TopTop
Begin typing your search above and press return to search.

“പ്രളയം വാർഷിക സംഭവമായാൽ കേരളം തകരും, അതിജീവനം ഉണ്ടാകില്ല”

“പ്രളയം വാർഷിക സംഭവമായാൽ കേരളം തകരും, അതിജീവനം ഉണ്ടാകില്ല”
കേരളത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന മഴയുടെ രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും താളത്തിലും കേന്ദ്രീകരണത്തിലുമെല്ലാം പ്രവചനാതീതമായ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്നും വരും നാളുകളിൽ മൊത്തത്തിലുള്ള കാലാവസ്ഥയിൽ തന്നെ ആപത്കരമായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും പ്രമുഖ കാലാവസ്ഥാ വിദഗ്ധനും കേരളാ കാർഷിക സർവ്വകലാശാലയിലെ അക്കാദമി ഓഫ് ക്‌ളൈമറ്റ് ചെയ്ഞ്ച് എഡ്യൂക്കേഷൻ ആൻഡ് സയന്റിഫിക് ഓഫീസറുമായ ഡോക്ടർ ഗോപകുമാർ ചോലയിൽ പറഞ്ഞു.

ആഗോളതലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത കാലാവസ്ഥാവ്യതിയാനം കേരളത്തിൽ യാഥാർഥ്യമാകുന്നതാണ് തുടർച്ചയായ രണ്ടാം വർഷവും പ്രളയം സംഭവിക്കുന്നതിലൂടെ തെളിയുന്നത് എന്നും കഴിഞ്ഞ രണ്ടു ദശകങ്ങളിലെ കേരളത്തിലെ മഴയുടെ സ്വഭാവത്തിൽ ഗവേഷണം ചെയ്യുന്ന അദ്ദേഹം പറഞ്ഞു. അഴിമുഖത്തിന്‌ അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

"ഇപ്പോഴത്തെ പ്രളയം ആരും പ്രതീക്ഷിച്ചതല്ല. ഒരു വിദഗ്ധരും ഗവേഷണ സ്ഥാപനവും ഇത് സംബന്ധിച്ച മുന്നറിയിപ്പുകൾ തന്നിട്ടില്ല. തീർത്തും അപ്രതീക്ഷിതമായാണ് പ്രളയം എത്തുന്നത്. അതും കഴിഞ്ഞ വര്‍ഷം നടന്ന അതെ ദിവസങ്ങളിൽ. സാധാരണ ഗതിയിൽ 50 - 60 വർഷ ങ്ങളുടെ ഇടവേളയിലാണ് കേരളത്തിൽ പ്രളയം സംഭവിക്കുക എന്ന ധാരണ തന്നെ പൊളിഞ്ഞിരിക്കുന്നു. മഴയുടെ സമയ ക്രമവും ദൈർഘ്യവും മാറിയിരിക്കുന്നു. സ്വഭാവവും മാറി. ഒരു മാസത്തിൽ മൊത്തത്തിൽ ലഭിക്കേണ്ട മഴയാണ് ഒരു മണിക്കൂറിൽ ചിലയിടങ്ങളിൽ പെയ്യുന്നത്,"
അദ്ദേഹം പറഞ്ഞു."കേരളത്തിൽ വലിയ അളവിൽ വേണ്ടുന്ന ഒന്നാണ് കാലാവസ്ഥാ സാക്ഷരത. ആഗോള താപനവും കാലാവസ്ഥാ മാറ്റവും നമ്മൾ ഒട്ടും ചെവി കൊടുക്കാത്ത വിഷയങ്ങളാണ്. മഴയുടെ ക്രമം തെറ്റിയ സ്ഥിതിയിൽ ഇനി ചൂടിന്റെയും ശൈത്യത്തിന്റെയും അളവിലും സ്വഭാവത്തിലും വ്യത്യാസം വരും. ഭൂമിയുടെ ഉപയോഗം, കെട്ടിട നിർമ്മാണം, കാർഷിക രീതികൾ, വനപരിപാലനം, നഗരവികസനം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ എന്നിവയിലെല്ലാം കാലാവസ്ഥാ സാക്ഷരതയുടെ അളവ് ഇന്ന് വളരെ പരിതാപകരമാണ്. മാറുന്ന കാലാവസ്ഥയെ അതിജീവിക്കുന്ന കൃഷിരീതികൾ ആണ് വേണ്ടത്. തീർത്തും അപ്രതീക്ഷിതമായ ഇടങ്ങളിലാണ് പ്രളയം സംഭവിക്കുന്നത്. അതുകൊണ്ട് പ്രളയത്തെ അതിജീവിക്കുന്ന നിർമ്മാണ പ്രവർത്തങ്ങൾ മാത്രമേ സംസ്ഥാനത്താകെ അനുവദിക്കാവൂ. വലിയ തോതിൽ വിദഗ്ധരുടെ ഇടപെടലും ഗവേഷണവും സർക്കാർ ഉറപ്പു വരുത്തണം. എങ്കിൽ മാത്രമേ കാലാവസ്ഥാ മാറ്റത്തിനെ അതിജീവിക്കുന്ന ഒരു കേരള മോഡൽ രൂപപ്പെ
ടൂ," ഗോപകുമാർ ചൂണ്ടിക്കാട്ടി.

"പ്രകൃതിയുടെ മേലുള്ള വിവേചന രഹിതമായ മനുഷ്യരുടെ ഇടപെടലുകൾ പ്രളയത്തിന്റെ ആഘാതം പലമടങ്ങു കൂട്ടുകയാണ് എന്ന് ഇപ്പോഴത്തെ സംഭവങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. പ്രകൃതിയെ ദോഷകരമായ രീതിയിൽ ബാധിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം. ഭൂമിയുടെ ഉപയോഗത്തിൽ വന്നിട്ടുള്ള അനാവശ്യമായ എല്ലാ ഇടപെടലുകളെയും യാഥാർഥ്യബോധത്തോടെ സമീപിച്ചു പരിഹരിക്കണം. വയനാടും ഇടുക്കിയും പേടിപ്പെടുത്തുന്ന അനുഭവങ്ങളാണ്. കൃത്യമായ ഒരു കാലാവസ്ഥാ നയം നമുക്ക് ഉണ്ടാകണം. ദുരന്ത നിവാരണത്തിലെന്ന പോലെ കാലാവസ്ഥാ ഗവേഷണത്തിലും അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണ പഠനങ്ങൾ നടത്താൻ ഉതകുന്ന ഒരു സ്ഥാപനം കേരളത്തിൽ ഉണ്ടാകണം,"
അദ്ദേഹം പറഞ്ഞു.

"വിളകളുടെ തെരഞ്ഞെടുപ്പ്, വളപ്രയോഗം, ജലസേചനം എന്നിവയിലെല്ലാം പുനരാലോചനകളും പുനഃക്രമീകരണങ്ങളും ഇപ്പോഴത്തെ സംഭവവികാസങ്ങൾ ആവശ്യപ്പെടുന്നുണ്ട്. വിശാലമായ ചർച്ചകളും സംവാദങ്ങളും നടത്തി ഭാവിയിലേക്കുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തണം," അദ്ദേഹം പറഞ്ഞു.

"മഴയുടെ ലഭ്യതയിൽ തന്നെ ഇപ്പോൾ മുൻകാല പ്രവണതകളിൽ മാറ്റമുണ്ട്. പാലക്കാട് ജില്ലയിലെ മഴനിഴൽ പ്രദേശങ്ങളായി പരിഗണിക്കേണ്ടുന്ന ഇടങ്ങളിൽ ആണ് ഇപ്പോൾ വലിയ നിലയിൽ മഴ പെയ്യുന്നത്. ആലത്തൂരും അട്ടപ്പാടിയിലും നാളിതുവരെ കാണാത്ത അളവിലാണ് മഴ പെയ്യുന്നത്. മഴയുടെ താളവും ഭാവവും രൂപവും മാറി. പഴയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മഴയല്ല ഇപ്പോൾ ഉണ്ടാകുന്നത്. ഇപ്പോഴത്തെ പ്രളയത്തിന്റെ കാരണങ്ങളിൽ ശാസ്ത്രജ്ഞർ പൊതുവെ അജ്ഞരാണ്. കൂടുതൽ പഠനങ്ങൾ നടക്കാനിരിക്കുന്നതേയുള്ളു. അവർ ഇത് പ്രതീക്ഷിച്ചില്ല. നോയിഡയിലെ നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗുമായി ബന്ധപ്പെട്ടപ്പോൾ അവിടുത്തെ വിദഗ്ദർ പറയുന്നത് ഇപ്പോഴത്തെ പ്രളയം അവർ പ്രതീക്ഷിച്ചതല്ല എന്നും കൂടുതൽ പഠനങ്ങൾ വേണം എന്നുമാണ്. വ്യാഴാഴ്ച്ച മുന്നൂറ്റി തൊണ്ണൂറ്റിയെട്ടു മില്ലിമീറ്റർ മഴയാണ് ആലത്തൂരിൽ പെയ്തത്. ഇത്ര വലിയ അളവിൽ അവിടെ മുൻപ് പെയ്തിട്ടില്ല. കൊല്ലങ്കോടും മണ്ണാർക്കാടും നാനൂറ് മില്ലിമീറ്ററിലും കൂടുതലായിരുന്നു മഴ. നിലമ്പൂരിലെ മഴയും അതുണ്ടാക്കിയ കെടുതികളും ഞെട്ടിക്കുന്നതാണ്,"
അദ്ദേഹം പറഞ്ഞു.

"കാലാവസ്ഥാ വ്യതിയാനം പ്രവചനാതീതമായ ഒരു സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വലിയ തോതിലുള്ള പഠനങ്ങളും രാഷ്ട്രീയ സാമൂഹിക ഇടപെടലുകളും ഉണ്ടായാൽ മാത്രമേ കേരളത്തെ രക്ഷിക്കാനാകൂ. പ്രളയം വാർഷിക സംഭവവികാസമായാൽ സംസ്ഥാനം തകർന്നു പോകും. അതിജീവനം ഉണ്ടാകില്ല. വലിയ തോതിലുള്ള പാരിസ്ഥിതിക അവബോധം ഉണ്ടാകണം," അദ്ദേഹം പറഞ്ഞു.

"കേരളത്തിൽ മാത്രമല്ല ഈ പ്രവണത. നീലഗിരി ബയോസ്ഫിയർ റിസർവിൽ മൊത്തത്തിലുണ്ട്. കുടകിലും ചിക്കമംഗ്ലൂർ മേഖലയിലും ഉണ്ട്. ഊട്ടിയുടെ ഇരുപത്താറു കിലോമീറ്റർ ചുറ്റളവിൽ ഇന്നലെ ഉണ്ടായത് തൊള്ളായിരം മില്ലിമീറ്റർ മഴയാണ്. ഇന്ത്യയിൽ റെക്കോർഡ് ചെയ്ത ഏറ്റവും വലിയ മഴ മുംബയിൽ ഉണ്ടായ തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് മില്ലിലിറ്റർ ആയിരുന്നു എന്നതുമോർക്കണം. ഒരു മാസം പെയ്യേണ്ട മഴയാണ് ഒരു മണിക്കൂറിൽ പെയ്തു തീരുന്നത്," അദ്ദേഹം പറഞ്ഞു. പെയ്യുന്ന വെള്ളം ഉടനടി കടലിലെത്തുന്നതും മേൽമണ്ണ് ഒലിച്ചു പോയി ഫലഫൂയിഷ്ടത നഷ്ടമാകുന്നതും എല്ലാം അടിയന്തരമായി പഠനവിധേയമാക്കി പരിഹാരം കണ്ടെത്തണം എന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഒരു യാഥാർഥ്യമായി അംഗീകരിച്ചുള്ള പ്രവർത്തനങ്ങൾ ആണ് വേണ്ടത്.

Next Story

Related Stories