TopTop
Begin typing your search above and press return to search.

ദിലീപ് കേസിലെ മാധ്യമങ്ങളുടെ ധാര്‍മിക വിചാരണയും സമാന്തര കോടതികളും

ദിലീപ് കേസിലെ മാധ്യമങ്ങളുടെ ധാര്‍മിക വിചാരണയും സമാന്തര കോടതികളും

ദിലീപ് കേസില്‍ ഇപ്പോള്‍ നടക്കുന്നത് മാധ്യമ വിചാരണയാണന്നും അത് പ്രതിയോട് ചെയ്യുന്ന അനീതിയെന്നും മാധ്യമങ്ങള്‍ സമാന്തര കോടതിയെപ്പോലെ പെരുമാറുന്നു എന്നും പല ഭാഗത്ത് നിന്നും അഭിപ്രായം വരുന്ന ഈ അവസരത്തില്‍ ട്രയല്‍ എന്നത് എന്താണെന്നും അഡ്മിനിസ്ട്രേഷന്‍ ഓഫ് ജസ്റ്റിസില്‍ മാധ്യമങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നു എന്നും പരിശോധിക്കേണ്ടതുണ്ട്. ഒരു ക്രിമിനല്‍ അഡ്മിനിസ്ട്രേഷനില്‍ പ്രീട്രയല്‍, ട്രയല്‍, പോസ്റ്റ് ട്രയല്‍ എന്നു വിചാരണയെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഇതില്‍ പ്രീട്രയല്‍ എന്നത് ഫൈനല്‍ ചാര്‍ജ് സമര്‍പ്പിക്കുന്നവരെയുള്ള കാലയളവ് ആണ്. ഈ സ്റ്റേജില്‍ പ്രോസിക്യൂട്ടര്‍, ജഡ്ജ്, പബ്ലിക് കോര്‍ട്ട് ഇവയ്ക്ക് വലിയ പങ്കില്ല. അതുപോലെ പോസ്റ്റ് സ്റ്റേജ് ആയ അപ്പീല്‍ നടപടികളില്‍ സാക്ഷി, പ്രതി, വാദി ഇവരുടെ അഭാവും ഉണ്ട്. അവിടെ പ്രതിയുടെയും സ്റ്റേറ്റിന്റെയും അഭിഭാഷകരുടെ വാദം ആണ് നടക്കുന്നത്.

എന്നാല്‍ ട്രയല്‍ അങ്ങനെയല്ല, ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റത്തിലെ വളരെ പ്രാധ്യാന്യമുള്ള പരമ പവിത്രമായ ഒരു നടപടിയാണ് ഇത്. ഒരു കേസിലെ ബന്ധപെട്ട പ്രതി, വാദി, ജഡ്ജി, അഭിഭാഷകര്‍ ഒക്കെ ചേര്‍ന്ന പബ്ലിക് കോര്‍ട്ടിലുടെയാണ് ഫെയര്‍ ട്രയല്‍ നടക്കുന്നത്. ഇത് പ്രതിയുടെ അവകാശം ആണ്. ഇവിടെ പൊതുജനത്തിനുഉള്ള അതേ സ്വാതന്ത്ര്യം മാത്രമേ കോടതിയില്‍ മാധ്യമങ്ങള്‍ക്കുമുള്ളൂ. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു പ്രത്യേക അവകാശമോ പ്രിവിലേജോ കോടതിയില്‍ ഇല്ല. ഈ വിചാരണ, അതായത് ഫൈനല്‍ ചാര്‍ജ് മുതല്‍ കുറ്റക്കാരന്‍ ആണോ അല്ലയോ എന്ന് വിധിക്കുന്നതുവരെയുള്ള കലായളവില്‍ കേസിനെ കുറിച്ചുള്ള വാര്‍ത്തകള്‍, ചര്‍ച്ചകള്‍ എന്നിവയെല്ലാം കോടതിയും സാക്ഷികളും കേസിനെ മുന്‍വിധിയോടെ കാണാന്‍ ഇടയാക്കുമെന്നതിനാലും അത് ജ്യൂഡിഷ്യല്‍ സംവിധാനത്തെ തന്നെ ബാധിക്കുമെന്നതിനാലും കോടതിയലക്ഷ്യമായാണ് കണക്കാക്കുന്നത്. നിയമപരമായി കുറ്റവുമാണത്. ഈ അടുത്ത കാലത്ത് നിഷാം കേസില്‍ പ്രധാന സാക്ഷിയായ സഹ സെക്യൂരിറ്റി കൂറുമാറുകയും എന്നാല്‍ കൂറുമാറി എന്ന മാധ്യമ വാര്‍ത്ത നാട്ടിലും കുടുംബത്തിലും ധാര്‍മ്മികതയുടെ പ്രശ്‌നമായി ഉയരുകയും സാക്ഷി പിറ്റേദിവസം സമ്മര്‍ദ്ദം കൊണ്ടാണ് മൊഴി മാറ്റിയതെന്ന് കോടതിയെ ധരിപ്പിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് അദ്ദേഹം വീണ്ടും മൊഴി മാറ്റി നല്‍കിയിരുന്നില്ലെങ്കില്‍ ആ കൊടും കുറ്റവാളി ഇപ്പോള്‍ സ്വാതന്ത്രനായേനെ. ഇത് മാധ്യമങ്ങളുടെ പോസിറ്റീവ് ഇടപെടല്‍ എന്നു വേണമെങ്കില്‍ പറയാം.

