TopTop
Begin typing your search above and press return to search.

കെട്ടിപ്പിടിച്ചതിന്റെ പേരില്‍ അന്ന് നിങ്ങള്‍ പുറത്തുനിര്‍ത്തി; ഇതാ ഒരു മധുരപ്രതികാരം

കെട്ടിപ്പിടിച്ചതിന്റെ പേരില്‍ അന്ന് നിങ്ങള്‍ പുറത്തുനിര്‍ത്തി; ഇതാ ഒരു മധുരപ്രതികാരം

തൃശൂർ ജില്ലയിലെ ചാവക്കാട് ബീച്ചിൽ സംസാരിച്ചു കൊണ്ടിരിക്കെ കമിതാക്കളെ മോറൽ പോലീസിങ്ങിന്റെ പേരിൽ ആക്രമിച്ച ചിലരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയുണ്ടായി, അക്കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു വിദ്യാർത്ഥിയെ പ്രായം കണക്കിലെടുത്തു പോലീസ് ശാസിച്ചു വിട്ടു. എങ്ങനെയായിരിക്കും ഒരു വിദ്യാർത്ഥിയുടെ ചിന്ത ഇത്ര ചെറുപ്പത്തിലേ പൊതുബോധത്തിനൊപ്പം സഞ്ചരിക്കുന്നത്. കാരണമന്വേഷിച്ച് നാം അധികം അലയേണ്ടതില്ല. ഏറ്റവും അധികം സദാചാര പോലീസിംഗ് വിളയാടുന്ന ഒരിടത്താണ് അവൻ അവന്റെ ദിവസങ്ങളിൽ ഭൂരിഭാഗവും ചിലവഴിക്കുന്നത്. അതെ, കേരളാ പോലീസ് കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും സംഘടിതമായ സദാചാര ഗുണ്ടാ സംഘം അധ്യാപകര്‍ ആണ്. സ്കൂളുകളിലെയും കോളേജുകളിലെയും സ്റ്റാഫ് റൂമുകളില്‍ നടക്കുന്നിടത്തോളം മോറല്‍ പോലീസിംഗ് മറ്റെവിടെയും നടക്കുന്നുണ്ടാകില്ല.

ലിംഗ വിവേചനം പരസ്യമായി തന്നെ നടത്തുകയും അതിനെ ചോദ്യം ചെയ്തവര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്ത്, ഇത്തരം വിഷയങ്ങളില്‍ തങ്ങളുടെ പ്രാകൃത നിലപാട് മുന്നേ വ്യക്തമാക്കിയതാണ് ഫറൂഖ്‌ കോളേജ് മാനേജ്മെന്റ്. അതേ കോളേജില്‍ നിന്നാണ് ഹോളി ആഘോഷിച്ച വിദ്യാര്‍ഥികളെ അധ്യാപകര്‍ തെരുവ് ഗുണ്ടകളെ പോലെ ആയുധങ്ങളുമായി ആക്രമിച്ച ദൃശ്യങ്ങളും അടുത്ത ദിവസം തന്നെ ഒരധ്യാപകന്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അധിക്ഷേപിച്ചു നടത്തുന്ന പ്രഭാഷണവും ഒക്കെ പുറത്തു വരുന്നത്. കോളേജുകളിലെ അവസ്ഥ ഇതാണെങ്കിൽ സ്‌കൂളുകളുടെ കഥ പറയാനുണ്ടോ? പോലീസ് സ്റ്റേഷൻ കഴിഞ്ഞാൽ ഏറ്റവും അധികം സദാചാര ഗുണ്ടാവിളയാട്ടം നടമാടുന്നത് അധ്യാപകരുടെ സ്റ്റാഫ് റൂമുകളാണ് എന്ന് പറയേണ്ടി വരും. കായികമായ ആക്രമണങ്ങള്‍ വല്ലപ്പോഴുമേ ഉണ്ടാകാറുള്ളൂ എന്നേയുള്ളൂ, അല്ലാതെ തന്നെ പ്രതികാരം ചെയ്യാനും ഫ്രസ്‌ട്രേഷന്‍ തീര്‍ക്കാനും ഒക്കെ ഇന്‍റേണല്‍ മാര്‍ക്ക്, മാതാപിതാക്കളെ വിളിപ്പിക്കൽ, പരീക്ഷ എഴുതിക്കാതിരിക്കൽ, അങ്ങനെ ധാരാളം അവസരങ്ങള്‍ അധ്യാപക കേന്ദ്രീകൃതമായ നമ്മുടെ അക്കാദമിക് സിസ്റ്റം നല്‍കുന്നുണ്ട്.

http://www.azhimukham.com/offbeat-stthomasschool-thiruvananthapuram-pramodpuzhankara-fbpost/

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കലോത്സവത്തില്‍ പാശ്ചാത്യ സംഗീത മത്സരത്തില്‍ വിജയിച്ച ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ ആലിംഗനം ചെയ്തതിന്റെ പേരില്‍ സ്‌കൂളിൽ നിന്നും രണ്ടു കുട്ടികളെ പുറത്താകുന്നത്. തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളെയാണ് സ്‌കൂൾ അധികൃതർ പുറത്താക്കിയത്. പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും അഞ്ച് മാസത്തോളം സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ജനുവരിയില്‍ സ്‌കൂള്‍ തുറന്നപ്പോഴാണ് ഇരുവരേയും തിരികെ പ്രവേശിപ്പിച്ചത്. ഇതിനകം നാല് മാസത്തെ ക്ലാസ് ഇരുവര്‍ക്കും നഷ്ടപ്പെട്ടു. ശശി തരൂര്‍ എം.പി അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇരുവരേയും സ്‌കൂളില്‍ തിരികെ പ്രവേശിപ്പിച്ചത്.

സ്‌കൂള്‍ അധികൃതര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലടക്കം ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥിക്ക് അറ്റന്‍ഡന്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ എഴുതുന്നത് തടയാനും സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചു. ഒടുവിൽ പരീക്ഷ എഴുതാന്‍ സി.ബി.എസ്.ഇ അനുവദിക്കുകയായിരുന്നു.

എന്നാൽ സ്‌കൂൾ അധികൃതരുടെ മോറൽ പോലീസിങ്ങിന് പ്ലസ് ടു വിദ്യാർത്ഥി തന്റെ അക്കാദമിക് മികവിലൂടെ മധുര പ്രതികാരം നടത്തിയിരിക്കയാണ്. നാല് വിഷയങ്ങളില്‍ എ-വണ്‍ ഗ്രേഡും നാല് വിഷങ്ങളില്‍ എ-ടു ഗ്രേഡുമായി 91.2 ശതമാനം മാര്‍ക്ക് വാങ്ങി മികച്ച വിജയമാണ് വിദ്യാര്‍ത്ഥി നേടിയത്.

മകന് ഇനി എല്‍എല്‍ബിക്കോ ബിബിഎയ്‌ക്കോ പോകാനാണ് താല്‍പ്പര്യമെന്ന് വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പറഞ്ഞു. നാല് മാസത്തോളം ക്ലാസ് നഷ്ടപ്പെട്ടിട്ടും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ലഭിച്ച പിന്തുണ കൊണ്ടാണ് മകന്‍ മാനസികമായി തളരാതിരുന്നത്. മാധ്യമങ്ങളും പൊതുസമൂഹവും പിന്തുണച്ചത് കൊണ്ടാണ് മകന് തിരികെ സ്‌കൂളില്‍ ചേരാന്‍ സാധിച്ചതെന്നും പിതാവ് പറയുന്നു.

അധ്യാപക വിഷം തീണ്ടി സ്നേഹത്തിന്‍റെ കുഞ്ഞു വിരലുകൾ തളർന്നു പോകുന്നില്ലല്ലോ എന്നൊരാശ്വാസം പ്ലസ് ടു വിദ്യാർത്ഥിയുടെ മികച്ച വിജയം സമ്മാനിക്കുന്നുണ്ട്.

http://www.azhimukham.com/kerala-high-court-upholds-suspension-of-class-xii-boy-girl-for-hugging-in-public/

https://www.azhimukham.com/trending-alumni-complait-against-the-school-who-expel-the-hugged-students/


Next Story

Related Stories