TopTop

പൂർണ ഫലം കിട്ടണമെങ്കിൽ, ഒരു ആടിനെ (പശുവിനെ വേണ്ട) ഗ്ലുക്കോസ് ഉള്ള കൃപാസനം പത്രം കൊടുത്ത് വളര്‍ത്തുക

പൂർണ ഫലം കിട്ടണമെങ്കിൽ, ഒരു ആടിനെ (പശുവിനെ വേണ്ട) ഗ്ലുക്കോസ് ഉള്ള കൃപാസനം പത്രം കൊടുത്ത് വളര്‍ത്തുക
ചോറ്, പഞ്ചസാര, ഇഡ്ഡലി, ചപ്പാത്തി, ഇടിയപ്പം, ഓട്സ് തുടങ്ങി നമ്മൾ ആർത്തിയോടെ കേറ്റുന്ന മിക്ക സാധനങ്ങളിലും ഉള്ള ഒരു ഭക്ഷണ ഘടകം ആണ് കാര്‍ബോഹൈഡ്രേറ്റുകൾ. ഷുഗറുകൾ എന്ന് വിളിക്കപ്പെടുന്ന കെമിക്കലുകൾ പല രീതിയിൽ ചേർന്നുണ്ടാകുന്ന, പോളിസാക്കറൈഡുകളാണ് ഇവ. ചോറിൽ ഒക്കെ ഉള്ള സ്റ്റാര്‍ച്ച് ഉദാഹരണം.

ഈ കാർബോഹൈഡ്രേറ്റ് ഒക്കെ നമ്മൾ തിന്നാൽ, നമ്മുടെ ദഹനരസങ്ങൾ എല്ലാറ്റിനെയും, അവസാനം പ്രധാനമായും ഗ്ലൂക്കോസ് ആക്കി, വലിച്ചെടുത്ത് ആണ് ഉപയോഗിക്കുന്നത്. പ്രധാന ഇന്ധനം ആണീ ഗ്ളൂക്കോസ്.

ഇത്രേം പ്രധാന സംഭവം ആയ ഇത് കിട്ടാതെ ആണ്, പട്ടിണി കിടന്ന് പണ്ടൊക്കെ ആളുകൾ മരിച്ചിരുന്നത്. പ്രോട്ടീനും, കൊഴുപ്പംശങ്ങളും, വിറ്റാമിനുകളും, ചില ധാതു ലവണങ്ങളും കൂടി വേണം കേട്ടോ.

എന്നാൽ, ഭൂമിയിൽ ഏറ്റവും സുലഭം ആയ ഗ്ലൂക്കോസ് ഉള്ള പൊളി സാക്കറൈഡ് നമുക്ക് ഉപയോഗിക്കാൻ പറ്റില്ല. വെറും വെയ്സ്‌റ്റ്!

ചെടികളുടെയും മരങ്ങളുടെയും മറ്റും കോശ ഭിത്തികൾ ഉണ്ടാക്കുന്ന സെല്ലുലോസ് ആണ് അത്. പൂർണമായും ഗ്ലൂക്കോസ് തന്മാത്രകൾ കൊണ്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനെ ദഹിപ്പിക്കാൻ ഉള്ള സെല്ലുലയ്സ് എന്ന എൻസൈം, ഒരു നട്ടെല്ല് ജീവികൾക്കും ഇല്ല! നമ്മൾ തിന്നുന്ന സെല്ലുലോസിനെ (പച്ചക്കറികളിലും, ഇലക്കറികളും, പഴങ്ങളിലും മറ്റുമുള്ളത്) ആണ് നമ്മൾ ഈ നാര്, നാര് എന്ന് വിളിക്കുന്നത്. അതങ്ങനെ തന്നെ അപ്പിയിടുമ്പോൾ പോകും. എന്നാലും അതില്ലെങ്കിൽ വെളിക്കിറങ്ങുമ്പോൾ ഒരു ഗും ഉണ്ടാവില്ല. മലബന്ധം വേണ്ടെങ്കിൽ ആവശ്യത്തിന് നാരും തിന്നണം. എങ്കിലും ഈ സാധനം ശരിക്കും ദഹിക്കില്ല.

എന്നാൽ ആട്, മുയൽ, കുതിര, മാൻ മുതലായ, പുല്ലും വൈക്കോലും ഒക്കെ തിന്നുന്ന ജീവികൾ എങ്ങനെ ആണ് ജീവിക്കുന്നത്? ഈ തീറ്റ സാധനങ്ങളിൽ സെല്ലുലോസ് മാത്രമേ ഉള്ളു.

അതിനാണ് ബാക്ടീരിയ! സെല്ലുലയ്സ് ഉദ്പാദിപ്പിക്കുന്ന ചില ബാക്ടീരിയകളുമായി ഈ മൃഗങ്ങൾ ഒരു കൂട്ടുകച്ചവടത്തിൽ ആണ്. എന്താണത്?

"നിങ്ങ ഈ സാമാനം ദഹിപ്പിച്ച് താ - ഷ്ടോ . ഞാൻ നിങ്ങളെ വയറ്റിൽ പറ്റം പറ്റമായി ചുമന്നോണ്ട് നടന്നോളാം. എന്തേ? എന്റെ വയറ് നിങ്ങൾ ഒരു ജില്ലാ ആയി പ്രഖ്യാപിച്ചോ ഷ്ടാ. "

ഇതാണ് സംഭവം. നമ്മൾ തിന്നുന്ന പത്രം അങ്ങനെ തന്നെ കക്കൂസിലേക്ക് ആണ് പോകുന്നത്. പേപ്പർ മൊത്തം സെല്ലുലോസ് ആണ്. അതിന്റെ ഫലം നമുക്ക് കിട്ടുന്നില്ല - പൂർണമായും.

പൂർണമായും ഫലം കിട്ടണമെങ്കിൽ ഒരു കാര്യം ചെയ്യണം - ഒരു ആടിനെ, പ്രസ്തുത പത്രം മാത്രം കൊടുത്ത് വളർത്തുക. എന്നിട്ട് മട്ടൻ ആകുമ്പോൾ അടിക്കുക. ഏമ്പക്കവും വിടുക. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ പത്രത്തിൽ പരസ്യമായി കൊടുക്കുക. വളരെ സിംപിൾ. അത്രേ ഉള്ളു കാര്യം.

പി. എസ് - പശുവും പത്രം തിന്നും. പക്ഷെ ഇതേ ഐഡിയ പുറത്തെടുക്കരുത്. അതിപ്പോ, അത്ര നല്ലതല്ല - അതാ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: പള്ളുരുത്തി ബോയ്സ് ഹോമിലെ വികാരിയുടെ ലൈംഗിക പീഡനം; കൂടുതല്‍ കുട്ടികള്‍ ഇരകളാക്കപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തില്‍ പോലീസ്

Next Story

Related Stories