TopTop
Begin typing your search above and press return to search.

കരിന്തണ്ടന്റെ കഥപറയാനൊരുങ്ങി ലീല; കേരളത്തിലെ ആദ്യ ആദിവാസി സംവിധായിക തിരക്കിലാണ്‌

കരിന്തണ്ടന്റെ കഥപറയാനൊരുങ്ങി ലീല; കേരളത്തിലെ ആദ്യ ആദിവാസി സംവിധായിക തിരക്കിലാണ്‌

കേരളത്തിലെ ആദ്യ ആദിവാസി സംവിധായിക ഇവിടെയുണ്ട്. പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ലീല സന്തോഷ്. ഒന്നുമല്ലാതായി പോകുമായിരുന്ന തന്റെ ജീവിതത്തെ ഇന്നത്തെ താനാക്കി മാറ്റിയ വയനാട് നടവയലിലെ 'കനവി'ന്റെ തിണ്ണയിലിരുന്ന് ലീല അഴിമുഖത്തോട് സംസാരിച്ചു:

"കനവിലെ ജീവിതം വലിയ സ്വാധീനവും മാറ്റങ്ങളുമാണ് ജീവിതത്തില്‍ ഉണ്ടാക്കിയത്. എന്നെപ്പോലൊരു ആദിവാസി സ്ത്രീയെ ഇത്തരത്തിലുള്ള ജീവിതത്തിലേക്ക് എത്തിച്ചത് ഈ കനവിലെ ജീവിതമാണ്. ഇവിടുന്നാണ് സിനിമ എന്താണെന്ന്, അല്ല ക്ഷമിക്കണം, ജീവിതമെന്താണെന്ന് പഠിച്ചത്. അഭിനയത്തില്‍ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും എന്റെ റോള്‍ ക്യാമറക്ക് മുന്നിലേക്കാള്‍ പിന്നിലാണെന്ന് മനസിലാക്കിയതാണ് ആദ്യ വിജയം" - ലീല സന്തോഷ് പറയുന്നു.

1994ല്‍ ആദിവാസികളുടെ ഗദ്ദിക എന്ന നാടന്‍ കലാരൂപത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കെജെ ബേബി പനമരത്ത് ആരംഭിച്ച പരിശീലനത്തിനായി കോളനിയിലെ മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും പോകുമായിരുന്നു. ഈ വരുന്ന കുട്ടികളെ എങ്ങനെ പരിശീലിപ്പിച്ച് അവരുടെ കഴിവ് കണ്ടെത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാം എന്ന ചിന്തയില്‍ നിന്നാണ് കെജെ ബേബി 'കനവ്' എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. സാധാരണ സ്‌കൂളിലെ പഠനരീതിയില്‍ നിന്നും വ്യത്യസ്തമായി പഴയ ഗുരുകുല രീതി തന്നെയായിരുന്നു കനവിലേതും. അത് വന്‍ വിജയമായിരുന്നു. ഇവിടെ പഠിച്ച ആദിവാസിക്കുട്ടികളെ സംബന്ധിച്ച് കനവിലെ ജീവിതം അവര്‍ ആസ്വദിച്ചതിനൊപ്പം ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയി തീരണം എന്ന ചിന്തയിലേക്ക് അവര്‍ എത്തി ചേര്‍ന്നു.

1994 മുതല്‍ ഇന്നുവരെ നാനൂറിലധികം കുട്ടികള്‍ കനവില്‍ നിന്ന് പഠിച്ചിറങ്ങി വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുകയാണ്. പ്രശസ്ത ചിത്രകാരന്‍ സുബ്രമണ്യന്‍ കനവിന്റെ പൂര്‍വ വിദ്യാര്‍ത്ഥിയുമാണ്. കനവിന്റെ ആരംഭം മുതല്‍ 2007 വരെ കനവിലെ വിദ്യാര്‍ത്ഥിയായിരുന്നു ലീല. ഇടക്ക് സ്‌കൂളിലെ പോലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കനവിനെയും ബാധിച്ചെങ്കിലും ലീലയെപ്പോലുള്ള പൂര്‍വ വിദ്യാര്‍ത്ഥികള്‍ പഴയതിനേക്കാള്‍ ഊര്‍ജ്ജത്തോടെ കനവിനെ മുന്‍പോട്ട് കൊണ്ടുപോവുകയാണ് ഇപ്പോള്‍. നിലവില്‍ 32 കുട്ടികളാണ് വിവിധ മേഖലകളിലായി കനവില്‍ പഠിക്കുന്നത്.

പഠനകാലത്തെ അനുഭവങ്ങളും യാത്രകളുമാണ് സിനിമയിലേക്ക് ലീലയെ കൊണ്ടെത്തിച്ചത്.

"എന്തും സ്വായത്തമാക്കാനും നേരിടാനും പഠിപ്പിച്ചത് കനവിലെ ജീവിതമാണ്. സംവിധായകന്‍ കൂടിയായ കെജെ ബേബിയുടെ ശിക്ഷണത്തില്‍ നിന്നുമാണ് ആദ്യമായി സിനിമയെക്കുറിച്ച് കേള്‍ക്കുന്നത് പോലും. കനവിലെത്തിയതിന് ശേഷം സിനിമ മുടങ്ങാതെ കണ്ടിരുന്നു. എന്നാല്‍ എല്ലാവരും സിനിമ കണ്ട് അടുത്ത സിനിമ കാണാന്‍ തയ്യാറെടുക്കുമ്പോള്‍ ഞാന്‍ കണ്ട സിനിമയുടെ നിരൂപണം എഴുതാന്‍ സമയം കണ്ടെത്തുമായിരുന്നു. അത് എന്നെ കൂടുതല്‍ സിനിമയിലേക്ക് അടുപ്പിച്ചു. സിനിമക്കൊപ്പം സംഗീതവും കരാട്ടെയുമെല്ലാം കനവില്‍ നിന്ന് പഠിച്ചു".

കെജെ ബേബിക്കൊപ്പം തന്നെ 'ഗുഡ' എന്ന ഡോക്യുമെന്റെറിയില്‍ സഹസംവിധായികയാണ് ലീല സന്തോഷിന്റെ സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പ്. കൂടാരം എന്നര്‍ത്ഥം വരുന്ന ഗൂഡ എന്ന ഈ ഡോക്യുമെന്ററിയില്‍ ഋതുമതിയാവുന്ന പെണ്‍കുട്ടികളെ മറ്റൊരു കുടിലിലേക്ക് മാറ്റി പാര്‍പ്പിക്കുന്ന ഒരു ആചാരം കാണിക്കുന്നുണ്ട്. അങ്ങനെ മാറ്റി പാര്‍പ്പിച്ച ഒരു പെണ്‍കുട്ടി ഒരു വര്‍ഷത്തോളം ഒരു കുടിലില്‍ ഒറ്റപ്പെട്ടു പോകുന്നു. ഗൂഡക്ക് വന്‍ പ്രോത്സാഹ്നമാണ് ലഭിച്ചത്. അതോടെ ലീല സന്തോഷ് ചുവടുറപ്പിച്ചു. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിനിമയുമായി ബന്ധപ്പെട്ട നിരവധി വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയത് മറ്റൊരു വഴിത്തിരിവായിരുന്നു. പ്രധാനമായും തിരുവനന്തപുരത്ത് നടന്ന ഫിലിം ആന്‍ഡ് ഫീമെയില്‍ വര്‍ക്ക് ഷോപ്പില്‍ ടെക്‌നിക്കല്‍ മേഖലയില്‍ കിട്ടിയ അറിവ് വലുതായിരുന്നു. അത് കൂടുതല്‍ ധൈര്യം പകര്‍ന്നു. സ്വന്തമായി ഒരു സിനിമ ചെയ്യാം എന്ന ആത്മവിശ്വാസം ആര്‍ജ്ജിച്ചെടുത്തത് അങ്ങനെയാണ്' ലീല പറയുന്നു.

സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നെങ്കിലും പണിയ വിഭാഗത്തിന്റെ ആഘോഷങ്ങളേയും ആചാരാനുഷ്ടാനങ്ങളേയും പ്രതിപാദിക്കുന്ന 'നിഴലുകള്‍ നഷടപ്പെടുന്ന ഗോത്ര ഭൂമി' എന്ന ഡോക്യുമെന്ററിക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയിലെ വിവിധ ചലച്ചിത്ര മേളകളില്‍ ഈ ഡോക്യുമെന്റെറി പ്രദര്‍ശിപ്പിക്കുകയുണ്ടായി. അതോടെ സിനിമ മേഖലയിലടക്കം നിരവധി ബന്ധങ്ങളും കിട്ടിയത് മുന്‍പോട്ടുള്ള പ്രയാണത്തിന് ലീലക്ക് കുടുതല്‍ സഹായകമായി. തുടര്‍ന്നാണ് സുഹൃത്തും സംവിധായകനുമായ സിജുവിനോടൊപ്പം 'നാളെ' എന്ന സിനിമയില്‍ സഹസംവിധായികയായത്. ഒരു സംവിധായിക എങ്ങനെയായിരിക്കണം എന്നതില്‍ നിരന്തരമായ നിരീക്ഷണത്തിലൂടെ ഓരോ വര്‍ക്ക് കഴിയുന്തോറും കൂടുതല്‍ മികവ് പുലര്‍ത്താന്‍ ലീല ശ്രമിക്കുന്നുണ്ട്.

തിരക്കഥ എഴുത്താണ് സിനിമയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ജോലി എന്ന് ലീല സന്തോഷ് പറയുന്നു. "കിട്ടുന്ന സമയമെല്ലാം വായനക്കായി മാറ്റി വെച്ചത് കൂടുതല്‍ പ്രയോജനം ചെയ്തു. മലയാളത്തിലെ നിരവധി തിരക്കഥകള്‍ വായിച്ചതിനൊപ്പം കനവിന്റെ ലൈബ്രറിയും നന്നായി പ്രയോജനപ്പെടുത്തി. കുറച്ചു വര്‍ക്ക്‌ഷോപ്പുകളില്‍ കൂടി പങ്കെടുത്തതോടെ തിരക്കഥ എഴുത്തും ഇപ്പോള്‍ വലിയ ബുദ്ധിമുട്ടായി തോന്നുന്നില്ല. ഞാന്‍ തന്നെ സ്‌ക്രിപ്റ്റ് എഴുതിയ അവിഹിതരായ ആദിവാസി അമ്മമാരെക്കുറിച്ച് പറയുന്ന കഥയായ 'ചീരു'വിന്റെ വര്‍ക്കിനിടക്കാണ് സിനിമ പഠിപ്പിനൊപ്പം ജീവിതവും പഠിച്ചത്.

അതേസമയം ഞാന്‍ ഒരു ആദിവാസിയായതിനാല്‍ പുറത്തു നിന്ന് ഒരുപാട് സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയത് എന്നെ തളര്‍ത്തി. ഒന്നുമറിയില്ലാത്തവരോട് സംസാരിക്കുന്നത് പോലെ പെരുമാറിയപ്പോള്‍ മനസ് തളര്‍ന്നുപോയി. അത്തരം സെന്റിമെന്‍സിനോട് താല്‍പ്പര്യം ഇല്ലാത്തയാളാണ് ഞാന്‍. എനിക്ക് കുറച്ചെങ്കിലും ചെയ്യാന്‍ കഴിവുണ്ട് എന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ ഇതിന് ഇറങ്ങിത്തിരിച്ചത്" - ലീല സന്തോഷ് പറയുന്നു.

ഇന്ത്യയില്‍ ദളിത് വിഭാഗങ്ങളില്‍ പെട്ട നിരവധി പേര്‍ സിനിമാ സംവിധായകരായി രംഗത്തുണ്ടെങ്കിലും ആദിവാസികളുടെ അവസ്ഥ അവര്‍ക്കുള്ളില്‍ നിന്ന് പറയാന്‍ ഒരാള്‍ പോലും ഇല്ലാതിരിക്കുന്ന അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് ലീല സന്തോഷിന്റെ വരവ്. ആദിവാസികളുടെ യഥാര്‍ത്ഥ ചിത്രം എന്താണെന്ന് ലോകത്തോട് വിളിച്ചുപറയാന്‍ സനിമയിലൂടെ തനിക്ക് കഴിയുമെന്ന് ലീല ഉറച്ച് വിശ്വസിക്കുന്നുണ്ട്. "ഊര് ജീവിതങ്ങളുടെ മദ്യപാനം, ദാരിദ്ര്യം പോലുള്ള ദൈന്യത മാത്രമെ പുറം ലോകം കാണുന്നുള്ളൂ. എന്നാല്‍ എന്തുകൊണ്ട് ഞങ്ങള്‍ അങ്ങനെയായി എന്ന് ആരും അന്വേഷിക്കുന്നുമില്ല. പറയാന്‍ ശ്രമിക്കുന്നുമില്ല". അത് തനിക്ക് പറയാന്‍ കഴിയുമെന്നും ലീല പറയുന്നു.

നിലവില്‍ വയനാടന്‍ ചുരം കണ്ടെത്തിയ കരിന്തണ്ടന്റെ യഥാര്‍ത്ഥ കഥ പറയുന്ന മുഴുനീള ചിത്രം ചെയ്യാന്‍പോകുന്നതിന്റ തിരക്കിലാണ് ലീല സന്തോഷ്. "ചരിത്രത്തിലെ കരിന്തണ്ടന്റെ ആത്മാവിനെ തളച്ചിരിക്കുന്നത് ആണിയിലല്ല, വലിയ ചങ്ങലകളിലാണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നപ്പോള്‍ കരിന്തണ്ടന്‍ ആരായിരുന്നു എന്ന് പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം". നടവയലിലെ കനവിനോട് ചേര്‍ന്നുള്ള വീട്ടില്‍ കളരിയധ്യാപകനായ ഭര്‍ത്താവ് സന്തോഷിനേടും മക്കളായ സത്‌ലജ്, സാത്വിക, സിദ്ധാര്‍ത്ഥ് എന്നിവരോടൊപ്പം ജീവിക്കുന്ന ലീല സന്തോഷ് സിനിമയുടെ ഉയരങ്ങള്‍ കീഴടക്കാന്‍ തയ്യാറെടുക്കുകയാണ്.


Next Story

Related Stories