TopTop

മോദി നരേന്ദ്ര യൂണിവേഴ്സിറ്റി (MNU): വ്യാജ ചരിത്രനിര്‍മ്മിതി എന്ന കൊടിയ അനീതി

മോദി നരേന്ദ്ര യൂണിവേഴ്സിറ്റി (MNU): വ്യാജ ചരിത്രനിര്‍മ്മിതി എന്ന കൊടിയ അനീതി
ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്നാണ്. അങ്ങനെയുള്ളവരെ ചരിത്ര പുരുഷൻ എന്നോ യുഗ പുരുഷൻ എന്നൊക്കെ വിളിക്കാം. ഇതാ ഇന്ത്യ മഹാരാജ്യത്ത് ചരിത്രത്തെ മാറ്റിമറിക്കാൻ പോന്ന ഒരു യുഗപുരുഷൻ ഉദയം ചെയ്തിരിക്കുന്നു. അത് മറ്റാരുമല്ല ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര ദാമോദർ ദാസ് മോദി തന്നെ. ഒരു കാലത്ത്‌ 'ഇന്ത്യ എന്നാൽ ഇന്ദിര, ഇന്ദിര എന്നാൽ ഇന്ത്യ' എന്ന് ഒരു മുദ്രാവാക്യം ഉയർന്നിരുന്നു. രാജ്യമെമ്പാടും കുറച്ചുകാലം ആ മുദ്രാവാക്യം അലയടിച്ചു. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ആ മുദ്രാവാക്യം കൂടുതൽ ഉച്ചത്തിൽ മുഴങ്ങി രാജ്യത്തെ പ്രകമ്പനം കൊള്ളിച്ചു. ഇന്നിപ്പോൾ ആ പഴയ മുദ്രാവാക്യം മാറ്റി എഴുതപ്പെട്ടിരിക്കുന്നു. 'ഇന്ത്യ എന്നാൽ നരേന്ദ്ര മോദിജി, നരേന്ദ്ര മോദിജി എന്നാൽ ഇന്ത്യ' എന്നതാണ് പുതിയ മുദ്രാവാക്യം. കാലം മാറുമ്പോൾ പുതിയ യുഗപുരുഷന്മാർ വരും, അപ്പോൾ മുദ്രാവാക്യവും മാറും എന്ന് കരുതിയാൽ മതി.

യുഗപുരുഷന്‍മാര്‍ക്ക് അനുയായി വൃന്ദം മാത്രമല്ല ആരാധക വൃന്ദം കൂടി ഉണ്ടാവുക എന്നത് തികച്ചും സ്വാഭാവികം. സത്യത്തിൽ രണ്ടും ഒന്ന് തന്നെയാണ്. ഒരു സൗകര്യത്തിനു രണ്ടിനെയും രണ്ടായി വേർതിരിച്ചു കാണുന്നതാണ്. അതെന്തുമാവട്ടെ ഇവിടുത്തെ വിഷയം അതിരുകവിഞ്ഞ ആരാധനയും അതിൽ നിന്നും ഉയർന്നിട്ടുള്ള പുതിയ മുദ്രാവാക്യവുമാണ്. ആരാധന വെറും മുദ്രാവാക്യത്തിൽ മാത്രം ഒതുങ്ങിയാൽ പോരെന്നു തോന്നിയതിനാലാവണം ഹാൻസ് രാജ് ഹാൻസ് എന്ന എം പി, ജവഹർലാൽ നെഹ്‌റു സർവകലാശാലക്ക് (J N U) നരേന്ദ്ര മോദിയുടെ പേര് നൽകണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുന്നത്. ഡൽഹി നോർത്ത് വെസ്റ്റിൽ നിന്നുള്ള ബി ജെ പി എം പി യാണ് പഞ്ചാബി കവി കൂടിയായ ഹാൻസ് രാജ് ഹാൻസ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും സ്വന്തന്ത്ര്യ സമര നേതാക്കളിൽ ഒരാളുമായിരുന്ന നെഹ്‌റുവിന്റെ സ്മരണാർത്ഥം 1969ൽ സ്ഥാപിതമായ ജെ എൻ യു വിനെ മോദി നരേന്ദ്ര യൂണിവേഴ്സിറ്റി (?) (M N U) എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് ഹാൻസ് രാജ് ഹാൻസിന്റെ ഡിമാൻഡ്.

ഇന്ത്യയിൽ ഏറ്റവും അധികം പ്രയോഗത്തിലുള്ള പേരുകളിൽ ഒന്നാണ് ജവാഹർലാൽ നെഹ്‌റുവിന്റേത്. അദ്ദേഹത്തിന്റെ പുത്രിയായിരുന്ന ഇന്ദിര ഗാന്ധിയും അവരുടെ പുത്രൻ രാജീവ് ഗാന്ധിയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ (വിമാനത്താവള ടെർമിനലുകൾ അടക്കം) സ്കീമുകൾ, പദ്ധതികൾ എന്നീ വിഭാഗങ്ങളിലായി ഏതാണ്ട് 450ലേറെ വരും ഇവരുടെ പേരിൽ നാമകരണം ചെയ്യപ്പെട്ടവ. എന്തിനേറെ നമ്മുടെ നവോദയ വിദ്യാലയങ്ങളുടെ പേര് തന്നെ ജവഹർ നവോദയ വിദ്യാലയ എന്നാണ്. ഒരു രാജ്യത്തിന് ഓരോ വ്യക്തിയും നൽകിയ മഹത്തായ സംഭാവനകളുടെ പേരിൽ കൂടിയാണ് സ്ഥാപനങ്ങൾക്കും, പദ്ധതികൾക്കും, കെട്ടിടങ്ങൾക്കും ഒക്കെ അവരുടെ പേര് നൽകുന്നത്. കായിക പ്രതിഭ പി ടി ഉഷയുടെയും, നാടക, ചലച്ചിത്ര പ്രതിഭയായിരുന്ന പി ജെ ആന്റണിയുടെയും ജ്ഞാന പീഠം ജേതാവ് എസ് കെ പൊറ്റക്കാടിന്റെയുമൊക്കെ പേരിൽ നമ്മുടെ നാട്ടിൽ റോഡുകൾ പോലുമുണ്ട്. ഒരിക്കൽ ഒരാളുടെ പേര് നൽകിയ ഒരു സ്ഥാപനത്തിന്റെയോ അല്ലെങ്കിൽ മറ്റെന്തിന്റെയെങ്കിലുമോ പേര് പെട്ടെന്നൊരു ദിവസം മായ്ച്ചുകളഞ്ഞു അവിടെ പുതിയ ഒരാളുടെ പേര് എഴുതിച്ചേർക്കുന്നത് ആ വ്യക്തികളോട് ചെയ്യുന്ന അപരാധം മാത്രമല്ല, ചരിത്രത്തോട് തന്നെ കാണിക്കുന്ന അനീതിയായിരിക്കും.

എന്നാൽ നെഹ്റുവിന്റെ പേര് മാറ്റി ജെ എൻ യുവിന് നരേന്ദ്ര മോദിയുടെ പേര് നൽകുന്നതിന് ഹാൻസ് രാജിന് അയാളുടേതായ ഒരു ന്യായമുണ്ടെന്നു തോന്നുന്നു. നെഹ്‌റുവിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് 'പൂർവീകർ ചെയ്ത തെറ്റുകളുടെ ഫലമാണിപ്പോൾ അനുഭവിക്കുന്നതെന്ന' അയാളുടെ വാക്കുകളിൽ അത് ഒളിച്ചിച്ചിരിക്കുന്നുണ്ട്. എഴുപതു വര്‍ഷം ശ്രമിച്ചിട്ട് നടക്കാത്ത കാര്യമാണ് മോദി സർക്കാർ വെറും എഴുപതു ദിവസം കൊണ്ട് നടപ്പിലാക്കിയതെന്ന് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും അതിനെ രണ്ടായി വിഭജിക്കുകയും ചെയ്ത നടപടിയെ ന്യായീകരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ പ്രസ്താവനയെ ഹാൻസ് രാജിന്റെ പ്രസ്താവനയോട് ചേർത്തുവെച്ചാൽ ഇക്കാര്യം വ്യക്തമാകും. കാശ്മീരിലെ മുഴുവൻ പ്രശ്നളുടെയും അതുവഴി അതിർത്തികടന്നുവരുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെയും മുഴുവൻ ഉത്തരവാദി ജവഹർലാൽ നെഹ്‌റു ആയിരുന്നുവെന്നും അതുകൊണ്ടു തന്നെ അദ്ദേഹം ദേശ വിരുദ്ധനായിരുന്നുവെന്നും വരുത്തിത്തീർക്കാനുള്ള ഒരു ശ്രമം ഇപ്പോൾ ശക്തമാണ്. ഹാൻസ് രാജ് നിർദ്ദേശിക്കുന്ന ഈ പേരുമാറ്റത്തിന് പിന്നിലെ ചേതോവികാരവും ഒരു പക്ഷെ ഇത് തന്നെയായിക്കൂടായ്കയില്ല.

ഇനിയിപ്പോൾ അങ്ങനെയൊന്നും ഹാൻസ് രാജ് ഉദ്ദേശിച്ചിട്ടില്ലെന്നു തന്നെ വെക്കുക. എന്നാൽ കുറച്ചു വര്‍ഷങ്ങളായി ജീവിതത്തിന്റെ സമസ്ത മേഖലയിലും നടന്നുവരുന്ന കാവിവൽക്കരണം നൽകുന്ന സൂചന ഒട്ടും ശുഭകരമായ ഒന്നല്ല. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ആരംഭിക്കുകയും വളരെ വേഗത്തിൽ ശക്തി പ്രാപിക്കുകയും ചെയ്ത ഈ പ്രക്രിയ രണ്ടാം മോദി സർക്കാരിന്റെ കാലത്ത് കൂടുതൽ കരുത്തും വേഗവും ആർജിച്ചിരിക്കുന്നു. ചരിത്ര പുരുഷന്മാർ പിറക്കുകയോ പിറക്കാതിരിക്കുകയോ ചെയ്യട്ടെ. എന്ന് കരുതി ചരിത സത്യങ്ങളെ കുഴിച്ചുമൂടി വ്യാജമായ ഒരു ചരിത്ര നിർമ്മിതി നടത്തുന്നത് ചരിത്രത്തോട് തന്നെ ചെയ്യുന്ന കൊടിയ അനീതിയാണ്. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധം ഉയരുക തന്നെവേണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories