TopTop
Begin typing your search above and press return to search.

മലവെള്ളത്തിൽ ഒലിച്ചു പോകാതെ നമ്മൾ പിടിച്ചു നിന്നില്ലേ? ഇതും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും

മലവെള്ളത്തിൽ ഒലിച്ചു പോകാതെ നമ്മൾ പിടിച്ചു നിന്നില്ലേ? ഇതും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും
കേരളത്തിലെ ഒരു വലിയ വിഭാഗം മനുഷ്യർ കഴുത്തറ്റം വെള്ളത്തിലിരുന്നു ജീവന് വേണ്ടി പൊരുതുന്ന അവസരത്തിൽ ഒത്തോരുമിച്ചു പരമാവധി ചെറുക്കുക എന്നൊരു വഴി മാത്രമേ നമുക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. അതിൽ കക്ഷി രാഷ്ട്രീയ ജാതിമതവർഗ്ഗഭേദമില്ലായിരുന്നു. ഏതെങ്കിലും ഒരു വിഭാഗത്തിന് ഒറ്റയ്ക്ക് തടുത്തു നിർത്താൻ ആവുന്ന ഒന്നായിരുന്നില്ല അത്. സി പി ഐ എമ്മോ, കോൺഗ്രസോ, ബി ജെ പിയോ, ലീഗോ, സി പി ഐയോ ആരാണ് മികച്ചത് എന്ന ചോദ്യം ചോദിക്കാനോ, ആരാണ് ശരി എന്ന് തർക്കിക്കാനോ ലിങ്കും സ്ക്രീൻഷോട്ടും ഇട്ടു ചർച്ച ചെയ്യാനോ ഉള്ള സമയമായിരുന്നില്ല അത്.

രക്ഷാ പ്രവർത്തനം, ദുരന്തനിവാരണം, അതിജീവനം ഇത്രയും മാത്രമായിരുന്നു നമ്മുടെ ലക്‌ഷ്യം. അതിൽ ആദ്യ ഘട്ടത്തിൽ നാം വിജയത്തോടു അടുക്കുന്നു. ഈ വിജയം നമ്മുടെ ഒത്തൊരുമയുടെ വിജയമാണ്. ലോകമെമ്പാടുമുള്ള മലയാളികൾ ഉറങ്ങാതിരുന്ന പ്രവർത്തിച്ചതിന്റെ വിജയമാണ് . ദുരന്തബാധിത മേഖലകളിലെ കമ്യൂണിക്കേഷൻ തകരാറിലായപ്പോൾ ലോകത്തിന്റെ വിവിധ കോണുകളിൽ സ്വയം കൺട്രോൾ റൂമുകളായി മാറിയ മലയാളിയുടെ വിജയമാണ്. മൊബൈലിൽ കുത്തി തല തിരിഞ്ഞു പോയവർ എന്ന് പലരും എഴുതിത്തള്ളിയ ഫ്രീക്കൻ തലമുറയുടെ വിജയമാണ്. പത്തു ലക്ഷത്തിനും മുകളിൽ ഫോളോവേഴ്സ് ഉള്ള ട്രോൾ പേജുകളായിരുന്നു പല പ്രധാന വിവരങ്ങളും പങ്കു വെച്ചിരുന്നത്. രാവേറെ നീണ്ട രക്ഷാ പ്രവർത്തനത്തിൽ തളർന്നു ദുരിത ബാധിത മേഖലകൾ കണ്ണടക്കുന്നു നേരത്ത് ഉറങ്ങാതിരുന്ന പ്രവാസികളായിരുന്നു എസ് ഓ എസ് മെസേജുകൾ ക്രോഡീകരിച്ചിരുന്നത്.അപകടം നിറഞ്ഞ കുത്തൊഴുക്കിലും ബോട്ടുകൾ ഇറക്കിയ മത്സ്യ തൊഴിലാളികൾ, മോശം കാലാവസ്ഥയിലും ഹെലികോപ്റ്ററിൽ റിസ്‌കെടുത്തു രക്ഷാപ്രവർത്തനം നടത്തിയ സേന വിഭാഗങ്ങൾ , പോലീസുകാർ, ഫയർ ഫോഴ്‌സുകാർ, നാട്ടുകാർ എന്നിവരെ മറയ്ക്കുന്നതെങ്ങനെ ? തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനത ഇതുവരെ സമാനമായ ദുരന്തം നേരിട്ടില്ലാത്ത ഒരു ജനത , സ്വയം അവസരത്തിനൊത്ത് ഉയർന്നതിന്റെ ഗാഥകളാണ് ഇത്.

ഈ ദുരന്തനിവാരണ പ്രവർത്തനത്തിനിടെ രാഷ്ട്രീയ സംവാദങ്ങൾക്കില്ല എന്ന കാര്യം ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു. ഒത്തൊരുമിച്ച് നമ്മൾ പൊരുതുമ്പോൾ ഒരു വാക്ക് കൊണ്ട് പോലും ആർക്കും അലോസരം ഉണ്ടാവരുതെന്നു കരുതിയതായിരുന്നു. കാരണം നാം നേരിട്ട ദുരന്തത്തിന്റെ വ്യാപ്തി അത്രയും വലുതായിരുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ജീവന് വേണ്ടി പൊരുതി മൂന്നും നാലും ദിവസമായി കുടുങ്ങിക്കിടക്കുന്ന മനുഷ്യർ ജീവന് വേണ്ടി വിളിക്കുമ്പോൾ നമുക്ക് ഉറങ്ങാൻ കഴിയുന്നതെങ്ങനെ ? ഒരായുസ്സുകൊണ്ട് ഉണ്ടാക്കിയതെല്ലാം വെള്ളത്തിനു വിട്ടു കൊടുത്തു ഉടുതുണിക്ക് മറുതുണിയുമായി ഇറങ്ങി വന്ന വൃദ്ധരും ചെറുപ്പക്കാരും കുട്ടികളും ദൈന്യതയോടെ ഇരിക്കുമ്പോൾ എങ്ങനെ നമുക്ക് വിഘടിച്ചു നിൽക്കാനാവും. "അല്പം വെള്ളം തരൂ, കുറച്ചു മരുന്ന് തരൂ, ആ കുഞ്ഞിനെ എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തിക്കൂ, ആ അമ്മ തളർന്നു കിടക്കുകയാണ് ആരെയെങ്കിലും വിളിക്കൂ , കുറച്ചു നാപ്കിൻ തരൂ , മക്കൾ വിശന്നു കരയുകയാണ്, തണുത്ത് വിറക്കുന്നു ഒരു പുതപ്പു തരൂ , എന്റെ കുട്ടികളെ കണ്ടു പിടിച്ചു തരൂ, ഒരു മെഴുകു തിരി തരൂ '' ഇങ്ങനെ ഹൃദയം പിളരുന്ന അഭ്യർത്ഥനകളുമായി ലക്ഷങ്ങൾ നിൽക്കുമ്പോൾ നാമെങ്ങനെ പരസ്പരം പോരടിക്കും ?

പക്ഷെ ചിലതു പറഞ്ഞേ മതിയാവൂ എന്ന അവസ്ഥ വന്നിരിക്കുന്നു

പ്രത്യേകിച്ചും കഴിഞ്ഞ കുറച്ചു ദിവസമായി നാം നേരിടുന്ന ചില പ്രതിസന്ധികളുണ്ട് . കേരളം മുഴുവൻ ഇങ്ങനെ വിറങ്ങലിച്ച്‌ നിൽക്കുമ്പോൾ ഏതെങ്കിലും തരത്തിൽ നാട്ടിലേക്ക് സഹായം എത്തിക്കാൻ ശ്രമിക്കുന്ന മിക്ക മറുനാടൻ മലയാളികളും ഈ പ്രതി സന്ധി കുറച്ചു ദിവസമായി നേരിടുന്നുണ്ടാവും. അത് നമുക്കെതിരെ കേരളത്തിന് വെളിയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങളാണ്. നൂറോ ആയിരമോ പതിനായിരമോ കോടികൾ കിട്ടിയാലും പരിഹരിക്കാനാകാത്ത നഷ്ടമാണ് നമുക്കിപ്പോൾ ഉള്ളത്.ദുരന്ത ബാധിത മേഖലയിലെ ഒരു വാർഡ് എടുത്ത് നോക്കുക

