ഭീമ കോറിഗാവില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ആരോപണം ചുമത്തി അറസ്റ്റ് ചെയ്യുകയും യുഎപിഎ ചുമത്തുകയും നാഗ്പൂര്‍ യൂണിവേഴ്സിറ്റിയിലെ അസി. പ്രൊഫസറും ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമാണ് ഷോമ സെന്‍. വിരമിക്കുന്നതിന് ഏതാനും നാളുകള്‍ക്ക് മുമ്പ് 2018 ജൂണ്‍ ആറിനാണ് മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധീര്‍ ധാവ്ലെ, മഹേഷ് റൌത്ത്, സുരേന്ദ്ര ഗാഡ്ലിംഗ്, റോണ വില്‍സണ്‍ എനിവര്‍ക്കൊപ്പം പ്രൊഫ. ഷോമയും അറസ്റ്റിലായത്. അവരിപ്പോഴും പൂനെ യെര്‍വാദ സെന്‍ട്രല്‍ ജയിലിലാണ്. അന്ന് മുതല്‍ അവരെ കാണാന്‍ ജയിലില്‍ എത്തുന്ന മകളും സംവിധായികയുമായ കോയല്‍ സെന്‍ ഫേസ്ബുക്കില്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പുകളാണിത്. ഏറ്റവും ഒടുവിലുത്തേത് ഇക്കഴിഞ്ഞ ദിവസം, മേയ് 8-ന് ആയിരുന്നു.
കൂടിക്കാഴ്ച 1
യെര്‍വാദ വിമണ്‍സ് ജയില്‍, പൂനെ ജൂണ്‍ 26, 2018
"കുഴപ്പമില്ല, ഞാന്‍ പ്രതീക്ഷിച്ചത്ര മോശമല്ല"... അമ്മ ഇതിനകം തന്നെ മാറിപ്പോയിരുന്നു.
"ബാരക്കില്‍ കട്ടിലില്ല... പക്ഷേ സ്ത്രീകളുടെ സെല്‍ ഓകെയാണ്. കുറഞ്ഞ പക്ഷം ബെഡ്ഷീറ്റും ബ്ലാങ്കറ്റുമൊക്കെ വൃത്തിയുള്ളതാണ്. ഇവിടുത്തെ സ്ത്രീകള്‍, മിക്കവരും ശിക്ഷിക്കപ്പെട്ടവരാണ്. അവര്‍ ജയില്‍ പരിസരങ്ങള്‍ വൃത്തിയാക്കാന്‍ കഠിനമായി പണിയെടുക്കുന്നു, അതുവഴി അവരുടെ ശിക്ഷാ കാലയളവില്‍ കുറവ് ലഭിച്ചേക്കും."
"ഈ സ്ത്രീകളെ കണ്ട് ഞാന്‍ കഴിയുന്നത്ര ഊര്‍ജത്തോടെയിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചെറിയ മോഷണങ്ങള്‍ക്കും മറ്റും പിടിക്കപ്പെട്ട് ഇവിടെയെത്തിയവരാണ് ആ സ്ത്രീകളില്‍ മിക്കവരും. കൊലപാതക കേസിലും മറ്റും ജീവപര്യന്ത ശിക്ഷ ലഭിച്ചവരുണ്ട്. പക്ഷേ, അവരൊക്കെ തീരെ ചെറുപ്പമാണ്. സങ്കടകരമാണത്."
"എന്റെ കൈയിലൊരു ചെറിയ നോട്ട്ബുക്കും പേനയുമുണ്ട്..."
"എന്നാല്‍ ഇവിടുത്തെ അനുഭവങ്ങളൊക്കെ കുറിച്ചു വച്ചുകൂടേ അമ്മാ"... ഞാന്‍ പറഞ്ഞു. "ഇവരുടെ സ്വഭാവ സവിശേഷതകകള്‍, അവരുടെ കഥകളൊക്കെ... അമ്മയുടേതും, എന്നിട്ട് എനിക്കതു വച്ച് സിനിമയെടുക്കാമെല്ലോ".. എന്നിട്ട് ഞങ്ങള്‍ രണ്ടു പേരും കൂടി ചിരിച്ചു.
ഞങ്ങള്‍ക്കിരുവര്‍ക്കും ഇടയിലുള്ള കനംകൂടിയ കണ്ണാടി ഗ്ലാസ് ഭിത്തിയില്‍ ഞങ്ങളുടെ ചിരി പ്രതിധ്വനിച്ചു. നിലവാരം കുറഞ്ഞ ഒരു ഇന്റര്‍കോം ആയിരുന്നു ഞങ്ങളുടെ സംഭാഷണത്തെ ബന്ധിപ്പിച്ചിരുന്നത്, ഒരിക്കല്‍ ഞങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന പൊക്കിള്‍ക്കൊടി പോലെ. കണ്ണില്‍ നിന്ന് കണ്ണീര് ഒഴുകിയിറങ്ങുന്നതുവരെ ഞങ്ങള്‍ ചിരിച്ചു കൊണ്ടിരുന്നു. "നമ്മള് ഇത് കടന്നുപോകും", ഞാന്‍ പറഞ്ഞു. അമ്മ പതുക്കെ കൈപ്പത്തി ആ തണുത്ത ഭിത്തിയോട് ചേര്‍ത്തുവച്ചു. ഞാന്‍ എന്റേതും. ആ തണുത്ത കട്ടികൂടിയ ഭിത്തിയെ ഭേദിച്ച് ഞങ്ങളിരുവരും പരസ്പരം തൊടുന്നതുപോലെ തോന്നുന്നതുവരെ.
* * * * *
കൂടിക്കാഴ്ച 2
യെര്‍വാദ വിമണ്‍സ് ജയില്‍, പൂനെ, ജൂലൈ 2018
ഞങ്ങള്‍ കാത്തിരുന്നു. കാത്തിരിപ്പ് കുറെ നീണ്ടു. ഞങ്ങള്‍ക്കു മേല്‍ മഴക്കാല മേഘങ്ങള്‍ നിറഞ്ഞിരുന്നു. അവര്‍ വീട്ടില്‍ നിന്ന് കൊണ്ടു പോയതിനു ശേഷം പപ്പ അമ്മയ കണ്ടിരുന്നില്ല.
ഞങ്ങളിരുവരും കൂടിക്കാഴ്ചയ്ക്കുള്ള മുറിയുടെ വെളിയിലെ ചെറിയ ബഞ്ചിലിരിക്കുകയായിരുന്നു, രണ്ടു പേര്‍ക്ക് കഷ്ടി ഇരിക്കാനുള്ള ഇടം. രണ്ടു കൊച്ചുകൂട്ടുകാരെ എനിക്കവിടെ ലഭിച്ചു. അവര്‍ എന്നെ നാക്കു നീട്ടിക്കാണിച്ചും കാല്‍മുട്ടില്‍ ഉരുമ്മിയുമൊക്കെ അവിടെ ഓടി നടന്നു. അവിടെ തണുപ്പായിരുന്നു, മഴ വരാന്‍ പോകുന്നതിന്റെ കാറ്റടിക്കുന്നുണ്ടായിരുന്നു.
പപ്പയപ്പോള് പേപ്പറില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുകയാണ്, അമ്മയോട് പറയാനുള്ള കാര്യങ്ങള്‍. വാതത്തിന്റെ അസുഖമുള്ള പപ്പയുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ തന്നെ പപ്പ എന്റെ തൊട്ടടുത്തിരുന്ന് മയങ്ങിപ്പോവുന്നത് ഞാനറിയുന്നുണ്ടായിരുന്നു.
കൂടിക്കാഴ്ചയ്ക്കായുള്ള കാത്തിരിപ്പ് അനന്തമായി നീണ്ടു. ഉറങ്ങാതെയും വിശപ്പു കൊണ്ടും ഞങ്ങള്‍ തളര്‍ന്നിരുന്നു. ഞാന്‍ പതിയെ കാല്ക്കാഴീലുള്ള കറുത്തതും ചാരനിറമുള്ളതുമായ ചരല്‍ക്കല്ലുകളെ എണ്ണാന്‍ തുടങ്ങി. അവ പല വിധത്തിലുള്ള പാറ്റേണുകളായി മാറിത്തുടങ്ങി. ഞാന്‍ നോക്കുമ്പോള്‍ ആ വലിയ വെള്ള ഭിത്തികളുള്ള കെട്ടിടം പതിയെ അത്തരത്തിലുള്ള ചാര നിറമുള്ള കല്ലുകളുടെ വലിയ രൂപമായി മാറുന്നു, അതു പതുക്കെ ചലിക്കുന്നു. പതുക്കെ അവ്യക്തമാകുന്നു. ഒരുതരം വിഭ്രാന്തിയികപ്പെട്ടോ എന്ന് എനിക്ക് തോന്നി. അപ്പോഴൊക്കെ എന്നെ തന്നെ ഓര്മപ്പെടുത്താന് ശ്രമിച്ചു കൊണ്ടിരുന്നു. ഞാന്‍ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല, ഇപ്പോള്‍ ഉണ്ടാകുന്നത് സ്ട്രെസിന്റെ ബാക്കിയാണ്. ജയിലിനു പുറത്ത് കാത്തിരിക്കുന്നവരുടെ മാനസികാവസ്ഥ ഇങ്ങനെയാണെങ്കില്‍ അതിന് അകത്തുള്ളവരുടെ അവസ്ഥ എന്തായിരിക്കും... ഞാന്‍ അത്ഭുതപ്പെട്ടു. ഉള്ളില്‍ നിന്ന് ഒരു വലിയ ഗര്‍ത്തം വന്നു വിഴുങ്ങുന്നതുപോലുള്ള തോന്നലോടെ ഞാന്‍ കണ്ണീരടക്കിപ്പിടിച്ചു.
ഞങ്ങള്‍ കണ്ടു. പപ്പയും അമ്മയുമാണ് ഏറെ സംസാരിച്ചത്. ആ ഗ്ലാസ് ഭിത്തിയില്‍ തട്ടിത്തെറിച്ചിരുന്ന വെളിച്ചമുണ്ടാക്കിയ തടസം കൊണ്ട് അമ്മയെ കാണാന്‍ ഞാന്‍ പണിപ്പെട്ടു. എനിക്കവരെ നന്നായി കാണണമായിരുന്നു.
ഒരു നിമിഷം സംസാരിക്കാന്‍ ഇന്റര്‍കോം എനിക്കും കിട്ടി. പതിവുള്ള സംസാരം, പൈസയെക്കുറിച്ച്, മരുന്നിനെ കുറിച്ച്, കട്ടിലിനെ കുറിച്ച്, വസ്ത്രങ്ങളെ കുറിച്ച്... തുടരവെ അമ്മ പെട്ടെന്ന് പറഞ്ഞു, "ഇവിടെ പ്രായം ചെന്ന ഒരു വലിയ സ്ത്രീയുണ്ട്. അവരാണ് ഇവിടുത്തെ 'ബോസ്'". "എന്താ? അമ്മയെ അവര്‍ ഉപദ്രവിക്കുന്നുണ്ടോ?". "ഇല്ല... ഇല്ല..." അമ്മ പറഞ്ഞു. "അവരെന്നോട് ചോദിച്ചു, എന്റെ മോളോട് അവരുടെ സൈസിലുള്ള ഒരു ബ്രാ വാങ്ങി നല്‍കാമോ എന്ന്... അവരുടെ സൈസും എന്നോടും പറഞ്ഞിട്ടുണ്ട്..." "അമ്മാ, ശരിക്കും?" ഞാന്‍ ചോദിച്ചു. "ഇപ്പോഴെന്താ, അമ്മയിതിന്റെ അകത്ത് ചാരിറ്റി സേവനവും തുടങ്ങിയോ?" ഞങ്ങള്‍ ചിരിച്ചു. "ഞാന്‍ അമ്മയ്ക്കുള്ള വസ്ത്രങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്, അതിലൊരു ബ്രാ അവര്‍ക്കു കൊടുക്കു... ഇവിടെ ആരും അമ്മയെ പേടിപ്പിക്കാന്‍ അനുവദിക്കരുത്, സാധാരണപോലെ മൃദുവായിരിക്കരുത് ഇവിടെ..."
പുറത്ത് അപ്പോഴേക്കും മഴ തുടങ്ങിയിരുന്നു.
ഓഗസ്റ്റ് ഒന്നിന് അമ്മയുടെ 60-മത്തെ പിറന്നാളാണ്. ഓഗസ്റ്റ് രണ്ടിന് അമ്മയെ കോടതിയില്‍ ഹാജരാക്കും. അമ്മയ്ക്ക് ആശംസകള്‍ അറിയിക്കാന്‍ ഉള്ളവര്‍ക്ക് അവരെ അറിയിക്കാം.
(വിലാസം)
* * * * * *
കൂടിക്കാഴ്ച 3
യെര്‍വാദ വിമണ്‍സ് ജയില്‍ പൂനെ, ഓഗസ്റ്റ് 1, 2018
ഒരുതരം അമ്പരപ്പിക്കുന്ന സ്വപ്നവും കണ്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്ന് അന്നു രാവിലെ ഞെട്ടിയുണര്‍ന്നത്. ആകെ ഉലയ്ക്കുകയും ഉള്ളു മുഴുവന്‍ ശൂന്യമാവുകയും ചെയ്യുന്നതു പോലെ. ഞാന്‍ ഉറപ്പായും അമ്മയെ ആണ് സ്വപ്നം കണ്ടത്. വീണ്ടും. വെളുപ്പിനെ അഞ്ചു മണിയായിട്ടേയുള്ളൂ. പൂനെയിലെ യെര്‍വാദ ജയിലിലുള്ള അമ്മയെ കാണാന്‍ ഞാന്‍ ദാദര്‍ സ്റ്റേഷനില്‍ നിന്ന് ഏഴുമണിക്ക് പുറപ്പെടുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് പിടിക്കണം. ഉത്കണ്ഠയും സ്ട്രസും കാരണം അമ്മയെ കാണാന്‍ പോകുന്ന ദിവസത്തിനു തലേന്ന് എനിക്ക് ഒരിക്കലും ഉറക്കം സാധ്യമായിരുന്നില്ല.
അമ്മയ്ക്ക് ഇന്ന് 60 വയസായി. മറ്റൊരവസരത്തിലായിരുന്നെങ്കില്‍ ഇന്ന് ജോലി സ്ഥലത്ത് വച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊന്നിച്ച് മനോഹരമായ ഒരു കേക്ക് മുറിക്കുമായിരുന്നു. 38 വര്‍ഷം അക്കാദമീഷ്യനായി ജോലി ചെയ്തതിന്റെ ബഹുമാനാര്‍ത്ഥം ഒരു പുസ്തകം പ്രസിദ്ധീകരിക്കുമായിരുന്നു, ശേഷം അന്തസോടെ, അഭിമാനത്തോടെ വിരമിക്കുമായിരുന്നു. ഇനിയൊരിക്കലും അത് സാധ്യമാകില്ല. അമ്മ അവരുടെ ഇഷ്ടപ്പെട്ട കൈത്തറി സാരി ധരിക്കുമായിരുന്നു, അതിനു ചേര്‍ന്ന അമ്മയ്ക്കിഷ്ടപ്പെട്ട ആഭരണങ്ങളും. (Tribal Jewelry). വീട്ടില്‍ വരുന്ന എല്ലാവര്‍ക്കുമായി അമ്മ അന്ന് ഭക്ഷണമുണ്ടാക്കുമായിരുന്നു, അവരുടെയൊക്കെ സ്നേഹവായ്പുകള്‍ ഏറ്റുവാങ്ങുമായിരുന്നു. പക്ഷേ... ഇപ്പോള്‍ അതൊക്കെ ഒരു പകല്‍ക്കിനാവ് മാത്രമാണ്. പൂനെ സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയിനില്‍ ഞാന്‍ ഉറക്കമുണര്‍ന്നു.
അമ്മയുടെ നാഗ്പൂരില്‍ നിന്നുള്ള ഏറ്റവുമടുത്ത സുഹൃത്ത് കാവേരി ഡല്‍ഹിയില്‍ നിന്ന് അവിടെ എത്തിയിട്ടുണ്ടായിരുന്നു. നടുവിനേറ്റ പരിക്ക് വകവയ്ക്കാതെ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെ, അമ്മയെ ജയിലിലോ കോടതിയില്‍ വച്ചോ എപ്പോഴെങ്കിലും ഒരു നോക്ക് കാണാന്‍ പറ്റുമോ എന്ന പ്രതീക്ഷയോടെ. അമ്മയ്ക്കായി ഒരു സഞ്ചി നിറയെ മധുര സാധനങ്ങള്‍. അതു പക്ഷേ എത്തിയത് എന്റെ കൈയിലാണ്. പൂനെയിലെ ജയില്‍ അധികാരികള്‍ക്ക് അവരുടേതായ ചില ചട്ടങ്ങളുണ്ട്. ആ ചട്ടങ്ങളൊന്നും ഒരിക്കലും ജയില്‍ നിയമങ്ങള്‍ക്ക് അനുസരിച്ചായിരുന്നില്ല. മറ്റു ജയിലുകളില്‍ സുഹൃത്തുക്കള്‍ക്ക് ഉള്‍പ്പെടെ അകത്തുള്ളവരെ കാണാന്‍ അനുമതിയുണ്ട്. പക്ഷേ ഇവിടെ, കസിന്സിനേയോ അകന്ന ബന്ധുക്കളെയോ പോലും കാണാന്‍ അനുമതിയില്ല. സഹോദരന്, സഹോദരി, അമ്മ, അച്ഛന്, മകള്‍ , ഭര്‍ത്താവ് എന്നിവര്‍ക്ക് മാത്രമാണ് അനുമതി. അതിനൊപ്പം, ജയില്‍ അധികൃതരുടെ മൂഡ് അനുസരിച്ച് യെര്‍വാദ സെന്‍ട്രല്‍ ജയിലിലെ ചട്ടങ്ങള്‍ മാറുകയും ചെയ്യും. അമ്മയ്ക്കായി കാവേരി കൊണ്ടു വന്ന ചോക്ളേറ്റുകള്‍ ജയില്‍ എന്‍ട്രന്‍സ് പോലും കടക്കാന്‍ സാധിച്ചില്ല. പക്ഷേ, കൂടിക്കാഴ്ചാ മുറിയുടെ പുറത്ത് ഒരു കോണില്‍ നിന്ന് അവര്‍ക്കും അമ്മയ്ക്കും ഒരു നോക്ക് പരസ്പരം കാണാന്‍ സാധിച്ചു. ഇരുവരും കൈകള്‍ വീശി, ഫൈ്ളയിംഗ് കിസുകള്‍ കൈമാറി. അമ്മ ഇന്റര്‍കോം എടുക്കാന്‍ വരുന്നതും കാത്ത് എന്റെ പതിവ് നാലാം നമ്പര്‍ കിളിവാതിലിനരികില്‍ നില്‍ക്കുകയായിരുന്നു ഞാന്‍.
ഞങ്ങള്‍ സംസാരിച്ചു, വാക്കുകളിലൂടെ സ്നേഹവും അമ്മയ്ക്കുള്ള പിറന്നാള്‍ ആശംസകളുമൊക്കെ പങ്കുവച്ചു. അനുവദിക്കപ്പെട്ടിരുന്ന 15 മിനിറ്റിനുള്ളില്‍ സുഹൃത്തക്കളും പരിചയക്കാരുമൊക്കെയായി അമ്മയ്ക്ക് അയച്ച ആശംസകള്‍ വായിച്ചു കേള്‍പ്പിച്ചു. ഓരോ മിനിറ്റും കടന്നു പോകുന്നത് അടുത്തിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നു, അപ്പോള്‍ യഥാര്‍ത്ഥത്തിലുള്ള സമയം അതിവേഗം കടന്നുപോകുന്നതു പോലെ. സാധാരണ അമ്മയും ഞാനുമായി കുറഞ്ഞത് 15 മിനിറ്റ് എങ്കിലും എല്ലാ ദിവസവും ഫോണില്‍ സംസാരിക്കാറുണ്ട്, വാട്സാപ്പിലൂടെ അന്യേന്യം അയയ്ക്കുന്ന കാര്യങ്ങള്‍ക്കു പുറമേ. അതിനിടെ, ജയില്‍ അധികൃതര്‍ പുതിയൊരു നിബന്ധന കൂടി മുന്നോട്ടു വച്ചു. 'അടുത്ത കുടുംബാംഗങ്ങള്‍ അല്ലാത്തവരുടെ കത്തുകളും കാര്‍ഡുകളുമൊന്നും ഇനി മുതല്‍ യാതൊരു കാരണവശാലും അനുവദിക്കില്ല' എന്ന വിധത്തില്‍. അതുകൊണ്ടാണ് അമ്മയ്ക്ക് അയയ്ക്കപ്പെട്ടിരുന്ന കത്തുകളും കാര്‍ഡുകളുമൊന്നും അവര്‍ക്കരികിലേക്ക് എത്താതിരുന്നത്. "അത് ഒരു ഭാഗത്ത് സൂക്ഷിച്ചു വച്ചോളൂ, അമ്മ പുറത്തു വരുമ്പോള്‍ അവരത് വായിച്ചു കൊള്ളും".
ഈ കൂടിക്കാഴ്ച കഴിഞ്ഞ് ഞാന്‍ തിരിച്ചെത്തിക്കഴിഞ്ഞപ്പോള്‍ രണ്ടു പേര് അമ്മയെക്കുറിച്ച് തങ്ങള്‍ കണ്ട സ്വപ്നങ്ങള്‍ പങ്കുവച്ചു. ഒന്ന് അമ്മയുടെ ഏറ്റവും പഴയ അടുത്ത സുഹൃത്തുക്കളിലൊരാളായ ഇന്ദിര, മറ്റൊന്ന് എന്റെ സുഹൃത്തായ സുരഭി. അത്രയേറെ തീവ്രമായിരുന്നു ആ രണ്ടു സ്വപ്നങ്ങളും... കുറഞ്ഞത് ഞങ്ങളുടെ സ്വപ്നങ്ങളിലെങ്കിലും അവരെ അറിയാന്‍ പറ്റുന്നുണ്ട്, അവരോട് സംസാരിക്കാന്‍ പറ്റുന്നുണ്ട്...
അവര്‍ക്ക് അമ്മയെ ഞങ്ങളുടെ കണ്‍വെട്ടത്തു നിന്ന് മറച്ചു പിടിച്ച് ജയിലഴികള്‍ക്ക് പിന്നിലടയ്ക്കാം.
സുഹൃത്തുക്കള്‍ അമ്മയെ കാണുന്നതില്‍ നിന്ന് അവര്‍ക്ക് തടയാം,
അമ്മയുടെ പിറന്നാള്‍ ദിവസം സ്വന്തം മകള്‍ക്ക് ഒന്നു കെട്ടിപ്പിടിക്കാനോ ഒരുമ്മ കൊാടുക്കാനോ കഴിയാത്ത വിധത്തില്‍ അവര്‍ക്ക് അകറ്റി നിര്‍ത്താം.
എന്നാല്‍ അവരെക്കുറിച്ച് ചിന്തിക്കുന്നത് വിലക്കാന്‍ അവര്‍ക്കാവില്ല.
ഞങ്ങളുടെ മനസുകള്‍ തമ്മില്‍ സംസാരിക്കുന്നത് തടയാന്‍ അവര്‍ക്ക് ഒരിക്കലും കഴിയില്ല.
* * * * * *
യെര്‍വാദ വിമണ്‍സ് ജയില്‍, മേയ് 8 2019
കൂടിക്കാഴ്ചകളെക്കുറിച്ചുള്ള എണ്ണം എനിക്ക് തെറ്റിപ്പോകുന്നു. അമ്മ നന്നായിരിക്കുന്നു... അതെ, അവരിപ്പോഴും ജയിലിലാണ്. ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു...
കഴിഞ്ഞ കുറച്ചു നാളുകളായി അമ്മയേയും മറ്റ് എട്ട് ആക്ടിവിസ്റ്റുകളെയും അവര്‍ കോടതിയില്‍ ഹാജരാക്കുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോലീസുകാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ് എന്ന ന്യായം പറഞ്ഞാണിത്. ഇനി ജൂണ്‍ മാസം വരെ വെക്കേഷന് സമയവുമാണ്. കാര്യങ്ങള്‍ പതുക്കെ നിറംകെട്ടു തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ ഏക പ്രതീക്ഷ ഇപ്പോള്‍ പുറത്തുവരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ഫലത്തിലാണ്- ഒരു പരിധി വരെ. പക്ഷേ, അക്കാര്യത്തിലും ഞങ്ങള്‍ക്ക് അത്ര ഉറപ്പു പോര.
കടുത്ത ചൂടാണ്, അതിനിടയിലും ഒഴുകിവരുന്ന ചെറിയ കാറ്റ് നേരിയ ആശ്വാസം തരുന്നുണ്ട്. മെയ് മാസത്തിലെ ചൂടിനിടയില്‍ ജയിലിനു പുറത്തുള്ള കാത്തിരിപ്പ് അസഹനീയമാണ്. അപ്പോള്‍ എന്തായിരിക്കും അകത്തെ അവസ്ഥയെന്ന് എനിക്ക് ഊഹിക്കാന്‍ സാധിക്കും. ഇപ്പോള്‍ അവര്‍ക്ക് അവരുടെ സെല്ലില്‍ ഫാനുണ്ട്. ഏപ്രില്‍ മാസം മുഴുവന്‍ ഫാന്‍ പോലുമില്ലാതെ അവര്‍ കഴിഞ്ഞു. കൂടിക്കാഴ്ചാ മുറിയുടെ വാതില്‍ തുറക്കുമ്പോള്‍ അകത്തെ അന്തേവാസികളായ, ശിക്ഷിക്കപ്പെട്ടവരുടേയും വിചാരണത്തടവുകാരുടേയും ബന്ധുക്കളുടെ ഉറക്കെയുള്ള മുറുമുറുപ്പുകള്‍ കേള്‍ക്കാം. ജയിലിലുള്ള അമ്മമാരെ കാണാന്‍ അവരുടെ കുട്ടികള്‍ക്ക് അനുവാദമില്ല. ശനിയാഴ്ച ദിവസം മാത്രമാണ് അവര്‍ക്ക് കുട്ടികളെ കാണാന്‍ അനുവദിച്ചിരിക്കുന്നത്- എനിക്കറിയില്ലാത്ത പുതിയൊരു നിയമം. എട്ടു വയസുള്ള ഒരു കുട്ടിയെ മാത്രം പുറത്തു നിര്‍ത്തിക്കൊണ്ട് വലിയ ഇരുമ്പു വാതില്‍ അടഞ്ഞു. മറ്റു ബന്ധുക്കള്‍ ഒക്കെ അകത്തേക്ക് പോയി. അവര്‍ക്ക് അതല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. ചൂട് കൂടി വന്നതോടെ എനിക്ക് തലവേദനയും ആരംഭിച്ചു. പക്ഷേ, അമ്മയെ കാണാമെന്നും അമ്മയുടെ ചിരി കാണാമെന്നുമുള്ള ഓര്മ തന്നെ ഏറെ ആശ്വാസകരമായിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ ഞങ്ങള്‍ പരസ്പരം പറയുന്ന കഥകള്‍ക്ക് അതിന്റെ ഒഴുക്ക് നഷ്ടപ്പെട്ടു. പരസ്പരം പറയുന്ന കഥകള്‍ ഇടകലര്‍ന്നും തുടര്‍ച്ച മുറിച്ചുമൊക്കെയായി. ഞങ്ങള്‍ക്ക് ആകെ അനുവദിച്ചിരുന്ന സമയം വെറും 15 മിനിറ്റായിരുന്നു. അത് അവസാനിച്ചതോടെ അവര്‍ ഇന്റര്‍കോം ഡിസ്കണക്ട് ചെയ്തു, പറഞ്ഞതൊന്നും പൂര്‍ത്തിയാക്കാനാവാതെ ഞങ്ങള്‍ ഇരുവശത്തും. അപ്പുറത്ത് കേള്‍ക്കാനായി ഞങ്ങള്‍ ഉറക്കെ അലറി പറഞ്ഞു, എന്റെ വിന്‍ഡോയ്ക്ക് ഇപ്പുറം ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റൊരു വിന്‍ഡോയില്‍ മൂന്നു നാലു കുടുംബങ്ങള്‍ വീതമെങ്കിലുമുണ്ട്. ചിലര്‍ നിലവിളിക്കുന്നു, ചിലര്‍ തേങ്ങുന്നു, ചിലര്‍ അലറുന്നു, അസ്വസ്ഥകരമായ അനേകം ശബ്ദങ്ങളുടെ കൂടിച്ചേരല്‍. ഞാനും അമ്മയും അപ്പോഴും സംസാരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞങ്ങള്‍ രണ്ടു മിനിറ്റ് കൂടി അനുവദിക്കാന്‍ അവര്‍ക്ക് മുമ്പില്‍ കെഞ്ചി. അത് അനുവദിക്കപ്പെട്ടു. ഞങ്ങള്‍ക്ക് ഞങ്ങളുടെ ഇന്റര്‍കോം തിരികെ കിട്ടി. ഞങ്ങള്‍ സംസാരിച്ചു വന്ന കാര്യങ്ങള്‍ പറഞ്ഞവസാനിപ്പിച്ചു. വിടവാങ്ങിക്കൊണ്ടുള്ള ഉമ്മകള്‍ അന്തരീക്ഷത്തിലൂടെ നല്കി കൂടിക്കാഴ്ച അവസാനിച്ചു...