TopTop
Begin typing your search above and press return to search.

പെണ്ണ് മിണ്ടാതിരിന്നോണം; താരിഖ് റമദാനിൽ നിന്ന് മുസ്ലീം സ്ത്രീയിലേക്കുള്ള ദൂരം!

പെണ്ണ് മിണ്ടാതിരിന്നോണം; താരിഖ് റമദാനിൽ നിന്ന് മുസ്ലീം സ്ത്രീയിലേക്കുള്ള ദൂരം!
താരിഖ് റമദാൻ ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന്റെ യൂറോപ്പിലെ അറിയപ്പെടുന്ന വക്താവും എഴുത്തുകാരനുമാണ്. പോരെങ്കിൽ മുസ്ലിം ബ്രദർ ഹുഡ് സൈദ്ധാന്തികനായിരുന്ന ഹസനുൽ ബന്നയുടെ പേരമകനാണ്. സ്വാഭാവികമായും ഇസ്ലാമിസ്റ്റുകളുടെ കണ്ണിലുണ്ണിയാണ് ഈ 55-കാരൻ. പക്ഷേ റമദാൻ ഇന്ന് വിവാദത്തിലാണ്. അതീവ ഗുരുതര സ്വഭാവത്തിലുള്ള നിരവധി ലൈംഗിക, പീഡനാരോപണങ്ങളാണ് റമദാനെതിരിൽ ഉയർന്നിട്ടുള്ളത്. സലഫിസത്തിൽ നിന്ന് കൂട് മാറിയ ഹെന്റാ അയാരിയിൽ നിന്നായിരുന്നു തുടക്കം. #MeToo കാമ്പയിനിന്റെ ചുവട് പിടിച്ച് പഴയ പുസ്തകത്തിൽ പേര് വെളിപ്പെടുത്താതെ പറഞ്ഞ പീഡന കേസിലെ പ്രതി താരിഖ് റമദാനാണെന്ന് അവർ തുറന്നടിച്ചു. അതൊരു തുടക്കം മാത്രമായിരുന്നു. ഒന്നിന് പിറകെ ഒന്നായി 6 സ്ത്രീകൾ റമദാനിൽ നിന്ന് നേരിട്ട ലൈംഗിക/പീഡന അനുഭവങ്ങൾ വെളിവാക്കി, പലരും വിശദാംശങ്ങളോടെ തന്നെ.

ഇതിൽ ഒരു സംഭവം നടന്നത് ഇരയ്ക്ക് 14 വയസ്സുള്ളപ്പോഴും മറ്റൊന്ന് 15 വയസ്സിലും ആയിരുന്നുവെന്നുമാണ് ആരോപണങ്ങൾ. റമദാൻ എല്ലാ കുറ്റങ്ങളും നിഷേധിച്ചിട്ടുണ്ട്. പക്ഷേ ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ജോലിയിൽ നിന്ന് തത്ക്കാലം മാറി നിൽക്കുകയാണ്. റമദാനെ പിന്തുണക്കുന്നവർ ഒരു പടി കൂടി കടന്ന് ഇതൊക്കെ വിപുലമായ സയണിസ്റ്റ് ഗൂഡാലോചനയുടെ ഭാഗമാണെന്നും തറപ്പിച്ച് പറയുന്നു. ആരോപണമുന്നയിച്ച ഇരകളിൽ അറിയപ്പെടുന്ന മുസ്ലിം വിശ്വാസിനികളുമുണ്ടെന്ന വസ്തുത ഇവർ പരിഗണിക്കുന്നില്ല. ഏതായാലും പോലീസ് അന്വേഷണം നടക്കുകയാണ്.

