TopTop
Begin typing your search above and press return to search.

'നിയുക്ത മുഖ്യമന്ത്രി ചീത്ത പറയരുത്, അത് അണ്‍പാര്‍ലമെന്ററിയാണ്'; ഇഎംഎസെന്നു കേട്ടാല്‍ കലിയിളകുന്ന നേതാവിനെ അനുയായി ഓര്‍മ്മിപ്പിച്ചു

നിയുക്ത മുഖ്യമന്ത്രി ചീത്ത പറയരുത്, അത് അണ്‍പാര്‍ലമെന്ററിയാണ്; ഇഎംഎസെന്നു കേട്ടാല്‍ കലിയിളകുന്ന നേതാവിനെ അനുയായി ഓര്‍മ്മിപ്പിച്ചു

കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിലെ അടിയൊഴുക്കുകള്‍ ശക്തമായ ഘട്ടങ്ങളിലൊന്നില്‍ കേട്ട ഒരു വാചകമാണിത്. അങ്ങ് മുഖ്യമന്ത്രിയാകാന്‍ വഴി തെളിയുന്നുവെന്ന വിവരം അറിയിക്കാനെത്തിയ അനുയായിയോട് പച്ചത്തെറി പറഞ്ഞ നേതാവിന്റെ വാക്കുകള്‍ കേട്ട് ഒപ്പമുണ്ടായിരുന്നയാള്‍ തന്നെ അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്തുന്നതാണിത്.'നിയുക്ത മുഖ്യമന്ത്രി ചീത്തപറയരുത്, അത് അണ്‍പാര്‍ലമെന്ററിയാണ്'

1969ല്‍ സപ്തകക്ഷി മന്ത്രിസഭയുടെ പതനത്തിന്റെ നാളുകളിലാണ് സംഭവം. സോഷ്യലിസ്റ്റ് നേതാവ് എന്‍. ശ്രീകണ്ഠന്‍ നായരായിരുന്നു ആ നേതാവ്. 1967ലെ രണ്ടാം ഇഎംഎസ് മന്ത്രിസഭയുടെ പതനം ഉറപ്പാക്കിയ സപ്തകക്ഷിയിലെ സിപിഐയും ആര്‍എസ്പിയും മുസ്ലിംലീഗും അടങ്ങുന്ന കൂറുമുന്നണി ശ്രീകണ്ഠന്‍ നായരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാന്‍ അണിയറയില്‍ രഹസ്യമായി കരുക്കള്‍ നീക്കി. പൊതുവെ അധികാരസ്ഥാനങ്ങളോടും വലിയ ഉത്തരവാദിത്തങ്ങളോടും അത്ര താല്പര്യം കാണിച്ചിരുന്ന വ്യക്തിത്വമായിരുന്നില്ല ശ്രീകണ്ഠന്‍ നായരുടേത്. ഏറെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് അദ്ദേഹം സ്ഥാനം ഏല്‍ക്കാമെന്ന് സമ്മതിച്ചത്.

മന്ത്രിസഭയിലെ പ്രതിസന്ധി ശക്തമായിരിക്കെ ശ്രീകണഠന്‍ നായര്‍ കൊല്ലത്തെ സേവ്യര്‍ ലോഡ്ജിലെ തന്റെ മുറിയില്‍ പല വിധ വിചാരങ്ങളുമായി കഴിയുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും അപ്പപ്പോഴുള്ള വിവരങ്ങള്‍ സേവ്യര്‍ ലോഡ്ജില്‍ എത്തുന്നുണ്ടായിരുന്നു. ഒടുവില്‍ മുഖ്യമന്ത്രി ഇഎംഎസും സംഘവും ജാഥയായി രാജിവെയ്ക്കാന്‍ രാജ്ഭവനിലേക്ക് പോകുന്ന വിവരവും ടെലഫോണ്‍ സന്ദേശമായി കൊല്ലത്തെത്തി.

ശ്രീകണ്ഠന്‍ നായരുടെ ഒപ്പമുണ്ടായിരുന്ന അനുയായിയാണ് അപ്പോഴും ഫോണ്‍ എടുത്തത്.

'ചേട്ടാ... ചേട്ടന്റെ ഭാഗ്യം തെളിഞ്ഞു' ഫോണെടുത്തയാള്‍ ഓടിവന്നു പറഞ്ഞു. ശ്രീകണ്ഠന്‍ നായരുടെ നാവില്‍ നിന്നും മുഴുത്ത തെറിയാണ് അപ്പോള്‍ പുറത്തുവന്നത്. ഒപ്പമുണ്ടായിരുന്നയാള്‍ അദ്ദേഹത്തിന്റെ വായ പൊത്തി പറഞ്ഞു. 'നിയുക്ത മുഖ്യമന്ത്രി ചീത്തപറയരുത്.....അത് അണ്‍പാര്‍ലമെന്ററിയാണ്'

അനുയായിയുടെ തമാശ ആസ്വദിക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല ശ്രീകണ്ഠന്‍ നായര്‍. 'ആരാടാ ഫോണ്‍ ചെയ്തത്?' അദ്ദേഹം ക്ഷോഭത്തോടെ ചോദിച്ചു.

സാറാണ്. ഫോണ്‍ എടുത്തയാള്‍ മറുപടി പറഞ്ഞു. സാറെന്ന് കൊല്ലത്തെ രാഷ്ട്രീയക്കാര്‍ പറയുന്നത് ബേബി ജോണിനെയാണ്. ഉടനെ വന്നു ശ്രീകണ്ഠന്‍ നായരുടെ മറുപടി:

'അവനോട് പോയി പറയെടാ അവന്റെയൊക്കെ താളത്തിനു തുള്ളാന്‍ എനിക്ക് മനസ്സില്ലെന്ന്.' ശ്രീകണ്ഠന്‍ നായര്‍ ഒഴിഞ്ഞു. ഇങ്ങനെ പ്രതിസന്ധിയിലായ കൂറുമുന്നണിക്കാര്‍ കണ്ടെത്തിയ പകരക്കാരനായാണ് സി. അച്യുത മേനോന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. സിപിഐയുടെ സെന്‍ട്രല്‍ സെക്രട്ടറിയറ്റ് അംഗമായി ഡല്‍ഹിയിലായിരുന്നു അക്കാലത്ത് അച്യുതമേനോന്‍.

1960കള്‍ മുന്നണി രാഷ്ട്രീയത്തിന്റെ ഏറെ അനിശ്ചിതത്വങ്ങളിലൂടെയാണ് കടന്നുപോയത്. 1964ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷം മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സിപിഐയും സിപിഎമ്മും അടക്കമുളള കക്ഷികള്‍ ചേര്‍ന്നു രൂപീകരിച്ച സപ്തകക്ഷി മുന്നണി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച് അധികാരത്തിലെത്തിയെങ്കിലും സര്‍ക്കാരിന് ഏറെ മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. അനൈക്യം തല പൊക്കി. മുന്നണിക്കകത്ത് കൂറു മുന്നണി ശക്തമായി. മന്ത്രിസഭായോഗത്തിലടക്കം കലഹം പതിവായി. മുന്നണിക്കു നേതൃത്വം നല്‍കിയ സിപിഎമ്മിനു സര്‍ക്കാരിനെ ഐക്യത്തോടെ നയിക്കാനായില്ല. സിപിഐയും സിപിഎമ്മും തരം കിട്ടിയിടത്തൊക്കെ തമ്മില്‍ കുത്തി.

'അഞ്ചു കൊല്ലവും ഞങ്ങള്‍ ഭരിക്കും. കഴിഞ്ഞകാല അനുഭവങ്ങള്‍ പാഠമാക്കി ഈ ദൂരം താണ്ടി എത്തിയ ഞങ്ങള്‍ക്ക് ഇനി ഒരു വീഴ്ച പറ്റില്ല.' 1967ല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന വേളയില്‍ ഈ തരത്തില്‍ പറഞ്ഞ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന് പക്ഷെ ഏറെ ദൂരം സമാധാനപൂര്‍വം താണ്ടാനായില്ല. സപ്തകക്ഷി മുന്നണിക്ക് വലിയ ഭൂരിപക്ഷം ഉണ്ടായിരുന്നുവെന്നതൊക്കെ സത്യം തന്നെ. മറുപക്ഷത്ത് കോണ്‍ഗ്രസ് വെറും ഒന്‍പത് സീറ്റുകളുമായി പത്തിതാഴ്ത്തി ഇരിക്കുകയായിരുന്നുവെങ്കിലും രണ്ടു കൊല്ലത്തിനുള്ളില്‍ തന്നെ രണ്ടാം ഇഎംഎസ് സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലേക്ക് എത്തി.

സിപിഐ ജിഹ്വയായ ജനയുഗം പത്രത്തില്‍ കുഞ്ഞന്‍ബാവ കൊലക്കേസുമായി ബന്ധപ്പെട്ട് മന്ത്രി ഇ.കെ. ഇമ്പിച്ചിബാവയ്‌ക്കെതിരെ വാര്‍ത്ത വന്നത് പ്രതിസന്ധി മുര്‍ച്ഛിപ്പിച്ചു. അത് പടിപടിയായി വര്‍ധിച്ചു. അന്തച്ഛിദ്രം മൂലം മുന്നോട്ട് പോകാന്‍ ആവാത്ത അവസ്ഥ സംജാതമായി. സിപിഐയും ആര്‍എസ്പിയും മുസ്ലിംലീഗും അടക്കമുള്ള കക്ഷികള്‍ ഉണ്ടാക്കിയ കൂറുമുന്നണി ആസന്നമായ മന്ത്രിസഭ തകര്‍ച്ച മുന്നില്‍ കണ്ട് കരുക്കള്‍ നീക്കി. 1969 ഒക്ടോബര് 12ന് കൂറുമുന്നണിയില്‍ പെട്ട നാല് കക്ഷികളുടെ നേതാക്കള്‍ കോഴിക്കോട് പുതിയങ്ങാടിയിലുള്ള ബാഫക്കി തങ്ങളുടെ വീട്ടില്‍ രഹസ്യമായി ഒത്തുകൂടി തന്ത്രങ്ങള്‍ മെനഞ്ഞു. കുടിയേറ്റ കര്‍ഷകരുടെ പാര്‍ട്ടിയായ കെടിപിയുടെ നേതാവ് മന്ത്രി ബി. വെല്ലിംഗ്ടണിനെതിരായ അഴിമതി ആരോപണം ഒക്ടോബര്‍ 18നകം അന്വേഷിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചു. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അവര്‍ അന്ത്യശാസനം നല്‍കി.

രാഷ്ട്രീയ കേരളം തിളച്ചു മറിഞ്ഞു. അപ്പോള്‍ മറുപക്ഷത്തുനിന്നും എം.എന്‍. ഗോവിനന്ദന്‍ നായര്‍ക്കും ടി.വി. തോമസിനും എതിരെ അഴിമതി ആരോപണം ഉയര്‍ന്നു. ചികിത്സാര്‍ഥം ബര്‍ലിനിലായിരുന്ന ഇഎംഎസ് അവിടെ നിന്നും മടങ്ങിയെത്തിയപ്പോള്‍ സമവായ നീക്കത്തിനു നില്‍ക്കാതെ സിപിഐക്കിട്ടു കുത്തി. എംഎന്നും ടിവിക്കുമെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. എംഎന്നും ടിവിയും അടക്കം ആറു മന്ത്രിമാര്‍ രാജിവെച്ചു. സര്‍ക്കാര്‍ പ്രതിസന്ധിയിലായി. കുശാഗ്രബുദ്ധിയായ ഇഎംഎസ് മന്ത്രിസഭ നിലനിര്‍ത്താനായി ഒരു പ്രസ്താവന പുറത്തിറക്കി. അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും പ്രാഥമികാന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെളിയാതെയുള്ള അന്വേഷണമാണ് നടക്കുന്നതെന്നതിനാല്‍ എമ്മെന്നും ടിവിയും മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അപാകതയില്ലെന്ന ന്യായം തന്റെ പതിവ് താര്‍ക്കികയുക്തിയില്‍ കൊരുത്തായിരുന്നു ഇഎംഎസ്സിന്റെ പ്രസ്താവന. പക്ഷെ അതില്‍ അവര്‍ കുടുങ്ങിയില്ല. രാജിയില്‍ ഉറച്ചുനിന്നു.

നിയമസഭയില്‍ അവിശ്വാസം അവതരിപ്പിക്കപ്പെടുമെന്നും രക്തസാക്ഷി പരിവേഷത്തോടെ അടുത്ത തെരഞ്ഞെടുപ്പിനെത്തി കൂടുതല്‍ വലിയ വിജയം നേടാമെന്നുമൊക്കെ സിപിഎം അടുക്കളയില്‍ സിദ്ധാന്തങ്ങള്‍ തിളച്ചുമറിഞ്ഞു. എന്നാല്‍ സിപിഐ നേതാവ് ടി.എ. മജീദ് നിയമസഭയില്‍ കൊണ്ടുവന്നത് സിപിഎം പ്രതീക്ഷിച്ച അവിശ്വാസ പ്രമേയം ആയിരുന്നില്ല. മന്ത്രി ബി. വെല്ലിംഗ്ടണെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന പ്രമേയമാണ് അദ്ദേഹം അവതരിപ്പിച്ചത്. മൂന്നു ദിവസങ്ങള്‍ നീണ്ട ആ ചര്‍ച്ചയില്‍ കേരളം പലതും കേട്ടു. മൂന്നാം ദിവസം പ്രമേയം പാസായി. രാജിവെയ്ക്കുക മാത്രമായിരുന്നു ഇഎംഎസ്സിന്റെ മുന്നിലുണ്ടായിരുന്നത്.

താന്‍ രാജിവെച്ചാല്‍ മറ്റൊരു സര്‍ക്കാര്‍ ഉണ്ടാകാനിടയില്ലെന്ന കണക്കുകുട്ടലിലായിരുന്നു ഇഎംഎസ്. എന്നാല്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ഇഎംഎസ്സിനെ കവച്ചുവെയ്ക്കുന്ന തന്ത്രശാലികള്‍ മറുക്യാമ്പില്‍ ഉണ്ടായിരുന്നു. അവര്‍ കരുതലോടെ സര്‍ക്കാര്‍ ഉണ്ടാക്കാനായി പദ്ധതിയിട്ടിരുന്നു. തന്ത്രങ്ങളും രൂപപ്പെടുത്തിയിരുന്നു. മനസില്‍ കണ്ടയാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവര്‍ക്ക് എത്തിക്കാനായില്ലെങ്കിലും പകരം സര്‍ക്കാര്‍ ഉണ്ടായി. കേരളത്തിലെ ഒരു പുതിയ മുന്നണി സമവാക്യത്തിന്റെ നാന്ദിയുമായി തീര്‍ന്നു അത്.

ഉഗ്രശാലിയായ ആര്‍എസ്പി നേതാവ് എന്‍. ശ്രീകണ്ഠന്‍ നായരെ മുഖ്യമന്ത്രിയാക്കുന്നതിനാണ് കുറുമുന്നണി നേതൃത്വം തന്ത്രം മെനഞ്ഞത്. എന്നാല്‍ വലിയ ഉത്തരവാദിത്ത സ്ഥാനങ്ങളോട് അത്ര മമത പുലര്‍ത്താത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. പ്രതാപശാലിയായ തൊഴിലാളി നേതാവും മറ്റുമാണെങ്കിലും ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ ഒരു തരത്തിലും പാകമാകാത്ത മനസ്സെന്ന് വേണമെങ്കില്‍ പറയാം. കടുത്ത മാര്‍ക്‌സിസ്റ്റ് വിരുദ്ധനായിരുന്നു ശ്രീകണ്ഠന്‍ നായര്‍. ഇഎംഎസ് എന്നു കേട്ടാല്‍ തന്നെ കലിയിളകും. ആ ദൗര്‍ബല്യം മുതലാക്കിയാണ് സര്‍ക്കാര്‍ വീഴുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശ്രീകണ്ഠന്‍ നായരെ കൊണ്ടുവരാന്‍ സിപിഐയിലെ തന്ത്രശാലികള്‍ അടക്കം കരുക്കള്‍ നീക്കിയത്. നിര്‍ബന്ധത്തിനു വഴങ്ങി ഒടുവില്‍ അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് വിശുമ്പോള്‍ ശ്രീകണ്ഠന്‍ നായരും അനുചരന്മാരും കൊല്ലത്തെ തങ്ങളുടെ സങ്കേതമായ സേവ്യര്‍ ലോഡ്ജില്‍ ഇരുന്ന് കാര്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മനസ് കലുഷമായിരുന്നു. നിര്‍ബന്ധത്തിനു വഴങ്ങി മുഖ്യമന്ത്രിയാകാമെന്ന് സമ്മതിച്ചുവെങ്കിലും ആ സമയം മുതല്‍ ശ്രീകണ്ഠന്‍ നായര്‍ പുനരാലോചന നടത്തുന്നുണ്ടായിരുന്നു. വലിയ അന്തസംഘര്‍ഷം. ഇഎംഎസ് രാജിവച്ചാല്‍ അടുത്ത മുഖ്യമന്ത്രി താനാവുമെന്നത് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ ഉശിരനായ ഈ നേതാവിന് പറ്റുന്നുണ്ടായിരുന്നില്ല. പോലീസ് സ്‌റ്റേഷനില്‍ കയറി പോലീസ് ഓഫീസറെ വെല്ലുവിളിക്കാനൊക്കെ ധൈര്യം കാണിച്ചിട്ടുള്ള നേതാവാണ് ശ്രീകണ്ഠന്‍ നായരെങ്കിലും അധികാരത്തിന്റേയും വിപുലമായ ചുമതലകളുടേയും തിരക്കൊന്നും തനിക്ക് പറ്റുന്നതല്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതില്‍ അദ്ദേഹം ഉറച്ചുനിന്നു.

അധികാരത്തിനായി ഇക്കാലത്തെ നേതാക്കള്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ നിത്യവും കാണുന്ന പുത്തന്‍ തലമുറക്കാര്‍ക്ക് ശ്രീകണ്ഠന്‍ നായരുടെ നിലപാട് വിശ്വസിക്കാന്‍ പ്രയാസമാകും. ഒടുവില്‍ ഇഎംഎസ്സിന്റെ രാജി വാര്‍ത്ത അറിയിച്ച അനുയായിക്ക് അദ്ദേഹത്തിന്റെ തെറികേള്‍ക്കേണ്ടിവന്നതും അധികാരത്തോട് അകന്നു നില്‍ക്കാനുള്ള അക്കാലത്തെ അത്രയ്ക്ക് അസാധാരണമല്ലാത്ത രാഷ്ട്രീയബോധ്യത്തിന്റെ വെളിപ്പെടുത്തലായിരുന്നു. അധികാരത്തെ കുറിച്ച് ഇന്ന് അത്യപൂര്‍വമാകുന്ന ഒരു പാഠം.

(അവലംബം:

1. ജനാധിപത്യ കേരളം-കെ. ബാലകൃഷ്ണന്‍, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്

2. അച്യുതമേനോന്‍ മുഖംമൂടിയില്ലാതെ-തെക്കുംഭാഗം മോഹന്‍, ഡിസി ബുക്‌സ് കോട്ടയം)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: “മരിച്ച് 12 ദിവസം പിന്നിട്ടു, എവിടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്?”; കൊലപാതകമെന്ന സൂചന നല്‍കി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ആദിവാസി പോലീസുകാരന്‍ കുമാറിന്റെ കുടുംബം

Next Story

Related Stories