UPDATES

ട്രെന്‍ഡിങ്ങ്

എല്ലാവരെയും ജീവിക്കാന്‍ അനുവദിക്കുന്ന അമിത് ഷായും യോഗിയുമാണ്‌ വരുന്നത്; കേരളത്തെ രക്ഷിക്കാന്‍

ചുവപ്പ്-ജിഹാദി ഭീകരതയ്ക്ക് എതിരാണ് യാത്ര. സ്പഷ്ടമാണത്. ആറ്റിക്കുറുക്കി എടുക്കുകയൊന്നും വേണ്ട. കമ്യൂണിസ്റ്റുകാര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ എന്ന് ഒറ്റ വാക്കില്‍ പറയാം.

ജനങ്ങളെ ബിജെപി രക്ഷപ്പെടുത്താന്‍ പോകുന്ന തീയതി വീണ്ടും മാറ്റി വെച്ചു എന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ‘ജിഹാദി-ചുവപ്പ് ഭീകരത’യ്ക്കെതിരെ ‘എല്ലാവര്‍ക്കും ജീവിക്കണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് സെപ്തംബര്‍ ഏഴു മുതല്‍ നടത്താനിരുന്ന ജനരക്ഷാ യാത്ര ഒക്ടോബര്‍ മാസത്തേക്ക് മാറ്റി വച്ചത്രേ. ജനങ്ങള്‍ക്ക് രക്ഷ ലഭിക്കാന്‍, എല്ലാവര്‍ക്കും ജീവിക്കാന്‍ ഒരു മാസം കൂടി കാത്തിരിക്കണം. ഇതു രണ്ടാം വട്ടമാണ് ആ രക്ഷപെടുത്തല്‍ യാത്ര മാറ്റി വച്ചിരിക്കുന്നത്. ദേശീയ നേതാക്കളുടെ അസൌകര്യമാണ് പറയുന്ന കാരണം. യുപിയിലും ഹരിയാനയിലുമൊക്കെ ഈ കഴിഞ്ഞ ആഴ്ചകളില്‍ രക്ഷ കൊടുത്തുകൊണ്ടിരിക്കുന്ന ബിജെപി മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്ര നേതാക്കന്മാര്‍ക്കും ആ തിരക്കുകള്‍ ഒഴിഞ്ഞു വേണം കേരളത്തില്‍ കുമ്മനത്തിനൊപ്പം കൂടി രക്ഷ കൊടുക്കാന്‍; നല്ലത്.

മെഡിക്കല്‍ കോഴയില്‍ തുടങ്ങിയ പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്നങ്ങള്‍ കാരണമാണെന്നും, അതല്ല യാത്രയുടെ ഉദ്ദേശ ലക്ഷ്യത്തിന് ചൂട് പകരാന്‍ ‘ആവശ്യമുള്ള വയലന്‍സുകള്‍’ ഈ ദിനങ്ങളില്‍ ഉണ്ടാവാത്തതുമാണ് കാരണമെന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഞാനേതായാലും അതിലേതൊരു വാദത്തേയും കൂട്ടു പിടിക്കുന്നില്ല. അവര്‍ പറഞ്ഞ പോലെ തന്നെ ദേശീയ നേതാക്കളുടെ അസൌകര്യം മാനിക്കുന്നു.

ദേശീയ അധ്യക്ഷന് തീര്‍ച്ചയായും അസൌകര്യം കാണും. സ്വന്തം പാര്‍ട്ടി ഭരിക്കുന്ന ഹരിയാനയില്‍ പോകണമോ വേണ്ടയോ എന്ന അദ്ദേഹത്തിന്‍റെ ആശങ്കയോ ഭയമോ ഒക്കെ ആയിരിക്കാം അസൌകര്യത്തിന് കാരണം. ചെല്ലും ചെലവും കൊടുത്തു വളര്‍ത്തിയ ചെറിയൊരു ആള്‍ദൈവം ചെറിയൊരു പീഡന കേസില്‍ കോടതി ഇരുപതു വര്‍ഷം തടവിനു വിധിച്ചിട്ടുണ്ട്. ദൈവത്തിന്‍റെ അനുയായികളായ സംഘ ബന്ധുക്കളുടെ ഭക്തി മൂലം വെറും നാല്‍പ്പതോളം പേര് മാത്രമേ കൊല്ലപ്പെട്ടിട്ടുള്ളൂ. നാടും നഗരവും ഏകദേശം കത്തിയമര്‍ന്നിട്ടുണ്ട്. കൂട്ടത്തില്‍ ബിജെപിക്കാരനായ മുഖ്യമന്ത്രിയുടെ തന്ത്ര പ്രധാനമായ ഇടപെടലിനെ ഹരിയാന ഹൈക്കോടതി നല്ല വാക്കുകളാല്‍ ഒന്ന് പ്രശംസിച്ചിട്ടുമുണ്ട്- “രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി അക്രമത്തിന് കൂട്ടുനിന്നു എന്ന്”.

ഇത്രയും മികച്ച ഭരണ നിര്‍വഹണം നടക്കുമ്പോള്‍ ദേശീയ അധ്യക്ഷനായ മാന്യന്‍ ഇതുവരെ ആ ഭാഗത്തേക്ക് പോവുകയോ രണ്ടു വാക്ക് പറയുകയോ ചെയ്തില്ല കെട്ടോ. ചുവപ്പ്-ജിഹാദി ഭീകരതയ്ക്കെതിരെയുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന തിരക്കിലാവണം. എല്ലാവര്‍ക്കും ജീവിക്കണ്ടേ.

യാത്രയില്‍ പങ്കെടുക്കുന്ന ദേശീയനേതാക്കളുടെ ലിസ്റ്റിലൂടെ ഒന്നു കണ്ണോടിച്ചാല്‍ നിങ്ങള്‍ക്ക് യോഗി ആദിത്യനാഥ് എന്ന പേര് കാണാം. ഉത്തര്‍ പ്രദേശ്‌ എന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. ഭീകരവാദങ്ങള്‍ക്കെതിരെ യാത്ര നയിക്കാനും നടക്കാനും ഉതകുന്ന ഉത്തമ നേതാവ്! കേരള ജനതയെ രക്ഷിച്ചേ അടങ്ങൂ ഇദ്ദേഹം. രണ്ടാഴ്ചകള്‍ക്ക് മുന്നേ സ്വന്തം സംസ്ഥാനത്തെ പിഞ്ചു കുഞ്ഞുങ്ങളെ ഭീകരതയില്‍ നിന്നും രക്ഷിച്ച് രാജ്യശ്രദ്ധയാര്‍ജ്ജിച്ച വ്യക്തിത്വമാണ് ടിയാന്‍. ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാണവായു ലഭിക്കാതെ വെറും എഴുപതിലധികം കുഞ്ഞുങ്ങളാണ് മരിച്ചു വീണത്. ജനുവരി മുതല്‍ ഓരോ മാസവും ഉത്തര്‍ പ്രദേശിലെ ഘോരഖ്പൂര്‍ ആശുപത്രിയില്‍ മരിച്ചത് നൂറിലധികം കുട്ടികള്‍ ആണെന്ന് ആശുപത്രി റിപ്പോര്‍ട്ടുകളുണ്ട്. പിന്നെ വേറെ ചില ചെറിയ റിപ്പോര്‍ട്ടുകള്‍ കൂടി  പുറത്തു വന്നിട്ടുണ്ട്. യോഗിയുടെ ഭരണത്തിനു കീഴില്‍ സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ പതിനേഴു ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടത്രേ. അദ്ദേഹത്തിന്‍റെ ആദ്യ രണ്ടു മാസങ്ങളില്‍ മാത്രം യുപിയില്‍ 803 പീഡനങ്ങളും 729 കൊലപാതകങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതൊന്നും അത്ര കാര്യമാക്കാനില്ല. കേരളത്തില്‍ എല്ലാവര്‍ക്കും ജീവിക്കണ്ടേ.

