TopTop
Begin typing your search above and press return to search.

വൈറസില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഡോക്ടര്‍ എറണാകുളത്ത് തിരക്കിലാണ്; രണ്ടാം നിപയെ പിടിച്ചുകെട്ടാന്‍

വൈറസില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഡോക്ടര്‍ എറണാകുളത്ത് തിരക്കിലാണ്; രണ്ടാം നിപയെ പിടിച്ചുകെട്ടാന്‍

രണ്ടാം നിപക്കാലത്തേയും കേരളം ചെറുത്തു തോല്‍പ്പിച്ചിരിക്കുകയാണ്. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും പരിശോധനയ്ക്കയച്ച ഏഴു സാംപിളുകളും നെഗറ്റീവാണെന്ന വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത്. എന്താണ് നിപ എന്നു പോലുമറിയാതിരുന്ന കഴിഞ്ഞ വര്‍ഷം കോഴിക്കോട്ട് ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച സംഘത്തിലുള്ളവരും, ഒപ്പം എറണാകുളത്തെയും തൃശ്ശൂരിലെയും മെഡിക്കല്‍ സംഘങ്ങളും ഒന്നിച്ചു നിന്ന് കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് ഇത്രയെളുപ്പത്തില്‍ വൈറസ് ബാധയെ നിയന്ത്രണ വിധേയമാക്കിയത്. ഈ ആശ്വാസത്തിനിടെ, കോഴിക്കോട്ടെ കഴിഞ്ഞ വര്‍ഷത്തെ നിപ ബാധയെക്കുറിച്ചുള്ള ആഷിഖ് അബുവിന്റെ 'വൈറസ്' എന്ന ചലച്ചിത്രവും പ്രദര്‍ശനത്തിനെത്തിക്കഴിഞ്ഞു. ഒരു ജനത അതിജീവിച്ചതിന്റെ ഉദ്വേഗപൂര്‍ണമായ കഥ പറയുന്ന സര്‍വൈവല്‍ ത്രില്ലറാണ് വൈറസ് എന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയും കേരളമൊന്നാകെയും നേരിട്ടനുഭവിച്ച ഭീതിയുടെ കഥയും, ദിവസങ്ങളുടെ അനിശ്ചിതത്വത്തിനൊടുവില്‍ ആശങ്കകള്‍ക്കിടമില്ലാതെ വൈറസിനെ തുടച്ചുനീക്കിയ പ്രതിരോധത്തിന്റെ ചരിത്രവും തിരശ്ശീലയിലെത്തുമ്പോള്‍, കഥാപാത്രങ്ങളില്‍ പലരും നിപ്പാക്കാലത്ത് കൈമെയ് മറന്നുപ്രവര്‍ത്തിച്ച റിയല്‍ ലൈഫ് ഹീറോകള്‍ തന്നെയാണെന്ന് പറയേണ്ടിവരും. സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കലും ആരോഗ്യമന്ത്രി കെ.കെ. ശൈലജയായി രേവതിയും അന്നത്തെ കോഴിക്കോട് ജില്ലാ കലക്ടറായി ടൊവീനോ തോമസുമാണ് 'വൈറസി'ലെത്തുന്നത്.

ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിനുമുണ്ട് ഒരു പ്രത്യേകത. പേരറിയാത്ത പുതിയൊരു വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍, ജീവന്‍ പണയം വച്ച് ആരോഗ്യപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ രംഗത്തിറങ്ങിയ ഡോക്ടറായാണ് ഇന്ദ്രജിത്ത് എത്തുന്നത്. നിപ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളില്‍ നിന്നു പോലും വൈറസ് ബാധയുണ്ടാകാമെന്നിരിക്കേ, ബന്ധുക്കളും നാട്ടുകാരും കൈയൊഴിഞ്ഞ ഘട്ടത്തില്‍ പന്ത്രണ്ടോളം മൃതദേഹങ്ങള്‍ സ്വയം മുന്‍കൈയെടുത്ത് സംസ്‌കരിച്ച ഈ ഡോക്ടറെ കോഴിക്കോട്ടുകാര്‍ക്കറിയാം. താനടക്കമുള്ള കഥാപാത്രങ്ങള്‍ അഭ്രപാളിയിലെത്തുന്ന സിനിമ പ്രദര്‍ശനത്തിനെത്തുമ്പോഴും, നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് എറണാകുളത്ത് ജോലിയിലാണിദ്ദേഹം.

കോഴിക്കോട് കോര്‍പ്പറേഷനിലെ ഹെല്‍ത്ത് ഓഫീസറായ ഡോ. ആര്‍. എസ്. ഗോപകുമാര്‍ കോഴിക്കോട് ജില്ലക്കാര്‍ക്ക് നിപക്കാലത്തെ ഹീറോയായത് യാദൃശ്ചികമായല്ല. 2018 മേയില്‍ കോഴിക്കോട്ട് നിപ തിരിച്ചറിഞ്ഞപ്പോള്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത് ആദ്യ യോഗം മുതല്‍ ഡോ. ഗോപകുമാര്‍ നിപ പ്രതിരോധ പ്രവര്‍ത്തന നിരയിലുണ്ട്. ടാസ്‌ക് ഫോഴ്‌സിലെയും കോര്‍ ടീമിലെയും അംഗമായി, ഇപ്പോള്‍ രണ്ടാമത് നിപ തിരിച്ചറിഞ്ഞപ്പോള്‍ കോഴിക്കോട്ടു നിന്നും എറണാകുളത്തേക്ക് നിയോഗിക്കപ്പെട്ട വിദഗ്ധ സംഘത്തിലെ പ്രധാനിയായി, കേരളത്തിന്റെ അതിജീവന പ്രക്രിയയിലുടനീളം ഡോ. ഗോപകുമാറിന്റെ സാന്നിധ്യമുണ്ട്. കോഴിക്കോട് നിപ ബാധിച്ച് മരിച്ചവരുടെ മൃതദേഹം മറവു ചെയ്യുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും പ്രതിസന്ധികളും ഉടലെടുത്തു തുടങ്ങിയപ്പോള്‍ അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജില്ലാ കലക്ടര്‍ നിയോഗിച്ച നോഡല്‍ ഓഫീസറും ഡോ. ഗോപകുമാര്‍ തന്നെയായിരുന്നു.

പിന്നീടിങ്ങോട്ട് കേട്ടതെല്ലാം ഞെട്ടലോടെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യങ്ങളായിരുന്നു. മെയ് 21ന് നിപാ ബാധിതരായി രാജന്‍, അശോകന്‍ എന്നിവര്‍ മരിക്കുമ്പോഴേക്കും, നിപ എന്ന പുതിയ വൈറസിനെക്കുറി്ച്ചുള്ള കൊടുംഭീതി കോഴിക്കോട് നഗരത്തിലാകെ പടര്‍ന്നു കഴിഞ്ഞിരുന്നു. നിപ ആദ്യം റിപ്പോര്‍ട്ടു ചെയ്ത പേരാമ്പ്രയിലേക്കും നിപ ബാധിതര്‍ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുമുള്ള ബസ്സുകള്‍ പോലും നിരത്തിലിറങ്ങിയിരുന്നില്ല. തൊട്ടടുത്തു നില്‍ക്കുന്നയാള്‍ക്ക് വൈറസ് ബാധിച്ചിരിക്കുമോ എന്ന ചിന്ത മാത്രം ജനങ്ങള്‍ക്കുണ്ടായിരുന്ന അക്കാലത്ത്, നിപ ബാധിച്ച് മരിച്ചവരുടെ മൃതദേഹം മറവു ചെയ്യാന്‍ ജീവനില്‍ കൊതിയുള്ളവരാരും മുന്നോട്ടുവരാന്‍ വഴിയില്ലായിരുന്നു. പൊതു ശ്മശാനത്തിലെ ജീവനക്കാരും വൈറസ് ബാധ ഭയന്ന് മാറി നിന്നു. ഡോ. ഗോപകുമാര്‍ പക്ഷേ, മരണപ്പെട്ട പന്ത്രണ്ടു പേരുടെ ശവസംസ്‌കാരം നേരിട്ടു നിന്നു നടത്തുക തന്നെ ചെയ്തു. ഭയമല്ല, കൃത്യമായ മുന്‍കരുതലുകളാണ് ഇത്തരം സാഹചര്യങ്ങളില്‍ കൈമുതലാകുക എന്ന ബോധ്യത്തെക്കുറിച്ച് ഡോക്ടര്‍ തന്നെ പറയുകയും ചെയ്യുന്നുണ്ട്.

