TopTop
Begin typing your search above and press return to search.

'രാജ്യദ്രോഹിയാണെങ്കില്‍ എന്നെ തുറങ്കിലടക്കൂ'; തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി സംസാരിക്കുന്നു

രാജ്യദ്രോഹിയാണെങ്കില്‍ എന്നെ തുറങ്കിലടക്കൂ; തേജസ് ചീഫ് എഡിറ്റര്‍  എന്‍ പി ചെക്കുട്ടി സംസാരിക്കുന്നു

'നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. അതുകൊണ്ട് അന്തസ്സോടെ തലയുയര്‍ത്തി പിടിച്ച് തന്നെ തല്‍ക്കാലം ഞങ്ങള്‍ പിന്‍വാങ്ങുന്നു. 2018 ഡിസംബര്‍ 31ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം നിര്‍ത്തുകയാണ്. ഒരു വ്യാഴവട്ടം മലയാളികളുടെ വായനാമുറികളില്‍ സ്ഥിരസാന്നിധ്യമായിരുന്ന തേജസ് പുതിയ വര്‍ഷത്തിന്റെ പുലരിയില്‍ ഉണ്ടാവുകയില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഭരണകൂടത്തിന്റെ പ്രതികാര നടപടികള്‍ക്കിരയായി അടച്ചുപൂട്ടേണ്ടി വരുന്ന ആദ്യ മലയാള പത്രം എന്ന ഖ്യാതി കൂടി തേജസ്സിന് സ്വന്തമായിരിക്കും. തേജസിന്റെ ഇടം ഇനി മാധ്യമലോകത്ത് ശൂന്യമായിരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ആ ശൂന്യത നികത്തുന്നതിനുള്ള വിവിധ മാധ്യമ ഇടപെടലുകളുമായി ലോകമെമ്പാടുമുള്ള മലയാളി വായനക്കാരോടൊപ്പം തേജസ് ഇനിയുമുണ്ടാകും എന്ന പ്രതീക്ഷയോടെ വിട' തേജസ് ദിനപത്രം പ്രസിദ്ധീകരണം നിര്‍ത്തുകയാണെന്ന് അറിയിച്ചുകൊണ്ട് മാനേജ്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ.

സാമ്പത്തിക പ്രതിസന്ധികളില്‍ നിലനിന്നിരുന്ന ചെറുകിട പ്രാദേശിക പത്രങ്ങളില്‍ ഒന്നായ തേജസ് അടച്ചുപൂട്ടുന്ന വാര്‍ത്തയെ സന്തോഷത്തോടെയല്ല മാധ്യമലോകവും സമൂഹവും ഏറ്റെടുത്തത്. സര്‍ക്കാര്‍ പരസ്യം നല്‍കുന്നത് നിര്‍ത്തിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായെന്നും ഇനി മുന്നോട്ട് പോവാനാവില്ലെന്നും അറിയിച്ചുകൊണ്ടാണ് പത്രം പ്രസിദ്ധീകരണം നിര്‍ത്തുന്നത്. മാധ്യമപ്രവര്‍ത്തകരും ഇതര ജീവനക്കാരുമുള്‍പ്പെടെ നാനൂറിലധികം ജീവനക്കാരാണ് ഇതോടെ പെരുവഴിയിലാക്കപ്പെടുന്നത്. രണ്ട് മാസത്തെ സമയം മാത്രം നല്‍കി പത്രം അടച്ചുപൂട്ടുമ്പോള്‍ ജീവനക്കാരുടെ ജീവിതവും നിലനില്‍പ്പും തന്നെ ചോദ്യചിഹ്നമാവുകയാണ്. എല്ലാവിധ ആനുകൂല്യങ്ങളും നല്‍കി മാത്രമേ ജീവനക്കാരെ മടക്കൂ എന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ടെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റു ജോലികള്‍ തേടി കണ്ടെത്തുന്നതിനുള്ള സാവകാശം പോലും നല്‍കാതെ പത്രം പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നതില്‍ ജീവനക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അതൃപ്തിയുണ്ട്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ മാനേജ്‌മെന്റിന്റെ നടപടിയെ ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നുമില്ല. തേജസ് പത്രം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ ചെറുകിട പത്രത്തോടുള്ള സര്‍ക്കാരിന്റെ സമീപനവും കൂട്ടത്തില്‍ വിമര്‍ശന വിധേയമാവുകയാണ്. രാഷ്ട്രീയപരമായ വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നവര്‍ പോലും തേജസ് ദിനപത്രത്തോട് സര്‍ക്കാര്‍ കാണിച്ച ക്രൂരതയെ വിമര്‍ശിക്കുകയും ചെയ്യുന്നു. ചര്‍ച്ചകളും വിമര്‍ശനങ്ങളും എല്ലാം പുരോഗമിക്കുമ്പോള്‍ തേജസ് പത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്യുകയാണ് പത്രത്തിന്റെ ചീഫ് എഡിറ്റര്‍ എന്‍.പി.ചെക്കുട്ടി. തേജസിന്റെ തുടക്കകാലം മുതല്‍ സാരഥ്യത്തില്‍ ഉണ്ടായിരുന്ന ചേക്കുട്ടി അഴിമുഖത്തോട് പറഞ്ഞ കാര്യങ്ങള്‍.

പത്രം നടത്തിപ്പ്, പ്രതിസന്ധികള്‍

പല വശങ്ങളിലൂടെയാണ് തേജസ് പത്രം അടച്ചുപൂട്ടുന്നതിനെ സമീപിക്കേണ്ടത്. അതില്‍ പ്രധാനപ്പെട്ട സംഗതി പ്രിന്റ് മീഡിയയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളാണ്. ഇന്നത്തെ അവസ്ഥയില്‍ പ്രിന്റ് മാധ്യമങ്ങള്‍ സുസ്ഥിരമല്ല. മാതൃഭൂമിയും മനോരമയും വരെ ആ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടിരിക്കുന്നവരാണ്. പത്രമിറക്കുന്നതിനുള്ള ചെലവ് വളരെ കൂടുതലാണ്. ന്യൂസ് പ്രിന്റുകള്‍ക്ക് ഇരുപത്-ഇരുപത്തഞ്ച് ശതമാനം വിലവര്‍ധനവുണ്ടായി. മഷിയ്ക്ക് വിലകൂടി. ചെറുകിട പത്രത്തിന് മാനേജ് ചെയ്യാന്‍ കഴിയാത്ത വിധം ചെലവ് ഇരട്ടിച്ചിട്ടുണ്ട്. പരസ്യമില്ലാതെ ചെലവ് നടക്കില്ലാത്ത അവസ്ഥയുണ്ട്. ഏഴര രൂപയാക്കി പത്രത്തിന്റെ വില വര്‍ധിപ്പിച്ചു. ഞങ്ങളുടെ വരിക്കാരെല്ലാം വളരെ കൃത്യമായി തന്നെ പണം നല്‍കാറുമുണ്ട്. അത് പിരിച്ചെടുക്കലും പ്രോപ്പര്‍ ആയി തന്നെയാണ് നടക്കുന്നത്. പക്ഷെ അതുകൊണ്ടൊന്നും ചെലവ് കാശ് ഒക്കില്ല. 2010 മെയ് 14 മുതല്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവച്ചു. എട്ടുവര്‍ഷമായി അതില്ലാതെയാണ് പത്രം നടത്തി വരുന്നത്. പ്രാദേശിക, ചെറുകിട പത്രങ്ങളോട് അത് ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പോളിസിക്ക് തന്നെ എതിരാണ്. തേജസ് പോലൊരു പത്രത്തിന് കൊമേഴ്‌സ്യല്‍ പരസ്യങ്ങള്‍ കിട്ടാറില്ല. ചെറുകിട പരസ്യങ്ങള്‍ മാത്രമേയുള്ളൂ. അങ്ങനെയിരിക്കെ സര്‍ക്കാര്‍ പരസ്യം നല്‍കാതിരിക്കുന്നത് പത്രത്തിന്റെ മുന്നോട്ട് പോക്കിനെ വളരെയധികം ബാധിച്ചു. എന്നിട്ടും മാനേജ്‌മെന്റ് ഈ എട്ട് വര്‍ഷവും പത്രം നടത്താന്‍ ശ്രമിച്ചു. കയ്യില്‍ നിന്ന് എടുത്തിട്ടാണ് ഇത്രയും കാലം പത്രം നടത്തിയതെന്ന് അവര്‍ പറയുന്നതില്‍ ഒരു സംശയവുമില്ല. പലപ്പോഴും സംഘടനയുടെ പ്രവര്‍ത്തകരും അനുഭാവികളും നല്‍കിയ പണം കൊണ്ട് തന്നെയാണ് പത്രം നടന്നുപോയിട്ടുള്ളത്. വിദേശത്തുള്ളവരില്‍ നിന്നായിരുന്നു മാസം കൃത്യമായി ഫണ്ട് വന്നുകൊണ്ടിരുന്നത്. അവരില്‍ വലിയൊരു ശതമാനവും ചെറിയ മൊബൈല്‍ ഷോപ്പ്, തുണിക്കട, ഇലക്ട്രോണിക് കട പോലത്തെ ചെറിയ സ്ഥാപനങ്ങള്‍ സ്വന്തമായി നടത്തുന്നവരുമായിരുന്നു. ഓരോരുത്തരും കഴിവിനനുസരിച്ച് 3000,5000,10000 രൂപ നല്‍കി വന്നിരുന്നു. എന്നാല്‍ നിതാഖത് വന്നതോടെ അതെല്ലാം തകിടംമറിഞ്ഞു. ഒരുവിധപ്പെട്ട അത്തരം ചെറിയ സ്ഥാപനങ്ങളെല്ലാം പൂട്ടി. ദുബായിലും സൗദിയിലും അത്തരത്തില്‍ അത് ബാധിച്ചു. ദോഹയില്‍ ഉപരോധം വന്നതോടെ അവിടേയും പ്രതിസന്ധിയായി. അതോടെ തന്നെ ഗള്‍ഫിലുള്ള നാല് എഡിഷനുകള്‍ ഞങ്ങള്‍ക്ക് നിര്‍ത്തേണ്ടി വന്നു.

പെട്ടെന്നുള്ള തീരുമാനം, പെരുവഴിയിലാവുന്ന ജീവനക്കാര്‍

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി വലിയ പ്രശ്‌നമുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് ചേര്‍ന്ന എഡിറ്റോറിയല്‍ മീറ്റിങ്ങിലാണ് പത്രം നിര്‍ത്തുന്ന കാര്യം അറിയിക്കുന്നത്. സ്ഥിരം ജീവനക്കാരായ ഇരുന്നൂറിലധികം പേര്‍ സ്ഥാപനത്തിലുണ്ട്. ഞാനുള്‍പ്പെടെ കോണ്‍ട്രാക്ട് സ്റ്റാഫ് ആയവരും അത്രതന്നെ വരും. ഈ ഘട്ടത്തില്‍ ഞങ്ങളാരും മാനേജ്‌മെന്റിനെ എതിര്‍ക്കുന്നില്ല. പക്ഷെ രണ്ട് മാസത്തെ സമയം മാത്രം നല്‍കി മാനേജ്‌മെന്റ് ഇത്തരത്തിലൊരു തീരുമാനമെടുത്തതാണ് ജീവനക്കാരുടെ പ്രശ്‌നം. പെട്ടെന്ന് മറ്റൊരു ജോലി കിട്ടല്‍ പലപ്പോഴും അസാധ്യമാണ്. തുടരാന്‍ പറ്റില്ലെങ്കില്‍ തുടരണമെന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ കാര്യമില്ല എന്നതിനാല്‍ കുറച്ചുകൂടി സമയം നീട്ടി നല്‍കണമെന്നാണ് ജീവനക്കാര്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്. ഡിസംബര്‍ എന്നത് നീട്ടി മറ്റൊരു ജോലി കണ്ടെത്താനുള്ള സമയവും സാവകാശവും നല്‍കണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ അതവര്‍ക്ക് സമ്മതമായിരുന്നില്ല. ഇപ്പോള്‍ ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് ഇരുപത്തിയഞ്ച് ശതമാനം വരെ കുറവ് ചെയ്താലും അംഗീകരിക്കാമെന്നും, അരിയര്‍ ഉള്‍പ്പെടെയുള്ളവ തല്‍ക്കാലം ഫ്രീസ് ചെയ്യാമെന്നും എല്ലാം ജീവനക്കാര്‍ പറഞ്ഞുനോക്കി. പക്ഷെ മാനേജ്‌മെന്റ് നിര്‍ത്താനുള്ള തീരുമാനത്തില്‍ തന്നെയായിരുന്നു.

സര്‍ക്കാര്‍ സമീപനം

പത്രം പ്രസിദ്ധീകരണം നിര്‍ത്തുന്നതായി പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എന്നെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. സ്ഥിതിഗതികളും ജീവനക്കാരെ സംബന്ധിച്ച കാര്യങ്ങളുമെല്ലാം ഞാന്‍ അറിയിക്കുകയും ചെയ്തു. സത്യത്തില്‍ സര്‍ക്കാരിന് ഒരു കാര്യവുമില്ലാത്ത കാര്യത്തിനാണ് പരസ്യം തടഞ്ഞുവച്ചിരിക്കുന്നത്. സര്‍ക്കാരിന് അത് തരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. അല്ലെങ്കില്‍ തന്നെ ജനങ്ങളുടെ കയ്യില്‍ നിന്ന് പിരിക്കുന്ന നികുതിപ്പണമാണത്. ബജറ്ററി അലോക്കേഷന്‍ ആയി പിആര്‍ഡി വഴി പത്രങ്ങള്‍ക്ക് കൊടുക്കുന്നത്. 'ഹിന്ദു' പത്രത്തിന് നൂറ്ശതമാനവും കാര്‍ഡ് റേറ്റില്‍ തന്നെയാണ് സര്‍ക്കാര്‍ പരസ്യം നല്‍കുന്നത്. വേറെ ചിലര്‍ക്ക് കാര്‍ഡ് റേറ്റില്‍ നിന്ന് മുപ്പത് മുതല്‍ നാല്‍പ്പത് ശതമാനം വരെ കുറച്ചാണ് നല്‍കുന്നത്. കാര്‍ഡ് റേറ്റ് ഒന്നും കിട്ടിയില്ലെങ്കിലും മുപ്പതോ നാല്‍പ്പതോ ശതമാനം കുറച്ചുള്ള തുക കിട്ടിയിരുന്നെങ്കില്‍ ഇന്ന് പത്രം അടച്ചുപൂട്ടേണ്ടി വരില്ലായിരുന്നു. പരസ്യം നല്‍കാതിരിക്കുന്നത് കൊണ്ട് സര്‍ക്കാരിന് ഒന്നും കിട്ടാനില്ല. പക്ഷെ അത് കിട്ടിയാല്‍ പരമാവധി ജീവനക്കാരുടെ ജീവിതം മുന്നോട്ട് പോവും. 2010ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണനാണ് തേജസിന് സര്‍ക്കാര്‍ വക പരസ്യം നല്‍കേണ്ടെന്ന് തീരുമാനിക്കുന്നത്. അത് മുന്‍കൂട്ടി അറിയിച്ചിട്ട് പോലും ആയിരുന്നില്ല ആ തീരുമാനം. 2010 മെയ്14നാണ് ആ തീരുമാനം ഞങ്ങള്‍ അറിയുന്നത്. സര്‍ക്കാരിന്റെ വാര്‍ഷികം സംബന്ധിച്ച ഫുള്‍പേജ് പരസ്യം വാങ്ങാന്‍ ചെന്നപ്പോഴാണ് നിങ്ങള്‍ക്ക് തരാന്‍ പറ്റില്ല. തരേണ്ടെന്ന് മുകളില്‍ നിന്ന് ഉത്തരവുണ്ടെന്ന് അറിയിക്കുന്നത്. പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വന്നപ്പോള്‍ അദ്ദേഹം പരസ്യം നല്‍കാന്‍ തയ്യാറായി. ഏതാണ്ട് ഒരു വര്‍ഷം അത് തുടര്‍ന്നു. പിന്നീട് അത് നിലച്ചു. ഈ പ്രശ്‌നം തീര്‍ക്കാനായി ഞാന്‍ തന്നെ മൂന്ന് മുഖ്യമന്ത്രിമാരെയും കണ്ടിട്ടുണ്ട്. വി.എസ്.അച്യുതാനന്ദനെ കാണുമ്പോള്‍ ഞാന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയിരുന്നു. ഉമ്മന്‍ചാണ്ടിയെ കാണുമ്പോള്‍ എഡിറ്ററായിരുന്നു. ഇപ്പോള്‍ പിണറായി വിജയനെ കാണുമ്പോള്‍ ഞാന്‍ ചീഫ് എഡിറ്ററായിട്ടാണ് കണ്ടത്. തീരുമാനം അണ്‍എത്തിക്കല്‍ ആണെന്നും നിയമവിരുദ്ധമാണെന്നുമെല്ലാം അവരെ അറിയിച്ചതാണ്. എന്നാല്‍ പരസ്യം നല്‍കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഒരിക്കല്‍ അനുകൂലമായ തീരുമാനമെടുത്തതൊഴിച്ചാല്‍ പിന്നീട് ഒരു അനുകൂല തീരുമാനവും നിലപാടും ഉണ്ടായിട്ടില്ല.

'രാജ്യദ്രോഹിയാണെങ്കില്‍ എന്നെ തുറങ്കിലടക്കൂ'

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ഞങ്ങളുടെ കാര്യം പരിഗണിച്ചുകൊണ്ട് പരസ്യം നല്‍കുന്നതില്‍ പ്രശ്‌നമില്ല എന്ന് പറഞ്ഞ് പരസ്യം നല്‍കി. എന്നാല്‍ ഇന്റലിജന്‍സ് മേധാവിയായിരുന്ന ഒരാള്‍ (അയാളുടെ പേര് പറയാത്തത് എനിക്ക് ഇനി അദ്ദേഹവുമായി കേസ് പോവാന്‍ കഴിയാത്തതുകൊണ്ടാണ്) നിരന്തരമായി ഞങ്ങളെ ഉപദ്രവിക്കുകയായിരുന്നു. ഞങ്ങള്‍ക്കെതിരെ അദ്ദേഹം നിരന്തരം റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് കൈമാറി. ഭീകരന്‍മാരുടെ പത്രം, ഇസ്ലാമിക തീവ്രവാദം, രാജ്യദ്രോഹം, വര്‍ഗീയത വളര്‍ത്തുന്നു അങ്ങനെ പലതരം കാര്യങ്ങള്‍ ഞങ്ങളില്‍ ചാര്‍ത്തി അദ്ദേഹം സര്‍ക്കാരിന് തുടര്‍ച്ചയായി കത്തെഴുതുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. അങ്ങനെയാണ് വീണ്ടും ഞങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നിഷേധിക്കപ്പെടുന്നത്. ഇത് വഴി ഉപദ്രവിക്കുന്നത് മാനേജ്‌മെന്റിനെയല്ല പാവപ്പെട്ട കുറേ മനുഷ്യരെയാണ്, ഇത് കടുത്ത അനീതിയാണ് എന്നും ആരാണ് ശരിയെന്ന് ചരിത്രം തെളിയിക്കും എന്നുമെല്ലാം ഞാന്‍ ആ ഇന്റലിജന്റ്‌സ് മേധാവിയെ ധരിപ്പിക്കുകയും ചെയ്തതാണ്. പക്ഷെ അദ്ദേഹം തന്റെ നടപടികള്‍ തുടര്‍ന്നുകൊണ്ടിരുന്നു. തേജസിന്റെ ബ്യൂറോയില്‍ ഇരിക്കുന്നവരുടെ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലം നോക്കിയാല്‍ തന്നെ അത് ബോധ്യപ്പെടാവുന്നതേയുള്ളൂ. പിഎഫും ഇഎസ്‌ഐയും കിട്ടുന്ന ഞങ്ങളുടെ സ്ഥാപനത്തിലെ ആളുകളുടെ ലിസ്റ്റ് മാത്രം എടുത്താല്‍ മതിയാകും അത് ബോധ്യപ്പെടാന്‍. അത് നോക്കിയാല്‍ നിങ്ങള്‍ക്ക് ഈ പറയുന്ന ഭീകരത കാണാനാവില്ല. ഇത് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ആണ്. അത് സമ്മതിക്കുന്നു. പക്ഷെ അതിലെ ജീവനക്കാരില്‍ നാല്‍പ്പത്തിയഞ്ച് ശതമാനവും മറ്റ് കമ്മ്യൂണിറ്റികളില്‍ നിന്നുള്ളവരാണ്. ഇനി അതെല്ലാം മാറ്റി നിര്‍ത്താം. രാജ്യദ്രോഹം, ഭീകരവാദം, വര്‍ഗീയത എന്ന് റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് നല്‍കിയവരോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളൂ. എന്ത് രാജ്യദ്രോഹമാണ് ഞങ്ങള്‍ ചെയ്തത്, അല്ലെങ്കില്‍ പ്രോത്സാഹിപ്പിച്ചത്? രാജ്യവിരുദ്ധ പ്രവര്‍ത്തനം എന്താണെന്ന് വ്യക്തമായി നിങ്ങള്‍ പറയൂ. ഞാന്‍ ഈ പത്രത്തിന്റെ എഡിറ്റര്‍ ആണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെങ്കില്‍ കാര്യകാര്യണ സഹിതം വെളിവാക്കി എനിക്കെതിരെ കേസ് എടുക്കൂ. എന്തുകൊണ്ടാണ് എനിക്കെതിരെ കേസ് ചാര്‍ജ് ചെയ്യാത്തത്? അല്ലെങ്കില്‍ യുഎപിഎ ചുമത്തി എന്നെ തുറങ്കിലടക്കൂ? അല്ലെങ്കില്‍ രാജ്യദ്രോഹിയാണെന്ന് കണ്ടെത്തി എന്നെ തൂക്കിക്കൊല്ലൂ? എന്താണത് ചെയ്യാത്തത്? വര്‍ഷങ്ങളായല്ലോ ഇത് പറയുന്നു. ഞാനിവിടെത്തന്നെയുണ്ടായിരുന്നു. എന്നിട്ടും ഒന്നും ചെയ്തില്ലല്ലോ? അപ്പോള്‍ അവര്‍ക്ക് പറയാന്‍ സ്‌പെസിഫിക് ആയ ഒരു കാര്യം പോലുമില്ല. വ്യാജമായ രേഖകള്‍ കൊടുത്ത് പത്രത്തെ നശിപ്പിക്കുകയായിരുന്നു ആ ഇന്റലിന്റ്‌സ് ഓഫീസര്‍.

കേന്ദ്രസര്‍ക്കാരിന്റെ പരസ്യവും ഞങ്ങള്‍ക്ക് കിട്ടുന്നില്ല. കാരണം അവര്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ചോദിക്കുമ്പോള്‍ നല്‍കുന്നതത്രയും ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടുകളാണ്. കേന്ദ്രസര്‍ക്കാരിന്റെ പരസ്യം വീണ്ടുകിട്ടാന്‍ ഡിഎവിപിയുടെ തലപ്പത്തുള്ള റെഡ്ഡിയെ കണ്ടിരുന്നു. അവര്‍ക്ക് പരസ്യം നല്‍കുന്നതിന് വിയോജിപ്പുകളുണ്ടായിരുന്നില്ല. പക്ഷെ കേരളത്തില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകളത്രയും രാജ്യദ്രോഹം പറഞ്ഞുള്ളതായിരുന്നു. പെന്‍ഷനാവുമ്പോള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന പത്രത്തിന് പരസ്യം നല്‍കിയെന്ന പേരില്‍ പെന്‍ഷന്‍ തടയുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. എ കെ ആന്റണിയെക്കണ്ട് സംസാരിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. എന്നാല്‍ അദ്ദേഹം ഒരു കാര്യത്തിലും ഇടപെടില്ല എന്നറിയാവുന്നത് കൊണ്ട് അത് വേണ്ടെന്നുവച്ചു. ഞാന്‍ എക്‌സ്പ്രസില്‍ ജോലി ചെയ്യുമ്പോള്‍ മുതല്‍, മുപ്പത് വര്‍ഷമായി വയലാര്‍ രവിയെ അറിയാം. അദ്ദേഹത്തെ പോയിക്കണ്ട് കാര്യങ്ങള്‍ പറഞ്ഞു. പക്ഷെ അത് എന്റെ വകുപ്പില്‍ പെട്ടതല്ല എന്നദ്ദേഹം പറഞ്ഞു. പിന്നീട് സുശീല്‍കുമാര്‍ ഷിന്‍ഡയുടെ ഓഫീസിലേക്ക് ചെല്ലാന്‍ പറഞ്ഞു. അദ്ദേഹവുമായി സംസാരിച്ചു. ഞാന്‍ നല്‍കിയ അപേക്ഷ ഷിന്‍ഡ സ്വീകരിച്ചു. പക്ഷെ പിന്നീട് ഒന്നും ചെയ്തില്ല.

രാഷ്ട്രീയ താത്പര്യങ്ങളായിരിക്കാം ഇതിലെല്ലാം പ്രവര്‍ത്തിക്കുന്നത്. പക്ഷെ ഒരു ചെറുകിട പത്രത്തിന് പരസ്യം നല്‍കാത്തത് കൊണ്ടോ, പൂട്ടിച്ചത് കൊണ്ടോ, ജീവനക്കാരുടെ ഉപജീവനം ഇല്ലാതാക്കിയതുകൊണ്ടോ ഒന്നും നേടാനില്ല. പത്രം പൂട്ടിയാലും പോപ്പുലര്‍ ഫ്രണ്ട് മുന്നോട്ട് പോവും. പക്ഷെ പാവപ്പെട്ട തൊഴിലാളികളാണ് കഷ്ടത്തിലാവുന്നത്.

ദളിതര്‍ക്കും മുസ്ലിം വനിതകള്‍ക്കും പ്രാതിനിധ്യം

ഇന്റര്‍മീഡിയ പബ്ലിഷിങ് ലിമിറ്റഡ് എന്ന പേരില്‍ 2005ലാണ് തേജസ് പത്രം രജിസ്റ്റര്‍ ചെയ്യുന്നത്. തേജസ് മാസികയില്‍ നിന്ന് വേറിട്ട കമ്പനിയായിരുന്നു. 95ല്‍ രജിസ്റ്റര്‍ ചെയ്ത മാസിക എന്‍ഡിഎഫ് മുഖപത്രമായി തന്നെയായിരുന്നു. പിന്നീട് ഫോര്‍ട്‌നൈറ്റ്‌ലി ആക്കിയപ്പോഴും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണ് അത്. അതിലുള്ളത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തന്നെയാണ്. എന്നാല്‍ തേജസ് ദിനപത്രം തുടങ്ങാനായി എന്നെ വിളിക്കുമ്പോള്‍ തന്നെ പ്രത്യേകം പറഞ്ഞിരുന്നത് അതില്‍ നിന്ന് വ്യത്യസ്തമായിരിക്കും പത്രം എന്ന് പറഞ്ഞ് തന്നെയാണ്. കീഴാള-പിന്നോക്ക വിഭാഗങ്ങളേയും കൂടി ഉള്‍പ്പെടുത്തി ഒരു ടീം ഉണ്ടാക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്. ആദ്യമുണ്ടായ ടീമില്‍ നിരവധി ദളിത് സമുദായക്കാരുണ്ടായിരുന്നു, മുസ്ലിം ക്രിസ്ത്യന്‍ മതവിശ്വാസികള്‍, ഹിന്ദുക്കളില്‍ തന്നെ വിവിധ സമുദായങ്ങളില്‍ നിന്നുള്ളവര്‍, വ്യത്യസ്ത രാഷ്ട്രീയമുള്ളവര്‍ അങ്ങനെ എല്ലാവരും അതിന്റെ ഭാഗമായി. കേരളത്തില്‍ ഇത്രത്തോളം ദളിത് പ്രാതിനിധ്യം ഉണ്ടായിട്ടുള്ള മറ്റൊരു മാധ്യമമുണ്ടാവില്ല. മുസ്ലിം പെണ്‍കുട്ടികള്‍ക്കും അവസരം നല്‍കുകയായിരുന്നു യഥാര്‍ഥത്തില്‍. അന്ന് കേരളത്തിലെ മാധ്യമങ്ങളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം കിട്ടിയിരുന്നില്ല. തേജസ് കൊണ്ടുവന്നതിന് ശേഷമാണ് അവര്‍ക്ക് മറ്റിടങ്ങളിലും സ്‌പേസ് ലഭിക്കാന്‍ തുടങ്ങിയത്. കീഴാള-പിന്നോക്ക വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന വാര്‍ത്താശീലവുമായിരുന്നു തോജസിന്റേത് എന്ന് നിസ്സംശയം പറയാം. ഡിഎച്ച്ആര്‍എം കേസ് പോലുള്ള വിഷയങ്ങളില്‍ വളരെ വ്യക്തമായ സ്റ്റാന്‍ഡ് എടുത്തിട്ടുള്ള പത്രം കൂടിയാണ്. ഒരിക്കല്‍ ഡിഎച്ചആര്‍എമ്മിന്റെ സമ്മേളനത്തിന് പോയപ്പോള്‍ അവിടെ കണ്ട ഒരു പിആര്‍ഡി ഉദ്യോഗസ്ഥന്‍ തേജസ്സില്‍ വര്‍ക്ക് ചെയ്ത് പോയയാളായിരുന്നു. പിആര്‍ഡിയിലും മറ്റുമുള്ള നിയമനങ്ങളില്‍ ദളിതര്‍ക്ക് പ്രത്യേകം സംവരണം ഉണ്ട്. എന്നാല്‍ സമുദായങ്ങളില്‍ നിന്ന് അനുഭവപരിചയം ഉള്ള ആളില്ലാത്തതിനാല്‍ അത് ജനറല്‍ കാറ്റഗറിയായി മാറ്റുകയാണ് ചെയ്യാറ്. അത്തരത്തില്‍ ദളിതര്‍ക്ക് അനുഭവപരിചയം നല്‍കുന്ന തേജസ് പോലുള്ള സ്ഥാപനങ്ങള്‍ ഇല്ലാതാക്കുന്നതിന് ജാതിചിന്തകള്‍ ഉള്ള ചിലര്‍ക്കെങ്കിലും താത്പര്യമുള്ളതായും സംശയിക്കുന്നു. തിരുവഞ്ചൂര്‍, രമേസ്‌ചെന്നിത്തല തുടങ്ങിയ ആഭ്യന്തര മന്ത്രിമാരെ എനിക്ക് സര്‍ക്കാര്‍ പരസ്യത്തിനായി കാണേണ്ടി വന്നിട്ടുണ്ട്. അവര്‍ ഇക്കാര്യം ശ്രദ്ധിക്കാതിരുന്നത് ഈ ഒരു ചിന്ത കൊണ്ട് കൂടിയായിരിക്കാമെന്ന് സംശയിക്കുന്നു. ഇതിനൊന്നും എന്റെ കയ്യില്‍ തെളിവില്ല.

ഫസല്‍ വധവും പരസ്യനിഷേധവും

2006 ജനുവരി 26നാണ് തേജസ് പത്രം തുടങ്ങുന്നത്. തലശേരിയില്‍ ഓഫീസ് തുടങ്ങി രണ്ട് മാസം കഴിയും മുമ്പെ ഓഫീസിന് നേരെ കല്ലേറുണ്ടായി. ഒരു പെണ്‍കുട്ടിയായിരുന്നു തലശേരി ലേഖിക. അവര്‍ അവിടുത്തെ സിപിഎം പ്രാദേശിക നേതാവിന്റെ മകളുമായിരുന്നു. നല്ല കഴിവുള്ള കുട്ടിയായിരുന്നു. ഓഫീസ് മാറ്റേണ്ടി വന്നെങ്കിലും വലിയ പ്രശ്‌നത്തിന് നില്‍ക്കാതെ ചെറിയ രീതിയില്‍ പറഞ്ഞ് പ്രശ്‌നം ഒഴിവാക്കി. ഇതിന് രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ പെരുന്നാള്‍ വന്നു. തേജസിന്റെ ഏജന്റ് ഫസല്‍ കൊല്ലപ്പെടുന്നത് അന്നാണ്. ഫസല്‍ ഡിവൈഎഫ്‌ഐയില്‍ ഉണ്ടായിരുന്നയാളായിരുന്നു. ആര്‍എസ്എസ്സാണ് കൊലപാതകത്തിന് പിന്നിലെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പക്ഷെ അതിന് വിരുദ്ധമായി, സിപിഎമ്മിലേക്കുകൂടി സംശയം നീളുന്ന തരത്തിലായിരുന്നു സിബിഐ അന്വേഷണവും, കേരള പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും. അന്വേഷണം ആ വഴിക്ക് അതിന്റെ മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കുന്ന ഒരു സമയത്താണ് 2010ല്‍ തേജസിന് പരസ്യം നല്‍കുന്നത് നിര്‍ത്തിവച്ചത്. അതുകൊണ്ട് തന്നെ ആ തീരുമാനത്തിന് പിന്നില്‍ മറ്റുപല താത്പര്യങ്ങളുമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇതിനും എന്റെ കയ്യില്‍ തെളിവില്ല. തെളിവ്, അത് ചെയ്തവര്‍ തന്നെയാണ് കൊടുക്കേണ്ടത്.

തേജസ് ഓണ്‍ലൈന്‍

പുതിയ കമ്പനിയുടെ പേരിലാണ് തേജസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങുന്നതെന്നാണ് അറിവ്. എനിക്കതിന്റെ പൂര്‍ണമായ വിവരങ്ങള്‍ ഇല്ല. മുമ്പ് തേജസ് ഓണ്‍ലൈന്‍ എന്ന് തന്നെയായിരുന്നു. എന്നാല്‍ പോര്‍ട്ടല്‍ ആവുമ്പോള്‍ അതിന്റെ പേര് മാറിയിട്ടുണ്ട്. ഓഫീസില്‍ നിന്ന് കുറച്ചുപേര്‍ക്ക് അവര്‍ ഓഫര്‍ നല്‍കിയതായും പറഞ്ഞുകേള്‍ക്കുന്നു. എന്തായാലും എനിക്കതില്‍ ചുമതലയില്ല.


കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ഡപ്യൂട്ടി എഡിറ്റര്‍

Next Story

Related Stories