Top

is it my fault? റേപ്പ് ചെയ്യപ്പെടുമ്പോള്‍ അവളുടെ വസ്ത്രം എന്തായിരുന്നുവെന്ന് ചോദിക്കുന്നവര്‍ക്കായാണ് ഈ പ്രദര്‍ശനം

is it my fault? റേപ്പ് ചെയ്യപ്പെടുമ്പോള്‍ അവളുടെ വസ്ത്രം എന്തായിരുന്നുവെന്ന് ചോദിക്കുന്നവര്‍ക്കായാണ് ഈ പ്രദര്‍ശനം
ഒരു സ്ത്രീ ലൈംഗിക അതിക്രമത്തിന് ഇരയായാകുമ്പോള്‍ അവള്‍, അതല്ലെങ്കില്‍ മറ്റെല്ലാം സ്ത്രീകളും ധരിക്കുന്ന വസ്ത്രത്തെ പഴി ചാരുന്നത് സമൂഹത്തിന്റെ പതിവാണ്. ഇരയെ മുറിവേല്‍പ്പിച്ച് കൊണ്ടാണ്, വസ്ത്രധാരണം കൊണ്ട് പുരുഷനെ പ്രലോഭിപ്പിച്ചെന്നോ അവള്‍ അത് ചോദിച്ചു വാങ്ങിയതാണെന്നോ ഉള്ള മുന്‍വിധികള്‍ പ്രചരിക്കുക.

ഇത്തരം മനോഭാവത്തെ പൊളിച്ചു കാണിക്കുകയാണ് ബ്രസല്‍സില്‍ നടക്കുന്ന ഒരു പ്രദര്‍ശനം.

ബലാത്സംഗത്തിനിരയായവര്‍ അക്രമം നടക്കുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

പൈജാമകള്‍, ട്രാക്ക് പാന്റുകള്‍, മേലുടുപ്പുകള്‍ തുടങ്ങി ഒരു കുഞ്ഞിന്റെ My Little Pony ടീ ഷര്‍ട്ട് വരെ!

സ്ത്രീയുടെ വസ്ത്രധാരണമാണ് അവള്‍ക്ക് നേരെയുണ്ടാകുന്ന അക്രമത്തിന് കാരണമെന്ന ഉറച്ച് പോയ വിശ്വാസത്തെ ഇല്ലാതാക്കുകയാണ് 'is it my fault' എന്ന് പേരിട്ടിട്ടുള്ള പ്രദര്‍ശനത്തിന്റെ ലക്ഷ്യം. ഈ വസ്ത്രങ്ങളെല്ലാം തന്നെ എല്ലാവരും ധരിക്കുന്ന സാധാരണ ഉടുപ്പുകളാണ്.

ലിസ്ബത്ത് സംസാരിക്കുന്നത് കേള്‍ക്കൂ; കുട്ടിയായിരിക്കുമ്പോള്‍ ലൈംഗികാതിക്രമത്തിന് ഇരയായതാണ് അവര്‍. ''ഈ പറയുന്ന ഇരയെ പഴിചാരല്‍ ഇരു വശങ്ങളില്‍ നിന്നും ഉണ്ടാകും. അക്രമികള്‍ തന്നെ ഇരയാക്കപ്പെട്ടവര്‍ക്കെതിരേ സംസാരിക്കും. ഉദാഹരണത്തിന് 'നീ എങ്ങനെയായിരുന്നു അപ്പോള്‍ തുണിയുടുത്തിരുന്നത്?' അല്ലെങ്കില്‍ 'മദ്യപിച്ച് നിന്റെ പെരുമാറ്റം എന്തൊക്കെയായിരുന്നു?' ലൈംഗികമായി അക്രമിക്കപ്പെട്ട ഒരുവള്‍ ഇടക്കിടെ തന്നോട് തന്നെയും ചോദിക്കും, എന്തായിരുന്നു അതില്‍ അവളുടെ പങ്കെന്ന്. എന്റെ പെരുമാറ്റമായിരുന്നോ, അതോ എന്റെ ഉടുപ്പുകളോ?

അക്രമിക്ക് പകരം ഇരയെ പഴി ചാരാനും നാണം കെടുത്താനും ഉള്ള ത്വര പുരുഷാധിപത്യ സമൂഹങ്ങളിലൊക്കെ പതിവാണ്. ഇവിടെ, ഇന്ത്യയില്‍ തന്നെ, ലൈംഗികാതിക്രമങ്ങളിലെ ഇരകളെയും അതിജീവിച്ചവരേയും കുറിച്ച് യാതൊരു ബോധ്യവുമില്ലാത്ത, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പതിവാണല്ലോ.

