TopTop
Begin typing your search above and press return to search.

പ്രളയാനന്തര രോഗങ്ങളെ എങ്ങനെ തടയാം?

പ്രളയാനന്തര രോഗങ്ങളെ എങ്ങനെ തടയാം?

പ്രളയാനന്തര കേരളത്തെ പകർച്ച വ്യാധികൾക്കും, വിഷാദ രോഗങ്ങൾക്കും വിട്ടുകൊടുക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പും സന്നദ്ധ സംഘടനകളും വൈവിധ്യമാർന്ന മുൻകരുതലുകളാണ് കൈകൊണ്ടിരിക്കുന്നത്. ജപ്പാനില്‍ പ്രളയാനന്തരമുണ്ടായ പകര്‍ച്ചവ്യാധിയിലാണ് മരണമുണ്ടായത്. എലിപ്പനിയും ടൈഫോയ്ഡും കോളറയുമൊക്കെ പടരാതിരിക്കാനുള്ള യുദ്ധസമാനമായ മുന്‍കരുതലുകള്‍ അനിവാര്യമാണ്. മാലിന്യങ്ങള്‍ നീക്കുന്നവരും സന്നദ്ധപ്രവര്‍ത്തകരും പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

പ്രളയശേഷം അഭിമുഖീകരിക്കേണ്ടിവരുന്ന രോഗങ്ങള്‍, അവയ്‌ക്കെതിരെ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍, ആരോഗ്യരംഗത്തെ കുറിച്ചുള്ള കേരള സമൂഹത്തിന്റെ ചില തെറ്റിദ്ധാരണാജനകമായ വിശ്വാസരീതികൾ, പടർന്നു പിടിക്കുന്ന എലിപ്പനിയുടെ പ്രതിരോധം എന്നിവയെ കുറിച്ച് ഡോക്ടർ ജി സന്തോഷ് കുമാർ സംസാരിക്കുന്നു:

ഒരു അസാധാരണമായ അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. നമ്മുടെ ഭൂപ്രകൃതിയും, ജീവിതവും പരിശോധിച്ചു കഴിഞ്ഞാൽ മനസിലാകുന്ന പ്രാഥമികമായ ഒരു പാഠം, ഏതു സമയത്തും ഒരു ജലജന്യ രോഗം പിടിപെടാൻ സാധ്യതയുള്ള ഒരു ജനതയാണ് നാം എന്നതാണ്. വെള്ളത്തിനകത്താണ് നാം ജീവിക്കുന്നത്. ഡയേറിയ, കോളറ പോലെയുള്ള രോഗങ്ങൾ പടരാൻ ഏറ്റവും സാധ്യതയുള്ള പ്രദേശം. എലിപ്പനി പൂർണമായും തുടച്ചു നീക്കാൻ നമുക്ക് സാധിക്കില്ല. കാരണം അത് ജലത്തിലൂടെ പകരുന്ന രോഗമാണ്. കാർഷിക രംഗം വളരെ ആക്റ്റീവ് ആയി നിലനിൽക്കുന്ന ഒരു സമൂഹത്തിൽ അതുകൊണ്ട് തന്നെ പൂർണമായും രോഗവിമുക്തമായ ഒരു അന്തരീക്ഷം കെട്ടിപ്പടുക്കുക അസാധ്യമാണ്.

ഈ പ്രതികൂല സാഹചര്യത്തിലും വലിയ ആരോഗ്യ ദുരന്തങ്ങൾ ഇവിടെ സംഭവിക്കുന്നില്ല. ഒന്നാമതായി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു ആരോഗ്യരക്ഷ സംവിധാനം നമുക്കുണ്ട്. മറ്റൊരു പ്രധാന കാര്യം ജനങ്ങളുടെ ആരോഗ്യരംഗത്തെ കുറിച്ചുള്ള അറിവും, വൈദഗ്ധ്യവും. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ ആരോഗ്യ രംഗം ഏറെ മുന്നോട്ടു പോയിട്ടുമുണ്ട്.

പ്രളയ ജലവും, ജല രോഗങ്ങളും

പ്രളയാനന്തരം ശുദ്ധജലം പലയിടങ്ങളിലും ലഭ്യമല്ല. പ്രളയജലം അണുബാധയുള്ള ജലമാണ്, അതുമായിട്ടുള്ള സമ്പർക്കം തന്നെ ചിലപ്പോൾ രോഗത്തിന് കാരണമാകും. ഇതിനിടയിൽ കുടിക്കാനുള്ള ജലം കണ്ടെത്തുക വിഷമകരമാണ്. ശുദ്ധജലം ലഭ്യമാക്കുകയും, ജലം അണുവിമുക്തമാക്കുകയും ചെയ്യുക എന്നത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമായി മാറിക്കൂടാ. രക്ഷാപ്രവര്‍ത്തനത്തിന്‍റെ മാതൃകയില്‍ ഒത്തൊരുമിച്ചുള്ള ഒരു പ്രവർത്തനം ഇവിടെ അത്യന്താപേക്ഷിതമാണ്.

യഥാർത്ഥത്തിൽ പ്രളയത്തേക്കാൾ ഭയപ്പെടേണ്ടത് പ്രളയാനന്തരം ഉണ്ടാകുന്ന രോഗങ്ങളെയാണ്. പ്രളയത്തിന്റെ ആദ്യ ദിവസങ്ങളിൽ വലിയ തോതിലുള്ള അസുഖങ്ങളോ, അവയുടെ ലക്ഷണങ്ങളോ കാണിച്ചെന്ന് വരില്ല. രോഗാണു ശരീരത്തിൽ പ്രവേശിക്കാനും രോഗം ഉണ്ടാകാനും ഒരു ടൈം പീരീഡ്‌ ഉണ്ട്. പ്രളയത്തിന് ആഴ്ചകൾക്ക് ശേഷമായിരിക്കും ചിലപ്പോൾ ഗുരുതരമായ രോഗങ്ങൾ വരുന്നത്.

എലിപ്പനിയുടെ കാര്യം തന്നെ നോക്കിയാൽ, ആദ്യ ദിവസങ്ങളിൽ എലിപ്പനി എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ എലിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് ആവർത്തിച്ചു പറയുന്നത് ദുരന്തമുഖത്തെ രക്ഷാപ്രവർത്തനം പോലെ തന്നെ പ്രാധാന്യം രോഗങ്ങൾ വരാതിരിക്കാനുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിലുമുണ്ട്.

എലിപ്പനി ലക്ഷണങ്ങൾ, മുൻകരുതലുകൾ, കാരണങ്ങൾ

കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെ പകരുന്ന പകര്‍ച്ചവ്യാധിയാണ് എലിപ്പനി. പശു, കാള, ആട് പോലെയുള്ള മൃഗങ്ങളുടെയൊക്കെ മൂത്രത്തിലൂടെ എലിപ്പനിയുടെ രോഗാണുക്കള്‍ വെള്ളത്തില്‍ കലരും. രോഗാണുക്കള്‍ മനുഷ്യരുടെ ശരീരത്തിലെത്തുന്നത് മുറിവുകളിലൂടെയും പോറലുകളിലൂടെയുമാണ്. പ്രളയ കാലത്ത് ഏതു പനിയും ആദ്യം എലിപ്പനിയായി സംശയിക്കണം. ആയതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണ് എലിപ്പനി ഏറ്റവും കൂടുതല്‍ പിടികൂടാന്‍ സാധ്യത എന്നും പ്രത്യേകം ശ്രദ്ധിക്കണം.

മുൻകരുതലുകൾ

1. കെട്ടിനിൽക്കുന്ന വെള്ളത്തിൽ പരമാവധി ഇറങ്ങാതിരിക്കുക, കുളിക്കുകയും ചെയ്യരുത്

2. വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ കൈയ്യുറയും (ഗ്ലൗസ്) കാലുറയും ധരിക്കുക. അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് കൈയും കാലും പൊതിയുക. ശുചീകരണ പ്രവര്‍ത്തനം നടത്തുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

3. വീട്ടില്‍ പിടിച്ചു വയ്ക്കുന്ന വെള്ളത്തിലും ഭക്ഷണത്തിലും എലി മൂത്രവും വിസര്‍ജ്യവും കലരാത്ത രീതിയില്‍ മൂടി വയ്ക്കുക

4. വെള്ളം തിളപ്പിച്ചാറ്റി കുടിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക

5. വെള്ളം ക്ലോറിനേറ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക

6. മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്കരിക്കുക. മാലിന്യം കുന്നുകൂടുന്നത് എലികള്‍ പെറ്റുപെരുകാന്‍ കാരണമാകും.

7. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ എലിപ്പനി തടയാന്‍ 200 മി.ഗ്രാം ഡോക്സിസൈക്ലിന്‍ (100 മി.ഗ്രാമിന്‍റെ 2 ടാബ്ലെറ്റ്) കഴിക്കുക. ഒരാഴ്ചത്തേക്ക് അത്ര മതിയാവും. അടുത്ത ആഴ്ചയില്‍ ശുചീകരണ ജോലി ചെയ്യേണ്ടിവരുമെങ്കില്‍ വീണ്ടും ഒരു ഡോസ് കഴിക്കണം.

ലക്ഷണങ്ങൾ

കടുത്ത പനിയാണ് എലിപ്പനിയുടെ ലക്ഷണം. വെള്ളപ്പൊക്കത്തിന് ശേഷമുണ്ടാവുന്ന ഏതു പനിയും എലിപ്പനിയാവാം എന്നൊരു വിചാരം എല്ലാവര്‍ക്കും ഉണ്ടാവണം. വേണമെങ്കില്‍ ഡോക്ടറോട് അങ്ങോട്ട്‌ ചോദിക്കുകയുമാവാം. “ഡോക്ടറെ, വെള്ളക്കെട്ടില്‍ ഇറങ്ങിയിട്ടുണ്ട്. എലിപ്പനിയാണോ?” ഒരു പക്ഷെ അങ്ങനെ ചോദിക്കുന്നതിലൂടെ ഡോക്ടറെ നിങ്ങള്‍ സഹായിക്കുകയാവാം ചെയ്യുന്നത്. എലിപ്പനി തുടക്കത്തിലേ സംശയിച്ചാല്‍ പുട്ടുപോലെ ചികിത്സിച്ചു മാറ്റാം. വൈകുന്തോറും രോഗം സങ്കീര്‍ണ്ണമായിത്തീരും. കരള്‍, വൃക്കകള്‍, ഹൃദയം, ശ്വാസകോശം എന്നിവയെ ബാധിക്കാം. അതുകൊണ്ട് സൂക്ഷിക്കുക.

കടുത്ത പനിയോടോപ്പാം പേശികള്‍ക്ക് നല്ല വേദന ഉണ്ടെങ്കിൽ മിക്കവാറും അത് എലിപ്പനി തന്നെയായിരിക്കും. ചിലര്‍ക്ക് കണ്ണില്‍ ചുവപ്പുവരും. കണ്ണിന്‍റെ വെള്ളയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് പോലെ കാണാം. മറ്റു ചിലപ്പോള്‍ കണ്ണില്‍ മഞ്ഞനിറം പ്രത്യക്ഷമാവാം. പനിയോടുകൂടിയ മഞ്ഞപ്പിത്തം എലിപ്പനിയുടെ ഭയങ്കരമായ ലക്ഷണമാണ്.

ചികിത്സ

ഡോക്സിസൈക്ലിന്‍ ഗുളിക അല്ലെങ്കില്‍ പെൻസിലിൻ കുത്തിവെയ്പ്. എലിപ്പനി രൂക്ഷമായാൽ കിഡ്നിയെ ബാധിക്കും, ശ്വാസം നിലക്കും ഇങ്ങനെ ജീവൻ തന്നെ അപകടത്തിലാകാൻ ഉള്ള സാധ്യതകൾ കൂടുതലാണ് അത് കൊണ്ട് തുടങ്ങുംമുന്‍പ് പ്രതിരോധിക്കുന്നത്

ഏറ്റവും ഉത്തമം.

മീസില്‍സ് (മണ്ണന്‍, ചപ്പട്ട)

"വെള്ളപ്പൊക്കത്തിനു ശേഷം പടര്‍ന്നുപിടിക്കാന്‍ വലിയ സാധ്യതയുള്ള ഒരു പകര്‍ച്ചവ്യാധിയാണ് മീസില്‍സ് (മണ്ണന്‍, ചപ്പട്ട). മീസില്‍സ് നിസ്സാരമായ രോഗമല്ല. പനിയാണ് മീസില്‍സിന്റെ പ്രധാന ലക്ഷണം. മീസില്‍സിനെതിരായ കുത്തിവെയ്പ്പ് (MMR, MR വാക്സിനേഷന്‍) കുറഞ്ഞ സ്ഥലങ്ങളിലാണ് മീസില്‍സ് പകര്‍ച്ചവ്യാധിക്ക് സാധ്യത. ഇക്കഴിഞ്ഞ മീസില്‍സ്-റുബെല്ല (MR) വാക്സിനേഷന്‍ സമയത്ത് കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കാത്ത മാതാപിതാക്കള്‍ എത്രയും പെട്ടെന്ന് മീസില്‍സിനെതിരായ കുത്തിവെയ്പ്പ് കുട്ടികള്‍ക്ക് കൊടുക്കുക.

ശരീരത്തില്‍ വറുത്തുചുവന്ന മണല്‍ വിതറിയിട്ടപോലെ തിണര്‍പ്പുകളുണ്ടാവും. മൂക്കൊലിക്കും. കണ്ണു ചുവക്കും. കുട്ടി വളരെ അസ്വസ്ഥനായിത്തീരും. രോഗം ശ്വാസകോശത്തിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായി കുട്ടിക്ക് ചുമയുണ്ടാവും. പ്രകൃതിദുരന്ത സമയത്തുണ്ടാകുന്ന മീസില്‍സ് ഒരു കാട്ടുതീയാണ്. അതിവേഗം രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കും. രോഗം മുതിര്‍ന്നവര്‍ക്ക് ബാധിക്കുന്നത് അത്യന്തം ഗുരുതരമാണ്. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്തി കാര്യം പറയുക. മീസില്‍സിനെതിരായി കുത്തിവെയ്പ്പെടുക്കാത്ത കുട്ടികള്‍ ഒരു പ്രദേശത്ത് കൂടുതല്‍ ഉണ്ടാകുന്നത് ഈ സമയത്ത് എല്ലാവര്‍ക്കും ഒരു പൊതുജനാരോഗ്യ വിപത്താണ്. വളരെ ശ്രദ്ധിക്കുക.

വെള്ളപ്പൊക്കത്തിന് ശേഷം വര്‍ധിക്കാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികളാണ് ഡെങ്കിയും മലമ്പനിയും. നമുക്കറിയാവുന്നതുപോലെ രണ്ട് രോഗവും പരത്തുന്നത് കൊതുകുകളാണ്. രണ്ടും രണ്ടുതരം കൊതുകുകള്‍. ഡെങ്കിപ്പനിയുടെ കൊതുകുകള്‍ താരതമ്യേന ശുദ്ധജലത്തില്‍ വളരുന്നു. ഒഴുകാതെ നില്‍ക്കുന്ന ഏതു വെള്ളക്കെട്ടിലും വളരുന്നവയാണ് മലമ്പനി പരത്തുന്ന കൊതുകുകള്‍. ആരോഗ്യവകുപ്പ് ചെയ്യുന്ന കൊതുക്‌ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഓരോരുത്തരം, കൊതുകുവല, കുന്തിരിക്കം പുകക്കല്‍, കൊതുകിനെ അകറ്റുന്ന ക്രീമുകള്‍ തുടങ്ങിയ വ്യക്തിപരമായ സുരക്ഷിത്വം സ്വീകരിക്കണം.

വീടിനും വീടിന്റെ പരസരത്തും കെട്ടിനില്‍ക്കുന്ന മഴവെള്ളത്തില്‍ ഡെങ്കിക്കൊതുക് പെറ്റ് പെരുകും. ഇലകളിലും മരപ്പൊത്തുകളിലും മഴവള്ളം കെട്ടിനില്‍പ്പുണ്ടാവും. നാടുമുഴുവനും കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളും സഞ്ചികളും ഡെങ്കിയുടെ മരണക്കെണികളായി മാറും. വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കിനെ പ്രളയജലം പുറത്തെടുത്തു കൂട്ടിയിട്ടിരിക്കുകയാണ്. അതെല്ലാം നീക്കം ചെയ്യണം. ഒരാഴ്ചയില്‍ കൂടുതല്‍ അതില്‍ വെള്ളം കെട്ടിനിന്നാല്‍ ഡെങ്കിക്കൊതുക് വളരും. അതൊക്കെ ചോര്‍ത്തിക്കളയണം. പിടിച്ചുവെച്ചിരിക്കുന്ന കുടിവെള്ളം വലയിട്ടു മൂടണം. ഒഴുകാതെ നില്‍ക്കുന്ന ഏതു വെള്ളക്കെട്ടിലും വളരുന്നവയാണ് മലമ്പനി പരത്തുന്ന കൊതുകുകള്‍. ആരോഗ്യവകുപ്പ് ചെയ്യുന്ന കൊതുക്‌ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഓരോരുത്തരം, കൊതുകുവല, കുന്തിരിക്കം പുകക്കല്‍, കൊതുകിനെ അകറ്റുന്ന ക്രീമുകള്‍ തുടങ്ങിയ വ്യക്തിപരമായ സുരക്ഷിത്വം സ്വീകരിക്കണം.

ക്ളോറിനേഷനും, ജനങ്ങളുടെ ബോധവൽക്കരണവും

ജലരോഗങ്ങളുടെ നിർമ്മാർജ്ജനം ആണ് അടുത്ത സ്റ്റെപ്പ്. വെള്ളം ക്ളോറിനേറ്റ് ചെയ്യുക എന്നത് ആണ് പ്രാഥമികമായി ചെയ്യേണ്ടത്. പ്രളയ ജലം അണുവിമുക്തമാക്കുക. ക്ളോറിനേഷൻ പക്ഷെ എഫക്ടീവ് ആയി ചെയ്താൽ മാത്രമേ ഫലം ഉണ്ടാകൂ. വെള്ളം ക്ളോറിനേറ്റ് ചെയ്യുന്നതിന് ശാസ്ത്രീയമായി അവലംബിക്കേണ്ട ചില നടപ്പുരീതികളുണ്ട്. നമ്മുടെ സമൂഹത്തിന്റെ മേൽ തട്ട് മുതൽ താഴെ തട്ട് വരെയുള്ള എല്ലാ ജനങ്ങളും ഈ കാര്യത്തിൽ ബോധവാന്മാരായിരിക്കും. അതിന് കേവലം നവ മാധ്യമങ്ങളിലൂടെയുള്ള ഇടപെടൽ മാത്രം മതിയാകില്ല.

ദുരന്തമുഖത്ത് ഇടപെടുന്ന മനുഷ്യർക്ക് ഫേസ്‌ബുക്കും, വാട്സ് ആപ്പും ഒട്ടും ആക്സസിബിൾ ആയിരിക്കണമെന്നില്ല. അത് കൊണ്ട് തന്നെ ജനങ്ങളെ നേരിട്ട് കാണുകയും അവരോടു ക്ളോറിനേഷന്റെ രീതികൾ വിവരിക്കുകയും ചെയ്യണം. പ്രളയാനന്തരം ഏറ്റവും അധികം ആശയവിനിമയം നടന്നത് നവമാധ്യമങ്ങളിലൂടെയാണ്. നവമാധ്യമങ്ങളിലൂടെയുള്ള വിവര കൈമാറ്റത്തിന് വേഗത കൂടുതലാണെങ്കിലും അത് എത്രത്തോളം ആളുകളിലേക്ക്‌ എത്തിച്ചേരുന്നു എന്ന ഘടകം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഈ പ്രളയവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം പരിശോധിച്ചാൽ രക്ഷാ പ്രവർത്തനങ്ങളെല്ലാം ജനങ്ങള്‍ മുന്നിട്ടിറങ്ങിയുള്ളതാണ്. സർക്കാർ മെഷിനറികൾക്കോ, സന്നദ്ധ സംഘടനകളോ ആഹ്വാനം ചെയ്തിട്ടല്ല, മറിച് ജനങ്ങൾ നേരിട്ടിറങ്ങി ആണ് പലയിടങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്. മത്സ്യത്തൊഴിലാളികളുടെ കാര്യം എടുക്കുക, അവർക്ക് രക്ഷാപ്രവർത്തനങ്ങളിൽ പ്രത്യേകം പരിശീലനമൊന്നും ലഭിച്ചിട്ടില്ല. പക്ഷെ അവർ ഒട്ടും ഭയപ്പെടാതെ ഇറങ്ങി, വെള്ളത്തിലുള്ള അരുടെ അനുഭവപരിചയമാണ് ആണ് ഇത്തരത്തില്‍ വലിയൊരു നീക്കം നടത്താൻ അവരെ സഹായിച്ചത്.

മത്സ്യത്തൊഴിലാളികളുടെ രക്ഷ പ്രവർത്തനം പോലെ പ്രളയാനന്തരം ഉള്ള ശുചീകരണ പ്രവർത്തനങ്ങളിലും അതാത് മേഖലയിലെ ജന പ്രതിനിധികൾ, ഹെൽത്ത് വളണ്ടിയർമാർ, ആരോഗ്യ പ്രവർത്തകർ എല്ലാവരും സംയുക്തമായി വേണം ഇടപെടലുകൾ നടത്താൻ.

വൺ ഹെൽത്ത് കൺസപ്റ്റ്

നമുക്ക് ചുറ്റും വിവിധ തരം അസുഖങ്ങളുണ്ട് - ജലത്തിൽ നിന്ന് പകരുന്നത്, മൃഗങ്ങളിൽ നിന്ന് പകരുന്നത് തുടങ്ങിയവ. ഒരു ഉദാഹരണം എടുത്തു പരിശോധിക്കാം. 'പക്ഷി പനി' ദേശാടന പക്ഷികളിലൂടെയാണ് പകരുന്നത്, നമ്മുടെ നാട്ടിൽ എത്രയോ കാലം ആയി ഇത്തരം ദേശാടന പക്ഷികളുണ്ട്. എന്താ പക്ഷി പനി വരാതിരുന്നത് ? ദേശാന്തര പക്ഷികൾ വരുന്നത് വേമ്പനാട്ടു കായലിലും, കുട്ടനാടിലുമാണ്. ഈ പക്ഷികളുടെ ഒരു രീതി കായലിനു നടുവിലോ, ഒറ്റപ്പെട്ട തുരുത്തിലോ ആണ് വസിക്കുക. നാട്ടിലുള്ള പക്ഷികളുമായി യാതൊരു സമ്പർക്കവുമില്ല.

കായലിന്റെ, വയലിന്റെ എല്ലാം വിസ്‌തൃതി മനുഷ്യരുടെ ഇടപെടൽ മൂലം കുറഞ്ഞു വരുമ്പോൾ സ്വാഭാവികമായും ഈ ദേശാന്തര പക്ഷികളും, നാട്ടിലെ പക്ഷികളും സമ്പർക്കം ഉണ്ടാകാൻ സാധ്യത ഉണ്ട്. അങ്ങനെയാണ് ദേശാന്തര പക്ഷികളിലൂടെ പകരുന്ന രോഗങ്ങൾ മനുഷ്യരിലേക്ക് ബാധിക്കാൻ തുടങ്ങിയത്. നിപ്പ എന്ന രോഗത്തെ കുറിച്ച് നാം ഏവരും അറിഞ്ഞതാണ്. വനനശീകരണം മൂലം വവ്വാലുകൾ കൂട്ടത്തോടെ പലായനം ചെയ്ത് പല പല സ്ഥലങ്ങളിൽ അഭയം പ്രാപിച്ചിട്ടുണ്ട്. മുൻപ് കാലങ്ങളിൽ വവ്വാലും മനുഷ്യനും തമ്മിൽ വലിയ കോൺടാക്ട് ഉണ്ടായിരുന്നില്ല.

ഇവിടെ ആണ് വൺ ഹെൽത്ത് കൺസപ്റ്റ് എന്ന ആശയം പ്രസക്തമാകുന്നത്. മനുഷ്യന്റെ ആരോഗ്യവും, മൃഗങ്ങളുടെ ആരോഗ്യവും, പക്ഷികളുടെ ആരോഗ്യവും, പരിസ്ഥിതി ആരോഗ്യവും എല്ലാം കൂടി ചേരുന്ന ഒറ്റ ആരോഗ്യ സങ്കല്പം ആണ് നമുക്ക്‌ ഉണ്ടാവേണ്ടത്. ഈ പ്രളയം നമ്മെ പഠിപ്പിക്കുന്നതും അതാണ്.

ഒരു ഉദാഹരണം കൂടി പറയാം. ഒരു വഴിയിൽ ഒരു സ്ത്രീ കുറച് മുതിരയും, പയറും ഉണക്കാൻ ഇട്ടിരിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു , ഇതെന്താ സംഭവം ? ആ സ്ത്രീ മറുപടി പറഞ്ഞു : ഇത് വെള്ളപ്പൊക്കത്തിൽ നനഞ്ഞു പോയതാണ്, ഇതുപയോഗിക്കരുതെന്നു ഞാൻ നിർദേശിച്ചപ്പോൾ അവരുടെ മറുപടി, ഇത് ഞങ്ങൾക്ക് വേണ്ടിയല്ല പശുക്കൾക്ക് വേണ്ടിയാണെന്നാണ്.

നമുക്ക് കഴിക്കാൻ പറ്റാത്തതൊന്നും മൃഗങ്ങൾക്കും കൊടുക്കരുത്. മൃഗങ്ങളുടെ ആരോഗ്യം സംരക്ഷിച്ചില്ലെങ്കിൽ അവരിൽ നിന്നുള്ള അസുഖങ്ങൾ നമുക് പകരും. അത് കൊണ്ട് അവരുടെ ആരോഗ്യവും, സന്തുലിതമായ ആവാസ വ്യവസ്ഥയും പരമപ്രധാനമാണ്.


Next Story

Related Stories