TopTop
Begin typing your search above and press return to search.

ആസിഫ ചെങ്ങന്നൂരിനെ ഉലയ്ക്കുകയാണ്

ആസിഫ ചെങ്ങന്നൂരിനെ ഉലയ്ക്കുകയാണ്

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം കൈയെത്തിപ്പിടിക്കാവുന്ന അകലത്തിലെത്തി എന്ന് ബി.ജെ.പി നേതാക്കള്‍ വിശ്വസിച്ചുവരവേയാണ് ആസിഫ എന്ന പിഞ്ചുബാലിക ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നത്. 'ഈ വീട്ടില്‍ പത്തുവയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ ഉള്ളതിനാല്‍ ദയവുചെയ്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ അകത്തേയ്ക്ക് വരരുത്. നോട്ടീസും അഭ്യര്‍ത്ഥനയും പുറത്തുവച്ചാല്‍ മതി' എന്ന അര്‍ത്ഥത്തിലുള്ള അറിയിപ്പുകള്‍ വീടുകള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടത് അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നു. ദേശീയ മാധ്യമങ്ങള്‍ മാത്രമല്ല, പ്രശസ്ത അന്താരാഷ്ട്ര മാധ്യമങ്ങളും അതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് വാര്‍ത്തയാക്കിക്കഴിഞ്ഞു. സി.പി.എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകളിലാണ് കൂടുതലായും ഇത് പ്രത്യക്ഷപ്പെട്ടത്. അതിന് ഒരു ഏകീകൃത രൂപമില്ലാത്തതും കൈകൊണ്ടും സ്‌കെച്ച്‌പെന്‍ കൊണ്ടും മഷി ഉപയോഗിച്ചും അപൂര്‍വ്വം ചിലേടങ്ങളില്‍ ചായങ്ങളാലും ബി.ജെ.പിക്കാര്‍ക്കുള്ള മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടത് ഒരുപക്ഷേ, ആസൂത്രിതമാവാമെങ്കില്‍കൂടിയും അങ്ങനെയല്ലെന്ന് വരുത്തിത്തീര്‍ക്കാനായി എന്നതാണ് ശ്രദ്ധേയം. ഡി.ടി.പി ചെയ്ത കോപ്പികളില്‍പോലും പല ലിപികളിലുള്ള അമച്വര്‍ സ്വഭാവം കാണാനാവുന്നുണ്ട്. വരും ദിവസങ്ങളില്‍ ഈ പ്രചാരണത്തിന് കുറേക്കൂടി കൃത്യമായ ആസൂത്രിതരൂപം വരാനാണ് സാദ്ധ്യത.

എട്ടുവയസ്സുകാരിയുടെ ക്രൂരവും പൈശാചികവുമായ വധത്തില്‍ ലോകം നടുങ്ങി നില്‍ക്കെ ആ പെണ്‍കുട്ടിയെ അപമാനിക്കും വിധം പോസ്റ്റിട്ട ആര്‍.എസ്.എസ്സുകാരനായ ചെറുപ്പക്കാരന്‍ തൊട്ടടുത്ത ജില്ലക്കാരനാണെന്നതിന്റെ സ്വാഭാവിക പ്രതിഷേധം കുറെയൊക്കെ ചെങ്ങന്നൂരിലും ഉണ്ടായി എന്നത് വസ്തുതയാണ്. ആര്‍.എസ്.എസ് നേതാവിന്റെ മകനും ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുടെ അനന്തരവനുമാണ് ഇത്തരമൊരു പോസ്റ്റലിലൂടെ പൊലീസ് കേസ് ക്ഷണിച്ചുവരുത്തിയതെന്നതിന്റെ ക്ഷീണം കേരളത്തില്‍ മൊത്തത്തിലും ചെങ്ങന്നൂരില്‍ പ്രത്യേകിച്ചും ബി.ജെ.പിയെ ബാധിക്കുന്നുണ്ട്. പ്രകടമായി ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിധേയമില്ലാത്ത സാധാരണക്കാരെ ആസിഫയുടെ മരണവും അതില്‍ ബി.ജെ.പി പ്രതിസ്ഥാനത്ത് തുടരുന്നതും എതിര്‍പക്ഷത്തേയ്ക്ക് കണ്ണെത്തിക്കുന്നതില്‍ കാര്യങ്ങള്‍ എത്തിക്കുന്നു. നിലവില്‍, ചെങ്ങന്നൂരില്‍ ബി.ജെ.പി ഈ വിഷയത്തില്‍ പ്രതിരോധത്തിലാണ്.

അതിനിടെ, ആസിഫയോടുള്ള ക്രൂരതയ്‌ക്കെതിരായ കവിതകള്‍ ചെങ്ങന്നൂരിലെ വോട്ടര്‍മാരെ തേടിയെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറികൂടിയായ കവി ചെങ്ങന്നൂരുകാരന്‍ പ്രഭാവര്‍മ്മയുടെ കവിത സി.പി.എം പ്രത്യക്ഷത്തില്‍ ഏറ്റെടുത്തുകഴിഞ്ഞു.

