TopTop
Begin typing your search above and press return to search.

പാര്‍ട്ടിയിലെ ശശിമാരെയും സഭയിലെ ഫ്രാങ്കോമാരെയും ഇങ്ങനെ നേരിട്ടാല്‍ മതിയോ?

പാര്‍ട്ടിയിലെ ശശിമാരെയും സഭയിലെ ഫ്രാങ്കോമാരെയും ഇങ്ങനെ നേരിട്ടാല്‍ മതിയോ?
തൃശൂർ അന്തിക്കാട്ടെ ദുരിതാശ്വാസ കേന്ദ്രത്തിൽ കേവലം പതിനൊന്നു വയസ്സു മാത്രമുള്ള ഒരു ബാലിക മധ്യവയസ്കന്റെ ലൈംഗിക പീഡനത്തിന് ഇരയായി എന്നൊരു വാർത്ത ഈ അടുത്ത ദിവസങ്ങളിൽ വായിച്ചു. തൊട്ടുപിന്നാലെ നവജാത ശിശുക്കളെ കഴുത്തറുത്തു കൊന്നുവെന്ന വാർത്തകളും വായിച്ചു. ഇക്കൂട്ടത്തിൽ ഒന്ന് കോഴിക്കോട് നിന്നും മറ്റൊന്ന് മലപ്പുറത്ത് നിന്നുമായിരുന്നു. ഈ മൂന്നു സംഭവങ്ങളിലും കേസും അറസ്റ്റുമൊക്കെ വളരെ വേഗത്തിൽ തന്നെ നടന്നിരുന്നു. അറസ്റ്റിലായവർ ശരിക്കും പ്രതികൾ തന്നെയോ എന്നാരും സംശയം ഉന്നയിച്ചതായി പോലും കേട്ടില്ല. പ്രളയ ദുരന്തകാലത്തും കാമവെറി പൂണ്ട ഏതോ ഒരു കശ്മലന്റെയും അവിഹിത ബന്ധത്തിലൂടെ ഗർഭിണികളായ അമ്മമാരുടെയും കഥകൾ എന്ന നിലയിൽ നമ്മളിൽ പലരും ഈ മൂന്നു സംഭവങ്ങളെയും വിലയിരുത്തുകയും അവർക്കു കിട്ടേണ്ട ശിക്ഷ തന്നെയെന്ന് സ്വയം വിധി പ്രസ്താവിക്കുകയും ചെയ്തു. അവരൊക്കെ സാധാരണ മനുഷ്യരാകയാൽ പൊലീസിന് പോലീസിന്റെ വഴിയും പൊതുസമൂഹത്തിനു അതിന്റെ വഴിയും എത്രകണ്ട് എളുപ്പമാകുന്നുവെന്നു കാണുക.

ഈ എളുപ്പപണികളൊന്നും പലപ്പോഴും ഉന്നതന്മാരുടെ കാര്യത്തിൽ നടപ്പില്ലാത്ത കാര്യമാണെന്ന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പീഡനക്കേസും അതിനും മുൻപ് ഒരു വിദേശ മലയാളി വ്യവസായി പ്രതിയായ എടപ്പാൾ തീയേറ്ററിൽ വെച്ച് നടന്ന ബാലിക പീഡനക്കേസും നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. പ്രതിക്ഷേധം ശക്തമായതിനെ തുടർന്ന് എടപ്പാൾ പീഡനത്തിലെ ആളെ അറസ്റ്റു ചെയ്ത പോലീസ് അയാൾക്കെതിരെ ചുമത്തിയ വകുപ്പുകൾ വളരെ നിസ്സാരമായിരുന്നു എന്നത് കൂടാതെ തീയേറ്റർ ഉടമയെ അറസ്റ്റു ചെയ്യാൻ കാണിച്ച വൈഭവവും കാണാതെ പോകരുത്. ബിഷപ്പിന്റെ കാര്യത്തിലാവട്ടെ വേണ്ടതിലേറെ തെളിവ് കിട്ടിയിട്ടും ടിയാനെ അറസ്റ്റു ചെയ്യാൻ എന്തോ വല്ലാത്തൊരു ഭയം പോലെ.

ഇതിനിടയിലേക്കാണ് ഇപ്പോൾ സി പി എമ്മിന്റെ ഷൊർണൂരിൽ നിന്നുള്ള നിയമസഭാ അംഗമായ പി കെ ശശിക്കെതിരെ ലൈംഗിക പീഡനാരോപണം ഉയർന്നിരിക്കുന്നത്. സി പി എമ്മിന്റെ യുവജന സംഘടനയായ ഡി വൈ എഫ് ഐയുടെ വനിതാ നേതാവാണ് പരാതിക്കാരി. ഇവർ നേരത്തെ പാർട്ടിയുടെ ജില്ലാ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നുവെന്നും നടപടി ഉണ്ടാകാതെ വന്നതിനെ തുടർന്ന് കേന്ദ്ര നേതൃത്വത്തിന് പരാതി നല്കിയെന്നുമൊക്കെ വാർത്തകളുണ്ട്. ആരോപണം നിഷേധിച്ച എം എൽ എയുടെ വാദം തനിക്കെതിരെ ഉയർന്നിട്ടുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ഉണ്ടെന്നുമാണ്. പാർട്ടി എം എൽ എക്കെതിരെ ഉയർന്നിട്ടുള്ള ആരോപണത്തെക്കുറിച്ചു അന്വേഷണം നടത്തുമെന്ന് വൈകിയാണെങ്കിലും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരിക്കുന്നു എന്നതിൽ നിന്നും എന്തോ ചിലതു നടന്നിട്ടുണ്ടെന്ന് ഏതാണ്ട് വ്യക്തം. ഇനിയിപ്പോൾ അറിയേണ്ടത് എന്താണ് സത്യത്തിൽ നടന്നതെന്നും ആരോപണം ശരിയെങ്കിൽ പാർട്ടി ശശി എം എൽ എക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നുമാണ്.

ശശി എം എൽ എ ക്കെതിരെ എന്തുകൊണ്ട് കേസ്സെടുക്കുന്നില്ലെന്നു ചോദിച്ചാൽ പൊലീസിന് നൽകാനുള്ള മറുപടി തങ്ങൾക്കു ആരും പരാതി നല്കിയിട്ടില്ലല്ലോ എന്നതായിരിക്കും. എന്നാൽ സമാനമായ പല ആരോപങ്ങളുടെ കാര്യത്തിലും സ്വമേധയാ കേസ്സെടുത്തിട്ടുള്ള വനിതാ കമ്മീഷൻ എന്തുകൊണ്ട് ഇക്കാര്യത്തിൽ ഒരു മെല്ലെപോക്ക് നയം സ്വീകരിക്കുന്നുവെന്നത് വ്യക്തമല്ല. അതുപോലെ തന്നെ ആരോപണം ഉയർന്നു രണ്ടു ദിവസം ആകുമ്പോഴും സി പി എമ്മിലെ വനിതാ നേതാക്കൾ ഇക്കാര്യത്തിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നതാണ്. ചുരുങ്ങിയ പക്ഷം പരാതിക്കാരിയെ നേരിൽക്കണ്ടു കാര്യങ്ങൾ അന്വേഷിക്കുക എന്ന ബാധ്യതയെങ്കിലും അവർ നിറവേറ്റേണ്ടതില്ലേ. അങ്ങനെ ചെയ്യുന്ന പക്ഷം എം എൽ എ അവകാശപ്പെടുന്നതുപോലെ പരാതി കെട്ടിച്ചമച്ചതാണോ എന്നെങ്കിലും ഉറപ്പുവരുത്താമല്ലോ. എന്തായാലും ഈ മൗനം സ്ത്രീയുടെ മാനത്തെക്കുറിച്ചു വാചാലരാകുന്ന ഒരു രാഷ്ട്രീയ പ്രവർത്തകയ്ക്കും യോജിച്ചതല്ലെന്ന് പറയേണ്ടി വരുന്നു.

കന്യാസ്ത്രീയുടെ കാര്യത്തിൽ ആദ്യമേ ഉയർന്നുവന്ന എന്തുകൊണ്ട് പോലീസിൽ പരാതിപ്പെട്ടില്ലെന്ന അതേ ചോദ്യം തന്നെയാണ് ഇപ്പോൾ ശശി എം എൽ എക്കെതിരെ പരാതിയുമായി വന്നു എന്നു പറയപ്പെടുന്ന യുവതിക്കുമെതിരെ ഉന്നയിക്കപ്പെടുന്നത്‌. കന്യാസ്ത്രീ പോലീസിൽ പരാതിപ്പെടാതെ സഭയുടെ സംവിധാനങ്ങളെ തേടിപ്പോയെങ്കിൽ ഇവിടെ ഡി വൈ എഫ് ഐക്കാരിയായ പരാതിക്കാരി പാർട്ടി സംവിധാനങ്ങൾ തേടിപ്പോയി. പക്ഷെ കന്യാസ്ത്രീ മഠവും സഭയുമല്ല പാർട്ടിയെന്ന് ഇനിയെങ്കിലും പുതിയ പരാതിക്കാരികളെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.

https://www.azhimukham.com/trending-sexual-abuse-allegation-against-cpim-mla-pk-sasi-put-party-in-trouble/

Next Story

Related Stories