TopTop
Begin typing your search above and press return to search.

കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും പടര്‍ത്തിവിട്ട മോദി വിരുദ്ധ വികാരത്തെ ഇങ്ങനെയൊക്കെയാണ് കോണ്‍ഗ്രസും മറ്റു കക്ഷികളും ഇല്ലാതാക്കുന്നത്

കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും പടര്‍ത്തിവിട്ട മോദി വിരുദ്ധ വികാരത്തെ ഇങ്ങനെയൊക്കെയാണ് കോണ്‍ഗ്രസും മറ്റു കക്ഷികളും ഇല്ലാതാക്കുന്നത്
ഇന്ത്യയെ മുമ്പില്ലാത്ത വിധം മാറ്റിയ 2014 ലെ തെരഞ്ഞെടുപ്പിന് ശേഷം അഞ്ച് വര്‍ഷം കഴിയുമ്പോള്‍, രാജ്യത്തുണ്ടായ സര്‍ക്കാര്‍ വിരുദ്ധ വികാരത്തെ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ നിഷ്‌ക്രിയമാകുകയാണോ? മോദി ഭരണത്തിനെതിരെ വിദ്യാര്‍ത്ഥികളും കര്‍ഷകരും തൊഴിലാളികളും സിവില്‍ സൊസൈറ്റി പൊതുവിലും പ്രതിഫലിപ്പിച്ച വികാരത്തെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ലെന്നതാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

ഭരണകക്ഷിയെന്ന നിലയിലും ഏറ്റവും സമ്പന്നമായ പാര്‍ട്ടിയെന്ന നിലയിലും ബിജെപിക്കുണ്ടായ നേട്ടത്തെ സഖ്യത്തിലൂടെയും ധാരണയിലൂടെയും മറികടക്കാനുള്ള അവസരങ്ങള്‍ ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പാഴാക്കുന്നതിന്റെ സൂചനകളാണ് പകുതിയിലേറെ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നതിന് ശേഷവും ഉണ്ടാകുന്നത്.

ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ധാരണ വേണ്ടെന്ന ഇരുപാര്‍ട്ടികളുടെയും തീരുമാനമാണ് ഇതില്‍ ഒടുവിലെത്തേത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലും വിജയിച്ച ബിജെപിയെ നിയന്ത്രിക്കാന്‍ ഇത്തരമൊരു സഖ്യത്തിന് മാത്രമെ കഴിയുമായിരുന്നുള്ളു. ഇക്കാര്യം ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ബോധ്യമായതുമാണ്. അതുകൊണ്ടാണ് സഖ്യം സംബന്ധിച്ച അനിശ്ചിതത്വം ഇത്രയും കാലം നീണ്ടുപോയത്. ഒരുഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ, സഖ്യത്തിന് തയ്യാറാകാത്തത് അരവിന്ദ് കേജ്‌റിവാളിന്റെ നിലപാടുകള്‍ മൂലമാണെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഡല്‍ഹിയില്‍ സഖ്യം വേണമെങ്കില്‍ ഹരിയാനയിലും വേണമെന്ന നിലപാടായിരുന്നു ദേശീയ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന കേജ്‌റിവാള്‍ കൈക്കൊണ്ടത്.

എന്തായാലും ഇരു പാര്‍ട്ടികളുടെയും സങ്കുചിത രാഷ്ട്രീയ മോഹങ്ങള്‍ മൂലം ഡല്‍ഹിയില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുകയും അത് ഭരണ പാര്‍ട്ടിക്ക് ഗുണകരമാവുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ഷീല ദീക്ഷിതിനെ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷയാക്കിയപ്പോള്‍ തന്നെ ഈ ഒരു അവസ്ഥ പ്രവചിച്ചവരുമുണ്ട്.

വരണാസിയില്‍ മോദിക്കെതിരെ മല്‍സരിക്കാന്‍ തയ്യാറാണെന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന ഒരു സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകുമെന്ന തോന്നലുണ്ടാക്കിയിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ ഇന്ദിരാഗാന്ധിയ്‌ക്കെതിരെ രാജ്‌നാരയന്‍ മല്‍സരിച്ച് റായ് ബറേലിയില്‍ ചരിത്ര വിജയം നേടിയതുപോലുള്ള അവസരം വാരണാസിയില്‍ സൃഷ്ടിക്കപ്പെടുമെന്ന് ശുഭാപ്തി വിശ്വാസികളായ മോദി വിരുദ്ധര്‍ പ്രതീക്ഷിച്ചു. എന്നാല്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണ 75,000 വോട്ടു മാത്രം നേടിയ അജയ് റായിയെ മല്‍സരിപ്പിച്ച് ആ സാധ്യത ഇല്ലാതാക്കി. അതിന് മുമ്പ് തന്നെ എസ്പി ബിഎസ്പി സഖ്യം തങ്ങളുടെ വാരണാസി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു.

അങ്ങനെ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വിവാദനായകനായ, ഒരു പക്ഷെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട പ്രധാനമന്ത്രിക്ക് ഒരു മല്‍സരം പോലും വേണ്ടാത്ത വിധത്തില്‍ ജയം ഒരുക്കി കൊടുക്കുകയാണ് പ്രതിപക്ഷം.

ഉത്തര്‍പ്രദേശിലെ നഷ്ടപ്രതാപം വീണ്ടെടുക്കലാണ് ഇപ്പോഴത്തെ രാഷ്ട്രീയ ഉത്തരവാദിത്തത്തെക്കാള്‍ പ്രധാനം എന്ന തോന്നലിലാണ് കഴിഞ്ഞ കുറച്ചുകാലമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. പ്രിയങ്കാഗാന്ധിയെ കിഴക്കന്‍ യുപിയുടെ ചുമതലക്കാരിയാക്കിയതിലൂടെ കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയതുമാണ്. ഇങ്ങനെ ഒരു നിലപാടിലേക്ക് കോണ്‍ഗ്രസിനെ നയിച്ചിട്ടുണ്ടാവുക എസ്പിയുടെയും ബിഎസ്പിയുടെയും നിലപാടുകളാവാം. മഹാസഖ്യത്തില്‍നിന്ന് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയത് വഴി, ഒരു കാലത്ത് ഉത്തര്‍പ്രദേശ് നിയന്ത്രിച്ചിരുന്ന 'ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടി' സ്വന്തം വഴി തെരഞ്ഞെടുത്തതാവാം. പക്ഷെ ഇങ്ങനെ കോണ്‍ഗ്രസ് സജീവമാകുന്നതിലൂടെ ബിജെപി വിരുദ്ധ വോട്ടുകള്‍ എത്രമാത്രം ഭിന്നിപ്പിക്കപ്പെടുമെന്നും അത് മോദിയ്ക്ക് എത്ര മാത്രം സഹായകരമാകുമെന്നതാണ് കണ്ടറിയേണ്ടത്.

കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ബിഎസ്പി നേതാവ് മായാവതിയുടെ മനസ്സില്‍ എന്താവുമെന്നത് സംബന്ധിച്ച് ഇപ്പോള്‍ തന്നെ ചില രാഷ്ട്രീയ നിരീക്ഷകര്‍ സംശയം പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ 80 മണ്ഡലങ്ങളില്‍ 26 എണ്ണത്തില് മാത്രമാണ് വോട്ടെടുപ്പ് നടന്നത്. ഇതില്‍ എല്ലാ മണ്ഡലങ്ങളിലും തന്നെ ബിജെപിയും എസ്പി-ബിഎസ്പി സഖ്യവുമാണ് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണ ഈ മണ്ഡലങ്ങളില്‍ മൂന്നിടങ്ങളിലൊഴിച്ച് എല്ലാ സീറ്റുകളിലും ബിജെപിയ്ക്കായിരുന്നു വിജയം. ഇത്തവണ എസ്പി-ബിഎസ്പി സഖ്യത്തിന് മുന്നേറാന്‍ ഈ മണ്ഡലങ്ങളില്‍ കഴിയുമെന്ന തോന്നലാണ് തെരഞ്ഞെടുപ്പിന് ശേഷം സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഈ ഘട്ടത്തിലാണ് വാരണാസിയില്‍ കളം മോദിക്ക് വിട്ടുകൊടുത്തുകൊണ്ട് കോണ്‍ഗ്രസ് പിന്‍വാങ്ങുന്നതും ബിജെപി വര്‍ധിത വീര്യത്തോടെ അവിടെ റോഡ് ഷോയും മറ്റും നടത്തി തെരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്യാനും ശ്രമിക്കുന്നത്.

നോട്ടുനിരോധനവും ജിഎസ്ടിയും മൂലം ജനപ്രീതിയില്‍ ഇടിവുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സമീപകാലത്തുണ്ടായ സ്വീകാര്യത വ്യാപകമായ പ്രചാരണത്തിന്റെ കൂടി ഫലമായാണ്. പുല്‍വാമയും ബാലക്കോട്ടും ഉയര്‍ത്തിക്കാട്ടി ദേശീയത വികാരം വന്‍ പ്രചാരണത്തിലൂടെ ആളിക്കത്തിച്ചാണ് മോദി തെരഞ്ഞെടുപ്പ് രംഗം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വയം തര്‍ക്കിച്ച് ബിജെപിയ്ക്ക് അനുകൂല സാഹചര്യമുണ്ടാക്കുകയും ചെയ്യുന്നു.

എല്ലാ തരത്തിലുമുള്ള പ്രചാരണ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിന്റെ അജണ്ട സൃഷ്ടിക്കുന്നത്. മൊത്തം പാര്‍ട്ടികള്‍ക്ക് കിട്ടിയ ഫണ്ടിന്റെ 73.5 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. അതായാത് 1,027 കോടിയില്‍ അധികം രൂപ. ഈ പണ സമ്പത്ത് സാധ്യമാക്കുന്ന പ്രചണ്ഡ പ്രചാരണത്തെയാണ് ശിഥിലമായ സഖ്യം കൊണ്ട് പ്രതിപക്ഷം നേരിടാന്‍ ശ്രമിക്കുന്നത്.

നരേന്ദ്ര മോദി അധികാരത്തിലെത്തിയതു മുതല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ പരിപാടികള്‍ക്കെതിരെ ചെറുത്തുനില്‍പ്പ് നടത്തിയത് ഇന്ത്യയിലെ മുഖ്യധാര പ്രതിപക്ഷ പാര്‍ട്ടികള്‍ക്കപ്പുറം വിദ്യാര്‍ത്ഥികളും കര്‍ഷകരും തൊഴിലാളികളുമായിരുന്നു. പുനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് തുടങ്ങി, മദ്രാസ് ഐഐടി, ഹൈദരബാദ് സര്‍വകലാശാല, ജെഎന്‍യു എന്നിവടങ്ങളിലെ ചെറുത്തുനില്‍പ്പാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മോദി ഭരണത്തിനെതിരായ വിമര്‍ശനങ്ങള്‍ക്കുള്ള ആയുധം നല്‍കിയത്. പിന്നീട് കര്‍ഷകരും തൊഴിലാളികളും നടത്തിയ സമരം മോദിക്കെതിരായ ചെറുത്തുനില്‍പ്പിന് ആക്കം കൂട്ടി. രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്കുണ്ടായ പരാജയവും കോണ്‍ഗ്രസിനുണ്ടായ വിജയവും കര്‍ഷകരുടെ പ്രക്ഷോഭത്തിന്റെ കൂടി ഫലമാണ്. ഇങ്ങനെ രാജ്യത്തെ വലിയ വിഭാഗം ജനങ്ങള്‍ പ്രകടിപ്പിക്കുന്ന വര്‍ഗീയ വിരുദ്ധ രാഷ്ട്രീയത്തെ കക്ഷി രാഷ്ട്രീയത്തിന്റെ സങ്കുചിത്വത്തില്‍ പെടുത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇല്ലാതാക്കുമോ എന്ന ആശങ്കയാണ് സമീപകാലത്തെ സംഭവങ്ങള്‍ ഉണ്ടാക്കുന്നത്.

Next Story

Related Stories