TopTop
Begin typing your search above and press return to search.

ഇന്ത്യാ ചരിത്രം ഇനി സംഘപരിവാര്‍ വക; ചരിത്രരചനയ്ക്ക് ഐസിഎച്ച്ആറിന്റെ കടിഞ്ഞാണ്‍

ഇന്ത്യാ ചരിത്രം ഇനി സംഘപരിവാര്‍ വക; ചരിത്രരചനയ്ക്ക് ഐസിഎച്ച്ആറിന്റെ കടിഞ്ഞാണ്‍

വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ കടന്നുകയറാനും യുക്തിസഹമായ ചരിത്രപഠനങ്ങളെ വളച്ചൊടിക്കാനും സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നതായുള്ള ആരോപണം ബിജെപി അധികാരത്തില്‍ വന്നപ്പോഴൊക്കെ ഉണ്ടായിട്ടുണ്ട്. വാജ്‌പേയ് മന്ത്രിസഭയില്‍ മുരളി മനോഹര്‍ ജോഷി മാനവവിഭവശേഷി വികസന മന്ത്രിയായിരുന്നപ്പോള്‍ പാഠപുസ്തകങ്ങളില്‍ ചരിത്രത്തെ നിഷേധിക്കുന്ന പാഠങ്ങള്‍ ഉള്‍പ്പെടുന്നതായുള്ള ആരോപണങ്ങള്‍ ശക്തമായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നൊക്കെ ഇത്തരം വാര്‍ത്തകള്‍ ഇപ്പോഴും വരുന്നുമുണ്ട്. ചരിത്രഗവേഷണങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കുമായുള്ള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗസിലിന്റെ (ഐസിഎച്ച്ആര്‍) പ്രവര്‍ത്തനങ്ങളിലും ഗവേഷണങ്ങളിലും സംഘപരിവാര്‍ ഇടപെടുന്നതായാണ് ഏറ്റവും പുതിയ വാര്‍ത്ത.

സ്വാതന്ത്ര്യസമരത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ സ്വീകരിച്ച പ്രതിലോമകരമായ നിലപാടുകളെ കുറിച്ച് വിശദീകരിക്കുന്ന പ്രമുഖ ചരിത്രകാരന്‍ അര്‍ജ്ജുന്‍ ദേവിന്റെ പഠനം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ഐസിഎച്ച്ആര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്ന് വയര്‍.കോമില്‍ അജോയ് ആശിര്‍വാദ് മഹാപ്രഷ്ത എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. ഐസിഎച്ച്ആറിന്റെ ടുവേഡ്‌സ് ഫ്രീഡം പരമ്പരയില്‍ പെട്ട ഈ ഗവേഷണ പ്രബന്ധം സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ് വഹിച്ചിരുന്ന പ്രതിലോമകരമായ നിലപാട് വെളിച്ചത്തുകൊണ്ടുവരുന്നതിനാലാണ് 2015 ഓഗസ്റ്റ് മുതല്‍ ഇത് പൂഴ്ത്തിവച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്വാതന്ത്ര്യസമരത്തിന്റെ അവസാന പത്തുവര്‍ഷക്കാലത്തെ (1937-1947) കുറിച്ചാണ് പ്രബന്ധം പ്രതിപാദിക്കുന്നത്.

ദേവ് എഡിറ്റ് ചെയ്ത പ്രബന്ധത്തില്‍ 1941 ലെ രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചാണ് പ്രധാനമായും പ്രതിപാദിക്കുന്നത്. മുന്നുഭാഗങ്ങളായാണ് പ്രബന്ധത്തെ തിരിച്ചിരിക്കുന്നത്. കൊളോണിയല്‍ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ നടന്ന ദേശീയ പ്രസ്ഥാനങ്ങള്‍, ജാതിരാഷ്ട്രീയത്തിന്റെ പങ്ക്, തൊഴിലാളി, കര്‍ഷക പ്രസ്ഥാനങ്ങളുടെ പങ്ക് എന്നിവയാണവ. ഹിന്ദുമഹാസഭയേയും ആര്‍എസ്എസിനെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ വിമര്‍ശിക്കുന്ന രണ്ടാം ഭാഗമാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചിരിക്കുതെന്നും അതിനാലാണ് കൈയെഴുത്ത് പ്രതി പ്രസിദ്ധീകരിക്കാന്‍ വൈകുന്നതെന്നുമാണ് ദേവ് കരുതുന്നത്.

പദ്ധതിയുടെ ജനറല്‍ എഡിറ്ററും പ്രമുഖ ചരിത്രകാരനുമായ സവ്യസായി ഭട്ടാചാര്യ അംഗീകരിച്ചിട്ടും കൈയെഴുത്ത് പ്രതി അച്ചടിക്ക് അയയ്ക്കാന്‍ ഐസിഎച്ച്ആര്‍ തയ്യാറാവുന്നില്ലെന്നും ദേവ് ആരോപിച്ചു. പ്രബന്ധം അംഗീകരിച്ചുകൊണ്ടുള്ള കത്ത് ഭട്ടാചാര്യ ഇതിനകം തന്നെ ഐസിഎച്ച്ആര്‍ മെമ്പര്‍ സെക്രട്ടറിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. എന്നാല്‍ പ്രസിദ്ധീകരണം വൈകിപ്പിക്കുന്നതിനായി കീഴവഴക്കങ്ങള്‍ ഇല്ലാത്ത ഒരു നടപടിയാണ് ഐസിഎച്ച്ആര്‍ സ്വീകരിച്ചത്. ജനറല്‍ എഡിറ്റര്‍ അംഗീകരിച്ച ഒരു പ്രബന്ധം പരിശോധിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയമിക്കുകയാണ് അവര്‍ ചെയ്തത്. സമിതി പുസ്തകത്തിലെ ചില ഭാഗങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഈ വിദഗ്ധ സമിതിയുടെ പേര് വെളിപ്പെടുത്താന്‍ ഐസിഎച്ച്ആര്‍ തയ്യാറായിട്ടില്ല. ഹിന്ദുമഹാസഭ നേതാവും ജനസംഘത്തിന്റെ സ്ഥാപകനുമായ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ചില പ്രസംഗങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ വിശ്വാസ്യതയെ കുറിച്ച് സമിതിക്ക് ചില സംശയങ്ങള്‍ ഉണ്ടെന്ന് ന്യൂസ്-18 റിപ്പാര്‍ട്ട് ചെയ്തിരുന്നു. 1941 മാര്‍ച്ച് 17-ന് ഡാക്കയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ ഒരു വിഭാഗത്തിന് കൂടുതല്‍ ഊന്നല്‍ കൊടുത്തുവെന്നും കര്‍ഷക, തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ട് ഒരു കമ്മ്യൂണിസ്റ്റ് ചായ്വ് ഈ ഭാഗത്ത് പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നുമാണ് സമിതിയുടെ മറ്റ് വിമര്‍ശനങ്ങള്‍.

ശ്യാമ പ്രസാദ് മുഖര്‍ജി, വി ഡി സവര്‍ക്കര്‍, ബി എസ് മൂഞ്ചെ തുടങ്ങിയ വലത് ഹിന്ദുത്വ നേതാക്കളുടെ പ്രസംഗങ്ങളും ഉദ്ധരണികളും ഈ ഭാഗത്ത് ചേര്‍ത്തിട്ടുണ്ട്. ഇതും ഐസിഎച്ച്ആറിനെ പ്രകോപിപ്പിച്ചിട്ടുണ്ടാവാം എന്നാണ് കരുതപ്പെടുന്നത്. എന്തുകൊണ്ടാണ് ജനറല്‍ എഡിറ്റര്‍ അംഗീകരിച്ചിട്ടും കൈയെഴുത്ത് പ്രതി അച്ചടിക്കായി ഓക്‌സ്‌ഫോര്‍ഡ് പ്രസിലേക്ക് അയയ്ക്കാത്തതെന്നും മറ്റൊരു വിദഗ്ധ സമിതിയെ പരിശോധനയ്ക്ക് വെച്ചതെന്നും ചോദിച്ചുകൊണ്ട് ഈ വര്‍ഷം ജൂണില്‍ ദേവ് ഐസിഎച്ച്ആര്‍ ചെയര്‍മാന്‍ വൈ സുദര്‍ശന്‍ റാവുവിന് കത്തയച്ചിരുന്നു. വിദഗ്ധ സമിതിയുടെ പരിശോധനയ്ക്ക് കൈയെഴുത്തുപ്രതി അയയ്ക്കുന്നത് നിലവിലുള്ള നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ദേവ് പറയുന്നു. 1941ല്‍ നടന്ന സംഭവങ്ങളെ കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരും വിവിധ നേതാക്കളും എഴുതിയ കാര്യങ്ങള്‍ ശേഖരിക്കുക മാത്രമാണ് താന്‍ ചെയ്തിരിക്കുതെ് ദേവ് ചൂണ്ടിക്കാണിക്കുന്നു.

ഐസിഎച്ച്ആര്‍ തെറ്റായി വ്യാഖ്യാനിക്കുന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ ഹിന്ദു ദേശീയതയെ മാത്രമല്ല പരാമര്‍ശിക്കുതെന്നും അതില്‍ മുസ്ലീം ലീഗിനെ കുറിച്ചും മറ്റ് സംഘടനകളെ കുറിച്ചുമുള്ള വിശദമായ രേഖകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും ദേവ് വിശദീകരിക്കുന്നു. ഇതൊക്കെ ഒഴിവാക്കിയാലും ഇതുവരെ ചരിത്രഗവേഷണങ്ങളില്‍ ആഴത്തില്‍ പഠിക്കപ്പെടാതിരുന്ന നാട്ടുരാജ്യങ്ങളിലെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെ കുറിച്ചുള്ള നിര്‍ണായക വിശദാംശങ്ങളും അതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചരിത്രകാരന്മാര്‍ക്ക് പുതിയ ഉള്‍ക്കാഴ്ച നല്‍കാന്‍ ഇത് സഹായിക്കുമെന്നും ദേവ് പറയുന്നു.

ഓക്‌സഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്നുള്ള പ്രത്യേക പദ്ധതിയാണ് 'ടുവേഡ്‌സ് ഫ്രീഡം' പരമ്പരയെന്നും കൈയെഴുത്തു പ്രതികള്‍ വിദഗ്ധാഭിപ്രായത്തിനായി അയയ്ക്കാന്‍ ചെയര്‍മാന്‍ തലവനായ ഐസിഎച്ച്ആറിന്റെ 18 അംഗ കൗണ്‍സില്‍ നേരത്തെ തന്നെ തീരുമാനിച്ചതുമാണെന്നാണ് ദേവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഐസിഎച്ച്ആര്‍ മെമ്പര്‍ സെക്രട്ടറി എസ് കെ അനില്‍ പറയുന്നത്. വിദഗ്ധസമിതിയുടെ അഭിപ്രായങ്ങള്‍ ദേവിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ ദേവിന്റെ അഭിപ്രായങ്ങള്‍ തേടിയിരുന്നു. വിദഗ്ധസമിതിയുടെ വിലയിരുത്തലും ദേവിന്‍െ മറുപടിയും ജനറല്‍ എഡിറ്റര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നും എസ് കെ അനില്‍ അറിയിച്ചു.

ഇത്തരത്തില്‍ ഒരു കീഴ്‌വഴക്കം നിലവില്‍ ഇല്ലല്ലോ എന്ന ചോദ്യത്തിന് ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ ഐസിഎച്ച്ആര്‍ കൗണ്‍സിലിന് അധികാരമുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാല്‍ ജനറല്‍ എഡിറ്റര്‍ സവ്യസായി ഭട്ടാചാര്യ, ദേവിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു. കൈയെഴുത്ത് പ്രതി പ്രസിദ്ധീകരിക്കാത്തതിനെ സംബന്ധിച്ച് ചെയര്‍മാനും മെമ്പര്‍ സെക്രട്ടറിക്കും കത്തയച്ചെന്നും അവര്‍ പ്രതികരിച്ചില്ലെുന്നും അദ്ദേഹം പറയുന്നു. ഇതുസംബന്ധിച്ച് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് താന്‍ കത്തയയ്ക്കാന്‍ തയ്യാറെടുക്കുകയാണെന്നും ഭട്ടാചാര്യ പറയുന്നു. വിദഗ്ധസമിതി അംഗങ്ങളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഭട്ടാചാര്യ പറയുന്നത്. വിദഗ്ധരുടെ അഭിപ്രായങ്ങള്‍ക്ക് താന്‍ മറുപടി പറഞ്ഞാല്‍ നടപടിക്രമങ്ങള്‍ സാധൂകരിക്കപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഐസിഎച്ച്ആറിന്റെ 'ടുവേഡ്‌സ് ഫ്രീഡം' പരമ്പര കുഴപ്പത്തില്‍പ്പെടുന്നത് ഇതാദ്യമല്ല. അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ പദ്ധതി നിര്‍ത്തലാക്കിയിരുന്നു.

യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 2005ലാണ് വീണ്ടും പദ്ധതി തുടരുന്നത്. അന്നത്തെ പ്ലാനിംഗ് കമ്മീഷനും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചരിത്രകാരന്മാരും ചേര്‍ന്ന് 1970-കളിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ബ്രിട്ടീഷ് സര്‍ക്കാര്‍ 'ട്രാന്‍സ്ഫര്‍ ഓഫ് പവര്‍' എന്ന പേരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ കുറിച്ച് ഒരു പുസ്തകം തയ്യാറാക്കി വരികയായിരുന്നു. ഇതിന് മറുപടിയായി സ്വാതന്ത്ര്യത്തിലേക്ക് നീങ്ങുന്ന അവസാനത്തെ പത്തുവര്‍ഷത്തെ ചരിത്രം പറയുന്ന പത്ത് വാല്യങ്ങള്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ സഹായത്തോടെ പുറത്തിറക്കാനായിരുന്നു തീരുമാനം. ഓരോ വാല്യത്തിന്റെയും എഡിറ്ററായി ഓരോ ചരിത്രകാരന്മാരെ വീതം ഐസിഎച്ച്ആര്‍ ചുമതലപ്പെടുത്തി. രേഖകളുടെ അടിസ്ഥാനത്തില്‍ ഓരോ വാല്യവും അധ്യായങ്ങളായി വിഭജിക്കാന്‍ എഡിറ്റര്‍മാര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരുന്നു. എല്ലാ വാല്യങ്ങളും പരിശോധിക്കാന്‍ ഒരു ജനറല്‍ എഡിറ്ററേയും നിയമിച്ചു.

1941 നെ കുറിച്ചുള്ള വാല്യത്തിന്റെ രണ്ട് അധ്യായങ്ങളാണ് ദേവ് എഡിറ്റ് ചെയുന്നത്. ഇതില്‍ ആദ്യ ഭാഗം 2011ല്‍ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാമത്തെ അധ്യായം 2015ല്‍ സമര്‍പ്പിച്ചെങ്കിലും രാഷ്ട്രീയ ഇടപെടല്‍ മൂലം പ്രസിദ്ധീകരണം നിറുത്തിവെച്ചിരിക്കുകയാണ്. പദ്ധതി നടപ്പിലാക്കുമ്പോള്‍ പ്രമുഖ ചരിത്രകാരനായ എസ് ഗോപാല്‍ ആയിരുന്നു ആദ്യ ജനറല്‍ എഡിറ്റര്‍. 1997ല്‍ ആദ്യത്തെ രണ്ട് വാല്യങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അച്ചടിയിലിരന്ന രണ്ട് വാല്യങ്ങള്‍ പിന്‍വലിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ സംഘപരിവാര്‍ സ്വീകരിച്ച പ്രതിലോമ നിലപാടുകള്‍ വെളിച്ചത്ത് വരുമെന്ന് ആദ്യ രണ്ട് വാല്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ തന്നെ ബിജെപി തിരിച്ചറിഞ്ഞതായി ദേവ് ചൂണ്ടിക്കാണിക്കുന്നു. ദേശീയ പ്രസ്ഥാനക്കാലത്തെ സംഘപരിവാറിന്റെ സാമുദായിക നിലപാടുകള്‍ വെളിപ്പെടുത്തവയാണ് മിക്ക രേഖകളും എന്നതാണ് അവരെ ഭയപ്പെടുത്തുന്നത്. ഇതോടെ അവര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന ദേശസ്‌നേഹ നാട്യങ്ങള്‍ തുറന്നുകാട്ടപ്പെടുമെന്നതാണ് പദ്ധതിക്കെതിരെ നീങ്ങാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്നുമാണ് ആരോപണം.

എന്‍സിഇആര്‍ടിക്ക് വേണ്ടി ദേവ് തയ്യാറാക്കിയ നാല് പുസ്തകങ്ങള്‍ വാജ്‌പേയ് സര്‍ക്കാര്‍ സിബിഎസ്ഇ പാഠ്യപദ്ധതിയില്‍ നിന്നും നേരത്തെ പിന്‍വലിച്ചിട്ടുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ ടുവേഡ്‌സ് ഫ്രീഡം പരമ്പര നിര്‍ത്തലാക്കാനും ബിജെപി പദ്ധതിയിടുന്നതായി ദേവ് ആരോപിക്കുന്നു. ഒരു വിശാല ചരിത്രം നിര്‍മ്മിക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ മൂന്നു വര്‍ഷത്തെ മോദി ഭരണക്കാലത്ത് വസ്തുതകളെ വളച്ചൊടിച്ചുകൊണ്ട് ചരിത്രത്തെ കാവിവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഉത്തര്‍പ്രദേശില്‍ അടുത്ത കാലത്ത് വിതരണം ചെയ്യപ്പെട്ട പൊതുവിജ്ഞാന പുസ്തകം, രാജസ്ഥാനിലെ ഹാല്‍ദിഗാര്‍ സര്‍വകലാശാല പുസ്തകത്തില്‍ അക്ബര്‍ ചക്രവര്‍ത്തിയെ രജപുത്ര രാജാവായ മഹാറാണ പ്രതാപ് പരാജയപ്പെടുത്തിയെ തെറ്റായ പരാമര്‍ശം, മുഗള്‍ ഭരണത്തെ കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യാനുള്ള മഹാരാഷ്ട്ര വിദ്യാഭ്യാസ ബോര്‍ഡിന്റെ വിവാദ തീരുമാനം എല്ലാം ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ ദിശയിലുള്ള ഏറ്റവും ഒടുവിലത്തെ ശ്രമമായി വേണം ദേവിന്റെ പുസ്തകം പൂഴ്ത്താനുള്ള ഐസിഎച്ച്ആര്‍ ശ്രമത്തെ കാണാന്‍ എന്നും ലേഖനം പറയുന്നു.


Next Story

Related Stories