TopTop
Begin typing your search above and press return to search.

ചെറുപ്പം മുതൽ നാം നട്ടു നനച്ചു വളർത്തിയ ദുരഭിമാനത്തിന്റെ കൈക്കോടാലിയാണ് ആതിരയുടെ അച്ഛൻ

ചെറുപ്പം മുതൽ നാം നട്ടു നനച്ചു വളർത്തിയ ദുരഭിമാനത്തിന്റെ കൈക്കോടാലിയാണ് ആതിരയുടെ അച്ഛൻ

അതിർത്തികളിൽ ഉയർന്ന കൊടിമരങ്ങൾ, ഉയർന്നു നിൽക്കുന്ന ദേവാലയ മിനാരങ്ങൾ, സ്തൂപങ്ങൾ, കപ്പേളകൾ.. ഉദ്ധരിച്ചു നിൽക്കുന്ന പുരുഷ ലിംഗാവിഷ്കാരങ്ങളുടെ ഇൻസ്റ്റലേഷനാണ് നാം ജീവിക്കുന്ന നാഗരികത. ഈ നാഗരികതയുടെ യുദ്ധങ്ങളിൽ കയ്യേറ്റം ചെയ്യപ്പെടുന്ന മണ്ണുപോലെ, അതിർത്തികൾ മാറ്റി വരച്ചുണ്ടാക്കുന്ന രാഷ്ട്രാതിർത്തികൾ പോലെ, നമ്മുടെ പുരാണങ്ങളിൽ യുദ്ധാനന്തരം കവർന്നെടുക്കപ്പെടുന്ന കനകവും ഗോക്കളുമെന്ന പോലെ അപഹരിക്കപ്പെടുന്ന സ്ത്രീകൾ.

വീട്ടുവാതിലെന്ന പോലെ ആണ്ടാൾ ദേവനായകിയുടെ യോനീമുഖം സ്വർണ്ണത്താഴിട്ടു പൂട്ടി താക്കോൽ കയ്യിൽ വയ്ക്കുന്ന നാട്ടരചനെ എഴുതുന്നുണ്ട്, ടി. ഡി. രാമകൃഷ്ണൻ. എട്ടുവീട്ടിൽ പിള്ളമാരെ തന്ത്രവും കായബലവും കൊണ്ട് നേരിട്ട വീരേതിഹാസം രചിച്ച സി വി രാമൻപിള്ള, താനറിയാതെ ഒരു നീചകൃത്യത്തിനു സാക്ഷ്യം പറയുന്നുണ്ട്. പിള്ളമാരുടെ ചെയ്തികളിൽ ഒരു പങ്കുമില്ലാതിരുന്ന അവരുടെ സ്ത്രീകളെ മുഴുവൻ കടപ്പുറത്തേക്ക് 'തുറ കയറ്റു'കയായിരുന്നു രാജാവ്.

പെണ്ണിനെ വംശസൃഷ്ടിയുടെയും പരിപാലനത്തിന്റെയും ഉപാധിയായായിക്കാണുന്ന ഗോത്രാവബോധത്തിന് ഇന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ല. ദേശവും കാലവും സംസ്കാരവും മാറുമ്പോഴും പുരുഷന്റെ ഈഗോയിൽ ഇന്ധനം നിറയ്ക്കുന്ന ഒരാദിപ്രരൂപമാണ് സ്ത്രീ സ്വകാര്യസ്വത്തെന്ന ബോധം. കടന്നുകയറുന്ന ദേശത്തെ കൊടിമരങ്ങൾ മുറിച്ചു വെന്നിക്കൊടി നാട്ടുന്ന പോലെ, പശുക്കളെ മോഷ്ടിക്കും പോലെ, ദേവാലയങ്ങൾ കൊള്ള ചെയ്യും പോലെ, അടിമ ദേശത്തെ സ്ത്രീകളെ ബലാൽക്കാരം ചെയ്യുന്നതും കാമമൊന്നുമല്ല, അധികാരമാണ്. അവളുടെ പുരുഷന്റെ ആത്മവീര്യം കെടുത്തുന്ന ഒരു മനഃശാസ്ത്ര അധിനിവേശം കൂടിയാണത്.

അതുകൊണ്ട്, സമുദായതിർത്തിക്കുള്ളിൽ പെണ്ണിനെ നിലനിർത്തുക, ചാടിപ്പോവാതെയും കവർന്നെടുക്കപ്പെടാതെയും കാത്തുവെയ്ക്കുക എന്നത് ആ സമുദായത്തിന്റെ collective egoയുടെ അവശ്യമാണ്. സമുദായത്തിൽ നിന്നും അതിന്റെ രീതികളിൽ നിന്നും വേറിട്ട്‌ ജീവിക്കാൻ തീരുമാനിക്കുന്ന ഒരു സ്ത്രീ സമുദായത്തിന്റെ അബോധത്തിലെ മഹാലിംഗ സങ്കല്പത്തിനേൽക്കുന്ന മുറിവാണ്.

ഈ മുറിവേറ്റ ഈഗോയാണ്, അതിനെ സ്വാശീകരിക്കുന്ന അബോധമാണ് ആതിരയുടെ അച്ഛനിൽ പ്രവർത്തന ക്ഷമമായത്, ജാതി ദുരഭിഭിമാനത്തോടൊപ്പം തന്നെ..

ആതിരയുടെ കാമുകന്റെ സമുദായാസ്തിത്വം അവളുടേതിനേക്കാൾ അല്പം 'ഉയർന്നതാണ്' എന്ന് അയാൾക്ക്‌ തോന്നിയിരുന്നുവെങ്കിൽ അയാൾ ഈ കൃത്യം ചെയ്യില്ലായിരുന്നു. അയാളുടെ ഈഗോയെ അത് ബാധിക്കുകയില്ല. ദുരഭിമാനക്കൊലകൾ ഏറെയും പ്രണയത്തിലേർപ്പെടുന്ന പെൺകുട്ടികളുടെ സമുദായങ്ങളാൽ നിർവഹിക്കപ്പെടുന്നത്തിന്റെ മനഃശാസ്ത്രവും മറ്റൊന്നല്ല.

http://www.azhimukham.com/trending-honor-killing-in-malappuram/

അതുകൊണ്ടാണ് "ഒരച്ഛന്റെ വികാരമാണത്." അയാൾ "മദ്യലഹരിയിൽ ആയിരുന്നു "തുടങ്ങിയ പരോക്ഷ ന്യായീകരണങ്ങൾ സ്ട്രീമിൽ നിറയുന്നത്. പടിയടച്ചു പിണ്ഡം വച്ചും കുടുംബത്തിൽ നിന്നും പുറത്താക്കിയും വംശശുദ്ധി കാത്ത എല്ലാ രക്ഷിതാക്കളും രക്തരഹിതമായ ഒരു കൊല തന്നെയാണ് നടത്തുന്നത്.

നമ്പൂതിരി പൽപ്പൊടിയും നമ്പീശൻ നെയ്യും നായരുടെ ചായക്കടയും ഒക്കെയായി ഇപ്പോഴും ജാതിയെ നോർമലൈസ് ചെയ്യുന്ന ഞാനും നിങ്ങളും നടത്തുകയോ നടത്താൻ മൗനാനുവാദം നൽകുകയോ ചെയ്യുന്നതെന്തും ഈ ദുരഭിമാനത്തിനു മൂലധനമാവുകയാണ്.

ശ്രീനാരായണഗുരുവിനെയും കുമാരനാശാനെയും പഠിക്കുന്ന എന്റെ കുട്ടികൾ.. അവരുടെ ഇരിപ്പിടങ്ങൾ കണ്ടു അരിശം വന്നുപോയ സന്ദർഭങ്ങളുണ്ട്. ഒരു ബഞ്ചിൽ നിറയെ മഫ്തകൾ. ഒരു ബഞ്ചിൽ ST ഹോസ്റ്റലിൽ നിന്നുള്ള കുട്ടികൾ. മുഖ്യധാരയുടെ ഭാഗമല്ലാത്തവരുടെ അരികിലാവലുകൾ.

കുട്ടികളുടെ ഒരു ചോയ്‌സിലും അങ്ങോട്ട്‌ കയറി ഇടപെടാറില്ല, ഉടുപ്പിലും നടപ്പിലുമൊന്നും... ഒരധ്യാപകൻ എന്ന നിലയിൽ.. പക്ഷേ ഈ സീറ്റിംഗ് രീതിയെ തന്ത്രപരമായി ഷഫിൾ ചെയ്തുകളയാറുണ്ട്. ചിലപ്പോഴൊക്കെ നേരിട്ട് പറഞ്ഞിട്ടുമുണ്ട്.

ഇങ്ങനെ ചെറുപ്പം മുതൽ നാം നട്ടു നനച്ചു വളർത്തിയ ദുരഭിമാനം.. ആ ദുരഭിമാനത്തിന്റെ കൈക്കോടാലിയാണ് ആതിരയുടെ അച്ഛൻ.

അവളോ..... ??

സ്വപ്‌നങ്ങളുടെ പട്ടടയിലേക്ക് എടുത്തു കഴിഞ്ഞ ആ പെൺകുട്ടിയുടെ ചോരയുടെ മണവും അടയാളവും നമ്മുടെ കയ്യിലും പുരണ്ടിരിക്കുന്നു.

(ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/newswrap-honour-killing-lynching-khap-panchayath-keralam-is-not-different-writes-sajukomban/


Next Story

Related Stories