സിനിമ

കരുണാനിധി-എംജിആര്‍ വൈരം; നഷ്ടം മോഹന്‍ലാലിന്; സിനിമാ ചരിത്രത്തിലെ ഒരു ‘പ്രതികാര’ കഥ

മണിരത്നത്തിന്റെ ആനന്ദം ഇരുവര്‍ ആയതെങ്ങനെ?

അണ്ണാദുരൈയുടെ മരണശേഷം കരുണാനിധി മുഖ്യമന്ത്രിയായപ്പോൾ ട്രഷറർ‌ സ്ഥാനത്തേക്കെത്തിയത് എംജിആറായിരുന്നു. ഈ കാലത്ത് ആണ് ഇരുവരും തമ്മിലുള്ള അസ്വാരസ്യം കൂടുതൽ കടുത്തതായിത്തീർന്നു. എംജിആറിന്റെ ജനസമ്മതി കരുണാനിധിയെ അസ്വസ്ഥനാക്കിയിരുന്നു. തന്റെ മകൻ എംകെ മുത്തുവിനെ സിനിമയിൽ എംജിആറിന്റെ എതിരാളിയായി അവതരിപ്പിക്കാൻ കരുണാനിധി നടത്തിയ ശ്രമങ്ങൾ ഇതിനു തെളിവാണ്. എംജിആറിന്റെ ഉടുപ്പും നടപ്പും ഹെയർ സ്റ്റൈലുമെല്ലാം അനുകരിച്ച് മുത്തുവിന്റെ നിരവധി സിനിമകൾ പുറത്തിറങ്ങി. ഇതെല്ലാം പക്ഷെ, എംജിആറിന്റെ ജനസമ്മതി കൂട്ടുകയാണ് ചെയ്തത്. 67ൽ എംആർ രാധയിൽ നിന്ന് വെടിയേറ്റതിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ അമ്പതിനായിരത്തിലധികം ആരാധകരാണ് ആശുപത്രിക്കരിക്കിൽ തടിച്ചുകൂടിയത്. ആശുപത്രിക്കിടക്കയിൽ നിന്നു തന്നെ അസംബ്ലി തെരഞ്ഞെടുപ്പിൽ എംജിആർ മത്സരിച്ച് എതിരാളിയായ കോൺഗ്രസ്സ് സ്ഥാനാർത്ഥിയെക്കാൾ രണ്ടിരട്ടി വോട്ടുകൾക്ക് ജയിക്കുകയും ചെയ്തു. ഇതെല്ലാം കരുണാനിധിയെ അക്ഷരാർത്ഥത്തിൽ രാഷ്ട്രീയ മനോവിഷമത്തിലാക്കിയ സംഭവങ്ങളായിരുന്നു. പാർട്ടിയിൽ തന്നെ മൂലക്കിരുത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ എംജിആർ തിരിച്ചടിക്ക് കോപ്പു കൂട്ടി.

കരുണാനിധിക്കെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി എംജിആർ രംഗത്തെത്തി. പാർട്ടിയിലെ നേതാക്കളെല്ലാം തങ്ങളുടെ സ്വത്തുവിവരം പരസ്യപ്പെടുത്തണമെന്ന് എംജിആർ ഒരു പൊതുപരിപാടിയിൽ വെച്ച് ആവശ്യപ്പെട്ടു. ഇതെത്തുടർന്ന് എംജിആർ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. കരുണാനിധിയുടെ വഴിക്കാണ് ഇതുവരെയും കാര്യങ്ങൾ നീങ്ങിയത്. കരുണാനിധി ഇനിയുള്ള കാലത്ത് തനിക്കുള്ള പ്രധാന എതിരാളിയെ സൃഷ്ടിച്ചെടുക്കുകയായിരുന്നു എംജിആറുമായുള്ള പിണക്കം വഴി എന്നു വായിക്കുന്നതായിരിക്കും ശരി. എം ജി ആർ മരണത്തിനു കീഴടങ്ങുമ്പോഴാകട്ടെ കരുണാനിധിക്കൊത്ത ഒരു എതിരാളിയെ തമിഴ് മണ്ണിൽ ബാക്കി വെച്ചാണ് മടങ്ങിയതെന്നതിനു കാലം സാക്ഷി ആയി. കരുണാനിധിക്ക് എം ജി ആറിനോടുള്ള പക തിരിച്ചറിയണം എങ്കിൽ ‘ഇരുവർ’ എന്ന ചിത്രത്തിന് എന്ന് സംഭവിച്ചു എന്ന് പരിശോധിച്ചാൽ മതിയാകും. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ബയോപിക്കുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ചിത്രം ആണ് ഇരുവർ. മണിരത്നത്തിന്റെ ഏറ്റവും ബ്രില്യന്റ് ആയ സിനിമ

