Top

വിശ്വാസം, അതല്ലേ എല്ലാം; കറുത്തവരോടല്ല

വിശ്വാസം, അതല്ലേ എല്ലാം; കറുത്തവരോടല്ല
ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്കെതിരെ നടപടിയെടുത്ത് ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് ഗവണ്‍മെന്റിന്‍റെ ഉത്തരവാദിത്വമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുകയാണ്. മതം, വര്‍ഗം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാലും കേസെടുക്കണമെന്ന് ഈ ഉത്തരവില്‍ ആവശ്യപ്പെടുന്നു. ഇത്തരം സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. നാനാത്വത്തില്‍ ഏകത്വവും മതേതരത്വവുമാണ് ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നതെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടുന്നില്ല. തൊലിയുടെ നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും എന്തിന് ഭക്ഷണശൈലിയുടെ പേരില്‍ പോലും ഇവിടെ മനുഷ്യന്‍ ആക്രമിക്കപ്പെടുന്നു.

കേരളത്തില്‍ താരതമ്യേന ഇത്തരം സംഭവങ്ങള്‍ കുറവാണെങ്കിലും സമീപകാല സംഭവങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. കോട്ടയത്തെ ദുരഭിമാനക്കൊലപാതകവും കൊല്ലത്ത് കോഴിയെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നതുമെല്ലാം ഇക്കൂട്ടത്തിലെ സമീപകാല ഉദാഹരണങ്ങളാണ്. ബംഗാളിയായ തൊഴിലാളിയുടെ കൊലപാതകത്തെ ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകവുമായി മാത്രമാണ് താരതമ്യം ചെയ്യാനാകൂ. മണിക് റെ എന്ന തൊഴിലാളി നിരപരാധിയാണെന്ന് തെളിഞ്ഞപ്പോള്‍ 'അവന്‍ നല്ലവനാണെങ്കിലും ബംഗാളിയല്ലേ' എന്ന ചോദ്യം ഉയര്‍ന്നതും പ്രബുദ്ധത അവകാശപ്പെടുന്ന മലയാളിയില്‍ നിന്നാണ്. അറിഞ്ഞോ അറിയാതെയോ വിവിധ തരത്തിലുള്ള മാധ്യമങ്ങള്‍ ഈ മനോഭാവത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. സമീപകാലത്ത് പുറത്തിറങ്ങിയ കല്യാണ്‍ ജ്വല്ലറിയുടെ പരസ്യം ഈ സാഹചര്യത്തില്‍ പരിശോധിക്കേണ്ടതുണ്ട്. അമിതാ ബച്ചന്‍ മകള്‍ ശ്വേതാ ബച്ചനെ അഭിനയത്തിലേക്ക് എത്തിക്കുന്നുവെന്ന് കാണിച്ച് ഈ പരസ്യത്തിന് വന്‍ പ്രചാരമാണ് നടത്തികൊണ്ടിരിക്കുന്നത്

