TopTop
Begin typing your search above and press return to search.

മഴ രണ്ടു ദിവസം കൂടി പെയ്യുമെങ്കിലും തീവ്രമായേക്കില്ല; 99-ന്റെ ഓര്‍മയില്‍ കേരളം

മഴ രണ്ടു ദിവസം കൂടി പെയ്യുമെങ്കിലും തീവ്രമായേക്കില്ല; 99-ന്റെ ഓര്‍മയില്‍ കേരളം

രണ്ടു ദിവസം കൂടി കേരളത്തിൽ മഴ തുടരും എങ്കിലും അതിതീവ്ര മഴ ഉണ്ടാകില്ലെന്നാണ് ഏറ്റവും ഒടുവില്‍ കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി തുടരുന്ന മഴ 265 പേരുടെ ജീവൻ എടുത്തു കഴിഞ്ഞു (അനൌദ്യോഗിക കണക്കുകള്‍ പ്രകാരം). ഏകേദശം 2 ലക്ഷം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും ആണ്. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം പതിനായിരക്കണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്.

ഏകേദശം 94 വർഷങ്ങൾ മുൻപ് സമാനമായ സാഹചര്യം ഉണ്ടായി. കൃത്യമായി പറഞ്ഞാൽ 1924ൽ. 1924 ജൂലൈയിൽ കേരളത്തിൽ മൂന്നാഴ്ച തുടർച്ചയായി ഉണ്ടായ മഴയിൽ മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നു. പെരിയാർ കവിഞ്ഞ് ഒഴുകി, തൃശൂർ, ആലുവ, കോട്ടയം, ആലപ്പുഴ എന്നീ നഗരങ്ങൾ വെള്ളത്തില്‍ മുങ്ങിപ്പോയി. കാന്താരി മല എന്നൊരു മല തന്നെ ഒലിച്ചു പോയി. ആയിരക്കണക്കിന് ആളുകൾ മരിച്ചു എന്നാണു അനൗദ്യോഗിക കണക്ക്. കൊല്ലവർഷം 1099-ൽ സംഭവിച്ചതു കൊണ്ട് മഹാപ്രളയം 99 എന്നാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്.

അന്ന് പെയ്തത് 3,368 മില്ലീമീറ്റര്‍ മഴയാണ് . എന്നാൽ ഇപ്പോഴത്തെ മൺസൂണിൽ ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 15 വരെ 2,087.67 മി.മി. മഴ പെയ്തു കഴിഞ്ഞു. ഇത് കഴിഞ്ഞ വര്ഷത്തേക്കാളും 30 ശതമാനം കൂടുതലാണ് താനും. പക്ഷെ ഇനിയും രണ്ടു ദിവസം കൂടി മഴ പെയ്യും എന്നിരിക്കെ 1924ലെ റിക്കോർഡ് ഭേദിക്കുമോ? ഇല്ല എന്നാശ്വസിക്കാം എന്നാണ് അതിതീവ്ര മഴ ഉണ്ടാകില്ലെന്ന മുന്നറിയിപ്പ് തരുന്നത്.

ഇപ്പോൾ തന്നെ സംസ്ഥാനത്തു 33 ഡാമുകൾ തുറന്നു കഴിഞ്ഞു. എല്ലാ ഡാമുകളും നിറഞ്ഞുകവിഞ്ഞു. ഡാമുകളിലെ ജലനിരപ്പുയര്‍ന്നതോടെ കൂടുതല്‍ വെള്ളം പുഴകളിലേക്കൊഴുക്കുന്ന സാഹചര്യമാണുള്ളത്. ഇതോടെ പലയിടങ്ങളിലും ഒരു മീറ്റര്‍ മുതല്‍ മൂന്ന് മീറ്റര്‍ വരെ ജലനിരപ്പുയര്‍ന്നു. ഒപ്പം മുല്ലപ്പെരിയാര്‍ ഡാമിന്റെ 13 സ്പില്‍വേയും തുറന്നു. പുറത്തേക്ക് ഒഴുക്കുന്നത് സെക്കന്‍ഡില്‍ 5200 അടി വെള്ളമാണ്. നീരൊഴുക്ക് രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലാണിപ്പോള്‍. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെ ഡാമിലെ ജലനിരപ്പ് 140 അടിയായതിനെ തുടര്‍ന്നാണ് സ്പില്‍വേ താഴ്ത്തിയത്. 4489 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. സമീപപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിയിരുന്നു. മാത്രമല്ല മഞ്ഞുമല, കുമളി, പെരിയാര്‍, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ എന്നി വില്ലേജുകളില്‍ നിന്നും ജനങ്ങളെ മാറ്റി പാർപ്പിച്ചിട്ടുമുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് മന്ത്രി എം എം മണി അറിയിച്ചു. സര്‍ക്കാരിന്റെ നടപടികളോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു

അതിനിടെ ജലനിരപ്പ് 142 അടിയിലേക്കുയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ ഫോണില്‍ വിളിച്ചു.

സുപ്രീം കോടതി ഉത്തരവു പ്രകാരം 142 അടി വരെ ജലനിരപ്പ് ഉയര്‍ത്താം എന്നിരിക്കെ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിസമ്മതിക്കുകയും , ജലനിരപ്പ് 142 അടിയിലേക്കുയര്‍ത്താന്‍ വെള്ളം കൊണ്ടുപോകുന്നത് കുറച്ചുവെന്ന വിലയിരുത്തലിന്റെയും പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വിളിക്കാൻ തീരുമാനിച്ചത്. എന്നാൽ വേണ്ട രീതിയിൽ ഉള്ള സഹകരണം തമിഴ് നാടിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.

142 അടിയാക്കി വെള്ളം നിലനിർത്താൻ നേരത്തെ സുപ്രീംകോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് തമിഴ്നാട് സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുമ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ് പ്രശ്നമുണ്ടാക്കരുതെന്ന് തമിഴ്നാടിനോട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് മുല്ലപ്പെരിയാറിലെ വെള്ളം കുറക്കുന്നതിനെ സംബന്ധിച്ചു മേൽനോട്ടസമിതി നൽകിയ റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ജലനിരപ്പ് 139 അടിയായി കുറയ്ക്കാനാകുമോ എന്നത് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മുല്ലപ്പെരിയാർ ഉപസമിതിയാണ് റിപ്പോർട്ട് തയ്യാറാക്കുക. ഇത് പാലിക്കാൻ ഇരു സംസ്ഥാനങ്ങളും തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു. കേരളത്തില്‍ വലിയ ദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി 142 അടിയില്‍ നിലനിര്‍ത്തണമെന്ന് തമിഴ്‌നാട് വാശി പിടിക്കുന്നത് ശരിയല്ലെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.

അതിനിടെ, മുല്ലപ്പെരിയാറിലെ ജലനിരപ്പ് അപകടകരമായ സാഹചര്യത്തില്‍ ഉയര്‍ന്നതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നും പുറത്തുവിടുന്ന ജലത്തിന്റെ അളവ് സെക്കന്റില്‍ 15 ലക്ഷം ഘനമീറ്ററായി ഉയര്‍ത്തി. ഡാമിന്റെ സമീപ പ്രദേശമായ ചപ്പാത്തില്‍ പാലം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2402 അടിയിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അവിടെയും ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


Next Story

Related Stories