TopTop
Begin typing your search above and press return to search.

പട്ടാളക്കാരുടെ സ്വവർഗരതി; ഇന്ത്യൻ സൈന്യം ഇനി എന്തുചെയ്യും?

പട്ടാളക്കാരുടെ സ്വവർഗരതി; ഇന്ത്യൻ സൈന്യം ഇനി എന്തുചെയ്യും?

സുപ്രീംകോടതി സ്വവർഗരതി നിയമവിധേയമാക്കിയതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയിലാണ് ഇന്ത്യയിലെ ഉന്നത സൈനിക വൃത്തങ്ങൾ. വിധി ഇന്ത്യൻ സൈനികർക്കും ബാധകമാണോയെന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ സൈനികനിയമ വിദഗ്ധർക്കിടയിൽ നിലനിൽക്കുന്നുണ്ടെന്ന് ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യൻ സൈന്യം, വ്യോമസേന, നാവികസേന എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ സ്വവർഗലൈംഗികതയെ ശിക്ഷിക്കപ്പെടാവുന്ന കുറ്റമായാണ് കണക്കാക്കുന്നത്. കഴിഞ്ഞ ആഴ്ച സൈനിക തലവനായ ജനറൽ ബിപിൻ റാവത്ത് എല്ലാ കേണലുകളേയും അവരുടെ പങ്കാളികളെയും ഡൽഹിയിലെ മനീക്ഷാ സെന്ററിൽ വിളിച്ചുകൂട്ടി 'സദാചാര വിരുദ്ധ' പ്രവർത്തികൾ പൊറുക്കാനാകില്ലെന്ന് പറഞ്ഞിരുന്നു.

1950ലെ ഇന്ത്യൻ സൈനിക നിയമത്തിന്റെ 45ാം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുചിതമായ പ്രവർത്തികളെക്കുറിച്ച് പറയുന്നുണ്ട്. ക്രൂരവും അസഭ്യവും പ്രകൃതിവിരുദ്ധവുമായ പ്രവർത്തികൾ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായാൽ കോർട്ട് മാർഷലിലൂടെ പുറത്താക്കുകയോ 7 വർഷം വരെ തടവിന് ശിക്ഷിക്കുകയോ ചെയ്യാനാണ് 46ാം വകുപ്പ് പറയുന്നത്. വ്യോമസേനാ നിയമത്തിന്റെ 45, 46 വകുപ്പുകളും പറയുന്നത് ഇതേ കാര്യമാണ്. നാവികസേന നിയമം 1957 പ്രകാരം അസഭ്യമായ പ്രവർത്തിയുടെ ശിക്ഷ രണ്ടു വർഷം വരെ ജയിൽ തടവാണ്.

സുപ്രീം കോടതി വിധി എങ്ങനെയാണ് ഈ നിയമങ്ങളെ ബാധിക്കാൻ പോകുന്നത് എന്നത് സംബന്ധിച്ച് രണ്ട് തരത്തിലുള്ള അഭിപ്രായങ്ങൾ സൈനികനിയമ വിദഗ്ധർക്കിടയിലുണ്ട്. വിധി ഇന്ത്യൻ സൈന്യത്തിന് കൂടി ബാധകമാകുമെന്ന് പ്രതീക്ഷിക്കുന്ന അഭിഭാഷകരിൽ ഒരാളാണ് മേജർ നവ്ദീപ് സിങ്ങ്. അങ്ങനെയാണെങ്കിൽ അത് ഇന്ത്യൻ സൈനിക നിയമങ്ങളെ മനുഷ്യത്വപരമാക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം ദി പ്രിന്റിനോട് പറഞ്ഞു. "പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളിൽ സൈനിക നിയമത്തിന്റെ 69ാം വകുപ്പും ഐപിസി 377ാം വകുപ്പും ചേർത്ത് സൈനികരെ വിചാരണ ചെയ്യാൻ കഴിയുകയില്ല. സ്വവർഗാനുരാഗ ബന്ധങ്ങളിൽ നിന്ന് പ്രകൃതിവിരുദ്ധം എന്ന ലേബൽ മാറ്റിക്കളയുകയാണ് വിധി ചെയ്തത്. എന്നാൽ ക്രൂരവും അസഭ്യവുമായ മറ്റെല്ലാ പ്രവർത്തികളും 46ാം വകുപ്പ് പ്രകാരം നിയമവിരുദ്ധമായി തുടരും."

പ്രാവർത്തിക തലത്തിൽ വിധി ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളാണ് സൈനിക തലവന്മാരുടെ പ്രധാനപരിഗണന. കുടുംബങ്ങളിൽ നിന്നകന്ന് ദൂരസ്ഥലങ്ങളിൽ മാസങ്ങളോളം കഴിയേണ്ടി വരുന്നവരാണ് സൈനികർ. ഇക്കാലയളവിൽ കൂട്ടിനും പിന്തുണക്കുമായി 'ബഡ്ഡി'കൾ ഉണ്ടാകുമെന്നല്ലാതെ ലൈംഗികതയുമായി ബന്ധപ്പെട്ട സാധ്യതകൾ ഉണ്ടാകുന്ന സ്ഥലമായിരിക്കില്ല അത്.

സുപ്രീം കോടതി വിധി പ്രകാരം സൈന്യത്തിലെ സ്വവർഗാനുരാഗം നിയമവിധേയമാകില്ലെന്നതിനാൽ സൈനിക തലവന്മാർ പരിഭ്രമിക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്ന അഭിഭാഷകരും ഉണ്ട്. സൈനിക നിയമത്തിലെ 46(ബി) വകുപ്പ് പ്രകാരം സ്വവർഗാനുരാഗം ഇനി തുടർന്നും കുറ്റകരമായിരിക്കും. കുറ്റാരോപിതനെ അച്ചടക്കലംഘനത്തിന്റെ പേരിൽ നിയമത്തിന്റെ 63ാം വകുപ്പ് പ്രകാരവും ശിക്ഷിക്കാൻ കഴിയും. ഭരണഘടനയുടെ ആർട്ടിക്ക്ൾ 33 പ്രകാരം സൈന്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം പാർലമെന്റിനാണ്. അങ്ങനെ വരുമ്പോൾ സ്വവർഗാനുരാഗം നിയമവിധേയമാക്കിയത് സൈന്യത്തിന് കൂടി ബാധകമാകണമെങ്കിൽ പാർലമെന്റ് പ്രത്യേക ഓർഡിനൻസ് ഇറക്കേണ്ടിവരും.

സൈന്യത്തിലെ സ്വവർഗാനുരാഗത്തിന് എതിരാണ് മിക്ക രാജ്യങ്ങൾ എന്നുണ്ടെങ്കിലും അമേരിക്കയും ബ്രിട്ടനും സ്വവർഗാനുരാഗികളെ സൈന്യത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് പുതിയൊരു മാറ്റത്തെ നയിക്കുകയുണ്ടായി. 100 സൈന്യങ്ങളെ സംബന്ധിച്ച് മേൽ ഹേഗ് സെന്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് നടത്തിയ പഠനം പ്രകാരം ഇന്ത്യൻ ആർമി സ്വവർഗാനുരാഗികൾക്ക് സൗഹൃദപരമായ അന്തരീക്ഷം നൽകുന്നതിൽ വളരെ പിന്നോക്കം നിൽക്കുന്ന രാജ്യമാണ്.


Next Story

Related Stories