ഒരു ബാങ്കിന് മുന്നില്‍ കാറില്‍ വന്നിറങ്ങുന്ന അവശനായ അച്ഛനും മകളുമാണ് ഈ പരസ്യ ചിത്രത്തിലെ കഥാപാത്രങ്ങള്‍. കല്യാണിന്റെ പഴയ പരസ്യമായ 'വിശ്വാസം, അതല്ലേ എല്ലാം' എന്നതിന്റെ പുതിയ രൂപമാണ് ഈ പരസ്യവും. അലസരും ഉത്തരവാദിത്വ ബോധമില്ലാത്തവരുമായാണ് ബാങ്ക് ജീവനക്കാരെ ചിത്രീകരിച്ചിരിക്കുന്നത്. ബാങ്ക് മാനേജരെയാകട്ടെ സത്യസന്ധതയില്ലാത്ത വ്യക്തിയായും. അറിഞ്ഞോ അറിയാതെയോ പരസ്യനിര്‍മ്മാതാക്കള്‍ ഈ കഥാപാത്രങ്ങളെയെല്ലാം കറുത്ത തൊലിനിറമുള്ളവരാക്കിയിരിക്കുന്നു. തന്റെ അക്കൗണ്ടില്‍ അധികമായി ക്രെഡിറ്റ് ചെയ്യപ്പെട്ട പെന്‍ഷന്‍ തുക മടക്കി നല്‍കാനാണ് വെളുത്തവരായ അച്ഛനും മകളും എത്തിയിരിക്കുന്നത്. അത് ഇനി തിരിച്ചടയ്ക്കുന്നതിന് ധാരാളം പ്രക്രിയകള്‍ ആവശ്യമാണെന്നും ആരും ഇത് അറിയാന്‍ പോകുന്നില്ലെന്നും പറഞ്ഞ് ബാങ്കിനെ പറ്റിക്കാനാണ് കറുത്തവനായ മാനേജരുടെ ഉപദേശം. എന്നാല്‍ ഇത് തനിക്കറിയാമെന്നും അതിനാല്‍ പണം തിരിച്ചെടുക്കണമെന്നുമാണ് വൃദ്ധന്റെ സത്യസന്ധമായ നിലപാട്. ഇതോടെ മാനേജര്‍ വഴങ്ങുകയും പണം തിരിച്ചെടുക്കാനുള്ള പ്രക്രിയ ആരംഭിക്കുകയും ചെയ്യുന്നു.ഈ വിഷയത്തില്‍ പ്രമുഖ എഴുത്തുകാരന്‍ ജി പി രാമചന്ദ്രന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.'തൃശ്ശൂര്‍ കേന്ദ്രമായി ഇന്ത്യക്കകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ഒരു സ്വര്‍ണാഭരണ വിപണന ശൃംഖലയുടേതായി ഒരു പരസ്യം യുട്യൂബിലൂടെ പ്രചരിക്കുന്നുണ്ട്. ബാങ്ക് ജീവനക്കാര്‍ സത്യസന്ധതയില്ലാത്തവരാണെന്നും സ്ഥാപനത്തോടും സര്‍ക്കാരിനോടും സമൂഹത്തോടും കൂറില്ലാത്തവരാണെന്നും വരുത്തിത്തീര്‍ക്കുന്ന ആവിഷ്‌ക്കാരമാണീ പരസ്യത്തിലുള്ളത്. ഹിന്ദിയിലെയും മലയാളത്തിലേയും പ്രമുഖ താരങ്ങളാണ് അഭിനയിക്കുന്നത്. നെഗറ്റിവ് ക്യാംപയിനിലൂടെ ഇതേ ജൂവല്ലറിക്കും നടീ നടന്മാര്‍ക്കും പ്രചാരം കൊടുക്കാന്‍ ഉദ്ദേശമില്ലാത്തതിനാല്‍ അവരുടെ പേരോ യു ട്യൂബ് ലിങ്കോ ഇടാന്‍ ഉദ്ദേശിക്കുന്നില്ല. ജീവിത ദുരിതങ്ങളുടെ ഭാഗമായി രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസംതൃപ്തി ബാങ്ക് ജീവനക്കാര്‍, കറുത്ത തൊലി നിറമുള്ളവര്‍, മറ്റു സംസ്ഥാനക്കാര്‍, കേറിക്കിടക്കാന്‍ ഇടമില്ലാത്തതിനാല്‍ തെരുവില്‍ ഉറങ്ങുന്നവര്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കെതിരെ തിരിച്ചു വിടാനുള്ള കോര്‍പ്പറേറ്റുകളുടെയും ഭരണവര്‍ഗ്ഗത്തിന്റെയും തന്ത്രങ്ങളാണിതിന് പിന്നിലെന്ന് വ്യക്തമാണ്. വാട്‌സാപ്പിലൂടെ സ്വയം ഒത്തുകൂടി ആള്‍ക്കൂട്ട കൊല നടത്തുന്നത് മുതല്‍, എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ബാങ്ക് ജീവനക്കാരാണെന്ന് പ്രചരിപ്പിക്കുന്ന മനോഭാവം വരെ രാജ്യദ്രോഹപരമായ നീക്കങ്ങളാണ് ഫാസ്സിസ്റ്റുകള്‍ നടത്തിവരുന്നത്. സ്വര്‍ ണത്തില്‍ പൊതിഞ്ഞ ഈ പൊതികള്‍ തെരുവിലെന്നതു പോലെ വീടകത്തും കടത്താതിരിക്കുന്നതാണ് സംസ്‌കാരത്തിന്റെയും മനുഷ്യരുടെയും ആരോഗ്യത്തിന് മെച്ചം.' എന്നാണ് അദ്ധേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

https://www.azhimukham.com/akshaya-tritiya-gold-purchase-kalyan-jewellery-manju-warrier-amitabh-bachchan-kayana-raman/

എത്രയൊക്കെ പ്രബുദ്ധത അവകാശപ്പെട്ടാലും മനുഷ്യന്റെ ഉള്ളിന്റെയുള്ളില്‍ തികട്ടി നില്‍ക്കുന്ന സങ്കുചിത ചിന്തയുടെ മലയാള വേര്‍ഷനായി മാത്രമേ ഈ പരസ്യ ചിത്രത്തെ കാണാനാകൂ. കറുത്തവരെല്ലാം മോശം പ്രവര്‍ത്തി ചെയ്യുന്നവരാണ്, അല്ലെങ്കില്‍ മോശം പ്രവര്‍ത്തി ചെയ്യുന്നവരെല്ലാം കറുത്തവരാണ് എന്ന മനോഭാവമാണ് അത്. തട്ടുപൊളിപ്പന്‍ പടമായ ആക്ഷന്‍ ഹീറോ ബിജു മുതല്‍ സജിന്‍ ബാബു സംവിധാനം ചെയ്ത 'അയാള്‍ ശശി' എന്ന ഓഫ് ബീറ്റ് സിനിമയില്‍ വരെ ഇത് കാണം. രമ്യ വത്സല എന്ന കറുത്ത നിറമുള്ള നടിയുടെ കഥാപാത്രം വാറ്റുചാരായപ്പുരയിലെ വിളമ്പലുകാരിയാണ്. 'വാറ്റുപുരയില്‍ നില്‍ക്കുന്നവരെല്ലാം കറുത്തവരാണോ?' എന്ന വിമര്‍ശനം അന്നേ ഉയര്‍ന്നതാണ്. രമ്യ ഇത്തരമൊരു ചിന്താഗതിയെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് പിന്നീട് പറഞ്ഞിട്ടുണ്ട്.  ഒരുപക്ഷെ സജിന്‍ ബാബുവും ഇതേക്കുറിച്ച് ആഴത്തില്‍ ചിന്തിച്ചിട്ടുണ്ടാകില്ല. എന്നാല്‍ മനുഷ്യന്റെ മനസില്‍ ആഴ്ന്നിറങ്ങിയിരിക്കുന്ന മനോഭാവത്തിന്റെ പ്രതിഫലനമാണ് ഇതെന്ന് പറയാതെ വയ്യ.

ഈ മനോഭാവത്തെ തെരുവില്‍ നിന്നും വീടുകളിലെ സ്വീകരണ മുറികളിലെത്തിക്കുകയാണ് കല്യാണ്‍ ജ്വല്ലറിയുടെ പരസ്യം. ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ വളം വിവേചനമാണെന്ന് കൂടി കണക്കാക്കുമ്പോള്‍ വിവേചനത്തിന് കുടുംബങ്ങള്‍ക്കുള്ളില്‍ അടിത്തറയിടുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് പറയേണ്ടി വരും.

https://www.azhimukham.com/amithab-bachan-had-dinner-with-kalyan-family-in-gold-plates-new-controversy/

https://www.azhimukham.com/sales-girls-strike-kalyan-sarees-thrissur-irippu-samaram/

Next Story

Related Stories