TopTop
Begin typing your search above and press return to search.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നിലവില്‍ വന്നതെങ്ങനെ? ചരിത്രവസ്തുതകള്‍ ഇതാണ്

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 നിലവില്‍ വന്നതെങ്ങനെ? ചരിത്രവസ്തുതകള്‍ ഇതാണ്
ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി ഏറെ രാഷ്ട്രീയ-നിയമ സംവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 370ാം അനുച്ഛേദ പ്രകാരം പ്രതിരോധം, വിദേശയനം, വാര്‍ത്താവിനിമയം എന്നീ മൂന്നു മേഖലകളിലൊഴിച്ച് മറ്റൊരു മേഖലയിലും ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാകുന്ന നിയമം ജമ്മുകാശ്മീരിന് ബാധകമല്ല. മാത്രമല്ല സ്വന്തം ഭരണഘടനയും സ്വന്തം കൊടിയുമുള്ള ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുള്ള ഒരേ ഒരു സംസ്ഥാനവും ജമ്മു കാശ്മീരാണ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ അധികാര പരിധിയില്‍ ഈ സംസ്ഥാനത്തിനു മാത്രം ഇങ്ങനെ ഒരു പ്രത്യേക പദവി ലഭിച്ചതിന് കാരണം മനസിലാവണമെങ്കില്‍ ജമ്മു കാശ്മീരിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രം കൂടി മനസ്സിലാക്കണം.

1. 1846 ല്‍ ഈസ്റ്റിന്ത്യാ കമ്പനിയും ജമ്മുവിലെ രാജാവായിരുന്ന ഗുലാബ് സിംഗും തമ്മില്‍ ഉണ്ടാക്കിയ അമൃത്സര്‍ കരാര്‍ പ്രകാരം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് ഗുലാബ് സിംഗ് കാശ്മീര്‍ താഴ്വര 75 ലക്ഷം രൂപ വിലകൊടുത്തു വാങ്ങി. ഇതോടെ ജമ്മുവും ലഡാക്കും ഉള്‍പ്പെടെയുള്ള ആ രാജ്യത്തിന്റെ അതിര്‍ത്തി കാശ്മീരി ഭാഷ സംസാരിക്കുന്ന, സൂഫി പാരമ്പര്യം നിലനിര്‍ത്തുന്ന, മുസ്ലിം ഭൂരിപക്ഷമുള്ള, കാശ്മീര്‍ താഴ്വര കൂടി ഉള്‍പ്പെട്ടതായി. അങ്ങനെയാണ് ജമ്മു-കാശ്മീര്‍ ഉണ്ടാകുന്നത്.

2. 1931 ലാണ് ദോഗ്ര വംശജനായ ഹരിസിംഗ് എന്ന രാജാവിന്റെ അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരെ ആദ്യമായി കാശ്മീരിലെ മുസ്ലീങ്ങള്‍ ശബ്ദമുയര്‍ത്തിയത്. പക്ഷേ ആ ശബ്ദത്തിനെയും ഹരിസിംഗ് അടിച്ചമര്‍ത്തി.

3. 1932 -ല്‍ ഷേഖ് മുഹമ്മദ് അബ്ദുള്ള ആള്‍ ജമ്മു ആന്റ് കാശ്മീര്‍ മുസ്ലീം കോണ്‍ഫറന്‍സ് സ്ഥാപിച്ചു. ഹരിസിംഗിന്റെ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഈ സംഘടനയാണ് പിന്നീട് നാഷണല്‍ കോണ്‍ഫറന്‍സ് ആയി പുനര്‍നാമകരണം ചെയ്യപ്പെട്ടത്.

4. 1932 -ല്‍ രാജാവ് നിയോഗിച്ച Glancy Commission അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുസ്ലീംങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം കൊടുക്കണമെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് രാജാവ് അംഗീകരിച്ചു. പക്ഷെ, റിപ്പോര്‍ട്ട് നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധ സമരങ്ങള്‍ ഉണ്ടായി. 1934-ല്‍ നിയമസഭ ഉണ്ടാക്കിയെങ്കിലും രാജാവ് അതിന്റെ ശക്തി ചോര്‍ത്തിക്കളഞ്ഞു.

