Top

ഞാന്‍ പോണ്‍ കാണാറുണ്ട്; അതിനു തനിക്കെന്താ...? 'വെര്‍ബല്‍ റേപ്പ്' അനുഭവം ഒരു പെണ്‍കുട്ടി തുറന്നെഴുതുന്നു

ഞാന്‍ പോണ്‍ കാണാറുണ്ട്; അതിനു തനിക്കെന്താ...?
മനുഷ്യർ തമ്മിൽ ലിംഗ ഭേദമന്യേ പരസ്പരം ചുംബിക്കാമോ എന്നതു പോലും തലനാരിഴ കീറി ചര്‍ച്ച ചെയ്യുന്ന പ്രബുദ്ധകേരളത്തിലാണ് കഴിഞ്ഞ ദിവസം പോണോഗ്രഫിയുമായി ബന്ധപ്പെട്ട ഒരു സർക്കാസം പോസ്റ്റ് ചെയ്തതിന്റെ പേരിലുള്ള ആദ്യത്തെ വേർബൽ റേപ്പ് നേരിടേണ്ടി വന്നത്. ആര്‍ഷഭാരത സാംസ്കാര പരിസരത്തില്‍ നിന്നും 'പൊലയാടിച്ചി മോളെ' എന്ന വിളിക്ക് പുറകിലെ പകൽ മാന്യന്റെ അക്കൗണ്ട് തപ്പിയെടുത്തു സ്ക്രീൻഷോട്ട് അടക്കം പോണോഗ്രഫിയെ കുറിച്ചുള്ള ഒരു എഴുത്തുമായി ഒരു പോസ്റ്റ് അപ്ലോഡ് ചെയ്തപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ട് ചേരിയായി ആളുകൾ നിലയുറപ്പിക്കുന്ന സാഹചര്യത്തിലേക്ക്‌ കാര്യങ്ങൾ എത്തി. അത്രമാത്രം ലൈംഗിക ഉത്ക്കണ്ഠ പ്രകടിപ്പിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

വ്യാജനിര്‍മ്മിത പ്രതിച്ഛായക്കകത്ത് ലൈംഗികതയെ സ്വയം അടിച്ചമർത്താൻ പരിശീലിക്കപ്പെട്ടവരാണ് മലയാളികൾ, പെണ്ണിനെ അടിച്ചമർത്തുവാനും. അത്തരം ഒരിടത്തു നിന്നുകൊണ്ട് വ്യക്തിപരമായ സാഹചര്യങ്ങൾക്കനുസരിച്ചു അതിന്റെതായ പക്വതയോടെ തന്നെ ഞാൻ പോണോഗ്രഫി കാണാറുണ്ട് എന്ന് പറഞ്ഞാൽ അതിനെ അനുകൂലിക്കാൻ ആണധികാരബോധത്തിന് അത്ര എളുപ്പത്തിൽ സാധിച്ചെന്നു വരില്ല. പോണോഗ്രഫി കാണുന്നതുമായി ബന്ധപ്പെട്ട ആരോഗ്യകാര്യങ്ങളെ കുറിച്ചുള്ള ചർച്ചകൾ തൽക്കാലം അവിടെ നിൽക്കട്ടെ. സ്ത്രീകളിലെ യഥാർത്ഥ ലൈംഗിക അനുഭവങ്ങളും, ചിന്തകളും, റൊമാൻസും തുടങ്ങി കാമോദ്ദീപം വരെ തുറന്നു കാട്ടുന്ന പോണോഗ്രാഫിയെ ഇഷ്ടപ്പെടുന്നു എന്ന് ഞാൻ തുറന്ന് പറയുമ്പോൾ മറുവശത്ത് ഇങ്ങനെ തുറന്നു പറയാൻ കാണിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കാനും, പോണോഗ്രഫി കണ്ട് ലൈംഗികത തിരിച്ചറിഞ്ഞുകൊണ്ട് അതിന്റെ ആസ്വാദനത്തെ പറ്റി പറയുവാനുമുള്ള പക്വത നേടിയെടുക്കുവാനുമായി എടുത്തത് ഡിജിറ്റൽ വിപ്ലവത്തിന്റെ കടന്നു വരവിനുള്ള സമയം തന്നെയാണ്.

ശരീരത്തിന്റെ ഘടനയെയും ധര്‍മ്മത്തെയും, കാലാകാലങ്ങളിലുള്ള വ്യത്യാസത്തെയും, ലൈംഗികതെയെയും മറ്റുമുള്ള കാലോചിതമായി, കൃത്യവും വ്യക്തവുമായി ബോധ്യപ്പെടുത്തലുകൾ ലഭിക്കാതെ പോയ കുട്ടികാലത്ത് ടെക്സ്റ്റ് ബുക്കിനെ അതുപോലെ വിവരിച്ച ബയോളജി അധ്യാപകന് മുൻപിൽ തീരുന്ന ഒന്നാണ് എന്റെ കൗമാരകാലത്തെ ലൈംഗിക വിദ്യാഭ്യാസം. ലൈംഗികതയെക്കുറിച്ച് കുട്ടിക്കാലത്ത് സംശയങ്ങള്‍ ചോദിക്കാനുള്ള സ്വാതന്ത്ര്യം വീട്ടിലോ സ്കൂളിലോ ലഭിക്കാത്ത, നീലച്ചിത്രങ്ങള്‍, പാതയോരത്തെ കടകളില്‍ ഒളിച്ചുവില്‍ക്കുന്ന അശ്ലീലപുസ്തകങ്ങള്‍ പോലും ലഭിക്കാതെ പ്രാഥമികമായ ലൈംഗിക ജ്ഞാനം പോലും നിഷേധിക്കപ്പെട്ട, പരിണതപ്രജ്ഞനായ ഡോക്ടർ പോലും ലൈംഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന സാംസ്കാരിക പശ്ചാത്തലത്തില്‍ വളരുന്ന പെണ്‍കുട്ടികാലത്തിൽ നിന്നും ഞാനടക്കമുള്ള എത്രയോ സ്ത്രീകൾ ലൈംഗികമായ തിരിച്ചറിവുകൾ നടത്തുന്നത് തന്നെ ഡിജിറ്റൽ യുഗത്തിലെ തുറന്ന കാഴ്ചകൾക്കും തുറന്ന ചർച്ചകൾക്കും ശേഷം തന്നെയാണ്.

https://www.azhimukham.com/trending-when-woman-talks-about-pornvideo/

ലൈംഗികതയിലെ സ്ത്രീയുടെ അവകാശങ്ങൾ അറിയുവാൻ സ്ത്രീകൾ തന്നെ സ്വമേധയാ തുനിഞ്ഞാൽ തകർന്നടിയുന്നതേ ഉള്ളൂ ലൈംഗികത പാപമാണെന്നു പറയുന്ന ആ കല്ലു വെച്ച നുണ. ലൈംഗികതയുടെ ജീവശാസ്ത്രത്തിനപ്പുറത്തെ സുഖം തേടലുകളിലാണ് ഞാൻ പലപ്പോഴും പോണോഗ്രാഫികളിൽ എത്തിയിട്ടുള്ളത്. തീർച്ചയായും ഞാൻ പോണോഗ്രാഫി കാണുന്ന ഒരാളാണ്. പുരുഷന്റെ സുഖവും സൗകര്യവും നിലനിർത്തി സ്ത്രീ അടിമപ്പെട്ടു ചെയ്യണ്ട ഒന്നല്ല സെക്സ് എന്നും തുല്യ പങ്കാളിത്തത്തോടെ പൂർണ്ണമായ തിരിച്ചറിവുകളോടെ ചെയ്യേണ്ട ഒന്നാണ് അതെന്നുമുള്ള ബോധ്യത്തിൽ നിന്നു തന്നെയാണ് പോണോഗ്രാഫി കണ്ടു തുടങ്ങിയതും സെക്സിനെ കുറിച്ച് അവകാശ ബോധത്തോടെ സംസാരിച്ചു തുടങ്ങിയതും.

http://www.azhimukham.com/offbeat-indian-women-and-their-sexual-preferences-survey-report-by-sangeeth-sebastian/

പാകപ്പെടലുകൾക്കും ഒത്തുതീർപ്പുകൾക്കും വഴങ്ങേണ്ട ഒന്നല്ല സ്ത്രീയുടെ ലൈംഗികാഭിരുചി. പുരുഷകേന്ദ്രീകൃത ലൈംഗികത നിലനില്‍ക്കുന്നതുകൊണ്ട് തന്നെയാണ് ഇവിടെ തനിക്ക് ഇഷ്ടമില്ലാത്തത് പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന സ്ത്രീയെ അടക്കി നിർത്തുവാനായി ലൈംഗികത നിറഞ്ഞ പരാമര്‍ശങ്ങളോ ലൈംഗികത നിറഞ്ഞ അസഭ്യങ്ങളോ പറയുന്നതോ ഉപയോഗിക്കുന്നതോ തന്നെ. അതുകൊണ്ട് തന്നെ പുരുഷകേന്ദ്രീകൃതമായ ലൈംഗികതക്ക് ബദലായി സ്ത്രീപക്ഷ ലൈംഗികതയെയും പ്രോത്സാഹിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. ലൈംഗികതയിലെ സ്ത്രീയുടെ നിശബ്ദതയെ, അജ്ഞതയെ പവിത്രീകരിച്ചു അവളുടെ അവകാശത്തെ അടിച്ചമർത്താനുള്ള ശ്രമമല്ല നമുക്കാവശ്യം. അത്തരം അടിച്ചമർത്തലുകളോട് സമരസപ്പെട്ടു പോകേണ്ടതുമല്ല അവളുടെ അവകാശങ്ങൾ.

http://www.azhimukham.com/azhimukhamclassic-mallu-male-a-sexual-offender-sangeeth-sebastian/

രണ്ട് വ്യക്തികൾ തമ്മിൽ ഉള്ള തികച്ചും സ്വതന്ത്രമായ ഇടപെടലുകൾ നടക്കണമെങ്കിൽ അതിനു മാനസികമായും ശാരീരികമായും പുരുഷൻ മാത്രം പാകപ്പെട്ടാൽ പോര. സ്ത്രീയും പാകപെടണം. അതിനപ്പുറത്തേക്ക് അവള്‍ക്ക് സ്വതന്ത്ര വ്യക്തിത്വം ഉണ്ടാക്കാനുള്ള ഇടം നൽകണം. പെൺശരീരങ്ങളെ വാർത്തെടുക്കേണ്ടത് മതത്തിന്റേയും ജാതിയുടേയും രാഷ്ട്രത്തിന്റേയും പുരുഷാധികാര തുടർച്ചക്ക് വേണ്ടിയല്ല. അവളുടെ ശരീരം പോലും തന്റെയല്ലയെന്നുള്ള നിരന്തരമുള്ള ഓർമ്മപ്പെടുത്തലുകളിൽ നിന്നും അവളെ രക്ഷപെടാൻ പ്രാപ്തയാക്കണം. പകരം സ്വന്തം ഇഷ്ടങ്ങൾക്കും അനുഭൂതികൾക്കും സ്വയം തൃപ്തി കണ്ടെത്തുന്ന വിധത്തിലുള്ള മാർഗങ്ങൾ കണ്ടെത്തുന്ന അവളെ നിങ്ങളിൽ ഒരാളായി അംഗീകരിക്കണം. അതിനവൾ പോണോഗ്രാഫി തന്നെ സ്വീകരിക്കട്ടെ അല്ലെങ്കിൽ ബദലായി മറ്റെന്തും സ്വീകരിക്കട്ടെ. കാരണം ആത്മസംഘര്‍ഷങ്ങളുടെ ഉടലുരുക്കത്തിൽ പെട്ടു പോകേണ്ടതല്ല സ്‌ത്രീ ശരീരത്തിന്റെ രാഷ്ട്രീയം എന്നത് തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/jayashri-benjamin-thats-personal-hr-head-interview-online-sex-shop-sangheeth-sebastian/

Next Story

Related Stories