TopTop
Begin typing your search above and press return to search.

എനിക്കാരാണ് ഡോ. ബി.ആര്‍ അംബേദ്‌ക്കര്‍?

എനിക്കാരാണ് ഡോ. ബി.ആര്‍ അംബേദ്‌ക്കര്‍?
ഈയിടെ പുറത്തിറങ്ങിയ ഒരു നോവലിന്റെ ചിത്രം വരക്കാന്‍ ഏല്‍പ്പിച്ചിരുന്നത് ഇ.വി അനില്‍ എന്ന അനിലേട്ടനെ ആയിരുന്നു. ചിത്രം വരയുടെ പല ഘട്ടങ്ങളിലും അനിലേട്ടന്‍ വിളിച്ചു സംസാരിക്കുകയും ചെയ്യുമായിരുന്നു. ഒരു സംസാരത്തിന്റെ ഇടയിലാണ് ഒരു ചാപ്റ്ററിലെ ചിത്രം ഞാന്‍ ഉദ്ദേശിക്കാത്ത രീതിയില്‍ വരയ്ക്കാന്‍ അനിലേട്ടന്‍ തീരുമാനിച്ചത്. അനിലേട്ടന്‍ ഇങ്ങനെയാണ് പറഞ്ഞത്. “എടാ, നീ അതിനകത്ത് രണ്ടു വാചകങ്ങള്‍ മാത്രേ അംബേദ്‌ക്കറെ കുറിച്ച് എഴുതിയിട്ടുള്ളൂ. അത്രയും എഴുതിയാല്‍ മതി. പക്ഷെ എനിക്ക് സിഗ്നിഫിക്കന്റ്റ് ആയി തോന്നുന്നത് അതാണ്‌. അത് ഞാന്‍ ചിത്രമാക്കാന്‍ പോവുകയാണ്”.

ഡോ. ബി.ആര്‍ അംബേദ്‌കര്‍ എന്നാല്‍ ഞങ്ങളെ പോലുള്ളവര്‍ക്ക് പുസ്തകം വായിച്ച് ജ്ഞാനം തന്ന ആളൊന്നുമല്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ചു തിയറി പറയാന്‍ ആളുമല്ല. പക്ഷെ ഇന്ത്യയില്‍ ജാതിക്കെതിരെയുള്ള പോരാട്ടങ്ങളില്‍ അംബേദ്‌ക്കര്‍ ഒരു വല്ലാത്ത ധൈര്യവും ഒരു സ്റ്റൈലിഷ് ഐക്കണും തന്നെയാണ്.

ആദ്യമായി കല്ലെന്‍ പൊക്കുടന്‍ എന്ന മനുഷ്യന്റെ വീട്ടിലാണ് അംബേദ്‌ക്കറുടെ ഒരു ഫോട്ടോ പ്രധാന ഇടങ്ങളില്‍ ചുവരില്‍ കണ്ടത്. പൊക്കുടന്‍ വല്ല്യച്ഛനാണ് അംബേദ്‌ക്കറെക്കുറിച്ച് പറഞ്ഞു തന്നത്. അദ്ദേഹത്തിന്റെ മകന്റെ കൂടെ കണ്ണൂരിലെ ഒരു ബുക്ക്‌ സ്റ്റാളില്‍ പോയി അംബേദ്‌ക്കറുടെ സമ്പൂര്‍ണ കൃതികള്‍ വാങ്ങിയെങ്കിലും ഇതുവരെയൊന്നും വായിച്ചു തീര്‍ക്കാന്‍ പറ്റിയിട്ടില്ല. ഒരുപക്ഷേ, ഏറ്റവും മോശമായി ലെ-ഔട്ട്‌ ചെയ്ത, ഏറ്റവും മോശമായി പ്രിന്റ്‌ ചെയ്ത പുസ്തകങ്ങളില്‍ ഒന്നായിരിക്കാം ഇന്ത്യയിലെ അംബേദ്‌കര്‍ സമ്പൂര്‍ണ വാള്യങ്ങള്‍.

എന്നാല്‍ അതിനുമപ്പുറം അംബേദ്‌ക്കര്‍ ഈ ലേഖകനിലേക്ക് ഒക്കെ ആകര്‍ഷിച്ചത് അംബേദ്‌ക്കര്‍ എന്ന ജബ്ബാര്‍ പട്ടേല്‍ - മമ്മൂട്ടി സിനിമയില്‍ ആയിരിക്കാം. അതില്‍ ഗാന്ധിയോട് അംബേദ്‌ക്കര്‍ പറയുന്ന, ഹിന്ദു ധര്‍മ വ്യവസ്ഥയില്‍ എങ്ങനെയായിരിക്കും ഓരോരോ ജാതികളുടെ സ്ഥാനം? ബ്രാഹ്മണര്‍? ക്ഷത്രിയര്‍? വൈശ്യര്‍? ശൂദ്രര്‍? എന്നാ രീതിയില്‍? അല്ലെങ്കില്‍ തിരിച്ചോ എന്ന് ഗാന്ധിയോട് ചോദിക്കുന്നത് കേട്ട് ചോര തിളച്ചു തന്നെയാണ് അംബേദ്‌ക്കറെ ഇഷ്ടപ്പെട്ടു തുടങ്ങിയതും. അംബേദ്ക്കര്‍ സിനിമ മാത്രല്ല, കബാലി സിനിമയിലെ 'ഗാന്ധി സട്ടൈ കിഴിച്ചതർക്കും അംബേദ്ക്കർ കോട്ടു പോട്ടതിര്‍ക്കും കാരണമിറുക്ക്' എന്നത് ഞങ്ങളുടെ മാസ്സ് ഡയലോഗ് ആണ്.

ഈ നാട്ടില്‍ ജാതിയുടെ തീക്ഷ്ണമായ വിവേചനവും അതിക്രമവും പേറുന്ന അനേകം പേരും അംബേദ്‌ക്കറെ വായിച്ചിട്ടുണ്ടാകില്ല. പക്ഷേ അവരൊക്കെ പലപ്പോഴും പല ഇടങ്ങളിലും ജാതിക്കെതിരെ പൊട്ടിത്തെറിക്കുന്നത് കണ്ടിട്ടുണ്ട്. ഞങ്ങളുടെ നാട്ടില്‍ രണ്ടു കിലോ മീറ്ററോളം വെള്ളം കടത്താന്‍ പോകുന്ന പെണ്ണുങ്ങള്‍, മണല് കടത്താന്‍ പോകുന്ന ചേട്ടന്മാര്‍, ക്ലാസ് റൂമില്‍ പിന്‍ബെഞ്ചില്‍ ഇരിക്കുന്നവര്‍, സിനിമ ടാക്കീസില്‍ പുക വലിച്ചു വിടുന്നവര്‍, ഫേസ്ബുക്കിലെ അനേകങ്ങളായ എഴുത്തുകള്‍. ഇവരൊക്കെ അംബേദ്‌ക്കറുടെ തുടര്‍ച്ച ആയിരിക്കാം, അല്ലാതിരിക്കാം. പക്ഷെ അത്തരം വിക്ഷേപണങ്ങളില്‍ ഒക്കെ പലതരം ജാതി വിരുദ്ധ  മുന്നേറ്റങ്ങളും കാണുമ്പോള്‍ അത് മുഴുവനും അംബേദ്‌ക്കറെ കെട്ടിപ്പിടിച്ചു കൊണ്ടുള്ളത് മാത്രമല്ല. അംബേദ്‌ക്കറില്‍ നിന്നും ഉയര്‍ന്നു പറക്കുന്ന പുതിയ കാലത്തെ വിക്ഷേപണങ്ങളാണ് എന്നാണ് തോന്നുന്നത്.പക്ഷേ, ഏപ്രില്‍ പതിനാല് എന്ന ഒരു ദിവസം ഈ ലേഖകനെ പോലുള്ളവര്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു ദിവസം തന്നെയാണ്. ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്ന ഫേസ്ബുക്ക് പോലുള്ള ഇടങ്ങളില്‍ അംബേദ്‌ക്കറിന്റെ ചിത്രങ്ങള്‍ കൊണ്ട് നിറയുകയാണ്. ഈ ദിവസം അദ്ദേഹത്തിന് ഹാപ്പി ബെര്‍ത്ത്‌ഡേ പറയുന്നുണ്ട്; ജയ്‌ ഭീം പറയുകയാണ്‌. അംബേദ്‌ക്കറുടെ ജന്മദിനം വിവിധങ്ങളായ പൊതു പരിപാടികളിലൂടെ ആഘോഷിക്കപ്പെടുകയാണ്. അദ്ദേഹത്തെക്കുറിച്ച് 'വാട്ട് അംബേദ്‌ക്കര്‍ മീന്‍സ്‌ ടു മി?' എന്ന ഫേസ്ബുക്ക്‌ പേജുകള്‍ തുറക്കപ്പെടുകയാണ്. അംബേദ്‌ക്കര്‍ വിവിധ യൂണിവേഴ്സിറ്റികളില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ജര്‍മനിയിലെ സര്‍വകലാശാലകളില്‍ അംബേദ്‌ക്കര്‍ ജയന്തി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ വാട്സാപ്പില്‍ ലഭിക്കുകയാണ്.

അങ്ങനെ അംബേദ്‌ക്കര്‍ എന്ന 'സ്ഥാപന'ത്തില്‍ നിന്ന് വ്യത്യസ്തമായി, അദ്ദേഹം പുതിയ അര്‍ത്ഥങ്ങളും പറക്കലുകളും എഴുത്തുകളും സിനിമകളും ആഘോഷങ്ങളും അഹങ്കാരവുമാണ് ഇന്ത്യയിലെ ജാതിക്കെതിരെ പോരാടുന്ന ഒരുപാട് സമൂഹങ്ങള്‍ക്ക്. ഞാന്‍ ഒരു ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ല എന്നത് ഏതൊരു സ്റ്റാര്‍ പറഞ്ഞ ഡയലോഗിനെക്കാളും ചരിത്രപരമായ ആഴമുള്ളതാണ്.

ഗാന്ധിയേക്കാള്‍ വലുതാണ്‌ ഈ ലേഖകന് അംബേദ്‌കര്‍. അല്ലെങ്കില്‍ അംബേദ്‌ക്കറുടെ മുന്നില്‍ ഗാന്ധി ഈ ലേഖകന് ഒന്നുമല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories