആകണമെന്നാണ് ആഗ്രഹം. എന്റെ ജീവിത പശ്ചാത്തലത്തില്‍ അത് വലിയൊരു ആഗ്രഹം തന്നെയാണെന്നറിയാം. പക്ഷേ, എനിക്കത് നേടണം. അതിനുവേണ്ടിയാണ് ഈ കഷ്ടപ്പാടുകളൊക്കെ, അല്ലാതെ ആരെയും പറ്റിക്കാനോ എനിക്ക് വേറെ എന്തെങ്കിലുമൊക്കെ നേടാനോ അല്ല. തമ്മനത്ത് മീന്‍ കച്ചവടം നടത്താന്‍ തുടങ്ങിയിട്ട് മൂന്നു ദിവസം ആയിട്ടുള്ളൂ. പക്ഷേ, രണ്ടു മൂന്നു മാസം ഞാന്‍ കളമശേരിയിലും മീന്‍ കച്ചവടം നടത്തിയിരുന്നു. അതിന്റെ തെളിവുകളൊക്കെ എന്റെ കൈയിലുണ്ട്. ആ മീന്‍തട്ട് ഇപ്പോഴും അവിടെയുണ്ട്. അവിടെ കച്ചവടം നടത്തുന്നതിനിടയില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടതുകൊണ്ടാണ് സ്വയം ചെയ്യാന്‍ തീരുമാനിച്ചതും ഇങ്ങോട്ട് മാറിയതും. രാവിലെ മീന്‍ കൊട്ടയുമായിട്ട് സൈക്കിള്‍ വൈറ്റില ഹബ്ബില്‍ വച്ചിട്ടാണ് കോളേജിലേക്ക് പോകുന്നത്. തിരികെ വന്നിട്ട് സൈക്കിളുമെടുത്ത് മീന്‍ മാര്‍ക്കറ്റിലേക്ക് പോയി മീന്‍ വാങ്ങി കച്ചവടം നടത്തുകയാണ്. ഇതിനിടയില്‍ വീട്ടില്‍ പോയി വസ്ത്രം മാറാനൊന്നും സമയം കിട്ടില്ല. അതുകൊണ്ടാണ് യൂണിഫോമില്‍ തന്നെ വില്‍ക്കാന്‍ നില്‍ക്കുന്നത്. അല്ലാതെ അതിലൊന്നും ഒരു മാര്‍ക്കറ്റിംഗുമില്ല.


എന്നെത്തേടി വന്ന മാധ്യമങ്ങളോടെല്ലാം ദീര്‍ഘനേരം ഞാന്‍ സംസാരിച്ചിരുന്നു. ആ പറഞ്ഞതെല്ലാം സത്യമാണെന്നതിന് എന്റെ കൈയില്‍ തെളിവുകളുണ്ട്. അവസാനം മീഡിയക്കാര്‍ പോകാന്‍ നേരത്തും ഞാന്‍ പറഞ്ഞത്, തെറ്റ് കണ്ടാല്‍ നിങ്ങളെന്നെ വിമര്‍ശിക്കണം, നല്ലത് കണ്ടാല്‍ പ്രോത്സാഹിപ്പിക്കണം എന്നായിരുന്നു. ഒരു തെറ്റും ചെയ്യാതെ തന്നെയാണ് എന്നെയിപ്പോള്‍ വിമര്‍ശിക്കുന്നത്. എന്നെ കള്ളിയെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പലരും വിളിക്കുന്നത്്. ഇത്രയും നാള്‍ ഇവരാരും ഉണ്ടായിട്ടില്ല ഞാന്‍ ജീവിച്ചത്. നന്നായി അദ്ധ്വാനിച്ച് തന്നെയാണ് ഇത്രയും നാള്‍ ജീവിച്ചു പോന്നത്. കുട്ടികള്‍ക്ക് ട്യൂഷന് എടുക്കാന്‍ പോയിട്ടുണ്ട്, ഇവന്റ് മാനേജ്‌മെന്റുകാരുടെ കൂടെ ഫ്ലവര്‍ ഗേള്‍ ആയിട്ട് പോയിട്ടുണ്ട്, ആങ്കറിംഗിന് പോയിട്ടുണ്ട്. ഇതിന്റെയൊക്കെ ഒടുവിലാണ് ഈ മീന്‍ കച്ചോടം. പലയിടത്തായി അലഞ്ഞ് നടന്ന് ജോലികള്‍ ചെയ്യുന്നതിലും നല്ലത് എവിടെയെങ്കിലും ഒതുങ്ങിക്കൂടി ഒരു കച്ചോടം ചെയ്യാം എന്നാലോചിച്ചാണ് ഈ മീന്‍കച്ചവടം തെരഞ്ഞെടുത്തത്. അല്ലാതെ ആരെയും പറ്റിക്കാനും കബളിപ്പിക്കാനുമൊന്നുമല്ല, ജീവിക്കാന്‍ വേണ്ടിയാണ്; സത്യം.


എന്റെ കൈയില്‍ ഒരു നവരത്‌ന മോതിരം ഉണ്ട്. അതും പറഞ്ഞും പലരും വിമര്‍ശിക്കുന്നുണ്ട്. മലബാര്‍ ഗോള്‍ഡിന്റെ ലുലു ബ്രാഞ്ചില്‍ നിന്നുമാണ് ആ മോതിരം വാങ്ങിയത്. ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായി ആഗ്രഹിച്ച് സ്വന്തമാക്കിയ ഒരു വസ്തുവാണത്. ആ മോതിരത്തില്‍ ഒരു ഗണപതിയുടെ രൂപം പതിച്ചിട്ടുണ്ട്. നവരത്‌ന മോതിരം ഐശ്വര്യം കൊണ്ടുവരുമെന്നൊക്കെ പറഞ്ഞു കേട്ടിട്ടുള്ളതുകൊണ്ട് വാങ്ങിയതാണ്. അത്രയും ആഗ്രഹിച്ചു വാങ്ങിയതാണ്. കൊച്ചി മുതല്‍ തൃശൂര്‍ വരെ നടന്ന് ജോലി ചെയ്ത പൈസ സ്വരുക്കൂട്ടി വച്ച് വാങ്ങിയതാണ്...


സിനിമയില്‍ ചാന്‍സ് കിട്ടാന്‍ വേണ്ടിയാണ് ഞാന്‍ മീന്‍ കച്ചവടം ചെയ്തതെന്നാണല്ലോ ഇപ്പോള്‍ പറയുന്നത്. മീന്‍ കച്ചോടം ചെയ്താല്‍ എങ്ങനെയാണ് സിനിമയില്‍ ചാന്‍സ് കിട്ടുന്നതെന്ന് എനിക്കറിയില്ല. ഇപ്പോള്‍ നിങ്ങളെല്ലാം അറിയുന്നതിനു മുമ്പും മാസങ്ങളോളം ഞാന്‍ മീന്‍ കച്ചോടം ചെയ്തിരുന്നതാണ്, അന്നൊന്നും ഒരു പൂച്ചകുഞ്ഞുപോലും എന്റടുത്തേക്ക് വന്നിട്ടില്ല. വ്യക്തിപരമായി അറിയുന്നവര്‍ എന്നെ പിന്തുണച്ചതു മാത്രമാണ് ഉണ്ടായത്. എനിക്കൊപ്പം കച്ചോടം ചെയ്തിരുന്നവര്‍ പൈസ തട്ടിപ്പ് നടത്തി എന്നെ പറ്റിച്ചതു കൂടാതെ എന്റെടുത്ത് മോശമായി പെരുമാറാനും തുടങ്ങിയതോടെയാണ് അവിടുത്തെ കച്ചോടം നിര്‍ത്തി സ്വന്തമായി തുടങ്ങിയത്.


ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ഒരു പാവം പെണ്‍കുട്ടിയാണ് ഞാന്‍. ഇന്നും ഇന്നലെയും അനുഭവിക്കാന്‍ തുടങ്ങിയതല്ല, എന്റെ കുട്ടിക്കാലം മുതല്‍ അനുഭവിക്കുന്നതാണ് കുടുംബത്തിലെ പ്രശ്‌നങ്ങളും കാര്യങ്ങളുമൊക്കെ. പല ആരോഗ്യപ്രശ്‌നങ്ങളും എനിക്കുണ്ട്, അതെല്ലാം മറികടന്ന് ജീവിക്കാന്‍ മോഹിക്കുകയാണ്...എന്നെ ഇങ്ങനെ ക്രൂശിക്കരുത്..അതുമാത്രമെ എനിക്ക് എല്ലാവരോടും അപേക്ഷിക്കാനുള്ളൂ...

https://www.azhimukham.com/offbeat-abuse-in-social-media-against-hanan-a-brief-analysis-by-ribin/

Next Story

Related Stories