കുറ്റം തെളിയിക്കപ്പെടുന്നത് വരെ റമദാന് ഒരു നിരപരാധിക്ക് അർഹതപ്പെട്ട എല്ലാ പരിരക്ഷയും നൽകണമെന്നതിൽ ഒരു സംശയവുമില്ല. പ്രത്യേകിച്ചും റമദാനനുകൂലമായി നിയമം അട്ടിമറിക്കപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത ഫ്രാൻസിലാണ് അന്വേഷണം നടക്കുന്നതെന്നിരിക്കെ. കേരളത്തിലെ ഇസ്ലാമിസ്റ്റുകളായ ജമാഅത്തെ ഇസ്ലാമി ഏതായാലും ഇക്കാര്യം പൂർണമായും ഉൾക്കൊണ്ടിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് അവരുടെ പ്രമുഖ മതപഠന സ്ഥാപനമായ ശാന്തപുരം ജാമിയ അൽ ഇസ്ലാമിയയിൽ വിശിഷ്ടാഥിതിയായി താരിഖ് റമദാൻ വന്നിരുന്നു. ഇസ്ലാമിക വിദ്യാഭ്യാസ സമ്പ്രദായത്തിലെ പുത്തൻ സാധ്യതകളെ പറ്റിയുള്ള സെമിനാറിൽ സംബന്ധിച്ച റമദാൻ കേരളത്തിലെ ഹൃദ്യമായ അനുഭവത്തെ പറ്റി തന്റെ ഫേസ്ബുക്ക് വാളിൽ പോസ്റ്റിടുകയും ചെയ്തു. ആരോപിതനായ ഒരാൾക്ക് അർഹമായ എല്ലാ അവകാശങ്ങളും ആദരവും നൽകാൻ ജമാഅത്ത് തയ്യാറായി.

http://www.azhimukham.com/offbeat-jasla-speak-out-on-flash-mob-and-threat-by-patriarchy-in-islam/

ഇനിയൽപം പിറകോട്ട് പോവാം. 2015 നവംബറിൽ തന്റെ മദ്രസാ കാലഘട്ടത്തിൽ താൻ സാക്ഷിയായ മദ്രസാധ്യാപകന്റെ പീഡനം ഫേസ് ബുക്കിൽ തുറന്നെഴുതിയ ഒരു വനിതാ ജേർണലിസ്റ്റ് നേരിട്ട ഭീകരാനുഭവം എല്ലാവരും കണ്ടതാണ്. നീചമായ അക്രമണമായിരുന്നു സൈബറിടങ്ങളിലും പുറത്തും അവർ നേരിട്ടത്. സമുദായത്തെ ഒന്നടങ്കം അവർ താറടിച്ചെന്ന നുണപ്രചാരണം ഏറ്റെടുത്ത് അവർക്കെതിരെ സംഘടിതമായ ആക്രമണം നടത്തി. അതുവരെയുള്ള അവരുടെ ഇടപെടലുകളും വിശ്വാസ്യതയുമെല്ലാം പൂർണമായി നിഷേധിച്ച് അവരെ ഇസ്ലാമിന്റെ ശത്രുക്കളുടെ കയ്യിലെ പാവയാക്കി ചിത്രീകരിച്ചു. ഇക്കൂട്ടർ തന്നെ നിരന്തരം പറയുന്ന ഹിജാബിട്ട മുസ്ലിം സ്ത്രീയുടെ ചോയ്സും ഏജൻസിയുമൊന്നും ഇക്കാര്യത്തിൽ പരിഗണിച്ചതേയില്ല. നീചമായ ഈ വ്യക്തിഹത്യാ കാമ്പയിനിനെ സഹായിക്കുന്ന നിലപാടായിരുന്നു ജമാഅത്തിലും എസ് ഐ ഓവിലുമൊക്കെ നേതൃസ്ഥാനം വഹിക്കുന്ന ചിലരുടെ ഭാഗത്ത് നിന്നുണ്ടായത്. അവരെ പരിഹസിക്കാനും നിന്ദിക്കാനും ഇക്കൂട്ടർ മൽസരിച്ചു. എസ് ഐ ഓയുടെ സംസ്ഥാന നേതാവ് അവരുടെ പോസ്റ്റിലെ ലൈക്കിന്റെ എണ്ണം കണക്കു കൂട്ടി നിഗൂഡ താൽപര്യങ്ങൾ കണ്ടെത്തി (ജമാഅത്തുകാരായ ചിലർ ഇവരെ പിന്തുണച്ച് പ്രതികരിച്ചത് വിസ്മരിക്കുന്നില്ല; കൂട്ടത്തിൽ അതിന്റെ പേരിൽ അവർ നേരിട്ട ഒറ്റപ്പെടലുകളും) ഇങ്ങനെയൊന്നും മദ്രസകളിൽ സംഭവിക്കുന്നതിലല്ല, അത് പുറത്ത് നാലാളറിയുന്നതിലായിരുന്നു പലരുടേയും ബേജാറ്.

ആർജവത്തോടെ കാര്യങ്ങൾ പറയുന്ന ഇരകളിലല്ല, കുട്ടികളെ പീഡിപ്പിക്കുന്ന അധ്യാപകരിലാണ് അവർ സമുദായത്തിന്റെ അഭിമാനം കണ്ടത്. ജമാഅത്തുകാരിൽ പലരുടേയും പരാതി ഇവർ പൊതുസമൂഹത്തിന് മുന്നിൽ കാര്യങ്ങൾ തുറന്നടിച്ചതിലായിരുന്നു. പകരം 'സമുദായത്തിനകത്ത് (TM)' കാര്യങ്ങൾ പറഞ്ഞാൽ മതിയായിരുന്നുവെന്ന നിഷ്കളങ്കമായ നിർദ്ദേശവും മുന്നോട്ട് വെച്ചിരുന്നു! എന്താണീ സമുദായത്തിനകത്ത് പറയുക എന്നത് കൊണ്ടുദ്ദേശിക്കുന്നത്? സിമ്പിൾ- ജനാധിപത്യത്തിന്റെ എമ്പാടും കേട്ട നിർവചനത്തിന്റെ പാരഡിയായി പറഞ്ഞാൽ അണുങ്ങൾക്ക് വേണ്ടി ആണുങ്ങളിൽ നിന്ന് ആണുങ്ങളാൽ നടത്തപ്പെടുന്ന മതസംഘടനകളുടെ ചട്ടക്കൂടുകളിലോ മറ്റു സമാന സംവിധാനങ്ങളിലോ പരാതി പറയണം. ഒട്ടും വൈകാതെ ഇരയെ പരമാവധി കുറ്റപ്പെടുത്തി വേട്ടക്കാരനായ ആണിനെ 'താക്കീത് ചെയ്തോ', 'മാപ്പു പറയിപ്പിച്ചോ' ആരുമറിയാതെ കാര്യങ്ങൾ ഒതുക്കും. അവസാന സിറ്റിങ്ങിൽ ഇരയുടെ പക്ഷത്തുള്ളവരെ സാക്ഷിയാക്കി 'വിട്ടുവീഴ്ച'യുടേയും 'പൊറുക്കലി'ന്റെയും ഇസ്ലാമിക മാതൃകയെ പറ്റിയുള്ള ഒരു യമണ്ടൻ പ്രസംഗമുണ്ടാവും. OMKV-യുടെ ഏറ്റവും ക്രൂരവും പ്രാകൃതവുമായ രൂപമാണിതെന്ന് മാത്രം പറയാം. ഇര സകലരുടേയും കണ്ണിലെ കരടായി ശിഷ്ടകാലം ജീവിക്കേണ്ടി വരുമ്പോൾ വേട്ടക്കാരൻ അടുത്ത മേച്ചിൽപ്പുറം കണ്ടെത്തി പണി തുടരുന്നുണ്ടാവും (ഇങ്ങനെയുള്ള ഒരു ആഭാസൻ ജമാഅത്ത് പള്ളിയിലെ ഖതീബായി തുടരുന്നതിനെ മുമ്പ് ചോദ്യം ചെയ്തപ്പോൾ ജമാഅത്തുകാരിൽ നിന്നും കിട്ടിയ മറുപടിയുടെ ഞെട്ടൽ എനിക്കിപ്പോഴും മാറിയിട്ടില്ല!).

http://www.azhimukham.com/offbeat-when-patriarchy-and-its-institutions-defines-the-history-of-women-by-maya/

ഈ മോഡസ് ഓപ്പറാണ്ടിയുടെ ഉളുപ്പില്ലാത്ത പ്രകടനം കാണണമെങ്കിൽ മദ്രസാധ്യാപകർക്കോ ഖതീബുമാർക്കോ എതിരായി മതസംഘടനകൾക്കകത്ത് വന്ന പരാതികളെ നിരീക്ഷിച്ചാൽ മതി. അല്ലെങ്കിൽ ഗാർഹിക പീഡന പരാതികൾ മഹല്ല് സംവിധാനത്തിൽ 'പരിഹരിക്കുന്ന' അശ്ലീലം നോക്കിയാലും കാണാം. ഈ മാർഗമായിരുന്നു ഫേസ് ബുക്കിൽ പോസ്റ്റിടുന്നതിന് പകരം അവലംബിക്കേണ്ടതെന്ന് പറയുമ്പോൾ മേൽപ്പറഞ്ഞതാണ് ഒരു പെണ്ണ് അർഹിക്കുന്നത് എന്ന് കൂടിയാണ് അന്നീ ജമാഅത്തുകാർ പറയാതെ പറഞ്ഞത് (സുന്നികൾക്ക് ഇമ്മാതിരി വളഞ്ഞ വഴിയൊന്നും ഇഷ്ടമില്ല; പച്ചയ്ക്ക് വേട്ടക്കാരനെ ന്യായീകരിക്കാനും ഇരയെ ഏറ്റവും നീചമായ ഭാഷയിൽ അധിക്ഷേപിക്കാനും അവർ ഒരു മടിയും കാണിച്ചില്ലായിരുന്നു).

ഇവർ മദ്രസയെപ്പറ്റി പറഞ്ഞത് കൊണ്ട് മുസ്ലിങ്ങളുടേയും മദ്രസാ സംവിധാനത്തിന്റെയും മുഴുവൻ മാനവും ആവിയായിപ്പോവുമെന്ന് ഭയന്ന അന്നത്തെ ജമാഅത്ത്കാർക്ക് ആ വക പേടിയൊന്നും ഇപ്പോഴില്ല. അവരൊരുപാട് മാറിയെന്ന് പറയാം. ലോക മാധ്യമങ്ങൾ മുഴുവൻ ചർച്ച ചെയ്ത നിരവധി പീഡന കേസിൽ പ്രതിയായി അന്വേഷണം നേരിടുന്ന താരിഖ് റമദാനെ എല്ലാവിധ ഔദ്യോഗിക ബഹുമതികളോടും കൂടി ആനയിക്കാൻ ഒരു മടിയും കാട്ടിയില്ല. അത് വഴി സമുദായത്തിന്റെയോ പാർട്ടിയുടെയോ സ്ഥാപനത്തിന്റെയോ ഒന്നും അന്തസ് ഇടിയുമെന്നും അവരാരും വിശ്വസിക്കുന്നില്ല. അപ്പോൾ ഇരകൾ ആരോപണമുന്നയിക്കുന്നതിലേ പ്രശ്നമുള്ളൂ, ആരോപണവിധേയരാവുന്നതിൽ ഒരു പ്രശ്നവുമില്ല എന്നതാണ് ജമാഅത്ത് ലൈൻ. തെളിച്ച് പറഞ്ഞാൽ പെണ്ണ് മിണ്ടാതിരുന്നോളണം, കൂട്ടത്തിലെ ആണുങ്ങൾ വല്ലതും ചെയ്തിട്ടുണ്ടെങ്കിൽ സകലമാന അന്വേഷണവും നടത്തി കോടതികളും അപ്പീലുമൊക്കെ കഴിഞ്ഞ് വിധി പ്രഖ്യാപിച്ചാൽ നോക്കാം എന്നതാണ് നയം. അത് തന്നെ ആരോപണമുന്നയിച്ചവരെ പരമാവധി വ്യക്തിഹത്യ നടത്തിയ ശേഷം മാത്രം.

