TopTop

എംഇഎസ്സ്‌ സർക്കുലറിനെ തള്ളിക്കളയേണ്ടത് സമസ്തയുടെ വിഡ്ഢിത്തരത്തിന്റെ പേരിലല്ല, മുഖാവരണത്തിന്റെ മറവിൽ പർദ്ദയ്ക്ക് കൊടുക്കുന്ന സാധുതയുടെ പേരിലാണ്

എംഇഎസ്സ്‌ സർക്കുലറിനെ തള്ളിക്കളയേണ്ടത് സമസ്തയുടെ വിഡ്ഢിത്തരത്തിന്റെ പേരിലല്ല, മുഖാവരണത്തിന്റെ മറവിൽ പർദ്ദയ്ക്ക് കൊടുക്കുന്ന സാധുതയുടെ പേരിലാണ്
അച്ചാറ്, കറി പൌഡര്‍, കമ്പനികള്‍ തമ്മിലൊക്കെ അവരവര്‍ മാര്‍ക്കറ്റില്‍ ഇറക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മയുടെ പേരില്‍ ഇടയ്ക്കിടെ വാക്‌പോര് ഉണ്ടാവാറുണ്ട്. മറ്റു കമ്പനികളെക്കാള്‍ മികച്ച ഉല്‍പന്നം തങ്ങളുടേതാണ് എന്നരീതിയില്‍ പരസ്യങ്ങളില്‍ കാണാറുള്ള വെല്ലുവിളികളെ ആണ് എംഇഎസ് എജുക്കേഷണല്‍ ട്രസ്റ്റ് അവരുടെ സ്ഥാപനങ്ങളില്‍ മുഖാവരണം അണിഞ്ഞു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം അനുവദിക്കില്ല എന്ന സര്‍ക്കുലര്‍ ഓര്‍മ്മപ്പെടുത്തുന്നത്. പരസ്യങ്ങളിലൂടെ കോര്‍പ്പറേറ്റ് കമ്പനികള്‍ ഉത്പന്നങ്ങളുടെ ഗുണമേന്മയുടെ പേരില്‍ നടത്തുന്ന പോര്‍വിളികളുടെ പ്രാധാന്യമേ തങ്ങളുടെ സ്ത്രീ ഉത്പന്നങ്ങളുടെ ഗുണമേന്മയെ പറ്റി മത സംഘടനകളുടെ വാദപ്രതിവാദങ്ങളും അര്‍ഹിക്കുന്നുള്ളു.

എംഇഎസ് ക്യാമ്പസുകളില്‍ മുഖാവരണവും ആധുനിക വസ്ത്രധാരണവും നിരോധിച്ചു കൊണ്ട് ഇത്തരം ഒരു സര്‍ക്കുലര്‍ ഇറക്കുന്നതിന്റെ കാരണം ലളിതമാണ്. മുഖാവരണം സുന്നി മുസ്ലിങ്ങള്‍ ആണ് പൊതുവില്‍ അണിയുന്നത്. സുന്നികളെ പൊതുവിചാരണക്ക് വിധേയമാക്കി കൊണ്ട് ചുളുവില്‍ ആധുനിക വസ്ത്രധാരണം കൂടി വിലക്കി, അവരുടെ സംഘടനാതാല്‍പര്യത്തിനൊത്ത് പര്‍ദ്ദയെ സ്ഥാപിച്ചെടുക്കുകയാണ്. മത സമുദായിക സഘടനകള്‍ക്ക് അവരവരുടെ ഹിതത്തിനൊത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുവാനും ഡ്രസ്സ് കോഡ് തീരുമാനിക്കുവാനും ഭരണഘടനാപരമായ സ്വാതന്ത്ര്യം ഉള്ള ഒരു രാജ്യത്ത് വസ്ത്രമെന്ന മനുഷ്യരുടെ അടിസ്ഥാന ആവിശ്യത്തിലേക്ക് കൈകടത്തുന്ന മാനേജ്‌മെന്റ് നിലപാടുകള്‍, അത് പ്രത്യക്ഷത്തില്‍ സ്ത്രീപക്ഷം എന്ന് പുരോഗമനപക്ഷത്ത് നില്‍ക്കുന്ന ആളുകളുടെ കയ്യടി വാങ്ങുന്ന ഒരു രാഷ്ട്രീയ പരിസരത്തെ സ്ത്രീകള്‍ അതീവ ജാഗ്രതയോടെ വേണം സമീപിക്കുവാന്‍.

'പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത ഒരു വേഷവിധാനവും ആധുനികതയുടെ പേരില്‍ ആയാലും മതത്തിന്റെ പേരില്‍ ആയാലും അനുവദിക്കാനാവില്ല' എന്ന മതം കടിച്ചു തുപ്പിയ എച്ചിലിനുള്ളില്‍ നിന്നും അല്ല സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കേണ്ടത്. പര്‍ദ്ദയാണോ മുഖാവരണം ആണോ കൂടുതല്‍ അപകടകരം എന്ന ചര്‍ച്ച ആണ്‍ബോധത്താല്‍ ഭരിക്കപ്പെടുന്ന സമൂഹത്തിന്റേത് ആണ്, അവരതില്‍ മുഖാവരണത്തില്‍ മാത്രമേ അപാകത കാണുകയുള്ളൂ. എംഇഎസ് മാനേജ്‌മെന്റ് ആധുനിക വസ്ത്രം കൂടി കൂട്ടത്തിലങ്ങ് എഴുതിത്തള്ളുന്നത് പുരുഷബോധം ഭരിക്കുന്ന രാഷ്ട്രീയകേരളത്തിന് വിഷയമാവണമെന്നും ഇല്ല.

മുസ്ലിം സ്ത്രീകളെ അവരുടെ വസ്ത്രധാരണ രീതിയിലൂടെ പൊതു സമൂഹത്തില്‍ ഒരു മത ബിംബം ആക്കി മാറ്റിയതില്‍ മുസ്ലിം മത സംഘടനകള്‍ക്ക് എല്ലാം തുല്യ പങ്കുണ്ട്. മുപ്പതോ നാല്പതോ വര്‍ഷത്തെ പഴക്കമേ ഉള്ളൂ ഈ വസ്ത്രധാരണ കോലാഹലങ്ങള്‍ക്ക്. അതിനു മുമ്പ് ഒരു സാരിത്തലപ്പിന്റെയോ മടക്കിയിട്ട ഒറ്റ തുണിയുടെയോ വ്യത്യാസമേ ഇതര മതസ്ഥരുമായി വസ്ത്രധാരണത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നുള്ളു. ബാബരി മസ്ജിദ് വിഷയത്തിന് ശേഷം രാജ്യത്താകമാനം ഉണ്ടായ മത കേന്ദ്രീകൃത ധ്രുവീകരണം, അറബ് രാഷ്ട്രങ്ങളിലെ കുടിയേറ്റ ജീവിതത്തിന്റെ സ്വാധീനം, പൊതുവെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷബോധം, ഇവയൊക്കെ ജമാഅത്ത് മുജാഹിദ് വിഭാഗങ്ങള്‍ പര്‍ദ്ദയിലേക്ക് അവരുടെ വീട്ടിലെ സ്ത്രീകളെ അണിനിരത്തിയതിന്റെ കാരണങ്ങള്‍ ആണ്. അതേസമയം കുറെ കൂടി യാഥാസ്ഥിതിക സ്വഭാവമുള്ള സുന്നികള്‍ ഒരു പടികൂടി കടന്ന് അവരുടെ വീട്ടിലെ സ്ത്രീളുടെ മുഖം കൂടി അങ്ങ് മൂടി ! ഇപ്പറഞ്ഞതൊക്കെ എന്റെ ചോയ്‌സ് ആണെന്ന് സ്ത്രീകളെ കൊണ്ട് പറയിപ്പിക്കാന്‍ ക്യാമ്പയിനുകളും ക്യാമ്പസുകളും അവരൊരുപോലെ ഉപയോഗിച്ചു.

മതസംഘടനകള്‍ വോട്ടുബാങ്കുകള്‍ കൂടി ആയി പരിണമിക്കുന്നതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ തമ്മില്‍ ഭേദം തൊമ്മന്‍ നിലപാട് സ്വീകരിച്ചേക്കും. മാത്രവുമല്ല, മതം സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന പുരുഷബോധം പുരോഗമന രാഷ്ട്രീയകക്ഷികള്‍ പോലും ഒരുകാലത്തും പൊതു വിഷയമായി എടുത്തിട്ടില്ല. അതുകൊണ്ടു തന്നെ സ്ത്രീപക്ഷത്തു നിന്നു ചിന്തിക്കുന്നവര്‍ എംഇഎസിന്റെ സര്‍ക്കുലറിന് പിറകില്‍ ഒളിച്ചു കടത്തുന്ന പച്ചയായ സ്ത്രീവിരുദ്ധത തിരിച്ചറിയേണ്ടതുണ്ട്. വലിയ മത ധ്രുവീകരണം സാധ്യമാകുന്ന മുഖാവരണം, മുത്വലാഖ്, പിതൃ സ്വത്തിലെ അവകാശം, ഏകസിവില്‍ കോഡു തുടങ്ങിയ വിഷയങ്ങളില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് പക്ഷം ചേരാന്‍ പല ന്യായങ്ങളും നീക്കുപോക്കുകളും കാണും. അത് തിരിച്ചറിയുവാന്‍ സ്ത്രീകളെ മതാത്മക സ്വത്തില്‍ നിന്നും മോചിപ്പിക്കുവാന്‍ പ്രതിജ്ഞബദ്ധരായവ ര്‍ക്ക് കഴിയേണ്ടതുണ്ട്.

മുഖാവരണം പൊതു ജീവിതത്തെ ബാധിക്കും, തടസ്സപ്പെടുത്തും എന്നൊക്കെ ആണ് പര്‍ദ്ദയെ അനുകൂലിക്കുകയും മുഖാവരണത്തെ മാത്രം എതിര്‍ക്കുകയും ചെയ്യുന്നവര്‍ സാധാരണ പറയുന്ന ന്യായം. ഒരാളുടെ അല്ലെങ്കില്‍ ഒരു കൂട്ടം ആളുകളുടെ വസ്ത്രധാരണത്തെ നിര്‍ണയിക്കുന്നത് പൊതുസമൂഹത്തിന്റെ ആവശ്യങ്ങള്‍ മാത്രം അല്ല. പൊതുസമൂഹത്തിന് തടസ്സമുണ്ടാക്കുന്നത് കൊണ്ട് മാത്രം ആവരുത് ഉടുതുണിയുടെ രീതികള്‍ മാറേണ്ടത്. ശരീരം വ്യക്തിയുടെ സ്വകാര്യവും സ്വതന്ത്രവുമായ ഐഡന്‍ഡിറ്റി ആണ് എന്ന തിരിച്ചറിവിന്മേലാണ് വസ്ത്രധാരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കേണ്ടത്. അപ്പോള്‍ അവരവര്‍ക്ക് ഇഷ്ടമുള്ളത് ധരിക്കുക എന്നൊരു ഒറ്റമൂലിയിലേക്ക് വേഗത്തില്‍ എത്തിച്ചേരും.

ആ തിരഞ്ഞെടുപ്പ് മുഖാവരണം ആവുകയും അത് കൃത്യനിര്‍വഹണത്തിനുപോലും തടസ്സമാവുകയും ചെയ്യുന്ന സാഹചര്യം കണ്ടില്ലന്നു നടിക്കുവാന്‍ കഴിയില്ല. തിരഞ്ഞെടുപ്പില്‍ ആളെ തിരിച്ചറിയുക എന്ന കേവല സാങ്കേതിക തടസ്സം മാത്രം അല്ല മുഖാവരണം ധരിച്ച സ്ത്രീരൂപങ്ങള്‍ സൃഷ്ടിക്കുന്നത്. സര്‍ക്കാര്‍ വിദ്യാലങ്ങളില്‍ അടക്കം മുഖം മറച്ചുകൊണ്ട് എത്തുന്ന വിദ്യാര്‍ഥിനികളുടെ എണ്ണം കൂടി വരുന്നു. ഇത് ആ വിദ്യാലയത്തിനകത്തു സൃഷ്ടിക്കുന്ന അരാജകത്വവും ആഭ്യന്തര അസ്വാസ്ഥ്യങ്ങളും ചെറുതല്ല. വിശ്വാസത്തിന്റെ പേരുപറഞ്ഞു അവശേഷിക്കുന്ന ചുരുക്കം മതേതര ഇടങ്ങള്‍ കൂടി മതം കൊണ്ട് കയ്യേറുന്ന പ്രവണത നിയമം മൂലം തടയാന്‍ ഇച്ഛാശക്തിയുള്ള സര്‍ക്കാരിനു കഴിയണം. അത് എംഇഎസിന്റെ സര്‍ക്കുലറിലൂടെ സാധിച്ചെടിക്കുവാന്‍ തുനിയുന്നത് വേലിയില്‍ കിടക്കുന്ന പാമ്പിനെ തോളത്തു ചാര്‍ത്തുന്നതുപോലെയെ വരൂ.

എംഇഎസിന്റെ സര്‍ക്കുലറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സൂത്രത്തില്‍ പര്‍ദ്ദ എന്ന ആണ്‍ വസ്ത്ര സങ്കല്പത്തിന് സമൂഹത്തില്‍ സാധുത തേടുകയാണ്. ആധുനികതക്കും മുഖാവരണത്തിനും ഇടയിലുള്ള ഒരുത്തമ വസ്ത്രം (പര്‍ദ്ദയോ, സമാനമായ മറ്റെന്തെങ്കിലുമോ )വിദ്യാര്‍ഥിനികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു സര്‍ക്കുലറിനെ നിസ്സംശയം തള്ളിക്കളയണ്ടതാണ്. മുസ്ലിം സ്ത്രീക്ക് മറ്റൊരു പ്രശ്‌നവും ചര്‍ച്ച ചെയ്യാനില്ല, അതെല്ലാം മതം എന്നോ പരിഹരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന രീതിയിലാണ് ഈ സംഘടനകള്‍ പതിറ്റാണ്ടുകളായി മുസ്ലിം സ്ത്രീ (സ്ത്രീ മാത്രം) എന്തു ധരിക്കണം എന്ന ചര്‍ച്ചകള്‍ ഇടക്കിടെ ഉയര്‍ത്തിവിടുന്നത്. സമൂഹം മുഴുവന്‍ സ്ത്രീ തുല്യതയിലേക്ക് അതിവേഗം കൈകോര്‍ത്ത് മുന്നേറുന്ന കാലത്ത്, ഒരു ബഹുസ്വര സമൂഹത്തില്‍ ജാതീയമായി ഒരു വിഭാഗത്തെ മാത്രം വേര്‍തിരിച്ചു നിര്‍ത്തുകയും സമൂഹത്തിന്റെ പുരോഗമനത്തിന് ഉതകേണ്ട ചര്‍ച്ചക്കും ഊര്‍ജവും കേവല സ്ത്രീവസ്ത്ര വിവാദങ്ങളില്‍ കുരുക്കിയിടുകയും ചെയ്യുന്നത് ആരുടെ അജണ്ടയാണ് എന്നത് പുരോഗമന പക്ഷത്ത് നില്‍ക്കുന്നു എന്ന പ്രഖ്യാപിത നയം കൊണ്ടു നടക്കുന്നവരെങ്കിലും ചിന്തിക്കണം. എം ഇ എസ്സ് സര്‍ക്കുലറിനെ തള്ളിക്കളയേണ്ടത് സമസ്ത എന്ന സമസ്ത വിഢിത്തരങ്ങളുടെയും പേരിലൊ, വ്യക്തി സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നു എന്നതിന്റെ പേരിലൊ അല്ല, മതം കൊണ്ട് വിലക്കെടുക്കപെട്ടിട്ടില്ലാത്ത തലച്ചോറുകളുടെ ബാധ്യതയാണത് .

ഹിന്ദുമതത്തിലെ ദുരാചാരങ്ങളെ വിമര്‍ശിക്കുന്ന അത്ര എളുപ്പത്തില്‍ മുസ്ലിം ന്യുനപക്ഷത്തെ പലപ്പോഴും വിമര്‍ശിക്കറില്ല. ഹൈന്ദവ ഭരണത്തിന് കീഴില്‍ ഇസ്ലാമോഫോബിയയുടെ നിഴല്‍ വീണ് കിടക്കുന്നതിനാല്‍ ന്യുന പക്ഷ വര്‍ഗീയത നേടുന്ന ഇളവ്! ഈ ഇളവ് പറ്റി ജീന്‍സിട്ടാല്‍ ആകാശം ഇടിഞ്ഞു വീഴും എന്ന് പ്രസ്താവിക്കുന്ന ഫസല്‍ ഗഫൂറുമാര്‍ സാംസകാരിക നായകന്മാര്‍ ആവുന്നത് ഒരു നാടിന്റെ ദുരന്തമാണ്. ജീവിതത്തിന്റെ ഓരോ ഘട്ടത്തെയും മതാത്മകമായി നോക്കിക്കാണുവാന്‍ നിരന്തരം പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓരോ പഞ്ചായത്തുകളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അവിടെ പലയിടത്തും അധ്യാപികമാര്‍ക്ക് പോലും സ്ലിറ്റ് ഉള്ള ചുരിദാറുകള്‍ക്ക് വരെ വിലക്കുണ്ട്. ഇത്തരം ഒരു പശ്ചാത്തലത്തില്‍ എങ്ങനെയാണ് വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടാതെ തന്നെ സ്ത്രീസ്വഹാര്‍ദ്ദ ഇടങ്ങള്‍ക്ക് വിത്തുപാകാന്‍ ആവുക എന്ന് സ്ത്രീപക്ഷവാദികള്‍ ആലോചിക്കേണ്ട സമയമാണിത്.

Next Story

Related Stories