നിപ ബാധിച്ചു മരിച്ച സതീശന്‍, മംഗലാപുരത്തു നിന്നുമുള്ള പത്തൊന്‍പതുകാരി, റസല്‍ എന്ന പതിനേഴുകാരന്‍ എന്നിങ്ങനെ മൂന്നു പേരുടെ മൃതദേഹങ്ങള്‍ ഡോ. ഗോപകുമാര്‍ തനിച്ചാണ് ശവസംസ്കാരത്തിന് നേതൃത്വം നല്‍കിയത്. മംഗലാപുരത്തു നിന്നുള്ള പെണ്‍കുട്ടിക്ക് നിപ ബാധയില്ലായിരുന്നെങ്കിലും, വിഷ ബാധയേറ്റു ചികിത്സയ്‌ക്കെത്തിയപ്പോള്‍ കിടത്തിയിരുന്നത് നിപ പോസിറ്റീവായിരുന്നു രോഗികള്‍ക്കൊപ്പമായിരുന്നു. വൈറസ് ബാധിതരുടെ സാമീപ്യമുണ്ടായിരുന്നതിനാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമായി വരികയായിരുന്നു. റസലിനായി മതപരമായ അന്ത്യകര്‍മങ്ങളും ഡോ. ഗോപകുമാര്‍ നേരിട്ടു നടത്തിക്കൊടുത്തു. നിപ ആദ്യമായി ബാധിച്ചു എന്നു കരുതപ്പെട്ട സാബിത്തിന്റെ മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി കുളിപ്പിക്കുമ്പോഴാണ് പിതാവിനും സഹോദരനും വൈറസ് ബാധിച്ചതെന്നായിരുന്നു കണ്ടെത്തല്‍. സാബിത്ത് മരിക്കുമ്പോള്‍ മരണകാരണം നിപയാണെന്നതിനെക്കുറിച്ച് അറിവില്ലാതിരുന്നതിനാല്‍ മുന്‍കരുതലുകള്‍ എടുക്കാനും സാധിച്ചിരുന്നില്ല. ഇതുകൊണ്ടുതന്നെ, വൈറസ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. ലോകാരോഗ്യ സംഘടന എബോള വൈറസ് ബാധയ്ക്കു നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരുന്നു ഡോ. ഗോപകുമാര്‍ പന്ത്രണ്ടു മൃതദേഹങ്ങളും അന്നു മറവു ചെയ്തത്. പത്തടി ആഴമുള്ള കുഴിയെടുക്കുക എന്നതാണ് ആദ്യ ഘട്ടം. അതില്‍ അഞ്ചു കിലോയോളം ബ്ലീച്ചിംഗ് പൗഡര്‍ വിതറി, ശേഷം മൃതദേഹം വായു കടക്കാത്ത പ്ലാസ്റ്റിക് ബാഗിലാക്കിയ ശേഷമാണ് മറവു ചെയ്തിരുന്നത്.

നിപ പ്രതിസന്ധിയുടെ ഇത്രയേറെ നിര്‍ണായകമായ ഒരു ഘട്ടത്തിനു നേതൃത്വ വഹിച്ചയാളായിരിക്കുമ്പോഴും, 'എന്നെയേല്‍പ്പിച്ച ജോലി ചെയ്‌തെന്നേയുള്ളൂ' എന്നുമാത്രമായിരുന്നു ഡോ. ഗോപകുമാറിന്റെ പ്രതികരണം. 'സര്‍ക്കാര്‍ എന്നെയേല്‍പ്പിച്ച കര്‍ത്തവ്യമാണ് ചെയ്തത്. അത്തരമൊരു അവസ്ഥയില്‍ എന്നെക്കൊണ്ടാകുന്നത് ചെയ്തുവെന്നേ അതേക്കുറിച്ച് പറയാനുള്ളൂ. പല സന്ദര്‍ഭങ്ങളിലും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.' ഇതായിരുന്നു ഡോക്ടറുടെ അന്നത്തെ വാക്കുകള്‍. എമര്‍ജന്‍സി മെഡിസിനില്‍ അസാമാന്യ പ്രാവീണ്യമുള്ള ഈ തിരുവനന്തപുരംകാരന്‍ കോഴിക്കോട്ടു നിന്നുള്ള വിദഗ്ധ പരിശീലക സംഘത്തിനൊപ്പം എറണാകുളത്തെ നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ് ഇപ്പോള്‍. കേരളം രണ്ടാമതും നിപ്പയെ തോല്‍പ്പിക്കുന്നതിന്റെ ആശ്വാസവും ആഹ്ലാദവുമാണ് ഡോക്ടറുടെ വാക്കുകളില്‍ മുഴുവന്‍. 'എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകരെ പരിശീലിപ്പിക്കുക എന്നതാണ് എന്നെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി. ഇവിടത്തെ ആംബുലന്‍സ്, ട്രാന്‍സ്‌പോര്‍ട്ട്, സ്റ്റാഫ് എല്ലാവര്‍ക്കും ട്രെയിനിംഗ് കൊടുക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ഇന്നലെയോടെ ഇവിടത്തെ ജോലി തൊണ്ണൂറു ശതമാനത്തോളം കഴിഞ്ഞിട്ടുണ്ട്. ചെറിയ ചില കറക്ഷന്‍സ് മാത്രമാണ് ഇനി ആവശ്യം. വന്ന ജോലി കഴിഞ്ഞെങ്കിലും രണ്ടു മൂന്നു ദിവസം കൂടി നില്‍ക്കാനാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സംഘത്തിനു പുറമേ ഞാനും ഡോ.നവീനും മുന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് സാറും കോഴിക്കോട്ടു നിന്നും എത്തിയിരുന്നു. ജോസ് സാര്‍ ഇന്നലെ തിരികെപ്പോയെങ്കിലും ഞാനും ഡി.പി.എമ്മും രണ്ടു ദിവസം കൂടെ ഇവിടെക്കാണും. പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ടു നിന്നാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പരിശോധനയ്ക്ക് സാംപിളുകള്‍ അങ്ങോട്ടയയ്ക്കുന്നതിനു പകരം, കഴിഞ്ഞ തവണ വന്നിരുന്ന ഡോ. വിനോദ് സഹായ് ഉള്‍പ്പെടെ മൂന്നു പേരെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും ഇവിടെ പോസ്റ്റു ചെയ്തിരുന്നു. ഇവിടെത്തന്നെ ടെസ്റ്റു ചെയ്യാവുന്ന ഒരു പുതിയ രീതി തന്നെ അവര്‍ വികസിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അനുഭവം ഉള്ളതുകൊണ്ട് നമ്മള്‍ ഇത്തവണ നല്ല ഓര്‍ഗനൈസ്ഡായിരുന്നു. ഇന്‍ക്യുബേഷന്‍ പിരീയഡ് 21 ദിവസമാണ്. അത്രയും നാള്‍ കൂടി നിരീക്ഷണമുണ്ടാകും. പുതിയ കേസുകളൊന്നും അതിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കില്‍, ഒരു സര്‍വൈലന്‍സ് ടീം മാത്രം കുറച്ചു ദിവസങ്ങള്‍ കൂടി പ്രവര്‍ത്തിക്കും. കഴിഞ്ഞ തവണ തീരുമാനിച്ച് പ്രോട്ടോക്കോള്‍ അങ്ങിനെയാണ്.'

രണ്ടാം വട്ടവും എത്തിയ നിപ വൈറസ് ആരോഗ്യപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനത്തിനൊടുവില്‍ കീഴടങ്ങിത്തുടങ്ങിയതോടെ, ഡോ. ഗോപകുമാര്‍ അടക്കമുള്ളവരുടെ ആശങ്കകള്‍ക്കും വിരാമമായിട്ടുണ്ട്. ജോലിയെല്ലാം ഒഴിഞ്ഞ് എല്ലാവരും വീണ്ടും ആശ്വാസത്തിലായതിനാല്‍, അണിയറപ്രവര്‍ത്തകരോടൊപ്പം റിലീസ് ദിവസം തന്നെ 'വൈറസ്' കാണാനുള്ള തയ്യാറെടുപ്പിലാണ് ഡോക്ടറുള്‍പ്പടെയുള്ള മെഡിക്കല്‍ സംഘം. 'ഇപ്പോള്‍ ടെന്‍ഷനൊക്കെ മാറി ഒന്നു ഫ്രീയായിട്ടുണ്ട്. അതുകൊണ്ടുതന്നെ, സിനിമ റിലീസ് ദിവസം തന്നെ ക്രൂവിനൊപ്പം തിയേറ്ററില്‍ പോയി കാണാനുള്ള തയ്യാറെടുപ്പിലാണ്. വലിയൊരു ഹെല്‍ത്ത് ടീം ഒന്നിച്ചാണ് ഷോയ്ക്ക് പോകുന്നത്. എന്നെക്കുറിച്ചു മാത്രമല്ല, നിപയുടെ സമയത്ത് പ്രവര്‍ത്തിച്ചിരുന്ന നിരവധി പേരെക്കുറിച്ച് സിനിമയില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. വില്‍പ്പത്രം എഴുതിവച്ച് ജോലിക്കു വന്നിരുന്ന ഒരു ഡോക്ടറെക്കുറിച്ചൊക്കെ പറഞ്ഞിരുന്നല്ലോ. പേരാമ്പ്രയില്‍ നിന്നുള്ള ഒരു ഡോക്ടറാണത്. നിപ ബാധിച്ച രോഗികളെ നേരിട്ട് ചികിത്സിച്ചയാളാണ്. നിപയാണ് രോഗമെന്ന് ആ സമയത്ത് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഇടയ്ക്ക് അദ്ദേഹത്തിന് പനിയ്ക്കുകയും ചെയ്തു. അപ്പോഴാണ് വില്‍പത്രം എഴുതിയതെന്നു തോന്നുന്നു. രോഗിയുടെ അടുത്തുകൂടെ നടന്നു പോയവര്‍ക്കു പോലും രോഗം പിടിപെട്ടു എന്ന അവസ്ഥയായിരുന്നല്ലോ. ആര്‍ക്കും അതിനപ്പുറമൊന്നും ചിന്തിക്കാനാകുമായിരുന്നില്ല.'

വൈറസിന്റെ തിരക്കഥാകൃത്തുക്കളായ മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ഡോ. ഗോപകുമാറിനൊപ്പം ദിവസങ്ങളോളം ചെലവഴിച്ച ശേഷമാണ് രചനയിലേക്കു കടക്കുന്നത്. ദിവസം മൂന്നും നാലും മണിക്കൂറുകള്‍ വച്ച് രണ്ടുമൂന്നു ദിവസത്തോളം താനുമായി ചര്‍ച്ച ചെയ്ത് അനുഭവങ്ങള്‍ വിശദമായി ചോദിച്ചു മനസ്സിലാക്കിയിരുന്നതായി ഗോപകുമാര്‍ പറയുന്നു. 'അതിനു ശേഷമാണ് ആഷിഖും റിമയും വരുന്നത്. ഒരു ദിവസം മൂന്നു മണിക്കൂറോളം അവര്‍ എനിക്കൊപ്പം ചെലവഴിച്ചു. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ ശേഷം ഇന്ദ്രജിത്തുമായി മൂന്നു നാലു ദിവസം തുടര്‍ച്ചയായി സീന്‍ ബൈ സീന്‍ ചര്‍ച്ചകളും നടന്നിട്ടുണ്ട്.' ഏറെ കാത്തിരുന്ന ചലച്ചിത്രം ഒടുവില്‍ തിയേറ്ററിലെത്തുമ്പോള്‍, കേരളം വൈറസിനെ തോല്‍പ്പിച്ച കഥ അഭ്രപാളിയില്‍ കാണാനുള്ള ആകാംഷയിലാണ് ഡോ. ഗോപകുമാറും.

Read More: സഹാനുഭൂതിയാണ് കാരണവും പ്രതിരോധവും; നിപ സ‍ഞ്ചരിച്ച, രോഗത്തെ തേടിപ്പോയ ഭീതിയുടെ വഴിയാണ് വൈറസ്


Next Story

Related Stories