1 ) മിക്ക വീടുകളും തകർന്നിരിക്കുന്നു. പുതിയത് പണിയുകയോ അറ്റകുറ്റപ്പണികൾ നടത്തുകയോ വേണം
2 ) സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞു കവിയുകയും ദുരന്തത്തിലകപ്പെട്ട ജീവജാലങ്ങളുടെ ശവങ്ങൾ ഒഴുകി നടക്കുകയും ചെയുന്നത് കൊണ്ട് വലിയ ശുചീകരണപ്രവർത്തനങ്ങൾ വേണം . കിണറുകൾ വൃത്തിയാക്കണം
3 ) വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, ഫർണിച്ചറുകൾ എന്നിവ ഉപയോഗയോഗ്യമാണ് എന്ന് തോന്നുന്നില്ല
4 ) വസ്ത്രങ്ങൾ മുതൽ രേഖകൾ വരെ നഷ്ടപ്പെട്ടിരിക്കുന്നു. എല്ലാം വീണ്ടും വാങ്ങുകളും ഉണ്ടാക്കുകയും വേണം
5 ) വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തണം
6 ) റോഡുകൾ, പാലങ്ങൾ എന്നിവ മിക്കവയും തകർന്നിരിക്കുന്നു. പുനർ നിർമ്മിക്കണം
7 ) വൈദ്യുതി പുനഃസ്ഥാപിക്കണം. വയറിങ്ങുകൾ മാറ്റണം.
8 ) രോഗങ്ങളോട് പോരാടണം, ആശുപത്രികൾ,പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ , സ്‌കൂളുകൾ എന്നിവ പുനർ നിർമ്മിക്കണം
9 ) വിള നശിച്ച കർഷകർ, തൊഴിലുപകരങ്ങൾ നഷ്ടപ്പെട്ട തൊഴിലാളികൾ എന്നിവരെ സഹായിക്കണം. ബദൽ വരുമാനമുണ്ടാക്കാൻ വേണ്ട മൂന്നുമാസമെങ്കിലും അവരുടെ വീടുകളിൽ തീ പുകയുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം
10 ) നിശ്ചിത കാലത്തേക്കെങ്കിലും അരി, പച്ചക്കറികൾ, ഇന്ധനം എന്നിവ നൽകണം

എന്നിങ്ങനെ ഒരു ഗ്രാമം ഒന്നിൽ നിന്ന് ഉണ്ടാക്കി വരേണ്ട അവസ്ഥയാണ്. ഒരു വാർഡിൽ ഏത് എത്ര കോടിയുടെ പ്രവർത്തനം വേണ്ടി വരും എന്ന് ഒന്ന് ആലോചിച്ചു നോക്കുക . ആയിരം കോടിയോ പതിനായിരം കോടിയോ ലക്ഷം കോടിയോ മതിയാവുമോ എന്ന് ആലോചിക്കൂ . അങ്ങനെയുള്ള ഒരു ദുരന്തമുഖത്ത് സഹായം അഭ്യർത്ഥിച്ചു വ്യക്തികളെയും കൂട്ടായ്മകളെയും സമീപിക്കുമ്പോൾ ആണ് കേരളത്തിനെതിരെ നടക്കുന്ന പ്രചാരണത്തിന്റെ വ്യാപ്തി മനസിലാക്കുക.

രാഷ്ട്രീയക്കാർ അഴിമതിക്കാരാണ് എന്ന പൊതു ബോധത്തെ ഉപയോഗപ്പെടുത്തി സമർത്ഥമായി നമുക്ക് സഹായം കിട്ടേണ്ട സോഴ്‌സുകളിൽ ഒക്കെ വിഷം കുത്തി വെച്ച് കഴിഞ്ഞിരിക്കുന്നു. ദുരിതാശ്വാസനിധിയൊക്കെ തട്ടിപ്പാണത്രെ. രാഷ്ട്രീയക്കാർക്ക് ദുരുപയോഗം ചെയ്യാനുള്ള എന്തോ ഒന്നാണത്രെ. ചിലർ പറഞ്ഞത് ഇപ്പോൾ നടക്കുന്ന പിരിവു മുഖ്യമന്ത്രിയുടെ ചികിത്സക്കാവും എന്നാണു .സഹായം അഭ്യർത്ഥിച്ചു ചെല്ലുമ്പോൾ ആരോടും ക്ഷോഭിക്കാനാവില്ലല്ലോ . 'ദുരിതാശ്വാസ നിധിയിൽ പണം നൽകിയാൽ പാവങ്ങളിൽ എത്തില്ല, മറ്റുള്ള സംഘടനകൾക്ക് നൽകുക, അല്ലെങ്കിൽ നേരിട്ട് ചെന്ന് നൽകുക' എന്നൊക്കെയാണ് പലരും കേരളത്തിന് വെളിയിലുള്ള മനുഷ്യരോട് ഉപദേശിക്കുന്നത്

സഹായം അഭ്യർത്ഥിച്ചു ചെല്ലുന്നവർ ഇത്തരം വാദങ്ങൾക്ക് എന്ത് മറുപടി നൽകണം എന്നറിയാതെ നിസ്സഹായരാണ്. എങ്ങനെയാണ് ഇവരോട് സത്യം മനസിലാക്കുക എന്ന് അറിയില്ല.കാരണം പലരും മലയാളികളല്ല, ഇന്ത്യക്കാർ പോലുമല്ല. സഹായം വേണം എന്ന് കേഴുന്ന ചില ഇന്ത്യക്കാരും വേണ്ട എന്ന് പറഞ്ഞു മുടക്കുന്ന മറ്റു ചില ഇന്ത്യക്കാരും.

നിങ്ങൾ തന്നെ പറയൂ എന്ത് ചെയ്യണം ?

മലയാളികളായ പലർക്കും ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച നിയമ സഭ രേഖകൾ കാണിച്ചു കൊടുക്കാം. ബാക്കിയുള്ളവരോട് എന്ത് പറയും? ഏതെങ്കിലും പോസ്റ്റ് കാർഡ് ന്യൂസിൽ വന്ന ഒരു വാർത്തയാണ് അവർ തിരിച്ചു അയച്ചു തരുന്നത് . അത്ര സമർത്ഥമായി നമ്മെ തോൽപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട് .ഇത് ഇന്നലെ സംഭവിച്ച കാര്യമല്ല. ഈ പ്രളയം തുടങ്ങിയ നാൾ മുതൽ ഞാനടക്കമുള്ളവർ നേരിടുന്നതാണ്. .പത്ത് മറുനാടൻ മലയാളികൾ കൂടി നിൽക്കുന്ന ഇടത്ത് ദുരിതാശ്വാസനിധിയുടെ കാര്യം പറഞ്ഞാൽ ഒരു വഷളൻ ചിരിയുമായി വാട്സ് അപ്പിൽ വന്ന ഒരു ഫോട്ടോ കാണിച്ചു തരുന്ന രണ്ടു പേരെയെങ്കിലും കാണിച്ചു തരാം എന്ന് ഈ ദുരന്ത മുഖത്ത് നിന്നും എനിക്ക് പറയാനാവും.

ഇന്നലെ ഉച്ചയോടെ മൈസൂരിൽ ജീവിക്കുന്ന ഒരു സുഹൃത്ത് എനിക്ക് ആ വിഷം വമിപ്പിക്കുന്ന ഓഡിയോ അയച്ചു തന്നു. കന്നഡ ,തമിഴ് സുഹൃത്തുക്കളുടെ ഗ്രൂപ്പിൽ നിന്നാണ് അത് കിട്ടിയതത്രെ . ബാംഗ്ലൂരിലെ ഐടി ഗ്രൂപ്പിൽ , മുംബൈയിലും ദുബായിലും ഖത്തറിലും ബഹ്‌റൈനിലും ഒക്കെ ഉള്ള സർക്കിളുകളിൽ അതിപ്പോൾ ഓടിക്കൊണ്ടിരിക്കുന്നു. എത്ര പേരോട് നാം വിശദീകരിക്കും ? എത്ര പേരോട് നാം പറയും നമ്മുടെ ജനം വലിയ പ്രതിസന്ധിയിലാണ് ഇപ്പോൾ ഉള്ളതെന്ന് ? നമുക്ക് കിട്ടേണ്ട എത്ര സഹായത്തെയാണ് ആ വിഷ ജീവി മുടക്കുന്നത് എന്ന് നോക്കൂ. ഇതേ ഓഡിയോ മറ്റു രാജ്യക്കാർക്കു കിട്ടിയാൽ എന്ത് സംഭവിക്കും എന്ന് ആലോചിക്കൂ .ആ വിഷജന്തു ഒരു സാധാരണ മനുഷ്യനല്ല 2014 തിരഞ്ഞെടുപ്പിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സോഷ്യൽ മീഡിയ കാമ്പെയിന്റെ ഹൈദ്രബാദിൻറെ ചുമതലയുള്ള ആളായിരുന്നു എന്ന് ഒരു പഴയ ഡെക്കാൻ ക്രോണിക്കിൾ ലേഖനത്തിൽ നിന്ന് മനസ്സിലാവുന്നുണ്ട് . അപ്പോൾ ഏതോ ഒരു മാനസിക രോഗി യാദൃശ്ചികമായി പടച്ചു വിട്ട ഒരു സംഗതിയല്ല. ഒരു സംഘപ്രവർത്തനമാണ്. ഒരു പട്ടാള വേഷധാരിയുടെ സമാന സ്വഭാവമുള്ള വീഡിയോ നിങ്ങളും കണ്ടതാണല്ലോ. ഇതാണോ രാഷ്ട്രീയ പ്രവർത്തനം എന്നാണോ ഇവർ ധരിച്ചു വച്ചിരിക്കുന്നത്. സ്വന്തം നാട്ടിലെ മനുഷ്യരെ ദുരിതക്കയത്തിൽ തള്ളിയിട്ടാണോ രാജ്യ സ്നേഹികൾ എന്ന് ഇവർ ഊറ്റം കൊള്ളുന്നത്?

നമുക്ക് കിട്ടേണ്ട എത്ര കോടിയാണ് ഈ വിഷ ജീവികൾ ഇല്ലാതാക്കുന്നത് ? സേവാ ഭാരതിക്കു വേണ്ടി ഫണ്ട് പിരിവാണ് ഉദ്ദേശമെങ്കിൽ ബി ജെ പി അധികാരത്തിലിരിക്കുന്ന ഈ സമയത്ത് അത് പുഷ്പം പോലെ സാധിക്കുന്ന ഒന്നാണ്. ഇത് ഒരു ജനതയോടുള്ള കലി തീർക്കലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊപൊഗണ്ട മെഷിനറിയുടെ വ്യക്തമായ പ്ലാനിങ്ങോടെയുള്ള ആക്രമണമാണ് . പ്രളയം വരുമ്പോൾ അമ്പലത്തിന്റെ ഊട്ടുപുര തുറന്നും മദ്രസയുടെ ഹാൾ തുറന്നും പള്ളിയുടെ കുർബാന നടക്കുന്ന ഹാളിൽ ഒരുമിച്ചു ഉറങ്ങിയും ജാതി മത ഭേദമന്യേ ഒന്നിച്ചു നിൽക്കുന്ന മനുഷ്യരോടുള്ള കലിയാണ് ഇത്.

പക്ഷെ തോൽക്കാൻ നമുക്ക് മനസില്ല എന്ന് തന്നെ പറയേണ്ട അവസ്ഥയാണ്. ഫണ്ട് തരാതെ പട്ടിണിക്കിട്ടാലും സഹായം കിട്ടേണ്ട സുമനസ്സുകളിൽ വിഷം കലർത്തിയാലും നമ്മൾ തോൽക്കില്ല.ആർത്തലച്ചു കുത്തിയൊഴുകി വന്ന മലവെള്ളത്തിൽ ഒലിച്ചു പോകാതെ നമ്മൾ പിടിച്ചു നിന്നില്ലേ ?

ഇതും നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.

*ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories