TopTop
Begin typing your search above and press return to search.

സ്ത്രീകള്‍ തൊഴില്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ രാത്രി വിലക്ക് എന്തിന്?

സ്ത്രീകള്‍ തൊഴില്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ രാത്രി വിലക്ക് എന്തിന്?
രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക പുരോഗതി മെച്ചപ്പെടുത്താനും വേണ്ടി കേന്ദ്ര സർക്കാർ 2016ല്‍ നടപ്പിലാക്കിയ ധീരവും പുരോഗമനപരവുമായ നിയമമാണ് മോഡൽ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട്. ഇന്ത്യൻ ഭരണഘടനയുടെ ആവർത്തന പട്ടികയിൽ വരുന്ന നിയമമായതിനാൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാറുകൾക്കും ഇത് പരിഷ്കരിക്കാനുള്ള അധികാരമുണ്ട്. നിലവിലുള്ള ആക്ടിൽ ഭേദഗതി വരുത്തുകയോ, മോഡൽ ആക്ട് അതേപടി സ്വീകരിക്കുകയോ ചെയ്യാനുള്ള അധികാരം ഓരോ സംസ്ഥാന സർക്കാരിനുമുണ്ട്.

കടകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം നിശചയിക്കാനും, 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാനും മോഡൽ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് സ്ഥാപന ഉടമകൾക്ക് സ്വാതന്ത്ര്യം നൽകുന്നു. ഇത് നടപ്പിലായാൽ കൂടുതൽ ജോലി സാധ്യതകൾ സൃഷ്ടിക്കും എന്ന് കരുതപ്പെടുന്നു. വനിതകൾക്കു രാത്രിയിലും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം മോഡൽ ആക്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷയും, ആവശ്യാനുസരണം ഗതാഗത സൗകര്യങ്ങളും ഏർപ്പെടുത്തും എന്ന നിബന്ധനയ്ക്ക് വിധേയമായിരിക്കും ഈ മാറ്റം.

ലേബർ ബ്യൂറോ ഡാറ്റ (2015-16) കണക്കുകൾ പ്രകാരം ഇന്ത്യയിൽ പുരുഷന്മാരുടെ തൊഴിൽശക്തി പങ്കാളിത്ത നിരക്ക് (Labour Force Participation Rate) 75 ശതമാനമാണ്. എന്നാൽ, സ്ത്രീകളുടെ തൊഴിൽശക്തി പങ്കാളിത്ത നിരക്ക് 23.7 ശതമാനം മാത്രമാണ് എന്നതു നിരാശാജനകമാണ്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) സ്ത്രീ തൊഴിൽശക്തി പങ്കാളിത്ത (Female Labour Force Participation) പട്ടികയിൽ (2013) ഉൾപ്പെട്ട 131 രാജ്യങ്ങളിൽ, ഇന്ത്യക്കു ലഭിച്ച 121-ആം റാങ്കു ആഗോളതലത്തിൽ രാജ്യം വളരെ പിന്നിലാണെന്നു സൂചിപ്പിക്കുന്നു. ILO-യെ സംബന്ധിച്ചു സ്ത്രീകൾക്കുള്ള തൊഴിലവസരങ്ങൾ കുറഞ്ഞതിനോടൊപ്പം, ഉയർന്ന വരുമാനവും, കൂടുതൽ സ്ത്രീകൾ ഉന്നത വിദ്യാഭ്യാസത്തിനു അർഹത നേടുന്നതും FLFP നിരക്ക് കുറയാനുള്ള കാരണങ്ങളാണ്.

വികസ്വര രാജ്യങ്ങളിൽ അസംഘടിത മേഖലയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകളുടെ പങ്ക് പുരുഷന്മാരേക്കാൾ കൂടുതലാണ്. ബ്രസീലിൽ 48.6 ശതമാനം സ്ത്രീകൾ അസംഘടിത മേഖലയിൽ ജോലി ചെയ്യുമ്പോൾ, പുരുഷന്മാരുടെ പങ്ക് 31.7 ശതമാനം മാത്രമാണ്. ILO-യുടെ തൊഴിലാളി സ്ഥിതിവിവരക്കണക്ക് (2012) പ്രകാരം ഇന്ത്യയിൽ 94 ശതമാനം സ്ത്രീകൾ അസംഘടിത മേഖലയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.സ്ത്രീകളുടെ തൊഴിൽ സാധ്യതകൾ ചില മേഖലകളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു എന്നതു മറ്റൊരു വസ്തുതയാണ്. ഉയർന്ന- ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ സ്ത്രീകളിൽ മൂന്നിലൊന്നിൽ കൂടുതൽ (33.9 ശതമാനം) മൊത്ത വ്യാപാര – ചില്ലറ വ്യാപാര സേവനങ്ങളിലും, 12.4 ശതമാനം നിർമ്മാണ മേഖലയിലും വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നു. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലെ സ്ത്രീകൾ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ വ്യാപൃതരാകുമ്പോൾ, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ ഭൂരിപക്ഷം സ്ത്രീകളും കാർഷികമേഖലയിൽ ആണ് ജോലി ചെയ്യുന്നത്. ദക്ഷിണേഷ്യയിലും സബ്-സഹാറൻ ആഫ്രിക്കയിലും 60 ശതമാനം സ്ത്രീകൾ നാമമാത്രമായ വേതനത്തിൽ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നു (Women at Work, ILO, 2016).

ആഗോളതലത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും നൽകുന്ന വേതനങ്ങളിലും വ്യത്യാസമുണ്ട്. പ്രധാനമായും അസംഘടിത മേഖലയിൽ കുറഞ്ഞ ഉല്പാദനക്ഷമതയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾക്ക് പുരുഷന്മാരുടെ ശരാശരി വേതനത്തിന്റെ 60 മുതൽ 75 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ (World Bank Gender Data Portal).

മലേഷ്യയിൽ സ്ത്രീകളുടെ തൊഴിൽശക്തി പങ്കാളിത്തം സംരക്ഷിക്കുന്നതിന് ‘പ്രെഗ്നൻസി ഡിസ്ക്രിമിനേഷൻ ആക്ട്’ നടപ്പിലാക്കുവാനുള്ള ആലോചനയിലാണ് സർക്കാർ. അമേരിക്കയിൽ നേരത്തെ നടപ്പിലാക്കിയ ഈ നിയമപ്രകാരം അർഹരായ സ്ത്രീകൾക്ക് ഗർഭിണിയാണെന്ന കാരണത്താൽ തൊഴിലവസരം നിഷേധിക്കുന്നത് കുറ്റകരമാണ്. ബംഗ്ലാദേശ്, ബ്രസീൽ, ചൈന, ഇൻഡോനേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വികസ്വര രാജ്യങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി സ്ത്രീകൾക്ക് രാത്രിയിൽ ജോലി ചെയ്യാൻ അനുവാദമുണ്ട്. എന്നാൽ, ഇന്ത്യയിൽ നിയന്ത്രണാത്മക സംവിധാനങ്ങൾ സ്ത്രീകളെ രാത്രി ജോലികളിൽ നിന്നും വിലക്കുന്നു. ഈ രാജ്യങ്ങളിലെ FLFP നിരക്ക് ഇന്ത്യയിലേക്കാളും കൂടുതലാണ്.

http://www.azhimukham.com/sales-women-exploitation-labour-unorganised-sector-anima-muyarath/

കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഇക്കണോമിക് റിവ്യൂ (2016) പ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി തൊഴിൽ അന്വേഷിക്കുന്നവരിൽ 60 ശതമാനം സ്ത്രീകളാണ്. കേരളത്തിലെ സ്ത്രീ തൊഴിലില്ലായ്മ നിരക്ക് 14.1 ശതമാനമാണെങ്കിൽ, പുരുഷ തൊഴിലില്ലായ്മ നിരക്ക് 2.9 ശതമാനമാണ് എന്ന് ദേശീയ സാമ്പിൾ സർവെ (NSS) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. സ്ത്രീകളുടെ തൊഴിൽശക്തി പങ്കാളിത്തത്തിലെ കുറവ് ലിംഗ വിവേചനം സൂചിപ്പിക്കുന്നില്ലെന്ന് വാദമുണ്ട്. സ്ത്രീകൾ പുറത്തിറങ്ങി ജോലി ചെയ്യാതിരിക്കാൻ വ്യക്തിപരമായ കാരണങ്ങളുണ്ടാകാം എന്ന നിഗമനത്തിലാണിത്. സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും മുന്നിട്ടു നിൽക്കുന്ന ജനസമൂഹത്തിൽ തൊഴിൽ തേടുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നത് സ്ത്രീകളിൽ തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുന്നതിന്റെ ഒരു കാരണമാകാം. പക്ഷേ, പുരുഷൻമാരെ അപേക്ഷിച്ചു സ്ത്രീകളിൽ ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ലിംഗ വിവേചനത്തിന്റെ സൂചകമാണ്.

ഇന്ത്യൻ ഭരണഘടന രൂപത്തിലും ഉള്ളടക്കത്തിലും സ്ത്രീ പുരുഷ വിവേചനം അംഗീകരിക്കുന്നില്ല. എന്നാൽ, സുരക്ഷ ഉറപ്പാക്കാൻ എന്ന പേരിൽ രാത്രി ജോലികളിൽ നിന്നും സ്ത്രീകളെ വിലക്കുന്ന നിയമങ്ങൾ വിവേചനപരമാണ്. ഫലത്തിൽ നിയമങ്ങൾ സ്ത്രീകളുടെ സ്വാതന്ത്ര്യവും താല്പര്യങ്ങളും സംരക്ഷിക്കുന്നതിനു പകരം, സമൂഹത്തിന്റെ യാഥാസ്ഥിതിക മനസ്ഥിതി പ്രതിഫലിപ്പിക്കുകയും പഴഞ്ചൻ സമ്പ്രദായങ്ങൾ ഉയർത്തി പിടിക്കുകയുമാണ് ചെയ്യുന്നത്.

രാത്രി ജോലി ചെയ്യാൻ സ്ത്രീകൾ സന്നദ്ധരാണെങ്കിൽ, അവരെ അതിൽനിന്നും വിലക്കുന്ന നിയമങ്ങൾ അപ്രസക്തമാണ്. ചികിത്സയെക്കാൾ മികച്ചത് പ്രതിരോധമാണ് എന്ന വിശ്വസിക്കുന്നവരോടുള്ള മറുപടി ഇതാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ പകൽ സമയത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വീടുകൾക്കകത്തും സ്ത്രീകൾക്കെതിരെ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. സ്ത്രീകൾക്ക് ജോലിചെയ്യാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്ര്യം നിയന്ത്രിച്ചുകൊണ്ടല്ല ഇതിനു പരിഹാരം കാണേണ്ടത്. രാജ്യത്തെ എല്ലാ പൗരന്മാരെയും തുല്യരായി കാണാനും തുല്യ പരിഗണന നൽകാനും സർക്കാർ ബാധ്യസ്ഥരാണ്. ഇടുങ്ങിയ ചിന്താഗതികൾ മാറ്റിവെച്ച്, പുരുഷനോടൊപ്പം രാത്രിയിൽ സഞ്ചരിക്കാനും ജോലിചെയ്യാനും സ്ത്രീകൾക്ക് ധൈര്യവും സുരക്ഷിതത്വവും ഉറപ്പ് വരുത്താൻ സമൂഹവും ബാധ്യസ്ഥരാണ്. നിലവിലെ സാഹചര്യത്തിന് അനുസൃതമായും, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ജീവിതശൈലി എന്നിവയിലുണ്ടായ നൂതന മാറ്റങ്ങളും പരിഗണിച്ചുകൊണ്ട് പുരോഗമനപരമായ മാറ്റങ്ങൾ നിയമങ്ങളിൽ വരുത്തുമ്പോളാണ് രാജ്യം പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കുന്നത്.

അതിനുള്ള ആദ്യ പടിയായി മോഡൽ ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിൽ (2016) പറഞ്ഞിരിക്കുന്ന പുരോഗമനപരമായ ആശയങ്ങൾ ഉൾപ്പെടുത്തി കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് (1960) ഭേദഗതി വരുത്താൻ സംസ്ഥാന സർക്കാർ നടപടി എടുക്കണം. സ്ത്രീകൾക്ക് നിലവിലുള്ള തൊഴിലവസരങ്ങളിൽ ചരിത്രപ്രധാനമായ മാറ്റം സൃഷ്ടിക്കാൻ സർക്കാരിന് ലഭിക്കുന്ന ഒരു ഗംഭീര അവസരമാണിത്.

സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച് വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

http://www.azhimukham.com/employment-unorganised-sectors-ilo-epw/

Next Story

Related Stories