TopTop
Begin typing your search above and press return to search.

കടവുംഭാഗം ജൂതപ്പള്ളി ഇടിഞ്ഞുവീഴുമ്പോള്‍ മറയുന്നത് 450 വര്‍ഷത്തെ കറുത്ത ജൂതരുടെ ചരിത്രം; വംശീയതയുടെയും

കടവുംഭാഗം ജൂതപ്പള്ളി ഇടിഞ്ഞുവീഴുമ്പോള്‍ മറയുന്നത് 450 വര്‍ഷത്തെ കറുത്ത ജൂതരുടെ ചരിത്രം; വംശീയതയുടെയും
"യഹോവയുടെ വാതില്‍ ഇതു തന്നെ, നീതിമാന്‍മാര്‍ അതില്‍ കൂടി കടക്കും", ഭാഗികമായി തകര്‍ന്നെങ്കിലും പ്രധാന മുറിയിലേക്ക് നീതിമാന്‍മാര്‍ക്ക് കടക്കാന്‍ ഉള്ള കവാടം ഇപ്പോഴും ബാക്കി വച്ചിട്ടുണ്ട് കൊച്ചിയിലെ കടവുംഭാഗം ജൂതപ്പള്ളി. സങ്കീര്‍ത്തന പുസ്തകത്തിലെ ഈ വചനം ഹീബ്രു ഭാഷയില്‍ ആലേഖനം ചെയ്ത ഭാഗം, പൊളിഞ്ഞു വീണ കെട്ടിടത്തിന്റെ ബാക്കിയായ ഭാഗത്ത് ഇപ്പോഴും കാണാം. "ചരിത്രത്തെ ഇഷ്ടപ്പെടുന്ന ആരും കേള്‍ക്കാനാഗ്രഹിക്കാത്ത വാര്‍ത്ത, അതാണ് ഇന്നലെ കേട്ടത്",
മട്ടാഞ്ചേരി കടവുംഭാഗം ജൂതപ്പള്ളി മഴയില്‍ തകര്‍ന്ന് വീണപ്പോള്‍ ജൂത ചരിത്രാന്വേഷകനായ തൗഫീക്ക് സക്കറിയയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. കഴിഞ്ഞ ദിവസം മഴയില്‍ കുതിര്‍ന്ന് തകര്‍ന്ന് വീണ ചുമരുകള്‍ കൊച്ചിയുടെ ജൂത ചരിത്രത്തില്‍, കേരള ചരിത്രത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള സിനഗോഗിന്റേതാണ്.

ചരിത്രസ്മാരകമായി സൂക്ഷിക്കുന്ന മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിനും മുമ്പ് നിര്‍മ്മിച്ച സിനഗോഗിന് 450 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ചിലര്‍. മറ്റു ചില ചരിത്രാന്വേഷകര്‍ സിനഗോഗിന് അതിനും മുകളില്‍ ചരിത്രം അവകാശപ്പെടുന്നുമുണ്ട്. കറുത്ത ജൂതര്‍ എന്നും മലബാറി ജൂതര്‍ എന്നെല്ലാം പറയപ്പെടുന്ന തദ്ദേശീയരായ ജൂതര്‍ നിര്‍മ്മിച്ചതാണ് മട്ടാഞ്ചേരി കടവുംഭാഗത്തെ സിനഗോഗ്. കൊച്ചിയില്‍ കറുത്ത ജൂതരും വെളുത്ത ജൂതരും തമ്മില്‍ നിലനിന്നിരുന്ന വര്‍ണ വിവേചനത്തിന്റെ അടയാളവും ചരിത്രവും കൂടിയായിരുന്നു കടവുംഭാഗത്തെ സിനഗോഗ്. മട്ടാഞ്ചേരിയിലെ പഴയകാല കെട്ടിടങ്ങളുടെ കൂട്ടത്തില്‍ കറുത്ത ജൂതരുടെ പള്ളിയും നിന്നു. ജൂത ചരിത്രാന്വേഷകരല്ലാതെ ഈ കെട്ടിടം തിരക്കി ആരും വന്നതുമില്ല. പരദേശി സിനഗോഗിന്റെ നാനൂറാം വാര്‍ഷികം ആഘോഷമാക്കുമ്പോഴും അതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെ ജൂതരുടെ അടയാളമായ കടവുംഭാഗം സിനഗോഗിനെ ആരും ഓര്‍മ്മിച്ചതുമില്ല. കൊച്ചിയുടെ ചരിത്രവും പൈതൃകവും ഉള്‍ക്കൊള്ളുന്ന സിനഗോഗ് സംരക്ഷിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉള്ളതാണ്. സിനഗോഗിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ലെന്ന് പ്രദേശവാസികളും ജനപ്രതിനിധികളും പറയുന്നു.സിനഗോഗിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. മറ്റ് ചുമരുകളും ഏറെക്കുറെ പൂര്‍ണമായും പഴകി നാശത്തിന്റെ വക്കിലാണ്. ജൂതര്‍ ഇസ്രായേലിലേക്ക് പോയതിന് ശേഷം സിനഗോഗില്‍ പ്രാര്‍ഥനകള്‍ നടന്നിരുന്നില്ല. ഏറെക്കാലമായി പൂട്ടിക്കിടക്കുകയായിരുന്ന സിനഗോഗിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയും തര്‍ക്കം നിലനില്‍ക്കുന്നു. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള സിനഗോഗ് കയര്‍ ഗോഡൗണായും ഉപയോഗിച്ചിരുന്നു. അതിനും കെട്ടിടം യോഗ്യമല്ലെന്ന് മനസ്സിലായപ്പോള്‍ ഗോഡൗണ്‍ മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അവകാശത്തര്‍ക്കത്തെ തുടര്‍ന്ന് ചിലര്‍ പള്ളിയുടെ ഒരു വശം ജെസിബി ഉപയോഗിച്ച് തകര്‍ത്തു. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

Also Read: തിരിച്ചു പോകാത്ത ആ 29 പേര്‍; കേരളത്തിലെ ജൂത ജീവിതം

പുരാവസ്തു വകുപ്പ് സിനഗോഗ് ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്വകാര്യ വ്യക്തി സിനഗോഗും ഭൂമിയും ഈട് വച്ച് ബാങ്കില്‍ നിന്ന് വായ്പയെടുക്കുകയും തിരിച്ചടക്കാതെ ബാങ്ക് ജപ്തി നോട്ടീസ് കൈമാറുകയും ചെയ്തു. ഇത്തരത്തില്‍ തടസ്സം നില്‍ക്കുന്നതിനാലാണ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ വൈകുന്നതെന്ന് എംഎല്‍എ കെ.ജെ മാക്‌സി പറയുന്നു. ഇനി സിനഗോഗ് സംരക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലാണോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
"മുന്‍ സര്‍ക്കാര്‍ കറുത്ത സിനഗോഗ് ഏറ്റെടുക്കാനുള്ള എല്ലാ നടപടികളും നീക്കിയതാണ്. സ്വകാര്യ വ്യക്തിക്ക് പണം നല്‍കാനുള്ള നടപടികളും ആയിരുന്നു. എന്നാല്‍ അപ്പോഴാണ് ബാങ്ക് അധികൃതര്‍ സര്‍ക്കാരിനെ സമീപിച്ചത്. സ്വകാര്യവ്യക്തി ബാങ്കില്‍ ഈ വസ്തു ഈടാക്കി വായ്പ വാങ്ങി, ജപ്തി നടപടികള്‍ ബാങ്ക് ആരംഭിക്കുകയും ചെയ്തിരുന്നു. ബാങ്കിന് നല്‍കാനുള്ള തുക കൂടി നല്‍കിയാലേ സിനഗോഗ് ഏറ്റെടുക്കാന്‍ കഴിയൂ എന്നതുകൊണ്ടാണ് നടപടികള്‍ നീങ്ങുന്നത്. എത്രയും വേഗം അതിനുള്ള കാര്യങ്ങള്‍ ചെയ്യും. പക്ഷെ പത്ത് വര്‍ഷം മുമ്പെങ്കിലും അത് സംരക്ഷിക്കപ്പെടേണ്ടതായിരുന്നു. ഇനി ഇപ്പോള്‍ പൈതൃകമെന്ന് പറഞ്ഞ് സംരക്ഷിക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. അതിപ്പോള്‍ കുമ്മായക്കട്ടയാണ്. പ്രദേശത്തുള്ളവര്‍ക്ക് ആ കെട്ടിടം അങ്ങനെ നില്‍ക്കുന്നത് ഭീഷണിയുമാണ്. എങ്കിലും സംരക്ഷിക്കാനുള്ള വഴികള്‍ ആലോചിക്കും."
കഴിഞ്ഞ കൊച്ചി മുസ്‌രിസ് ബിനാലെയുടെ ഭാഗമായി ജൂതത്തെരുവിലെ മതിലുകളില്‍ ചിത്രങ്ങളും ജൂതരുടെ പാട്ടുകളും എഴുതുകയും വരയ്ക്കുകയും ചെയ്തിരുന്നു. പരദേശി സിനഗോഗില്‍ നിന്ന് തുടങ്ങിയ എഴുത്തും വരയും അവസാനിച്ചത് കടവുംഭാഗം ജൂത സിനഗോഗിന്റെ വലിയ ചുമരുകളിലായിരുന്നു. അന്ന് കൊച്ചിയിലെ ജൂത സ്ത്രീകളെയും ഗോള്‍ഡ് ലീഫ് കൊണ്ടുള്ള തീനാളവും ഇസ്രായേലി ആര്‍ട്ടിസ്റ്റ് ആയ മെയ്ദ്ദാദ് ഏലിയഹു ജൂതപ്പള്ളിയുടെ ചുമരുകളില്‍ വരച്ചു. 'തട്ടുമേ കേറാനൊരു ഏണിവച്ചു, തലങ്കമാര്‍ ചെന്നിരിപ്പാന്‍, എന്നേക്കും തന്നെ ഒരിമ ചെയ്യാന്‍, നസ്‌കാരം കാണ്‍മാനായി വാതില്‍ മൂന്ന' എന്ന കടവും ഭാഗം പള്ളിയെക്കുറിച്ചുള്ള പാട്ടിലെ വരികള്‍ മലയാളത്തിലും ഹീബ്രുവിലും തൗഫീക്ക് വലിയ അക്ഷരങ്ങളില്‍ എഴുതി. ആ ചുമരാണ് ഇപ്പോള്‍ നിലംപൊത്തിയത്.

"ജ്യൂ ടൌണ്‍ മുതല്‍ മരക്കടവ് വരെയുള്ള മറ്റുള്ള എല്ലാ കെട്ടിടങ്ങളില്‍ നിന്നും ഈ കെട്ടിടത്തിന്റെ പ്രത്യേകത ഉയര്‍ന്ന അടിത്തറ ആയിരുന്നു. നാലോ അഞ്ചോ പടികള്‍ ചവിട്ടി വേണം പ്രധാന ഭാഗത്തേക്ക് എത്താന്‍. പണ്ട് ഈ പള്ളിയുടെ മുന്നില്‍ ഒരു മുന്നറ (ante room) കൂടി ഉണ്ടായിരുന്നു. നഗവത്ക്കരണത്തിന്റെ ഭാഗമായി റോഡ് സ്ഥാപിച്ചപ്പോള്‍ ഈ മുന്നറ പൊളിച്ച് മാറ്റുകയാണുണ്ടായത്. ഈ പള്ളിയുടെ കീഴില്‍ ഉണ്ടായിരുന്ന യഹൂദരെല്ലാം ഇസ്രായേലിലേക്ക് കുടിയേറി. പിന്നീട് ഈ കെട്ടിടം യഹൂദരില്‍ നിന്ന് കൈമറിഞ്ഞ് പല ആളുകളുടെ കൈകളിലും എത്തി. കുറേ കാലം ഒരു ഗോഡൗണ്‍ ആയി ഉപയോഗിച്ചിരുന്നു. പിന്നീട് കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് അറവുമാടുകളെ കെട്ടിയിരുന്നു. അന്യാധീനപ്പെട്ട് കിടന്ന പള്ളിയുടെ മുന്‍ ഭാഗം പൊളിച്ച് നീക്കാന്‍ ആരൊക്കെയോ നടത്തിയ ശ്രമത്തില്‍ ഈ പള്ളിയുടെ മുന്‍ഭാഗത്തിന്റെ അടിത്തറ ഇളകിയിരുന്നു. അന്ന് ജെസിബി ഏല്‍പ്പിച്ച മുറിവുകള്‍ ആണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായത്. സര്‍ക്കാര്‍ ഏറ്റെടുത്ത് പള്ളി നന്നാക്കും എന്നൊക്കെ അന്ന് വാര്‍ത്തകളില്‍ വായിച്ചത് ഓര്‍ക്കുന്നു. പിന്നീട് സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ അത് പോലീസ് സംരക്ഷണത്തിലായിരുന്നു. അതിന് ശേഷം കഴിഞ്ഞ ഡിസംബറില്‍ അവിടെ എത്തിയപ്പോള്‍ ഏതോ ഒരു ബാങ്കിന്റെ നോട്ടീസ് ഒട്ടിച്ചിരിക്കുന്നത് കണ്ടു. ഏറ്റവുമൊടുവില്‍ സാറാ ആന്റിയുടെ ഫ്യൂണറല്‍ ചടങ്ങിന് എത്തിയപ്പോഴാണ് പള്ളി അവസാനമായി കണ്ടത്. സര്‍ക്കാര്‍ ഈ സ്ഥലവും കെട്ടിടവും ഏറ്റെടുത്ത് പള്ളി പുനര്‍നിര്‍മ്മിച്ച് ഒരു മ്യൂസിയം ആയി കാണണം എന്നായിരുന്നു മിക്ക ചരിത്ര സ്‌നേഹികളുടേയും ആഗ്രഹം"
തൗഫീക്ക് പറഞ്ഞു.ഒരു കാലത്ത് പ്രൗഢി വിളിച്ചോതിയിരുന്ന സിനഗോഗിന്റെ ഉള്‍വശം ഇന്ന് ശൂന്യമാണ്. അത്യന്തം അവഗണന നേരിട്ടതിന്റെ എല്ലാ ലക്ഷണങ്ങളുമുള്ള കെട്ടിടമായി അത് നിലനില്‍ക്കുന്നു. തറ പൊട്ടിപ്പൊളിഞ്ഞ്, ഓടുകള്‍ ഇളകി മാറിയും പൊട്ടിയും, മുന്‍വശവും മട്ടച്ചുവരും തുടങ്ങി, ആ കെട്ടിടത്തിന്റേതായ സവിശേഷതകളെല്ലാം വര്‍ഷങ്ങളുടെ അവഗണനയില്‍ നശിച്ചു. വെളുത്ത് ജൂതരോടുള്ള അമിത താത്പര്യവും കറുത്ത ജൂതരോടുള്ള അവഗണനയ്ക്കുമുള്ള ഉദാഹരണമാണ് കടവുംഭാഗം സിനഗോഗ് എന്ന് ജൂത ചരിത്ര ഗവേഷകരില്‍ ചിലര്‍ പറയുന്നു. വെളുത്ത പരദേശി ജൂതരുടെ ജീവിതവും സിനഗോഗും ആഘോഷിക്കപ്പെടുമ്പോള്‍ കേരളീയരുടെ കറുത്ത ജൂതരെ ചരിത്രത്തില്‍ നിന്ന് തന്നെ അവഗണിക്കുകയാണെന്ന് ഇവര്‍ പറയുന്നു. കേരളീയരുടെ തൊലിനിറമുള്ള ജൂതരെ കറുത്ത ജൂതര്‍ എന്ന് വിളിക്കുന്നതിലും വംശീയതയുണ്ട്. കടവുംഭാഗം പോലെ ചരിത്രപ്രസിദ്ധവും പ്രാധാന്യവുമുള്ള പള്ളി തകരുന്നതിലേക്ക വഴി വച്ചതും ഇതേ വംശീയതയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പണ്ട് പണ്ട് കൊച്ചിയില്‍

മട്ടാഞ്ചേരി ജൂത തെരുവിന്റെ തെക്കേ അറ്റമാണ് കടവുംഭാഗം മലബാറി സിനഗോഗ്. കടത്തുകടവിനോട് ചേര്‍ന്നുള്ള പള്ളിയായതിനാലാവും ഇതിന് കടവുംഭാഗം സിനഗോഗ് എന്ന് പേര് വന്നതെന്ന് ചരിത്രകാരന്‍മാര്‍ നിരീക്ഷിക്കുന്നു. ഒരു കാലത്ത് കൊച്ചിയിലെ തന്നെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചിരുന്ന പള്ളിയും ഇതായിരുന്നു. കേരളത്തിനും ഇന്ത്യക്ക് പുറത്തേക്കും കടവുംഭാഗം സിനഗോഗിന്റെ പ്രശസ്തി നീണ്ടതായി ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. വലുപ്പത്തിലും ഭംഗിയിലും എല്ലാം മുന്നില്‍ നിന്ന സിനഗോഗിനെക്കുറിച്ച് എഴുതിയ ചരിത്രകാരന്‍മാര്‍ നിരവധിയാണ്. സിനഗോഗ് നിര്‍മ്മിച്ച വര്‍ഷത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എസ് എസ് കോഡര്‍ പറഞ്ഞതിങ്ങനെ:
"1524ല്‍ മുസരിസിലെ ജൂതര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അവരില്‍ പലരും രക്ഷപെട്ടെത്തിയത് കൊച്ചിയിലേക്കാണ്. കൊച്ചങ്ങാടി സിനഗോഗ് വളരെ ചെുതാണെന്ന് മനസ്സിലാക്കിയ അവര്‍ മറ്റൊരു സിനഗോഗ് പണിതു. ജൂത മുതലിയാര്‍ ആയിരുന്ന ബാറൂഖ് ലേവിയാണ് അതിന് നേതൃത്വം നല്‍കിയത്. 1544ല്‍ നിര്‍മ്മാണം ആരംഭിച്ച് 1550ല്‍ പൂര്‍ത്തീകരിച്ചു".
എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ എ ഡി 1400ല്‍ തന്നെ ആരംഭിച്ചിരുന്നു എന്നും ബാറൂഖ് ലേവി 1539ല്‍ പള്ളി പുന:സ്ഥാപിച്ചു എന്നും ഐ എസ് ഹല്ലെഗു രേഖപ്പെടുത്തുന്നു. 1936ല്‍ സിനഗോഗ് പുനര്‍നിര്‍മ്മിക്കപ്പെട്ടതായും ചില രേഖകളുണ്ട്. 1649ല്‍ ആണ് സിനഗോഗ് സ്ഥാപിക്കപ്പെട്ടതെന്ന മറ്റൊരു വാദവുമുണ്ട്."മന്നില്‍ മെകവെറും കൊച്ചി തന്നി, മാനിച്ച ജൂതര്‍ കടകമ്പാകം, കടകമ്പാകമൊക്ക ഒത്തുകൂടി കരസീനായിപ്പള്ളി, എടുത്തുപൊക്കി..." കടവുംഭാഗം സിനഗോഗിനെക്കുറിച്ചുള്ള പാട്ടുകളൊന്നിന്റെ തുടക്കം ഇങ്ങനെയാണ്. പള്ളിയെ പൂര്‍ണമായും വിവരിക്കുന്ന പാട്ടില്‍ അതിന്റെ മനോഹാരിതയും ശില്പഭംഗിയും വാസ്തുവിദ്യാവൈഭവവും തുറന്നു കാണിക്കുന്നു. രണ്ട് നിലകളിലായാണ് സിനഗോഗ്. ഗേറ്റ്ഹൗസ്, പ്രാര്‍ഥനാമുറി, ഹീബ്രു സ്‌കൂള്‍, ഇടനാഴികള്‍ എല്ലാം അടങ്ങുന്നതായിരുന്നു അത്. കൊച്ചിയില്‍ ജീവിച്ചിരുന്ന റൂബി ഡാനിയല്‍ തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ ജൂതരുടെ പഴയ ഒരു നാടോടി പാട്ടിനെക്കുറിച്ച് പറയുന്നതില്‍ സിനഗോഗിന്റെ വലുപ്പത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. 800 ആളുകള്‍ക്ക് ഒന്നിച്ച് പ്രാര്‍ഥനക്കായി ഇരിക്കാം എന്ന സവിശേഷത കടവുംഭാഗം സിനഗോഗിനുള്ളതായി റൂബി ഡാനിയേല്‍ പറയുന്നു. റൂബി ഡാനിയേലിന്റെ ഓര്‍മ്മകളില്‍ സിനഗോഗിന് എതിര്‍വശം ഒരു മാര്‍ക്കറ്റും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സിനഗോഗില്‍ നിലനില്‍ക്കുന്നത് പ്രാര്‍ഥനാ മുറി മാത്രമാണ്. ഇടനാഴികളും ഗേറ്റ് ഹൗസും എല്ലാം ഇല്ലാതായി.

അന്ന് പള്ളിയിലെ കെടാവിളക്കില്‍ നാട്ടുകാര്‍ എണ്ണ നേരുകയും രോഗവും യാത്രാക്ലേശങ്ങളും മാറാനും കളവുമുതല്‍ തിരികെ കിട്ടാനും സുഖപ്രസവത്തിനും മറ്റുമായി ജൂതര്‍ കാഴ്ചദ്രവ്യങ്ങളും സംഭാവനയും നല്‍കിയിരുന്നു. കൊച്ചി രാജാവ് പള്ളിയുടെ മുന്നിലെ കടവിനടുത്ത് എത്തുമ്പോള്‍ ജൂതര്‍ പള്ളിയിലെ ഹെയ്ഖാല്‍ (തോറ സൂക്ഷിക്കുന്ന അള്‍ത്താര) തുറന്ന് വച്ച് രാജാവിന് ദര്‍ശനം സാധ്യമാക്കുമായിരുന്നു. രാജാവ് അതുകണ്ട് വണങ്ങി മുന്നോട്ട് പോകുമായിരുന്നു എന്നും രാജകുടുംബം കൊച്ചി കൊട്ടാരം വിട്ടുപോവും വരെ രാജാവിന് വണങ്ങാന്‍ പാകത്തിന് കടവ് സജ്ജമായിരുന്നു എന്നും റൂബി ഡാനിയല്‍ പുസ്തകത്തില്‍ കുറിക്കുന്നു.

Also See: ‘വാഗ്ദത്ത ഭൂമിയില്‍ നിന്നും ജനിച്ച മണ്ണിലേക്ക് വീണ്ടും’; മട്ടാഞ്ചേരി ജൂതപ്പള്ളിയുടെ 450 വര്‍ഷങ്ങള്‍-ഡോക്യുമെന്ററി

1955ല്‍ കടവുംഭാഗം സിനഗോഗിന് കീഴിലുള്ള വിശ്വാസികള്‍ ഇസ്രായേലിലേക്ക് പോയി. പള്ളിയിലെ ഏറ്റവും പ്രധാനപ്പെട്ട തോറയും തോറ സൂക്ഷിക്കുന്ന അലമാര പോലുള്ള അള്‍ത്താരയും അവര്‍ കൂടെ കൊണ്ട് പോയി. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അവര്‍ക്ക് അത് വില്‍ക്കേണ്ടി വന്നു. ഇന്നത് ഇസ്രായേലിലെ ഒരു ജര്‍മന്‍ ജൂത പള്ളിയില്‍ സ്ഥാപിച്ചിരിക്കുകയാണ്. പള്ളിയുടെ ചട്ടക്കൂട് മാത്രം അവശേഷിപ്പിച്ച് അകത്തെ അലങ്കാരങ്ങളെല്ലാം 1991ല്‍ ഫ്രെഡ് വേംസ് എന്ന ബ്രിട്ടീഷ് യഹൂദന്‍ വിലയ്ക്ക് വാങ്ങി. മര ഉരുപ്പടികളുള്‍പ്പെടെ എല്ലാം അദ്ദേഹം വാങ്ങി ഇസ്രായേലിലേക്ക് കൊണ്ടുപോയി. ജറുസലേം മേയര്‍ ആയിരുന്ന ടെഡി കോലക്കിനുള്ള പിറന്നാള്‍ സമ്മാനമായിരുന്നു അതെന്ന് ഫ്രെഡ് വേംസ് ഒരിക്കല്‍ വെളിപ്പെടുത്തി. തനിക്ക് കൊച്ചിയിലെ സിനഗോഗില്‍ പ്രാര്‍ഥിക്കണമെന്ന് പറഞ്ഞ ടെഡി കോലക്കിനോട് കൊച്ചിയിലേക്ക് പോവാനുള്ള ടിക്കറ്റ് എടുത്ത് നല്‍കാമെന്ന് വേംസ് പറഞ്ഞു. എന്നാല്‍ തനിക്ക് കൊച്ചിയിലെ സിനഗോഗ് ഇസ്രായേലിലേക്കെത്തണമെന്ന ആഗ്രഹമാണ് ടെഡി പ്രകടിപ്പിച്ചത്. അങ്ങനെയാണ് വേംസ് കടവുംഭാഗം സിനഗോഗിനെ ഇസ്രായേലിലേക്ക് എത്തിക്കുന്നത്. 40 അടി നീളമുള്ള കണ്ടെയ്‌നറില്‍ ഏഴ് ടണ്‍ ഭാരമുള്ള 'കടവുംഭാഗം പള്ളി' അദ്ദേഹം ഇസ്രയേലിലേക്ക് കൊണ്ടുപോയി. പീന്നീട് അത് ഇസ്രായേല്‍ നാഷണല്‍ മ്യൂസിയത്തിന് കൈമാറി. ഇസ്രായേല്‍ മ്യൂസിയത്തില്‍ കടവുംഭാഗം സിനഗോഗ് മാതൃകയില്‍ ഒരു സിനഗോഗ് പുനര്‍നിര്‍മ്മിക്കപ്പെട്ടു. അതിന് അഞ്ച് വര്‍ഷമെടുത്തു. 1996ല്‍ അത് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു.

Also Read: ‘കൊച്ചിയിലെ പോലെ ഇസ്രായേലിലും സൈറണ്‍ മുഴങ്ങും, അത് പക്ഷേ യുദ്ധത്തിന്റെയാണ്, ഞങ്ങള്‍ ഇവിടം അത്രത്തോളം മിസ്‌ ചെയ്യുന്നുണ്ട്’; ജൂതര്‍ മടങ്ങിയെത്തുമ്പോള്‍

കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories