TopTop
Begin typing your search above and press return to search.

ദീനാനാഥ് ബത്രമാര്‍ ചിരിക്കുന്നു; യുജിസിക്ക് മരണമണി, ജനാധിപത്യ ഇന്ത്യക്ക് മുന്നറിയിപ്പ്

ദീനാനാഥ് ബത്രമാര്‍ ചിരിക്കുന്നു; യുജിസിക്ക് മരണമണി, ജനാധിപത്യ ഇന്ത്യക്ക് മുന്നറിയിപ്പ്

"സങ്കീർണ്ണമായ ആധുനിക കാലഘട്ടത്തിൽ, ഏതൊരു പരിഷ്കാരത്തിനും സൂക്ഷ്മമായ വിചിന്തനവും ആസൂത്രണവും ആവശ്യമാണ്. ബൗദ്ധികമായ വിശകലനശേഷിയും ഭാവനാത്മകമായ ഉൾക്കാഴ്ചയും ഉള്ളവരായിരിക്കണം നമ്മുടെ ഭരണാധികാരികൾ". (P29, യൂണിവേഴ്സിറ്റി കമ്മീഷൻ റിപ്പോർട്ട്, വോള്യം 1) - ഡോ. എസ് രാധാകൃഷ്ണന്റെ ഈ വാക്കുകൾ, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കാനിരിക്കുന്ന പരിഷ്ക്കരണങ്ങളുടെയും മാറ്റത്തിന്റെയും പശ്ചാത്തലത്തിൽ ഏറെ ചിന്തനീയവും പ്രസക്തവുമാണ്.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യുജിസി) പ്രവർത്തനം നിർത്തലാക്കിക്കൊണ്ട് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ കൗൺസിൽ രൂപീകരിയ്ക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിരവധിയായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. മാനവ വിഭവശേഷി മന്ത്രാലയം ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന കരട് ബില്ലിന്റെ അടിസ്ഥാനത്തിൽ നിരവധിയായ വാദമുഖങ്ങളാണ് ഇക്കാര്യത്തിൽ ഉയർന്നുവരുന്നത്. കാലാനുസൃതമായ മാറ്റങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വരേണ്ടെതുണ്ടെന്നും അതിനു തടസമായി നില്‍ക്കുന്ന യുജിസിയുടെ പരമ്പരാഗത സമ്പ്രദായങ്ങൾ മാറേണ്ടത് അത്യാവശ്യമാണെന്നും ഉന്നതവിദ്യാഭ്യാസ കമ്മീഷൻ ആ ദിശയിലുള്ള സുപ്രധാന ചുവടുവെപ്പാണെന്നുമാണ് ബില്ലിനെ അനുകൂലിക്കുന്നവർ ഉയർത്തുന്ന സുപ്രധാന വാദം.

