TopTop
Begin typing your search above and press return to search.

ആന്റണിക്കും എംപിമാര്‍ക്കും ഇല്ലാത്ത എന്തു കൊമ്പാണ് മോഹന്‍ലാലിനുള്ളത്? മോദിയും ബിജെപിയും കേരളത്തെ അപഹസിക്കുകയാണ്

ആന്റണിക്കും എംപിമാര്‍ക്കും ഇല്ലാത്ത എന്തു കൊമ്പാണ് മോഹന്‍ലാലിനുള്ളത്? മോദിയും ബിജെപിയും കേരളത്തെ അപഹസിക്കുകയാണ്
മുൻപെങ്ങുമില്ലാത്ത വിധം മലയാളികൾ ഫെഡറലിസത്തെക്കുറിച്ച് നിരന്തരം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ് ഈ പ്രളയാനന്തര ദിനങ്ങളിൽ. ഫെഡറലിസത്തെക്കുറിച്ച് തന്നെ ശക്തമായി സംസാരിച്ചു കൊണ്ടിരിക്കേണ്ട നാളുകൾ തന്നെയാണിതെന്നും ദിനംപ്രതി നമുക്കുണ്ടാവുന്ന അനുഭവങ്ങൾ സാക്ഷ്യം.

ഒരു ജനാധിപത്യ രാജ്യമെന്ന നിലയ്ക്ക് ഇന്ത്യൻ യൂണിയന്റെ നിലനിൽപിന്റെ ആണിക്കല്ല് ഭരണഘടനയും അതിലധിഷ്ഠിതമായി തുടരുന്ന ഫെഡറലിസവുമാണ്. നാനാവിധ വൈവിധ്യങ്ങളാലും വൈരുദ്ധ്യങ്ങളാലും തരംതിരിക്കപ്പെട്ട നമ്മളെ ഒരുമിച്ച് ചേർക്കുന്ന ഘടകം ആ ഉടമ്പടിയാണ്. എന്നാൽ ഫെഡറലിസം ഒരിക്കലും ഒരു ഭാഗത്തേക്ക് മാത്രമിട്ട പാലമല്ല. ഒരു കൂട്ടർ അതു മനപ്പൂർവം മറന്നു തുടങ്ങിയിട്ട് കുറച്ച് കാലമായി എന്ന് പറഞ്ഞ് വേണം നമ്മൾ എന്തുകൊണ്ടിത് ഈ നാളുകളിൽ ചർച്ച ചെയ്യുന്നു എന്നു പറഞ്ഞു തുടങ്ങാൻ.

ആത്മാഭിമാനമുള്ള ഒരു മലയാളിക്കും കഴിഞ്ഞ ദിവസം പി കരുണാകരൻ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞ കാര്യങ്ങൾ ഞെട്ടലോടെ നിരാശയോടെയല്ലാതെ വായിക്കാൻ കഴിയില്ല. എത്ര പകയോടും വെറുപ്പോടെയുമാണ് മലയാളികളെ കേന്ദ്രസർക്കാരും കാണുന്നതെന്നോർത്ത് പല്ലിറുമ്മിപ്പോയി എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.

കേരളത്തില പ്രളയ ദുരന്തം കാരണം ഉണ്ടായ വമ്പിച്ച നാശനഷ്ടത്തിനു ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാൻ കേരളത്തിലെ എല്ലാ എം.പിമാരും ചേർന്ന് പ്രധാനമന്ത്രിയെ കാണാൻ കത്ത് നൽകുകയും കഴിഞ്ഞ മാസം 30, 31 തീയ്യതികളിൽ കൂടിക്കാഴ്ച ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്ന് പി കരുണാകരൻ പറയുന്നു. മൂന്നിനു ശേഷം കൂടിക്കാഴ്ചയ്ക്ക് സമയം നൽകാമെന്നാണ് അറിയിച്ചിരുന്നത്‌. എന്നാൽ അതും മാറ്റി. അതെസമയം കേരളത്തിൽ നിന്ന് തന്നെയുള്ള നടൻ മോഹൻലാലിന് കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയിട്ടും ജനപ്രതിനിധികൾ അപമാനിക്കപ്പെട്ട് കാത്തിരിക്കുകയാണ്.മുതിർന്ന പാർലമെന്റേറിയനും കഴിഞ്ഞ കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനുമായ എകെ ആന്റണി ഉൾപ്പെടെയുള്ള പത്ത് നേതാക്കൾ 10 ദിവസമായി കാത്ത് നിൽക്കുമ്പോഴാണ് മോഹൻലാലിന് കൂടിക്കാഴ്ചയ്ക്ക് അനുവാദം നൽകിയത് എന്നർത്ഥം. എത്തരത്തിൽ നോക്കിയാലും പൊറുക്കാൻ പറ്റാത്ത അവഹേളനമാണിതെന്ന് സംശയമില്ല. നമ്മുടെ തെരഞ്ഞെടുത്തയച്ച ജനപ്രതിനിധികളെ അവഹേളിച്ചെന്നാൽ അപമാനിക്കപ്പെടുന്നത് നമ്മുടെ നാടും നമ്മളും തന്നെയാണെന്നതിൽ സംഘപരിവാറിന്റെ കുഴലൂത്തുകാർക്കല്ലാതെ ആർക്കാണ് സംശയം.

വിരുദ്ധമായ പുരോഗമന രാഷ്ട്രീയധാരയ്ക്ക് വേരോട്ടമുള്ള ഇടം എന്നത് മാത്രമാണ് കേന്ദ്രം കേരളത്തോട് പുലർത്തുന്ന ഈ അവഗണനയുടെ മൂലകാരണമെന്ന് മനസിലാക്കാൻ സാമാന്യ ബുദ്ധി മാത്രം മതി. ഹിന്ദു - ഹിന്ദി - ഹിന്ദുസ്ഥാൻ എന്ന ആശയത്തിന്റെ വക്താക്കൾക്ക് തെക്കേ ഇന്ത്യയോടുള്ള വെറുപ്പിന്റെ കഥ ഇന്നും ഇന്നലെയുമൊന്നും ആരംഭിച്ചതല്ല. കേരളത്തോടും തെക്കേ ഇന്ത്യയോടുമുള്ള അവഗണനയ്ക്ക് പിന്നിലുള്ള ചരിത്രപരത വിസ്മരിക്കാവുന്നതുമല്ല. നികുതി വിഹിതത്തിന്റെ കാര്യത്തിലും ബജറ്റ് വിഹിതം നൽകുന്ന കാര്യത്തിലും കേന്ദ്ര പദ്ധതികൾ നൽകുന്ന കാര്യത്തിലായാലും കേന്ദ്രം കേരളത്തോട് മുഖം തിരിച്ച് നിന്നിട്ടേയുള്ളൂ. എന്നാൽ ഇതുവരെയുള്ള ഒരു കേന്ദ്രസർക്കാരും ഇത്ര പകയോടെ കേരളത്തെ സമീപിച്ചിട്ടില്ലെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കും.

നോട്ട്നിരോധന കാലത്ത് കേരളത്തിലെ സഹകരണ മേഖലയെ ഉന്നംവെച്ചവർ തകർക്കാൻ ശ്രമിച്ചത് കേവലം നമ്മുടെ സാമ്പത്തിക മേഖലയെ അല്ല, കാലങ്ങളായുള്ള പോരാട്ടം കൊണ്ട് നാം പടുത്തുയർത്തിയ നവോത്ഥാന മൂല്യങ്ങളെയായിരുന്നു. അതിന്റെ ചുവടുപിടിച്ചു കൊണ്ടായിരുന്നല്ലോ ഭൂപരിഷ്കരണമുൾപ്പെടെയുള്ള ചുവടുവെപ്പുകൾ. അടിസ്ഥാനപരമായി അധികാരം വഴുതിപ്പോവുമ്പോഴുള്ള ആക്രമണ ത്വരയാണ് നവോത്ഥാന കാലം തൊട്ടുതന്നെ സവർണ ഹിന്ദുത്വം ഈ നാടിനോട് കാട്ടിയിട്ടുള്ളത്. കേന്ദ്രം ഭരിക്കുന്നത് അവരുടെ പ്രതിനിധികളാവുമ്പോൾ തുടരുന്ന ഈ അവഗണനയുടെ, പലയിടത്തുമുള്ള കൈകടത്തിലിന്റെയൊക്കെ പിന്നിൽ എന്നോ അയഞ്ഞു പോയ ആധിപത്യം തിരികെപ്പിടിക്കാനുള്ള ത്വരയാണെന്ന് കാണാം. ഇടക്കാലത്ത് 'ചുവപ്പൻ ജിഹാദികളുടെ' കേന്ദ്രമാണെന്ന് കാട്ടി കുത്തകമാധ്യമങ്ങളെ ഉൾപ്പെടെ അണിനിരത്തി ആഴ്ചകളോളം നടത്തിയ അന്തിചർച്ചകളും ഇതിലേക്ക് തന്നെയാണ് വിരൽചൂണ്ടുന്നത്. മനുഷ്യരെ പച്ചക്ക് കൊളുത്തിയവരും പച്ച ജീവൻ ശൂലത്തിൽ കോർത്തവരുമാണ് കേരളത്തിൽ മനുഷ്യർക്ക് ജീവിക്കാൻ കൊള്ളാത്ത ഇടമെന്ന് മുദ്രകുത്താൻ വെമ്പിയത്.അവഗണനയുടെ ചരിത്രവും പകയുടെ വർത്തമാനവും ഇത്തരത്തിൽ കത്തിനിൽക്കുമ്പോഴാണ് പ്രളയം നമ്മുടെ നാടിന്റെ ഒരു ഭാഗത്തെ വിഴുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സൈനിക സഹായമുൾപ്പെടെ ആവശ്യപ്പെട്ടിട്ടും വളരെ കുറച്ച് സൈന്യത്തെയും ഹെലികോപ്റ്ററുകളുമാണ് നമുക്ക് വിട്ടുതന്നത്. ഇതെല്ലാം നമ്മുടെ മുന്നിൽ തന്നെയാണ് നടന്നത്. കേരളം സൈന്യത്തെ ആവശ്യപ്പെട്ടില്ല എന്ന വാദമുയർത്തി എല്ലാം സൈന്യത്തിന് വിട്ടുകൊടുക്കണമെന്ന തരത്തിൽ ചർച്ച നടത്തിയ മാധ്യമ ജഡ്ജിമാർക്ക് തലയ്ക്ക് സ്ഥിരതയില്ലെന്ന് പറയേണ്ടി വരും. കേരളത്തെപ്പോലൊരു സ്ഥലത്ത് സൈന്യത്തിന്റെ സാങ്കേതികയോളം പ്രാധാന്യം നൽകേണ്ട ഒന്നാണ് ജനപ്രതിനിധികളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രാദേശിക വിജ്ഞാനം. സൈന്യത്തിന് മാത്രമായിട്ട് ഒന്നും ചെയ്യാനില്ല, ചെയ്യാൻ വകുപ്പുമില്ല. എന്നാൽ കുറേക്കൂടി സൈനികരെ കേന്ദ്രം ഇടപെട്ട് നൽകിയിരുന്നെങ്കിൽ രക്ഷാപ്രവർത്തനം ധ്രുതഗതിയിലാവുമായിരുന്നു. അതിന് പക്ഷേ കേരള മുഖ്യമന്ത്രിക്ക് നിരന്തരം ആവശ്യപ്പെടാനല്ലാതെ കേന്ദ്രത്തിന്റെ കാല് പിടിക്കാനാവില്ലെന്ന കാര്യം ചിലർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ട്. അതിപ്രധാനമായൊരു ഘട്ടത്തിലാണ് സൈന്യത്തിന്റെ പേരിലൊരു വടംവലിക്ക് കേന്ദ്രം കളമൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ സാഹചര്യത്തിന്റെ പ്രാധാന്യം വളരെയധികം ഉൾക്കൊണ്ട് പെരുമാറിയത് കൊണ്ട് രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായില്ല.

ആദ്യ ഘട്ടത്തിൽ തന്നെ പതിനായിരം കോടിക്കടുത്ത് നഷ്ടം സംഭവിച്ചിരിക്കും എന്ന് ഉറപ്പുള്ളിടത്ത് കേന്ദ്രം കേരളത്തിന് നൽകിയത് വെറും നൂറ് കോടി രൂപയാണ്. ഇപ്പോള്‍ നഷ്ടം മുപ്പതിനായിരം കോടിക്കടുത്ത് ഉണ്ടാവുമെന്നാണ് കണക്കുകൾ പറയുന്നത്. രണ്ടാം ഘട്ടത്തിൽ കേന്ദ്രം തന്നതാവട്ടെ 500 കോടി. ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാങ്കേതിക തടസമുണ്ടെന്നാണ് പറഞ്ഞത്. എന്നാൽ സാങ്കേതികയെല്ലാം മാറ്റിവെച്ചാൽ ഇത്തരമൊരു ദുരന്തം സംഭവിച്ചാല്‍ ലഭിക്കേണ്ട സാമ്പത്തികവും സുരക്ഷാപരമായ പരിഗണന നമുക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പറയാൻ ഒരു കണക്കും തപ്പേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഓഖി ദുരന്തം നടന്ന സാഹചര്യത്തിൽ സംസ്ഥാനം ആവശ്യപ്പെട്ട 7340 കോടിക്ക് ബദലായി 169 കോടി രൂപ മാത്രമാണ് കേന്ദ്രം നമുക്ക് അനുവദിച്ചത് എന്നതും മറന്നുപോവരുത്. യുഎഇയുടെ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെ സാമ്പത്തിക സഹായം സ്വീകരിക്കേണ്ടതില്ലെന്ന കാര്യത്തിൽ കേന്ദ്രം തീരുമാനമെടുത്തു കഴിഞ്ഞു. എല്ലാ തരത്തിലും വാതിലുകൾ നമുക്ക് കൊട്ടിയടക്കപ്പെടുന്ന ദുരവസ്ഥയാണ് സമീപകാലത്ത് കണ്ട് കൊണ്ടിരിക്കുന്നത്. സൈന്യത്തെ വിളിക്കണമെന്ന് പറഞ്ഞ, വന്ന് കഴിഞ്ഞ ദുരന്തത്തെ പിന്നോട്ട് നോക്കി 'അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെയാവുമായിരുന്നു' എന്നും പോസ്റ്റമോർട്ടം നടത്തുന്ന മലയാള മാധ്യമങ്ങളാരും ഇപ്പോഴും കേന്ദ്രം നിർദ്ദയം തുടരുന്ന അവഗണന ചർച്ച ചെയ്തിട്ടില്ലെന്ന് കാണുമ്പോഴാണ് ആരുടെ താൽപര്യം ആണ് ഇവർ സംരക്ഷിക്കുന്നതെന്ന് ചോദിച്ച് പോവുന്നത്.

ഈ സാഹചര്യത്തിലാണ് പി കരുണാകരൻ എംപി പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാകുന്നത്. നമ്മുടെ നാടിനെ പ്രതിനിധീകരിച്ച് കൊണ്ട് പ്രധാനമന്ത്രിയെ കാണാൻ ചെന്നവർക്കാണ് ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നത്. ദിവസങ്ങളോളം അവർ കാത്തിരിക്കുന്നതിനിടയ്ക്കാണ് മോഹൻലാലിന് കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കുന്നത്. എന്താണ് കേന്ദ്രം ഭരിക്കുന്നവരുടെ പ്രയോരിറ്റിയെന്ന് നിസഹായനായി ഒരു ജനപ്രതിനിധി നമ്മോട് വിളിച്ച് പറയുകയാണ്. ഈ രാഷ്ട്രത്തോടും അതിന്റെ ഫെഡറൽ മൂല്യങ്ങളോടും അങ്ങേയറ്റത്തെ കൂറുപുലർത്തുന്ന ഒരു നാട് ഈ സമീപനം അർഹിക്കുന്നില്ലെന്ന് ഇനി എങ്ങനെയാണ് നാം അവരോട് പറയുകയെന്ന് നാം ഓരോരുത്തരും ചിന്തിക്കണം. നാം നിസഹായരാവുന്നത് മനസിലാക്കാം. പക്ഷേ നാം തെരഞ്ഞെടുത്ത് വിട്ട് ജനപ്രതിനിധികൾക്ക് നിസഹായരായി നിൽക്കേണ്ടി വരുന്നുണ്ടെങ്കിൽ ഇത്ര നാളും നാം പുലർത്തിയ സഹിഷ്ണുതയായിരുന്നു പ്രശ്നമെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. ജനാധിപത്യത്തിൽ, അതിജീവിച്ചേ തീരൂ എന്നൊരവസ്ഥയിലുള്ള ജനത്തിന്, നാടിന് അസഹിഷ്ണുക്കളാവാൻ ന്യായമായും അവകാശമുണ്ട്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/vayicho-flood-proved-good-governance-in-kerala-tiss-dean/

https://www.azhimukham.com/news-update-tovino-instagram-reaction/

https://www.azhimukham.com/kerala-hate-campaign-against-kerala/

Next Story

Related Stories