എന്നാല്‍ ഗോവിന്ദച്ചാമി കേസില്‍ മാധ്യമങ്ങള്‍ അതിന്റെ അന്വേഷണഘട്ടം മുതല്‍ അപ്പീലില്‍ വരെ ഇടപെട്ടിരുന്നു. ഗോവിന്ദച്ചാമിക്ക് താരപരിവേഷം ഇല്ലാത്തതിനാല്‍ ആരും അന്ന് മാധ്യമ വിചാരണയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയില്ല. സുപ്രിം കോടതി വധശിക്ഷ നല്‍കാതിരുന്നപ്പോള്‍ 'നിര്‍ഭാഗ്യവശാല്‍, സുപ്രിം കോടതി ജഡ്ജിമാര്‍ മലയാളം പത്രങ്ങള്‍ കണ്ടിട്ടുണ്ടാവില്ല' എന്നാണ് ഒരു ഇംഗ്ലിഷ് പത്രം നല്‍കിയ വാര്‍ത്ത. അജ്മല്‍ കസ്ബിന്റെ കേസില്‍ സുപ്രീം കോടതി വിധിയില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് പറയുന്നത് ഇങ്ങനെയാണ് - 'Any attempt to justify the conduct of the TV channels by citing the right to freedom of speech and expression would be totally wrong and unacceptable in such a situation. The freedom of expression, like all other freedoms under Article 19, is subject to reasonable restrictions. An action tending to violate another person's right to life guaranteed under Article 21 or putting the national security in jeopardy can never be justified by taking the plea of freedom of speech and expression. It must, therefore, be held that by covering live the terrorists attack on Mumbai in the way it was done, the Indian TV channels were not serving any national interest or social cause. On the contrary they were acting in their own commercial interests putting the national security in jeopardy'. കൂടാതെ ' The coverage of the Mumbai terror attack by the mainstream electronic media has done much harm to the argument that any regulatory mechanism for the media must only come from within'- ഇങ്ങനെ പറഞ്ഞാണ് കോടതിയുടെ വിമര്‍ശനം അവസാനിപ്പിക്കുന്നത്.

അഭിപ്രായ സ്വതന്ത്ര്യവും ഫെയര്‍ ട്രയലും പരസ്പരം എറ്റുമുട്ടുന്ന രണ്ടവകാശങ്ങളാണ്. എന്നാല്‍ ദിലീപ് കേസില്‍ നടക്കുന്നത് മാധ്യമ വിചാരണയോ മാധ്യമ കുറ്റാന്വേഷണമോ അല്ല. മറിച്ച് മീഡിയ ജിങ്കോയിസം ആണ് എന്നു പറയേണ്ടി വരും. അന്തിച്ചര്‍ച്ചയില്‍ ഷെര്‍ലക്ക് ഹോംസില്‍ നീന്നും ഷൈലോക്കിലേക്കുള്ള പരകായപ്രവേശമാണ് ഇവിടെ പലര്‍ക്കും സംഭവിക്കുന്നത്. ഇന്ത്യന്‍ നിയമം അനുസരിച്ച് ഒരു കുറ്റകൃത്യത്തില്‍ അന്വഷണം നടത്താന്‍ ആര്‍ക്കും ഒരു വിലക്കും ഇല്ല. മാധ്യമങ്ങള്‍ക്കോ സ്വകാര്യ ഏജന്‍സികള്‍ക്കോ എല്ലാം കുറ്റാന്വേഷണം നടത്താം. എന്നാല്‍ തെളിവ് കിട്ടിയാല്‍ അത് പോലിസിനെ എല്‍പ്പിക്കണം. ജ്യുഡീഷ്യല്‍ സ്‌ക്രൂട്ടിനി വഴിയും തെളിവ് നല്‍ക്കാന്‍ ഇവിടെ സംവിധാനമുണ്ട്. എന്നാല്‍ ദിലീപിന്റെ കേസില്‍ നടക്കുന്നത് തെളിവ് ഉണ്ടാക്കാനോ തുമ്പ് ഉണ്ടാക്കാനോ ഉള്ള ഇന്‍വെസ്റ്റ്ഗേറ്റീവ് ജേര്‍ണണലിസം അല്ല. മറിച്ചു ധാര്‍മ്മിക ശിക്ഷ നടപ്പാക്കുകയും വ്യക്തിഹത്യ നടത്തുകയുമാണിവിടെ. ചില ചര്‍ച്ചകള്‍ കണ്ടാല്‍ പ്രതിക്കും വാദിക്കും മാനനഷ്ടം ഉണ്ടാക്കി കൊടുക്കയാണ് ഇവരുടെ ലക്ഷ്യം എന്നു തോന്നിപ്പോകും.

വികസിത രാജ്യങ്ങളിലെ ശിക്ഷാ രീതിയല്ല ഇന്ത്യന്‍ ശിക്ഷാ നിയമങ്ങളില്‍ പിന്തുടരുന്നത്. അതായത് ഏത് രോഗത്തിനും പാരാസിറ്റമോള്‍ എന്ന ഒറ്റമൂലി നല്‍കുന്നപോലെ പിഴ, തടവ്, വധശിക്ഷ മാത്രമാണ് ഇവിടെയുള്ളത്. ഇവിടെ ധാര്‍മ്മിക ശിക്ഷ നമ്മുടെ കോടതികള്‍ നടപ്പാക്കുന്നത് കസ്റ്റഡികളിലൂടെയും നീണ്ട നടക്രമങ്ങളിലുടെയുമാണ്. കുറ്റക്കാരനാണെങ്കിലും ചില കോടതികള്‍ പ്രതിയെ വെറുതെ വിടുന്നതും അയാള്‍ ഈ നടപടിക്രമങ്ങളിലൂടെ കടന്നുപോയി ശിക്ഷയുടെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കപ്പെട്ടു എന്നതിനാലാണ്. കുറ്റവാളിയുടെ നവീകരണമാണ് വിചാരണകളില്‍ ചിലപ്പോഴെങ്കിലും നടക്കുന്നത്.

മിക്ക ഹൈപ്രൊഫൈല്‍ കേസുകളിലും സ്വാധീനം ഉപയോഗിച്ചു വിചാരണ വരെ എത്താത്ത സാഹചര്യത്തില്‍ മീഡിയയും പൊതുസമൂഹവും ധാര്‍മ്മിക ശിക്ഷ (moral punishment) നടപ്പിലാക്കുന്നതിനെ തെറ്റുപറയാനാകില്ല. പിജെ കുര്യന്‍, ജഗതി, നമ്പി നാരായണന്‍, ജോസ് തെറ്റയില്‍, എകെ ശശീന്ദ്രന്‍ എന്നിവര്‍ക്കെല്ലാം ഇതേ മാധ്യമങ്ങള്‍ ധാര്‍മ്മിക ശിക്ഷ വിധിച്ചതാണ്. ഇത്തരം ചില ആളുകള്‍ക്ക് ഇതിനെ പ്രതിരോധിക്കാനും കാര്യങ്ങള്‍ വെളിപ്പെടുത്താനും മീഡിയയിലൂടെ തന്നെ പിന്നെ കഴിയും. ദിലീപിന്റെ അഭിമുഖവും ഇപ്പോള്‍ നടക്കുന്നതു പോലുള്ള പി.ആര്‍ വര്‍ക്കുകളും അതിനുള്ള ഉദാഹരണങ്ങളാണ്. എന്നാല്‍ നമ്പി നാരായണനെ പോലുള്ള സാധാരണക്കാരെ കുറ്റക്കാരനാക്കി ചിത്രീകരിച്ച് നിരപരാധി എന്ന അനുമാനം നിഷേധിക്കുന്നത് നീതിയല്ല. കാരണം കോടതി വെറുതെ വിട്ടാലും തങ്ങളുടെ നിരപരാധിത്വം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാനുള്ള അവസരം മാധ്യമങ്ങള്‍ പിന്നീട് ഒരിക്കലും ഒരുക്കാറില്ല.

മാധ്യമ വിചാരണ വഴി പ്രതിക്ക് ഇല്ലതാകുന്നത് ക്രിമിനല്‍ നടപടിയിലെ സുവര്‍ണ്ണ മൂല്യങ്ങളായ കുറ്റക്കാരനെന്ന് തെളിയിക്കപ്പെടും വരെയുള്ള നിരപരാധിത്വവും സംശയത്തിന്റെ ആനുകൂല്യത്തിലെ നിരപാരിധിത്വവുമാണ്. ജെസിക്ക ലാല്‍ കേസ് ഇതിനു ഉത്തമ ഉദാഹരണമാണ്. മീഡിയ സൃഷ്ടിക്കുന്ന മുന്‍വിധി പ്രതിയുടെ അവകാശമായ ഫെയര്‍ ട്രയല്‍ നിഷേധിക്കുന്നത് ഇന്ന് ഒരു വലിയ കാര്യമല്ലാതായി തിര്‍ന്നിരിക്കുന്നു. 'Commenting on the pending cases or abuse of party may amount to contempt only when a case is triable by a judge' എന്ന് സുഭാഷ് ചന്ദ്ര വേര്‍സ് S.M അഗര്‍വാള്‍ (1984) കേസിലും 'No editor has the right to assume the role of an investigator to try to prejudice the court against any person', DM v MAGARDISH( 1940) എന്നും വിവിധ കോടതികള്‍ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ, ഹനുമന്തറാവു വേര്‍സ് പട്ടാഭിരാമന്‍ (1975) കേസില്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി പ്രസ്താവിച്ചത് ഇങ്ങനെയാണ് 'When litigation is pending before court ,no shall comment on it in such a way there is a real and substantial danger of prejudice to the trial of the action, as for instance by influence on the judge, the witnesses or by prejudicing mankind in general against a part to the case'

നായകനെയും വില്ലനെയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റുന്ന സിനിമകള്‍ പോലെ പോലെ വിക്ടിമിനെ വില്ലനാക്കാനും വില്ലനെ വിശുദ്ധനാക്കാനും മാധ്യമങ്ങള്‍ക്ക് കഴിയും. ഇതുമൂലം കേസുകളില്‍ ജാമ്യം നിഷേധിക്കുവാനും ഗ്രിവിയാസ്, കേസുകളില്‍ നല്‍കുവാനും സാധ്യതയുണ്ട്. പ്രതിയുടെ അവകാശം സംരക്ഷിക്കാനുള്ള വിവിധ നടപടി ക്രമങ്ങളായ മജിസ്ട്രറ്റിന്റെ മുന്‍പില്‍ എത്തിക്കുക, സിആര്‍പിസി സെക്ഷന്‍ 56, ജാമ്യം(436), ഹൈക്കോടതിയിലെ വിചാരണയില്‍ നിന്ന് ഒഴിവാക്കാന്‍ ഉള്ള ഹര്‍ജി (482) ഒക്കെ മാധ്യമ മുന്‍വിധി ഉണ്ടാക്കുന്ന ഇടങ്ങള്‍ തന്നെ. ഈ അടുത്ത കാലത്ത് ഹണി ട്രാപ്പ് കേസില്‍ ഐ. ടി. ആക്ടിലെ ജാമ്യമില്ലാക്കുറ്റം (സെക്ഷന്‍ 67, 67A) സെബര്‍ ഇടം അല്ലാത്ത ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ ചാര്‍ജ് ചെയ്ത് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത് മാധ്യമങ്ങളുടെ സ്വാധീനം മൂലമായിരുന്നെന്ന് പറയാം. എന്നാല്‍ കണ്ടംപ്റ്റ് ഓഫ് ആക്ട് 1971, സെക്ഷന്‍ 3(2) പ്രകാരം ചാര്‍ജ്ഷീറ്റ് സമര്‍പ്പിക്കുന്നതു മുതലേ ഇത് കുറ്റം ആയി മാറുന്നുള്ളൂ. പതിനേഴാം ലോ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഈ നിയമം ഭേദഗതി ചെയ്യേണ്ടതും അറസ്റ്റ്, ഇന്‍വേസ്റ്റിഗേഷന്‍ മുതല്‍ നല്‍കേണ്ടതാണ് കോടതിയലക്ഷ്യം എന്നും നിര്‍ദേശിച്ചിട്ടുള്ളതാണ്. ഇത് ഫ്രീഡം ഓഫ് പ്രസിനെ ബാധിക്കുന്ന വിഷയം ആയതിനാല്‍ 2006-ല്‍ സമര്‍പ്പിച്ച ഇരുന്നൂറാമത് ലോ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മാധ്യമ വിചാരണ, അഭിപ്രയ സ്വാതന്ത്ര്യം വേര്‍സ് ഫെയര്‍ ട്രയല്‍ അണ്ടര്‍ ക്രിമിനല്‍ പ്രോസിജ്യുര്‍ എന്നീ വിഷയങ്ങള്‍ എടുത്തു പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ട് ഇപ്പോഴും പാര്‍ലമെന്റിന്റെ പരിഗണനയിലാണ്.

കൃത്യമായ ഒരു നിയമ നിര്‍മ്മാണം ഈ മേഖലയില്‍ ഇല്ലത്തതും മാധ്യമങ്ങള്‍ക്കിടയിലുള്ള കിടമത്സരവും റേറ്റിംഗ് കുട്ടാനുള്ള വ്യഗ്രതയും നിയമ ബോധമില്ലാത്ത പത്രപ്രവര്‍ത്തകരുമാണ് സെന്‍സെഷണലായ കേസുകളുടെ പുറകെ ചര്‍ച്ചകളുമായി മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വരുന്നത്. മാധ്യമങ്ങള്‍ തന്നെ കുറ്റകൃത്യം നിശ്ചയിച്ചുകൊണ്ടുള്ള ഒരു വാര്‍ത്താ വിശകലന രീതിയാണ് ദിലീപ് കേസില്‍ തുടരുന്നത്. ഇത് ഒരു തരത്തില്‍ പറഞ്ഞാല്‍ ധാര്‍മ്മികമായ ശിക്ഷയാണ്. രാഷ്ട്രീയക്കാരെ പോലെ തന്നെ ദിലീപിനും ഇത് മാധ്യമങ്ങളിലൂടെ തന്റെ ഭാഗം വിശദീകരിച്ച് നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്താവുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ആണല്ലോ. എന്നാല്‍ സമൂഹത്തിന്റെ താഴേത്തട്ടിലുള്ള പ്രതികളെ ഈ വിധം തേജോവധം ചെയ്താല്‍ നീതിയും ധാര്‍മ്മികതയും പറഞ്ഞ് ആരും ആ വഴി വരില്ല. അതെ, ആടിനെ പട്ടിയാക്കുന്ന പോലീസ് രീതി തന്നെയാണ് മാധ്യമങ്ങളും ഇക്കാലത്ത് പിന്തുടരുന്നത്.

എന്നാല്‍ The Sexual Harassment Of Women At Workplace (Prevention , Prohibition And Redressal) Act, 2013 പ്രക്രാരം നടിക്ക് നേരിട്ട ലൈംഗിക അതിക്രമത്തില്‍ അവര്‍ അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രഥമദൃഷ്ട്യ ഉത്തരവാദിയാണ്. ജോലി സ്ഥലം എന്നത് ഒരു സ്ത്രീ ജോലിക്ക് പോകുന്നത് മുതല്‍ തിരിച്ചു വീട്ടില്‍ വരുന്നതു വരെയായി സുപ്രിം കോടതി നിര്‍ണ്ണയിച്ചിട്ടുണ്ട്. അതിനാല്‍ സിനിമയുടെ നിര്‍മ്മാതാവ് ഒരു തൊഴിലുടമയും കുറ്റകൃത്യം നടന്ന വാഹനം അടക്കം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ളതും അത് തൊഴിലിടത്തിന്റെ പരിധിയിലുള്ളതുമാണ്. എന്നാല്‍ ഇത്തരത്തില്‍ പൊതുജനതാത്പര്യമുള്ള തലങ്ങളിലേക്ക് ചര്‍ച്ചകള്‍ എത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ല. സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്ന ഈ കാലഘട്ടത്തില്‍ പൊതുജനതാത്പര്യം മുന്‍ നിര്‍ത്തി സ്വമേധയാ കേസെടുക്കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിക്കേണ്ടതാണ്.

വാര്‍ത്തകളില്‍ നിന്ന് ചര്‍ച്ചകളിലേക്കുള്ള മധ്യമങ്ങളുടെ ഈ പോക്ക് ക്രിമിനല്‍ അഡ്മിനിസ്‌ട്രേഷനെ ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇവിടെ വേണ്ടത് സ്വയം നിയന്ത്രിക്കലും അതിര്‍ത്തി (limiting the boundary) തീരുമാനിക്കലും തങ്ങളുടെ ഉത്തരവാദിത്വം എന്താണെന്ന് തിരിച്ചറിയലുമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories