UPDATES

വിപണി/സാമ്പത്തികം

കോലാഹലങ്ങൾക്കിടയിലും ചെങ്ങന്നൂർ തഹസിൽദാറെ സസ്‌പെൻഡ് ചെയ്യാൻ മാത്രം നിര്‍ഭാഗ്യവാന്മാരായ ജനമാണ് നമ്മൾ

വീടുകളുടെ നഷ്ടം പോലെത്തന്നെയാണ് നാട്ടിന്റെ ഇക്കണോമി മുൻപോട്ട് കൊണ്ടുപോകുന്ന കൃഷിയുടെയും വ്യവസായങ്ങളുടെയും അവസ്‌ഥ

വീടുകളുടെ നഷ്ടം പോലെത്തന്നെയാണ് നാട്ടിന്റെ ഇക്കണോമി മുൻപോട്ട് കൊണ്ടുപോകുന്ന കൃഷിയുടെയും വ്യവസായങ്ങളുടെയും അവസ്‌ഥ. ഉദാഹരണത്തിന് എറണാകുളം ജില്ലയിലെ മിക്കവാറും കൃഷി-ചെറുകിട-ഇടത്തരം വ്യവസായങ്ങൾ പാടെ തുടച്ചുനീക്കപ്പെടും എന്ന അവസ്‌ഥയുണ്ട്. പെരുമ്പാവൂരെ പ്ലൈവുഡ് കമ്പനികളിൽ മുക്കാലേ മുണ്ടാണിയും വെള്ളത്തിലായി. അസംസ്കൃത വസ്തുക്കൾ, ഫിനിഷ്ഡ് പ്രോഡക്ട്, മെഷീനറി എന്നിവയ്ക്കെല്ലാം വലിയ നാശനഷ്ടം നേരിട്ടു. കാലടിയിലെ അരിമില്ലുകളുടെ കാര്യം ഇതുപോലെ. കുന്നുകര എന്ന ക്ഷീര ഗ്രാമത്തിൽ ഇനി നാൽക്കാലികളില്ലാത്ത അവസ്‌ഥയെത്തി. ചേന്ദമംഗലം കൈത്തറി എന്ന കേരളത്തിന്റെ ഒരു സവിശേഷ ഉൽപ്പന്നം ഇല്ലാതാകുന്ന അവസ്‌ഥയാണ്‌.

ഇതുതന്നെ ആയിരിക്കും മറ്റു ജില്ലകളിലെയും അവസ്‌ഥ.

വീടുകൾ പുനരുദ്ധരിക്കാൻ സർക്കാർ ഇതിനകം പദ്ധതി തയ്യാറാക്കിത്തുടങ്ങി. ഉദ്യോഗസ്‌ഥ നൂലാമാലകളില്ലാതെ കഴിയുന്നിടത്തോളം എളുപ്പത്തിൽ എത്രയും വേഗം അത് ചെത്തുതീർത്തു മനുഷ്യരെ അവരവരുടെ വീടുകളിൽ സമാധാനമായി കിടത്താനുള്ള മാർഗ്ഗ രേഖ സർക്കാറുണ്ടാക്കണം.

അതുപോലെത്തന്നെ പ്രധാനമാണ് കൃഷി-വ്യവസായങ്ങളെ പുനരുദ്ധരിക്കാനുള്ള പദ്ധതിയും. കാരണം വീട് ശരിയാക്കിയെടുക്കുക എന്നത് വളരെ പ്രാഥമികമായ കാര്യമാണ്. അതിനുശേഷം പഴയ ജീവിതത്തിലേക്ക് എത്തിപ്പെടണമെങ്കിൽ സമ്പദ്‌വ്യവസ്‌ഥ ചലിച്ചുതുടങ്ങണം. അതിനു വലിയ സഹായം വേണ്ടിവരും. വ്യവസായങ്ങൾക്കും കൃഷിയ്ക്കും വായ്പ്പകൾക്കു തത്കാലം മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. അത് നല്ലത്. പക്ഷെ അത് പോര. പുതിയ വായ്‌പകൾ പലിശനിരക്ക് കുറച്ചു കൊടുക്കണം. പറ്റുമെങ്കിൽ പുതിയ നിക്ഷേപത്തിന് അവരെ പ്രേരിപ്പിക്കണം. അവരാരും നിർത്തിപ്പോകരുത്; കൃഷിയിലേക്കും വ്യവസായത്തിലേക്കും തിരിച്ചുവരിക എന്നത് അവരുടെ മാത്രം ആവശ്യമല്ല, നാടിന്റെ ആവശ്യമാണ് എന്ന നിലയിൽത്തന്നെ കാണണം.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു: തകർന്നത് അതേപടി പുനർസൃഷ്ടിക്കുകയല്ല സർക്കാരിന്റെ പദ്ധതി; നവീകരിക്കുക എന്നതുകൂടെയാണ്. അദ്ദേഹത്തിൻറെ ശ്രദ്ധയിലേക്ക് പ്ലൈവുഡ് വ്യവസായത്തിന്റെ കാര്യം ഞാൻ ക്ഷണിക്കുന്നു. വളരെ സാധാരണമായി തുടങ്ങികഴിഞ്ഞ പത്തുപതിനഞ്ചു കൊല്ലത്തിനിടയിൽ വളർന്ന ഒന്നാണ് ഇത് പെരുമ്പാവൂരിൽ. അസംസ്കൃത വസ്തുക്കളുടെയോ ഉലപന്നങ്ങളുടെയോ ഗുണനിലവാരത്തിലോ ഉല്പ്പാദന പ്രക്രിയയുടെ കാര്യത്തിലോ പ്രത്യേകിച്ച് നിഷ്കര്‍ഷയെന്തെങ്കിലും ഉള്ളതായി കണ്ടിട്ടില്ല. മാലിന്യ നിർമ്മാർജ്ജനത്തിൽ അംഗീകരിക്കാനാവാത്ത കാര്യങ്ങളാണ് മിക്കവാറും കമ്പനികൾ ചെയ്തുകൊണ്ടിരുന്നത്.

ആ വ്യവസായം നവീകരിക്കാനുള്ള സന്ദർഭമായി ഇത് കാണണം. പുതിയ പ്രോജൿറ്റ് റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോൾ പൊല്യൂഷൻ കൺട്രോൾ കാര്യത്തിൽ ആവശ്യമായ മുതൽമുടക്ക് നിർബന്ധമാക്കണം. ഏതു ഗ്രെയ്‌ഡിലുള്ള ഉൽപ്പന്നം എന്ന് കമ്പനികൾക്ക് തീരുമാനിക്കാം, പക്ഷെ അതിനുള്ള ടെക്‌നോളജി ഏറ്റവും നന്നായിരിക്കണം. ഇത് ഏതു വ്യവസായത്തിലും കൃഷിയിലും ബാധകമാണ് താനും. ഏറ്റവും നല്ല ലോക മാതൃകകൾ കേരളത്തിലെത്താനുള്ള അവസരമായി ഇത് പ്രയോജനപ്പടുത്തണം.

***
കേന്ദ്രസർക്കാർ സഹായം എത്ര എന്ന കാര്യത്തിൽ ചർച്ചയും തർക്കവും തുടരട്ടെ, അല്ലെങ്കിൽ നമ്മൾ മലയാളികൾ എന്ന് പറയുന്നതിൽ എന്ത് കാര്യം; എനിക്ക് പക്ഷെ ഒരു കാര്യം ഉറപ്പായും പറയാൻ പറ്റും: കേരളത്തിലെ ഉദ്യോഗസ്‌ഥന്മാരുടെ പതിവ് പരിപാടി തുടർന്നാൽ അഞ്ചുപൈസ കേന്ദ്രത്തിൽനിന്ന് കിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ബ്യൂറോക്രസി സംസ്‌ഥാനത്തേതിലേക്കാൾ വളരെക്കൂടുതൽ പ്രൊഫഷണലാണ് എന്നാണ് അവിടെ പല തലങ്ങളിൽ ജോലി ചെയ്ത ഉദ്യോഗസ്‌ഥർ പറഞ്ഞുകേൾക്കുന്നത്. കൊട്ടത്താപ്പ് കണക്കും ആർക്കും നിശ്ചയമില്ലാത്ത പ്രോജക്റ്റ് റിപ്പോർട്ടും കൊണ്ടുചെന്നു കൊടുത്താൽ അവരത് കൊട്ടയിലിടും. 1800 കോടി രൂപയുടെ കുട്ടനാട് പാക്കേജ് കഴിഞ്ഞ യു പി എ സർക്കാർ അനുവദിച്ചതാണ്. അതിനാവശ്യമായ പദ്ധതികൾക്ക് രൂപരേഖ സമർപ്പിക്കേണ്ട അവസാന ദിവസം പണ്ടെന്നോ ഉണ്ടാക്കിയ കുറെ രേഖകളുമായി കേരളത്തിലെ ഉദ്യോഗസ്‌ഥൻ ഡൽഹിയ്ക്ക് പറന്നു, അവർ ആളെ അടുത്ത വിമാനത്തിന് തിരിച്ചയച്ചു. (നടന്ന കാര്യമാണ്; അറിയാവുന്നവർക്ക് അറിയാം).

ഇതൊന്നും ഇനി നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ സർക്കാർ, പ്രത്യേകിച്ച് മന്ത്രിമാർ തയ്യാറാകണം. കുട്ടനാട് പാക്കേജിന്റെ കാര്യത്തിൽ കേന്ദ്രം എന്തുകൊണ്ട് ഒരു നോഡൽ ഓഫീസറെ വയ്ക്കുന്നില്ല എന്നാണ് അന്ന് കൃഷിമന്ത്രിയായിരുന്ന മുല്ലക്കര രത്നാകരൻ ചോദിച്ചത്, അല്ലാതെ കേരളത്തിന് കിട്ടിയ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നിന്, അതും അനുകൂല കരാഷ്ട്രീയ കാലാവസ്‌ഥയും എം എസ് സ്വാമിനാഥന്റെ പിന്തുണയും ഉണ്ടായിട്ടും, ഒരു സീനിയർ ഐ എ എസ് ഉദ്യോഗസ്‌ഥനെ നമ്മൾക്കു വയ്ക്കാം എന്നാ ബോധം സംസ്‌ഥാനത്തിന്‌ ഉണ്ടായില്ല.

മിനിയാന്ന് സംസ്‌ഥാന ക്ഷീര വികസന വകുപ്പിന്റെ ഉദ്യോഗസ്‌ഥർ കുന്നുകരയിൽ ഉണ്ടായിരുന്നു; ഒപ്പം നാഷണൽ ഡയറി ഡവലപ്പ്മെന്റ് ബോർഡിന്റെ ഉദ്യോഗസ്‌ഥരും. ഓർക്കണം; പ്രളയം വന്നു മൂന്നാം നാൾ കേന്ദ്ര ഉദ്യോഗസ്‌ഥർ കുന്നുകരയിലെത്തി. സംസ്‌ഥാനം മാത്രം കൂട്ടിയാൽ കൂടുന്നതല്ല കുന്നുകരയുടെ നഷ്ടം എന്നിരിക്കെ, എൻ ഡി ഡി ബി യുമായി കൂടിയാലോചിച്ച് കുന്നുകരയെ പഴയതിലും മെച്ചമായി ക്ഷീരഗ്രാമമായി പുനര്‍നിര്‍മ്മിക്കാനുള്ള പാക്കേജ് അർപ്പണബുദ്ധിയോടെ സംസ്ഥാനം തയ്യാറാക്കണം; പെരുമ്പാവൂരിലെയും ചേന്ദമംഗലത്തെയും കാലടിയിലെയും വ്യവസായങ്ങളുടെ കാര്യത്തിൽ അതുവേണം; കുമരകത്തെയും വയനാട്ടിലെയും മൂന്നാറിലെയും ടൂറിസം പ്രോജക്ടുകളുടെ കാര്യത്തിൽ അത് വേണം.

കഴിഞ്ഞ ദിവസം പന്തളം ടൗണിന്റെ ചിത്രം കണ്ടിരുന്നു. രണ്ടു വശത്തും നിരനിരയായ് കടകൾ; നടുക്കുകൂടെ ഒരു പുഴ. ആ കടകളിൽ ഉള്ള സാധനങ്ങളിൽ മിക്കതും നശിച്ചിരിക്കണം. ഇതുതന്നെ ആയിരിക്കും കേരളത്തിലെ ഒട്ടേറെ ചെറുപട്ടണങ്ങളുടെയും അവിടത്തെ വ്യാപാരി വ്യവസായികളുടെയും അവസ്‌ഥ. ആ കടക്കാർക്കു കച്ചവടത്തിലേക്കു തിരിച്ചുവരാൻ ആവശ്യമായ കാര്യം സർക്കാർ ചെയ്യണം. അവർ നിർത്തിപ്പോയാൽ ചെറിയ നഷ്ടമല്ല: അവരുടെ കുടുംബങ്ങൾ മാത്രമല്ല, അവിടത്തെ തൊഴിലാളികളും അവിടത്തെ സമ്പദ് വ്യവസ്‌ഥയും തകരും.

ഓരോ സ്‌ഥലത്തും പ്രളയം ഇക്കണോമിയെ എങ്ങിനെ ബാധിച്ചു എന്ന് കണ്ടെത്തി പുനരുദ്ധരിക്കാനുള്ള പദ്ധതിയുണ്ടാക്കണം. അതിനായി കേന്ദ്ര സഹായവും ചോദിക്കണം. എന്നിട്ടു പണം കിട്ടിയില്ലെങ്കിൽ മാത്രമേ അടുത്ത രാഷ്ട്രീയ നടപടിയെപ്പറ്റി ആലോചിക്കേണ്ടതുള്ളൂ

ഇപ്പോൾത്തന്നെ പ്രധാനമന്ത്രി താൽക്കാലിക ദുരിതാശ്വാസം പ്രഖ്യാപിച്ചപ്പോൾ ഒട്ടേറെ പദ്ധതികൾ പ്രഖ്യാപിക്കുകയുണ്ടായി. അതെല്ലാം ഓരോ കേന്ദ്ര പദ്ധതികളാണ്. അതിനു ചേർന്നുപോകത്തക്കവിധം പദ്ധതികൾ ഉണ്ടാക്കി സമർപ്പിക്കാൻ നമുക്ക് പറ്റേണ്ടതുണ്ട്.

മറ്റു എതിർപ്പുകൾ നിലനിർത്തിത്തന്നെ പറയുന്നു; കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ സമയത്തു ഇക്കാര്യം മനസ്സിലായ മന്ത്രിമാരിൽ ഒരാൾ എളമരം കരീം ആയിരുന്നു. കേന്ദ്ര സ്‌കീമുകൾ മനസിലാക്കാനും കോർഡിനേറ്റ് ചെയ്യാനും മാത്രമായി ഒരുദ്യോഗസ്‌ഥനെ നിയമിക്കും എന്ന് അദ്ദേഹം അധികാരമേറ്റെടുത്ത ഉടനെ പറഞ്ഞിരുന്നു. അങ്ങിനെ ഒരു നിയമനം പക്ഷെ നടന്നതായി അറിയില്ല; പക്ഷെ കേന്ദ്രവുമായി ചേർന്ന് കേരളത്തിലെ പൊതുമേഖലയിൽ വലിയ വികസന പദ്ധതികൾ അദ്ദേഹം ആരംഭിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം രാജ്യസഭാ അംഗമായി ഡൽഹിയിലുണ്ട്. കേന്ദ്രപദ്ധതികൾക്കു പാകപ്പെട്ട വിധത്തിൽ സംസ്‌ഥാന പദ്ധതികൾക്കു രൂപം കൊടുക്കാനും അത് നടത്തിച്ചെടുക്കാനും അദ്ദേഹത്തിൻറെ അനുഭവപരിചയം സർക്കാർ ഉപയോഗിക്കണം എന്ന് ഞാൻ പറയും.

അതുപോലെതന്നെ ഈ അവസരത്തിൽ സംസ്‌ഥാനത്തിന്റെ ഡൽഹിയിലെ റസിഡന്റ് കമ്മീഷണറുടെ ജോലിയ്ക്കു സംസ്‌ഥാനത്തോട് ഉത്തരവാദിത്തമുള്ള ഏതെങ്കിലും ഐ എ എസ് ഉദ്യോഗസ്‌ഥനെ വയ്ക്കാനും സർക്കാർ ശ്രദ്ധിക്കണം. (ഇപ്പോഴുള്ള ആൾ ആരാണ് എന്നെനിക്കറിയില്ല). ഒരു സംസ്‌ഥാനം അതിന്റെ പുനര്‍നിര്‍മ്മാണത്തിനു ഒരുങ്ങുമ്പോൾ വലിയ സഹായം കേന്ദ്രത്തിൽനിന്ന് കിട്ടാനുണ്ട്. പദവിയും പത്രാസും കാത്തുസൂക്ഷിച്ചു വൈകുന്നേരം ഗോൾഫ് കളിക്കാൻ സൗകര്യപ്പെടുന്ന പണി നോക്കി നടക്കുന്ന ഗോസായിയെ അല്ല, മന്ത്രാലയങ്ങൾ കയറിയിറങ്ങി കാര്യം നടത്തിയെടുക്കാൻ പ്രതിജ്ഞാബദ്ധനായ ഒരാളാണ് അവിടെയുള്ളത് എന്ന് സർക്കാർ ഉറപ്പാക്കേണ്ടതുണ്ട്.

എന്നുവച്ചാൽ, നമ്മുടെ നാടിന്‍റെ പുനര്‍നിര്‍മ്മാണത്തിനാവശ്യമായ കാര്യങ്ങൾ ഭാവാത്മകമായി രൂപപ്പെടുത്തിയെടുക്കുക എന്നതുപോലെത്തന്നെ പ്രധാനമാണ് സംസ്‌ഥാനത്തിന്റെ ഉദ്യോഗസ്‌ഥവൃന്ദത്തെക്കൊണ്ടു പണിയെടുപ്പിക്കുക എന്നതു കൂടി. രണ്ടും ഒരുപോലെ കൊണ്ടുപോകാൻ കഴിഞ്ഞില്ലെങ്കിൽ നമ്മൾ ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതെ പോകും. കഴിഞ്ഞ നാളുകളിൽ കേരളത്തിലെ ഉദ്യോഗസ്‌ഥന്മാർ പൊതുവെ കാണിച്ച ഉത്സാഹം നിലനിർത്താൻ പറ്റിയാൽ കാര്യങ്ങൾ നടക്കേണ്ടതാണ്. എന്നാലും ഈ കോലാഹലങ്ങൾക്കിടയിലും ചെങ്ങന്നൂർ തഹസിൽദാറെ സസ്‌പെൻഡ് ചെയ്യാൻ മാത്രം നിര്‍ഭാഗ്യവാന്മാരായ ജനമാണ് നമ്മൾ.

വളരെ വലിയ ഉത്തരവാദിത്തമാണ്.
വളരെ വലിയ വെല്ലുവിളിയാണ്.
വളരെ വലിയ അവസരവുമാണ്.

കെ ജെ ജേക്കബ് ഫെയ്സ്ബുക്കില്‍ എഴുതിയത്

കെജെ ജേക്കബ്

കെജെ ജേക്കബ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