കഴിഞ്ഞ വര്‍ഷം സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസ്മി പറഞ്ഞത്, ഭര്‍ത്താവോ അച്ചനോ കൂടെയില്ലാതെ രാത്രി പുറത്തിറങ്ങുന്ന സ്ത്രീകള്‍ യാതൊരു ബഹുമാനവും അര്‍ഹിക്കുന്നില്ലെന്നായിരുന്നു. ആ പ്രസ്താവനയുടെ ഇങ്ങനെ തുടരുന്നു.'' എവിടെയെങ്കിലും പെട്രോള്‍ ഉണ്ടെങ്കില്‍ അതെളുപ്പം തീ പിടിച്ചേക്കും. പഞ്ചസാര ഉള്ളിടത്തേക്ക് ഉറുമ്പ് വരികയും ചെയ്യും''

2014 ല്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള വനിതാ നേതാവ് ആശാ മിര്‍ഗേ, ബലാല്‍സംഗത്തിന് കാരണമായി സ്ത്രീകളുടെ വസ്ത്രധാരണത്തെ പഴി ചാരിയിരുന്നു. ''നിര്‍ഭയക്ക് രാത്രി 11 ന് സുഹൃത്തിനൊപ്പം സിനിമക്ക് പോകേണ്ട ആവശ്യം ഉണ്ടായിരുന്നോ? ശക്തി മില്‍ കൂട്ട ബലാത്സംഗക്കേസ് എടുക്കൂ. അവള്‍ (survivor) എന്തിനാണ് അത്തരമൊരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് ആറ് മണിക്ക് ശേഷം പോയത്? പെണ്ണുങ്ങളുടെ വസ്ത്രം, പെരുമാറ്റം, ആവശ്യമില്ലാത്തിടത്ത് പോകല്‍ തുടങ്ങിയവ കൊണ്ടൊക്കെ റേപ്പ് സംഭവിക്കും.''മഹാരാഷ്ട്ര വനിത കമ്മിഷന്‍ അംഗം കൂടിയായ ആശാ മിര്‍ഗേയുടെ പ്രസ്താവനയാണിത്.

ഇത്തരം പ്രസ്താവനങ്ങള്‍ ഔചിത്യമില്ലാത്തതാണെന്ന് മാത്രമല്ല, അടിസ്ഥാനരഹിതമാണെന്ന് കാണിച്ചു വിദഗ്ദ്ധര്‍ തള്ളിയിട്ടുമുണ്ട്.

''സ്ത്രീകളുടെ വസ്ത്ര അലമാരകള്‍ ഏറെക്കാലമായി ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ന്യായീകരണമായി ഉപയോഗിച്ച് വരുന്നുണ്ട്. ബലാല്‍സംഗത്തിന്റെ കാരണങ്ങള്‍ വിശദമാക്കുന്ന ഡാറ്റകളൊന്നും ഇതിനെ പിന്തുണക്കുന്നുമില്ല.'' സൈക്കോളജിസ്റ്റായ സാന്ദ്ര ഷുള്‍മാന്‍ പറയുന്നു.
'' ഇര ധരിച്ച വസ്ത്രമാണ് കുറ്റം ചെയ്യാന്‍ ചെയ്യാന്‍ കാരണമായതെന്ന് ഒരു പഠനത്തില്‍ റേപ്പിസ്റ്റ് പറയുന്നുണ്ട്. പക്ഷേ ആ സന്ദര്‍ഭങ്ങളില്‍ ഇരകള്‍ ധരിച്ചിരുന്നതൊക്കെ വളരെ സാധാരണ വസ്ത്രങ്ങളാണ്. അക്രമിയില്‍ നിന്ന് ഇരയിലേക്ക് കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തവും പ്രാബല്യവും മാറ്റിസ്ഥാപിക്കാനുള്ള വാദമാണിത്.''

ആത്യന്തികമായി വസ്ത്രങ്ങള്‍ അല്ല ബലാത്സംഗം ചെയ്യുന്നത്, മനുഷ്യരാണ്.

https://www.facebook.com/ilikemolenbeek/videos/1888546067843054/

കടപ്പാട്; ദി ന്യൂസ് മിനിട്ട്‌

Next Story

Related Stories