TopTop
Begin typing your search above and press return to search.

മനോരമയ്ക്ക് 'മറിയം തുറന്നുവിട്ട ഭൂതം', മാതൃഭൂമിക്ക് 'ബഹിരാകാശത്ത് ചാരപ്പുക', ദേശാഭിമാനിക്ക് 'ചാരപഥം'; മലയാളിയോട് ഈ മാധ്യമങ്ങള്‍ പറഞ്ഞ കഥകളാണ്

മനോരമയ്ക്ക് മറിയം തുറന്നുവിട്ട ഭൂതം, മാതൃഭൂമിക്ക് ബഹിരാകാശത്ത് ചാരപ്പുക, ദേശാഭിമാനിക്ക് ചാരപഥം; മലയാളിയോട് ഈ മാധ്യമങ്ങള്‍ പറഞ്ഞ കഥകളാണ്

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമാണെന്നും അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള സുപ്രീം കോടതി വിധി, നീണ്ട 24 വര്‍ഷത്തെ നിയമ പോരാട്ടത്തിന്റെ ഫലമായിരുന്നു. ബഹിരാകാശ പര്യവേഷണ രംഗത്ത് ഇന്ത്യയെ ലോകത്തിന് മാതൃകയാക്കാന്‍ സാധിക്കുമായിരുന്ന ഒരു തലച്ചോറിന്റെ ഉടമയെ ഊതിപെരുപ്പിച്ച കെട്ടുക്കഥകള്‍ക്കൊണ്ട് ഇല്ലാതാക്കിയപ്പോള്‍ നഷ്ടം രാജ്യത്തിനായിരുന്നു. നമ്പി നാരായണന്‍ എന്ന ജീനിയസിനെയും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരെയും നിരപരാധികളായ മാലി യുവതികളെയും തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ആഭാസരും ഒറ്റുകാരുമൊക്കെയാക്കിയ ഇവിടുത്തെ 'പ്രമുഖ' പത്ര മാധ്യമങ്ങള്‍ തന്നെയാണ് കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയോടെ ഒറ്റയടിക്ക് മലക്കം മറിഞ്ഞ് അവര്‍ കൂടി ചേര്‍ന്ന് ജീവിതം തുലച്ചവര്‍ക്കൊപ്പം നിന്ന് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്.

നമ്പിനാരായണന്‍, ശശികുമാരന്‍, പ്രത്യേകിച്ച് മാലി സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസന്‍ ഇവരെയും ഇവരുടെ കുടുംബത്തെയും കുറിച്ച് എഴുതി വിട്ട അശ്ശീല കഥകളും ഊഹാപോഹങ്ങളും കേരളത്തിലെ ജനങ്ങളെ എത്രത്തോളമാണ് തെറ്റിദ്ധരിപ്പിച്ചിരുന്നതെന്ന് അറിയാന്‍ രണ്ട് വ്യാഴവട്ട കാലം വേണ്ടി വന്നു.

യാതൊരു തെളിവുകളുമില്ലാതെ തനിനിറം സായാഹ്ന പത്രം 1994 നവംബര്‍ 18-ന് തുടങ്ങി വച്ച 'കഥകള്‍' മംഗളവും ദേശാഭിമാനിയും ഏറ്റുപിടിക്കുകയും പിന്നാലെ 'പത്രമുത്തശ്ശി'മാരായ മനോരമയും മാതൃഭൂമിയും കൂടി ഏറ്റെടുക്കുകയും കൂടി ചെയ്തതോടെ മലയാള മാധ്യമലോകത്തെ പ്രൊഫഷണലിസം, സത്യസന്ധത എന്നിവയൊക്കെ കാറ്റില്‍പറന്നു. ലേഖകരുടെ ഭാവനകളില്‍ തെളിഞ്ഞ കഥകള്‍ എരിവും പുളിയും മസാലയുമൊക്കെ ചേര്‍ത്ത് തങ്ങളുടെ ശൈലിയില്‍ വിളമ്പിയതിന്റെ തെളിവുകളാണ് 1994ല്‍ വന്ന അന്നത്തെ വാര്‍ത്തകളുടെ ഈ പത്ര കട്ടിംഗ് ഫോട്ടോകള്‍. (ലേഖനത്തിന് താഴെ ചിത്രങ്ങള്‍ ചേര്‍ക്കുന്നു).

1994 ഒക്ടോബര്‍ അവസാനത്തോടെ മറിയം റഷീദയെ പ്രതിരോധ വകുപ്പിലെ വിവരങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ച് കസ്റ്റഡിയില്‍ എടുത്തു. അത് വാര്‍ത്തകളായി അക്കാലത്ത് പത്രങ്ങളില്‍ എത്തുകയും ചെയ്തിരുന്നു. 1994 നവംബര്‍ 30-ന് നമ്പി നാരായണനെ അറസ്റ്റ് ചെയ്ത വിവരം വാര്‍ത്തയായത് ഡിസംബര്‍ രണ്ടിനാണ്. ഡിസംബര്‍ അഞ്ചോട് കൂടി 'മറിയം കേസ്' എന്ന് പറഞ്ഞിരുന്നത് 'ചാരക്കേസ്' എന്നതിലേക്ക് മാറി കഥകളുടെ ഒരു കുത്തൊഴുക്കായി പത്രങ്ങളില്‍ എത്തി തുടങ്ങി.

1994 ഡിസംബര്‍ 6-ന് മലയാള മനോരമ 'രഹസ്യങ്ങളുടെ ഇടനിലക്കാര്‍' എന്ന പരമ്പര ആരംഭിച്ചു. 'പരീക്ഷണം പാളിയപ്പോള്‍ അവരും വിജയം കൊണ്ടാടി' എന്ന് ആദ്യ പേജിലും 'ആകാശവിജയം തകര്‍ത്ത് അട്ടിമറി' എന്ന് എഡിറ്റോറിയല്‍ പേജിലും വന്ന പരമ്പരയിലെ ആദ്യ ഭാഗം തന്നെ കൊഴുത്തു. ചാരവനിത മാതാഹരിയുടെ അര്‍ദ്ധനഗ്ന ചിത്രത്തോടെയുള്ള ഉപവാര്‍ത്തകളുമായപ്പോള്‍ പരമ്പര ഹിറ്റ്. അതിന്റെ വിജയം ആഘോഷിക്കാന്‍ ഡിസംബര്‍ 7-ന് മനോരമ അടുത്ത പരമ്പരയും തുടങ്ങി. 'മറിയം തുറന്നു വിട്ട ഭൂതം' എന്ന പേരില്‍ 'ദ്വിവേഗിയിലെഴുതിയ ഡയറിക്കുറിപ്പുകള്‍' എന്ന ആദ്യ ഭാഗം മറിയ റഷീദയെക്കുറിച്ചുള്ള 'കഥകള്‍' ജനങ്ങളില്‍ എത്തിക്കാനുള്ള ആവേശമായിരുന്നു. 'രഹസ്യങ്ങളുടെ ഇടനിലക്കാര്‍' എന്ന പരമ്പരയെ വെല്ലുന്ന രീതിയിലാണ് 'മറിയം തുറന്നു വിട്ട ഭൂതം' ജനങ്ങളില്‍ എത്തിയത്. ഡിസംബര്‍ പത്തിന് 'മറിയം തുറന്നു വിട്ട ഭൂത'ത്തിന്റെ നാലാമത്തെ സ്‌റ്റോറിയില്‍ 'ജീനിയസിന്റെ വികൃതികള്‍' എന്ന ലേഖനത്തില്‍ നമ്പി നാരായണന്, കോട്ടയ്ക്കകത്തെ സ്ഥിരം ചീട്ടുകളിക്കാരന്‍, തര്‍ക്ക ഭൂമി വാങ്ങുന്നവന്‍, ബ്യൂട്ടി പാര്‍ലര്‍ മുതല്‍ ചെമ്മീന്‍ വളര്‍ത്തലില്‍ വരെ ചഞ്ചാടിയ മനസ്സിനുടമ എന്നിങ്ങനെ വിശേഷണങ്ങള്‍ പലതും ചാര്‍ത്തി കൊടുത്തു. ഇതോടെ നമ്പി നാരായണന്‍ മലയാളിക്ക് പൊതുശത്രുവായി. പതിനഞ്ചോളം ലേഖനങ്ങളാണ് രണ്ട് പരമ്പരയിലായി മനോരമയുടെ സ്വന്തം ലേഖക സംഘം എഴുതികൂട്ടിയത്.

മാതൃഭൂമിയും ഒട്ടും മോശമാക്കിയില്ല - ഡിസംബര്‍ ഏഴുമുതല്‍ അവരും 'മാധ്യമ ധര്‍മ്മം' പാലിച്ചു തുടങ്ങി. 'ബഹിരാകാശത്ത് ചാരപ്പുക' എന്ന ലേഖനം പരമ്പരയായി തുടരുകയായിരുന്നു. മാലി സ്വദേശികളായ യുവതികളുടെ 'വഴിവിട്ട ജീവിതം' ചാരവൃത്തിയില്‍ എത്തിയ കഥകള്‍, നാടന്‍ പ്രേമം ഒരു പഴയ കഥ, അങ്ങനെ പലപല കഥകള്‍ മാതൃഭൂമി 'നല്ല' രീതിയില്‍ തന്നെ നല്‍കി.

'ചാരവീഥിയിലൂടെ' എന്ന ഈ പരമ്പര ദേശാഭിമാനിയുടെതാണ്. 'ബുദ്ധന്റെ ചിരിയും മരിയത്തിന്റെ വരവും എന്ന ആദ്യ ലേഖനത്തില്‍ തന്നെ എഴുതിയിരിക്കുന്നത് 'രഹസ്യം വിലയ്ക്കു വാങ്ങാന്‍ വിദേശ കാമിനിമാര്‍ വരെ ഇറങ്ങി' എന്നും പറഞ്ഞാണ്. 'മറിയം റഷീദ; ഒരു ഫ്‌ളാഷ്ബാക്ക്..', എന്നൊക്കെയുള്ള ലേഖനം തകര്‍ത്ത് എഴുതിയതിന് ശേഷം 'രാജ്യദ്രോഹികള്‍ വിലസുകയോ?' എന്ന എഡിറ്റോറിയലും ദേശാഭിമാനി വകയായി ഉണ്ടായിരുന്നു.

ഈ പരമ്പരകള്‍ കൂടാതെ ഒട്ടേറെ ചെറുതും വലുതുമായ ഇക്കിളിപ്പെടുത്തുന്ന എന്നാല്‍ മാന്യമെന്ന് തോന്നുന്ന ലേഖനങ്ങളും ഈ പത്രങ്ങളില്‍ വന്നിരുന്നു അക്കാലത്ത്. ഇവയില്‍ പലതും തനിനിറം എന്ന സായഹ്ന പത്രത്തിലും മംഗളം ദിനപ്പത്രത്തിലും വന്ന വാര്‍ത്തകളുടെ മാന്യതയണിഞ്ഞ ഒരു മുഖം മാത്രമായിരുന്നു. ചാരക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രമുഖ പത്രങ്ങളുടെ ലേഖനങ്ങളുടെ കട്ടിംഗുകള്‍ കാണാം.

പത്രങ്ങള്‍ക്ക് പുറമേ കേരളത്തിലെ രാഷ്ട്രീയക്കാരും മോശായിരുന്നില്ല. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകാരനെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കോണ്‍ഗ്രസിലെ ആന്റണി-ഉമ്മന്‍ ചാണ്ടി നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് തന്നെയായിരുന്നു. പ്രതിപക്ഷമായ ഇടതു മുന്നണിയും ഒപ്പം ചേര്‍ന്നതോടെ കരുണാകരന് ഒടുവില്‍ മുഖ്യമന്ത്രി പദവിയില്‍ നിന്ന് രാജി വയ്ക്കേണ്ടി വന്നു. അക്കാലത്ത് നടന്ന നിയമസഭാ ചര്‍ച്ചകളുടെ വിശദാംശങ്ങളാണ് താഴെയുള്ള ലിങ്കുകളില്‍.

Also Read: “ശ്രീവാസ്തവയെ രക്ഷിക്കാൻ കരുണാകരനാണോ റാവുവിനാണോ കൂടുതൽ താൽപര്യം?” -പിണറായി അന്ന് ചോദിച്ചു

Also Read: ‘പെണ്ണും പണവും കണ്ടാൽ എല്ലാം മറക്കുന്ന ശ്രീവാസ്തവ’; കരുണാകരനെ പൂട്ടാൻ കൈമെയ് മറന്നിറങ്ങിയ എ ഗ്രൂപ്പ്; പിന്തുണയുമായി പ്രതിപക്ഷം

മലയാള മനോരമയുടെ പരമ്പരകള്‍

മാതൃഭൂമിയുടെ പരമ്പരകള്‍

ദേശാഭിമാനി

https://www.azhimukham.com/explainer-how-cia-controlled-the-right-wing-politics-on-a-isro-spy-case-in-kerala/

https://www.azhimukham.com/newsupdates-pinarayi-vijayan-attacked-raman-srivastava-then/

https://www.azhimukham.com/kerala-how-karunakaran-defended-raman-srivastava-on-isro-espionage-case-in-assembly/

https://www.azhimukham.com/trending-nambi-narayanan-reveals-about-the-media-trial-he-faced/

https://www.azhimukham.com/isro-spy-case-victim-scientist-nambi-narayanan-interview-by-saju-komban/

https://www.azhimukham.com/news-wrap-nambinarayanan-demands-fresh-investigation-in-isro-spy-case-sajukomban/


Next Story

Related Stories