TopTop

ഒരു ദ്വീപില്‍ ഒറ്റയ്ക്കൊരാള്‍; കടമക്കുടിയിലെ ജോസഫ് ചൊവരോ നമുക്ക് മനസിലാവാത്ത ജീവിതം പറയുന്നു

ഒരു ദ്വീപില്‍ ഒറ്റയ്ക്കൊരാള്‍; കടമക്കുടിയിലെ ജോസഫ് ചൊവരോ നമുക്ക് മനസിലാവാത്ത ജീവിതം പറയുന്നു
ഏയ്... ജോസഫേട്ടോ... പൂയ്... ജോസഫേട്ടോ' കടമക്കുടിയിലെ മീനുകളെ ചൂണ്ടയിടാന്‍ വന്ന സാംകുട്ടി ഒരു വിളി നീട്ടിയെറിഞ്ഞു. അക്കരെ കാണുന്ന ദ്വീപിലേക്കായിരുന്നു ആ വിളി നീണ്ടത്. കായലിനേയും നിലയ്ക്കാത്ത ഓളങ്ങളേയും മറികടന്ന് ആ വിളി അക്കരെയെത്തി. മറുപടിയുണ്ടായില്ല. തവിട്ട് നിറത്തിലുള്ള ഒരു നായ് പാഞ്ഞ് വന്ന് കായലിനേയും ദ്വീപിനേയും വേര്‍തിരിക്കുന്ന കരിങ്കല്‍ കെട്ടില്‍ വന്ന് മറുകരയിലേക്ക് നോക്കിയതിന് ശേഷം കെട്ടിലും സമീപത്തുള്ള വരമ്പുകളിലുമായി ചുറ്റിത്തിരിഞ്ഞു.
"പുള്ളിയില്ല. അതാണ് അവള് വന്ന് നോക്കുന്നത്. ചെമ്മീന്‍ കെട്ടില്‍ പോയിക്കാണും. എപ്പ വരും എന്നും പറയാന്‍ പറ്റില്ല. കാത്തിരിക്കണം",
എന്നു പറഞ്ഞിട്ട് സാംകുട്ടി വീണ്ടും ചൂണ്ടയില്‍ കൊത്തുന്ന കരിമീന്‍ പള്ളത്തികളിലേക്ക് ശ്രദ്ധ തിരിച്ചു.

ഉച്ച വെയിലില്‍ കടമക്കുടി പൊള്ളിപ്പഴുത്തിരിക്കുകയാണ്. കായല്‍ കാറ്റാണ് ആകെ ആശ്വാസം. കടമക്കുടി ജെട്ടിയോട് ചേര്‍ന്നുള്ള കരിങ്കല്‍ കെട്ടില്‍ കാത്തിരിപ്പ് ആരംഭിച്ചു. ഒന്ന്, രണ്ട്, മൂന്ന്.. മണിക്കൂറുകള്‍ ഓടിക്കൊണ്ടേയിരിക്കുന്നു. ജോസഫേട്ടന്‍ വന്നില്ല. ജെട്ടിയില്‍ ബോട്ട് കാത്ത് നിന്ന ജോണി വന്ന് കാര്യം തിരക്കി. ജോസഫേട്ടനെ കാണാനാണെന്ന് പറഞ്ഞപ്പോള്‍ ജോണിക്ക് ഉത്സാഹമായി. പക്ഷെ ചെമ്മീന്‍ കെട്ടില്‍ പോയ ജോസഫേട്ടന്‍ എപ്പോള്‍ മടങ്ങി വരും എന്ന് അയാള്‍ക്കും അറിയില്ല. "
ഇനി ഇന്ന് അവിടെങ്ങാനും കിടക്കുവോന്നും അറിഞ്ഞൂട. വന്നിട്ടിപ്പോ എന്ത് കാര്യം. ഇന്ന് അവിടെ കിടക്കാനാണ് തോന്നുന്നതെങ്കില്‍ അവിടയങ്ങോട്ട് കിടക്കും. അയാക്കട കയ്യില്‍ ഒരു ഫോണുണ്ടായിരുന്നു. പക്ഷെ അത് കഴിഞ്ഞിടക്കങ്ങാണ്ട് വെള്ളത്തീ പോയേക്കണേന്ന് പറയണത് കേട്ടു. പുള്ളി അത് നന്നാക്കിയൊന്നും കാണില്ല. അയാള്‍ക്ക് ഫോണെന്തിനാ? ഇരിക്ക്. ചെലപ്പം വരും"
വീണ്ടും കാത്തിരിപ്പ്.

കടമക്കുടി ജെട്ടിയില്‍ നിന്ന് നോക്കിയാല്‍ മറുകരെ മുറിക്കല്‍ ദ്വീപ് കാണാം. കായലിന് നടുവില്‍ പച്ചപ്പിന്റെ കൂട്ടം. പൂര്‍ണമായും പൊളിഞ്ഞ്, ചുമരുകള്‍ മാത്രം അവശേഷിക്കുന്ന ഒരു വീട്, അതിനടുത്ത് തന്നെയായി പഴയ മാതൃകയില്‍ ഓടിട്ട സാമാന്യം വലുപ്പമുള്ള മറ്റൊരു വീട്. അവിടെയൊന്നും ആള്‍ത്താമസമില്ല. അല്‍പ്പം മാറി നിന്ന് നോക്കിയാല്‍ പച്ചത്തഴപ്പുകള്‍ക്കിടയില്‍ ഒരു നീല ടര്‍പ്പോളിന്‍ ഷീറ്റ്. അവിടെയാണ് ജോസഫ് താമസിക്കുന്നതെന്ന് ജോണി വിരല്‍ചൂണ്ടി. കടമക്കുടി ജെട്ടിയ്ക്ക് സമീപത്ത് കുറേയധികം കൊതുമ്പുവള്ളങ്ങള്‍ കയറില്‍ കുരുക്കിയിട്ടിട്ടുണ്ട്. ഇവയിലേതെങ്കിലും കിട്ടിയാല്‍ ജോസഫ് വരുന്നതിന് മുന്നെ ദ്വീപില്‍ എത്താം എന്ന വ്യാമോഹമുണ്ടായി. മണിക്കൂറുകള്‍ നീണ്ട ഞങ്ങളുടെ കാത്തിരിപ്പില്‍ വിഷമം തോന്നിയവര്‍ പോലും മുറിക്കലിലേക്ക് വള്ളമിറക്കാന്‍ തയ്യാറായില്ല.
"ആരും വരിയേല. ജോസഫേട്ടനില്ലാത്തപ്പോള്‍ ഒരു ഇലയനക്കം അവിടെയുണ്ടായാല്‍ അയാക്കടെ പട്ടികള്‍ കടിച്ച് കീറിക്കളയും. ആ പ്രദേശത്തേക്കൊന്നും ചെല്ലാനൊക്കുകേല."
പുറമെ നിന്ന് നോക്കിയാല്‍ ഒരു മനുഷ്യനെ അവിടെ തളച്ചിടാന്‍ പറ്റിയത്ര പ്രത്യേകമായ ഒന്നും മുറിക്കല്‍ ദ്വീപില്‍ കണ്ടില്ല. വെള്ളക്കെട്ടുകളില്‍ നിന്നും ദ്വീപുകളില്‍ നിന്നും മനുഷ്യര്‍ ജീവിതം തിരക്കി ഓടിപ്പോവുമ്പോള്‍ പിന്നെ എന്തിനായിരിക്കും ജോസഫ് മാത്രം അവിടെ താമസിക്കാന്‍ ഉറച്ചത്? 13 വര്‍ഷങ്ങള്‍ ഒറ്റയ്ക്ക് ഒരു ദ്വീപില്‍ എങ്ങനെ ആ മനുഷ്യന്‍ ജീവിച്ചിട്ടുണ്ടാവും? ഒറ്റയ്ക്കാവുക എന്നത് തന്നെ മനുഷ്യനെ കൊല്ലുന്ന അവസ്ഥയായിരിക്കെ രണ്ടര ഏക്കര്‍ വരുന്ന ആ ദ്വീപില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ ഒരു മനുഷ്യന്‍ തീരുമാനിച്ചതെങ്ങനെയാവും? ചോദ്യങ്ങള്‍ പലകുറി മനസ്സിലിട്ട് ചോദിച്ചുകൊണ്ട് പിന്നെയും മിനിറ്റുകള്‍ തള്ളിനീക്കുന്നതിനിടെ ഒരു മോട്ടര്‍ ശബ്ദം ദൂരെ നിന്ന് കേട്ടു. ആ ശബ്ദത്തിന് മുന്നില്‍ ഒരു തോണിയും അതിന്റെ പിന്നറ്റത്ത് ഒരാളും... ചിത്രം കൂടുതല്‍ കൂടുതല്‍ തെളിഞ്ഞ് വന്നു. അത് ജോസഫ് ആയിരിക്കുമോയെന്ന സംശത്തില്‍ എഴുന്നേറ്റപ്പോഴേക്കും
"ദേ ജോസഫേട്ടന്‍ വന്നു.. അതാണ് ആള്... ഇങ്ങോട്ടേക്ക് തന്നെ വിളിച്ചോ...'
എന്ന് ജോണിയും സാംകുട്ടിയും ഒന്നിച്ച് പറഞ്ഞു. 'ജോസഫേട്ടോയ്... ഇങ്ങോട്ട് പോരെ.'

വള്ളം നേരെ ജെട്ടിക്ക് അരികിലായി കൊണ്ടുവന്നു നിര്‍ത്തി. 64 വയസ്സ് പറയാത്ത ആരോഗ്യമുള്ള കരുത്തുറ്റ ശരീരം. മുഖത്ത് എപ്പോഴും ചിരി. പരിചയപ്പെടും മുമ്പ് തന്നെ 'അങ്ങോട്ടേക്കല്ലേ' എന്ന് കണ്ണുകള്‍ കൊണ്ട് ചോദിച്ച് തോണി ഞങ്ങള്‍ക്ക് കയറാനായി കരയ്ക്കടുപ്പിച്ചു. "നല്ല് ഒഴുക്കും ആഴവുമുണ്ട്. പക്ഷെ ധൈര്യമായിട്ടിരുന്നോ"
എന്ന് പറഞ്ഞ് തുറന്ന ഒരു ചിരികൂടി തന്ന് തോണിയില്‍ പിടിപ്പിച്ചിരിക്കുന്ന മോട്ടര്‍ സ്റ്റാര്‍ട്ടാക്കി. അങ്ങനെ ജോസഫേട്ടന്‍ ഒറ്റയാനായി വാഴുന്ന മുറിക്കല്‍ ദ്വീപിലേക്ക് ഞങ്ങളും പ്രവേശിച്ചു. "ഇതെല്ലാം നമ്മുടെ തന്നെ. പക്ഷെ നമുക്ക് ഞാന്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോവാം. സൊഖവും സമാധാനവും എന്താണെന്ന് നിങ്ങ നേരില് അനുഭവിക്കാന്‍ പോകേണ്." കരിങ്കല്‍ കെട്ടിലേക്ക് ചാടിക്കയറി തോണി കുരുക്കിയിടുന്നതിനിടയില്‍ ജോസഫേട്ടന്‍ പറഞ്ഞു. ഞങ്ങളാരെന്നോ എന്തെന്നോ അന്വേഷിച്ചില്ല. തന്നെക്കാണാന്‍ വന്നതാണ് എന്ന് മാത്രം അറിയാം ജോസഫേട്ടന്. വരവിന്റെ ഉദ്ദേശം മനസ്സിലായപ്പോള്‍, "
ആ കൊള്ളാം, ഇങ്ങാട്ട് പോരേ, വളരെ കളര്‍ഫുള്‍ ആണ്. ലൈറ്റ് കാര്യായിട്ടൊന്നും ഉണ്ടാവ്യേല",
ഞങ്ങളും ജോസഫേട്ടന് പിന്നാലെ ചെന്നു. വള്ളിപ്പടര്‍പ്പുകളും പുല്ലുകളും വന്‍മരങ്ങളും വേറിട്ടൊരു അസ്തിത്വമില്ലാതെ ഒന്നിനൊന്നു ചേര്‍ന്ന് കിടക്കുന്നു. ചുട്ടുപഴുത്ത ഒരു കായല്‍ക്കരയില്‍ നിന്ന് എയര്‍കണ്ടീഷന്‍ ഫിറ്റ് ചെയ്ത മറ്റൊരു കായല്‍ക്കരയില്‍ എത്തിപ്പെട്ടത് പോലെ. കായലിനോടുള്ള അതിര് തിരിച്ച് കണ്ടലുകള്‍. ആളനക്കമില്ലാത്ത ദ്വീപില്‍ അടക്കി വാഴുന്നത് കിളികളാണ്. പഴമരങ്ങളിലെ പഴങ്ങളെല്ലാം ഒന്നെന്നില്ലാതെ തിന്നും കൊത്തിയെടുത്ത് പറന്നും അവ ആഘോഷിക്കുന്നു. വലിയ രണ്ട് കുളങ്ങള്‍. ഇതെല്ലാം കണ്ട് ജോസഫേട്ടനെ പിന്തുടരുമ്പോള്‍ ഒരുവേള അദ്ദേഹം നടത്തത്തിന് ആക്കം കൂട്ടി. പോയവേഗത്തില്‍ തിരിച്ച് വന്നു. ജോസഫിന് പുറകെ വരിവരിയായി നാല് പേര്‍ ഹാജരായി. നാല് നായ്ക്കള്‍. ഞങ്ങളെയും നായ്ക്കളേയും പരസ്പരം പരിചയപ്പെടുത്തുകയായിരുന്നു ജോസഫേട്ടന്റെ വേഗനടത്തത്തിന് പിന്നിലെ ലക്ഷ്യം. ജോസഫേട്ടന്‍ പരിചയപ്പെടുത്താത്തവര്‍ക്ക് മേല്‍ അവരുടെ പല്ലും നഖവും വീഴുമെന്നുറപ്പാണ്. ജോസഫേട്ടന്‍ അവരോട് ഒന്നും ആജ്ഞാപിച്ചില്ല, പറഞ്ഞില്ല. സൈലന്റ് കമ്മ്യൂണിക്കേഷന്‍. ഒരു നിമിഷം നോക്കി നിന്ന്, അവര്‍ വാലാട്ടി കാല് നക്കി ഞങ്ങളെയും ലോഹ്യക്കാരാക്കി. അത് ആ ദ്വീപിലേക്കുള്ള 'ഔദ്യോഗിക' സ്വാഗതമാണ്.
"എന്റെ പട്ടികള്‍ എന്നും പറഞ്ഞ് ഞാന്‍ സ്വന്തോക്കിയിട്ടില്ല. അതുകൊണ്ട് പേരും ഇട്ടിട്ടില്ല. ഇവരാണ് ഇവിടത്തെ ആള്‍ക്കാര്. ഈ ദ്വീപിന്റെ കാവലും. ഒരാളേം ഇങ്ങാട്ട് അടുപ്പിക്കേല. ഞാന്‍ കൊണ്ട് വരണം, എന്നാ അവരും സ്വീകരിക്കും. ദേ, ഇവളാണ് ആദ്യം ഇവിടെ വന്നത്. ആരാണ്ടും ഉപേക്ഷിച്ച് കൊണ്ടെ ഇട്ടതാണ്. പിന്നെ ഇതുങ്ങളെല്ലാം വന്ന്."


ഒറ്റമുറിക്കൂര. "വപ്പും കുടിയും കിടപ്പുമെല്ലാം ഇതില്‍ തന്നെ. എനിക്ക് മാത്രം ജീവിക്കാന്‍ ഒരു ഭൂപ്രദേശം തന്നെയുള്ളപ്പോള്‍ ഷെഡ്ഡ് മാറ്റി വീടുണ്ടാക്കണ്ട കാര്യമൊന്നും ഇല്ലല്ലോ? ഞാനൊരാളുണ്ട്. എനിക്ക് കിടക്കാന്‍ ഇത് തന്നെ ധാരാളം. കിടപ്പ് മിക്കപ്പോഴും ഈ ബഞ്ചിലാണ്. വാ നമുക്ക് അവിടെയിരുന്ന് സംസാരിക്കാം. നല്ല കാറ്റും കിട്ടും."
ഷെഡ്ഡില്‍ നിന്ന് അല്‍പ്പം മാറി കായലിനോട് ചേര്‍ന്ന് കിടക്കുന്ന മരപ്പലക ബഞ്ച് ചൂണ്ടിക്കൊണ്ട് ജോസഫ് പറഞ്ഞു. സംസാരപ്രിയനായ ജോസഫിന് സംസാരിക്കാന്‍ ആളെക്കിട്ടിയ ആവേശമായിരുന്നു. തന്റെ ജീവിതം അയാള്‍ പറഞ്ഞ് തുടങ്ങി

എന്റെ ദ്വീപ്, ജീവിതം

ഞാന്‍ ജനിച്ചതിവിടാ. ജനിച്ചതും വളര്‍ന്നതും ഇവിടെ. അപ്പനപ്പൂന്‍മാരായിട്ട് ഇവിടാ. അന്ന് ഈ പുഴ ഇത്രം വലുതല്ല. അപ്പന് അക്കരെ ഒരു ചായക്കടയുണ്ടായിരുന്നു. പറഞ്ഞ് കേട്ടിടത്തോളം ആ സമയത്ത് ഇവിട ഒരു പത്തടി നീളത്തിലുള്ള തോട്, ഒരു തെങ്ങ് പൊളിച്ചതിട്ടിട്ടാണ് അങ്ങട്ടും ഇങ്ങട്ടും പാസ് ചെയ്തിരുന്നത്. 69-ലേയും 99-ലേയും ഒക്കെ വെള്ളപ്പൊക്കം വന്ന് കുത്തിയൊലിച്ച് പോയി. അന്ന് ഈ കല്‍ക്കെട്ടൊന്നും ഉണ്ടായിരുന്നില്ല. കുത്തിയൊലിച്ച് പോയി പുഴ വലുതായി. ഞങ്ങളുടെ ഒരു വീട് അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്. അതിന് ശേഷം പുഴ മാറുന്നുതിനനുസരിച്ചിട്ട് ഇങ്ങനെ മാറി മാറി പെരവച്ച്. ഇവിടുന്ന് 25 മീറ്ററോളം എന്റെ ഓര്‍മ്മയില്‍ പോയിട്ടുണ്ട്. അപ്പോ കാര്‍ന്നവന്‍മാര് പറയുന്നതും ശരിയായിരിക്കും. ഈ പ്രളയത്തില്‍ തന്നെ കരിങ്കല്ല് കെട്ട് ഉണ്ടായിട്ടും അതൊക്കെ ഇടിഞ്ഞ് പൊളിഞ്ഞ് പോയി.


ഈ ദ്വീപില് രണ്ട് വീടാണുണ്ടായിരുന്നത്. ഒന്ന് ഞങ്ങടെതും പിന്നെ ഈ കരേടെ അങ്ങേയറ്റാത്തായിട്ട് ഹിന്ദുക്കളുടെ വീടും ഉണ്ടായിരുന്നു. ഇപ്പോള്‍ ഇവിടെയുള്ള മൂന്ന് വീട് കാണുന്നത് എന്റെ, ചേട്ടന്റെ, അനിയന്റെയാണ്. തറവാട് അനിയന്റെയാണ്. അവരാരും ഇല്ല. എല്ലാവരും പോയി. എന്റെ കുട്ടിക്കാലം എന്ന് പറഞ്ഞാല്‍, ആ കുട്ടിക്കാലത്തേക്ക് തിരിച്ച് പോവാന്‍ ഞാന്‍ ആഗ്രഹിക്കണേണ്. ഞങ്ങള്‍ രണ്ട് വീട്ടുകാര്‍ തമ്മില്‍ ഒരു വേര്‍തിരിവുണ്ടായിരുന്നില്ല. ഒരാവശ്യം വരുമ്പ എല്ലാവരും ഒറ്റ. അവട ആവശ്യം വരുമ്പ ഞങ്ങള്‍ അവിടെപ്പോയി സഹകരിക്കും. ഞങ്ങള്‍ക്ക് ആവശ്യം വരുമ്പ അവര് ഇവിടെ വന്ന് സഹകരിക്കും. ഒരു വീട് പോലെയായിരുന്നു. വിശേഷ ദിവസങ്ങളില്‍, എന്തെങ്കിലും പ്രത്യേക ഭക്ഷണം ഉണ്ടാക്കുമ്പോള്‍ ചെറിയ പിള്ളേരെ ഇവിടെ വിളിച്ചിരുത്തി ഭക്ഷണം കൊടുക്കും. കാര്‍ന്നവന്‍മാര്‍ക്ക് പാഴ്‌സല്‍ ചെയ്ത് കൊടുക്കും. അത് പോലെ തന്നെ അവരും. പിള്ളേര്‍ക്കൊക്കെ ജോലിയായിക്കഴിഞ്ഞപ്പോള്‍ ജോലിക്ക് പോവാനുള്ള ബുദ്ധിമുട്ടില്‍ അവര് പോയി. ഞങ്ങളുടെ കുടുംബവും അങ്ങനെയൊക്കെ തന്നെ. ചേട്ടനും അനിയനും ഭാര്യയ്ക്കും മക്കള്‍ക്കുമെല്ലാം ജോലിയായിക്കഴിഞ്ഞപ്പ അവരും പോയി. അരെല്ലാം പോയ്ക്കഴിഞ്ഞിട്ടാണ് ഇവിടെ വെള്ളം കിട്ടിയത്. വെള്ളം കിട്ടിക്കഴിഞ്ഞപ്പോള്‍ ആളില്ല ഇവിടെ. വെള്ളം കിട്ടിയതുകൊണ്ട് അവര്‍ക്കെല്ലാം വേണമെങ്കില്‍ തിരിച്ച് വരാം. വരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷെ വഞ്ചി എന്ന് പറയുന്നത് നമുക്ക് ജീവിതത്തിലൊരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.
അപ്പനും അമ്മയുമെല്ലാം മരിച്ചത് ഇവിടെയാണ്. അപ്പന്റെ പെങ്ങളും അപ്പനും അമ്മയും ഞങ്ങള്‍ ഏഴ് പേര് മക്കളും ചേര്‍ന്ന് പത്ത് പേരായിരുന്നു കുടുംബത്തില്. നാല് പെണ്ണും മൂന്ന് ആണും ആയിരുന്നു ഞങ്ങള്‍. കുറേക്കാലത്തേക്ക് എന്നും ഞങ്ങളുടെ കുടുംബത്തില്‍ പത്ത് പേരായിരുന്നു. ഒരാള് കല്യാണം കഴിച്ച് പോവുമ്പ അടുത്തയാള് കല്യാണം കഴിച്ച് കൊണ്ടുവരും. അല്ലെങ്കില്‍ ഒരാള്‍ക്ക് കുട്ടിയാവും. പിന്നെ അപ്പനുമമ്മയും മരിച്ച് ഓരോരുത്തരായി പോയപ്പോള്‍ ആരും ഇല്ലാതെയായി. ഞങ്ങളുടെ സ്ഥലം 60 സെന്റ് സ്ഥലവും 20 സെന്റ് നിലവും ആണ്.


ഞങ്ങളന്ന് ഞാറയ്ക്കലായിരുന്നു പഠിച്ചിരുന്നത്. ഇവിടെ അന്ന് ഹൈസ്‌കൂളൊന്നും ഇല്ല. പിഴല എന്ന സ്ഥലത്ത് യുപി സ്‌കൂള്‍ ഉണ്ട്. ഇവിടുന്ന് സര്‍ക്കാരിന്റെ വഞ്ചിയുണ്ടായിരുന്നു. ആ വഞ്ചിയില്‍ കയറി പോവും. പത്ത് മുപ്പത് പേരുണ്ടാവും വഞ്ചിയില്‍. എട്ട് മണിക്ക് പോയാലേ പത്ത് മണിക്ക് ക്ലാസ് തുടങ്ങുമ്പോ എത്താന്‍ പറ്റൂ. വൈകിട്ട് നാല് മണിക്ക് ക്ലാസ് വിട്ടാല്‍ ഇവിടെയെത്തുമ്പോള്‍ അഞ്ചര ആറ് മണിയാവും. വര്‍ഷകാലത്താണ് ബുദ്ധിമുട്ട്. വേനക്ക് കുഴപ്പമില്ല. വഞ്ചിയില്‍ പോവുമ്പോ മഴ വന്നാല്‍ കുടനിവര്‍ത്താന്‍ പറ്റില്ല. പത്ത മുപ്പത് പേര് കുടനിവര്‍ത്തിയാല്‍ വഞ്ചി പിടിച്ചാല്‍ കിട്ടില്ല. ഞങ്ങള്‍ നനഞ്ഞിരിക്കും. ബുക്കൊക്കെ ഒരു പ്ലാസ്റ്റിക് പേപ്പറിലൊക്കെ പൊതിഞ്ഞ് നനയാതെ നോക്കും.


അംഗസംഖ്യ കൂടുതലായകൊണ്ട് ചെറുപ്പം മുതലേ പണിയെടുത്താണ് ജീവിച്ചിരുന്നത്. അപ്പന് കൃഷിയും ചെമ്മീക്കെട്ടും പുഴപ്പണിയും ഒക്കെയായിരുന്നു. അപ്പനൊരാള്‍ മാത്രമേ പണിക്കാരനായിട്ടുണ്ടായിരുന്നുള്ളൂ. അന്ന് മത്സ്യത്തൊഴിലാളികള്‍ എന്ന് പറഞ്ഞാല്‍ കിട്ടുന്നത് കൊണ്ട് ജീവിക്കുക എന്നായിരുന്നു. ഇന്നങ്ങനെയല്ല. ഇന്ന് മത്സ്യത്തൊഴിലാളികള്‍ എന്ന് പറഞ്ഞാല്‍ ആരേക്കാട്ടീം വരുമാനം കൂടുതലുണ്ട്. അതുകൊണ്ട് കൂടുതല് മക്കളൊള്ളവരൊക്കെ അപ്പന്റെ പാതയില്‍ തന്നെ പോവും. ഞാന്‍ പത്താംക്ലാസ് വരേ പഠിച്ചൊള്ള്. ചേട്ടന്‍ ഏഴാം ക്ലാസില്‍ വച്ച് പഠിത്തം നിര്‍ത്തി. ചേട്ടന്‍ പഠിക്കാനൊക്കെ ഭയങ്കര മിടുക്കനായിരുന്ന്. പക്ഷെ പഠിത്തം നിര്‍ത്തിച്ചതാണെന്ന് വേണോങ്കി പറയാം. അന്നൊക്കം കാര്‍ന്നോന്മാര്‍ക്ക് പിള്ളേര്‍ക്ക് പത്ത് പന്ത്രണ്ട് വയസ്സാവുമ്പ തന്നെ എവിടെയെങ്കിലും ആരുടേങ്കിലും കീഴില്‍ ഒരു പണിക്ക് കൊണ്ടെയിരുത്തണം എന്നാണ്. ചേട്ടനേയും പന്ത്രണ്ട് വയസ്സായപ്പോ ഒരു പണിക്ക് കൊണ്ടിരിത്തുകയാണുണ്ടായത്. ഇന്നൊക്കെയാണെങ്കില്‍ എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും പടിക്കാന്‍ പറ്റുന്നടത്തോളം പഠിച്ചോന്ന് പറയും. അന്നൊക്കെ എത്ര പഠിക്കാന്‍ മിടുക്കനാണെങ്കിലും, പഠിച്ചതൊക്കെ മതി ഇനി നീ തൊഴില് പഠിച്ചോ എന്നാണ്. പഠിച്ചോണ്ട് മെച്ചമില്ല തൊഴില് പഠിച്ചാലേ മെച്ചമുള്ളെന്നാണ്.


എനിക്കും പഠിക്കാന്‍ താത്പര്യമുണ്ടായിരുന്നു. പഠിക്കാന്‍ പോണ സമയത്തും കൂടെ ഇവിടെ വന്നാല്‍ ചീനവല വലിക്കാന്‍ പോവും. സ്‌കൂളില്‍ നിന്ന് വരുന്നത് അന്തിസമയത്തായിരിക്കും. ഇവിടെ വന്നാല്‍ ചായപോലും കുടിക്കാന്‍ നിക്കില്ല ചെലസമയത്ത്. വല വലിക്കണ്ട സമയമാണെങ്കില്‍ ഉടനെ പുസ്തകം അവിടെ വച്ചിട്ട് നേരെ തട്ടേലോട്ട് കേറണേണ്. തട്ടേലിരുന്നിട്ടായിരിക്കും ചെലപ്പോ ഒരു ഗ്ലാസ് കട്ടന്‍ചായ കുടിക്കുന്നത്. വല എവിടേലും കീറിയിട്ടുണ്ടെങ്കി അതെല്ലാം കെട്ടണം. അതൊക്കെ ചെയ്ത് കഴിയുമ്പ തന്നെ സൂര്യന്‍ അസ്തമിക്കും. സൂര്യന്‍ അസ്തമിച്ചാല്‍ പിന്നെ വെളക്ക് കൊളുത്തണം, വലവിരിക്കണം. അന്ന് കുടുംബം നോക്കണോന്ന ഒരിതാണ്. അതുപോലെ അപ്പന്‍ ഞെരുമ്പ്, പടല ഒക്കെയിടാന്‍ പോവുമ്പ എന്നെയാണ് സഹായത്തിന് വിളിക്കണത്. മടികൂടാണ്ട് ചെയ്യുന്നൊരാളെയേ അപ്പന്‍ എപ്പഴും വിളിക്കുവൊള്ള്. വെള്ളത്തിലിറങ്ങുന്ന കാര്യത്തില് എനിക്ക് വലിയ താത്പര്യമാണ്. മലവെള്ളക്കാലത്തൊക്കെ വെളുപ്പാന്‍ കാലത്തായിരിക്കും. മലവെള്ളത്തിന്റെ തണുപ്പ് പ്രത്യേകം, അന്തരീക്ഷത്തിന്റെ തണുപ്പ് അത് വേറെ, പിന്നെ ഉറക്കക്ഷീണം. ഇതൊക്കെക്കൂടി വരുമ്പ ഒരാളും ആ സമയത്ത് എഴുന്നേക്കില്ല. അതുകൊണ്ട് മടിയാണ്ട് വരുന്നയാളേ വിളിക്കുവൊള്ളൂ. ഒരാള് ഒരു ദിവസം ചെയ്ത് പോയാല്‍ പിന്നെ എപ്പഴും അയാളേത്തന്നേ വിളിക്കുവൊള്ള്. പക്ഷെ അതിലൊന്നും നമുക്ക് ബുദ്ധിമുട്ട് തോന്നിയിട്ടില്ല. അപ്പന്റെ കൂടെ അപ്പനെ സഹായിക്കാന്‍ ചെയ്യുന്നതാണല്ലോ. അതിന്റെയൊക്കെ ഒരു സുഖോണ്ട്.


പടല് വളയ്ക്കണെന്ന് പറഞ്ഞത്, രാത്രി എട്ടൊമ്പത് പത്ത് മണി കഴിഞ്ഞിട്ടാണ് പടല് വളക്കണത്. അതില് നമ്മള് കൂടണേണ്. അതീന്ന് മീന്‍ കിട്ടുന്നതില്‍ ആദ്യം കിട്ടിയ വലിയ മീന്‍ നോക്കീട്ട് അപ്പന്റെ പെങ്ങളെ വിളിച്ചിട്ട് അങ്ങാട്ട് കൊടുക്കും. പുള്ളിക്കാരത്തി അത് അപ്പത്തന്നെ വെട്ടി ശരിയാക്കും. ഞങ്ങള്‍ പണിയൊക്കെ കഴിഞ്ഞ് തണുത്ത് വിറച്ച് കേറുമ്പോള്‍ വെള്ളം ചൂടാക്കി വച്ചിട്ടുണ്ടാവും. ചൂടുവെള്ളത്തില്‍ കുളിച്ച് ചെന്നിരിക്കുമ്പ തന്നെ നല്ല വല്യക്കാട്ട കരിമീന്‍ അങ്ങനെ തന്നെ തെളപ്പിച്ചോണ്ട് കൊണ്ടെ വച്ചിട്ടുണ്ടാവും. ഇതൊക്കെ ഇന്നൊക്കെ നമ്മള്‍ ഓര്‍ക്കുമ്പഴത്തേക്കും ഒരു സുഖമാണ്.


തന്നെ പാചകം ചെയ്താണ് ഞാന്‍ കഴിക്കുന്നത്. മീനൊക്കെ വെട്ടിക്കഴുകാന്‍ എനിക്കറിയാം. അത് ചെറുപ്പമായിരുന്നപ്പത്തന്നെ അമ്മായിയെ സഹായിക്കാന്‍ കൂടും. പുള്ളിക്കാരത്തി സമ്മതിക്കിയേലങ്കി കൂടെ ഞാന്‍ ചെന്ന് വര്‍ത്തമാനമൊക്കെ പറഞ്ഞ് ചെറിയരീതിയിലൊക്കെ ചെയ്ത് ചെയ്ത് അത് പഠിച്ചു.

ഞാനെന്തുകൊണ്ട് പോയില്ല

നമ്മള് ജനിച്ച് വളര്‍ന്ന സ്ഥലമാണിത്. ഇത്രയും സൗകര്യമായിട്ടുള്ള സ്ഥലം. അതിട്ടെറിഞ്ഞ് പോവുക എന്ന മാനസികമായ ബുദ്ധിമുട്ടാണ് ഏറ്റവും കൂടുതലുള്ളത്. ഇത്ര നല്ല കാറ്റും ഇത്ര സൗകര്യവുമായിട്ടുള്ള സ്ഥലം വേറെ കിട്ടില്ല. ഞാന്‍ പോയാരുന്നു. കുറച്ച് നാള് പച്ചാളം അത് പോലുള്ള സ്ഥലത്ത് പോയി താമസിച്ചാരുന്നു. പക്ഷെ അവിടെയൊന്നും ഇതുപോലൊരിത് കിട്ടില്ല. എന്ത് കാര്യത്തിനും എല്ലാം കാശ് കൊടുത്ത് വാങ്ങണം. ഒരു സൗഹൃദമോ ഒന്നുമില്ല. നമ്മള് കാണുന്നു, സംസാരിക്കുന്നു. തൊട്ടടുത്ത വീട്ടുകാരെപ്പോലും നമുക്കറിയില്ല. അവരാരും ഇങ്ങട് സൗഹൃദത്തിന് വരില്ല. ഇവിടെ അങ്ങനെയല്ല. എന്ത് കാര്യത്തിനും എല്ലാവരും ഉണ്ടാവും. വാടകയ്ക്ക് പോയതാണ്. വെറുതെ. കല്യാണമൊക്കെ കഴിയുമ്പോള്‍, ഇതിലും സൗകര്യമുള്ള വേറെ സ്ഥലത്തേക്ക് മാറാന്‍ പങ്കാളിക്കൊക്കെ തോന്നുമല്ലോ. പക്ഷെ നമുക്ക് അത് ശരിയാവൂല്ല എന്ന് പിന്നീട് തിരിച്ചറിവായി. എല്ലാംകൊണ്ടും നഷ്ടമാണ്. നമ്മടെ പോക്കറ്റില്‍ കുറച്ച് പൈസയൊക്കെ ആയിവരുമ്പത്തന്നെ വാടക കൊടുക്കണ്ടി വരും. പാലിന്റെ കാശ്, പേപ്പറിന്റെ കാശ്, കറണ്ട് കാശ് എല്ലാം അടച്ച് വരുമ്പോ പോക്കറ്റ് കാലി. വീണ്ടും ഒന്നേന്ന് തൊടങ്ങണം. ഇവിടെ അങ്ങനെയല്ല. എങ്ങനെ പോയാലും മെച്ചമുണ്ടാവും. ഇവിടെ കറണ്ടുണ്ടായിരുന്നില്ല, വെള്ളം ഉണ്ടായിരുന്നില്ല. വെള്ളത്തിന്റെ ബുദ്ധിമുട്ട് വന്നപ്പഴാണ് ഞങ്ങള്‍ മാറി താമസിച്ചത്. ഇവിടെ ഉണ്ടായിരുന്നവരും മാറിത്താമസിച്ചത് വെള്ളത്തിന്റെ ബുദ്ധിമുട്ടുകൊണ്ടാണ്. ഇപ്പോള്‍ വെള്ളമുണ്ട്. പക്ഷെ അന്ന് വെള്ളത്തിന്റെ ബുദ്ധിമുട്ട് ഭയങ്കരമായിരുന്നു. പുഴയില്‍ വെള്ളം വറ്റിക്കിടക്കുന്ന സമയത്ത് വെള്ളം കിട്ടാനുള്ള ബുദ്ധിമുട്ടുണ്ടായിരുന്നു. ഏത് സമയത്താണേലും കിട്ടുകയാണെങ്കില്‍ ബുദ്ധിമുട്ടില്ല. അക്കരെ, വെളുപ്പിന് നാല് മണിക്ക് ബാര്‍ജില്‍ കൊണ്ടുവന്ന് അടിക്കുന്നതാണ്. ഒരു മണിക്കൂറേ അടിക്കുവൊള്ളൂ. ചില ദിവസം ക്യൂ നിന്നാലും വെള്ളം കിട്ടാതെ വരും. പാത്രങ്ങള്‍ മുഴുവന്‍ വള്ളത്തില്‍ കൊണ്ടുപോയി വെള്ളം നിറച്ചിട്ട്, തിരികെ ഇങ്ങോട്ട് വലിച്ച് കയറ്റി വക്കണം. ആണുങ്ങളില്ലാതെ പണി നടക്കില്ല. വെള്ളം കിട്ടാന്‍ താമസിച്ചാല്‍ ആണുങ്ങളുടെ അന്നത്തെ പണി പോയി. പെണ്ണുങ്ങളുമൊക്കെ ജോലിക്ക് പോവാന്‍ തുടങ്ങിയതോടെ ഇത് അവര്‍ക്കും ബുദ്ധിമുട്ടായി. അങ്ങനെ നോക്കിയപ്പോള്‍, മറ്റുള്ള സ്ഥലത്തേക്ക് വാടകയ്ക്ക് പോയാലും ബുദ്ധിമുട്ടില്ല, ബോട്ട് കാശും വണ്ടിക്കാശും എല്ലാം കൂടി കണക്ക് കൂട്ടുമ്പോള്‍ അത് മെച്ചമായിട്ട് അവര്‍ക്ക് തോന്നും. ഇവിടെ പല ദിവസവും ജോലി മുടങ്ങും. വേറെ മാറി താമസിച്ചാല്‍ ജോലിക്ക് പോവാം. അങ്ങനെയാണ് എല്ലാവരും ഇവിടെ നിന്ന് മാറിയത്.
മറ്റ് സ്ഥലത്ത് പെട്ടെന്ന് കാര്യങ്ങള്‍ നടക്കുമായിരിക്കും. പക്ഷെ ഇവിടെ ഇത്തിരി ബുദ്ധിമുട്ടിയാലും അതിന്റേതായ സുഖം കിട്ടും. സത്യംപറയുവാണേല്, ഇവിടുന്ന് പകല് ഞാന്‍ അക്കരയ്ക്ക് പോവുവാണെങ്കില്‍ അഞ്ച് മിനിറ്റിനുള്ളില്‍ തിരിച്ച് വരാന്‍ ഞാനാഗ്രഹിക്കും. അവിടത്രയക്ക് ചൂടാണ്. മറിച്ച് ഇവിടെ എനിക്ക് നല്ല കാറ്റ് കിട്ടും. ഇവിടെ ബഞ്ചിലാണ് ഞാന്‍ കിടന്നുറങ്ങുന്നത്. നേരം വെളുക്കുന്നത് വരെ ഇവിടെ കിടക്കും. പകല് ഇവിടെ ഇത്തിരി വെയില് വരുവാണെന്നുണ്ടെങ്കില്‍ അപ്പുറത്ത് പോയി കിടക്കും. പകലും രാത്രിയാണെങ്കിലും വന്നിരിക്കാനാണ് ഇതെല്ലാം വച്ചുപിടിപ്പിച്ചിരിക്കുന്നത്. വച്ച് പിടിപ്പിക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്, ഒന്ന് കാറ്റും തണലും കിട്ടും. രണ്ട്, വര്‍ഷകാലങ്ങളില് ശക്തമായിട്ടുള്ള കാറ്റും ഒക്കെ വരുമ്പോള്‍ ഈ മരങ്ങളാണ് ആ കാറ്റിനെ തടഞ്ഞ് നിര്‍ത്തുന്നത്. നമ്മുടെ വീടിന് ഒരു സുരക്ഷിതത്വമാണ്. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് തന്നെ ശക്തമായ കാറ്റുണ്ടായിരുന്നു. ആ കാറ്റത്ത് ശരിക്കും ഇതൊക്കെ ഇല്ലെങ്കില്‍ ഷെഡ്ഡൊക്കെ പൊളിച്ചോണ്ട് പോവും.


ദ്വീപിലെ ജീവിതം ഇല്ലാതാക്കിയ ദാമ്പത്യം

രണ്ട് ആണ്‍മക്കളാണ്. മൂത്തയാള്‍ കോതമംഗലത്തുനിന്ന് കല്യാണം കഴിച്ച് അവിടെ തന്നെ സെറ്റില്‍ഡ് ആണ്. ഇളയയാള്‍ കടമക്കുടീ തന്നെയുണ്ട്. ഇപ്പോ ഗള്‍ഫിലാണ്. ഭാര്യയും കടമക്കുടീ തന്നെയുണ്ട്. അവരിടക്ക് വിളിക്കാറുണ്ട്. വരാറുമുണ്ട്. പക്ഷെ ഇവിടെ താമസിക്കാന്‍ വരില്ല. അവര്‍ക്കിതൊന്നും പറ്റില്ല. ഭാര്യയായാലും മക്കളായാലും അങ്ങനെയാണ്. ഒന്നാമത്തെ കാര്യം എന്ത് കാര്യത്തിനും വഞ്ചിയില്‍ യാത്ര ചെയ്യണം. ഭാര്യയ്ക്ക് വള്ളം സ്വയം വലിച്ച് പോവാനറിയില്ല. അതുകൊണ്ട് ആരെയെങ്കിലും കൂട്ട് പിടിക്കണം. ഒരത്യാവശ്യം വന്നാല്‍ ഓട്ടോറിക്ഷ വിളിച്ച് വീടിന്റെ ചവിട്ട് പടിയില്‍ നിന്ന് ഓട്ടോയില്‍ കയറിപ്പോവാം. ആ സൗകര്യമാണ് അവര് നോക്കുന്നത്. ഇവിടുത്തെ കാറ്റും സൗകര്യവും ഒന്നും അവിടെ കിട്ടിയില്ലെങ്കിലും ഫാനൊക്കെ ഇട്ട് കിടക്കാം എന്നുള്ളതാണ്. നമ്മളങ്ങനെയല്ല. ഞാന്‍ ഫാന്‍ ഉപയോഗിക്കാറില്ല. നല്ല ശുദ്ധമായിട്ടുള്ള കാറ്റ് കിട്ടും. ജനലും വാതിലുമൊക്കെ തുറന്നിടും. കിടക്കും. ഇവിടെ കൊതുകും ഇല്ല. അവിടെ കൊതുകുള്ളത് കാരണം വാതില്‍ അടച്ചുപൂട്ടി ഫാനിന്റെ കാറ്റുംകൊണ്ട് കിടക്കും. അത് അവര്‍ക്ക് സൗകര്യം. ആരേയും കുറ്റം പറയണേല്ല ഞാന്‍. ഓരോരുത്തര്‍ക്കും ഓരോ ശീലമാണല്ലോ. ഞാനും അങ്ങനെയൊക്കെത്തന്നയാണല്ലോ. എവിടെയെങ്കിലും ചെന്നാല്‍ നമുക്ക് ശീലമില്ലാത്തത് ചെയ്യാന്‍ പറ്റില്ല. അവിടെ അവര്‍ക്ക് അങ്ങനെയൊക്കോ പറ്റുവൊള്ള്. അവര്‍ക്ക് ഇങ്ങാട്ട് വരാനും എനിക്ക് അങ്ങോട്ട് പോവാനും താത്പര്യമില്ല.


ഭാര്യയുടെ പേര് ജൂണ എന്നാണ്. ഞങ്ങള്‍ ഇടയ്ക്ക് പള്ളിയിലൊക്കെ വച്ച് കാണാറുണ്ട്. സംസാരിക്കാറുമുണ്ട്. ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ട്... അവര്‍ക്കിവിടെ പറ്റില്ല. അവരെ സംബന്ധിച്ചിടത്തോളം ഇതൊരു പട്ടിക്കാടാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു നല്ല കാടാണ്. ഞാനങ്ങാട്ട് ചെല്ലണം. അതെനിക്ക് പറ്റ്യേല. അങ്ങനെയാണെങ്കില്‍ എന്റെ സഹോദരങ്ങള്‍ താമസിക്കുന്നത് പോലെ സിറ്റിയിലൊക്കെ പോയി താമസിക്കാല്ലോ എനിക്ക്. ഇവിടെ എന്തുണ്ട് എന്ന് ഞാന്‍ പറയുമ്പോ ഭയങ്കര വലുതായിട്ടൊക്കെ തോന്നും. പക്ഷെ അത് ആസ്വദിച്ചാലേ പറയാന്‍ പറ്റൂ. ഒരു ദിവസമോ രണ്ട് ദിവസമോ, ഒരു മാസമോ എല്ലാം ഇവിടെ നിന്ന് അനുഭവിച്ചാല്‍ മാത്രമേ അത് മനസ്സിലാവുവൊള്ളൂ.


ഒറ്റയ്ക്കാവുമ്പോള്‍

ഒറ്റയ്ക്കായതിന്റെ ബുദ്ധിമുട്ട് ഇല്ലേന്ന് ചോദിച്ചാല്‍ ഉണ്ട്. പക്ഷെ നമ്മള്‍ ഒറ്റയ്ക്കായി പോയി എന്നും പറഞ്ഞുകൊണ്ട് വിഷമിച്ചിട്ടും പിടിച്ചിട്ടും കാര്യമൊന്നുമില്ല.അപ്പോള്‍ ഒറ്റയ്ക്കാണെങ്കിലും അങ്ങനെ ജീവിച്ച് പോവാം. നമ്മള് ജനിച്ച്, മരിക്കുന്നത് വരെ ജീവക്കണോല്ലാ. ഇതായിരിക്കും നമ്മടെ വിധി. നേരത്തെ ഞാന്‍ പെയിന്റിങ്ങിന്റെ വര്‍ക്കിന് പോവുമായിരുന്നു. വൈകിട്ട് ഇവിടെയെത്തും. ആ സമയത്ത് വെളുപ്പിനെ നാല് മണിക്ക് എഴുന്നേറ്റ് ദിനചര്യകള്‍ കഴിഞ്ഞ് ഭക്ഷണം ഉണ്ടാക്കി കഴിച്ചിട്ട് നേരെ അപ്പുറത്ത് പോവും. അവിടെയാണ് ചായക്കടയുള്ളത്. തന്നെ വപ്പാണ്. രാവിലത്തെ ഒരു കാപ്പിയോ ചായയോ കുടിക്കാന്‍ അവിടെപ്പോവും. എറണാകുളത്ത് ജോലിക്ക് പോയിരുന്ന സമയത്ത് ഇവിടെ നിന്ന് ബോട്ടിനാണ് പോവുന്നത്. ഒന്നര ഒന്നോമുക്കാല്‍ മണിക്കൂറ് ബോട്ടില്‍ യാത്ര ചെയ്യണം. ആ സമയത്ത് നമ്മുടെ കയ്യില്‍ പുസ്തകമുണ്ടെങ്കില്‍ ആ പുസ്തകം വായിക്കും. ആ പുസ്തകം വായിച്ച് കഴിഞ്ഞാല്‍ അത് വേറൊരാള്‍ക്ക് കൈമാറിയിട്ട് അയാള്‍ടെ പുസ്തകം നമ്മള്‍ വായിക്കും. അങ്ങനെ എല്ലാവരും കൂട്ടമായിട്ടുള്ള ഒരു പോക്കായിരുന്നു.


ഇപ്പോള്‍ രാവിലെ ചായകുടിക്ക് അക്കരെ പോവും. പേപ്പറും വായനയൊക്കെ കഴിഞ്ഞ് വന്നിട്ട് ഉച്ചയ്ക്ക് ഭക്ഷണം ശരിയാക്കും. മീന്‍ വലവച്ചും ചൂണ്ടയിട്ടും പിടിച്ച് കറിയാക്കും. കുറച്ച് ദൂരെ ചെമ്മീന്‍കെട്ടുണ്ട്. അവിടെ പോവും. കുറച്ച് നേരം ഉറങ്ങും. വൈകിട്ട് നാല് മണി കഴിയുമ്പോള്‍ വീണ്ടും ചായക്കടയില്‍ പോവും. പുസ്തകം വായനയൊക്കെയുണ്ടായിരുന്നത് ഇപ്പോ സമയ പരിമിതി കൊണ്ട് അങ്ങനെ നടക്കുന്നില്ല. ചെമ്മീക്കെട്ടിന്റെ കാര്യത്തില്‍ കൃത്യമായിട്ട് സമയം പറയാന്‍ പറ്റില്ല. വെള്ളത്തിന്റെ ഏറ്റവും ഇറക്കവും നോക്കീട്ടാണ് വലവയ്പ്പും മറ്റും. ചിലപ്പ രാത്രി ഉറങ്ങാന്‍ പറ്റില്ല. അപ്പോ പകല് വന്ന് പുസ്തകം വായിക്കാന്‍ നോക്കിയാല്‍, പുസ്തകം കയ്യിലെടുക്കുമ്പഴേ ഉറക്കത്തിലേക്ക് പോവും.


ജീവിതത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല. ബുദ്ധിമുട്ടൊന്നുമില്ല. പരമാവധി പണിയെടുത്ത് ജീവിക്കാന്‍ പറ്റുന്നത്ര പണിയെടുത്ത് ജീവിക്കാം. പല സ്ഥലത്ത് നിന്നും ആളുകള്‍ തങ്ങാനായും ഒക്കെ വരാറുണ്ട്.പ്രളയം വന്നപ്പോള്‍

ഇവിടെയൊക്കെ വെള്ളം കയറി. നല്ല ശക്തമായ പ്രളയം ആയിരുന്നു. എന്റെ ഇങ്ങനെയൊരു സ്ഥലമായതുകൊണ്ട് വലിയ നാശനഷ്ടമൊന്നും ഉണ്ടായതുമില്ല. 20 സെന്റ് നിലത്ത് മീന്‍കൃഷിയിറക്കിയിരുന്നു. അത് മുഴുവന്‍ ഒലിച്ച് പോയി. അക്കരെ കുറേയാളുകളെ ദുരിതാശ്വാസ ക്യാമ്പിലാക്കാനായി നേവിയും ഒക്കെ എത്തിയിരുന്നു. അവരെ വണ്ടി കയറ്റി വിടാനും ഒക്കെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വേണ്ടി ഇറങ്ങിയതാണ് ഇവിടെ നിന്ന്. ഇത്ര വലിയ വെള്ളപ്പൊക്കം ഉണ്ടാവും എന്ന പ്രതീക്ഷ നമുക്കില്ല. അവിടെ സ്ത്രീകളും കൊച്ച് കുട്ടികളുമൊക്കെയുണ്ടായിരുന്നു. മഴയും ഉണ്ടായിരുന്നു. ഞങ്ങ ചെന്ന് പള്ളി തൊറപ്പിച്ച് അതിനകത്ത് ഇവരെയെല്ലാം ഇരുത്തി. വണ്ടിവിളിച്ച് ക്യാമ്പിലേക്ക് അയച്ചു. അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് വെള്ളം പൊന്തി. അവസാനം വന്നപ്പഴേക്ക് എനിക്ക് അവടന്ന് ഇങ്ങട്ടേക്ക് പോരാന്‍ പറ്റാതെ വന്ന്. പോരാന്ന് എനിക്കൊരു ധൈര്യമുണ്ട്. പക്ഷെ അവിടെ കൂടി നില്‍ക്കുന്ന ആള്‍ക്കാരാരും സമ്മതിച്ചില്ല. എല്ലാവരും നിര്‍ബന്ധിച്ചപ്പ നമുക്കത് അനുസരിക്കാതെ പറ്റില്ലല്ലാ. ഉടുത്തേച്ച മുണ്ടും ഒരു ഷര്‍ട്ടും മാത്രം. വേറൊന്നും എടുക്കാന്‍ എനിക്ക് പറ്റീല്ല. അതേപടി തന്നെ കയറിയാണ് ക്യാമ്പിലേക്ക് പോയത്. എറണാകുളം ആല്‍ബര്‍ട്‌സിലായിരുന്നു എട്ട് ദിവസം. അവിടന്ന് കിട്ടിയ ഡ്രസൊക്കെ ഉപയോഗിച്ചാണ് അത്ര ദിവസം കഴിച്ചുകൂട്ടിയത്. അത്കഴിഞ്ഞ് ഇവിടെ വന്നപ്പഴേക്കും ഇവിടെയെല്ലാം മുങ്ങി. ഓണത്തിന് പിടിക്കാന്‍ വേണ്ടീട്ട് കരുതിയിട്ടിരുന്ന രണ്ടര ലക്ഷം രൂപയുടെ മീനുണ്ടായിരുന്നു. തിലോപ്പിയും കരിമീനും. അത് കുത്തിയൊലിച്ച് പോയി. വീട്ടിലെ കുറേ സാധനങ്ങളൊക്കെ ഒഴുകിപ്പോയി. നഷ്ടപരിഹാരത്തിനൊന്നും ഞാന്‍ അപേക്ഷിച്ചില്ല..."
പരാതികളും പരിഭവങ്ങളും ഇല്ലാത്ത മനുഷ്യരെ കണ്ടുകിട്ടുക ചുരുക്കമാണ്. അതിലൊരാളാണ് ജോസഫ് ചൊവരോ എന്ന് തോന്നി. ആരേക്കുറിച്ചും ഒന്നിനെക്കുറിച്ചും പരാതികളില്ല. എപ്പോഴും ചിരിച്ച് എല്ലാത്തിനേയും പോസിറ്റീവ് ആയിമാത്രം കണ്ട് ജീവിക്കുന്ന ഒരു മനുഷ്യന്‍. കഥകള്‍ പറഞ്ഞ് തീരാതെ തീരാതെ ആ ദ്വീപിലെ മണിക്കൂറുകള്‍. തിരിച്ച് അക്കരക്കെത്തിക്കാന്‍ ജോസഫേട്ടന്‍ വള്ളമിറക്കുമ്പോള്‍ അന്തികഴിഞ്ഞിരുന്നു. വഴിവിളക്കുകളുടെ വെളിച്ചം കായലിലേക്ക് നീണ്ടത് മുറിക്കലില്‍ നിന്ന് നോക്കിയാല്‍ കാണാം. ആ വെളിച്ചത്തെ ലക്ഷ്യമാക്കി തോണി മെല്ലെ നീങ്ങി. തിരിഞ്ഞ് നോക്കിയപ്പോള്‍ കായലിന് നടുവില്‍ അങ്ങനെയൊരു ദ്വീപ് ഉണ്ടെന്നറിയിക്കാന്‍ മാത്രം മങ്ങിയ ഒരു ബള്‍ബ് കത്തി നിന്നു. സ്വര്‍ഗത്തില്‍ ഒരു കൂട് കൂട്ടി, അതില്‍ ഒറ്റയ്ക്ക് ആസ്വദിക്കുന്ന ജോസഫേട്ടന്റെ ജീവിതം കൊതിപ്പിച്ചു. ചിലരങ്ങനെയാണ്. നമ്മളെ കൊതിപ്പിക്കും, അസൂയപ്പെടുത്തും അത്ഭുതപ്പെടുത്തും. തോണിയില്‍ നിന്ന് കടമക്കുടിയില്‍ വന്നിറങ്ങി 'വീണ്ടും കാണാം' എന്ന് പറഞ്ഞ് യാത്രചോദിക്കുമ്പോള്‍ ജോസഫേട്ടന്‍ ഒരു അത്ഭുതമായി തോന്നി. വള്ളം തിരിച്ച് ജോസഫേട്ടന്‍ തുഴയെറിഞ്ഞു; ഒരിക്കലും അടര്‍ത്തിമാറ്റാന്‍ കഴിയാത്ത തന്റെ സ്വര്‍ഗത്തിലേക്ക്.കടമക്കുടിയിലെ കെട്ടുക്കലക്കല്‍ ഉത്സവം
.


Read: കടമക്കുടിയിലെ നാട്ടുവഴികള്‍

Next Story

Related Stories