'മഞ്ഞണിഞ്ഞുള്ള മന്ദസ്മിതത്തിന്‍

കന്നിമൊട്ടും ഞെരിച്ചവര്‍ നിങ്ങള്‍-

ക്കില്ല മാപ്പ്, മാപ്പേകുവാന്‍ മാത്രം

ദൈവികത്വമുണ്ടാവരുതെന്നില്‍' എന്നാണ് പ്രഭാവര്‍മ്മയുടെ പ്രാര്‍ത്ഥന.

അതേസമയം, ഇടതു പ്രവര്‍ത്തകര്‍പോലും ആവേശത്തോടെ പ്രചരിപ്പിക്കുന്നത് കവിയും പ്രമുഖ ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ വരികളാണ് -

'എന്നയല്‍പക്കത്ത് വെള്ളരിയും കണി-

ക്കൊന്നയുമായ് വന്നിരുന്ന വിഷുവേ,

കിങ്ങിണി പോലെച്ചിരിക്കുന്നൊരോമന-

ക്കുഞ്ഞിന്റെ രക്തം തെറിച്ചുവോ

നിന്റെ മേല്‍?' എന്ന റഫീഖ് അഹമ്മദിന്റെ ചോദ്യം ആരെ വേട്ടയാടും എന്നതാണ് പ്രസക്തം.

http://www.azhimukham.com/newsupdates-justice-for-asifa-protest-against-bjp-in-chengannoor/

ഇനിയുള്ള ദിവസങ്ങളില്‍ ആസിഫയായിരിക്കും ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന വിഷയങ്ങളിലൊന്ന് എന്നതിന്റെ സൂചനയാണ് ഈ ദിവസങ്ങള്‍ നല്‍കുന്നത്. പെണ്‍മക്കളുള്ളവര്‍ക്ക് മുന്നിലെ നോവായ ആസിഫ എന്ന ഓര്‍മ്മയെ വോട്ടാക്കി മാറ്റാനുള്ള ശ്രമങ്ങളാവാം ഇവിടെ നടക്കുക. അതില്‍, എതിരാളിക്ക് എത്രമാത്രം പ്രഹരം നല്‍കാനാവും എന്നതിലാവും എല്‍.ഡി.എഫും യു.ഡി.എഫും ശ്രദ്ധിക്കുക. ഈ വിഷയത്തില്‍ ഡല്‍ഹിയില്‍, രാഹുല്‍ഗാന്ധി ഒരു ദേശീയനേതാവിന്റെ ചടുല നീക്കങ്ങളോടെ ഉയര്‍ന്നെണീറ്റപ്പോള്‍ കേരളത്തിലും ചെങ്ങന്നൂരിലും യു.ഡി.എഫ് നേതാക്കള്‍ അതിനൊത്ത് എത്തിയില്ല. അഖിലകേരള അയ്യപ്പസംഘം ദേശീയ ഉപാദ്ധ്യക്ഷന്‍കൂടിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി.ജെ.പിയില്‍നിന്നുള്ള വോട്ട് ലക്ഷ്യം വയ്ക്കുന്നതിനാലാണ് അതെന്നാണ് ഇടതുപ്രവര്‍ത്തകരുടെ ആരോപണം. ആസിഫയുടെ ദുരന്തത്തെ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്തി പ്രതിഷേധത്തിന്റെ തീക്കാറ്റ് കൊളുത്തിയത് എല്‍.ഡി.എഫാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ താഴോട്ടുള്ളവര്‍ ഇക്കാര്യത്തില്‍ ജാഗ്രതയോടെ പ്രതികരിച്ചപ്പോള്‍ രാജ്യം ശ്രദ്ധിച്ചു. അവിടംകൊണ്ട് നിര്‍ത്താതെ എല്‍.ഡി.എഫ് പ്രതിഷേധ ദീപം പിന്നെയും തെളിയിച്ചപ്പോള്‍ രാജ്യം മുഴുവന്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ശ്രദ്ധിക്കുന്ന അവസ്ഥയിലേക്ക് എത്തി. കര്‍ണാടകം ഉള്‍പ്പെടെയുള്ളിടങ്ങളില്‍ 'കൊച്ചുപെണ്‍കുട്ടികള്‍ വീട്ടിലുള്ളതിനാല്‍ ആഭ്യര്‍ത്ഥനയും സ്ലിപ്പും നോട്ടീസും പുറത്തുവച്ചാല്‍ മതിയാവും' എന്ന മുന്നറിയിപ്പ് പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായാണ് അവിടങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത് ഇടത് തന്ത്രജ്ഞരുടെ വിജയമായിക്കൂടി കാണണം.

ഇതിനെ പ്രതിരോധിക്കാതെ നിസ്സഹായരായി ബി.ജെ.പി നോക്കിനില്‍ക്കുകയാണെന്ന് കരുതേണ്ട. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'ബേട്ടി ബചാവോ , ബേട്ടി പഠാവോ' പ്രതികരണത്തെ ചൂണ്ടിക്കാട്ടി പെണ്‍കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ പ്രതിജ്ഞാബദ്ധരാണ് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയുമെന്നാണ് വാദം. എന്നാല്‍, ഇത്രയും വിവാദമായിട്ടും ആസിഫയുടെ ക്രൂരവധത്തെ അപലപിക്കാന്‍പോലും പ്രധാനമന്ത്രി തയ്യാറായില്ല എന്നാണ് എതിരാളികളുടെ ആക്ഷേപം.

http://www.azhimukham.com/trending-kathua-is-not-accidental-says-zacharia/

അതിനിടെ, ആസിഫ എന്ന ഇരയുടെ ചിത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ സാമൂഹികമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയുമായെത്തിയ ബി. ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വെട്ടിലായി. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ചിത്രം പ്രചരിപ്പിച്ച് കുമ്മനം ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് സോഷ്യല്‍മീഡിയയുടെ കുമ്മനം വിരുദ്ധ പൊങ്കാലയ്ക്കാധാരം. അതിനെക്കാള്‍ കുമ്മനത്തെ പ്രതിരോധത്തിലാക്കിയത് നടനും ബി.ജെ.പിയുടെ രാജ്യസഭാ എം.പിയുമായ സുരേഷ്‌ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ്. ആസിഫയോടുള്ള ക്രൂരതയെ അപലപിക്കുന്ന കുറിപ്പിനൊപ്പം ചിത്രവും സുരേഷ്‌ഗോപി ചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രിയായലും കുമ്മനമായാലും സുരേഷ്‌ഗോപിയായാലും സാമൂഹികമാദ്ധ്യമങ്ങളില്‍ പോസ്റ്റിടുന്നത് നേരിട്ടല്ല. ആസിഫ എന്ന പൊന്നോമനയുടെ ചിത്രം ലോകമാകെ പ്രചരിച്ചു എന്നതുശരിതന്നെ. പക്ഷെ, ഇത്തരം കേസുകളില്‍ ഇരയുടെ ചിത്രം പ്രചരിപ്പിക്കരുതെന്ന നിയമം അറിയാത്തവരാണ് നമ്മുടെ മുഖ്യമന്ത്രിയും എം പിയും നേതാക്കളും എന്നുവരുന്നത് എത്രത്തോളം നന്നാണെന്ന ചോദ്യവും പരിഹാസങ്ങള്‍ക്കപ്പുറം ഗൗരവകരമായി ഉയരുന്നുണ്ട്.

http://www.azhimukham.com/newsupdates-kathua-rape-kotak-mahindra-vishnu-nandakumar/

ത്രിപുരയിലും ബംഗാളിലും മാത്രമല്ല കേരളത്തിലും സി.പി.എം പ്രവര്‍ത്തകരും നേതാക്കളും പ്രതികളായ സ്ത്രീപീഡന കേസുകളുടെ ലിങ്കുകളിട്ട് സൈബര്‍ മേഖലയിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഇവരില്‍ എത്രപേരെ അറസ്റ്റുചെയ്യുന്നതിലും നടപടി എടുക്കുന്നതിലും മാത്രമല്ല കോടതിയില്‍ വക്കീലിനെ ഹാജരാകാന്‍ പോലും സമ്മതിക്കാതെ തങ്ങളാരെങ്കിലും എന്തെങ്കിലും ചെയ്‌തോ എന്ന ചുവപ്പുസേനയുടെ ചോദ്യത്തിന് ഇതുവരെ ഉത്തരമില്ല. രാഷ്ട്രീയം മാത്രം ആയുധമാക്കി സൈബര്‍പോരാട്ടം ചെങ്ങന്നൂരിലും കടുക്കുകയാണ്. വോട്ടെടുടുപ്പ് തീയതി ഇനിയും പ്രഖ്യാപിക്കാത്തത് തെരഞ്ഞെടുപ്പ് പ്രചാരണത്തെ തളര്‍ത്തിയെങ്കിലും കാശ്മീരിലെ വിഷയമാണ് ഇപ്പോള്‍ ചെങ്ങന്നൂരിനെ ചൂടുപിടിപ്പിക്കുന്നത്. രാജ്യത്തെ തന്നെ ഉലയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം ഏറ്റെടുക്കാതിരിക്കാന്‍ ചെങ്ങന്നൂരിനെന്നല്ല, ഒരു തെരഞ്ഞെടുപ്പിനും കഴിയില്ല തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

http://www.azhimukham.com/keralam-chengannoor-byelection-analysis-writes-kaantony/

http://www.azhimukham.com/newsupdates-vishnu-nandakumar-kotak-mahindra/

http://www.azhimukham.com/kathua-victim-case-filed-against-vishnu-nandakumar/


Next Story

Related Stories