1995 ഒക്ടോബറില്‍ മണിരത്നം ഒരു പുതിയ ചിത്രം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍, ആനന്ദന്‍ എന്ന് പേരുള്ള നായകനായി അഭിനയിക്കുന്ന ആ ചിത്രത്തിന് ആനന്ദം എന്നായിരുന്നു പേര്. തമിഴകത്തിന്‍റെ എക്കാലത്തെയും നായകനായ എം ജി ആറിന്‍റെ ജീവിതമാണ്‌ ഈ സിനിമക്ക് ആധാരം എന്നും മണിരത്നം അറിയിച്ചു. എന്നാല്‍, 1997-ല്‍ ഈ ചിത്രം റിലീസ് ആയപ്പോള്‍ ഇരുവര്‍ എന്നായിരുന്നു അതിന്‍റെ പേര്. എം ജി ആറിന്‍റെ ജീവിതമായിരുന്നില്ല പകരം എം ജി ആറും കരുണാനിധിയും – ചിത്രത്തില്‍ ആനന്ദനും, തമിഴ് ശെല്‍വനും – തമ്മിലുള്ള ബന്ധമായി കഥാതന്തു.

ഇടയില്‍ എന്താണ് സംഭവിച്ചത്?

1996 -ല്‍ തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. ജയലളിതയെ തോല്‍പ്പിച്ച് കരുണാനിധി അധികാരത്തില്‍ വന്നു. ഈ സമയം സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയായിരുന്നു. താന്‍ കൂടി കഥാപാത്രമായി വരുന്ന സിനിമയുടെ കഥയില്‍ കരുണാനിധി ഇടപെട്ടു. ആനന്ദന്‍റെ കഥയില്‍ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായി തമിഴ് ശെല്‍വന്‍ മാറി. സിനിമയുടെ പേര് പോലും മാറ്റാന്‍ സംവിധായകന്‍ നിര്‍ബന്ധിതനായി. ആനന്ദന്‍റെ കഥ രണ്ടുപേരുടെ കഥയായി. കരുണാനിധിയുടെ വ്യക്തിത്വത്തിലെ കറുത്ത പാടുകള്‍ വെള്ള പൂശാന്‍ മണിരത്നത്തിന്‍റെ മേല്‍ ഉണ്ടായ സമ്മര്‍ദ്ദം അതിജീവിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഐശ്വര്യ റായി അവതരിപ്പിച്ച കല്‍പ്പന എന്ന കഥാപാത്രത്തെ വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു, സംവിധായകന്. തമിഴ്നാട്‌ രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായി വളരുന്നതായി വിഭാവനം ചെയ്യപ്പെട്ടിരുന്ന കല്‍പ്പന ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതായി ചിത്രീകരിച്ച് സംവിധായകന്‍ കരുണാനിധിക്ക് കീഴടങ്ങി.

ദേശീയ അവാര്‍ഡ് നിര്‍ണ്ണയത്തിലും കരുണാനിധിയുടെ ഇടപെടല്‍ ഉണ്ടായി. അക്കാലത്ത് കേന്ദ്രം ഭരിച്ചിരുന്നത് ദുര്‍ബ്ബലമായ ഒരു സര്‍ക്കാര്‍ ആയിരുന്നു. നാലു പ്രധാനമന്ത്രിമാര്‍ ആണ് ആ വര്‍ഷം ഇന്ത്യ ഭരിച്ചത്. തൊട്ടു മുന്‍ വര്‍ഷം കമലാഹാസന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചതിനാല്‍ ഈ വര്‍ഷം തമിഴിനെ പ്രസ്തുത അവാര്‍ഡിന് പരിഗണിക്കേണ്ട എന്ന തന്ത്രപൂര്‍വമായ നിലപാടിലൂടെ എം ജി ആര്‍ ആയി അഭിനയിച്ച നടന് അവാര്‍ഡ് ലഭിക്കില്ലാ എന്ന് കരുണാനിധി ഉറപ്പു വരുത്തി.

എം ജി ആര്‍ മരിച്ച് 13 വര്‍ഷങ്ങള്‍ക്കു ശേഷവും മലയാളിയായ എം ജി ആറിനോട്‌ കരുണാനിധി വച്ചുപുലര്‍ത്തിയ ആ പകയുടെ ഗുണഭോക്താക്കള്‍ രണ്ടു മലയാളികള്‍ ആയിരുന്നു എന്നതാണ് കാവ്യനീതി. ബാലചന്ദ്രമേനോനും, സുരേഷ് ഗോപിയും ആ വര്‍ഷത്തെ മികച്ച നടന്മാരായി.

സജികുമാര്‍ ജി

സജികുമാര്‍ ജി

എല്‍ ഐ സിയില്‍ ഉദ്യോഗസ്ഥന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