UPDATES

ചരിത്രം എല്ലായ്പ്പോഴും ‘മനസ്സിനു കുളിര്‍മയേകുന്ന’ കാഴ്ചയല്ല; ‘വാഗണ്‍ ട്രാജഡി’ മായ്ചുകളഞ്ഞ സംഘപരിവാറിനോട് ചരിത്രകാരന്മാര്‍ പറയുന്നു

മലബാറിലെ മുസ്ലിം വിഭാഗത്തിന്റെ സ്വാതന്ത്ര്യ സമര പ്രഖ്യാപനത്തിന്റെ നാഴികക്കല്ലായാണ് യഥാര്‍ത്ഥത്തില്‍ മലബാര്‍ കലാപം പരിഗണിക്കപ്പെട്ടിട്ടുള്ളത്

ശ്രീഷ്മ

ശ്രീഷ്മ

കഴിഞ്ഞ ദിവസമാണ് തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ ചുമരില്‍ നിന്നും വാഗണ്‍ ട്രാജഡിയുമായി ബന്ധപ്പെട്ട ചിത്രം അധികൃതര്‍ നീക്കം ചെയ്തത് വാര്‍ത്തയാകുന്നത്. ബി.ജെ.പി തിരൂര്‍ മണ്ഡലം കമ്മറ്റിയുടെ ഇടപെടലിനെത്തുടര്‍ന്നാണ്, ദിവസങ്ങള്‍ക്കു മുന്നെ മാത്രം വരച്ച ചിത്രം റെയില്‍വേ നീക്കം ചെയ്യാന്‍ തയ്യാറായത്. യാത്രക്കാരുടെ ‘മനസ്സിനു കുളിര്‍മയേകുന്ന’ ചിത്രങ്ങളാണ് വരയ്ക്കാന്‍ ഉദ്ദേശിച്ചിരുന്നതെന്നും, മായ്ച്ചു കളഞ്ഞ ചിത്രം അത്തരത്തിലൊന്നല്ലെന്നുമടക്കം നിരവധി കാരണങ്ങളാണ് റെയില്‍വേ ഇതിനു മറുപടിയായി നല്‍കുന്നതെങ്കിലും, മലബാര്‍ കലാപമെന്നറിയപ്പെട്ട 1921ലെ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തെ ചരിത്രപരമായി നശിപ്പിക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്ന വാദം ശക്തമായി ഉയരുന്നുണ്ട്. വിവിധ രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകള്‍ വിഷയത്തില്‍ പ്രതിഷേധമറിയിക്കുകയും കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായിത്തന്നെ സ്മാരക ഹാളിനു മുന്നിലെ സ്റ്റേജില്‍ ചിത്രം വീണ്ടും വരയ്ക്കാനുള്ള തീരുമാനവുമായിട്ടുണ്ട്. എങ്കിലും, ഒരു ചരിത്രാഖ്യായികയെ പാടേ നശിപ്പിച്ചുകളയാന്‍ സംഘപരിവാര്‍ കാണിച്ച താല്‍പര്യം ചര്‍ച്ചയാകുകയാണ്.

സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്നും മുസ്ലിം വിഭാഗത്തിന്റെ പ്രാതിനിധ്യം തന്നെ മായ്ച്ചുകളയാനുള്ള വ്യഗ്രത മിക്കപ്പോഴും തീവ്ര വലതു സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ കരുതിക്കൂട്ടിയുള്ള നീക്കം തന്നെയാണ് തിരൂര്‍ വിഷയത്തിലും ഉണ്ടായിരിക്കുന്നതെന്ന് ചരിത്രകാരന്മാരും പറയുന്നു. മലബാര്‍ കലാപവും വാഗണ്‍ ട്രാജഡിയും യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയ കലാപത്തിന്റെ ഭാഗമാണെന്നും, അവയ്ക്ക് സ്വാതന്ത്ര്യ സമരപ്രസ്ഥാനവുമായി ബന്ധമൊന്നുമില്ലെന്നുമായിരുന്നു ബി.ജെ.പി തിരൂര്‍ മണ്ഡലം കമ്മറ്റിയുടെ പ്രധാന വാദം. അങ്ങേയറ്റം ചരിത്രവിരുദ്ധമായ പരാമര്‍ശമാണിതെന്നാണ് എം.ജി.എസ് നാരായണന്‍ അടക്കമുള്ള ചരിത്രകാരന്മാരുടെ നിരീക്ഷണം. മലബാറിലെ മുസ്ലിം വിഭാഗത്തിന്റെ സ്വാതന്ത്ര്യ സമര പ്രഖ്യാപനത്തിന്റെ നാഴികക്കല്ലായാണ് യഥാര്‍ത്ഥത്തില്‍ മലബാര്‍ കലാപം പരിഗണിക്കപ്പെട്ടിട്ടുള്ളത്.

മലബാര്‍ കലാപവും വാഗണ്‍ ട്രാജഡിയും

മലബാര്‍ കലാപത്തെക്കുറിച്ച് പഠനം നടത്തിയിട്ടുള്ളവരില്‍ പ്രധാനിയായ കെ.എന്‍. പണിക്കര്‍ ഈ വിഷയത്തിലെഴുതിയ പുസ്തകത്തിന്റെ പേര് ‘Against Lord and State’ എന്നാണ്. കൃത്യമായി ആ പേരില്‍ സൂചിപ്പിക്കുന്ന പോലെ, രണ്ടു തരം അധികാര വര്‍ഗ്ഗത്തിനെതിരെ അന്നു കര്‍ഷക തൊഴിലാളികളായിരുന്ന മുസ്ലിം ജനവിഭാഗം നടത്തിയ പ്രക്ഷോഭമായിരുന്നു മാപ്പിള ലഹള എന്നു വിളിക്കപ്പെട്ട മലബാര്‍ കലാപം. അധികാരശ്രേണിയുടെ മേലേക്കിടയിലുള്ള ബ്രിട്ടീഷുകാര്‍ക്കെതിരെയും അവര്‍ക്ക് ഒത്താശ പാടിയ ഭൂപ്രഭുത്വത്തിനെതിരയെുമായിരുന്നു അവരുടെ പ്രതിഷേധം. ബ്രിട്ടീഷുകാരോട് അടുപ്പം പുലര്‍ത്തിയ ജന്മി വര്‍ഗ്ഗം മിക്കതും ഹിന്ദു കുടുംബങ്ങളായതിനാല്‍ അതിനു വര്‍ഗ്ഗീയ കലാപത്തിന്റെ നിറം പൂശപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ഭൂപ്രഭുത്വത്തില്‍ മുസ്ലിം മതവിശ്വാസികളായ ജന്മികളുണ്ടായിരുന്നുവെന്നും, വാഗണ്‍ട്രാജഡിയില്‍ കൊല്ലപ്പെട്ടവരില്‍ ഹിന്ദുക്കളുണ്ടായിരുന്നുവെന്നും ചരിത്രകാരന്മാര്‍ ഇതിനു തെളിവായി ചൂണ്ടിക്കാട്ടുന്നു.

കലാപം ശക്തിപ്പെട്ടതോടെ അത് അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി സമരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരും അല്ലാത്തവരുമായ താഴെത്തട്ടിലുള്ള നിരവധി പുരുഷന്മാരെയാണ് ബ്രിട്ടീഷുകാര്‍ അക്കാലത്ത് കൂട്ടമായി പിടിച്ചുകൊണ്ടു പോയത്. നിരവധി പേരെ വെടിവെച്ചു കൊലപ്പെടുത്തുകയും പച്ചയ്ക്കു കത്തിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ ശരിയായ കണക്കുകള്‍ പോലും ഒരു രേഖകളിലുമില്ല. അന്നത്തെ ഈ നരഹത്യയ്‌ക്കെതിരെ സംസാരിക്കാന്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പോലും തയ്യാറായില്ല. കലാപത്തോടെ വേരോടെ അറുക്കുക എന്ന ഉദ്ദേശത്തോടെ, മാപ്പിള വിഭാഗത്തില്‍പ്പെട്ട എല്ലാ പുരുഷന്മാരെയും തെരഞ്ഞുപിടിച്ചു കൊലപ്പെടുത്തുന്ന അതിക്രൂരമായ വംശഹത്യയായിരുന്നു പിന്നീട് അരങ്ങേറിയത്.

അതിന്റെ ഭാഗമായാണ്, വിവിധയിടങ്ങളില്‍ നിന്നും പിടിക്കപ്പെട്ട 200 പേരെ മലപ്പുറത്തു നിന്നും തിരൂരിലേക്ക് ചങ്ങലകളില്‍ ബന്ധിച്ച് നടത്തിക്കൊണ്ടു വന്നത്. തിരൂര്‍ ജയിലില്‍ ഇവരെ അടയ്ക്കുകയും ശേഷം അവിടെനിന്നും മറ്റെങ്ങോട്ടെങ്കിലും മാറ്റുകയുമായിരുന്നു ലക്ഷ്യം. 1921 ആഗസ്തില്‍ കലാപം തുടങ്ങിയതു മുതല്‍ ജനുവരി കാലഘട്ടം വരെ നിരവധി പേരെയാണ് ഇത്തരത്തില്‍ പിടിച്ചുകൊണ്ടുപോയത്. നാസി ക്യാമ്പുകളില്‍ നടന്നിരുന്നതിനു സമാനമായ ക്രൂരതകളാണ് ഇവര്‍ക്കു നേരിടേണ്ടി വന്നിരുന്നതെന്ന് പല പഠനങ്ങളിലും പറയുന്നു.

200 പേരില്‍ 100 പേരെ മാത്രമേ ജയിലിലടയ്ക്കാന്‍ സാധിക്കുകയുള്ളൂ എന്നു വന്നപ്പോഴാണ് ചരിത്രത്തില്‍ത്തന്നെ ഏറ്റവും ക്രൂരമായ നരഹത്യകളിലൊന്നിനു കളമൊരുങ്ങിയത്. കേബിളും മറ്റും കൊണ്ടുവരുന്ന വായു കടക്കാത്ത വാഗണുകളില്‍ ബാക്കിവന്ന നൂറു പേരെ ഇടിച്ചു കയറ്റുകയായിരുന്നു. മദ്രാസിലേക്കുള്ള ട്രെയിനില്‍ ഘടിപ്പിച്ച വാഗണുകളില്‍ അടയ്ക്കപ്പെട്ടവരില്‍ ഹിന്ദുക്കളും മുസ്ലിങ്ങളുമുണ്ടായിരുന്നു. കോയമ്പത്തൂരിനടത്തുത്ത് പോത്തന്നൂരില്‍വച്ച് വാഗണ്‍ തുറന്നപ്പോള്‍ നൂറില്‍ അന്‍പത്തിയാറു പേരും മരിച്ചു കിടക്കുകയായിരുന്നു. ജീവനോടെ രക്ഷപ്പെട്ടവരില്‍ പതിനാലു പേര്‍ ജയിലിലും ആശുപത്രിയിലുമായി വീണ്ടും മരണപ്പെട്ടു. ആകെ എഴുപതു പേര്‍ കൂട്ടക്കൊലയ്ക്കിരയായ വാഗണ്‍ ട്രാജഡിയില്‍ നിന്നും രക്ഷപ്പെട്ടവരുടെ മൊഴികളില്‍ പറഞ്ഞിരുന്നതു പോലെ, ‘മത്തിവറ്റിച്ചതു പോലെ കിടന്നിരുന്ന’ മൃതദേഹങ്ങളായിരുന്നു വാഗണില്‍ ബാക്കിയായത്.

തങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തെ ഇല്ലാതാക്കാനുള്ള ബ്രിട്ടീഷ് പട്ടാളത്തിന്റെ ശ്രമത്തില്‍ കൊല്ലപ്പെട്ട ഈ മനുഷ്യരുടെ സമരം എങ്ങിനെയാണ് സ്വാതന്ത്ര്യ സമരമല്ലാതാകുക എന്നാണ് ചരിത്രകാരന്മാരുടെ ചോദ്യം. വാഗണ്‍ ട്രാജഡിയെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുള്ള, കോഴിക്കോട് സര്‍വലകാശാല ചരിത്ര വിഭാഗം തലവനായ ഡോ. ശിവദാസന്‍ പി. പറയുന്നതിങ്ങനെ: ‘മാപ്പിളമാരുടെ പ്രധാന എതിര്‍പ്പ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടാണ്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടന്നിട്ടുള്ള എല്ലാ സമരങ്ങളും സ്വാതന്ത്ര്യ സമരങ്ങളാണ്. ആദ്യ കാലഘട്ടങ്ങളില്‍ കോണ്‍ഗ്രസു പോലും സ്വാതന്ത്ര്യ സമരമായി കാണാതിരുന്ന സമരമാണ് മലബാര്‍ മാപ്പിളമാരുടേത്. 1937ല്‍ രാജാജി മന്ത്രിസഭ മദ്രാസില്‍ വന്നപ്പോഴാണ് ഇവര്‍ക്കെതിരായുണ്ടായിരുന്ന നിയമങ്ങളെല്ലാം എടുത്തുകളയുകയും, ഇവരെയും മുഖ്യധാരാ സ്വാതന്ത്ര്യ സമരത്തിലേക്ക് കൊണ്ടുവരികയും ചെയ്തത്. 37നു ശേഷം മാത്രമേ മാപ്പിള ലഹളയെ കര്‍ഷകസമരമായിക്കണ്ട് പരിഗണിച്ചിട്ടുള്ളൂ. അവരുടെ പ്രതിഷേധം ഭൂവുടമകളോടും ബ്രിട്ടീഷ് സര്‍ക്കാരിനോടുമായിരുന്നു. ഈ പറയുന്ന പാക്കിസ്ഥാന്‍ വാദത്തിനൊന്നും മലബാറില്‍ വലിയ സ്ഥാനമുണ്ടായിരുന്നില്ല. വളരെ അപൂര്‍വം ചിലര്‍ മാത്രമേ ഇവിടങ്ങളില്‍ അതിനെ പിന്തുണച്ചിട്ടുള്ളൂ.

നൂറു കണക്കിനു വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയായിരുന്നു മാപ്പിളമാര്‍. അവര്‍ക്കു ഭൂമിയുണ്ടായിരുന്നില്ല. പള്ളി പണിയാനോ വഴി നടക്കാനോ അവകാശമുണ്ടായിരുന്നില്ല. മുഖ്യധാരയില്‍ സ്ഥാനമുറപ്പിക്കാനുള്ള സ്വാതന്ത്ര്യമില്ല. വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളില്ല. കൊടും പട്ടിണി. ആ അവസ്ഥയില്‍ അന്നത്തെ ബ്രിട്ടീഷ് പൊലീസിനും അവരോടു കൂടെ നിന്നിരുന്ന ഭൂപ്രഭുത്വത്തിനുമെതിരെ നടത്തിയ സമരം തന്നെയായിരുന്നു അത്. അതിനവര്‍ക്കു തുണയായത് മുസ്ലിം മതവിശ്വാസമാണെന്നതിലും തര്‍ക്കമില്ല. വളരെ പ്രാകൃതമായ രീതിയില്‍ സംഘടിച്ച് ശത്രുവിന്റെ ശക്തി തിരിച്ചറിയാതെ ഇറങ്ങിപ്പുറപ്പെട്ട പാവങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. നേതൃത്വമില്ലായ്മയും ആഭ്യന്തരപ്രശ്‌നങ്ങളുമാണ് ഇവരെ പരാജയപ്പെടുത്തിയത്. ഭൂപ്രഭുക്കന്‍മാര്‍ ഒന്നടങ്കം, മാപ്പിള സമുദായത്തില്‍പ്പെട്ടവരടക്കം ഈ സമരത്തെ ഒറ്റു കൊടുക്കുകയായിരുന്നു.

സ്വാതന്ത്ര്യ സമരം എന്താണെന്നു തന്നെ അറിയാത്ത ബി.ജെ.പിക്കാരാണ് ഇപ്പോള്‍ ഈ വാദവുമായി വരുന്നത്. ഒറ്റുകൊടുക്കലിന്റെ രാഷ്ട്രീയവും ഗാന്ധിജിയെ വെടിവെച്ചുകൊന്നതിന്റെ പാരമ്പര്യവും മാത്രമേ അവര്‍ക്ക് അവകാശപ്പെടാനുള്ളൂ. ആന്‍ഡമാന്‍ ജയിലുകളില്‍ കിടന്നിരുന്ന അവരുടെ പ്രമുഖരെല്ലാം, ശേഷിച്ച ജീവിതകാലം മുഴുവന്‍ ബ്രിട്ടീഷുകാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു കൊള്ളാമെന്നു മാപ്പെഴുതിക്കൊടുത്തതും എല്ലാവര്‍ക്കുമറിയാം. പിന്നെ എന്തു ദേശസ്‌നേഹമാണ് ഇവര്‍ക്കുള്ളത്?’

മലബാറിലെ മുസ്ലിങ്ങള്‍, സ്വാതന്ത്ര്യ സമരചരിത്രം, ചിത്രത്തിലില്ലാത്ത സംഘപരിവാര്‍

‘ബ്രിട്ടീഷുകാര്‍ക്കെതിരെ ആരംഭിച്ചതാണ് മലബാര്‍ കലാപമെന്നതില്‍ തര്‍ക്കമില്ല. അന്നത്തെ ഉന്നത ഉദ്യോഗസ്ഥരെല്ലാം ഹിന്ദുക്കളായിരുന്നല്ലോ. അവര്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ സംരക്ഷിക്കുകയും അധികാരിവര്‍ഗ്ഗത്തിനു വേണ്ടി സംസാരിക്കുകയും ചെയ്തപ്പോള്‍, സ്വാഭാവികമായും സമരം അവര്‍ക്കുമെതിരായി. അങ്ങിനെയാണ് മലബാര്‍ കലാപത്തിന് ഹിന്ദു-മുസ്ലിം ഛായ കൈവരുന്നത്. ബി.ജെ.പിക്കാര്‍ ഇപ്പോള്‍ ഇതു പാര്‍ട്ടിക്കാര്യമാണ്. അവര്‍ക്ക് അനുകൂലമായി കാര്യങ്ങളെ കൊണ്ടുവരാന്‍ വേണ്ടി ചെയ്യുന്ന കൃത്രിമം തന്നെയാണിത്.’ മുതിര്‍ന്ന ചരിത്രകാരനായ എം.ജി.എസ് നാരായണന്‍ പറഞ്ഞു. ചരിത്രബോധമില്ലായ്മയല്ല സംഘപരിവാറിന്റെ സവിശേഷത, മറിച്ച് ചരിത്രത്തെ കൃത്യമായ സമയങ്ങളില്‍ വളച്ചൊടിക്കാനും പുനര്‍നിര്‍വചിക്കാനുമുള്ള അജണ്ടയാണ് നടപ്പാക്കപ്പെടുന്നതെന്ന് അക്കാദമിക പ്രാഗത്ഭ്യമുള്ളവരും സാമൂഹിക പ്രവര്‍ത്തകരും ഒന്നടങ്കം സമ്മതിക്കുന്നു.

മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെ ഒറ്റുകൊടുപ്പുകാരായും വര്‍ഗ്ഗീയ ലഹളകള്‍ക്കു കാരണക്കാരായും ചിത്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബോധപൂര്‍വ്വം നടക്കുന്ന നീക്കമാണിതെന്നു വിലയിരുത്തേണ്ടതുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഒരു മുസ്ലിം മൂവ്‌മെന്റ് രേഖപ്പെടുത്തപ്പെടുന്നതിലെ അസഹിഷ്ണുതയാണ് തിരൂരിലുമുണ്ടായത്. മുപ്പതോളം ആധികാരിക പഠനങ്ങള്‍ മലബാര്‍ കലാപത്തെക്കുറിച്ച് നടന്നിട്ടുണ്ടെന്നും, അവയിലെല്ലാം തന്നെ മലബാറിലെ ആദ്യത്തെ ബ്രിട്ടീഷ് വിരുദ്ധ ചെറുത്തു നില്‍പ്പ് എന്നയര്‍ത്ഥത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായാണ് അതിനെ കണക്കാക്കിയിട്ടുള്ളതെന്നും ശ്രീശങ്കരാചാര്യ സര്‍വകലാശാലയിലെ അധ്യാപികയും ഗവേഷകയുമായ ഡോ.ഷംഷാദ് ഹുസൈന്‍ പറയുന്നു.

‘വാഗണ്‍ ട്രാജഡി എന്ന വാക്കു പോലും ബ്രിട്ടീഷുകാരെ പിന്താങ്ങുന്ന ഒന്നാണ്. ട്രാജഡി എന്നാല്‍ ദുരന്തമാണ്, അറിയാതെ സംഭവിച്ചുപോയത്. പ്രാദേശികരായ നാട്ടുകാരോട് സംസാരിച്ചു നോക്കൂ. ട്രാഡജി എന്ന വാക്ക് ഒരാള്‍ പോലും ഉപയോഗിക്കില്ല. കൂട്ടക്കൊല എന്നാണ് അവര്‍ പറയുക. നമ്മുടെ ചരിത്രം കൊളോണിയല്‍ മൂല്യങ്ങളാല്‍ ബാധിക്കപ്പെട്ടതാണ്. നാട്ടുകാരുടെ ഓര്‍മയില്‍ അതങ്ങനെയല്ല. ഈ സമരം ബ്രിട്ടീഷുകാര്‍ക്കെതിരെയല്ലെങ്കില്‍, അവരെന്തിന് അതില്‍ പങ്കെടുത്തവരെ വേട്ടയാടുകയും കൊലപ്പെടുത്തുകയും ചെയ്യണം?

പക്ഷേ, കെ.എന്‍. പണിക്കരടക്കമുള്ളവര്‍ എടുത്തു പറയുന്ന ഒരു കാര്യം, മലബാറിലെ മാപ്പിളമാരുടെ പോരാട്ടവീര്യത്തിന് മതബോധം ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട് എന്നതാണ്. അതു പക്ഷേ, സംഘപരിവാര്‍ വിശദീകരിക്കുന്ന അര്‍ത്ഥത്തിലല്ല. മതത്തിന്റെ ഭാഗമായി നിന്നുകൊണ്ടു തന്നെ സര്‍ക്കാരിനെതിരെ പോരാടാനുള്ള സന്നദ്ധത അവര്‍ കാണിച്ചു എന്നതു മാത്രമാണ് ഇതില്‍ മതത്തിന്റെ ഘടകം. കോല്‍ക്കളി പഠിപ്പിക്കാന്‍ കൂടുന്ന സദസ്സുകളിലും വെള്ളിയാഴ്ചകളിലെ കൂട്ടപ്രാര്‍ത്ഥനകളിലും സര്‍ക്കാരിനെതിരായ ചര്‍ച്ചകള്‍ കൊണ്ടുവന്നിരുന്നവരാണ് മലബാറിലെ മാപ്പിളമാര്‍. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഉത്തമ മാതൃകയല്ലേ മലബാര്‍ കലാപം?

മറ്റെല്ലാ മേഖലകളിലും മുസ്ലിം വിഭാഗക്കാര്‍ക്കെതിരെ നടത്തുന്ന അതിക്രമത്തിന്റെ ഭാഗം തന്നെയാണ് തിരൂരിലുണ്ടായതും. അവരുടെ കണ്ണില്‍ മുസ്ലിം മതവും, സംസ്‌കാരവും അതുമായി ബന്ധപ്പെട്ട മറ്റെല്ലാം മോശപ്പെട്ടതാണല്ലോ. മുസ്ലിങ്ങള്‍ ആദ്യമേ ഇങ്ങനെയാണ്, അവര്‍ ചരിത്രത്തിലും ഇങ്ങനെയാണ് എന്നു കാണിക്കാനുള്ള ശ്രമമാണ്. മാപ്പിള എന്നൊരു വിഭാഗം ബ്രിട്ടീഷ് നരേറ്റീവുകളുടെ ഭാഗമായാണ് മതഭ്രാന്തിന്റെ പര്യായമായി മാറുന്നത് എന്ന് എം ടി അന്‍സാരിയടക്കമുള്ള ചരിത്രകാരന്മാര്‍ പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തെ എതിര്‍ത്തു സംസാരിക്കുന്നതുവഴി സംഘപരിവാറും ഉയര്‍ത്തിക്കൊണ്ടു വരുന്നത് അന്നത്തെ കൊളോണിയല്‍ ശക്തികളുടെ അതേ വാദമുഖങ്ങളാണ്.

അന്നത്തെ ബ്രിട്ടീഷുകാരുടെ പ്രേതം വിട്ടുപോകാതെ ബി.ജെ.പി പ്രവര്‍ത്തകരില്‍ ഇന്നും ബാക്കിയുണ്ടെന്ന് ഡോ.ശിവദാസും പറയുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ഒരു കാലത്തും ഭാഗമാകാതിരുന്ന സംഘപരിവാര്‍ ശക്തികളുടെ വാക്കുകളല്ല, മറിച്ച് ആ സമരത്തിനായി ജീവത്യാഗം ചെയ്തവരുടെ അനുഭവങ്ങള്‍ തന്നെയാണ് യാഥാര്‍ത്ഥ്യം എന്നാണ് അദ്ദേഹമടക്കമുള്ളവരുടെ പക്ഷം. ‘ഇന്ത്യയുടെ ചരിത്രത്തിലെത്തന്നെ പ്രധാനപ്പെട്ട ഒരു ജീവത്യാഗമാണിത്. അവരുണ്ടാക്കിത്തന്ന മണിമഞ്ചത്തിലാണ് നമ്മളിന്ന് നില്‍ക്കുന്നതെന്നോര്‍ക്കണം.’

ബി.ജെ.പിയുടെ ആവശ്യം പകല്‍പോലെ വ്യക്തമാണ്. 1921ന്റെ നൂറാം വാര്‍ഷികം വരുമ്പോള്‍ നാടാകെ കത്തണം, വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടാകണം. അതില്‍ നിന്നും അവര്‍ക്കു വോട്ടു പിടിക്കണം. ഉത്തരേന്ത്യയില്‍ വര്‍ഷങ്ങളായി ഇറക്കുന്ന അതേ കാര്‍ഡ് ഇവിടെയിറക്കാനുള്ള ശ്രമം മാത്രമാണിത്. തിരൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ഈ ജീവത്യാഗമല്ലാതെ മറ്റെന്താണ് ഓര്‍ക്കേണ്ടത്? ചിത്രം മായ്ച്ചതുകൊണ്ട് ജനങ്ങളുടെ മനസ്സില്‍ നിന്നും അതു മായില്ല. ഇതെല്ലാമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരം.’

വാഗൺ ട്രാജഡിയും തിരൂർ റെയിൽവേ സ്റ്റേഷനും; നമ്മളെത്തി നില്‍ക്കുന്നിടം ഓര്‍മിക്കാന്‍ ചില മുറിവുകള്‍ ഉണങ്ങാതെ നില്‍ക്കേണ്ടതുണ്ട്; അവര്‍ക്കത് മായ്ക്കുകയും വേണം

പൈക ഒന്നാം സ്വാതന്ത്ര്യ സമരവും മലബാര്‍ കലാപം ജിഹാദുമാകുന്ന സംഘി ചരിത്രവായനകള്‍

മലബാര്‍ കലാപം എന്ന ജിഹാദ്; കുമ്മനം പുതു ചരിത്രരചന നടത്തുമ്പോള്‍

തുടരുന്ന നേതാജി നിഗൂഢത; അടുത്ത അധ്യായം മോദി വക

പഠനമുറികളിലേക്ക് ഒളിച്ചു കടത്തുന്ന (കാവി) ചരിത്രം

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