ജനരക്ഷാ യാത്ര തുടങ്ങുന്നത് കണ്ണൂരില്‍ നിന്നാണ്; അവസാനിക്കുന്നതാകട്ടെ തിരുവനന്തപുരത്തും. ആകെയുള്ള പതിനാലു ദിനങ്ങളില്‍ നാല് ദിനങ്ങള്‍ മാത്രം യാത്ര കണ്ണൂരിലാണ് പര്യടനം നടത്തുന്നത്. തീര്‍ച്ചയായും അത് അങ്ങനെ തന്നെയാണ് വേണ്ടതും. അപ്പോള്‍ കാസര്‍ഗോഡ്‌? കാസര്‍ഗോഡ്‌ കേരള സംസ്ഥാനത്തില്‍ ഉള്‍പ്പെട്ട ജില്ലയല്ലേ? രണ്ടു കാരണങ്ങള്‍ കൊണ്ടാകണം; കാസര്‍ഗോഡിനായി വേറെ പ്ലാനുകള്‍ തയ്യാറാക്കി വച്ച് കാണണം. മാത്രവുമല്ല കാസര്‍ഗോഡ്‌ ലോക്സഭാ മണ്ഡലത്തില്‍ ഇടതുപക്ഷത്തെ തുടര്‍ച്ചയായി വിജയിപ്പിക്കുന്ന പ്രധാന മണ്ഡലങ്ങള്‍ ഇന്ന് കണ്ണൂര്‍ ജില്ലയുടെ ഭാഗമായ പയ്യന്നൂര്‍ പ്രദേശങ്ങളിലാണ്. അപ്പോള്‍ പയ്യന്നൂരും അതടങ്ങുന്ന കണ്ണൂരും തന്നെയാകണം മുഖ്യ ലക്ഷ്യം. എല്ലാവര്‍ക്കും ജീവിക്കണം എന്ന് പറയുമ്പോള്‍ പള്ളിയില്‍ വച്ച് ആര്‍എസ്എസുകാര്‍ കഴുത്തറുത്ത് കൊന്ന റിയാസ് മൌലവിക്ക് ജീവിക്കേണ്ടായിരുന്നോ എന്ന് ചോദിക്കരുത്. ഇനി അവിടെ ചെല്ലുമ്പോള്‍ അങ്ങനെ ആരേലും ചോദിക്കുന്ന കൊണ്ടാണോ കാസര്‍ഗോഡ്‌ ഒഴിവാക്കിയത് എന്നും ചോദിക്കരുത്, യാത്ര മലപ്പുറത്ത് എത്തുമ്പോള്‍ ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിന് ആര്‍എസ്എസുകാര്‍ തല്ലിക്കൊന്ന കൊടിഞ്ഞി ഫൈസലിനു ജീവിക്കേണ്ടിയിരുന്നില്ലേ എന്നും ചോദിക്കരുത്. കഥയില്‍ ചോദ്യമില്ല. ജനങ്ങള്‍ രക്ഷപ്പെടട്ടെ.

ഇതുപോലെ ഈ അടുത്ത കാലത്ത് ഇവര്‍ മറ്റൊരു യാത്ര നടത്തിയിരുന്നു. രാജ്യദ്രോഹികളായ കള്ളപ്പണ മുന്നണികള്‍ക്കെതിരെ നോട്ടു നിരോധനത്തിന്‍റെ ഗുണഗണങ്ങള്‍ വിളംബരം ചെയ്തു കൊണ്ട്. ജാഥയില്‍ പങ്കെടുത്ത ചെറുകിട രാജ്യസ്നേഹി റിസര്‍വ് ബാങ്കിനെ സഹായിക്കാന്‍ വീട്ടില്‍ സ്വന്തമായി നോട്ടടിക്കുന്ന പ്രസ്സ് തുടങ്ങിയതിനു ഇപ്പോള്‍ ജയില്‍വാസം അനുഷ്ടിക്കുകയാണ്. അല്ലെങ്കിലും ചരിത്രത്തില്‍ ജയിലറകള്‍ രാജ്യസ്നേഹികള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. അതെന്തെങ്കിലും ആകട്ടെ. നിരോധിച്ച 99 ശതമാനത്തിലധികം നോട്ടുകള്‍ തിരിച്ചെത്തിയിരിക്കുന്നു. അപ്പോള്‍  കള്ളപ്പണം എവിടെ എന്നല്ലേ? കള്ളപ്പണം ഇല്ലാത്തതിന് വിമര്‍ശിക്കുകയാണോ, സന്തോഷിക്കുകയല്ലേ വേണ്ടത്. മാത്രമല്ല കാഷ് ലെസ് എക്കണോമിക്കും ഡിജിറ്റല്‍ ഇന്ത്യക്കും ശക്തിപകരാന്‍ നിരോധിച്ച ആയിരവും അഞ്ഞൂറും തിരിച്ചു വരുന്നു. പോരാത്തതിന് കേട്ടുകേള്‍വിയില്ലാത്ത പുത്തന്‍ ഇരുന്നൂറിന്‍റെ നോട്ടുകള്‍ കൂടി മാര്‍ക്കറ്റില്‍ ഇറങ്ങുന്നു. പറഞ്ഞു വന്നത് ജനരക്ഷാ യാത്രയെ കുറിച്ചാണ്. ഇത്തരത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരും അവരുടെ പാര്‍ട്ടിയും ജനങ്ങളെ അടപടലം രക്ഷിക്കുമ്പോഴാണ് ഇങ്ങു തെക്കേയറ്റത്ത് കേരളം മാത്രം അതിന്‍റെ കൂടെ കൂടാതെ മാറി നില്‍ക്കുന്നത്. രാജ്യപുരോഗതിയുടെ ഭാഗമാകാത്ത അവികസിത കേരളത്തിലെ ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം നല്‍കി അവരെ രക്ഷിക്കുക എന്നത് രാജ്യം ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചുമതലയാണല്ലോ.

ചുവപ്പ്-ജിഹാദി ഭീകരതയ്ക്ക് എതിരാണ് യാത്ര. സ്പഷ്ടമാണത്. ആറ്റിക്കുറുക്കി എടുക്കുകയൊന്നും വേണ്ട. കമ്യൂണിസ്റ്റുകാര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ എന്ന് ഒറ്റ വാക്കില്‍ പറയാം. വിഭജന തന്ത്രങ്ങള്‍ ഒട്ടും പുത്തനല്ല. പക്ഷേ വ്യവസ്ഥാപിത വിഷ തന്ത്രങ്ങളുടെ വളര്‍ച്ച ഈ മണ്ണില്‍ കാര്യമായി നടക്കുന്നില്ലെന്ന് മാത്രം. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു വന്ന് ഭരണം പിടിക്കാനുള്ള കാലാവസ്ഥ ഈ അടുത്ത കാലത്തൊന്നും നടപ്പിലാകാനും പോകുന്നില്ല. എന്നുകരുതി വെറുതെ ഇരിക്കാന്‍ കഴിയില്ലല്ലോ. അപ്പൊള്‍ പിന്നെ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുക. ദുഷ്ടബുദ്ധികള്‍ പറയും പോലെ ജാഥ തീരുമാനിച്ച കാലയളവിലാണെങ്കില്‍ കാര്യമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒന്നും നടന്നും കാണുന്നില്ല. പരമാവധി ശ്രമിക്കുന്നുണ്ടാകണം. ഒന്നും പക്ഷേ അങ്ങട് ശരിയായി കാണില്ല. കിട്ടിയ ബലിദാനിയാണെങ്കില്‍ മലപ്പുറത്ത് വച്ചാണ്. ആ ബാലിദാനം കൊണ്ടാടിയാല്‍ ഉള്ള യാത്ര അവിടെ നില്‍ക്കും. മരണപ്പെട്ട മഹാന്‍ ബലിദാനി ആവേണ്ടി വന്ന കാരണങ്ങള്‍ നാട്ടുകാരു ചോദിക്കും. ഇനി ആലപ്പുഴ മോഡല്‍ ബലിദാനിയെ സൃഷ്ടിച്ച് സിപിഎമ്മിനു നേരെ കുറ്റമാരോപിക്കാം എന്ന് വച്ചാല്‍ ഇപ്പോള്‍ പഴയ പോലെയല്ല. ഉണ്ണിയെ കാണുമ്പോള്‍ തന്ന ഊരിനെ കുറിച്ചുള്ള ധാരണ ലഭിച്ചു തുടങ്ങിയ കാലമാണ്.

ലക്ഷ്യം കേരളമാണ്, അതിനു തീരേണ്ടത് സിപിഎം ആണ്. അപ്പോള്‍ തുടങ്ങേണ്ടത് കണ്ണൂരില്‍ നിന്നും. രാജ്യത്ത് തന്നെ ഏറ്റവും അധികം ആര്‍എസ്എസ് ശാഖകളുള്ള സംസ്ഥാനമാണ് കേരളം. അതില്‍ തന്നെ നല്ലൊരു ശതമാനം ശാഖകളും കണ്ണൂരും. എന്നിട്ടും വേണ്ട വിധത്തില്‍ വിഷം അങ്ങോട്‌ പരക്കുന്നില്ല, തിരഞ്ഞെടുപ്പുകളിലാണെങ്കില്‍ ഒട്ടും നേട്ടമുണ്ടാക്കാന്‍ സാധിക്കാത്ത ജില്ലകളില്‍ കണ്ണൂര്‍ മുന്‍പന്തിയിലും. കണ്ണൂര്‍ ചരിത്രപരമായി ആര്‍ജ്ജിച്ച ഒരു രാഷ്ട്രീയ, സാംസ്കാരിക ബോധമുണ്ട്, മേല്‍ക്കോയ്മയുണ്ട് എന്നത് ശരി തന്നെ. പക്ഷേ അതില്‍ കുറയാതെ നില്‍ക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജന്‍. സമീപകാല സംഘരാഷ്ട്രീയത്തിന് കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിള്ളലുകള്‍ സൃഷ്ടിച്ചതും തിരിച്ചടികള്‍ നേരിട്ടതും ഈയൊരു നേതാവിന്‍റെ കണിശമായ ഇടപെടലുകള്‍ മൂലമാണ്. സമ്മതിച്ചാലും ഇല്ലെങ്കിലും ഒരുപക്ഷേ കണ്ണൂരിന്റെ ഇടതു രാഷ്ട്രീയത്തില്‍ വൈകാരികമായും രാഷ്ട്രീയ കര്‍തൃത്വത്തിലും പിണറായിക്കും മേല്‍ സ്ഥാനം കല്‍പ്പിക്കാവുന്ന നേതാവ് കൂടിയാണ് പി. ജയരാജന്‍.

പ്രത്യയശാസ്ത്ര തലത്തിലും പ്രായോഗിക തലത്തിലും സംഘപരിവാര്‍ രാഷ്ട്രീയത്തിന്‍റെ ആണിക്കല്ല് ഇളക്കാന്‍ പ്രാപ്തനായ നേതാവാണ്‌ പി. ജയരാജന്‍ എന്ന തിരിച്ചറിവില്‍ കൂടിയാണ് 1999-ലെ ഒരു തിരുവോണ നാളില്‍ കാളീ മന്ത്രത്തിന്‍റെ അലര്‍ച്ചയോടൊപ്പം സംഘപരിവാര്‍ പി. ജയരാജനെ കൂടി അവസാനിപ്പിക്കാന്‍ ശ്രമിച്ചതും അദ്ദേഹം അവിശ്വസനീയമായി ജീവിതത്തിലേക്ക് തിരികെ വന്നതും. അതിനാല്‍ തന്നെ കേരളത്തില്‍ വേരുറപ്പിക്കാന്‍ കണ്ണൂര്‍ രാഷ്ട്രീയത്തെ പൂട്ടിക്കെട്ടാന്‍ പി. ജയരാജനെ പോലൊരു നേതാവിനെ തളയ്ക്കണമെന്നത് സംഘിനാരും പറഞ്ഞു കൊടുക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. സിബിഐയെ ഉപയോഗിച്ച് വീണ്ടും പൊടിതട്ടിയെടുത്ത കതിരൂര്‍ മനോജ്‌ വധക്കേസും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. യുഎപിഎ ചുമത്തിയാണത്രേ സിബിഐ മുന്നോട്ട് പോകുന്നത്. കോടതിയില്‍ എത്ര കണ്ട് തെളിവുകള്‍ നിലനില്‍ക്കുമെന്നോ ഉദ്ദേശിച്ച ലക്ഷ്യം എത്രമേല്‍ നടക്കുമോ എന്നൊന്നുമല്ല. കുറച്ചു കാലത്തേക്കെങ്കിലും ഈയൊരു കേസിന്‍റെ ഫലത്തില്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വാങ്ങുവാനോ ചുരുങ്ങിയത് കണ്ണൂരില്‍ നിന്ന് മാറ്റി താമസിപ്പിക്കുവാനോ സാധിച്ചെങ്കില്‍ അവര്‍ക്ക് അത്രെയെങ്കിലുമായി. കാരായിമാരെ നാട് കടത്തിയ ഫസല്‍ വധക്കേസ് നമ്മുടെ മുന്നിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പതിറ്റാണ്ടുകള്‍ വേട്ടയാടപ്പെട്ട ലാവലിന്‍ കേസും നമ്മുടെ മുന്നിലുണ്ട്. അതിനാല്‍ തന്നെ ഒട്ടും സ്വാഭാവികമല്ലത്. ഏറ്റവും കൃത്യമായ പ്ലാനുകളോടെ സിബിഐയെ ഉപയോഗിച്ച് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഒരു പൊളിറ്റിക്കല്‍ ഗെയിമാണ് കതിരൂര്‍ മനോജ്‌ വധക്കേസ്. ഒരൊറ്റത്തവണ സിബിഐ വാദങ്ങള്‍ പത്രങ്ങളില്‍ വായിച്ചവര്‍ക്ക് പോലും അത് മനസ്സിലാക്കുവാന്‍ സാധിക്കും.

ജനരക്ഷാ പദയാത്ര കണ്ണൂരില്‍ മാത്രം തങ്ങുന്നത് നാല് ദിനങ്ങളാണ്. ലക്ഷ്യം വ്യക്തമാണ്. കേരളത്തെ രക്ഷിക്കലല്ല, ശിക്ഷയുടെ പടുക്കുഴിയിലേക്ക് തള്ളിവിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നു തിരിച്ചറിയാന്‍ പോന്ന ബുദ്ധിയൊക്കെ ഇന്നാട്ടുക്കാര്‍ക്കുണ്ട്. അവര്‍ക്ക് ഇനിയും മറന്നു പോയിട്ടില്ലാത്ത ചരിത്രങ്ങളുടെ ഓര്‍മകളുമുണ്ട്.

സ്വാതന്ത്രത്തിനു ശേഷം നടന്ന ആദ്യത്തെ വര്‍ഗ്ഗീയ സ്വഭാവമുള്ള കലാപം എന്ന് വിലയിരുത്തപ്പെടുന്ന തലശ്ശേരി കലാപം ബാക്കിവച്ച തിരിച്ചറിവിന്‍റെ, പ്രതിരോധത്തിന്‍റെ കരുതലുകള്‍ അന്നാട്ടുകാര്‍ക്ക് ഇന്നും ശോഷിച്ചു പോയിട്ടില്ല. 1971 ഡിസംബർ 28 മുതൽ ഒരാഴ്ചക്കാലം  മുസ്ലീങ്ങള്‍ക്ക് നേരെ നടന്ന ഏകപക്ഷീയമായ കലാപം അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമ്മീഷന്‍ കലാപത്തിലെ സംഘ പരിവാര്‍ പങ്കിനെ കുറിച്ച് കൃത്യമായി തന്നെ സൂചിപ്പിച്ചിടുണ്ട്.

 

നൂറ്റാണ്ടുകളായി തലശ്ശേരിയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരന്മാരായി കഴിഞ്ഞുവരികയായിരുന്നു. ആർഎസ്എസും ജനസംഘവും തലശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചതോടെയാണ് ഈ സാഹോദര്യം നഷ്ടപ്പെട്ടത്. അവരുടെ മുസ്ലീം വിരുദ്ധപ്രചാരണം മുസ്ലീങ്ങളെ അവരുടെ സാമുദായികസംഘടനയായ മുസ്ലീംലീഗിനു പിന്നിൽ അണിനിരത്താൻ കാരണമായി. ഈ സാമുദായിക സ്പർദ്ധയാണ് ലഹളക്ക് വഴിയൊരുക്കിയത്
ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ

 

തലശ്ശേരിയിലെ ഹിന്ദുക്കളിൽ മുസ്ലിം വിരുദ്ധവികാരം വളർത്തിയതിലും അസ്വസ്ഥയുണ്ടാവുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിലും ആർ.എസ്.എസ്. സജീവ പങ്കാളിത്തമാണ്‌ വഹിച്ചത് എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. സമാനമായ കാര്യം തന്നെയാണ് ജനസംഘത്തിന്റെ കാര്യത്തിലുമുള്ളത്. ജനസ്ംഘിനും ആർ.എസ്.എസിനും തമ്മിൽ ഔദ്യോഗികമായി ബന്ധമില്ലായിരിക്കാമെങ്കിലും ജനസംഘിന്റെ സൈനിക വിഭാഗമായിട്ടാണ്‌ ആർ.എസ്.എസിനെ കണക്കാക്കിവരുന്നത്. ജനസംഘമാവട്ടെ ആർ.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗവും.
ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ

 

തലശ്ശേരി കലാപ നാളുകളില്‍ സംഘ് പാകിയ വിത്ത് മുളയ്ക്കാതെ പോയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസരോചിതമായ ഇടപെടല്‍ മൂലം മാത്രമാണ്. പരക്കുന്ന വാര്‍ത്തകള്‍ കള്ളമാണെന്ന് നാട് നീളെ ചെന്നു പറയാനും ആക്രമിക്കപ്പെടാതിരിക്കാന്‍ പള്ളിക്ക് കാവല്‍ കിടക്കുകയും ചെയ്ത സഖാക്കളില്‍ ഒരാള്‍ ഇന്ന് കേരള സംസ്ഥാന മുഖ്യമന്ത്രിയാണ്. അന്ന് സംഘപരിവാര്‍ കൊലക്കത്തിക്കിരയായി രക്തസാക്ഷിയായ യു.കെ കുഞ്ഞിരാമന്‍ കൊല്ലപ്പെടുമ്പോള്‍ മങ്ങാട്ടിടം ലോക്കൽ കമ്മിറ്റി മെമ്പറും കർഷകസംഘത്തിന്റെ വില്ലേജ്‌ പ്രസിഡന്റുമായിരുന്നു.

അന്നത്തെ കാലവസ്ഥയല്ലല്ലോ ഇന്ന്. തീപ്പൊരി ഉണ്ടാക്കിയാല്‍ മതി. കാട്ടുതീയാക്കി കൊടുക്കുന്ന മിഷിനറി തയ്യാറായി കാത്തു നില്‍പ്പാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയാണെങ്കില്‍ ഒരു സംസ്ഥാന ഭരണം നടത്താന്‍ കൈ തരിച്ചു കാത്തു നില്‍ക്കുന്ന പോലെയുമാണ്. സ്വാതി പ്രാചിമാരെ വാഴിക്കാത്ത മണ്ണാണിത്. അതിനുമാത്രം ഇരുള്‍ പരന്നു കഴിഞ്ഞിട്ടില്ല. സ്ട്രാറ്റജി വേറെയാണ്. സമീപകാലത്തെ സംഘപരിവാര്‍ കൂടാരത്തിലെക്കൊന്നു വിമര്‍ശന ദൃഷ്ടിയോടെ സൂക്ഷിച്ചു നോക്കൂ. ഗിയര്‍ മാറ്റി സഞ്ചരിക്കുന്ന ശോഭാ സുരേന്ദ്രനും നല്ലപിള്ള ചമയുന്ന രാഹുല്‍ ഈശ്വരനെയുമൊക്കെ തീര്‍ത്തും സ്വാഭാവിക യുക്തിയോടെയാണോ നിങ്ങള്‍ സമീപിക്കുന്നത്?

‘ചുവപ്പ് ഭീകരത’യുടെ കൂടെ കെട്ടി വച്ച ആ ജിഹാദി ഭീകരത കൂടി കണ്ടില്ലേ? ഉത്തരേന്ത്യന്‍ കാവി പ്രൊഫൈലുകള്‍ എയറില്‍ വിടുന്ന ജിഹാദി കമ്മി എന്നതിന്‍റെ കേരളാ വേര്‍ഷന്‍ ആണത്. കേരളത്തില്‍ ഹിന്ദുക്കളെ കൊന്നൊടുക്കയാണെന്നും മുസ്ലീം രാജ് ആണിവിടെ നടക്കുന്നതെന്നും ജിഹാദി തീവ്രവാദികളുടെ പറുദീദീസയാണ് കേരളമെന്നുമൊക്കെ പറത്തിവിടുന്ന കൌ ബെല്‍റ്റ്‌ സംഘസാഹിത്യം അല്‍പ്പം മയപ്പെടുത്തി പരിഷ്കരിച്ച രൂപത്തില്‍ കുമ്മനം പറഞ്ഞു എന്നേയുള്ളൂ. അന്ന് ഗോള്‍വാള്‍ക്കര്‍ പറഞ്ഞതും ഇന്ന് കുമ്മനം യാത്ര നടത്തി പറയുന്നതും ഒന്ന് തന്നെ. ഹിന്ദുത്വ ദേശീയതയുടെ പ്രഥമ ശത്രുക്കള്‍ കമ്യൂണിസ്റ്റുകാരും മുസ്ലീങ്ങളും. അതിനെ ഭീകരത/ജിഹാദി തുടങ്ങിയ ഡെക്കറേറ്റീവ് വാക്കുകള്‍ ഉപയോഗിച്ച് പ്രസന്റ് ചെയ്തു എന്ന് മാത്രം.

നാട് നന്നാക്കി എല്ലാവരെയും ജീവിക്കാന്‍ അനുവദിക്കുന്ന യോഗി ആദിത്യനാഥും അമിത് ഷായുമൊക്കെയടങ്ങുന്ന സംഘപരിവാര്‍ നേതാക്കള്‍ കേരളത്തിലേക്ക് പോരട്ടെ. കുമ്മനം രാജശേഖരന്റെ കൂടെ തോളോടു തോള്‍ ചേര്‍ന്ന് യാത്ര നടത്തട്ടെ. ഇനിയും മാറ്റിവെക്കപ്പെട്ടില്ലെങ്കില്‍ യാത്ര ഒക്ടോബറില്‍ നടക്കും. യാത്രയുടെ മുദ്രാവാക്യം എല്ലാവരും മനസ്സില്‍ വെക്കുക. “എല്ലാവര്ക്കും ജീവിക്കണം”.

ജീവിക്കാന്‍ ആഗ്രഹമുള്ളവര്‍ കരുതിയിരിക്കുക. കൊന്നു ജീവിച്ചവരുടെ സ്വയം രക്ഷായാത്രയാണത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീകാന്ത് പി.കെ

ശ്രീകാന്ത് പി.കെ

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