Top

അർണാബ് ഗോസാമിമാരുടെ കാലത്ത് കുല്‍ദീപ് നയ്യാര്‍ തിരോഭവിക്കുമ്പോള്‍

അർണാബ് ഗോസാമിമാരുടെ കാലത്ത് കുല്‍ദീപ് നയ്യാര്‍ തിരോഭവിക്കുമ്പോള്‍
ഇന്നലെ വൈകിട്ട് ചാനൽ മാറ്റുന്നതിനിടെയാണ് റിപ്പബ്ലിക് ചാനലിലെ ഒരു ചർച്ച കാണാൻ ഇടയായത് സാധാരണ അര്‍ണാബിന്റെ ചർച്ചകൾ കാണാൻ നിൽക്കാറില്ലെങ്കിലും അതിഥി ആയി ഉണ്ടായിരുന്നത് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല ആണ് എന്നതുകൊണ്ട് അൽപ്പനേരം ഇരുന്നു കണ്ടു. കയ്യിൽ ദണ്ഡയുമായി നിങ്ങളൊക്കെയും പാകിസ്താനിലേക്ക് പോവൂ, ഈ നാട് നിങ്ങളുടേതല്ല, നിങ്ങൾ ഭാരത് മാതാ കി ജയ് എന്ന് പറയാൻ തയ്യാറാവാത്ത ജനതയാണ് എന്ന് പറഞ്ഞു അട്ടഹസിക്കുന്ന ഒരു ശരാശരി സംഘിയുടെ റോളിൽ അർണാബ് തകര്‍ത്താടുകയായിരുന്നു. എന്റെ ഇന്നത്തെ ദിവസം മോശമാക്കുന്നതു നിങ്ങളെന്ന ആന്റി ഹീറോയാണ് എന്ന് പറഞ്ഞു ചർച്ച അവസാനിപ്പിക്കാൻ പോയ അർണാബിനോട് നിങ്ങളുടെ ഇന്നത്തെ ദിവസം മാത്രമല്ല എക്കാലവും നിങ്ങൾക്ക് ഞാൻ ആന്റി ഹീറോ തന്നെയായിരിക്കും എന്ന് തിരിച്ചടിച്ചു അര്‍ണാബിനു ഈദ് മുബാറക് നേർന്നാണ് ഫാറൂഖ് അബ്ദുല്ല ചർച്ചയിൽ നിന്നും പോയത്.

അർണാബിനെ പോലെയുള്ള സംഘികൾ അരങ്ങു വാഴുന്ന ഇന്ത്യൻ പത്രപ്രവർത്തന മേഖലയിൽ കുൽദീപ് നയ്യാരെപ്പോലെയുള്ള ധിഷണാശാലികളായ മാധ്യമ പ്രവർത്തകരുടെ അഭാവം സൃഷ്ടിക്കുന്ന വിടവുകൾ ചെറുതല്ല.

"ഇന്ന് വാര്‍ത്തകള്‍ ഉണ്ടാകുന്നില്ല. നാട്ടുകാരില്‍ നിന്ന് പറിച്ചെടുക്കപ്പെടുന്ന മണ്ണ്. കുടിയിറക്കപ്പെടുന്ന മനുഷ്യന്‍. അവന്റെ ദുഖങ്ങള്‍. അവന്റെ ജീവിതം, പട്ടിണി, മരണം ഒന്നും ഇന്ന് വാര്‍ത്തയല്ല. പത്രപ്രവര്‍ത്തകര്‍ക്ക് അതില്‍ താല്‍പര്യമില്ല. പത്രം ഇറക്കുന്നവര്‍ക്ക് അത്ര പോലുമില്ല. ദേശീയ മാധ്യമങ്ങള്‍ എന്ന് അവകാശപ്പെടുന്നവര്‍ ദല്‍ഹിയിലെ രാഷ്ട്രീയ ഉപജാപങ്ങളുടെ മുകളറ്റത്തെ തൊലി മാത്രമേ തൊട്ടുനോക്കുന്നുള്ളൂ. അതും ഭയപ്പാടോടെ. പലരും പബ്ലിക് റിലേഷന്‍സ് ഉദ്യോഗസ്ഥരാണ്. മനുഷ്യനുമായുള്ള മാധ്യമങ്ങളുടെ ബന്ധം തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു. പ്രാദേശിക ഭാഷകളിലാണ് തെല്ലെങ്കിലും വാര്‍ത്തകള്‍ വരുന്നത്. സര്‍ക്കാര്‍ തന്നെ ജനാധിപത്യത്തിന് ഭീഷണിയാവുന്നുണ്ട് ഇന്ത്യയില്‍." കുൽദീപ് നയ്യാരുടെ വാക്കുകൾ.

നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുന്നതിനെ ഭയക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം രാജ്യത്തു മോദിയുടെ അനുചരവൃന്ദങ്ങളാൽ വളർന്നു വരുന്ന അസഹിഷ്ണുതയെക്കുറിച്ചു വല്ലാതെ ആകുലപ്പെട്ടിരുന്നു. സ്വന്തം പാർട്ടിയിലെ ദുർഭൂതങ്ങളെ രാഷ്ട്രനന്മയെ കരുതി മോദി അടക്കി നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിപണിയാണ് ഇന്നത്തെ മാധ്യമപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത് എന്ന കൃത്യമായ തിരിച്ചറിവുള്ള മാധ്യമപ്രവർത്തകനായിരുന്നു കുൽദീപ് നയ്യാർ. വന്‍കിട കമ്പനികളും ബിസിനസ്സുകാരും മാധ്യമങ്ങളിലേക്ക് തങ്ങളുടെ പണം വഴിതിരിച്ചുവിടുന്നത് തടയാന്‍ ഗവർമെന്റ് മുൻകൈ എടുക്കണമെന്നു പറഞ്ഞ അദ്ദേഹം തൊഴില്‍രംഗത്തെ കരാര്‍വത്ക്കരണത്തെക്കുറിച്ചും അതുകാരണം നമ്മുടെ മാധ്യമ രംഗങ്ങളിൽ പുതുതായി കടന്നു വരുന്ന യുവതീ യുവാക്കൾ അനുഭവിക്കുന്ന അസ്വാതന്ത്ര്യത്തെക്കുറിച്ചും പലതവണ പറഞ്ഞിട്ടുണ്ട്.

രാഷ്ട്രങ്ങളെ ആട്ടി ഉലക്കാൻ കരുത്തുണ്ടായിരുന്ന കുൽദീപ് നയ്യാരുടെ രാഷ്ട്രീയ നിരീക്ഷണങ്ങൾക്ക്. വീക്ഷണങ്ങളുടെ പുതുമ എന്നും ചർച്ചചെയ്യപ്പെട്ടു. നിലപാടുകളുടെ ശക്തി കുറയ്ക്കാൻ ആക്ഷേപങ്ങൾക്ക് കരുത്തു പോരാതെ വന്നു. ദേശത്തും വിദേശത്തുമുള്ള എണ്‍പതോളം പത്രങ്ങളില്‍ കോളങ്ങള്‍ എഴുതിയിട്ടുണ്ട്. 14 ഭാഷകളില്‍ ഇത് പ്രസിദ്ധീകൃതമായി. ഇന്ത്യ-പാക്കിസ്ഥാന്‍ സമാധാന നീക്കങ്ങളിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. 2000 വരെ എല്ലാ സ്വാതന്ത്ര്യദിനത്തിലും വാഗയില്‍ മെഴുകുതിരികൊളുത്തുന്ന സമാധാനസംഘത്തെ നയ്യാര്‍ നയിച്ചിരുന്നു. ഇന്ത്യയിലെയും പാക്കിസ്താനിലേയും ജയിലുകളില്‍ പെട്ട സാധാരണക്കാരെ മോചിപ്പിക്കുന്നതിനും നിര്‍ണായക ഇടപെടലുകള്‍ നടത്തി.

ബാബരി മസ്ജിദ് ധ്വംസനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ വലിയ വിവാദങ്ങൾക്കു വഴി തെളിയിച്ചിരുന്നു. ബാബരി മസ്ജിദ് തകർക്കപ്പെട്ടത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന്റെ അറിവോടെയും സമ്മതത്തോടെയുമെന്ന് കുൽദീപ് അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദ് ​ധ്വംസനത്തിന്റെ കാൽ നൂറ്റാണ്ട് തികയുന്ന വേളയിലായിരുന്നു നയ്യാരുടെ വെളിപ്പെടുത്തൽ. ബാബരി പ്രശ്നത്തിൽ ആർഎസ്എസിന്റെ അതേ നിലപാടായിരുന്നു റാവുവിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് വലിയ രീതിയിൽ ഉള്ള ചർച്ചകൾക്കും, വിമർശനങ്ങൾക്കും വഴി തെളിയിച്ചു. എങ്കിലും അദ്ദേഹം കുലുങ്ങിയില്ല. ഉറച്ച നിലപാടുകളും, ഭയരഹിതമായ തുറന്നു പറച്ചിലുകളുമായി രാജ്യത്തിൻറെ മാധ്യമ രംഗത് നയ്യാർ എന്നും ജ്വലിച്ചു നിന്ന്.

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികളെ സ്വാഅനുഭവങ്ങളിലൂടെ മനസിലാക്കിയ മനുഷ്യ സ്നേഹിയായ ഒരു പത്രപ്രവർത്തകനാണ് ഇല്ലാതാകുന്നത്. അർണാബ് ഗോസാമിമാരുടെ മീഡിയ ജിങ്കോയിസത്തിനു ഒരിക്കലും പിടികൊടുക്കാത്ത ആ ദീക്ഷണശാലിയുടെ വിയോഗം ഇന്ത്യയുടെ ജനാധിപത്യ സ്വപ്നങ്ങൾക്കും മാധ്യമ സ്വാതന്ത്രതിനു വേണ്ടിയുള്ള പോരാട്ടത്തിനും ഒരേ പോലെ നഷ്ടമാണ്.

Next Story

Related Stories