കറകളഞ്ഞ സ്ത്രീ വിരുദ്ധതയെ അടിസ്ഥാനപ്പെടുത്തിയ ഈ ആൺകോയ്മാ വ്യവസ്ഥിതിയുടെ സ്വാഭാവിക ഫലങ്ങളാണ് പീഡനം തൊഴിലാക്കിയ ഒരു കൂട്ടം മദ്രസാ അധ്യാപകരും മതപുരോഹിതൻമാരും. ഈ ആൺകോയ്മാ വ്യവസ്ഥിതി നിലനിൽക്കുന്നിടത്തെല്ലാം പീഡകരും വളർന്നു വരും. കഴിഞ്ഞ മാസമാണ് അസോസിയേറ്റഡ് പ്രസ് പാകിസ്ഥാനിലെ മദ്രസകളിൽ നടമാടുന്ന ലൈംഗിക പീഡനത്തെ പറ്റിയുള്ള വിശദമായ റിപ്പോർട്ട് പുറത്ത് വിട്ടത്. പ്രതികളെ സംരക്ഷിക്കാനും ഇരകളെ ഒതുക്കാനുമുള്ള വളരെ ശക്തവും വ്യാപകവുമായ മത, സാമൂഹിക, നിയമ സംവിധാനം എങ്ങനെയാണ് രാജ്യത്ത് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. തൽഫലമായി ശരിക്കും നടക്കുന്ന പീഡനങ്ങളിലെ വളരെ വളരെ ചെറിയൊരംശം മാത്രമേ പുറത്ത് വരുന്നുള്ളൂവെന്നും അതിൽ തന്നെ അപൂർവ്വമായി മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

http://www.azhimukham.com/opinion-hadiya-case-kiss-of-love-protest-and-rss-popular-front-organisations-debate/

പാക് വംശജനായ അമേരിക്കൻ മത പ്രാസംഗികനും സോഷ്യൽ മീഡിയാ താരവുമായ നൌമാൻ അലി ഖാൻ പെണ്ണുങ്ങളുമായ 'വഴിവിട്ട' ബന്ധത്തിന്റെ പേരിൽ ആരോപണം നേരിടുകയാണ്. തെളിവുകൾ പുറത്തായപ്പോഴുള്ള ഉരുണ്ട് കളികളെ കൂടാതെ ഇസ്ലാമോഫോബിയയും സയണിസ്റ്റ് ഗൂഡാലോചനയുമൊക്കെ ആയുധമാക്കി വീശി നോക്കുന്നുണ്ട്. വേറെയും പല മത പണ്ഡിതൻമാരും ആരോപണ വിധേയരായിട്ടുണ്ട്.

താരിഖ് റമദാൻ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് ഇപ്പോൾ പറയാൻ പറ്റില്ല. റമദാന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരവും ഇരകൾക്ക് അവർ നേരിട്ടതായി പറയപ്പെടുന്ന പീഡനം തെളിയിക്കാനുള്ള അവസരവും കിട്ടട്ടെ. ഇസ്‌ലാമോഫോബിയ സമുദായത്തിനും അതിലെ അംഗങ്ങൾക്കും നേരെ വരുന്ന എല്ലാ വിമർശനങ്ങളും നേരിടാനുള്ള ഒറ്റമൂലിയായി മാറേണ്ടതില്ല. ഒരു കാര്യം പറയാം. ഈ ആൺകോയ്മാ വ്യവസ്ഥിതിയിൽ നിന്നും തീർത്തും പ്രതീക്ഷിക്കാവുന്നത് മാത്രമാണിതെല്ലാം. ഒരു വിഭാഗത്തിന് അനിയന്ത്രിതമായ അധികാരവും അപ്രമാദിത്തവും ഉണ്ടായാൽ പിന്നെ ചൂഷണവും പീഡനവും സ്വാഭാവികമാണ്. അത് മദ്രസാധ്യാപകരുടേയോ എഴുത്തുകാരുടേയോ മതനേതാക്കളുടേയോ രൂപത്തിലൊക്കെ വരാം. വ്യവസ്ഥിതിയുടെ ഉത്പന്നങ്ങൾ മാത്രമാണവരെല്ലാം. ഇത് മുസ്ലിം സമൂഹത്തിൽ മാത്രമായി ഒതുങ്ങുന്നുമില്ല. ഹോളിവുഡിലും കേരളത്തിലുമൊക്കെ സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന കൊടിയ ചൂഷണങ്ങളുടേയും പീഡനങ്ങളുടേയും കഥകൾ ഒന്നൊന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്.

http://www.azhimukham.com/jamaat-e-islami-kerala-maududi-madhayamam-media-one-nazirudheen/

ഓരോ സമൂഹത്തിലും സാഹചര്യത്തിലും സ്ത്രീ വിരുദ്ധതയ്ക്ക് വ്യത്യസ്ത മാനങ്ങളുണ്ട്. മുസ്ലിം സമുദായത്തിനകത്ത് തെറ്റായ പ്രമാണങ്ങളുടെ വ്യാഖ്യാനം വഴി പൗരോഹിത്യം സൃഷ്ടിച്ചെടുത്ത ആൺകോയ്മയാണെങ്കിൽ ഹോളിവുഡിലും മലയാള സിനിമയിലുമൊക്കെ വേറെ രീതിയിലാണ്. പ്രമാണങ്ങളും പൌരോഹിത്യവുമില്ലെങ്കിലും ആൺകോയ്മയും സ്ത്രീ വിരുദ്ധതയും നല്ലോണമുണ്ട്. അതിനനുസൃതമായി നീങ്ങുന്ന മൂലധന താത്പര്യങ്ങളും അതിന്റെ പുറത്ത് കെട്ടിപ്പടുത്ത വ്യവസായവുമുണ്ട്. ഈ വ്യത്യസ്തതകളും സൂക്ഷ്മ തലങ്ങളും ഉൾക്കൊണ്ട് തന്നെ ഇതിനെയെല്ലാം നേരിടേണ്ടതുണ്ട്. സ്വാഭാവികമായും ഈ സൂക്ഷ്മതകളും nuances ഉം മനസ്സിലാക്കുന്ന ഇരകളാണിതിന് നേതൃത്വം നൽകേണ്ടത്. കുറ്റാരോപിതനെ സംരക്ഷിക്കാനും ഇരയെ നിരന്തരം വേട്ടയാടാനും അവസരമൊരുക്കുന്ന വ്യവസ്ഥിതി തകർക്കാൻ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങണം. ആണുങ്ങൾ നിയന്ത്രിക്കുന്ന സംവിധാനങ്ങളിലൂടെ തന്നെ പരിഹരിക്കണമെന്ന വാദം വേട്ടക്കാരനെ സംരക്ഷിക്കാനും ചൂഷണം തുടരാനും ലക്ഷ്യമിട്ടുള്ളതാണ്. പെണ്ണുങ്ങൾക്ക്, സോഷ്യൽ മീഡിയ പോലുള്ള ബദൽ മാർഗങ്ങളുണ്ട് അവരുടെ മുന്നിൽ. അതാണ് തിരിഞ്ഞു നോക്കുമ്പോൾ ഈ വർഷം നൽകുന്ന പ്രതീക്ഷ.

http://www.azhimukham.com/zakir-naik-mm-akbar-peace-school-kerala-religion-hate-nazirudheen/

http://www.azhimukham.com/women-equality-patriarchy-muslim-religion-kerala-bachoo/

http://www.azhimukham.com/women-gender-equality-patriarchy-malayalai-religion-feminism-maya/

http://www.azhimukham.com/film-hollywood-doyen-harvey-weinstein-and-dileep/

(നാസിറുദ്ദീന്‍ ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories