TopTop
Begin typing your search above and press return to search.

ഒന്ന് കെട്ടിപ്പിടിച്ചാൽ തീരാവുന്ന കുഴപ്പമേയുള്ളൂ കേരളത്തിന്; നിർഭാഗ്യവശാൽ അതിപ്പോൾ കിടപ്പറയിൽ പോലുമില്ല

ഒന്ന് കെട്ടിപ്പിടിച്ചാൽ തീരാവുന്ന കുഴപ്പമേയുള്ളൂ കേരളത്തിന്; നിർഭാഗ്യവശാൽ അതിപ്പോൾ കിടപ്പറയിൽ പോലുമില്ല
രണ്ട് പേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു എന്നെഴുതിയത് ഒക്ടോവിയോ പാസ് ആണ്. ചുണ്ടുകൾ കോർക്കുമ്പോൾ അധരങ്ങളിൽ നിന്നും ചിത്രശലഭങ്ങൾ പറന്നുയരുന്നു, അവ അകലങ്ങളെ ഇല്ലാതാക്കുന്നു, അതിരുകളെ മായ്ക്കുന്നു. നാം തമ്മിൽ ചേരുമ്പോൾ നമുക്കിടയിൽ അനുരാഗത്തിന്‍റെ വേലിയേറ്റം മാത്രമാകുന്നു. ഒരേ കടൽ, ഒരേ സംഗീതം. ആലിംഗനവും അനുപമമാണ്. അടുപ്പത്തെ കൂടുതൽ അടുപ്പിക്കുന്നത്. അകലാൻ പ്രേരിപ്പിക്കാത്തത്. പുണരുമ്പോൾ തമ്മിൽ അലിഞ്ഞ് പുഴയാകുന്നത്, പൂക്കളായി സുഗന്ധം പൊഴിക്കുന്നത്. അതിനെന്ത് പ്രണയം, സൗഹൃദം..? എല്ലാത്തിനും മീതെ കടൽ കര വിഴുങ്ങും പോൽ പടരും പകരും ആലിംഗനം. അതുണ്ടോ നമ്മുടെ സ്കൂൾ അധ്യാപകർക്ക് മനസ്സിലാകുന്നു, കേരളത്തിന് മനസ്സിലാകുന്നു..?

എന്താണ് പ്രശ്നമെന്ന് ആഴത്തിൽ പഠിക്കേണ്ടതൊന്നുമില്ല. അവളെയും അവനെയും മാറ്റിയിരുത്തിയുള്ള പഠനത്തിൽ നിന്നാണ് കുഴപ്പങ്ങൾ ആരംഭിക്കുന്നത്. പെൺകുട്ടികളെ നോക്കാൻ പാടില്ല, തൊടാൻ പാടില്ല എന്നൊക്കെ പ്രൈമറി തലം മുതലെ പഠിപ്പിക്കുകയാണ്. തിരിച്ച് പെൺകുട്ടികളോടും ഈ രീതിയിൽ തന്നെ ഉപദേശവും കണ്ണുരുട്ടലും. അപ്രഖ്യാപിതവും അലിഖിതവുമായ, കാലങ്ങളായി തുടരുന്ന വിലക്ക്. തെറ്റിച്ചാൽ ശാസന, ചൂരൽ കൊണ്ടടി, ക്ളാസിൽ നിന്ന് പുറത്താക്കൽ, പരീക്ഷക്ക് വിലക്ക്. എന്തൊരു കരിനിയമം ആണിത്..?

http://www.azhimukham.com/trending-reply-to-n-prabhakaran-teachers-must-get-such-type-of-games/

പെണ്ണെന്നാൽ ആരും തൊടാൻ പാടില്ലാത്തവൾ, ആണ് ഒരു ഭീകര ജീവി എന്ന മട്ടിലാണ് ചില സ്ക്കൂളുകളിലൊക്കെ ഇപ്പോഴും കാര്യങ്ങൾ. അമിതമായ വിലക്കുകൾ വിലക്ക് ലംഘിക്കാനേ കാരണമാകൂ. അരുതാത്തത് വിലക്കാം, അതിനുള്ളവർ തന്നെയാണ് അധ്യാപകർ. എന്നാൽ, അരുതുകൾ എന്തെന്ന് ആദ്യം അവർ അറിയണം. അതിന് മാനദണ്ഡങ്ങളും നിശ്ചയിക്കണം. അല്ലാത്തപക്ഷം, ഒരു അധ്യാപികയോ വിദ്യാലയമോ തന്‍റെ, അല്ലെങ്കിൽ സ്ഥാപനത്തിന്‍റെ പരിമിതവും വികലവുമായ ചിന്തകൾ വെച്ച് അരുതിന്‍റെ നിർവചനം നിശ്ചയിച്ചാൽ സമൂഹം ഒന്നടങ്കം അധ്യാപികയോട്, സ്ഥാപനത്തോട് അരുതെന്ന് പറയും. അതാണ് മാർത്തോമ്മ സഭയുടെ കീഴിലുള്ള തിരുവനന്തപുരത്തെ സെന്‍റ് തോമസ് സെൻട്രൽ സ്ക്കൂളിന് സംഭവിച്ചതും.

കലോത്സവത്തിൽ ഒന്നാംസമ്മാനം ലഭിച്ചതിന്‍റെ ആഹ്ളാദത്താൽ ഓടിയെത്തിയ കൂട്ടുകാരിയെ ആലിംഗനം ചെയ്ത് സ്വീകരിച്ചതാണ് അവനിൽ ആരോപിക്കപ്പെട്ട കുറ്റം. കുട്ടികളുടെ പഠനവും പരീക്ഷയും വിലക്കുന്ന ശിക്ഷാ നടപടികളിലേക്കാണ് സ്ക്കൂൾ അധികൃതർ നീങ്ങിയത്. അതിശയം തോന്നുന്നു, കേരളം എന്ത് മാറിയെന്നാണ് നാം കേൾക്കുന്നത്, നമുക്കെന്ത് പ്രബുദ്ധത ഉണ്ട് എന്നാണ് നാം ഊറ്റം കൊള്ളുന്നത്..?

http://www.azhimukham.com/offbeat-stthomasschool-thiruvananthapuram-pramodpuzhankara-fbpost/

കേരളം കെട്ടിപ്പൂട്ടി വെച്ചിരിക്കുകയാണ് പലതും. നോക്കാൻ പാടില്ല, തൊടാൻ പാടില്ല, സൗഹൃദം കൊണ്ടുപോലും വിരൽ കോർക്കാൻ പാടില്ല. സ്ത്രീകൾ ബസ്സിന്‍റെ മുൻവശത്ത് മാത്രം, ആണുങ്ങൾ പിറകിൽ. വാളയാർ പിന്നിട്ടാൽ തമിഴ്നാട്ടിൽ ബസ്സിൽ ആണും പെണ്ണും ഒന്നിച്ചിരുന്നാണ് യാത്ര. കേരളത്തിൽ തന്നെ ട്രെയിനിൽ ഈ തൊട്ടുകൂടായ്മയും അയിത്തവും ഇല്ല. മാറാൻ മലയാളിക്കറിയാം, എന്നിട്ടും എവിടെയൊക്കെയോ പഴമയുടെ പുളിരസം തികട്ടുന്നു. ആ രസവും ശീലവും കൂടി മാറണം. ഒന്ന് കെട്ടിപ്പിടിച്ചാൽ തീരാവുന്ന കുഴപ്പമേയുള്ളൂ കേരളത്തിന്. നിർഭാഗ്യവശാൽ അതിപ്പോൾ കിടപ്പറയിൽ പോലുമില്ല. കിടപ്പറയിൽ കടമ നിർവഹിച്ചുള്ള തിരിഞ്ഞു കിടക്കലിനപ്പുറം നല്ല കാമുകീ കാമുകന്മാരാകാൻ എത്ര പേർക്ക് കഴിയുന്നുണ്ട്..? നിങ്ങൾ നിങ്ങളുടെ അച്ഛനെ, അമ്മയെ ഒന്ന് കെട്ടിപ്പിടിച്ച് ഉമ്മ വെച്ചിട്ട് എത്ര നാളായി..?സ്വയം ചിന്തിച്ചാൽ മതി, ആലിംഗനങ്ങളും ചുംബനങ്ങളും പൂർണ്ണമായും നഷ്ടപ്പെട്ട ലോകത്തിന്‍റെ നിശ്ശൂന്യത ബോദ്ധ്യമാകും.

http://www.azhimukham.com/offbeat-hug-by-girl-and-boy-in-stthomas-school-controversy/

അത്രയേയുള്ളൂ ടീച്ചർ, അറിവിന്‍റെയും വിവരത്തിന്‍റെയും വിശാലമായ ലോകത്താണ് നമ്മുടെ കുട്ടികൾ വ്യാപരിക്കുന്നത്. അവനവന്‍റെ പരിമിതമായ അറിവിനാൽ അവരെ അളക്കരുത്. ശരിയാണ്, അവർ വഴിതെറ്റി പോകാനും സാധ്യതകൾ ഏറെയാണ്. എന്നാൽ, ആലിംഗനത്തിലെ തെറ്റും ശരിയും വേർതിരിക്കൽ ഈ രീതിയിൽ ആകരുത് എന്നപേക്ഷ. അവർ ആടുകയും പാടുകയും ചെയ്ത് സമ്മാനങ്ങൾ വാരിക്കൂട്ടട്ടെ, ആലിംഗനം ചെയ്ത് ആഹ്ളാദം പങ്കുവെക്കട്ടെ. വിലക്കില്ലാത്ത പൂന്തോട്ടങ്ങളിൽ ഒളിഞ്ഞുനോട്ടവും ഒഴിവാകും. ആരോഗ്യപരമായ സൗഹൃദം പൂത്തുലയും വിദ്യാലയങ്ങളിൽ. സിലബസിനപ്പുറം അതാകണം പഠനത്തിന്‍റെ പ്രമേയവും പ്രതീക്ഷയും.

http://www.azhimukham.com/trending-i-was-harassed-in-same-kerala-school-that-suspended-students-for-hug/

http://www.azhimukham.com/kerala-high-court-upholds-suspension-of-class-xii-boy-girl-for-hugging-in-public/

http://www.azhimukham.com/trending-saradakkutty-facebook-post-about-school-hugging/

Next Story

Related Stories