കാലാനുസൃതമായ മാറ്റങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വരണമെന്ന കാര്യത്തിൽ യാതൊരു തർക്കത്തിനുമിടയില്ലെങ്കിലും അത്തരത്തിലുള്ള ഒരു മാറ്റമല്ല ഈ പുതിയ സംവിധാനം കൊണ്ടുദ്ദേശിക്കുന്നതാണെന്നാണ് വിമർശനങ്ങളുടെ കാതൽ. പുതിയ കമ്മീഷൻ വരുന്നതോടെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ അക്കാദമിക പ്രവർത്തനങ്ങളും സാമ്പത്തികസഹായമടക്കമുള്ള വിഷയങ്ങളും രണ്ടായി വിഭജിക്കപ്പെടും. ധനസഹായത്തിന്റെ ചുമതല കേന്ദ്ര സർക്കാരിനാവുന്നതോടെ ഉന്നതവിദ്യാഭ്യാസത്തിന്റെ പൂർണമായ നിയന്ത്രണം കേന്ദ്രസർക്കാരിൽ കേന്ദ്രീകരിയ്ക്കുകയും ഫെഡറൽ തത്വങ്ങളനുസരിച്ച് സംസ്ഥാനങ്ങൾക്കും സർവകലാശാലകൾക്കുമുള്ള അവകാശങ്ങൾ ഹനിക്കപ്പെടുകയും ചെയ്യും.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധിയായ ഏജൻസികളുടെ പ്രവർത്തനം ഏകോപിപ്പിയ്ക്കണമെന്നും ചുവപ്പുനാടക്കുരുക്കിന് കാരണമാകുന്ന സമ്പ്രദായങ്ങൾ മാറ്റണമെന്നുള്ള ആവശ്യം കഴിഞ്ഞ നിരവധി വർഷങ്ങളായി വിവിധ കോണുകളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. വ്യത്യസ്ത ഏജൻസികളുടെ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളും പദ്ധതികൾ ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള കാലതാമസവും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം എന്ന ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നത്. എന്നാൽ അത്തരത്തിലുള്ള വിശാല താല്പര്യങ്ങൾക്ക് പകരം ഉന്നതവിദ്യാഭ്യാസ മേഖലയെ സർക്കാർ നിയന്തണത്തിൻ കീഴിൽ കൊണ്ടുവരുന്നതിലൂടെ രാഷ്ട്രീയ ഇടപെടലിനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നതാണ് പുതിയ ബിൽ ലക്ഷ്യം വെയ്ക്കുന്നതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അനുദിനം സ്വകാര്യവത്ക്കരിക്കപ്പെടുകയും വരേണ്യവത്ക്കരിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ മേഖലയെ, വർഗീയ താല്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യവും ഈ നീക്കത്തിനു പിന്നിലുണ്ട്. ചരിത്ര പുസ്തകങ്ങൾ തിരുത്തിയെഴുതിയും ഏകീകൃത പാഠ്യപദ്ധതി അടിച്ചേല്പിച്ചു കൊണ്ടും

സംഘപരിവാർ ലക്ഷ്യം വെയ്ക്കുന്ന വിദ്യാഭ്യാസത്തിന്റെ കാവിവത്ക്കരണമെന്ന അജണ്ട നടപ്പിലാക്കാൻ, നിലവിലുള്ള യുജിസി സമ്പ്രദായം സൃഷ്ടിക്കുന്ന തടസങ്ങൾ മാറ്റണമെന്നും ഉന്നത വിദ്യാഭ്യാസ കമ്മീഷൻ സ്ഥാപിക്കുന്നതിലൂടെ ഇത് സാധ്യമാകുമെന്നും അവർ കരുതുന്നു.

ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ ചുമതലകളായി കരടു ബില്ലിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളേറെയും ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രകൃതം കമ്പോള ശക്തികളുടെ താല്പര്യങ്ങൾക്കനുസൃതമായി രൂപപ്പെടുത്താൻ സർക്കാറിനെ സഹായിക്കുന്നവയാണ്. നിലവിൽ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട്, കേന്ദ്രസർക്കാർ യുജിസിക്ക് അനുവദിക്കുകയും ഓരോ സ്ഥാപനങ്ങൾക്കാവശ്യമായ ഫണ്ട് യുജിസി വിതരണം ചെയ്യുകയും ചെയ്യുന്ന രീതിയാണുള്ളത്. ഓരോ സംസ്ഥാനങ്ങളിലെയും വ്യത്യസ്തമായ സാഹചര്യങ്ങൾക്കും സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കുമുതകുന്ന രീതിയിൽ പൊതുമാനദണ്ഡങ്ങൾ രൂപപ്പെടുത്തി, ഫണ്ട് അനുവദിക്കുകയാണ് യുജിസി ചെയ്തു വരുന്നത്. പോരായ്മകൾ ഏറെയുണ്ടെങ്കിലും ഫെഡറൽ തത്വങ്ങളും സർവകലാശാലകളുടെ സ്വയംഭരണമെന്ന തത്വവും ഒരു പരിധിവരെ ഈ സമ്പ്രദായത്തിൽ പരിപാലിക്കപ്പെട്ടിരുന്നു. ഉന്നത വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിയ്ക്കുന്നതോടുകൂടി ഫണ്ട് അനുവദിക്കാനുള്ള യുജിസിയുടെ ഉത്തരവാദിത്തം കേന്ദ സർക്കാരിൽ നിക്ഷിപ്തമാകും. അങ്ങേയറ്റം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുള്ള തീരുമാനമാണിത്.