5. 1846 - ല്‍ ഈസ്റ്റിന്ത്യ കമ്പനിയും രാജാഗുലാംസിംഗും തമ്മില്‍ ഒപ്പിട്ട അമൃതസര്‍ കരാര്‍ റദ്ദുചെയ്യണമെന്നും രാജാഹരിസിംഗ് കാശ്മീര്‍ വിട്ടുപോകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള Quit Kashmir പ്രക്ഷോഭത്തിന് 1946 -ല്‍ നാഷണല്‍ കോണ്‍ഫറന്‍സ് ആഹ്വാനം നല്‍കി. ഇതിനെ തുടര്‍ന്ന് ഷേക്ക് അബ്ദുള്ള അറസ്റ്റിലായി.

6. 1947 ആഗസ്റ്റ് 15 ന് ഇന്ത്യയും പാകിസ്ഥാനും എന്ന രണ്ടു രാജ്യങ്ങള്‍ ഉണ്ടായി. നാട്ടുരാജ്യങ്ങള്‍ക്ക് ഇന്ത്യയോടൊപ്പമോ പാകിസ്ഥാനോടൊപ്പമോ ചേരാമെന്നായിരുന്നു വ്യവസ്ഥ. അന്ന് 552 നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്നു. ചിലത് പാകിസ്ഥാനോട് ചേര്‍ന്നു; ചിലത് ഇന്ത്യയോട് ചേര്‍ന്നു. എന്നാല്‍ രണ്ടുരാജ്യത്തോടും ചേരാതെ നിന്ന നാട്ടുരാജ്യങ്ങളും ഉണ്ടായിരുന്നു. ഹൈദരാബാദ്, തിരു-കൊച്ചി, ജമ്മു കാശ്മീര്‍, ജുനാഗദ് തുടങ്ങിയ ചില നാട്ടുരാജ്യങ്ങളാണ് ഇങ്ങനെ തീരുമാനമെടുത്തത്.

7. ജമ്മുകാശ്മീരിലെ ഭൂരിപക്ഷം ജനവിഭാഗം മുസ്ലീങ്ങളായിരുന്നു; രാജാവ് ഹിന്ദുവും. നേരെ വിപരീതമായിരുന്നു ഗുജറാത്തിലെ ജുനാഗദ്. ജനസംഖ്യയില്‍ ഭൂരിഭാഗവും ഹിന്ദുക്കള്‍; ഭരണാധികാരിയായിരുന്ന മുഹമ്മദ് മഹാഭട് ഖാന്‍ജി മൂന്നാമന്‍ ഒരു മുസ്ലീം. കഴിഞ്ഞ 200 ലേറെ വര്‍ഷങ്ങളായി ഖാന്‍ജിയുടെ കുടുംബമാണ് ജുനാഗദ് ഭരിച്ചുകൊണ്ടിരുന്നത്. 1947 സെപ്തംബര്‍ 15 ന് പാകിസ്ഥാനുമായി ചേരാനുള്ള Instrument of Accession (IoA) യില്‍ രാജാവ് ഒപ്പുവച്ചു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറായില്ല. കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്ന വല്ലഭായ് പട്ടേല്‍ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മാത്രമല്ല, രാജാവിന്റെ സമ്മതപത്രത്തിനു പകരം ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന (plebiscite) നടത്താനും ആവശ്യപ്പെട്ടു. പാകിസ്ഥാന്‍ ഇതു തള്ളിക്കളഞ്ഞു. സൈനികനീക്കത്തിലൂടെ ഇന്ത്യ ജുനാഗദിനെ ഇന്ത്യയുടെ ഭാഗമാക്കി. ഡിസംബര്‍ മാസത്തില്‍ ഹിതപരിശോധന നടത്തിയപ്പോള്‍ 99.95 ശതമാനം ജനങ്ങളും തങ്ങള്‍ക്ക് ഇന്ത്യയോടൊപ്പം നില്‍ക്കണമെന്ന് അഭിപ്രായപ്പെട്ടു.

8. ഇതിനു സമാനമായി ജമ്മു കാശ്മീരിലും ചില നീക്കങ്ങള്‍ നടന്നു. പാകിസ്ഥാനോടൊപ്പം ചേരണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ കാശ്മീര്‍ ജനതയ്ക്ക് നേരെ ഹരിസിംഗ് രാജാവ് നിറയൊഴിക്കാന്‍ ഉത്തരവിട്ടു. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ പൂഞ്ചില്‍ നിന്ന് ആയിരക്കണക്കിന് മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. അവരില്‍ ധാരാളം പേര്‍ ആയുധധാരികളായി തിരിച്ചുവന്നു; ഹിന്ദുക്കളെയും സിഖുകാരെയും കൊന്നു. ശേഷിച്ചവരില്‍ 60,000 ലേറെ പേര്‍ ജമ്മുവിലേക്കു ഓടിരക്ഷപ്പെട്ടു. ഹിന്ദുവിരുദ്ധപ്രക്ഷോഭം അയല്‍പ്രദേശങ്ങളായ മിര്‍പൂറിലേക്കും മുസാഫറബാദിലേക്കും പടര്‍ന്നു. ഒക്ടോബര്‍ 24 ന് പുഞ്ചിലെ പ്രക്ഷോഭകാരികള്‍ 'ആസാദ് കാശ്മീര്‍' എന്ന പേരില്‍ സ്വതന്ത്രരാജ്യം പ്രഖ്യാപിച്ചു.

10. ഇതിന് ഒരു മാസം മുമ്പുതന്നെ ജമ്മുവില്‍ ഹിന്ദുക്കളും സിഖുകാരും രാജഭരണത്തിന്റെ സഹായത്തോടെ തിരിച്ചടിയ്ക്കാന്‍ തുടങ്ങി. പതിനായിരക്കണക്കിന് മുസ്ലീംങ്ങള്‍ ജമ്മുവില്‍ നിന്ന് പലായനം ചെയ്തു. ജമ്മുവിലെ മുസ്ലീംങ്ങളെ കൂട്ടക്കൊല ചെയ്യുന്നു എന്ന് കാണിച്ച് 1947 ഒക്ടോബര്‍ 12-ാം തീയതി പാകിസ്ഥാന്‍ കാശ്മീര്‍ രാജാവിന് ടെലിഗ്രാം അയച്ചു. ആരോപണം കാശ്മീര്‍ ഭരണകൂടം നിഷേധിച്ചില്ല. പക്ഷെ, നടത്താമെന്ന് ഉറപ്പുകൊടുത്ത അന്വേഷണം നടത്തിയില്ല.

11. ഒക്ടോബര്‍ 22 ന് പുഞ്ചിലെ വിപ്ലവകാരികളുടെ സഹായത്തോടെ ആയുധധാരികളായ ആയിരക്കണക്കിന് പഠാന്‍ ഗോത്രവര്‍ക്കാര്‍ കാശ്മീരിനെ ആക്രമിച്ചു. ഇവര്‍ക്ക് പാകിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ലയിഖത്ത് അലിഖാന്റെ സര്‍വ്വവിധ സഹായങ്ങളും ഉണ്ടായിരുന്നു.

12. പഠാന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ആക്രമണത്തെ തടയാന്‍ ജമ്മു-കാശ്മീര്‍ രാജാവ് ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായം തേടി. എന്നാല്‍, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് ഇന്ത്യന്‍ പട്ടാളത്തെ അയയ്ക്കാന്‍ നിര്‍വ്വാഹമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഹരിസിംഗിനെ അറിയിച്ചു. ഇതിനെത്തുടര്‍ന്ന്, 1947 ഒക്ടോബര്‍ 26 ന്, 75 ശതമാനം മുസ്ലീം ജനതയുള്ള ജമ്മു -കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള Instrument of Accession (IOA) ഹരിസിംഗും ഇന്ത്യാ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ലോഡ് മൗണ്ട് ബാറ്റണും ഒപ്പുവച്ചു. (സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ആഭ്യന്തരപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തികുറവ് കാരണം ഇന്ത്യയുടെ അപേക്ഷ മാനിച്ച് മൗണ്ട് ബാറ്റണ്‍ വീണ്ടും ഗവര്‍ണര്‍ ജനറലായി ചാര്‍ജ്ജെടുത്തിരുന്നു എന്നതോര്‍ക്കണം.) IOA യോടൊപ്പമുള്ള ധവളപത്രത്തില്‍ വ്യക്തമാക്കിയ കാര്യങ്ങള്‍ ഇവയാണ്: ഇത് താല്‍ക്കാലിക ഏര്‍പ്പാടാണ്; ഇതനുസരിച്ച് പ്രതിരോധം, വാര്‍ത്താവിനിമയം, വിദേശം എന്നീ മേഖലകളില്‍ മാത്രമാണ് ഇന്ത്യയ്ക്ക് അധികാരം കൈമാറിയത്; കശ്മീര്‍ ഒരു തര്‍ക്ക പ്രദേശമാണ്. അവിടുത്തെ ജനങ്ങളുടെ ഇടയില്‍ ഹിതപരിശോധന നടത്തിയശേഷം മാത്രമേ തീരുമാനം അന്തിമമാകുകയുള്ളു.

13. 1947 ഒക്ടോബര്‍ 27 ന് ഇന്ത്യന്‍ പട്ടാളം ജമ്മു-കാശ്മീരില്‍ പ്രവേശിച്ചു. IOAയും ഇന്ത്യയുടെ പട്ടാള നടപടിയും പാകിസ്ഥാന്‍ അംഗീകരിച്ചില്ല. മാത്രമല്ല, പാകിസ്ഥാന്‍ പട്ടാളം കാശ്മീരിലെത്തുകയും ചെയ്തു. നവംബര്‍ മാസത്തില്‍ ഇന്ത്യ രണ്ടു നിര്‍ദ്ദേശങ്ങള്‍ വച്ചു: പാകിസ്ഥാന്‍ പട്ടാളത്തെ പൂര്‍ണ്ണമായും പിന്‍വലിക്കണം; ഇന്ത്യ ഹിത പരിശോധന നടത്താം. എന്നാല്‍, ഇന്ത്യന്‍ പട്ടാളത്തിന്റെ സാന്നിധ്യവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഷെയ്ഖ് അബ്ദുള്ളയുടെ പരസ്യമായ നെഹ്റു അനുകൂല നിലപാട് കാരണം കശ്മീര്‍ ജനതയ്ക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ വാദിച്ചു. സ്വന്തം പട്ടാളത്തെ പിന്‍വലിക്കാമെന്നും ഹിതപരിശോധന ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് നടത്തേണ്ടതെന്നും പാകിസ്ഥാന്‍ നിര്‍ദ്ദേശിച്ചു. ഇത് ഇന്ത്യ തള്ളി. ഇതിനെ തുടര്‍ന്ന് കശ്മീരില്‍ ആദ്യത്തെ ഇന്തോ - പാക് യുദ്ധം നടന്നു.

14. 1948 ജനുവരി ഒന്നാം തീയതി ഇന്ത്യ കാശ്മീര്‍ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ മുന്നിലെത്തിച്ചു. തുടര്‍ന്ന് പാകിസ്ഥാനും ഇതേ ആവശ്യവുമായി ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഭാഗങ്ങള്‍ വിശദമായി കേട്ടശേഷം 1948 ഏപ്രില്‍ 21-ാം തീയതി പ്രമേയം (നമ്പര്‍ 47) പാസാക്കി. ഇതിനെ തുടര്‍ന്ന്, പ്രശ്നം പഠിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍ അര്‍ജന്റീന, ബെല്‍ജിയം, കൊളംബിയ, ചെക്കോസ്ലോവാക്കിയ, അമേരിക്ക എന്നീ അഞ്ചുരാജ്യങ്ങളുടെ പ്രതിനിധികളെ നിയോഗിച്ചു. ഈ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആദ്യവിജയം കണ്ടെത്തിയത്. കമ്മീഷന്റെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടവ ഇവയാണ്: ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണോ കാശ്മീരിന്റെ ഭാഗമാണോ എന്നത് സ്വതന്ത്രമായി നടത്തുന്ന ഹിതപരിശോധന തീരുമാനിക്കും; ഇതിനു വേണ്ടി ഒരു Plebiscite Administratorനെ ഐക്യരാഷ്ട്രസഭ നാമനിര്‍ദ്ദേശം ചെയ്യും; അന്തിമതീരുമാനം ഹിതപരിശോധന അനുസരിച്ചായിരിക്കും; പലായനം ചെയ്ത മുഴുവന്‍ ജനതയെയും തിരിച്ചുകൊണ്ടുവന്ന് ഹിതപരിശോധനയില്‍ പങ്കെടുപ്പിക്കും; രണ്ടു രാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം.

15. 1949 ജനുവരി ഒന്നാം തീയതി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കാശ്മീരിന്റെ ഭൂരിഭാഗവും ജമ്മുവും ലഡാക്കും ഇന്ത്യയുടെ അധീനതയിലായി. ആസാദ് കാശ്മീര്‍ എന്ന പ്രദേശവും ചില വടക്കന്‍ പ്രവിശ്യകളും പാകിസ്ഥാന്റെ അധീനതയിലും. പാകിസ്ഥാന്റെ കൈവശം ഇരിക്കുന്ന ഭൂമിയെയാണ് ഇന്ത്യ പാക് അധീന കാശ്മീര്‍ (POK) എന്ന് പറയുന്നത്.

16. വെടിനിര്‍ത്തല്‍ നടപ്പിലാക്കി. പക്ഷെ, രണ്ടു രാജ്യങ്ങളും അവരവരുടെ കൈയ്യിലെ ഭൂപ്രദേശം സ്വന്തമായി കണക്കാക്കി. പാകിസ്ഥാന്‍ പട്ടാളത്തെ പിന്‍വലിച്ചില്ല. ഇന്ത്യയാകട്ടെ ഹിതപരിശോധന നടത്താന്‍ യാതൊരു നീക്കവും നടത്തിയില്ല.

17. 1949 മേയ് മാസത്തില്‍ ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച് ഇന്ത്യയുടെ ഭാഗമായി പൂര്‍ണ്ണമായും ചേര്‍ന്നു. ഇക്കാര്യത്തില്‍ ജമ്മു - കാശ്മീര്‍ വ്യത്യസ്തമായ നിലപാടാണ് എടുത്തത്. IOA ( Instrument of Accession) യില്‍ പറഞ്ഞിരിക്കുന്ന മൂന്നുകാര്യങ്ങള്‍ - പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം - എന്നിവയുടെ കാര്യത്തില്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടന അംഗീകരിയ്ക്കുന്നുള്ളു എന്ന് അവര്‍ വ്യക്തമാക്കി. പുതിയതായി എന്തു നിയമം ബാധകമാക്കണമെങ്കിലും അതും ജമ്മുകാശ്മീര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ മാത്രമേ ആകാവൂ. അങ്ങനെയാണ് ജമ്മു-കാശ്മീരിന് പ്രത്യേക അവകാശം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം അനുച്ഛേദം ഉള്‍പ്പെടുത്തിയത്. ഈ അനുച്ഛേദം യാതൊരു കാരണവശാലും മാറ്റാന്‍ നിയമം അനുവദിയ്ക്കില്ല എന്നാണ് ഇന്ത്യന്‍ സുപ്രീംകോടതിയും ജമ്മുകാശ്മീര്‍ ഹൈക്കോടതിയും പലവട്ടം ആവര്‍ത്തിച്ചിട്ടുള്ളത്.

Next Story

Related Stories