TopTop
Begin typing your search above and press return to search.

അവസാനിപ്പിക്കണം; കറുത്തവരും മുടി മുറിച്ചവരും പാന്റ്‌സ് ഇട്ടവരുമായ പെണ്ണുങ്ങളെ സംശയിക്കേണ്ടവരാകുന്ന കേരള പൊലീസിന്റെ ജാതിബോധം

അവസാനിപ്പിക്കണം; കറുത്തവരും മുടി മുറിച്ചവരും പാന്റ്‌സ് ഇട്ടവരുമായ പെണ്ണുങ്ങളെ സംശയിക്കേണ്ടവരാകുന്ന കേരള പൊലീസിന്റെ ജാതിബോധം

കൊച്ചിയില്‍ ദളിത് സാമൂഹ്യപ്രവര്‍ത്തകയ്ക്കും സുഹൃത്തായ മാധ്യമപ്രവര്‍ത്തകനും നേരെ ഉണ്ടായ പൊലീസ് അതിക്രമം, തിരുത്തപ്പെട്ടിട്ടില്ലാത്ത ഒരു സാമൂഹികബോധത്തിന്റെ തുടര്‍ച്ചയാണ്. സമൂഹം സൃഷ്ടിച്ചിരിക്കുന്ന ഒരു സംരക്ഷക കവചം ഉണ്ട് പെണ്ണിന്, അത് ലംഘിച്ചു പുറത്തു കടക്കുന്നവളോട് എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്നതിന്റെ അവസാനത്തേതല്ലാത്ത, മറ്റൊരു ഉദ്ദാഹരണം. പൊതുബോധത്തിന് ദഹിക്കാത്ത രൂപം, വസ്ത്രധാരണം, പെരുമാറ്റം എന്നിവയോടുള്ള പ്രതികരണം കടുത്തതാവണമെന്നാണ്. ശബ്ദം ഉയര്‍ത്തുന്നവന്‍, പ്രതിഷേധിക്കുന്നവന്‍, ചോദ്യം ചോദിക്കുന്നവന്‍ എല്ലാം 'കുറ്റക്കാരനാണ്'. അവനെ മാവോയിസ്റ്റ് ആക്കാം, ഭീകരവാദിയാക്കാം. അതുകൊണ്ട് തന്നെ അവനെ തല്ലാം, അസഭ്യം പറയാം, അഴിക്കുള്ളില്‍ നഗ്നനാക്കി നിര്‍ത്താം. ഇതൊക്കെ ചെയ്യുമ്പോള്‍ പൊലീസിന് കിട്ടുന്ന ഒരു പിന്തുണയുണ്ട്. പൊതുസമൂഹത്തിലെ ഒരു വരേണ്യവര്‍ഗത്തിന്റെ പിന്തുണ. അങ്ങനെ നടക്കുന്നവള്‍ക്ക് അല്ലെങ്കില്‍ അവന് ഇതൊക്കെ തന്നെ ശിക്ഷ കിട്ടണമെന്ന ചിന്ത. അവിടെയാണ് പൊലീസ് വീണ്ടും വീണ്ടും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മുതിരുന്നത്. ഭരണകൂടം തയ്യാറാക്കി നല്‍കുന്ന സുരക്ഷാമാനദണ്ഡങ്ങളുണ്ട്. ആരെയൊക്കെ സംശയിക്കണം, ആരൊക്കെ കുറ്റവാളികളാകാം, ആരെയൊക്കെ തടയണം എന്ന ഭരണാധികാരി പറഞ്ഞുകൊടുക്കുകയാണ്. അതനുസരിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നു കൂടി കാണേണ്ടതുണ്ട്. ഭരണകൂടവും സമൂഹവും പൊലീസും എല്ലാം ചേര്‍ന്ന് തയ്യാറാക്കി വച്ചിരിക്കുന്ന നിയമങ്ങളെ എപ്പോള്‍ ലംഘിക്കുന്നുവോ അവിടെയാണ് ബര്‍സയും പ്രതീഷുമെല്ലാം മര്‍ദ്ദനങ്ങള്‍ക്ക് ഇരകളാകുന്നത്, പരസ്യമായി അപമാനിക്കപ്പെടുന്നത്. പക്ഷേ ഇനിയെങ്കിലും ഇത് തടയേണ്ടതാണ്...