https://www.azhimukham.com/dina-nath-batra-hinduism-megha-kumar-wendy-doniger-freedom-of-expression-communalism/

കാലാകാലങ്ങളിൽ കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ നയസമീപനങ്ങളും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുമായി ഒത്തുപോവാത്തതോ വിയോജിക്കുന്നതോ ആയ സംസ്ഥാനങ്ങളോടും സ്ഥാപനങ്ങളോടും വിവേചനം കാണിക്കാനുള്ള അവസരമായി ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയേറെയാണ്. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്‌ഥാനങ്ങൾ, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ വിവേചനത്തിന് വിധേയമായേക്കാം. സാമൂഹികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായി അങ്ങേയറ്റത്തെ വൈജാത്യം പുലർത്തുകയും സാംസ്കാരിക നാനാത്വം ഉള്ളതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ, ഒരേ അളവുകോലുകൾ ഉപയോഗിച്ച് വിലയിരുത്തുകയെന്ന യുക്തിരാഹിത്യവും ഉന്നത വിദ്യാഭ്യാസ കമ്മീഷൻ നിർദ്ദേശങ്ങളിൽ കാണാം.

പുതിയ ബിൽ വിഭാവനം ചെയ്യുന്ന മറ്റൊരു കാര്യം ഉന്നത വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംബന്ധിച്ചാണ്. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, 12 അംഗങ്ങൾ എന്നിവരെ നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അധികാരം വഴി പ്രത്യക്ഷമായും, കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി അധ്യക്ഷനായുള്ള ഉപദേശകസമിതിയിലൂടെ പരോക്ഷമായും ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ സമ്പൂർണ്ണ നിയന്ത്രണം കേന്ദ സർക്കാരിൽ നിക്ഷിപ്തമാകുന്നു. നിലവിലുള്ള യുജിസി നിയമമനുസരിച്ച് ഇത്തരത്തിലുള്ള ഒരു ഉപദേശക സമിതി നിലവിലില്ല. കേന്ദ്രമന്ത്രി അധ്യക്ഷനായുള്ള ഒരു ഉപദേശക സമിതിയുടെ കീഴിൽ കമ്മീഷന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുമെന്ന് കരുതുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്.

https://www.azhimukham.com/edit-when-india-is-becoming-a-banana-republic-where-ambani-rule-education-sector/

പരിണിതപ്രജ്ഞരായ അക്കാദമിക വിദഗ്ദ്ധരാൽ നയിക്കപ്പെടേണ്ട ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം, സങ്കുചിത താല്പര്യങ്ങളാൽ നയിക്കപ്പെടുന്ന ഒരുവിഭാഗം രാഷ്ട്രീയക്കാരിലേക്കോ അവരുടെ ആജ്ഞാനുവർത്തികളിലേക്കോ എത്തുന്നതിന് ഇത്തരം നിർദ്ദേശങ്ങൾ കാരണമാകും. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായിരുന്ന ഗജേന്ദ്ര ചൗഹാന്റെ കാര്യത്തിലും അലിഗഡ് മുസ്ലിം സർവ്വകലാശാല വൈസ് ചാൻസലറായിരുന്ന ലെഫ്. ജനറൽ സമീറുദ്ദീൻ ഷായുടെ നിയമനകാര്യത്തിലും മറ്റു നിരവധി സംഭവങ്ങളിലുമായി ഇക്കാര്യം വ്യക്തമായിട്ടുള്ളതാണ്. ഫലത്തിൽ, ഫയലുകൾ കൈകാര്യം ചെയ്യൽ മാത്രം ജോലിയായുള്ള, സർക്കാരിന്‍റെ ആജ്ഞാനുസരണം പ്രവർത്തിക്കേണ്ട ഒരു സ്ഥാപനം മാത്രമായി ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ചുരുങ്ങുമെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

വിദ്യാഭ്യാസത്തെ സാമൂഹിക വികസനത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായി കാണുന്നതിനു പകരം മത്സരക്കമ്പോളത്തിലെ ഉല്പന്നമായി കാണുന്ന അംബാനി - ബിർള കമ്മീഷൻ റിപ്പോർട്ടിന്റെ മൂർത്തരൂപത്തിലുള്ള പ്രയോഗം കൂടിയാണ് ഉന്നത വിദ്യാഭ്യാസ കമ്മീഷൻ. കച്ചവടത്തിന്റെ ഈ യുക്തിയാണ്, 'പ്രയോജനക്ഷമമായ'തൊന്നും ഉല്പാദിപ്പിക്കാത്ത മാനവിക വിഷയങ്ങളും അടിസ്ഥാന ശാസ്ത്രവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതില്ലെന്ന സമീപനത്തിന്റെ ആധാരം. വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉന്നത വിദ്യാഭാസ മേഖലകളിലൊന്നാണ് ഇന്ത്യയിലേത്. അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിലായി മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. എങ്കിലും ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശം നേടുന്ന മൊത്തം വിദ്യാർത്ഥികളുടെ നിരക്കിൽ (GER - Gross Enrollment Rate) ഇന്ത്യ വളരെ പിന്നിലാണെന്ന് കണക്കുകൾ കാണിയ്ക്കുന്നു. അമേരിക്കയിൽ 85.8 ശതമാനവും ചൈനയിൽ 43.39 ശതമാനവുമാണ് പ്രവേശന നിരക്കെങ്കിൽ ഇന്ത്യയിൽ 21.1 ശതമാനമാണ് പ്രവേശനം നേടുന്നത്. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ മേഖല അങ്ങേയറ്റം വരേണ്യമായി തുടരുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 18-23 പ്രായപരിധിയിലുള്ള ബഹുഭൂരിപക്ഷം വിദ്യാർത്ഥികൾക്കും ഉന്നതവിദ്യാഭ്യാസം കിട്ടാക്കനിയായി തുടരുന്നുവെന്ന് മാത്രമല്ല വർദ്ധിച്ചു വരുന്ന കച്ചവടവത്ക്കരണം, ഉന്നതവിദ്യാഭ്യാസ മേഖലയെ ഒരു സമ്പന്ന ന്യൂനപക്ഷത്തിന്റേത് മാത്രമായി ചുരുക്കുകയും ചെയ്യുന്നു.

https://www.azhimukham.com/explainer-why-union-government-want-to-scrap-ugc-and-what-rss-interest-in-it/

വിദ്യാഭ്യാസം, രാഷ്ട്രത്തിന്റെ ചുമതലയാണെന്ന അടിസ്ഥാന സങ്കല്പത്തിന് പകരമായാണ് കോർപ്പറേറ്റ് ഫണ്ടിംഗ് അടക്കമുള്ള സമീപനങ്ങൾ മുന്നോട്ടു വെയ്ക്കുന്നത്. ഇതിനനുസൃതമായാണ് സ്ഥിരാധ്യാപക നിയമനത്തിനു പകരം താല്ക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് മുൻതൂക്കം നല്കണമെന്ന ബില്ലിലെ നിർദ്ദേശങ്ങളും. സമസ്ത തൊഴിൽ മേഖലകളിൽ നിന്നും സ്ഥിരം ജോലിയെന്ന സങ്കല്പം എടുത്തു മാറ്റി നിശ്ചിതകാല തൊഴിൽ പ്രോത്സാഹിപ്പിക്കുകയെന്ന സർക്കാർ നയവും ഈ നിർദ്ദേശങ്ങളിൽ കാണാം.

ഉന്നത വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായും കമ്പോള ശക്തികൾക്ക് വിട്ടുകൊടുക്കുന്ന നയങ്ങളാണ് കഴിഞ്ഞ നിരവധി വർഷങ്ങളായി യുജിസി പിന്തുടർന്നത്. ഏറ്റവും അവസാനമായി, സ്വയംഭരണ കോളേജുകൾ അനുവദിക്കുന്ന കാര്യത്തിൽ യുജിസി സ്വീകരിച്ച നയം ഈ ആക്ഷേപത്തെ അടിവരയിട്ടുറപ്പിക്കുന്നതാണ്. 2018 മാർച്ചിൽ യുജിസി സ്വയംഭരണ പദവി നല്കിയ 62 സർവകലാശാലകളിൽ 26 എണ്ണം സ്വകാര്യ സർവ്വകലാശാലകളാണ്. ഇത്തരത്തിൽ സ്വയംഭരണപദവി ലഭിച്ച നൂറുകണക്കിനു കോളേജുകളിലും സർവ്വകലാശാലകളിലും പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് സർവകലാശാലകൾക്കും യുജിസിക്കുമുള്ള നിയന്ത്രണാധികാരം എടുത്തുകളയുകയും തോന്നിയ പോലെ ഫീസ് നിശ്ച്ചയിച്ചു കൊണ്ട് യഥേഷ്ടം സ്വാശ്രയ കോഴ്സുകൾ തുടങ്ങാൻ അനുമതി നല്കുകയുമാണ് യുജിസി ചെയ്തത്. യുജിസിയുടെ കണക്കനുസരിച്ച് (ഏപ്രിൽ 20l8) 850 സർവകലാശാലകളാണ് ഇന്ത്യയിലുള്ളത്: സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള സർവകലാശാലകൾ- 384, ഡീംഡ് യൂണിവേഴ്സിറ്റി-123, കേന്ദ്രസർവ്വകലാശാലകൾ - 47, സ്വകാര്യസർവകലാശാലകൾ - 296 എന്നിവയാണവ. കഴിഞ്ഞ രണ്ടു ദശകങ്ങളിൽ സൃഷ്ടിക്കപ്പെട്ടവയാണ് ഇതിലെ ഭൂരിഭാഗം സ്വകാര്യ സർവകലാശാലകളെന്നത്, ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ മേഖലയിൽ അംബാനി- ബിർള കമ്മീഷന്റെ സ്വാധീനം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നു. സമാനമായ സമീപനം തന്നെയാണ് ഉന്നത വിദ്യാഭ്യാസ കമ്മീഷന്റേതും.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്ക്കുന്നവരും പാർശ്വവല്ക്കരിക്കപ്പെട്ട വിഭാഗങ്ങളിൽപ്പെട്ടവരുമായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം പൂർണ്ണമായും നിഷേധിക്കപ്പെടാൻ ,ഇപ്പോൾ വിഭാവനം ചെയ്യപ്പെട്ട രീതിയിലുള്ള ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ നയങ്ങൾ കാരണമായിത്തീരും. രാഷ്ട്രീയവും സാംസ്കാരികവുമായ എല്ലാ വിയോജിപ്പുകളോടും കടുത്ത അസഹിഷ്ണുത പുലർത്തുകയും ഭൂതകാല സംബന്ധിയായ മിഥ്യാഭിമാനങ്ങളും ശാസ്ത്രവിരുദ്ധതയും അപര വിദ്വേഷത്തിലധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രവും കൈമുതലായുള്ള ഒരു ഭരണകൂടത്തിൻ കീഴിൽ ഉന്നത വിദ്യാഭ്യാസ മേഖല ഏതു രീതിയിൽ പരിവർത്തനം ചെയ്യപ്പെടുമെന്നത് പ്രവചനാതീതമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വ്യാപനത്തിന്‌ തടസമായി നില്ക്കുന്നത്, മതേതര ജനാധിപത്യ മൂല്യങ്ങളിലധിഷ്ഠിതമായ ഇന്ത്യൻ ഉന്നത വിദ്യാഭ്യാസമാണെന്ന വസ്തുതയാണ് ഈ മേഖലയിൽ സ്വാധീനമുറപ്പിയ്ക്കാർ ഹിന്ദുത്വ ശക്തികളെ പ്രേരിപ്പിക്കുന്നത്. ദീനാനാഥ് ബത്രമാർ ചിരിക്കുമ്പോൾ, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പരിമിതമായെങ്കിലും നിലനില്‍ക്കുന്ന അക്കാദമിക സ്വാതന്ത്ര്യത്തിന്റെ മരണമണിയാണ് മുഴങ്ങുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/india-dear-jnu-vc-universities-are-not-custodians-of-ultra-nationalism/

https://www.azhimukham.com/ultra-nationalism-violence-sangh-parivar-jnu-protest-kashmir-issue-pankaj-mishra/

https://www.azhimukham.com/offbeat-how-a-concerted-effert-destroy-jnu-by-anas-ali/


Next Story

Related Stories