TopTop

പുച്ഛമാണ് നിങ്ങളോട്; അനീതികളെ ചെറുക്കാതെ സ്നേഹമെന്ന നുണയിലൊളിക്കുന്നതിന്

പുച്ഛമാണ് നിങ്ങളോട്; അനീതികളെ ചെറുക്കാതെ സ്നേഹമെന്ന നുണയിലൊളിക്കുന്നതിന്
വായനയുടെ ആഴങ്ങളില്‍ കഥാപാത്രങ്ങളുടെ കൂടെ സമയം ചിലവഴിക്കാന്‍ എനിക്കിഷ്ടമാണ്, അവരോട് സംഭാഷണങ്ങള്‍ നടത്താനും. കഥയില്‍ നിന്നവരെ വലിച്ചെടുത്ത് എന്‍റെയടുത്ത് കൊണ്ടുവരുന്നതിനൊരു സൌന്ദര്യമുണ്ട്. ബുദ്ധന്‍റെ ഭാര്യ എന്നൊരു പുസ്തകം വായിച്ചിരുന്നു, അതുകഴിഞ്ഞപ്പോള്‍ കൂടെ വന്നത് അവരാണ്, യശോധര; ബുദ്ധന്‍റെ ഭാര്യ. യശോധരയുടെ മുഖത്ത് നിന്നും എനിക്കിന്നും വായിച്ചെടുക്കാന്‍ കഴിയുന്ന ചോദ്യം എന്തിനയാള്‍ അതു ചെയ്തു എന്നതാണ്. അവരത് വിദഗ്ദ്ധമായി മറയ്ക്കാന്‍ പഠിച്ചു എങ്കില്‍ കൂടെയും. ഗൌതമ സിദ്ധാര്‍ത്ഥന്‍ ജീവിതത്തിന്‍റെ കെട്ടുപാടുകളും വേദനകളും പൊട്ടിച്ചു കളഞ്ഞത് ലോകത്തിലെ സകലജീവികളുടെയും ദു:ഖങ്ങള്‍ക്ക് അറുതി വരുത്താനുള്ള ചിന്താഗതികള്‍ ഉത്പാദിപ്പിക്കാന്‍ ആയിരുന്നു. ആ യാത്രയില്‍ തുടക്കം മുതല്‍ ഒടുക്കം വരെ മുഴച്ചു നില്‍ക്കുന്ന അനീതിയാണ് യശോധര.


സാഞ്ചിയിലേയ്ക്കൊരു യാത്രയാണ് എന്‍റെ ഉപബോധം നിറയെ, അതുകൊണ്ടാവും, ഞാനും യശോധരയും കണ്ടുമുട്ടുന്നതും സാഞ്ചിയില്‍ ആണ്. ലോകത്തിന്‍റെ ദൈവമായി തന്‍റെ ഭര്‍ത്താവ് അവരോധിക്കപ്പെട്ടതിനും മുന്‍പ് തന്നെ യശോധര ആ ദൈവത്തിന്‍റെ മതം ഉള്‍ക്കൊണ്ടിരുന്നു. ബുദ്ധന്‍റെ ഭാര്യ എന്നതില്‍ നിന്നും ബുദ്ധ സന്യാസിനി എന്നവര്‍ സ്വയം വേഷം കെട്ടിയിരുന്നു. തന്റേടിയായാണ്‌ യശോധര അത്തരം ഒരു തീരുമാനത്തില്‍ എത്തുന്നത് എന്ന് ചരിത്രം കുറിക്കുന്നു. സമൂഹം സ്ത്രീക്ക് നല്‍കുന്ന വിലക്കുകള്‍ അവര്‍ വകവെച്ചില്ല. എത്ര ചെറിയ പ്രായമായിരുന്നു എന്ന് ഒരു ദീര്‍ഘനിശ്വാസത്തോടെ എന്‍റെ കൈ പിടിച്ചു നടക്കുമ്പോള്‍ അവള്‍ പറഞ്ഞു. നിങ്ങള്‍ സന്യാസിനിയായിട്ടും ഒട്ടനവധി സ്ത്രീകള്‍ തല മുണ്ഡനം ചെയ്ത് ബുദ്ധന്‍റെ പിന്‍ഗാമികള്‍ ആയപ്പോഴും ഞങ്ങളുടെ കാലത്തില്‍ പുരുഷന്മാര്‍ മാത്രമേ ആത്മീയതയുടെയും മതത്തിന്റെയും മുഖ്യധാരയില്‍ എത്തിയുള്ളൂ എന്ന് ഞാന്‍ കെറുവോടെ പറഞ്ഞു. കല്ലുപാകിയ നിലത്ത് അമര്‍ത്തി ചവിട്ടി ഞാനെന്‍റെ പ്രതിഷേധം പ്രകടിപ്പിച്ചു.


യശോധര ചിരിച്ചു കൊണ്ട് ചോദിച്ചത് - ഒരു സ്ത്രീയ്ക്ക് ബോധോദയം ഉണ്ടാകാന്‍ പ്രയാസമാണെന്ന് ലോകം കരുതുന്ന പോലെ നീയും കരുതുന്നുണ്ടോ എന്ന്. ഇത്രയധികം ഭാവവികാരങ്ങളുള്ള സ്ത്രീകള്‍ക്ക് അവയെ നിയന്ത്രിക്കാനുള്ള അറിവ് അന്യമാണെന്ന് കരുതുന്നുണ്ടോ? മനുഷ്യന്‍റെ പ്രയാസങ്ങളുടെ ഉറവിടം അവന്‍റെ ചിന്തയാണെന്ന് കണ്ടുപിടിക്കാന്‍ അദ്ദേഹം അനുഭവിച്ച കഠിനതകള്‍ ഒരു പുരുഷന്‍റെ പരക്കം പാച്ചില്‍ ആയിരുന്നു. അദ്ദേഹം അനുഭവിച്ച ഒട്ടനവധി സുഖലോലുപതകളില്‍ - ഭൌതീകമായത് മാത്രമല്ല, സാമൂഹ്യമായും മനുഷ്യബന്ധങ്ങളുടെ ശ്രേണിയായും - നിന്നുകൊണ്ട് ഒരുകാലത്തും സ്വന്തം ചിന്തയുടെ കടിഞ്ഞാണ്‍ പിടിക്കാന്‍ കഴിഞ്ഞാല്‍ മനുഷ്യന്‍റെ ദുഃഖങ്ങള്‍ക്ക് അറുതി വരുമെന്ന് കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. അതിനാലാണയാള്‍ ഇരുളിന്‍റെ മറവില്‍ ചതിയുടെ മേലങ്കിയിട്ട് കടന്നു കളഞ്ഞത്.
എനിക്കതാണ് ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്, വാശിക്കാരിയായ എന്‍റെ ശബ്ദം ഉയര്‍ന്നു. എങ്ങനെയാണ് ഒരു ബന്ധത്തില്‍ നിന്നും ഒരാള്‍ക്ക് തീരുമാനം എടുത്ത് ഒറ്റയ്ക്കത് മുറിക്കാന്‍ കഴിയുക! അനീതിയല്ലേ അത്? ആ അനീതിയില്‍ നിന്നുകൊണ്ട്, യശോധരയെ ഉപേക്ഷിച്ചുകൊണ്ട് എങ്ങനെയാണ് ഗൌതമ സിദ്ധാര്‍ത്ഥന് ബോധോദയം ലഭിക്കുന്നത്. ലഭിച്ച കഴിവുകളില്‍ ഒന്നിലെങ്കിലും ആ അനീതിയെ മറികടക്കാനുള്ള എന്തെങ്കിലും അദ്ദേഹത്തിന് ലഭിച്ചു കാണുമോ?


നിശബ്ദത, എന്‍റെ ചോദ്യങ്ങളുടെ അലകളില്‍ അലിയുന്ന നിശബ്ദത. ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹത്തിന്‍റെ കലകലപ്പും പ്രാര്‍ഥനാമണികളുടെ കിലുകില ശബ്ദവും പോലും അലിയിച്ചു കളഞ്ഞ നിശബ്ദത.

വെളുത്ത വസ്ത്രം ധരിച്ച ഒരുകൂട്ടം സ്ത്രീകളെ ചൂണ്ടി യശോധര തുടര്‍ന്നു, ബുദ്ധന്‍ ഇവരെ പഠിപ്പിക്കുന്നത് വികാരങ്ങള്‍ അടക്കിവയ്ക്കാനാണ്, അതിനെ ചേതനയറ്റ് നിരീക്ഷിക്കാനാണ്, സ്ത്രീ സ്വതസിദ്ധമായി പ്രകടിപ്പിക്കുന്ന തരളവികാരങ്ങള്‍ ശല്യമായാണ്. അദ്ദേഹം ഒഴിച്ചിട്ടു പോയ എന്‍റെ ജീവിതത്തില്‍ ഉണ്ടായ വേദനയ്ക്ക് ഒരു ഉറവിടം ഉണ്ടായിരുന്നു, അത് അദ്ദേഹമാണ്. സ്വാഭാവികമായ പ്രതിക്രിയയായിരുന്നു അത്, എന്‍റെ വേദന, മറ്റൊരാൾ എന്നിൽ അടിച്ചേൽപ്പിച്ചത്. മതങ്ങളും ആത്മീയതയും പുരുഷന്‍ രൂപാന്തരം നടത്തുമ്പോഴാണ് ആരെന്തു ചെയ്താലും നമ്മളെ അത് ബാധിക്കരുത് എന്ന പാഠം നിലവില്‍ വന്നത്. അവിടെയുള്ള ചതി എന്താണെന്നറിയാമോ - ആര്‍ക്കും എന്തും ചെയ്യാനുള്ള ഇളവ് അവിടെയുണ്ട്. അങ്ങനെയൊരു ഇളവ്  കൊടുത്തുകൊണ്ടാണ് ബുദ്ധന്‍ ആത്മീയത പഠിപ്പിച്ചത്. ഇരകളെയാണ് അദ്ദേഹം ലക്‌ഷ്യം വച്ചത്, അനുഭവിക്കുന്ന അനീതി എങ്ങനെയൊക്കെ നേരിടാം, ഉണ്ടാകുന്ന ദുഃഖം എങ്ങനെയൊക്കെ മറികടക്കാം എന്നദ്ദേഹം ഈ ലോകത്തോട്‌ പറഞ്ഞു നടക്കുമ്പോള്‍ മുഴുവന്‍ ആ മനസ്സില്‍ എന്‍റെ മുഖമായിരുന്നിരിക്കണം. അതുകൊണ്ടാണ് ബുദ്ധന്‍റെ പാഠങ്ങളില്‍ മികച്ചത് ജീവിതത്തില്‍ ദുഃഖം നേരിടുന്നവര്‍ക്ക് വേണ്ടി ഉള്ളതായത്.


ചെയ്തുപോയ അനീതി വേട്ടയാടിയ ഒരു മനുഷ്യന്‍റെ ഉപബോധം നീതി തേടുന്നതായിരുന്നു ആ ജീവിതം മുഴുവന്‍. സ്വന്തം കര്‍ത്തവ്യങ്ങളുടെ ഉത്തരവാദിത്തം ഏല്‍ക്കാനാണ് യശോധരയായ ഞാന്‍ പഠിപ്പിച്ചത്. എന്‍റെ മതം അങ്ങനെയാവും പുതിയ തലമുറകളെ വാര്‍ത്തെടുക്കുക. അവനവന്‍ ചെയ്യുന്നത് ഇതര ജീവികള്‍ക്ക് ഹാനികരമാകരുത് എന്ന പാഠം. എനിക്ക് നേരിട്ടതില്‍ നിന്നും ഞാനങ്ങനെയാണ് ആത്മീയതയെ പ്രാപിക്കുക, അദ്ദേഹം ചെയ്തതില്‍ നിന്ന് അദ്ദേഹം പ്രാപിച്ച ആത്മീയത തിരിച്ചും. അനീതികള്‍ ഏറ്റവും അധികം സ്ത്രീകളിലാണ് അടിച്ചേല്‍പ്പിക്കപ്പെടുന്നത്, സ്ത്രീയായ എന്‍റെ മതം പഠിപ്പിക്കുക അനീതി ചെയ്യാതിരിക്കാനുള്ള ചിന്താഗതികളെ വളര്‍ത്താന്‍ ആയിരിക്കും.


നിന്‍റെ ഭര്‍ത്താവ് ചെയ്ത അനീതിയുടെ ഉത്തരവാദിത്തം പോലും ഏറ്റെടുക്കാതെ അയാള്‍, സന്യാസിനിയായ നിന്നെ പഠിപ്പിച്ചത് നിനക്ക് ഏറ്റ അനീതിയെ മറികടക്കാന്‍ ഉള്ള പാഠങ്ങള്‍ ആണെന്ന്! എനിക്ക് പുച്ഛമാണ് യശോധരേ, നിന്‍റെ സന്യാസിനി വേഷത്തോടും നീ ഉള്‍ക്കൊണ്ട പാഠങ്ങളോടും. നിന്‍റെ വേദനകള്‍ പോലും അയാളുടെ സ്വന്തമാണ്. കലഹിച്ചുകൊണ്ട് നീയിറങ്ങിപ്പോയത് നിന്നില്‍ നിന്നാണ്, അയാള്‍ പോയ വഴിയിലേയ്ക്ക് നീയിറങ്ങിയത് നിന്നെ മറന്നുകൊണ്ടാണ്. ഓരോ ബുദ്ധസ്തൂപത്തിനു മുകളിലും വലിയ അക്ഷരങ്ങളില്‍ കൊത്തി വയ്ക്കണമായിരുന്നു - വികാരഭാവങ്ങളുടെ നടുക്കയങ്ങളില്‍ യശോധരയെ തനിച്ചാക്കി പോയ സിദ്ധാര്‍ഥന്റെ വാക്കുകളെന്ന്.


നിന്‍റെ ശബ്ദം അന്നുയര്‍ന്നിരുന്നെങ്കില്‍ ഇന്നും വികാരവിക്ഷോഭങ്ങള്‍ നടത്തുന്ന സ്ത്രീ ചപലയാണ് എന്നൊരുവനും പറയുമായിരുന്നില്ല. വികാരങ്ങളുടെ പ്രകടനങ്ങളെ സ്ത്രീയുടെ ബലഹീനതയായി മുദ്രകുത്തപ്പെടുകയില്ലായിരുന്നു. രാഷ്ട്രീയമായും സാമൂഹ്യമായും മാറ്റത്തിന്‍റെ ഒരിമചിമ്മലിന് പോലും സ്ത്രീകള്‍ ഇത്രയധികം കഠിനമായി പരിശ്രമിക്കേണ്ടി വരുമായിരുന്നില്ല.എന്‍റെ ഒരാളുടെ പുറത്താണോ ഇത്രയും ആരോപണങ്ങള്‍ നീ ചാരി വയ്ക്കുന്നത്! ഞാന്‍ പോയ വഴിയുടെ ശരി തെറ്റുകളില്‍ ആണോ പില്‍ക്കാല തലമുറകള്‍ മുഴുവന്‍ പിഴച്ചത്? പുരുഷന്മാര്‍ ബുദ്ധന്മാര്‍ ആകുകയും സ്ത്രീകള്‍ യശോധരമാരായി തഴയപ്പെടുന്നതും തുടരുന്നുണ്ട് എന്നത് നോക്കുമ്പോള്‍ ചിലപ്പോള്‍ അതും ശരിയായിരിക്കും; ആ ചങ്ങലയുടെ ആദ്യത്തെ കണ്ണി ഞാനായത് കൊണ്ട്. എനിക്ക് മറിച്ചും പലത് ചെയ്യാന്‍ കഴിഞ്ഞേനെ, ലോകത്തോട് ഉറക്കെ വിളിച്ചു പറയാമായിരുന്നു, പൊള്ളയായ ആത്മീയ പ്രഭാഷണം നിര്‍ത്തി എനിക്ക് നല്‍കിയ വേദനയുടെ പാപഭാരം ഏറ്റെടുക്കൂ എന്ന് കവലകളില്‍ നിന്നാര്‍ത്തലയ്ക്കാമായിരുന്നു. അന്നും പക്ഷേ കുട്ടീ, പുരുഷനാണ് സ്വീകാര്യത കൂടുതലുണ്ടായിരുന്നത്. അവന്‍റെ അനീതികള്‍ വേഗത്തില്‍ വിസ്മരിക്കപ്പെട്ടിരുന്നു, തിരിച്ചു ശബ്ദിക്കുന്ന സ്ത്രീ നിശബ്ദയാക്കപ്പെട്ടിരുന്നു. നിങ്ങളിന്നും അത് തന്നെയല്ലേ കാണുന്നത്? അന്ന് എന്‍റെ ശബ്ദം ഉയര്‍ന്നെങ്കില്‍ എന്‍റെ ജീവന്‍ തന്നെ ഒടുങ്ങി പോയേനെ. സ്വാര്‍ത്ഥമായി ഞാനെന്‍റെ ജീവന് വേണ്ടി നിലകൊണ്ടു.


നീ നുണ പറയുകയാണ്‌, എന്‍റെ കൈയ്യിലിരുന്ന മന്ദാരപ്പൂക്കളെ നിലത്തെറിഞ്ഞു കൊണ്ട് ഞാന്‍ പൊട്ടിത്തെറിച്ചു. നീ നുണ പറയുന്നു, നിന്‍റെ ജീവന് വേണ്ടിയല്ല നിശബ്ദയായത്. സ്നേഹമെന്ന് നീ കരുതിയ അടിമത്വം ആയിരുന്നു നിനക്കയാളോട്. എന്തനീതിയും ഉള്‍ക്കൊണ്ടു കൊണ്ട് പിന്നെയും ഒരാളുടെ നിയന്ത്രണത്തില്‍ നില്‍ക്കാനുള്ള മാനസിക അടിമത്വം, കാലവും ദൂരവും പിന്നിട്ട് ഇന്നും സ്ത്രീ, സ്നേഹമെന്ന് പേരിട്ടു വിളിക്കുന്ന അതേ അടിമത്വം, അതിനാണ് ബുദ്ധസന്യാസിനിയായി യശോധര മാറിയത്. എതിര്‍ക്കാന്‍ പറയുന്ന അനീതികളില്‍ ഒന്ന് അതായിരുന്നു, സ്വന്തം ആത്മാഭിമാനത്തെ കീറിമുറിക്കുന്ന ഇടങ്ങളില്‍ നില്‍ക്കാതിരിക്കുക എന്നത്. അങ്ങനെ അയാള്‍ ചെയ്തു എന്ന് ലോകത്തോട്‌ പറയാതെ നിന്‍റെ മാനസിക അടിമത്വമാണ് നീ വെളിപ്പെടുത്തിയത്. അനീതി ചെയ്യുന്നവനോട് അരുത് എന്ന് പറയാതെ, അനീതി ചെയ്യുന്നവരായി വളരാതിരിക്കൂ എന്ന് വരും തലമുറകളോട് പറയാതെ ഇരകളോട് സമരസപ്പെടൂ എന്ന് ആശ്വസിപ്പിക്കുന്ന ഞാനടങ്ങുന്ന ജീര്‍ണ്ണത സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്, അതിനെ സ്നേഹമെന്ന പേരിട്ട് നുണ പറയുന്നു.


നുണ... നുണ... എന്ന മാറ്റൊലിയില്‍ ഞാനോടിയകന്നു, മന്ദാരപ്പൂക്കളെ ഞെരിച്ചമര്‍ത്തി, പ്രാര്‍ത്ഥനയില്‍ മുഴുകിയവരെ തട്ടിയകറ്റി, സ്ത്രീത്വത്തിന്‍റെ നുണകളെ പിന്നിലാക്കി കാറ്റിന്‍റെ വേഗതയില്‍ സാഞ്ചിയില്‍ നിന്നും ഞാനോടിയകന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories