UPDATES

4000 പേരുടെ ക്യാന്‍സര്‍ സുഖപ്പെടുത്തിയ സിദ്ധന്‍, ‘സൗജന്യ’ ചികിത്സയ്ക്ക് എത്തുന്നത് ആയിരങ്ങള്‍; ഇത് കോട്ട ഉസ്താദിന്റെ ആത്മീയ-ചികിത്സാ വ്യാപാരം

വ്യാജ ചികിത്സയുടെ കെണിയിലകപ്പെട്ട് നിലമ്പൂരില്‍ യുവാവ് രോഗം മൂര്‍ച്ഛിച്ച് മരിച്ച വാര്‍ത്ത പുറത്തുവന്നത് ഈയടുത്താണ്

ശ്രീഷ്മ

ശ്രീഷ്മ

നാലായിരം പേരുടെ ക്യാന്‍സര്‍ രോഗം ഭേദപ്പെടുത്തിയ സിദ്ധന്‍. ക്യാന്‍സറിന്റെ നാലാം സ്റ്റേജ് കഴിഞ്ഞവര്‍ക്കു പോലും ആശ്വാസം പകരാന്‍ പോന്ന ചികിത്സ. ഫീസായി ഒരു രൂപ പോലും വാങ്ങിക്കാതുള്ള സാമൂഹ്യപ്രവര്‍ത്തനം. ചികിത്സാ കേന്ദ്രത്തിലെ നിത്യ സന്ദര്‍ശകരുടെ പട്ടികയിലുള്ളത് തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും മറ്റും ഡിജിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ – ഈ അവകാശവാദങ്ങളെല്ലാം ഉയര്‍ത്തുന്ന ആത്മീയ ചികിത്സാ കേന്ദ്രത്തിന്റെ കഥകള്‍ പുറത്തുവരുന്നത് കാസര്‍കോട് ബദിയടുക്കയ്ക്കടുത്ത് മുണ്ട്യത്തടുക്കയില്‍ നിന്നുമാണ്. കോട്ട അബ്ദുറഹ്മാന്‍ അഥവാ അന്താന്‍ച എന്ന സ്വയം പ്രഖ്യാപിത ചികിത്സകന്റെ പ്രവൃത്തികേന്ദ്രമാണിത്. കോട്ട ഉസ്താദിന്റെ ചികിത്സയ്ക്കായി ദിവസേന എത്തിച്ചേരുന്നത് ആയിരക്കണക്കിന് രോഗികളാണ്. കോഴിക്കോട്ടു നിന്നും പാലക്കാട്ടു നിന്നും തിരുവനന്തപുരത്തുനിന്നും മുതല്‍ ബാംഗ്ലൂര്‍ പോലുള്ള വന്‍നഗരങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വരെ കോട്ടയിലെ ചികിത്സയ്ക്ക് ഊഴം കാത്ത് ദിവസേന വിളിക്കുന്നു. ആത്മീയ ചികിത്സാവ്യാപാരത്തിന്റെ ഏറ്റവും പുതിയ രൂപമാണ് കോട്ട ഉസ്താദ് എന്ന അബ്ദുറഹ്മാന്റെ വീട്ടില്‍ നടക്കുന്നതെന്ന് പ്രദേശവാസികളടക്കം പറയുന്നുണ്ടു താനും.

ഇത്രയേറെ ആവശ്യക്കാരുള്ള കോട്ട അബ്ദുറഹ്മാന്റെ ചികിത്സയും മരുന്നും ഏറെയൊന്നും സങ്കീര്‍ണമല്ല. നേരത്തേ തയ്യാറാക്കിവച്ച മരുന്നു പൊതികള്‍ ആവശ്യക്കാര്‍ എത്തുന്നതനുസരിച്ച് പ്രാര്‍ത്ഥിച്ച് ഊതി കൈമാറുകയാണ് പതിവ്. ആരാണ് രോഗിയെന്നോ, എന്താണ് രോഗമെന്നോ പോലും അബ്ദുറഹ്മാന് അറിയേണ്ടതില്ല. വിശ്വാസത്തോടെയെത്തുന്നവര്‍ മരുന്നുപൊതികളും വാങ്ങി മടങ്ങുകയും ചെയ്യും. തന്റെ വീട്ടില്‍ തയ്യാറാക്കിയിട്ടുള്ള ചികിത്സാ ശാലയില്‍ അബ്ദുറഹ്മാന്‍ വിതരണം ചെയ്യുന്നത് എന്തു തരം മരുന്നാണെന്നു പോലും ആര്‍ക്കും നിശ്ചയമില്ല. 2015 മുതല്‍ ആത്മീയ ചികിത്സ നടത്തിപ്പോരുന്ന അബ്ദുറഹ്മാന്റെയടുക്കല്‍ പരിസരപ്രദേശങ്ങളില്‍ നിന്നെല്ലാം ധാരാളം ആളുകള്‍ എത്തിച്ചേരാറുണ്ടായിരുന്നെങ്കിലും, ചുറ്റുവശവുമുള്ള പറമ്പുകള്‍ നിറയെ പല രജിസ്‌ട്രേഷനിലുള്ള ആംബുലന്‍സുകളും മറ്റു വാഹനങ്ങളും നിറഞ്ഞുകവിയാന്‍ തുടങ്ങിയത് ഈയടുത്താണ്. നാലായിരം പേരുടെ ക്യാന്‍സര്‍ ഭേദപ്പെടുത്തിയ, സൗജന്യമായി ചികിത്സിക്കുന്ന സിദ്ധന്‍ എന്ന പേരില്‍ കോട്ട അബ്ദുറഹ്മാനെ പരിചയപ്പടുത്തുന്ന ഒരു വാര്‍ത്താ വീഡിയോ കാസര്‍കോട്ടെ ഏറെ പ്രചാരമുള്ള ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തന്‍ പുറത്തുവിട്ടതിനു ശേഷമാണ് അഭൂതപൂര്‍വമായ ഈ തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയതെന്ന് പരിസരവാസികള്‍ പറയുന്നു. കാസര്‍കോട്ടെ ഏറെ വിശ്വാസ്യതയുള്ള സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരിലൊരാളായ ഇയാള്‍ക്ക് സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും മറ്റും ഏറെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ശേഷം, താന്‍ നല്ല ഉദ്ദേശത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് വിശദീകരിച്ചുകൊണ്ട് ഇയാള്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്തായാലും, ഈ വീഡിയോ വലിയ പ്രചാരം നേടിയതോടെയാണ് കോട്ട അബ്ദുറഹ്മാന്റെ ആത്മീയചികിത്സാ വ്യാപാരം കാസര്‍കോട്ട് ചര്‍ച്ചയാകുന്നത്.

നിലവില്‍ ഇവിടെ ചികിത്സ ലഭിക്കണമെങ്കില്‍, പുലര്‍ച്ചെ നാലുമണിയോടെയെത്തി ടോക്കണ്‍ കൈപ്പറ്റിയ ശേഷം രണ്ടായിരവും മൂവായിരവും നമ്പറെത്തുന്നതുവരെ കാക്കേണ്ടിവരും. ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ ടോക്കണുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്ന സമാന്തര വ്യാപാരവും ഇവിടെ സജീവമാണ്. അബ്ദുറഹ്മാന്റെ മക്കള്‍ നടത്തുന്ന മരുന്നു കച്ചവടവും ഇവിടെയുണ്ട്. പ്രതിദിനം മൂവായിരത്തോളം പേരെ കണ്ട് മരുന്നു നല്‍കുന്ന കോട്ട ഉസ്താദ് ആരോടും രോഗവിവരം പോലും ചോദിച്ചറിയാറില്ലെന്ന് ഇവിടത്തുകാര്‍ പറയുന്നു. അങ്ങേയറ്റം അവശരായ രോഗികളെ ആംബുലന്‍സിലും മറ്റും എത്തിക്കുന്നുമുണ്ട് ഇവിടെ. അത്യാവശ്യക്കാരെ മാത്രം ഉസ്താദ് ആംബുലന്‍സില്‍ പോയി കാണും. രോഗമെന്തായാലും മരുന്നിനു മാറ്റമില്ലെന്നുമാത്രം. അത്ഭുത മരുന്നു കഴിച്ച് രോഗശാന്തി വന്നവരുടെ അനുഭവസാക്ഷ്യം പോലുമുണ്ട് ഈ ചികിത്സാ കേന്ദ്രത്തിന് മുതല്‍ക്കൂട്ടായി. എന്നാല്‍, ക്യാന്‍സര്‍ രോഗത്തിന് ശമനം ലഭിച്ചുവെന്ന് അവകാശപ്പെടുന്ന കേസുകളിലൊന്നും ഒരാള്‍ പോലും ജീവിച്ചിരിപ്പില്ലെന്നാണ് തന്റെ അനുഭവമെന്ന് പ്രദേശത്തെ സോളിഡാരിറ്റി നേതാവും ചികിത്സാ കേന്ദ്രത്തെക്കുറിച്ച് ഡിഎംഓയ്ക്ക് പരാതി നല്‍കിയിട്ടുള്ളയാളുമായ യൂസുഫ് ചെമ്പരിക്ക പറയുന്നു. ക്യാന്‍സറിന്റെ അവസാന സ്റ്റേജില്‍ ഇനി ചികിത്സയില്ലെന്നു പറഞ്ഞു മടക്കുന്ന രോഗികളാണ് ഇവിടെയെത്തുന്നതില്‍ അധികമെന്നും, ഇക്കാരണത്താല്‍ത്തന്നെ ഉസ്താദിന് റിസ്‌ക് ഒന്നുമില്ലെന്നുമാണ് യൂസുഫിന്റെയും മറ്റ് സാമൂഹ്യപ്രവര്‍ത്തകരുടെയും പക്ഷം. എന്നാല്‍, വലിയ തട്ടിപ്പുകളാണ് ഇതിന്റെ മറവില്‍ കോട്ടയില്‍ അരങ്ങേറുന്നത്.

ചികിത്സ സൗജന്യം, പക്ഷേ നേര്‍ച്ചപ്പെട്ടിയില്‍ വീഴുന്നത് ലക്ഷങ്ങള്‍

കോട്ട ഉസ്താദിന്റെ ചികിത്സ പരിപൂര്‍ണ സൗജന്യമാണെന്നാണ് പ്രധാന അവകാശവാദം. ഇത് ഒരു പരിധിവരെ ശരിയാണുതാനും. നിശ്ചിതമായൊരു ഫീസോ പ്രതിഫലമോ അബ്ദുറഹ്മാന്‍ ആരോടും ആവശ്യപ്പെടുന്നില്ല. പണം ആവശ്യപ്പെടാത്തത് ചികിത്സാകേന്ദ്രത്തിന്റെ വിശ്വാസ്യത കൂട്ടുക കൂടിയാണ് ചെയ്യുന്നത്. തട്ടിപ്പാണെങ്കില്‍ മരുന്നുകള്‍ക്കും ചികിത്സയ്ക്കും കൂടിയ തുക ആവശ്യപ്പെടാമല്ലോ എന്നതാണ് ആവശ്യക്കാരായെത്തുന്നവരുടെ പ്രധാന ചിന്ത. എന്നാല്‍, ആളുകളുടെയുള്ളിലെ സംശയം ദൂരികരിക്കുന്ന എന്നതിനേക്കാള്‍ മറ്റൊരു വലിയ മാര്‍ക്കറ്റിംഗ് തന്ത്രമാണ് ഈ സൗജന്യ ചികിത്സയ്ക്കു പിന്നിലുള്ളതെന്ന് പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുള്ള, മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ കെ.പി.എസ് വിദ്യാനഗര്‍ പറയുന്നു. അബ്ദുറഹ്മാന്റെ മുറിയിലെത്തുന്ന രോഗികളോട് ഇയാള്‍ നേരിട്ട് പണമൊന്നും വാങ്ങുന്നതേയില്ല. എന്നാല്‍, മുറിയില്‍ സ്ഥാപിച്ചിട്ടുള്ള നേര്‍ച്ചപ്പെട്ടികളില്‍ എന്തെങ്കിലുമൊരു തുക നിക്ഷേപിക്കാതെ ആരും മുറിവിട്ടു പുറത്തിറങ്ങുന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിഷയത്തില്‍ അന്വേഷണം നടത്തി കാസര്‍കോട്ടെ പ്രാദേശിക ഓണ്‍ലൈന്‍ ചാനല്‍ പുറത്തുവിട്ടിട്ടുള്ള വീഡിയോ ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. അമ്പതോ നൂറോ എന്ന് നിശ്ചിത ഫീസ് നിര്‍ണയിച്ചാല്‍ ലഭിക്കുന്ന വരുമാനത്തിന്റെ എത്രയോ ഇരട്ടിയാണ് ഈ നേര്‍ച്ചപ്പെട്ടികളില്‍ വീഴുന്ന പണമായി അബ്ദുല്‍ റഹ്മാന്‍ സമ്പാദിക്കുന്നതെന്നതാണ് വാസ്തവം. അങ്ങനെ, ആളുകളുടെ മനസ്സിലെ സംശയത്തെ നശിപ്പിച്ചുകൊണ്ടുതന്നെ തനിക്കു വേണ്ട വരുമാനം ഇയാള്‍ ഉറപ്പാക്കുന്നുണ്ടെന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന വാദം.

ഈ നേര്‍ച്ചപ്പെട്ടിയിലിടുന്ന പണം മാത്രമല്ല, സാധാരണക്കാരായ ഓരോരുത്തരും അബ്ദുറഹ്മാന്റെ അടുക്കലെത്താന്‍ ചെലവിടുന്ന തുകയ്ക്ക് കൈയും കണക്കുമില്ല. തെക്കന്‍ ജില്ലകളില്‍ നിന്നും മറ്റും ഇരുപതിനായിരവും മുപ്പതിനായിരവും രൂപയ്ക്ക് ആംബുലന്‍സ് വാടകയ്‌ക്കെടുത്താണ് പലരും കോട്ടയിലെത്തിച്ചേരുന്നത്. ഒരു മെഡിക്കല്‍ കോളേജ് പോലുമില്ലാത്ത കാസര്‍കോട്ടു നിന്നും മംഗലാപുരത്തേക്ക് ദിവസേന പോയിരുന്ന നൂറു കണക്കിന് ആംബുലന്‍സുകള്‍ ഇപ്പോള്‍ വന്നു നില്‍ക്കുന്നത് കോട്ടയിലെ ഈ വീട്ടുമുറ്റത്താണെന്നും തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സാധാരണക്കാരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിച്ചു വരികയാണെന്നും കെ.പി.എസ് വിദ്യാനഗര്‍ പറയുന്നു. ഫീസിന്റെ കാര്യത്തിലെ തട്ടിപ്പും മറ്റു ചെലവുകള്‍ക്കുമൊപ്പം ടോക്കണ്‍ എടുത്ത് എത്തുന്നവരില്‍ നിന്നും അധിക തുക ഈടാക്കി കരിഞ്ചന്തയില്‍ ടോക്കണ്‍ വില്‍ക്കുന്നവരുടെ സംഘവും സജീവമാണ്. അഞ്ഞൂറും ആയിരവും നല്‍കിയാണ് ദൂരദേശത്തു നിന്നുമെത്തുന്നവരും തിരക്കുള്ളവരും നേരത്തേ കയറാന്‍ സാധിക്കുന്ന ടോക്കണുകള്‍ വാങ്ങിക്കുന്നത്. ഇങ്ങനെ പല തലങ്ങളിലായാണ് കോട്ടയിലെ വ്യവസായം തഴച്ചു വളരുന്നത്. അതേസമയം, ചികിത്സാകേന്ദ്രത്തോടു ചേര്‍ന്ന് അബ്ദുറഹ്മാന്റെ മക്കളും ബന്ധുക്കളും നടത്തുന്ന മരുന്നു വില്‍പ്പനയുമുണ്ട്. ഇവിടെ നിന്നും മരുന്നുകള്‍ വാങ്ങിക്കാനും രോഗികള്‍ക്ക് നിര്‍ദ്ദേശം ലഭിക്കാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. വായുഗുളികയ്ക്കു സമാനമായ ഈ മരുന്നുകള്‍ നേരത്തേ എഴുന്നൂറു രൂപയ്ക്കാണ് വിറ്റഴിച്ചു കൊണ്ടിരുന്നത്. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ട് വില്‍പ്പന നടത്തുന്ന മറ്റുല്‍പ്പന്നങ്ങളും ഇവിടെയുണ്ട്. ചുരുക്കത്തില്‍, സൗജന്യ ചികിത്സയെന്നും പണപ്പിരിവില്ലെന്നും അവകാശപ്പെടുന്ന ഉസ്താദ് യഥാര്‍ത്ഥത്തില്‍ വലിയ സംഖ്യകളാണ് വ്യാജമരുന്നു നല്‍കി ദിവസേന സമ്പാദിക്കുന്നത്.

നാലായിരം വേണ്ട, നാലു പേരെ ചൂണ്ടിക്കാണിക്കാമോ?

ആഴ്ചയില്‍ രണ്ടു ദിവസമാണ് കോട്ട ഉസ്താദിന്റെ ചികിത്സയുള്ളത്. ആധുനിക വൈദ്യശാസ്ത്രം പ്രതീക്ഷയില്ലെന്നു തള്ളിക്കളഞ്ഞ രോഗികളാണ് ഇവിടെയെത്തുന്നതെന്നും, ജീവിതത്തില്‍ ഇനി മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്തവര്‍ക്ക് എന്തെങ്കിലും ആശ്വാസം കിട്ടുന്നെങ്കില്‍ ആവട്ടെ എന്നും വാദിച്ച് കോട്ടയിലെ ചികിത്സാ കേന്ദ്രത്തെ കാര്യമായെടുക്കാതെ വിടുന്നവരുമുണ്ട്. എന്നാല്‍, ഒട്ടും പ്രതീക്ഷയില്ലാതിരുന്ന രോഗികളെപ്പോലും സുഖപ്പെടുത്തിയെന്ന അവകാശവാദങ്ങള്‍ കേള്‍ക്കുന്നവര്‍ രോഗം ചികിത്സിച്ചു മാറ്റാവുന്ന ഘട്ടത്തില്‍പ്പോലും അബ്ദുറഹ്മാനെ വിശ്വസിച്ച് ഇവിടെയെത്തുന്നുണ്ടെന്നു പറയുമ്പോഴേ കാര്യത്തിന്റെ ഗൗരവം തിരിച്ചറിയാനാകൂ. കെ.പി.എസ് വിദ്യാനഗര്‍ പറയുന്നതിങ്ങനെ: “നാലായിരം ക്യാന്‍സര്‍ രോഗികളെയൊക്കെ സുഖപ്പെടുത്തി എന്നു പറഞ്ഞാല്‍ അത് ലോകറെക്കോര്‍ഡല്ലേ. ഇത് സത്യമാണെങ്കില്‍ ലോകം തന്നെ കോട്ടയിലേക്ക് തിരിയില്ലേ. വെറുതേ കേള്‍ക്കുന്നയാള്‍ക്കു പോലും തട്ടിപ്പാണെന്ന് ബോധ്യപ്പെടുന്നത്ര അതിശയോക്തിയാണ് ഈ പേരില്‍ പ്രചരിക്കുന്നതെല്ലാം. ഇതൊക്കെ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായി എല്ലാവര്‍ക്കും തോന്നുന്ന സംശയങ്ങള്‍ തന്നെയേ എനിക്കുമുള്ളൂ. നാലായിരം പേരെ സുഖപ്പെടുത്തിയെന്ന് അവകാശപ്പെടുന്ന പ്രമോട്ടര്‍മാരും ഏജന്റുമാരുമൊന്നും കൂടുതല്‍ വിവരങ്ങള്‍ തരില്ല. സുഖപ്പെട്ടവരുടെ എണ്ണം പറയും. ആര്‍ക്കും അഡ്രസ്സുണ്ടാകില്ല. തമിഴ്‌നാട്ടിലെ ഉന്നത പൊലീസുദ്യോഗസ്ഥന്‍ എന്നൊക്കെ പറയും. പക്ഷേ ആളാരാണെന്ന് വെളിപ്പെടുത്തില്ല. സാധിക്കുമെങ്കില്‍ സുഖപ്പെട്ടവരെ ചൂണ്ടിക്കാണിക്കട്ടെ. ആത്മീയത വച്ചുള്ള കളിയായതുകൊണ്ട് ചോദ്യം ചെയ്യാന്‍ ആരും തയ്യാറാകില്ലല്ലോ. നാലായിരം പേരൊന്നും വേണ്ട, ചികിത്സിച്ച് സുഖമായവരില്‍ നാലു പേരുടെയെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അവര്‍ പുറത്തുവിടട്ടെ. യഥാര്‍ത്ഥത്തില്‍ ഈ മരുന്നുകള്‍ കഴിച്ച് ആളുകള്‍ മരിച്ചതായിപ്പോലും അനുഭവമുണ്ട്. രോഗം മൂര്‍ച്ഛിച്ച് അബോധാവസ്ഥയിലായി ആശുപത്രിയില്‍ കിടക്കുന്നവരുണ്ട്. എന്റെ പരിചയത്തിലുള്ള ഒരാളുടെ ബന്ധുക്കള്‍ക്ക് ഈ മരുന്നു കഴിച്ച് രോഗം കൂടിയ സംഭവവുമുണ്ടായിട്ടുണ്ട്. ആത്മീയത കൂട്ടിക്കലര്‍ത്തുന്നതുകൊണ്ട് വിശ്വാസികള്‍ പോലും ഇയാളെ സംരക്ഷിക്കുന്നുണ്ട്.”

ചികിത്സാ കേന്ദ്രത്തിനെതിരെ ഡി.എം.ഒ, ജില്ലാ കലക്ടര്‍, എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുള്ള യൂസുഫിന്റെ അനുഭവം ഇങ്ങനെയാണ്: “പ്രാദേശിക ഓണ്‍ലൈന്‍ ചാനലില്‍ വന്ന വീഡിയോ വൈറലായതോടെ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നെല്ലാം അനവധി പേരാണ് എന്നെ വിളിക്കുന്നത്. കോട്ടയിലേക്ക് എങ്ങനെ പോകാം, മരുന്നുകള്‍ എങ്ങനെ കൈപ്പറ്റാം എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. ഷാര്‍ജയില്‍ നഴ്‌സായി ജോലിചെയ്യുന്നവര്‍ വരെ വിളിക്കുന്നുണ്ട്. എനിക്ക് മാത്രം വരുന്ന കോളുകളാണിത്. കാസര്‍കോട്ട് പരിചയമുള്ളവരെയെല്ലാം ഇതുപോലെ പലരും നിരന്തരം വിളിക്കുന്നുണ്ട്. കോഴിക്കോട്-മലപ്പുറം ഭാഗത്തു നിന്നൊക്കെ അസംഖ്യം ആംബുലന്‍സുകളാണ് ദിവസേന വരുന്നത്. കോട്ട അബ്ദുറഹ്മാനെ വിമര്‍ശിച്ച് ഞാനിട്ട ഫേസ്ബുക്ക് കുറിപ്പിനു കീഴെ രോഗം ഭേദമായ കഥകളറിയാമെന്ന് അവകാശപ്പെട്ടവരെയെല്ലാം ഞാന്‍ വ്യക്തിപരമായി ബന്ധപ്പെട്ടിരുന്നു. സുഖമായിരുന്നു, പക്ഷേ ഇപ്പോള്‍ മരിച്ചുപോയി എന്നാണ് എല്ലാവരും പറയുന്നത്. അത്രയേറെ വിശ്വാസമാണ് ഇവര്‍ക്ക് ഈ ചികിത്സയിലുള്ളത്”. കോട്ടയിലെ സിദ്ധന്‍ മരുന്നായി നല്‍കുന്നത് എന്താണെന്നു പോലും കണ്ടെത്താനായിട്ടില്ല. ജീരകവും മരത്തിന്റെ വേരുകളുമാണെന്നതു മുതല്‍, ആന്റിബയോട്ടിക്കുകള്‍ വരെ പൊടിച്ചു ചേര്‍ക്കുന്നുണ്ടെന്ന് വാദങ്ങളുണ്ട്. ഏതായാലും വ്യാജ ചികിത്സയാണ് കോട്ടയില്‍ നടക്കുന്നതെന്നതിനെക്കുറിച്ചുമാത്രം സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംശയമില്ല.

ആരാണ് കോട്ട ഉസ്താദ് അഥവാ അന്താന്‍ച?

2015ല്‍ മാത്രം ആത്മീയ ചികിത്സാ കേന്ദ്രമാരംഭിച്ച കോട്ട അബ്ദുറഹ്മാന്റെ വീടിനു മുന്നില്‍ ചില്ലിട്ടുവച്ച് ഒരു ഫലകമുണ്ട്. ‘നാട്ടുകാര്യങ്ങളുടെ ന്യായക്കാരന്‍ കോട്ട അബ്ദുറഹ്മാന്‍’ എന്നെഴുതിയിട്ടുള്ള ഫലകത്തില്‍ മുഴുവന്‍ അബ്ദുറഹ്മാനെക്കുറിച്ചുള്ള പ്രശംസകളാണ്. ‘ബദിയടുക്ക പള്ളത്ത് നാട്ടുകാര്‍ക്ക് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവര്‍ക്ക് ഓടിച്ചെല്ലാന്‍ ഒരു നാട്ടു കോടതിയുണ്ട്. കഴിഞ്ഞ മുപ്പതു വര്‍ഷങ്ങളായി ഒരിക്കല്‍പ്പോലും ആ വിധിന്യായം തെറ്റിയിട്ടില്ല’ എന്നാണ് ഫലകത്തിലെ മറ്റൊരു പരാമര്‍ശം. ഇതില്‍ സൂചിപ്പിക്കുന്നതു പോലെ, പ്രദേശത്തെ തര്‍ക്കങ്ങള്‍ മധ്യസ്ഥം വഹിച്ച് പരിഗണിക്കുന്ന, നാട്ടിലെ പ്രമാണിയായ ഒരു മരക്കച്ചവടക്കാരനായിരുന്നു അബ്ദുറഹ്മാന്‍. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും മറ്റും സജീവ സാന്നിധ്യമായിരുന്ന അബ്ദുറഹ്മാന്‍ മുസ്ലിം ലീഗിന്റെ ശക്തനായ പ്രാദേശിക നേതാവു കൂടിയായിരുന്നു. 2015 വരെ മരക്കച്ചവടവുമായി നീങ്ങിയിരുന്ന അബ്ദുറഹ്മാന് അതിനു ശേഷം ബിസിനസ്സില്‍ വലിയ നഷ്ടം സംഭവിച്ചു. പിന്നീട് നാട്ടുകാര്‍ അബ്ദുറഹ്മാനെ കാണുന്നത് കോട്ട ഉസ്താദായിട്ടാണ്. രോഗശാന്തിയ്ക്കായി ഇടയ്ക്കിടെ അജ്മീര്‍ ദര്‍ഗയില്‍ പോകാറുണ്ടായിരുന്ന അബ്ദുറഹ്മാന്‍ പെട്ടന്നൊരു ദിവസം തനിക്ക് അജ്മീറിലെ ശൈഖിന്റെ കഴിവുകള്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ട് ചികിത്സയാരംഭിക്കുകയായിരുന്നു. എന്തെങ്കിലും തരത്തിലുള്ള മരുന്നുകള്‍ രോഗികള്‍ക്കു നല്‍കാനുള്ള ഒരു യോഗ്യതയും ഇയാള്‍ക്കില്ലെന്ന് യൂസുഫ് ചെമ്പരിക്ക പറയുന്നു. “ഒന്നുകില്‍ ഇയാളൊരു നാട്ടുവൈദ്യനായിരിക്കണം. പാരമ്പര്യ ചികിത്സാ രീതികള്‍ വശമുണ്ടായിരിക്കണം. ഇനി അതല്ല ആത്മീയ ചികിത്സകന്‍ എന്നാണ് അവകാശപ്പെടുന്നതെങ്കില്‍ മതപരമായ കാര്യങ്ങളില്‍ പാണ്ഡിത്യം വേണം. ഇയാള്‍ പക്ഷേ ഇതില്‍ രണ്ടിലും പെടില്ല. ഇതെല്ലാം തട്ടിപ്പാണെന്ന് പ്രദേശവാസികള്‍ പോലും സമ്മതിക്കും. പക്ഷേ ആരും തുറന്നു പറയില്ല. ഇയാള്‍ക്ക് ഒരു ഗുണ്ടാ ശൈലിയായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ ഭയമാണ്. തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുമെന്ന് പറയുന്നതു പോലും ആളുകളെ ഭയപ്പെടുത്തിയിട്ടാണ്”. ക്യാന്‍സര്‍ രോഗികളുടെ രക്ഷകനായി സ്വയം അവരോധിക്കുന്ന അബ്ദുറഹ്മാന്റെ ഭാര്യ മരിച്ചത് ക്യാന്‍സര്‍ ബാധിച്ചായിരുന്നു എന്നതാണ് മറ്റൊരു വസ്തുത.

അതേസമയം, ക്യാന്‍സറും വൃക്ക രോഗങ്ങളുമായി ഇവിടെയെത്തുന്ന രോഗികളുടെ അവസ്ഥ അതിദയനീയമാണെന്ന് സാമൂഹിക പ്രവര്‍ത്തകനും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ നിസാം റാവുത്തരും പറയുന്നു. “ആത്മീയത മറയാക്കിയാണ് ഇത്തരം തട്ടിപ്പു സംഘങ്ങള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത്. മുസ്ലിങ്ങള്‍ക്ക് ഇടയില്‍ ഏറെ സ്വീകാര്യമായ സൂഫിസത്തെയും, അജ്മീര്‍ പോലുള്ള ദര്‍ഗകളെയുമാണ് ഈ കപട ചികിത്സകര്‍ മറയാക്കുന്നത്. ദര്‍ഗയുടെ പേരിലുള്ള ഒരു വഞ്ചിപ്പെട്ടിയും, അതിന് മുന്നില്‍ ചന്ദനത്തിരിയും കുന്തിരിക്കവും, പുകയും മേമ്പൊടിയായി ഓതി ഊതി വിശ്വസിപ്പിക്കുന്ന നമ്പരുകളും സൂഫിസമാണന്ന് വിശ്വസിച്ചിരിക്കുന്ന പാവം വിശ്വാസികളെ പറ്റിക്കാന്‍ ഇക്കൂട്ടര്‍ക്ക് പെട്ടെന്ന് പറ്റും. കപട ചികിത്സ നടത്തി കരളിന് ക്രോണിക് ലിവര്‍ ഡിസീസുകള്‍ ബാധിക്കുകയും വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുകയും ചെയ്ത ഏതാനും രോഗികളെ എനിക്ക് നേരിട്ടറിയാം. ലക്ഷക്കണക്കിന് രൂപ മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളേജില്‍ ചിലവഴിച്ചിട്ടാണ് പലരും ജീവിതത്തിലേക്ക് തിരിച്ചു വന്നത്. മിക്ക രോഗികളും ചികിത്സ തുടരുമ്പോഴാണ് ഇത്തരം തട്ടിപ്പുകാരുടെ ഏജന്റുമാര്‍ വഴിയോ കേട്ടുകേള്‍വികള്‍ വഴിയോ ഇവരിലേക്ക് എത്തുന്നത്. അതോടെ തുടര്‍ന്നു വന്നിരുന്ന ചികിത്സ നിര്‍ത്തി ഇവര്‍ നല്‍കുന്ന പൊടികളോ പാനീയങ്ങളോ കഴിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന കണ്ടന്റുകള്‍ അജ്ഞാതമാണ്. വേരുകളുടെ പൊടികള്‍ക്കൊപ്പം രാസപദാര്‍ത്ഥങ്ങള്‍ മുതല്‍, ആന്റീബയോട്ടിക്കുകള്‍ വരെ പൊടിച്ചു ചേര്‍ക്കുന്നതായിട്ടാണ് വിവരം. ആന്റിബയോട്ടിക്കിന്റെ അമിത ഉപയോഗം മൂലം വൃക്കകള്‍ തകരാറിലായി എന്ന റിപ്പോര്‍ട്ട് വന്നപ്പോഴാണ് രോഗി സ്ഥിരമായികഴിച്ചു കൊണ്ടിരുന്ന പൊടിയുടെ കാര്യം വെളിപ്പെടുന്നത്.”

യൂസുഫ് നല്‍കിയ പരാതി ലഭിച്ചിട്ടുള്ളതായും, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും വീഡിയോകളുമല്ലാതെ വ്യക്തമായ നേരിട്ടുള്ള തെളിവുകള്‍ ലഭിച്ചാലുടനെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചിട്ടുള്ളതായും ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രാംദാസ് പറയുന്നു. ഇത്തരത്തിലുള്ള വ്യാജ ചികിത്സകരെയും ആത്മീയചികിത്സകരെയും പിടികൂടാനുള്ള നീക്കമുണ്ടാകണമെന്നാവശ്യപ്പെട്ട് യൂസുഫ് നല്‍കിയ പരാതി ഡി.എം.ഒ ജില്ലാ കലക്ടറുമായി ചര്‍ച്ച ചെയ്യുകയും, എസ്.പിക്ക് കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. വ്യാജ ചികിത്സയുടെ കെണിയിലകപ്പെട്ട് നിലമ്പൂരില്‍ യുവാവ് രോഗം മൂര്‍ച്ഛിച്ച് മരിച്ച വാര്‍ത്ത പുറത്തുവന്നത് ഈയടുത്താണ്. ഇത്തരത്തില്‍ മുളച്ചുപൊന്തുന്ന ആത്മീയ ചികിത്സാ വ്യവസായത്തെ തിരിച്ചറിയുകയും പ്രചരിപ്പിക്കാതിരിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കാനാകൂ.

ചിത്രങ്ങള്‍ കടപ്പാട്: ബിഎന്‍സി മലയാളം ചാനല്‍

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