ഹസ്‌ന ഷാഹിത പറയുന്നു; കേരള പോലീസിന്റെ രാത്രിയില്‍ കുലീനകളല്ലാത്ത പെണ്ണുങ്ങളെ കണ്ടാലുള്ള ഈ ചൊറിച്ചില്‍ മനോവീര്യത്തോടെ നടത്താന്‍ ഇനിയും അനുവദിച്ചു കൂടാ. എന്നും ഉപദേശിക്കുന്ന വനിത എസ് ഐ ഉണ്ട് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍. രക്ഷിതാക്കള്‍ വരുന്നത് വരെ രാത്രി നടക്കുന്ന പെണ്ണുങ്ങളെ പോലീസ് സ്‌റ്റേഷനില്‍ ഇടുമെന്ന് പറയുന്ന ദളിത്, ക്വീര്‍ സ്വത്വങ്ങളെ അപമാനിക്കുന്ന സവര്‍ണ രക്ഷാകര്‍തൃക്കളാണ്, നിരന്തര നിരീക്ഷണത്തോടെ അംഗീകൃത ശക്തിയായി നില്‍ക്കുമ്പോള്‍ എത്രയും സാധ്യമാകുമോ അത്രയും കരുത്തോടെ പ്രതിരോധിക്കേണ്ടി വരും. സഞ്ചാരസ്വാതന്ത്യം ഹനിച്ച്, പോലീസ് സ്‌റ്റേഷനിലിട്ട് മര്‍ദ്ദിച്ച്, ആവോളം അപമാനിച്ച് വിടുന്ന ഈ പോലീസ് നയത്തില്‍ പോലീസ് മന്ത്രിയുടെ സ്വാധീനം എത്രയായിരിക്കും. എവിടെ നിന്നാണീ ഈ പോലീസിനിത്ര ആത്മവീര്യം കിട്ടുന്നത്?

http://www.azhimukham.com/trending-amal-lal-facebook-post-on-prathesh-rema-issue/

രാത്രി തെരുവില്‍ കാണുന്ന പെണ്ണുങ്ങളെ തങ്ങളുടെ സദാചാര കോലില്‍ അളന്ന്, അതിനകത്ത് നില്‍ക്കാത്തവരാണെങ്കില്‍ പിടിച്ച് കൊണ്ട് പോകുന്ന ബോധത്തിന് വിനായകനോളം ചരിത്രമുണ്ട്. കറുത്തവരും മുടി മുറിച്ചവരും, പാന്റ്‌സിട്ടവരുമായ പെണ്ണുങ്ങള്‍ സംശയിക്കേണ്ടവരാകുന്നത് കേരള പോലീസിന്റെ ജാതി ബോധത്തിന്റെ ഏറ്റവും ഒടുവിലത്തെ, പുറത്ത് വന്ന ഉദാഹരണമാണ്.

ഓരോ രാത്രി പുറത്തിറങ്ങുമ്പോഴും തങ്ങളുടെ രൂപത്തില്‍ നിന്ന് പോലീസുകാര്‍ക്ക് ഉണ്ടാകുന്ന സംശയങ്ങളെയും, ലക്ഷ്യസ്ഥനാത്തെ കുറിച്ചുള്ള കുത്തി ചോദ്യങ്ങളെയും തൃപ്തിപ്പെടുത്താന്‍ പാകത്തിലുള്ള ഉത്തരങ്ങള്‍ മനസിലുറപ്പിക്കേണ്ട ഗതികേട് ഉണ്ടിവിടെ. ഭീതിയില്ലാത്ത മുഖത്തോടെയും ശരീര ഭാഷയോടെയും നടക്കുന്നവരോടും തങ്ങളോട് വിധേയപ്പെടാത്ത ചൊടിപ്പിക്കുന്ന മറുപടികളുള്ളവരോടും ഈഗോ മുറിഞ്ഞ വല്യേട്ടനായി മാറുന്ന പോലീസ് അതിക്രൂരമായി പെരുമാറിയേക്കും.

തെരുവിലിറങ്ങും രാത്രിയോ പകലോ, ഇഷ്ടമുള്ള രൂപത്തിലോ തുണിയിലോ, ആണ്‍ സുഹൃത്തുക്കളുടെ വീട്ടില്‍ പോകുകയോ ഉറങ്ങുകയോ ഉണ്ണുകയോ ചെയ്യും. തന്ത ചമഞ്ഞ് സ്വകാര്യതയിലേക്ക് ടോര്‍ച്ചടിക്കാനും, ശരീരത്തില്‍ അതിക്രമം ചെയ്യാനും ഒരാള്‍ക്കും അവകാശമില്ല. ഒരാളുടെ മൊബൈല്‍ ഫോണോ പേഴ്‌സണല്‍ ഡയറിയോ വായിച്ചെടുക്കുന്ന വോയറിസ്റ്റുകള്‍, നഗ്നനാക്കി സെല്ലിലടച്ച് മര്‍ദ്ദിക്കുന്ന സഞ്ചാര സ്വാതന്ത്യത്തെ ചോദ്യം ചെയ്യുന്ന അക്രമികള്‍ നിയമപരമായ അംഗീകാരത്തില്‍ ഇതൊക്കെ തുടരുന്നതിന് തടയിടണം.

http://www.azhimukham.com/trending-pratheesh-rema-mohan-and-bersa-the-victims-of-moral-policing/

ബര്‍സക്കും പ്രതീഷിനും നേരെയുണ്ടായ പോലീസ് അക്രമത്തില്‍ കുറ്റക്കാരായ പോലീസുകാരെ ദളിത് അതിക്രമം ഉള്‍പ്പെടെയുള്ളവ ചാര്‍ജ്ജ് ചെയ്ത് സര്‍വീസില്‍ നിന്ന് പുറത്താക്കുക.

കേരളത്തില്‍ പൊലീസ് ഏറ്റവും വലിയ സദാചാരക്കാരാകുന്നത് മെട്രോ നഗരമായ കൊച്ചിയില്‍ തന്നെയാണ്. എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരേ ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നത് ഇതാദ്യമല്ല. കൊച്ചി നഗരത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ പൊലിസീന്റെ സദാചാരഭീഷണിക്ക് ഇരകളായതിന്റെ പല ഉദ്ദാഹരണങ്ങളും മുന്നിലുണ്ട്. പലവട്ടം ഇതിനെതിരേ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പൊലീസ് തങ്ങളുടെ സദാചാരാക്രമണം തുടരുക തന്നെയാണ് കൊച്ചിയില്‍.

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ജാസ്മിന്‍ പറയുന്നു; പൊലീസ് എന്നാണീ സദാചാര ഗുണ്ടായിസം അവസാനിപ്പിക്കുന്നത്? സംരക്ഷണം തരേണ്ടവരാണവര്‍. പക്ഷേ നിറവും രൂപവും വസ്ത്രവും പ്രതികരണങ്ങളുമെല്ലാം നോക്കിയാണവര്‍ പെരുമാറുന്നത്. ഇരുട്ടില്‍ അസ്തമിച്ചു പോകുന്നതല്ല പൗരസ്വാതന്ത്ര്യം. പക്ഷേ നമ്മുടെ പൊലീസ് പറയുന്നത് അങ്ങനെയാണ്, ചെയ്യുന്നതും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് ബര്‍സയും പ്രതീഷും. പക്ഷേ അവരില്‍ അവസാനിക്കുന്നില്ല ഒന്നും എന്നതാണ് ഭയപ്പെടുത്തുന്നത്. കുറെ മുന്‍വിധികളുമായി നടക്കുന്ന പൊലീസുകാര്‍ക്ക് രാത്രിയില്‍ പൊതുനിരത്തില്‍ കാണുന്ന സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡറുകളുമെല്ലാം മറ്റേ പണിക്കാരാണ്. മെട്രോയിലെ രാത്രികാല ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും മുന്നില്‍ വന്നു ചവിട്ടുന്നൊരു പൊലീസ് ജീപ്പ് ഞങ്ങള്‍ ഭയക്കുന്നുണ്ട്. ട്രാന്‍സ്‌ഫോബിക് ആയ പൊലീസുകാര്‍ എറണാകുളത്ത് നിരവധിയുണ്ട്. അവരുടെ പ്രവര്‍ത്തികളും പെരുമാറ്റങ്ങളും കണ്ടാല്‍ ഞങ്ങളെ ഈ സമൂഹത്തില്‍ നിന്നും ഇല്ലാതാക്കണമെന്ന വാശി പോലെയാണ്. കുറച്ചു നാളുകള്‍ക്കു മുന്നില്‍ രാത്രി ഷിഫ്റ്റ് കഴിഞ്ഞിറങ്ങുമ്പോള്‍ ഒരു സുഹൃത്ത് വണ്ടിയില്‍ കൊണ്ടു വന്ന് സൗത്ത് റയില്‍വേ സ്‌റ്റേഷന്റെ അടുത്ത് ഇറക്കി. അവിടെയപ്പോള്‍ ഒരു പൊലീസ് ജീപ്പ് എത്തി. അവരുടെ നോട്ടത്തിലും ചോദ്യത്തിലും എല്ലാം മൊത്തം സംശയങ്ങളാണ്. നമ്മളെ അപമാനിക്കുന്ന തരത്തില്‍. കറങ്ങി നടപ്പാണല്ലേ എന്നാണ് ചോദ്യം. ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാല്‍ വേശ്യാവൃത്തി മാത്രം തൊഴില്‍ ആക്കിയവരാണെന്ന വിശ്വാസമാണ് എറണാകുളത്തെ പൊലീസിന്.

http://www.azhimukham.com/trending-aashiq-abu-criticize-kerala-police-moralizing/

എത്രയെത്ര പ്രതിഷേധങ്ങള്‍, പ്രകടനങ്ങള്‍ എന്നിട്ടും എന്താണീ പൊലീസുകാര്‍ മാറാത്തത്. അവര്‍ മാറുന്നില്ലെങ്കില്‍ മാറ്റാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറകണം. എല്ലാവരും ഒരുപോലെയാണ് എന്നു പറയില്ല. പക്ഷേ മുന്‍വിധിക്കാരായ പൊലീസുകാരാണ് കൂടുതലും. സമൂഹത്തിന്റെ പ്രതിഫലനമാണവര്‍. വലിയ വിദ്യാഭ്യാസം, ലോകപരിചയം, സംസ്‌കാര സമ്പന്നത, രാഷ്ട്രീയബോധം എന്നിവയൊക്കെ അവകാശപ്പെടുന്ന മലയാളിയാണ് ഏറ്റവും വലിയ സദാചാരഗുണ്ടായിസം കാണിക്കുന്നതെന്നാണ് പറയേണ്ടി വരുന്നത്. മുടി വളര്‍ത്തിയാല്‍ മാവോയിസ്റ്റാണ്, ഒരാണും പെണ്ണും ഒരുമിച്ചിരുന്നാല്‍ മോശം കാര്യത്തിനാണ്, രാത്രിയില്‍ ഒരു സ്ത്രീയെ കണ്ടാല്‍ അവള്‍ സ്വഭാവദൂഷ്യമുള്ളവളാണ്, ട്രാന്‍സ്‌ജെന്‍ഡറുകളെല്ലാം വേശ്യകളാണ്; ഇതൊക്കെയാണ് സമൂഹത്തിന്റെ ധാരണകള്‍, അതു തന്നെയാണ് പൊലീസിന്റെയും. ഇത്തരം മുന്‍ധാരണകളാണ് ബര്‍സയേയും പ്രതീഷിനെയും പോലുള്ളവര്‍ക്ക് മേല്‍ മര്‍ദ്ദനം നടത്തുന്നത്. ശാരീരകമായി മാത്രമല്ല, അവര്‍ ഏല്‍പ്പിക്കുന്ന മാനസികപീഢനമാണ് ക്രൂരം. നീ മറ്റേപണിക്കിറങ്ങിയതല്ലേ എന്നാണ് നമ്മളെയൊക്കെ കണ്ടാല്‍ ആദ്യം ചോദിക്കുന്നത്. രാത്രിയില്‍ ഒരുപക്ഷേ നമ്മള്‍ ആഗ്രഹിക്കുന്നത് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള സഹായം ആയിരിക്കും. അതല്ല കിട്ടുന്നത്, പകരം അപമാനവും മര്‍ദ്ദനവും.

ഈ രീതികള്‍ മാറണം. സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ എങ്ങനെയാണ് ജീവിക്കുക? മെട്രോ ട്രെയിനുകള്‍ ഓടിച്ചതുകൊണ്ടോ, വലിയ വലിയ കെട്ടിടങ്ങള്‍ ഉയര്‍ത്തിയതുകൊണ്ടോ വികസനം ആകുന്നില്ല. നഗരം വികസിക്കുന്നതിനൊപ്പം സമൂഹത്തിന്റെ മനസും വികസിക്കണം. അതിനുവേണ്ടിയാണ് പോരാട്ടം. ഇനിയൊരു ബര്‍സയും ഇവിടെ, ഈ നഗരത്തില്‍, തന്റെ വ്യക്തിസ്വാതന്ത്ര്യം ഉപയോഗപ്പെടുത്തിയതിന്റെ പേരില്‍ മര്‍ദ്ദിക്കപ്പെടരുത്, അപമാനിക്കപ്പെടരുത്...

http://www.azhimukham.com/trending-kerala-police-acting-like-moral-police-brutality-attacked-dalit-activist-journalist-opinion-dr-asaz/


Next Story

Related Stories