UPDATES

ട്രെന്‍ഡിങ്ങ്

ആ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ മറന്നു തുടങ്ങിയിട്ടില്ല; നിങ്ങളെയാണോ കേരളം കണ്ടുപഠിക്കേണ്ടത്?

ജനരക്ഷാ യാത്ര പിലാത്തറ കഴിഞ്ഞു എന്നാണ് മനസിലാക്കുന്നത്. സാധിക്കുമെങ്കില്‍ തിരിച്ചു പോയി പിലാത്തറയ്ക്കടുത്ത് ചെറുതാഴത്തുള്ള കുടുംബാരോഗ്യ കേന്ദ്രം ഒന്നു സന്ദര്‍ശിക്കുക.

ബിജെപി നേതാക്കള്‍ക്ക് എന്നും കേരളം കണ്ണിലെ ഒരു കരടാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടിയെങ്കിലും കേരളം ഇന്നും ഒരു ബാലികേറാ മലയാണെന്ന് അവര്‍ക്കറിയാം. അതിന് മുഖ്യകാരണം ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തി തന്നെയാണ്. കേരളത്തില്‍ നിന്നും കമ്മ്യൂണിസത്തെ തുടച്ചു നീക്കുമെന്ന് അവര്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറയുന്നതും അതിനാലാണ്. ഇന്ത്യയില്‍ രണ്ട് സംസ്ഥാനത്ത് മാത്രമേ സിപിഎം ഉള്ളൂവെന്ന് പറയുമ്പോഴും ഇന്ത്യയില്‍ കമ്മ്യൂണിസം ഇല്ലാതാക്കുമെന്ന് ആണയിടുന്നത് തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികളോട് ആശയപരമായി എതിരിടാനുള്ള ഭയംകൊണ്ടാണെന്നാണ് ഉയരുന്ന വിമര്‍ശനം. ദേശീയ തലത്തിലാണെങ്കില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ ശബ്ദം ഉയര്‍ത്തുന്ന ഏക സംസ്ഥാനം കേരളമാണ്. 2014ല്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാരിന് ആദ്യ രണ്ട് വര്‍ഷങ്ങളില്‍ അനുഭവപ്പെടാത്ത പ്രതിഷേധ സ്വരമാണ് കഴിഞ്ഞ ഒരു വര്‍ഷമായി അനുഭവപ്പെടുന്നത്. അതിന് ഒരു കാരണം കേരളം ഭരിക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്‍റാണ്.

ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജനരക്ഷ യാത്രയില്‍ പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഉറപ്പായപ്പോള്‍ തന്നെ കേരള സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്നും ഉറപ്പായിരുന്നു. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെക്കുറിച്ചും തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിനെക്കുറിച്ചും ഇന്നലെ സംസാരിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെ അക്രമങ്ങളെല്ലാം ഉണ്ടാക്കുന്നത് സിപിഎം ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനെല്ലാം ഉത്തരം പറയണമെന്നുമാണ് പറഞ്ഞിട്ട് പോയത്. എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പദയാത്രയില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹം കേരളത്തെക്കുറിച്ച് പറഞ്ഞത് അല്‍പ്പം വര്‍ത്തമാനമായിപ്പോയെന്നാണ് ഇപ്പോള്‍ ചൂണ്ടിക്കാട്ടപ്പെടുന്നത്. കേരളം യുപിയെ കണ്ട് പഠിക്കണമെന്നായിരുന്നു യോഗിയുടെ കണ്ടെത്തല്‍. ഇവിടെ ഡെങ്കിപ്പനി, ചിക്കന്‍ ഗുനിയ എന്നിവ മൂലം നൂറ് കണക്കിന് ആളുകള്‍ മരിക്കുന്നുണ്ടെന്നും അതിനാല്‍ കേരളം യുപിയെ കണ്ട് പഠിക്കണമെന്നുമായിരുന്നു യോഗി ചൂണ്ടിക്കാട്ടിയത്.

അഴിമുഖം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ഞങ്ങളുടെ ഫേസ്ബുക്കില്‍ പലരും യോഗിയെ ഓര്‍മ്മിപ്പിക്കുന്നത് അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിച്ച പിഞ്ചു കുഞ്ഞുങ്ങളെ കുറിച്ചാണ്. യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ ബാബ രാഘവദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളേജില്‍ അറുപതിലേറെ കുഞ്ഞുങ്ങളാണ് ഓക്‌സിജന്റെ ലഭ്യതക്കുറവ് മൂലം ഓഗസ്റ്റില്‍ മരിച്ചത്. രാജ്യവ്യാപകമായി ഇതിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞുങ്ങളെല്ലാം മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയല്ല, പകരം അസുഖം മൂര്‍ഛിച്ചാണ് എന്നാണ് അന്നും യോഗി അവകാശപ്പെട്ടുകൊണ്ടിരുന്നത്. എന്നാല്‍ എന്തുകൊണ്ട് ഇത്രയേറെ കുഞ്ഞുങ്ങള്‍ അടുപ്പിച്ച് അസുഖം വന്ന് ഒരേ ആശുപത്രിയില്‍ തന്നെ മരിച്ചുവെന്ന ചോദ്യത്തിന് അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നില്ല. ഗോരഖ്പൂരിലെയും സമീപ പ്രദേശങ്ങളിലേയും വൃത്തിയില്ലായ്മയാണ് കൂട്ടമരണത്തിന് കാരണമെന്ന് പറഞ്ഞ് വീണ്ടും പുലിവാല് പിടിക്കുകയും ചെയ്തു. കേരളത്തിലെ മാധ്യമങ്ങളാണ് അന്ന് ഈ വാര്‍ത്തയ്ക്ക് വലിയ പ്രാധാന്യം നല്‍കിയത്. കേരളത്തില്‍ പ്രതിവര്‍ഷം നൂറിലേറെ പേര്‍ ഡങ്കിപ്പനിയും ചിക്കന്‍ഗുനിയയും വന്ന് മരിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് സംഘപരിവാര്‍ ഈ കൂട്ടമരണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. യോഗിയുടെ ഇപ്പോഴത്തെ വാക്കുകളും അതിന്റെ തുടര്‍ച്ചയാണ്.

Also read: കേരളം യുപിയെ കണ്ടുപഠിക്കണമെന്ന് ആദിത്യനാഥ് കണ്ണൂരില്‍

ആരോഗ്യമേഖലയില്‍ വര്‍ഷം തോറും സര്‍ക്കാര്‍ സഹായം കുറയുകയും സ്വകാര്യവല്‍ക്കരണം വര്‍ദ്ധിക്കുകയുമാണ്. ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന ചികിത്സ ചെലവുകളും മരുന്ന് വില വര്‍ധനവും മൂലം സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ് ജനങ്ങള്‍ക്കുള്ളത്. കേരളം മാറ്റിനിര്‍ത്തിയാല്‍ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ ആശുപത്രികളുടെയും അവസ്ഥ ശോചനീയം തന്നെയാണ്. ഗ്രാമീണ ആരോഗ്യ സംരക്ഷണരംഗം സംരക്ഷിക്കുന്നതിന് പകരം തകര്‍ക്കാനും അവിടേക്ക് സ്വകാര്യമേഖലയെ കടത്തിവിടാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

കൊതുകു നിര്‍മ്മാര്‍ജ്ജനത്തിലെ അപാകതകള്‍ മൂലവും മാലിന്യ സംസ്കരണം വേണ്ട രീതിയില്‍ നടക്കാത്തതുകാരണവും എല്ലാ വര്‍ഷവും നിരവധി പേര്‍ക്ക് ഡങ്കിപ്പനിയും ചിക്കന്‍ഗുനിയയും പിടിപെടുകയും മരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലേത് പോലെ ഒറ്റയടിക്കുള്ള മരണങ്ങളല്ല അതെന്നതിനാല്‍ തന്നെ ഇതിനെ രണ്ടിനെയും താരതമ്യം ചെയ്യുന്നത് തന്നെ വിഡ്ഢിത്തമാണ്. മാത്രമല്ല, കേരളത്തിലെ ആരോഗ്യരംഗം ഉത്തര്‍പ്രദേശുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹുദൂരം മുന്നിലാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അതിനാലാണ് കേരളത്തില്‍ പദയാത്ര നടത്താനെത്തുമ്പോള്‍ ഇവിടുത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടുപഠിക്കണമെന്ന് യോഗി ആദിത്യനാഥിനോട്, ട്വിറ്ററിലൂടെ സ്വാഗതം ചെയ്തുകൊണ്ട് സിപിഎം ആവശ്യപ്പെട്ടത്. ഇതിന് മറുപടിയായാണ് യോഗിയുടെ ഇന്ന് കേരളം യുപിയെ കണ്ട് പഠിക്കാന്‍ പറഞ്ഞിരിക്കുന്നത്.

കിഴക്കന്‍ യുപിയിലും ബിഹാറിലെ ചില പ്രദേശങ്ങളിലും 1978 മുതല്‍ കണ്ടുവരുന്ന മസ്തിഷ്‌ക ജ്വരം അഥവാ ജപ്പാന്‍ ജ്വരം എന്ന് വിളിക്കുന്ന രോഗം നിയന്ത്രിക്കുന്നതില്‍ നമ്മുടെ പൊതുജനാരോഗ്യ മേഖല സ്വീകരിച്ച സമീപനം ഈ വാദത്തിന് ശക്തമായ അടിത്തറയായി മാറുന്നുണ്ട്. ഈ 30 വര്‍ഷങ്ങള്‍ക്കിടയില്‍ ഏകദേശം 50,000 കുഞ്ഞുങ്ങളാണ് ഈ മേഖലയില്‍ ജപ്പാന്‍ ജ്വരം മൂലം മരിച്ചത്. 2013ന് ശേഷം മാത്രം 3000 കുട്ടികളുടെ ജീവന്‍ നഷ്ടപ്പെട്ടുകഴിഞ്ഞു. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ദളിതരും മുസ്ലീങ്ങളും കൂടുതലായി അധിവസിക്കുന്ന ഈ മേഖലയില്‍ പടരുന്ന രോഗം നിയന്ത്രിക്കുന്നതിന് ഇതിനകം കേന്ദ്ര സര്‍ക്കാര്‍ മാത്രം 4000 കോടി രൂപ ചിലവിട്ടുവെന്നാണ് ഏകദേശ കണക്ക്. വര്‍ഷാവര്‍ഷം മരണം വര്‍ദ്ധിക്കുന്നതല്ലാതെ നിയന്ത്രിക്കപ്പെടുന്നില്ല. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് ഗോരഖ്പൂരിലെ പൊതുമേഖല ആശുപത്രിയിലെ ദുരന്തം സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകള്‍ തെളിയിക്കുന്നത് ബിജെപി നേതാവുകൂടിയായ പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് നടപ്പാക്കുന്നതില്‍ ഏറ്റവും പരാജയപ്പെട്ട സംസ്ഥാനം ഉത്തര്‍പ്രദേശ് ആണെന്നാണ്. ഒപ്പം ഇന്ന് ബിജെപിക്ക് കൂട്ടുഭരണമുള്ള മറ്റൊരു സംസ്ഥാനമായ ബിഹാറും ഉണ്ട്. സ്വച്ഛ് ഭാരത് നടപ്പാക്കുന്നതില്‍ ഏറ്റവുമധികം വിജയിച്ച സംസ്ഥാനം കേരളമെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. കുട്ടികള്‍ക്ക് ആവശ്യത്തിന് വിദ്യാഭ്യാസം കൊടുക്കുന്നതില്‍ പരാജയപ്പെടുന്ന സംസ്ഥാനവും ഏറ്റവുമധികം ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് തന്നെ. ഗോസംരക്ഷണത്തിന്റെ പേരില്‍ തുടര്‍ച്ചയായി ദളിതരും മുസ്ലിങ്ങളും ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും ഇവിടെ തന്നെ. ജനങ്ങള്‍ക്ക് ആവശ്യത്തിന് സൗകര്യങ്ങളുള്ള ആശുപത്രികളില്ലെങ്കിലും പശുവിന് വേണ്ടി പ്രത്യേകം ആശുപത്രികള്‍ പണിയുന്നുവെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെക്കുറിച്ചുള്ള മറ്റൊരു ആരോപണം. കൂടാതെ ആശുപത്രികളില്‍ സര്‍ക്കാര്‍ ജ്യോതിഷവും നിര്‍ബന്ധിതമാക്കി ജനങ്ങളെ പരിഹസിക്കുകയാണ്. കേരളം ആഗോള തലത്തില്‍ പോലും സാമൂഹിക വികസനത്തിന്റെ മാതൃകയായി കണക്കാക്കപ്പെടുമ്പോള്‍ ഉത്തര്‍പ്രദേശ് ഒരു ചവറ്റുകുട്ടയായാണ് കണക്കാക്കപ്പെടുന്നതെന്ന് ലൈവ് മിന്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോര്‍ട്ടില്‍ പ്രമിത് ഭട്ടാചാര്യ പറയുന്നു. ഉത്തര്‍പ്രദേശ് ആണ് രാജ്യത്തെ നവജാത ശിശുമരണങ്ങളില്‍ രണ്ടാം സ്ഥാനത്തെന്നാണ് കണക്കുകള്‍ പറയുന്നത്. ഒരു ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ 46 കുട്ടികള്‍ മരിക്കുകയാണ്. മധ്യപ്രദേശ് ആണ് അതിന് മുകളിലുള്ളത്. പ്രായപൂര്‍ത്തിയാകാത്ത സ്ത്രീകളെ വിവാഹം കഴിപ്പിക്കുന്നതിന്റെ എണ്ണത്തിലും യുപിയാണ് മുന്നില്‍. ഈ നിങ്ങളെയാണോ ഞങ്ങള്‍ കണ്ടുപഠിക്കേണ്ടത്? കേരളത്തില്‍ വന്ന് അര്‍ത്ഥമില്ലാത്ത വാദങ്ങള്‍ ഉന്നയിച്ച് നിങ്ങള്‍ ആരെയാണ് കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്?

ജനരക്ഷാ യാത്ര പിലാത്തറ കഴിഞ്ഞു എന്നാണ് മനസിലാക്കുന്നത്. സാധിക്കുമെങ്കില്‍ തിരിച്ചു പോയി പിലാത്തറയ്ക്കടുത്ത് ചെറുതാഴത്തുള്ള കുടുംബാരോഗ്യ കേന്ദ്രം ഒന്നു സന്ദര്‍ശിക്കുക. അതുമല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ തന്നെ മണ്ഡലത്തിലുള്ള മുഴപ്പിലങ്ങാട് കുടുംബാരോഗ്യ കേന്ദ്രം ആയാലും മതി. ഗ്രാമീണ മേഖലകളില്‍ എങ്ങിനെയാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിന് നല്ല മാതൃകകളാണ് ഇവയെല്ലാം. ജനങ്ങളുടെ ക്ഷേമമാണ് ലക്ഷ്യമെങ്കില്‍ അങ്ങയുടെ സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണ്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